01-03

തെലുഗു നാടകങ്ങൾ

1870-നു മുമ്പ് തെലുഗുവിൽ നാടകങ്ങളോ നാടക വിവർത്തനങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ ദൃശ്യാവിഷ്കാരങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പാവക്കൂത്തുകളെക്കുറിച്ചുള്ള പരാമർശം പന്ത്രണ്ടാം നൂറ്റാണ്ടു മുതൽക്കുള്ള കൃതികളിൽ കാണാം. പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ ശ്രീനാഥ സംഗീതനാടകരൂപത്തിലുള്ള യക്ഷഗാനത്തെക്കുറിച്ചു പറയുന്നുണ്ട്. 1876ൽ വാവിള്ള വാസുദേവശാസ്ത്രി ഷെയ്ക്സ്പിയറുടെ ജൂലിയസ് സീസർ പരിഭാഷപ്പെടുത്തി (സീജറുചരിത്രമുഃ). 1876ൽ ആണ് ആ തർജുമ പുറത്തു വന്നത്. 1880ൽ ഗുരുജാഡ ശ്രീരാമമൂർത്തിയും കെ.വീരേശലിംഗവും 'വെനിസിലെ വ്യാപാരി' എന്ന ഷെയ്ക്സ്പിയർ നാടകത്തിലെ ആദ്യത്തെ രണ്ട് അങ്കങ്ങൾ വിവർത്തനം ചെയ്തു. ഷെറിഡൻ, ഇബ്സൻ തുടങ്ങിയവരുടെ നാടകങ്ങളുടെ വിവർത്തനങ്ങളും പുറത്തുവന്നു. ഷെയ്ക്സ്പിയറുടെ കൃതികൾക്കാണ് കൂടുതൽ പരിഭാഷകളുണ്ടായത്. ഷെറിഡൻ രചിച്ച ദ് ഡ്യയന്ന എന്ന നാടകം രാഗമഞ്ജരി എന്ന പേരിലും ദ് റൈവൽസ് എന്ന നാടകം കല്യാണകല്പവല്ലി എന്ന പേരിലും തർജുമ ചെയ്യപ്പെട്ടു. കന്ദുകൂരി വീരേശലിംഗമാണ് വിവർത്തകൻ. ഭമിഡിപാടി കാമേശ്വരറാവുവാണ് മോളിയേയുടെ നാടകങ്ങൾ തർജുമ ചെയ്തത്. ദ് ചെറി ഓർച്ചഡ് എന്ന ചെഖോഫ് കൃതി ശ്രീ ശ്രീ (ശ്രീരംഗം ശ്രീനിവാസറാവു) പരിഭാഷപ്പെടുത്തി.

ഇക്കാലത്ത് ധാരാളം നാടകസംഘങ്ങളും രൂപമെടുത്തു. (ചിന്താമണി നാടകസംഘം, ജഗന്മിത്ര നാടകസമാജം, സുരഭി തുടങ്ങിയവ). നാടിന്റെ നാനാഭാഗങ്ങളിൽ നാടകങ്ങൾ അരങ്ങേറി. ചിലകമർത്തി ലക്ഷ്മി നരസിംഹം, വഡ്ഡാദി സുബ്ബരായുലു തുടങ്ങിയ നാടകരചയിതാക്കൾ ശ്രദ്ധേയരായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ മികച്ച നാടകമാണ് രാസപുത്രവിജയം. ഇഛാപുരവു യജ്ഞനാരായണയാണ് ഈ നാടകം രചിച്ചത്. രജപുത്രരുടെ ധീരത ഈ നാടകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. റോഷനാര (കൊപ്പരപു സുബ്ബറാവു), പാണ്ഡവവിജയം (തിരുപതി വെങ്കിടേശ്വരകവുലു), ശ്രീകൃഷ്ണതുലാഭാരം (മുട്ടറാസുസുബ്ബറാവു), ഖിൽജിരാജ്യപതനം (ഗുണ്ടിമേട വെങ്കടസുബ്ബറാവു), വിന്ധ്യറാണി, നാരാജു (പി. നാഗേന്ദ്രറാവു) തുടങ്ങിയ നാടകങ്ങൾ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബംഗാളി സാഹിത്യകാരനായ ഡി.എൽ.റോയിയുടെ ചന്ദ്രഗുപ്ത, ഷാജഹാൻ, ദുർഗാദാസ് എന്നീ നാടകങ്ങളും വിവർത്തനം ചെയ്യപ്പെട്ടു. ശ്രീപാദ കാമേശ്വരറാവു ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ ചില നാടകങ്ങൾ പരിഭാഷപ്പെടുത്തി. രവീന്ദ്രനാഥ ടാഗൂറിന്റെ ചിത്ര, കർണനും കുന്തിയും തുടങ്ങിയ നാടകങ്ങൾ ബി. ഗോപാലറെഡ്ഡി വിവർത്തനം ചെയ്തു. 1896ൽ വേദംവെങ്കിടാചാര്യ ശാസ്ത്രി എഴുതിയ പ്രതാപരുദ്രീയം എന്ന നാടകം വളരെ പ്രസിദ്ധിനേടി. അനേകം പേർ വായിച്ചാസ്വദിച്ച ഈ ഉജ്ജ്വലകൃതി പല തവണ അരങ്ങിലുമെത്തി. കാകതീയ ചരിത്രത്തിലെ ഏടുകളെ ആധാരമാക്കി രചിക്കപ്പെട്ട നാടകമാണത്. ഗുരുജാഡ അപ്പാറാവുവിന്റെ കന്യാശുൽക്കം എന്ന സാമൂഹികനാടകം പാത്രസൃഷ്ടിയിലും മികച്ചു നില്ക്കുന്നു. സമൂഹത്തിലെ തിന്മകളെ നശിപ്പിക്കുന്നതിനുവേണ്ടി ആചണ്ട വേങ്കട സാംഖ്യായനശർമ, ബാപിരാജു എന്നിവരും നാടകങ്ങൾ രചിച്ചു. വീരേശലിംഗം ധാരാളം പ്രഹസനങ്ങൾ എഴുതി.

തെലുഗു നാടകചരിത്രത്തിൽ പാനുഗണ്ടി ലക്ഷ്മിനരസിംഹറാവു(1895-1940)വിന് പ്രധാനമായ സ്ഥാനമാണുള്ളത്. നരസിംഹറാവു മികച്ച ഗദ്യകാരനായിരുന്നു. അദ്ദേഹത്തിന്റെ പാദുകപട്ടാഭിഷേകം, രാധാകൃഷ്ണ എന്നീ നാടകങ്ങൾ പുരാണകഥ ചിത്രീകരിക്കുന്നവയാണ്. കാന്താഭരണം, വൃദ്ധവിവാഹം എന്നിവ സാമൂഹികനാടകങ്ങളാണ്. അബ്ബൂരി രാമകൃഷ്ണറാവു, ശിവശങ്കരസ്വാമി എന്നിവർ കാവ്യനാടകങ്ങളും ഗേയനാടകങ്ങളും എഴുതിയവരാണ്. പിഠാപുരം യുവരാജാവായിരുന്ന ആർ.വി.യും എം.ജി. രാമറാവുവും ചില നാടകങ്ങൾ രചിച്ചിട്ടുണ്ട്. ആലോകമുനൻഡി ആഹ്വാനം, വരൂഥിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. വരുഥിനിയിലെ കഥ പെദ്ദനയുടെ മനുചരിത്രയിൽ ഉള്ളതാണ്. മുദ്ദുകൃഷ്ണയുടെ രസകരങ്ങളായ ഹാസ്യനാടകങ്ങളാണ് റ്റീ കപ്പുലോതുപാന് (ചായക്കോപ്പയിലെ കൊടുങ്കാറ്റ്), ഭീമകലാപം എന്നിവ. ധാരാളം ലഘുനാടകങ്ങളെഴുതിയ പി.വി. രാജമന്നാർ രചിച്ച തപ്പെവരിദി (തെറ്റാരുടേതാണ്) മികച്ച സാമൂഹികനാടകമാണ്. അദ്ദേഹത്തിന്റെ നാടകങ്ങളുടെ കൂട്ടത്തിൽ മനോരമയ്ക്ക് പ്രധാനമായ സ്ഥാനമാണുള്ളത്. ആത്രേയ, കൊണ്ടമുടി ഗോപാലരായ തുടങ്ങിയവർ ആധുനിക നാടകവേദിക്കുവേണ്ടി നാടകങ്ങൾ രചിച്ചവരാണ്.

രൂപനവനീതം (രായപ്രോലു സുബ്ബറാവു), പ്രേമദ്വര (സ്വയം പാകുല ആദിശേഷയ്യ), നരസണ്ണഭട്ടു (വിഞ്ജാമുരിലക്ഷ്മീനരസിംഹറാവു), മദനസായകം (യെല്ലപ്പന്തുലജഗന്നാഥം) തുടങ്ങിയ നാടകങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

ഭാസൻ, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങൾ തെലുഗുവിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോയി ഭീമണ്ണയുടെ രാഗവാസിഷ്ഠം എന്ന നാടകവും മികച്ച കലാസൃഷ്ടിയാണ്. മണ്ഡലപർത്തി ഉപേന്ദ്രശർമ, പിനിസെട്ടി ശ്രീരാമമൂർത്തി, ചെറുലവാഡ പിച്ചയ്യ, ചില്ലാറ ഭവനാരായണ എന്നിവർ ആധുനിക കാലഘട്ടത്തിലെ മികച്ച നാടകകൃത്തുക്കളാണ്.

ആധുനികകാലത്ത് ധാരാളം ലഘുനാടകങ്ങളും ഏകാങ്ക നാടകങ്ങളും തെലുഗുവിൽ രചിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ കൃതികൾ തന്നെയാണ് ഇവിടെയും പ്രചോദനമേകിയത്. അവയ്ക്ക് സംസ്കൃത നാടകങ്ങളോട് കടപ്പാടൊന്നുമില്ല. പാശ്ചാത്യനാടകങ്ങളോടുള്ള കടപ്പാട് സങ്കേതത്തെമാത്രം സംബന്ധിക്കുന്നതാണ്. ബർണാഡ് ഷാ, ഇബ്സൻ, ചെക്കോഫ് തുടങ്ങിയവരുടെ നാടകങ്ങൾ വിവർത്തനം ചെയ്യപ്പെടുകയും ഉണ്ടായി.

തെലുഗു സാഹിത്യത്തിൽ ചരിത്രനാടകങ്ങൾക്കും പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. മാറേമന്ദരാമറാവു മൂന്ന് ചരിത്രനാടകങ്ങൾ രചിച്ചു. ഒരു നാടകത്തിൽ ഛായയും ചന്ദ്രഗുപ്തനും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്നു. കടയവേമന് തന്റെ രാജ്യത്തിന്റെ ഒരു ഭാഗം കൊടുക്കുന്ന കുമാരഗിരി റെഡ്ഡിയുടെ കഥ മറ്റൊരു നാടകത്തിൽ അവതരിപ്പിക്കുന്നു. മൂന്നാമത്തെ നാടകം കൃഷ്ണദേവരായർ തിമ്മരസുവിനു നല്കുന്ന ശിക്ഷയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. മുദ്ദുകൃഷ്ണയും സത്യനാരായണയും അനാർക്കലിയുടെ കഥ നാടകമാക്കി. കൊമ്പല്ലെ ജനാർദ്ദനറാവു(1907-37)വിന്റെ താൻസൻ, മല്ലാഡി അവധാനിയുടെ താര, ശ്രീപാദസുബ്രഹ്മണ്യ ശാസ്ത്രിയുടെ രാജരസു എന്നിവ ശ്രദ്ധേയങ്ങളായ ചരിത്രനാടകങ്ങളാണ്. ധർമവരം രാമകൃഷ്ണമാചാരിയുടെ ശിവജി വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്. 1949-ൽ രചിക്കപ്പെട്ട ഈ കൃതി ഹിന്ദു-മുസ്ലിം ഐക്യത്തിന് പ്രാധാന്യം കല്പിക്കുന്നു. പാനുഗണ്ഡിയുടെ പ്രചണ്ഡചാണക്യം മൌര്യകാലഘട്ടത്തിന്റെ പുനരാവിഷ്കാരം നടത്തുന്നു. പുരാണ കഥാപാത്രങ്ങളായ ശബരി, രേണുക, ശർമിഷ്ഠ എന്നിവരെക്കുറിച്ചും നാടകങ്ങൾ രചിക്കപ്പെട്ടു.

തെലുഗുവിൽ അനവധി സാമൂഹിക നാടകങ്ങൾ ഉണ്ട്. 1880ൽ വാവിള്ള വാസുദേവശാസ്ത്രി രചിച്ച നന്ദകരാജ്യമാണ് തെലുഗുവിലെ ആദ്യത്തെ സാമൂഹിക നാടകം. സാമൂഹിക നാടകരംഗത്തെ അതികായനാണ് പി.വി. രാജമന്നാർ. ഏമിമഗവല്ലു അദ്ദേഹം രചിച്ച മികച്ച സാമൂഹിക നാടകം എന്ന അംഗീകാരം നേടി. ദയ്യാലലങ്കാ എന്ന നാടകത്തിന് തൊട്ടടുത്ത സ്ഥാനം നല്കാം. നാർലവെങ്കിടേശ്വര റാവുവിന്റെ ലഘുനാടകസമാഹാരമാണ് കൊട്ടഗദ്ദ (പുതുമണ്ണ്). സ്വാമിശിവശങ്കരശാസ്ത്രിയുടെ സ്ത്രീവിരോധിയും ഗണനീയം തന്നെ. എം. വിശ്വനാഥ കവിരാജ രസകരങ്ങളായ നാടകങ്ങൾ രചിച്ചു. ഹാസ്യവും ആക്ഷേപഹാസ്യവും നിറഞ്ഞവയാണ് ബി. നാഗരാജാമാത രചിച്ച നവകവി, മിസലപക്ഷുലു തുടങ്ങിയ നാടകങ്ങൾ. സ്ത്രീപക്ഷ ചിന്തകൾ നിറഞ്ഞവയാണ് ഗുഡിപാടി വെങ്കടാചലം രചിച്ച ഭാനുമതി, പങ്കജം എന്നീ നാടകങ്ങൾ. മാഞ്ചർല ഗോപാലറാവു ഹിരണ്യ കശിപു എന്ന നാടകത്തിൽ ഹിരണ്യ കശിപുവിനെ കമ്യൂണിസ്റ്റായി അവതരിപ്പിച്ചു. മൊക്കപാടി നരസിംഹശാസ്ത്രിയും ജി.വി. കൃഷ്ണറാവുവും ശ്രദ്ധേയരായ നാടകകൃത്തുക്കളാണ്. കെ.വൈകുണ്ഠറാവു ബംഗാളിയിൽനിന്ന് ഗൃഹപ്രവേശവും മറ്റു ചില നാടകങ്ങളും പരിഭാഷപ്പെടുത്തി. മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ എട്ട് നാടകങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തു. ഇക്കൂട്ടത്തിൽ കചദേവയാനിയും ചിത്രാംഗദയുമുണ്ട്.

നോറി നരസിംഹശാസ്ത്രി തെനെതെട്ടേ എന്ന ലഘുനാടക സമാഹാരം 1950-ൽ പ്രസിദ്ധപ്പെടുത്തി. ചെറുപ്പകാലത്ത് ശാസ്ത്രി എഴുതിയ സോമനാഥവിജയത്തിലുപയോഗിച്ചിരിക്കുന്നത് സംഭാഷണഭാഷയാണ്. ബോയി ഭീമണ്ണ എഴുതിയ പഡിപൊട്ടുണ്ണ അദ്ദുഗൊഡലു ശ്രദ്ധേയമായ ഏകാങ്കനാടകമാണ്. ജി. ത്രിപുരസുന്ദരി എഴുതിയ ആറ് ഏകാങ്കനാടകങ്ങൾക്ക് 1955-ൽ സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. കൊപ്പരപു സുബ്ബറാവു എഴുതിയ റോഷനാരയ്ക്കും താരാശശാങ്കത്തിനും ജനപ്രീതി ലഭിക്കുകയുണ്ടായി. കുറ്റാന്വേഷണ ഏകാങ്കനാടകവിഭാഗത്തിൽപ്പെട്ട കൊർറപാടി ഗംഗാധരറാവുവിന്റെ പ്രാർഥന വളരെ രസകരമാണ്.

തെലുങ്കാനയിലെ പ്രസിദ്ധരായ ഏകാങ്കനാടകരചയിതാക്കളാണ് എ.ആർ.കൃഷ്ണ, അംബടിപുഡി വെങ്കടരത്നം, ഭമിഡിപാടി രാധാകൃഷ്ണ, വിഡിയാലാ ചന്ദ്രശേഖരറാവു എന്നിവർ. പതിത, വിലുവലു (മൂല്യങ്ങൾ) തുടങ്ങിയ ചെറുനാടകങ്ങൾ എഴുതിയ ഗൊല്ലാപുഡി മാരുതിറാവുവും ശ്രദ്ധേയനാണ്. വിലുവലു എന്ന ചെറുനാടകത്തിൽ സ്ത്രീകഥാപാത്രങ്ങളേയില്ല. കേശവപന്തുല നരസിംഹശാസ്ത്രി പൊതുക്കുചി സാംബവശാസ്ത്രി, ഗോരാശാസ്ത്രി എന്നിവർ രചിച്ച നാടകങ്ങൾ അഭിനയിക്കുന്നതിനും വായിക്കുന്നതിനും അനുയോജ്യമാണ്.

സാമൂഹിക വിഷയങ്ങൾ അടിസ്ഥാനമാക്കി രചന നടത്തിയ ആധുനിക നാടകകൃത്തായ അംഗരസൂര്യറാവു(1928-)വിന്റെ നീളിതരാളു, ഇതിദാരുകാടു, ചന്ദ്രസേന, ഗാലിഗോപുര, സംസാരസാഗര എന്നീ നാടകങ്ങളും കലോദ്ധാരകുലു, പാപിഷ്ടി ദബ്ബു, എനിമിദിനദികളു, ശ്രീമതുളു, പുരാപലകുലു എന്നീ ഏകാങ്കങ്ങളും ജനപ്രീതി നേടിയവയാണ്. തെലുഗു നാടകത്തെപ്പറ്റി പഠനങ്ങൾ നടത്തിയ പി.എസ്.ആർ. അപ്പാറാവു (1923-) താജ്മഹൽ എന്ന നാടകവും രചിച്ചിട്ടുണ്ട്.

ആലൂരി സീതാരാമരാജു (1960), സികന്ദർ (1962), ഗൌതമബുദ്ധ (1963) തുടങ്ങിയ ചരിത്രനാടകങ്ങളും സമർപ്പണം (1957) എന്ന ഹ്രസ്വനാടകവും രചിച്ച ആകുല സുബ്രഹ്മണ്യം (1929-) ഈടുറ്റ സംഭാവനകൾ നല്കി. ലോഡ് ബൈറണിന്റെ ലൌ ഇൻ ദ് ഡെസർട്ട് എന്ന നാടകത്തിന്റെ വിവർത്തനമാണ് അടവിഗാചനവെന്നല (1954). ഇദ്ദേഹത്തിന്റെ ആലൂരി സീതാരാമരാജു റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. തിക്കണ വിജ്ഞാനപീഠത്തിന്റെ അധ്യക്ഷനാണ് ആകുല സുബ്രഹ്മണ്യം.

പരിവർത്തന എന്ന നാടകത്തിന്റെ രചനയിലൂടെ അംഗീകാരം നേടിയ എഴുത്തുകാരനാണ് ആചാര്യ ആത്രേയ. കിളമ്പി വെങ്കട നരസിംഹാചര്യലു എന്നാണ് യഥാർഥനാമം. ഏനുഡു (1947), എൻ.ജി.ഒ. (1949), ഭയം (1961), വിശ്വസന്ധി (1953), കപ്പലു (1954) തുടങ്ങിയ നാടകങ്ങളും പ്രഗതി, എവരു ദെങ്ഗ, വരപ്രസാദ തുടങ്ങിയ ഏകാങ്കങ്ങളും ഇദ്ദേഹത്തിന്റെ മുഖ്യ കൃതികളിൽ ഉൾപ്പെടുന്നു. ദാരിദ്യ്രംകൊണ്ടു വലയുന്ന പാവപ്പെട്ട ഒരു ഗുമസ്തന്റെ ദുരിതങ്ങളാണ് എൻ.ജി.ഒ. എന്ന നാടകത്തിൽ ചിത്രീകരിക്കുന്നത്. ഇത് തെലുഗു നാടകരംഗത്ത് റിയലിസത്തിന്റെ പുതിയ മാനം സൃഷ്ടിച്ചു. നാടകരംഗത്തെന്നപോലെ ചലച്ചിത്രരംഗത്തും ആത്രേയയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.

സപ്തപദി, മരനി മനീഷി എന്നീ നാടകങ്ങളും പരിഷ്കൃതി-ഉദ്ധാരകുലു, നൂതനപാദഹാരു - ചരിത്രഹിനുലു എന്നീ ഏകാങ്കങ്ങളും രചിച്ച കപ്പഗന്തുല മല്ലികാർജുനറാവു (1937-) ആധുനിക നാടകകൃത്തുക്കളിൽ പ്രമുഖനാണ്. അമച്വർ നാടകവേദിയുടെ പ്രാധാന്യം മനസ്സിലാക്കി അതിനുവേണ്ടി തീവ്രയത്നം നടത്തിയ നാടക രചയിതാക്കളിൽ പ്രമുഖനാണ് ഭമിടിപാടി കാമേശ്വരറാവു (1897-1958). ഇദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും അമച്വർ നാടകവേദിക്കുവേണ്ടി രചിക്കപ്പെട്ടവയാണ്. പല നാടകങ്ങളുടെയും പ്രമേയം കടംകൊണ്ടതാണെങ്കിലും അവയിലെല്ലാം കാമേശ്വരറാവുവിന്റെ സ്വതസ്സിദ്ധമായ രചനാശൈലി വെട്ടിത്തിളങ്ങുന്നതു കാണാം. എവൽ ഗോദവ വല്ലാഡി (1940), രെണ്ടരെല്ലു (1942), സ്വരാജ്യം (1953), നമതെ നെഗ്ഗിന്ദി എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യ രചനകളിൽപ്പെടുന്നു.

കൂർമ വേണുഗോപാലസ്വാമി (1903-) നാടകകല സൈദ്ധാന്തികമായും പ്രായോഗികമായും അഭ്യസിക്കുകയും അത് അരങ്ങിൽ പ്രയോഗിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമം മൂലമാണ് തെലുഗു അമച്വർ നാടകരംഗം ഇന്നത്തെ നിലയിൽ അഭിവൃദ്ധി കൈവരിച്ചത്. ആന്ധ്ര സർവകലാശാലയിലെ രംഗവേദിയും ഇദ്ദേഹത്തിന്റെ ആശയത്തിൽനിന്ന് ഉടലെടുത്തതാണ്. ആന്ധ്രയിൽ ലിറ്റിൽ തിയെറ്റർ സ്ഥാപിക്കുന്നതിലും ഇദ്ദേഹം സജീവ പങ്കു വഹിച്ചു. തെലുഗു ഡ്രാമ, ഇബ്സൻ: എ സെന്റിനറി എസ്റ്റിമേറ്റ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികൾ. സഹധർമിണിയുമായി സഹകരിച്ച് നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

നൂറിലേറെ നാടകങ്ങൾ രചിച്ച കൊർറപാടി ഗംഗാധരറാവുവിന്റെ സംഭാവനകളിൽ ഭൂരിഭാഗവും ഏകാങ്കനാടകങ്ങളാണ്. തെലുഗുകോപം, ഗുഡ്ഡിലോകം, തേരാതൊനരാ, നിജരുപാലു, കമല, യഥാരാജ തഥാപ്രജ, ഡിറ്റക്റ്റീവ്, നാനാലോതനു, രാഗശോഭിത എന്നിവ മുഖ്യ കൃതികളിൽ ചിലതാണ്. 1952-ൽ കൊർറപാടി ഗംഗാധരറാവു 'കലാവാണി' എന്ന പേരിൽ ഒരു നാടകവേദിക്കു തുടക്കം കുറിച്ചു. അനേകം നടന്മാരും നാടകസംവിധായകരും ഈ സ്ഥാപനത്തിൽ പരിശീലനം നേടി. ഒട്ടേറെ നാടകങ്ങൾക്കു കൊർറപാടി സംവിധാനം നിർവഹിച്ചു. നാടികാപഞ്ചവിംശതി എന്ന പേരിൽ ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമിക്കുവേണ്ടി 25 ആധുനിക തെലുഗു നാടകങ്ങളുടെ സമാഹാരം ഇദ്ദേഹം പ്രസാധനം ചെയ്യുകയുണ്ടായി. ഗണപതിരാജ അച്യുതരാമരാജു (1924-) നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ (1952), മഹാരാജശ്രീ (1952), തീർപ്പു ചിന്നപില്ലലു (1953), വിനായകുടിപെല്ലി (1957) എന്നീ നാടകങ്ങൾ ഏറെ ജനപ്രീതി നേടി.

തെലുഗു നാടകത്തിന് ഒരു നൂറ്റാണ്ടു പ്രായമേ ഉള്ളൂ എങ്കിലും മറ്റു സാഹിത്യശാഖകളോടൊപ്പം വളർച്ച പ്രാപിക്കുവാൻ അതിനു കഴിഞ്ഞിരിക്കുന്നു. മറുഭാഷാനാടകങ്ങളിൽനിന്ന് നല്ലതെല്ലാം ഉൾക്കൊണ്ട തെലുഗു നാടകം ഒരു പ്രധാന സാഹിത്യ രൂപമായി വികസിച്ചിട്ടുണ്ട്.