03-02



പൊതിച്ചോറ്

രതീഷ് കുമാർ. എസ്. ജി

"പിന്നേയ്, ഇന്നവൻ ചോറു കൊണ്ടുപോകാമെന്നു സമ്മതിച്ചു "സന്തോഷ ത്തോടെയാണവൾ പറഞ്ഞത്.
എന്നും രാവിലെ -ചിലപ്പോൾ വൈകീട്ടും -ചെറിയ അങ്കം അരങ്ങേറാറുണ്ട്.
പ്ലസ്ടു കുട്ടികളാരും ചോറു കൊണ്ടുവരാറില്ലെ ന്നവൻ. പണം വെറുതെ കളയുന്നതിനെക്കുറി ച്ചുള്ള ആവലാതികൾക്കും അവന് മറുപടിയുണ്ട്. "ഞാനൊരു ലൈമേ കുടിക്കാറുള്ളു, ഒരു പപ്സും "
വിശന്നിരുന്ന് നീ എങ്ങനെ പഠിക്കുമെന്ന അവളുടെ പരിദേവനം കേൾക്കുമ്പോഴും ഞാനൊ ന്നും മിണ്ടില്ല. പറയാനുള്ളതെല്ലാം അവൾ പറയുന്നു. ഞാനും കൂടി പറഞ്ഞിട്ടെന്തു കാര്യം ?
അവളുടെ ഒച്ച പൊന്തുമ്പോൾ "എനിക്കൊറ്റ യ്ക്കിരുന്ന് കഴിക്കാൻ വയ്യ "എന്ന വാക്കിന്റെ പാരുഷ്യത്തിൽ അവൾ നിശ്ശബ്ദയാവും.
"പിന്നേയ്.. "അവൾ സങ്കോചത്തോടെ തുടർന്നു. "രാവിലെ ഒരാൾക്കുള്ള കറിയെ ഉണ്ടാ ക്കീട്ടുള്ളു, ഒന്ന് അഡ്ജസ്റ്റ് ചെയ്യണം "
ഉച്ചത്തിരക്കൊന്നടങ്ങിയിട്ട് ഹോട്ടലിൽ പോയി ചോറുണ്ണാമെന്നു വിചാരിച്ചത് അപമാനഭയം കൊണ്ടായിരുന്നോ? വല്ലപ്പോഴും ചായ കുടി ക്കാൻ കയറുന്ന കടയാണ്. ഒരു മൂലയിൽ ഒതു ങ്ങിയിരുന്ന് പൊതിയഴിച്ചു സാമ്പാറിന്റെ തൊട്ടിയിൽ കൈവെച്ചപ്പോഴാണ് അടുത്തിരുന്നു ബിരിയാണി കഴിക്കുന്ന കുട്ടികളുടെ കോലാഹല ത്തിലേക്ക് നോട്ടമെത്തിയത്.
ദൈവമേ.... അവന്റെ കണ്ണിൽ പെടാതെ എനിക്ക് എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടണം.

രമണന്റെ ആദർശം
രൂപേഷ് .ആർ .മുചുകുന്ന്
പുല്ലാങ്കുഴലിൽ
അവസാന
ശ്വാസത്തിൻ
ആരോഹണ അവരോണങ്ങളെ
നഷ്ടബോധങ്ങളുടെ
പ്രണയ
സങ്കീർത്തനങ്ങളാക്കിയാണ്
സ്വയം
തീർത്ത കുരുക്കിൽ നിന്ന്
രമണൻ
വിമോചിതനായത്

ആത്മനാശം
വിളംബരം ചെയ്യുന്ന
സമകാലീനതയിൽ
രമണൻ പുനർജനിക്കുമ്പോൾ

കാനനങ്ങൾ
കോൺക്രീറ്റ് കാടുകളായ്
വളർന്ന
ശീതളഛായയിൽ
ചന്ദ്രികയെ
പച്ചക്ക് കൊളുത്താനുള്ള
ഫോസിൽ ഇന്ധനങ്ങളും പേറിയാണ്
രമണന്മാർ
തെരുവിലേക്കിറങ്ങുന്നത്

ചുനച്ചൂരുള്ള ഖനികൾ
നൂറ വരിക്കോടൻ
ഒന്നാം ക്ലാസിലെ
ചുരുണ്ട മുടിക്കാരി സരള തന്ന
പഞ്ചാരമിഠായീടെ ചുവന്ന
തേനൊലിക്കുന്ന കഷ്ണം,
മേശയിൽ നിന്ന് കട്ടെടുത്ത
ചോക്കുപൊട്ട്
തിരിച്ചുവച്ചപ്പോൾ
മത്തായിമാഷ് സമ്മാനിച്ച
ഇളം പച്ച ചോക്ക്,
മനസറിയാതെ
പുറപ്പെട്ടുപോയ മൂത്രം
ബെഞ്ചിലെല്ലാവരേയും
നാറ്റിച്ച് കുതിർത്തിട്ടും
ഒറ്റിക്കൊടുക്കാത്ത സൗഹൃദം,
പട്ടിണിക്കാരന്റെയഭിമാനം
"വേണ്ട" എന്ന് പറഞ്ഞിട്ടും
സുഹറ ടീച്ചർ
പൊതിഞ്ഞു കെട്ടിത്തന്ന
ഉച്ചക്കഞ്ഞീടെ ബാക്കി,
മരംതൊട്ട് മഞ്ചാടിയെണ്ണി
ചേറിലിറങ്ങി ഞെണ്ടിറുക്കി
സ്നേഹത്തിന്റെ നഖമുള്ള
കിഴുക്കേറ്റുവാങ്ങി
തോറ്റ് തോറ്റ് സുല്ലിട്ട്
പഠിച്ചു ജയിച്ച പാഠങ്ങൾ,
ആദ്യപ്രണയത്തിന്റെ
അവശേഷിപ്പണിഞ്ഞ്
പൗഡറിട്ടുവച്ച
നോട്ടുപുസ്തകത്താളിൽ
ഇപ്പോഴും മച്ചിയായിരിക്കുന്ന
മയിൽപീലിച്ചിരി,
തിരിച്ചോടിക്കയറി
മഴച്ചാറ്റലടിക്കുന്ന
ക്ലാസിന്റെ മൂലയിൽ
"ഒരു പാട്ടു പിന്നേയും
പാടി നോക്കുന്നിതാ.. "
കവിതയിലേറി ചൂടുകായാൻ
കുതിക്കുന്ന മോഹവുമെല്ലാം
ഇന്നും
മടിപിടിച്ചു തണുക്കുമ്പോൾ
വിറയോടെ ഉള്ളം കയ്യിൽ
തിണർത്തുവരുന്ന
ചൂരലടിവരകളോടൊപ്പം
ചുനയൊലിക്കുന്ന
കണ്ണിമാങ്ങാ ഖനികളാണ്....


ബോധി
രാവിൽ,
ഓർമ്മകളുടെ വേരsർത്തിക്കൊണ്ടിരുന്നു
സിദ്ധാർത്ഥൻ .
യശോധര
മയക്കത്തിലാണ്.
കിനാക്കളിൽ
അവൾ മകനോടൊത്ത്
അലയുകയായിരുന്നു.
പൂത്തു നില്ക്കുന്ന
മരങ്ങൾക്കിടയിൽ,
പാടിയൊഴുകുന്ന
നദികൾക്കരികിൽ,
എവിടെയെങ്കിലും
ചിന്തയുടെ പുകച്ചുരുളുകളാൽ
വലയം ചെയ്യപ്പെട്ട്
സിദ്ധാർത്ഥനുണ്ടാവുമെന്ന്
അവൾക്കുറപ്പുണ്ടായിരുന്നു.
മുറിഞ്ഞു വീണ പകലുകളിലോ
ഉറഞ്ഞു പോയ രാവുകളിലോ
എപ്പോഴാണ്
അയാൾ
തന്നിൽ നിന്നിറങ്ങി നടന്നതെന്ന ചോദ്യം
അവർക്കിടയിൽ
താങ്ങുകളില്ലാത്ത
പാലം പോലെ
വായുവിൽ അലഞ്ഞു കൊണ്ടിരുന്നു.

ഗ്രഹണം
മുനീർ അഗ്രഗാമി

ഓ കൂടുതലൊന്നുമില്ല
കേരളത്തിൽ
നവോത്ഥാനം കഴിഞ്ഞ്,
ഓ നിങ്ങളുടെ വിചാരം പോലെ
പുതിയ ഉദയമെന്നും പറയാം
ഉണർവ്വെന്നും പറയാം
ങാ, അതു കഴിഞ്ഞ്
അല്പനേരം
കറുപ്പായി ചന്ദ്രൻ
അല്പനേരം ചുവപ്പ്,
അല്പനേരം ചാരൻ,
അല്പ നേരം നീല;
അന്നേരം വലുതെന്നു തോന്നിച്ചു
ശരിക്കും തോന്നിച്ചു
പിന്നെ തിരിച്ചുപോയി
തനിനിറത്തിൽ നിന്നു
ചന്ദ്രൻ.
സോമൻ
ഹരി
കലാനിധി
തരാനാഥൻ
എന്നിങ്ങനെ പല പേരിൽ
ചിരിച്ചുനിന്നു
തനിനിറത്തിൽ
വെളുത്തു സവർണ്ണനായി
ഒ കറുപ്പേ പോ
! ചുവപ്പേ പോ,
എണ്ണക്കറുപ്പേ
വഴി മാറെന്ന്
നെഞ്ചുവിരിച്ചു.
നവോത്ഥാനം
ചന്ദ്രനു വെറുമൊരു
ഗ്രഹണമായിരുന്നോ?
അതു കാണാതെ
അകത്തിരുന്നവരൊക്കെ
ഇപ്പോൾ പുറത്തെത്തിയോ ?
ഓ കൂടുതലൊന്നുമില്ല
നിങ്ങളും ഞാനും
കാണുമ്പോലെ
ചന്ദ്രനതാ നിൽക്കുന്നു
ക്ഷേത്രപ്രവേശനത്തിനു മുമ്പ്
നിന്ന പോലെ
ഗുരുവായൂർ സത്യഗ്രഹത്തിന്
മുമ്പു നിന്ന പോലെ
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്
മുമ്പ് നിന്ന പോലെ
അതേ നില്പ്!
എന്താ ല്ലേ!
റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം
മുനീർ അഗ്രഗാമി
മാവ് ഒരു റിപ്പബ്ലിക്കാണ്
ഇന്നത് പൂത്തിരിക്കുന്നു
പൂക്കളും തേനീച്ചകളും
ചെറു പ്രാണികളും
ഈ ദിനമാഘോഷിക്കുന്നു
മാവ് ഒരു പരമാധികാര രാഷ്ട്രമാണ്
കൃത്യമായ അതിരുകളുള്ളത്
ആഴത്തിൽ വേരുകളുള്ളത്
പാരമ്പര്യമുള്ളത്
ഉയരത്തിൽ ശിഖരങ്ങളുള്ളത്
കണിശമായ നിയമമുള്ളത്
ഓരോ ഇലകൾക്കും
സ്വാതന്ത്ര്യമുള്ളത്
വെയിൽച്ചൂടിനെ തണലാക്കി മാറ്റുന്ന
ഒരു ഭരണഘടന മാവിനുണ്ട്
എന്റെ കുട്ടിക്കാലം
ആ രാജ്യത്തായിരുന്നു
ചുളിഞ്ഞ തൊലിയിൽ
അതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു
ഇന്നതൊരു മഴുവിനെ പേടിക്കുന്നുണ്ട്
മഴുവിന്റെ പര്യായങ്ങൾ അതിനറിയില്ല
മഴുവിന്റെ ഉപമകളും അതിനറിയില്ല

ഉടലാഴങ്ങൾ
ശ്രുതി വി.എസ്.

പെണ്ണടയാളങ്ങൾ
കൊടിയ പാപങ്ങളാണെന്ന്......
എനിക്ക്
ആർത്തു ചിരിച്ചുലയണം.
പാപബോധം
തീണ്ടാത്ത
കൊടിയടയാളമുള്ള യിവൾക്ക്
ഒറ്റ പ്രണയ സത്യത്തെ
വാക്കാൽ മുറിച്ച്
ഉടൽ കൊണ്ട്
പുതിയ "ഉദ്ധരണി "
ചേർക്കണം.
ഉഷ്ണിച്ച
കാമവാക്കിന്റെ
തൃഷ്ണ
പുനർജനി തേടണം.
വീണ്ടും,
വീണ്ടും,
ആർത്തു ചിരിച്ചുലയണം..
അരയാൽ പ്രണയം,
അരമണി പ്രണയം,
കറുത്ത കരവലയങ്ങളിൽ
മാത്ര മുടയുന്ന
അന്തി പ്രണയം.
സന്ധ്യക്ക് ഇണ ചേർന്ന്
പൂത്തുലയുന്ന
കറുത്ത നിശാചര
പ്രണയ സത്യങ്ങൾ
പകലിൽ
പെണ്ണടയാളങ്ങളെ
ഭയക്കുന്നവ
അവനെന്നെ
ഭയമാണെന്ന്......
അടയാളങ്ങളെ
ആവാഹിക്കാൻ
കരുത്തില്ലാത്തവനെന്ന്
മന കൊമ്പിൽ
അരയാൽ തൂക്കം...
കാണാൻ കഴിയാത്തവനെന്ന്
ഞാൻ ....
ചിരിച്ചു ചിരിച്ചു
മടുത്തു.....
പാപബോധം
തൊട്ടു തീണ്ടാതെ
പെണ്ണടയാളങ്ങൾ
ഉടലാടകളിൽ
കെട്ടി തൂക്കിയത്
നീ കണ്ടതല്ലേ .....
നീ ...
കരുത്ത് കണ്ടിട്ടുണ്ടോ
അത് നിന്റെ കയ്യിനില്ലാത്തത്..
എനിക്ക് വയ്യ..
ഞാൻ
ചിരിച്ച് ...
ചിരിച്ച് ....
"പെണ്ണടയാളങ്ങൾ
ഉടലാഴങ്ങളാണെന്ന് "...
ആർത്തു ചിരിക്കാ-
തെങ്ങനെ ,പറയും .. ഞാൻ
"പച്ചയിരുട്ടിനെ

മുത്തിയുണർത്തണ റസിയേടെ വാങ്ക്...!!
കെ എസ് രതീഷ്
കോളേജ് പൂട്ടാൻ ഒരുമാസമുള്ളപ്പോൾ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ ദീപയും, ഷെമീനയും,ജ്യോതിയും റസിയയും തീരുമാനിച്ചു. ഹെഡിന്റെ നെറച്ചും രോമമുള്ള കയ്യിൽ ഉമ്മവച്ച് ദീപ പാണിനിയായി. അഷറഫിന്റെ ഒപ്പമിരുന്ന് സിനിമകണ്ട് ഷമീനയുടെ ഉടുപ്പെല്ലാം ചുളുങ്ങി, ഇംഗ്ലീഷിലെ ജോണിനോട് ഇഷ്ടം പറഞ്ഞ് ജ്യോതിയും അവസാനത്തെ ആഗ്രഹം സാധിച്ചു..അപ്പൊഴാണ് മിണ്ടാതിരുന്ന റസീന ഭ്രാന്തുപോലെ തന്റെ ആഗ്രഹം പറഞ്ഞത്...വരുന്ന വെള്ളി ജുമായ്ക്ക് വാങ്ക് വിളിക്കണം. വേറാരെങ്കിലും കേട്ടാൽ ദീനിയായ പെണ്ണിന്റെ ഭ്രാന്തെന്ന് ഉറപ്പിച്ച ഷമീനയ്ക്ക് അത് അത്ര ഗുമ്മുള്ള പരിപാടിയായി തോന്നീല...
പ്രിൻസിപ്പലിനെ കെട്ടിപ്പിടിക്കാനോ, രണ്ടെണ്ണം അടിക്കാനോ, ആർക്കൊപ്പമെങ്കിലും കിടക്കാനോ ആഗ്രഹമുണ്ടെങ്കിൽ അത് പറയാൻ അവളാവാശ്യപ്പെടുന്നു.. കുട്ടിക്കാലത്ത് മൃഗശാലയുടെ മുന്നിൽ നിന്ന് അതിനെ തുറന്നുവിടാൻ ആവശ്യപ്പെട്ട റസിയ കരച്ചിൽ നിർത്തിയത് പാളയം പള്ളീൽ നിന്ന് ഉച്ചവെയിലിൽ വിടർന്ന കേട്ടാണ്. കോട്ടയത്തേക്ക് മടങ്ങിപ്പോരുമ്പോൾ ഇരുചെവികളിലും ആഭരണം പോലെ വാങ്കും വഹിച്ചാണ് പോന്നത്..കെട്ടാൻ വന്ന ജിമ്മൻ ചെക്കനോട് മോളെ ഐ എ എസിന് വിടുന്നൂന്ന് മുലതൂങ്ങാത്ത,ഇക്കിളിയുള്ള ജില്ല് ജില്ലെന്ന് നിൽക്കുന്ന ഉമ്മയ്ക്ക് പോലും വാങ്കിന്റെ കാര്യത്തിൽ മൗനം.. ഈ പ്രായത്തിൽ വേറെ എന്തൊക്കെതോന്നാം നടക്കാത്ത ഈകാര്യത്തിൽ കൂട്ടുകാർക്കൊക്കെ നിരാശയുമായി...ഒടുവിൽ അഷറഫിന്റെ കൂട്ടുകാരനൊപ്പം മനുഷ്യരില്ലാത്ത പത്തുപതിനഞ്ച് കിലോമീറ്ററപ്പുറമുള്ള കാട്ടിലേക്ക് ജ്യോതി റസിയയെ പറഞ്ഞയച്ചു..
കാടരികിൽ ബൈക്ക് കണ്ടിട്ടാണ് ഷാപ്പിലേക്കുപോയ രണ്ട് യുവാക്കൾ, അവർക്ക് പിന്നാലെയെത്തിയത്...
ചെറിയപെണ്ണിനേം, ചെറുക്കനേം കണ്ട് കാടിനുപുറത്തുനിന്ന് രണ്ടാളെയും കൂട്ടിവന്നു...ദീപയുടെ ചുംബനമേറ്റ് അസ്ഥപ്രജ്ഞനായ ഹെഡിനെപ്പോലെ വാക്കത്തിയേന്തിവന്നവരുടെ കാലുകളെയും കാറ്റിനേയും ഇലകളേയും നിശബ്ദമാക്കിക്കൊണ്ട് അല്ലാഹ് അക്ബർ എന്ന് സ്ത്രീശബ്ദത്തിൽ വാങ്ക് മുഴങ്ങി...നൂറ്റാണ്ടിന്റെ തിരകൾ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണാഴങ്ങളിലെ വേരുകളിലും തൊട്ടു.
റസിയ കാടിനുള്ളിലെ പച്ചയിരുട്ടിൽ നിൽക്കുന്നവരെ നോക്കി ചിരിച്ചു..
അവളും അവനും കോളേജിലേക്കും
അവർ ഷാപ്പിലേക്കും പോയി...
അന്ധകാരത്തിൽ ഇടയ്ക്കിടെ മിന്നുന്ന കൊള്ളിയാൻ വെട്ടമാകുന്ന കഥകളുണ്ട്...
2018 ജനുവരി 29 ലക്കത്തിലെ വാങ്കിന് ആ തിളക്കമുണ്ട്. പെണ്ണ് ഇമാം നിൽക്കുന്നതും, മറകളെല്ലാം പൊളിക്കുന്നതും ചിന്തിച്ച ഈ കാലത്ത് ഈ കഥയും വെളിച്ചം വീശുന്നു...
1968 ൽ രചിച്ച അല്ലാഹ് എന്ന വള്ളത്തോൾ കവിതയുടെ വരികളോടെയുള്ള തുടക്കം ഇതിന് മറ്റൊരു തലം നൽകുന്നു...മക്കയിൽ നിന്ന് മദീനയുലേക്ക് പോകുന്ന ഗുരുവിനോട് കൊലക്കത്തിയുമായെത്തിയവൻ. എടാ മുഹമ്മദേ എന്റെ കത്തി നിന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് പറയുമ്പോൾ പ്രവാചകൻ ഒറ്റവാക്കിൽ അതിന്റെ മറുകര കാണുന്നു..
അല്ലാഹ്...
റസിയയുടെ വാങ്കിന്റെ മാധുര്യത്തിൽ ഭൂമിയും ആകാശങ്ങളും വിറങ്ങലിക്കുന്നു...
കഥയുടെ ആത്മാവിലേക്ക് വലിച്ചെറിയുന്ന വരകൂടെ ചേരുമ്പോൾ വായനക്കാരൻ തൃപ്തനാകുന്നു.
വാങ്കിനും വരയ്ക്കും ഉണ്ണിയ്ക്കും ആശംസകൾ...

വീട്ടിലിരുന്ന് നോക്കുമ്പോൾ
താഹാ ജമാൽ

വീട്ടിലിരുന്ന് നോക്കുമ്പോൾ
നാട് സുരക്ഷിതമല്ല
നാട്ടിലിരുന്ന് നോക്കുമ്പോൾ
വീടും
ജോലിസ്ഥലത്തിരുന്ന് നോക്കുമ്പോൾ
നാടും, വീടും സുരക്ഷിതമല്ല.
അരക്ഷിതാവസ്ഥ മലകയറി
കുന്നിറങ്ങി, ശൂലംപിടിച്ച്
വടിവാൾ വീശി, ദണ്ഡ് കറക്കി
കഠാരക്കുംകത്തിക്കും മൂർച്ചകൂട്ടി
ചുരംകടന്ന കാറ്റുകൾക്കൊപ്പം
മാമലകൾക്കപ്പുറത്തേക്കും
ഇപ്പുറത്തേക്കും
ഓടിയടുക്കുന്നുണ്ട്.
മൗണ്ട് K 2 വിൽ നിന്നാൽ
ആനമുടി കാണാം
കച്ചിന്റെ ചതുപ്പിൽനിന്നും
അരുണകിരണങ്ങളുടെ മൂടിപ്പുതക്കലുംകടന്ന്
ഡൂണുകളെ നനച്ചൊഴുകുന്ന മഹാനദികളിൽ നോക്കിയാൽ
നിറം മാറിയ ജലത്തിന് ചോരയുടെ മണമാണ്
വാരണാസിയിലോ, ജലന്ധറിലോ, കന്യാകുമാരിയിലോ
എന്റെയാരുമില്ലെന്ന് നീയെന്നോട് പറയരുത്
വിശന്ന് മരിക്കുന്നവന്റെ ഇന്ത്യയിൽ തൊട്ടാണ്
നീ പകിടകളിക്കുന്നത്
ഒരു നാൾ വരും
ആത്മഹത്യ ചെയ്ത ഹിറ്റ്ലറെയോർക്കുക
മുസോളിനിയുടെ കഥ പത്താംതരത്തിലെ കുട്ടി
നിനക്ക്പറഞ്ഞ് തരും
മൂടിപ്പുതച്ചുറങ്ങുന്ന തെരുവിൽ
നഗ്നയാക്കപ്പെട്ടവരുടെ കണ്ണുകളിൽ
ഞാനെന്റെ രാജ്യത്തെ നിക്ഷേപിക്കുന്നു
മകളെ സ്കൂളിൽവിട്ടാൽ
അവൾ മടങ്ങി വരുംവരെ അവളുംസുരക്ഷിതയല്ല.
ഭാര്യ ജോലിക്ക് പോയി മടങ്ങിവരുന്നതുവരെ
അവളും സുരക്ഷിതയല്ല.
രാത്രിയിൽ വിടുറങ്ങിയാൽ
ഞാനുറങ്ങാറില്ല
പകലൊക്കൊ ഉറക്കംതൂങ്ങി, നടന്ന്
ഭ്രാന്തുപിടിച്ച് ദിവസങ്ങൾ തള്ളുമ്പോൾ
തൊട്ടയലത്തൊരു ഗർഭിണി
ഉദരത്തിലെ കുട്ടിയോട് സംസാരിക്കുന്നു.
ഗർഭത്തിലവളും സുരക്ഷിതയാണെന്ന്
അവൾ വിശ്വസിക്കുന്നു.
എനിക്കതിലുമിപ്പോൾ വിശ്വാസമില്ല.
കവി പറഞ്ഞ ആ നല്ല നാളുകൾ ഇതായിരിക്കാം
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവരും
നല്ല ദിനങ്ങൾ വരുന്നുണ്ടന്ന് പറഞ്ഞവരും
അകമ്പടിവെച്ച കാറിൽ പായുമ്പോൾ,
നമ്മൾ കരുതണം
ഇതായിരിക്കും ആ നല്ലനാളെന്ന്
തെരുവിൽ ഇന്ത്യയെ തല്ലിക്കൊല്ലുന്നു
തെരുവ് കത്തുന്നു.
ആർക്ക് വേണ്ടി.....?
സുരക്ഷിതത്വം തീണ്ടാക്കനിയായ നാട്ടിൽ
റിക്ഷാ വലിക്കുന്നവന്റെ കണ്ണിൽ സന്തോഷമില്ല.
ഷു പോളീഷ്ചെയ്ത് തേഞ്ഞുതിർന്ന
ബ്രഷിന്റെ വായ്ത്തലപോലെ
എന്റെ മനസും മാറിയിരിക്കുന്നു.
നികുതി കൊടുക്കാൻ മാത്രമായ ദിനങ്ങൾ പിറക്കുമ്പോൾ
ഞാനറിയാതെ മോഹിക്കുന്നു
അജന്തയിലോ , എല്ലോറയിലോ
ഒരു ശില്പമായിരുന്നെങ്കിൽ
പൈതൃക സംരക്ഷണത്തിന്റെ പേരിലെങ്കിലും
സുരക്ഷിതനായേനേ...?
സുരക്ഷിതത്വം
ആശങ്കയിലരക്ഷിതത്വമായിരിക്കുന്നു.
രാത്രിയിൽ കുട്ടി ഉച്ചത്തിൽപഠിക്കുന്നു
പാഠം ഒന്ന്
കൊല്ലലും കൊലവിളിയ്ക്കലും

ഷീലാ റാണി
എത്ര കൈവഴക്കത്തോടെയാണ് നിറങ്ങളുടെ ക്യാൻവാസിലേക്ക് നീയെന്നെ പകർത്തിയെഴുതുന്നത്
പെരുമഴക്കാലങ്ങൾ ഒളിച്ചിരിക്കുന്ന
മിഴികളുടെ കടൽ നീലം,
ഏറ്റം കറുത്ത രാത്രികളുടെ ചാറെടുത്ത്
മുടിയിലെ മേഘക്കറുപ്പ്
നക്ഷത്ര മുക്കൂത്തിയിട്ട
എള്ളിൻപ്പൂ മൂക്ക് ..
തേനിറ്റും
ചെറിപ്പഴ ചുണ്ടുകൾ ..
കൈകളുടെ മുന്തിരി വള്ളികൾ ,
നിലാവുറഞ്ഞ പുറവടിവ് ,
മാറിലെ സൂര്യകാന്തിപ്പൂക്കൾ ,
ഇളകുന്ന
കടൽത്തിരകളുടെ മുത്തരഞ്ഞാണം ...
പട്ട് പോലെ മിനുത്ത കണങ്കാൽ,
താമരപ്പൂവൊത്ത പാദങ്ങൾ ...
നിന്റെ ഇഷ്ട നിറങ്ങളുടെ കൊളാഷ് ..
വരയ്ക്കുകയും മായ്ക്കകയും
ചെയ്യുന്ന നിന്റെ മാന്ത്രിക വിരലുകൾ ..
എങ്കിലും,
ഹൃദയത്തിന്റെ സ്ഥാനത്ത് ഈ തകർന്ന പുല്ലാങ്കുഴൽ തന്നെ മതി...
നിന്റെ ചുണ്ടുകളുടെ മധുരിമ എന്നെന്നും എനിക്കോർത്തിരിക്കാൻ ...

ആരാണു നീ....?
ശ്രീല അനിൽ
എന്റെ ഇടം കൈയ്യിലിരുന്ന്...
ഇടയ്ക്കിടെ ....
നീ പിടയുന്നതെന്തിന്?
ആ പിടച്ചിൽ....
എന്റെ ....
ആത്മാ വോളമെന്ന് നീയറിയുന്നില്ലേ?'...
വിരൽതുമ്പിനാൽ....
തൊട്ടുണർത്തി..... പൊരുൾ തിരയുംവരെ.....
വല്ലാത്തൊരു വെപ്രാളത്തിലാണ്ട്...
മുങ്ങി മുഴുകും...
ഞാൻ......
എന്റെ
പുലരികൾ കൺചിമ്മി ഉണരുന്നത്....
നിന്നിലേക്കാണ്....
എപ്പോഴുമെന്നൊപ്പം... നടന്നു... നടന്നു.... നീ...
എന്റെ സഞ്ചാരങ്ങളും.......
ഒളിയിടങ്ങളുമെല്ലാം......
സ്വന്തമാക്കി......
നീയെനിക്ക്.... ചൊല്ലിത്തരുന്ന കഥകൾ...
കാതിൽ മൂളുന്ന.....
ഈണങ്ങൾ....
കൂടെ
നടത്തുന്ന
കൂട്ടുകൾ......
പ്രണയങ്ങൾ.......
പരിഭവങ്ങൾ......
സങ്കടങ്ങൾ....
എല്ലാം....
ഏറെ...
പ്രിയങ്കരങ്ങൾ.....
എന്റെ അക്ഷരങ്ങൾ
നിന്റെ വെള്ളിത്തെളിച്ചത്തിൽ
എന്റെ ഭാവനകൾ...
ഈ ഒറ്റ വിരലെഴുത്തിൽ.....
നമ്മൾ ഒന്നിച്ചിരിക്കുമ്പോൾ....
പുസ്തകത്താളിലെ
അക്ഷരമണവും....
ചിത്രവർണങ്ങളും.....
പിണങ്ങി മറയുന്നു.....
അവയെ ചേർത്തണയ്ക്കാൻ..
പിന്നാലെ പായുമ്പോൾ.. നേർത്തൊരു സംഗീതമായ്....
ഒരു മൂളലായ്.....
ഒരു പിടച്ചിലായ് .....
നീയെന്നെ വരിയുന്നു.....
ഞാൻ ....
എന്റെ ലോകം..
നിന്നിൽ മാത്രമായൊതുങ്ങുന്നതിൽ...
തെല്ലഹങ്കാരം?....
നീയെനിക്കു...
പകരുന്ന ലോകം...
വിസ്മയം...
നിന്റെ അദ്യശ്യകരങ്ങളിൽ
നിന്നൊരു....
മടക്കം...
കൊതിക്കുമ്പോളും....
ഞാനറിയാതെ....
കൂടുതൽ കൂടുതൽ...
നിന്നിലേയ്ക്ക്....
ലയിക്കുന്നതെന്ത്?'...
ആരാണു... നീ?

ആർ.സംഗീത
മേശമേൽ
തലചായ്ച്ചപ്പോൾ
ഒരു മരങ്കൊത്തിയുടെ
ചുണ്ടു വരഞ്ഞ പാട്
ഞരമ്പുകളിൽ
പണ്ടെങ്ങോ
ജലമൊഴുകിയ ശബ്ദം
സൂക്ഷിക്കേണ്ടതുണ്ട്
ഒറ്റനടത്തങ്ങളിൽ
എപ്പോ വേണമെങ്കിലും
ചാടി വീഴാൻ പാകത്തിൽ

ഒരു ഭൂതകാലം പിന്നിലുണ്ട്