03-03


മരിച്ചവർ ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ......?
പ്രവീൺ വർമ്മ

മരിച്ചവർ ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ?
ആദ്യം അന്ധാളിച്ചേനേ;
ദിക്കറിയാതെ,
സ്ഥലമറിയാതെ,
വഴിയറിയാതെ,
വഴിവക്കിലെ അടയാളമറിയാതെ.

തിരിച്ചറിയാൻ കഷ്ടപ്പെട്ടേനെ;
താലോലിച്ച് വളർത്തിയവരെ,
വേണ്ടപ്പെട്ടവരെന്ന് കരുതിയവരെ,
ശേഷിച്ച സൗഹൃദക്കൂട്ടങ്ങളെ,
വെറുത്ത് നടന്ന അപരിചിതരാക്കപ്പെട്ടവരെ.

ഉരുക്കി സ്വരൂപിച്ചവയുടെ അവസ്ഥയറിയാനാശിച്ചേനേ.

ഫലമേകാതെ പോയ
ഫലവൃക്ഷങ്ങളെക്കണ്ട് നിരാശനായേനേ.

അസ്വസ്ഥതയുടെ കൊടുമുടിയിലിരുന്ന്
വേവലാതിപ്പെട്ടേനേ.

മരിച്ചവർ ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ
തിരിച്ചു പോക്കിനായി തിടുക്കം കാട്ടിയേനേ.


നാം 
അശോകൻ മറയൂർ

മൗനങ്ങളിലിരുന്നുകൊണ്ട്
ദൂരങ്ങളിലേക്കു സഞ്ചരിക്കുന്നവരാണ്
അവിടെ നിന്നെയുമെന്നെയും
കണ്ടുമുട്ടുന്നു
തിരിച്ചു വരുമ്പോൾ
ഉടലുകളെയറിയാതെ
പരിശോധിക്കുന്നു

വേനലിൽ
രക്തം പൊടിഞ്ഞു നിൽക്കുന്ന
മുരുക്കുപൂക്കളിൽ
പക്ഷികൾക്കെന്തോ
വിശപ്പടക്കാനുണ്ട്
മൗനത്തിനും

നീ ആഗ്രഹിക്കുന്നതു പോലെ
ഏകാന്തത്തിനായി
ഒരു വീട്നിർമിക്കുന്നുണ്ട്
അവിടങ്ങളിലേക്ക്
രഹസ്യമായ് സഞ്ചരിക്കുന്നുമുണ്ട്
അടുത്തിരുന്നുകൊണ്ട്
ഞാനൊന്നുമറിയുന്നേയില്ല


ഫാമിലി ഗ്രൂപ്പ്
ഹസ്ന ഷെറിൻ

ഐക്യത്തോടെ
 എല്ലാവരെയും
ഒരുമിച്ച് നിർത്തണം
എന്ന് തോന്നി തുടങ്ങിയപ്പഴാണ്
ഒരു നട്ടുച്ചക്ക്
അച്ഛൻ ഒരു വാട്ട്സപ്പ്) ഗ്രൂപ്പ്
ക്രിയേറ്റ് ചെയ്തത് ..
പ്രതീക്ഷച്ചതിലും
ഭംഗിയായി
മക്കളൊക്കെ
പണ്ടത്തെക്കാൾ
കുടുംബ കാര്യത്തിൽ
ആക്ടീവായി തുടങ്ങി..
കുടുംബവിശേഷങ്ങൾ
ചൂടാറും മുമ്പെ
ഓൺലൈനിലെത്തി
തുടങ്ങി ..
ഗുഡ് മോണിങ്ങ്
ഗുഡ് ആഫ്റ്റർ നൂൺ
ഗുഡ് നൈറ്റ്
വിഷ് ചെയ്തു
എല്ലാരും
അച്ഛനും അമ്മക്കും
തങ്കപ്പെട്ട മക്കളായി

രാവിലെ അമ്മ എന്നും
ഓൺ ലൈനിൽ ചായയിടും..
ഇപ്പോൾ ആരെയും നീട്ടി വിളിക്കേണ്ട ആവശ്യമില്ല.
അച്ഛനും മക്കളും
ഓടി വന്ന് കഴിച്ച്
പ്രശംസിച്ച്
കമന്റുകളിട്ടിട്ടേ പോവൂ...
കുടുബ സംഗമം
ചർച്ച
ക്ലാസുകൾ
ഇത്രത്തോളൊക്കെ
ഗംഭീരാവുന്ന്
അച്ഛൻ പോലും
കരുതി കാണില്ല

വേലക്കാരിയെ കൂടെ
ആഡ് ചെയ്യാനുള്ള
ശ്രമം അച്ഛൻ നടത്തിയത്
അറിഞ്ഞിട്ടാണോന്നറിയില്ലപിറ്റേന്ന്  ചായയിൽ
അമ്മ പഞ്ചസാരയിടാൻ
മറന്നു പോയി...
ദേഷ്യം വന്ന അച്ഛൻ
അന്ന് അമ്മയെ
താൽക്കാലികമായി
ഗ്രൂപ്പിൽ നിന്ന് റിമൂവ്‌ ചെയ്തു.
പണ്ടേ ഫെമിനിസ്റ്റായ
മകൾ
ലെഫ്റ്റടിച്ച് തന്റെ പ്രതിഷേധമറിയിച്ചു.
കലിയടങ്ങാതെ
അച്ഛൻ
ഒട്ടും താമസിക്കാതെ
അവളെ ബ്ലോക്ക്
ചെയ്ത് പിണ്ഡം വെച്ചു.
കൊച്ചുമോൻ
വൈകാതെ
ഹേർട്ട് ബ്രോക്കൺ
എന്ന് സ്റ്റാറ്റസിമിട്ടു ...
ഗ്രൂപ്പാകെ പുകഞ്ഞ്
തൊടങ്ങിയപ്പോൾ
മൂത്ത പുത്രൻ
കാരണവർ സ്ഥാനമേറ്റെടുത്ത്
ബാക്കിയുള്ളവരെയും
പിടിച്ച് പുറത്തിട്ട്
ഗ്രൂപ്പങ്ങ് ഡിലീറ്റ് ചെയ്തു.
ഇപ്പോ
എന്തായാലും
സ്വസ്ഥം
ശുഭം
മംഗളം,

ഹൃദയവിചാരം
സുനില്‍ പി. മതിലകം


അപേക്ഷ അയച്ചപ്പോഴും ഇന്റര്‍വ്യൂയിലേക്ക് ക്ഷണിക്കപ്പെടുമോ എന്നൊരാശങ്ക കലശലായി ഉണ്ടായിരുന്നു. അത്തരമൊരു ചിന്തയ്ക്ക് വിരാമം ഇട്ടുകൊണ്ടാണ് ഇന്റര്‍വ്യൂ കാര്‍ഡെത്തിയത്. ഇറങ്ങാന്‍ നേരം കണ്ണാടിയിലേക്കൊന്നു പാളിനോക്കിയപ്പോള്‍ പതിവില്ലൊത്തൊരു പ്രകാശം മുഖത്തുകണ്ടത് അതിനാലാകാം. ഇതെല്ലാം ഓര്‍ത്തോണ്ടിരിക്കുമ്പോഴാണ് ടൂവീലറിലാണെല്ലൊയെന്ന ബോധത്തിലേക്ക് തിരിച്ചെത്തിയതും കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടതും...അതിനടുത്തെത്തിയപ്പോഴാണ് ഒരപകടം സംഭവിച്ചിരിക്കുന്നതായി അറിഞ്ഞത്. ബൈക്ക് സൈഡാക്കി, തിടുക്കത്തിലങ്ങോട്ടുചെന്നു. ഒരു  കാറാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഇടിച്ചു തകര്‍ന്ന ഇലക്ട്രിക്‌പോസ്റ്റ് വീഴാതെ സ്റ്റേ കമ്പി താങ്ങി നിര്‍ത്തിയിരിക്കയാണ്. എല്ലാവരും എത്തിനോക്കി പിന്‍തിരിയുകയാണ്.  കാറിനുള്ളില്‍ ഒരാള്‍ രക്തത്തില്‍ കുളിച്ച് ഞെരങ്ങുന്നത് പൊട്ടിച്ചിതറിയ ഗ്ലാസിലൂടെ കാണാം. അപകടത്തില്‍പ്പെട്ട ആളെ രക്ഷപ്പെടുത്തുന്നതിനായി ആരും മുന്നോട്ടുവരാതെ പലതായി ചിതറി പോകുകയാണല്ലൊ...ആകാഴ്ചയില്‍ പകക്കാതെ ~ഒരു ഓട്ടോ തടഞ്ഞു നിര്‍ത്തി. ഒരുവിധം ഡോര്‍ തുറന്ന് അയാളെ താങ്ങിയെടുക്കുമ്പോഴും സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ചുറ്റുംകൂടിയവര്‍ക്കുനേരെ രോഷത്തോടെ പല്ലുഞെരിച്ചു. ഒട്ടോഡ്രൈവറും സഹായിക്കാനെത്തി...
അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍ വല്ലാത്തൊരു കിതപ്പോടെ ഇരുന്നപ്പോഴാണ് ഇന്റര്‍വ്യൂകാര്യം നടുക്കത്തോടെ ഓര്‍ത്തത്. ഇന്റര്‍വ്യൂ സമയം പിന്നിട്ടിരിക്കുന്നു. ഒട്ടോകാരനെ അവിടെ നില്ക്കാമെന്നേറ്റു. മറ്റൊരു ഓട്ടോ പിടിച്ച് അപകടസ്ഥലത്ത് തിരിച്ചെത്തി വണ്ടിയെടുത്തു...
ഇന്റര്‍വ്യൂസ്ഥലത്തെ ഗെയിറ്റില്‍ സെക്യൂരററികാരന്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍  പറഞ്ഞു:
''ഇന്റര്‍വ്യൂവിന് വന്നതാ...ഒരാക്‌സഡന്റ്‌കേസ്സുമായി പോയതിനാല്‍ കുറച്ചുലൈറ്റായി...''
''ഇന്നത്തെ ഇന്റര്‍വ്യൂ മാറ്റിവെച്ചു. ഇന്റര്‍വ്യൂ നടത്തേണ്ട എം. ടി. സാര്‍ വരുന്ന വഴിക്ക് ഒരപകടത്തില്‍പ്പെട്ട് ആശുപത്രിയിലാ...''
ഒന്നും പറയാതെ വണ്ടിയെടുത്തു പോരുമ്പോള്‍ ഇന്റര്‍വ്യൂ നടക്കാത്തതിലുള്ള നിരാശയൊന്നും അലട്ടിയിരുന്നില്ല...


പൊട്ടിയ കുപ്പിവളയ്ക്ക് പറയാനുള്ളത് !"
കൃഷ്ണദാസ്.കെ.

വളകളഴിയ്ക്കുന്ന പോലെ ;എരിഞ്ഞു തീരുന്ന അല്പായുസ്സിനെ കുറിച്ച് |
കൈയ്യിൽ ചന്തം ചാർത്തി തഴുകി തലോടി കടന്നു പോയ നല്ല നാളിനെ കുറിച്ച്.!
പ്രണയ ചാപലത്താൽ കൈചേർത്തു പിടിച്ചപ്പോൾ ഇടയിൽപെട്ട് ; ഉടഞ്ഞു പോയ തന്റെ ജീവിതത്തേ കുറിച്ച് '!
കൈയ്യിലേ മുറിപ്പാടിന്റെ ഓർമ്മയിൽ  സ്വർണ്ണവള സ്ഥാനം നേടിയപ്പോൾ ഇരുളിലായി പോയ അകാല  മരണത്തേ ക്കുറിച്ച്!

                               
ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു
മുനീർ അഗ്രഗാമി

സൂര്യനറിയാം,
അമ്മ ആദ്യം അവിടെയെത്തിയിട്ടുണ്ടെന്ന്.
അതുകൊണ്ട് സൂര്യൻ പതുക്കയേ വരൂ

കെട്ടിയിട്ട പാളയിൽ
സൂര്യൻ വെളിച്ചം നിറയ്ക്കാൻ നോക്കുമ്പോഴേക്ക്
അമ്മ അതിൽ വെള്ളം നിറച്ചിട്ടുണ്ടാകും
കപ്പി ഇരുട്ടത്തു നിന്നും
അമ്മയോട് വർത്താനം പറയും

ഒരു രാത്രി മുഴുവൻ
അമ്മയെ കാണാതെ അത്
ഇരുട്ടിൽ നിൽക്കുകയായിയിരുന്നു
ട്രൈബൽഹോസ്റ്റലിന്റെ ഇരുട്ടിൽ
അറ്റം കാണാത്ത ആഴം നോക്കി കിടന്ന
എന്റെ ഏകാന്തതയുടെ ഭാഷയിൽ
അമ്മയോടതു കരഞ്ഞു.
കിടന്നുരുണ്ടു
പടവുകളിലെ കാട്ടുചെടികളിൽ
നോട്ടം പൂഴ്ത്തി വിങ്ങി

എളുപ്പത്തിൽ അമ്മയ്ക്ക്
വെള്ളം കോരുവാൻ
ഓഫീസർമാർ എന്നെയിവിടെ
തൂക്കിയിട്ടതാണ്.

എന്നും കരയുമ്പോൾ
അതു കരച്ചിലായി തോന്നരുതേ
എന്നു പ്രാർത്ഥിച്ച് ,
കപ്പിയെ നോക്കാതെ
കയറിനറ്റത്ത് തുളുമ്പുന്ന
പച്ചവെള്ളത്തിന്റെ ചിരി അമ്മ അകത്തു കൊണ്ടുപോയി വെക്കും
വേദന മറന്ന്
കുഞ്ഞു പെങ്ങൾക്കിത്തിരി കൊടുത്തിട്ടുണ്ടാവും
വിശപ്പ് മാറുവോളം അമ്മ കുടിച്ചിട്ടുണ്ടാവും

സൂര്യനപ്പോൾ മുറ്റത്തു വന്ന്
അമ്മയെ കാട്ടിലേക്ക് വിളിക്കും
കാട്ടുകിഴങ്ങുകൾ
അമ്മയെ കാണാതെ ഒളിച്ചിരിക്കും
കുഴിച്ചു കുഴിച്ച്
അമ്മ സങ്കടങ്ങളെ അതിൽ അടക്കം ചെയ്യാൻ
തുടങ്ങുമ്പോൾ

കാട്ടുചോലകൾ   വറ്റിയ വഴിയിൽ
ഒരാന...
ജലം തിരഞ്ഞ്,
തിരഞ്ഞ്,
തിരഞ്ഞ്
അമ്മയുടെ കണ്ണുകൾ കാണും
പുഴയെന്ന തോന്നലിൽ
അച്ഛനെ കൊന്ന കൊമ്പൻ
അമ്മയെ പിന്തുടരും.
അന്നേരം അമ്മയെന്നെ വിളിക്കും
എന്നെ മാത്രം വിളിക്കും
ആ വിളിയിലെന്റെ
 പുലരി പുലരില്ല
പകലുകെട്ടുപോകും

മെസ്സിലെ ചേച്ചീ,
ചേച്ചീ
എനിക്കിന്നു ചായ വേണ്ട
വേണ്ട.


നിശാശാലയിലെ പെണ്‍കുട്ടി
സുരേഷ് നായർ

നിശാശാലയ്ക്കു പുറത്തെ പാതയോരത്ത് നിലാവ്തളംകെട്ടിക്കിടന്നിരുന്നു....
നിശാശാലയിലെ പെണ്‍കുട്ടിയുടെ മുഖത്ത് ചിലപ്പോള്‍, ഒരറവുമാടിന്‍െറ നിസ്സഹായതയായിരുന്നു മറ്റുചിലപ്പോള്‍, ഒരറവുകാരന്‍െറ നിര്‍ദ്ദയകാര്‍ക്കശ്യവും!
സന്ദര്‍ശകന്‍െറ നെഞ്ചിലൂടിഴയുന്ന കെെകൊണ്ടവള്‍ അയാളുടെ കീശയുടെ ഭാരം തൊട്ടറിയുന്നു.... പിന്നെ,മടിശ്ശീലയുടെ കനംനോക്കിനല്കുന്ന അതിഥിസല്‍ക്കാരത്തിന്‍െറ തന്ത്രമുഖം!
നിശാശാലയുടെ പ്രധാന കവാടത്തിനു പുറത്ത്, തങ്ങളുടെ ഊഴവുംകാത്ത്, അക്ഷമരായി ചുരമാന്തുന്ന പുരുഷാരം!
അവളുടെ ചായം തേച്ച മന്ദസ്മിതത്തിനപ്പുറത്ത്, നിറങ്ങള്‍വറ്റിയൊരു കൊച്ചുലോകം.... അന്ധയായവൃദ്ധമാതാവിന്‍െറ ദീനമുഖം.... പറക്കമുറ്റാത്തഇളയതുങ്ങളുടെ ഒട്ടിയവയറുകള്‍....
തന്നെയുംകാത്തിരിക്കുന്ന നിസ്സഹായജന്മങ്ങള്‍ക്ക് അപ്പവുംവീഞ്ഞുമാവുന്നു അവള്‍; നിശാശാലയിലെ പെണ്‍കുട്ടി!
അന്ന്,പതിവിലും നേരത്തെ അവസാന സന്ദര്‍ശകന്‍െറ പാനപാത്രവും ഒഴിഞ്ഞപ്പോള്‍, ഒരുദുരിതരാത്രികൂടി കടന്നുപോയ ആശ്വാസത്തോടെ, വര്‍ണ്ണപ്പകിട്ടാര്‍ന്ന സ്വന്തം മുഖംമൂടി ഊരിമാറ്റി, കണ്ണീരും ഉറക്കച്ചടവും പറ്റിപ്പിടിച്ച മുഖവുമായി, വിശക്കുന്ന കുഞ്ഞുവയറുകളുടെയും, തിമിരംവീണ വൃദ്ധനയനങ്ങളുടെയും ലോകത്തേയ്ക്ക് അവള്‍ ധൃതിയില്‍ യാത്രയാവുന്നു ; നാളത്തെരാത്രിയിലേയ്ക്കുള്ള ദൂരം മനസ്സില്‍ അളന്നുകൊണ്ട്....
നിശാശാലയ്ക്കു പുറത്തെ പാതയോരത്തുനിന്ന് നിലാവ് ഒഴുകിപ്പോയിരുന്നു, അപ്പോള്‍!

ഒരാളിറങ്ങുമ്പോൾ...........

ഒരാൾ ഇറങ്ങിപ്പോവുമ്പോൾ
ഒരിടം ഇല്ലാതാവുകയാണ്
അതുവരെ വീശിയ കാറ്റല്ല
പിന്നെ കട,ന്നു വരുന്നത്
മരങ്ങൾ പഴയവ തന്നെയെങ്കിലും
ഇലകൾ മൊഴിയുന്നത്
മുമ്പത്തെ വാക്കുകളല്ല
അതേ പുഴ തന്നെയെങ്കിലും
ജലത്തിന്റെ മാറ്റം
നമ്മളനുഭവിക്കും
അതേ വീട്, അതേ മുറ്റം
പക്ഷേ.....
അയാൾ പോകും മുമ്പ്
അവയൊന്നും അങ്ങനെയൊന്നുമായിരുന്നില്ല.
അതേ വഴികൾ, അതേ വരമ്പുകൾ
പക്ഷേ.....
ഇപ്പോൾ അളവുകളാകെ
തെറ്റിപ്പോയിരിക്കുന്നു.
അതേ ആകാശം, അതേ ഭൂമി
പക്ഷേ.....
അതു വരെ ഉണ്ടായ വെട്ടമല്ല,
മണ്ണിൽ നിന്ന് അതുവരെ ഉയർന്ന
ഗന്ധവുമല്ല.
എന്തിന്,
വാക്കുകളുടെ, ചിരികളുടെ
കരച്ചിലിന്റെ,
പരാതികളുടെ പോലും
അർത്ഥങ്ങൾ
എത്രമാത്രം മാറിപ്പോയിരിക്കുന്നു!

അതെ
ഒരാളിറങ്ങിപ്പോവുമ്പോൾ
അയാളല്ല പോകുന്നത്
അയാളെ ഉൾക്കൊണ്ട
ഒരിടം തന്നെയാണ്
ഇല്ലാതാവുന്നത്.



സംശയപാഠം
മോഹനകൃഷ്ണൻ കാലടി

മാഷന്മാർക്ക് കുട്ടികളെ സംശയം
ഹെഡ്മാസ്റ്റർക്ക് മാഷന്മാരെ സംശയം
രക്ഷിതാക്കൾക്ക് മാഷന്മാരേം ഹെഡ്മാഷിനേം സംശയം.

സ്കൂളിന്റെ മുതലാളിക്കോ... ഹെഡ്മാഷിനേം മാഷന്മാരേം കുട്ടികളേം രക്ഷിതാക്കളേം ആകെമൊത്തം സംശയം.

കുട്ടികൾ....
അവരാരെ സംശയിക്കും !
പുസ്തകങ്ങളേയോ
അതോ പെ൯സിലുകളേയോ ?

ആരെ സംശയിക്കുമെന്ന സംശയം സഹിക്ക വയ്യാതെ
അവർ ചുമരുകളിലെഴുതി വച്ചു :
" സംശയവിലാസം യൂപ്പീ സ്കൂൾ
സംഘർഷപുരം പി ഓ
സങ്കടകരം ഉപജില്ല".