04-11

💐💐💐💐💐
നവസാഹിതി
സൈനബ്, ചാവക്കാട്
💐💐💐💐💐
സഹൃദയരെ..
 നവസാഹിതിയിലേക്ക് സ്വാഗതം ..🙏🙏

പ്രകൃതിയുടെ വരദാനമായി കിട്ടിയ സർഗ്ഗ ചേതനക ളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിലും വരും കാലങ്ങൾക്കും നമ്മെ അടയാളപ്പെടുത്തുന്ന വേദിയാവട്ടെ ഇത് എന്ന് ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു ,,
💐💐💐💐💐
**************************
വെറുക്കപ്പെട്ടവന്റെ വിട
🍀🍀🍀🍀🍀🍀

ഒടുവിലെരിക്കുമ്പോൾ
ഒന്നിനുമല്ലാതെ കൂടെനിന്ന 
നിഴൽ കണ്ണീരൊഴുക്കില്ല... 
അത്രയും ആശ്വാസം! 
ചന്ദനത്തിരിയുടെ പുകക്കിടയിലൂടെ
ഉറക്കാനെന്നെത്തിരഞ്ഞ്
ഒരു പഴയ താരാട്ട്  കിതച്ച് ചുമക്കും...! 
ശകാരം മൂടി നിന്ന് ചോന്നിരുന്ന 
കണ്ണുകളിൽ ഞാൻ തിളച്ച് തൂവും..! 
എന്നോട് പറയാതെ 
ഒളിച്ചുവച്ച നല്ലവാക്കുകൾ
തൊണ്ടയിൽ തറഞ്ഞുനിന്ന്
അവരെ വേദനിപ്പിക്കാതിരിക്കട്ടെ! 
പണ്ട് പ്രാകിയവർ അലച്ചുവന്ന്
കരഞ്ഞ് കർമ്മം കഴിച്ച് പോകും... 
അന്നൊരു ദിവസം 
അവരെന്റെ നന്മകളെ മാത്രം 
ഓർക്കുമായിരിക്കും... 
ചിതയുടെ ചൂടേൽക്കാതാകുമ്പോൾ
വീണ്ടും അവരെന്നെ 
മുഴുവനോടെ ഓർമ്മിക്കും..! 
വെറുപ്പുകൊണ്ട് കറുത്തുപോയ എന്നെ..! 
അപ്പോഴും അവർ വിചാരിക്കും
ഞാൻ അവരെ വെറുത്തിരുന്നെന്ന്...
അവർക്കറിയില്ലല്ലോ ഞാൻ വെറുത്തത്
എന്നെത്തന്നെയായിരുന്നെന്ന്..!
ഞാനറിഞ്ഞ എന്നെ എനിക്ക് 
വെറുക്കാതിരിക്കാനാകില്ലല്ലോ..! 
പക്ഷെ ഞാൻ തോറ്റുപോയത്
നിനക്കുമുന്നിലാണ്... 
ഉരയാനൊരുടൽ
മാത്രമല്ലെനിക്കെന്നെത്ര പറഞ്ഞിട്ടും
അറിയാതെ പോയ നിനക്കുമുന്നിൽ..! 
നീ എന്റെ പ്രണയം കാണാഞ്ഞതിലല്ല, 
ഒരു തവണയെങ്കിലും തിരയാഞ്ഞതിലാണ്
എന്റെ വേദന..!! 
പൊന്നിന്റെ താലിച്ചങ്ങല
നിനക്കിനി അഴിച്ചുവെക്കാം..! 
കണ്ണീരൊളിച്ചവളെ, 
നിനക്കെന്നെ വെറുക്കുകയെങ്കിലും
ചെയ്യാമായിരുന്നു..!! 
🍀🍀🍀🍀

അമൽനന്ദ്
**************************
വാൽമീകം
🍀🍀🍀🍀🍀🍀

നീയെന്നിൽ അഴിച്ചിട്ടു പോയ 
തേങ്ങലുകളുടെ  
കുപ്പായങ്ങളിൽ 
മറവിയുടെ ചിത്രങ്ങൾ 
തുന്നിച്ചേർക്കൂന്നു ഞാൻ ..

കണ്ണീരിന്റെ ലാവയൊഴുകി
പാടു വീണ 
കവിൾത്തടങ്ങൾ
പുഴുക്കുത്തു കയറിയ 
ജീവിതത്തിനു നേരെ പിടിച്ച 
കണ്ണാടികളാകുന്നു ..

അലഞ്ഞു തീരുന്ന 
നാൾ വഴികളിൽ 
കാൽ വെള്ളയുടെ
മിനുസങ്ങൾക്ക്
ഉര വീഴുന്നു ..

വരികൾ വറ്റിയ
മനസ്സ് 
ചിന്തകളുടെ
നുരയകന്ന
വരമ്പുകളിലൂടെ
അക്ഷര ഖനികളുടെ
മാതൃ ഹസ്തങ്ങളിലേക്ക്
യാത്ര തുടരുന്നു ...!!!


സാബു ചോലയിൽ
**************************
യാത്രികന്, 
🍀🍀🍀🍀🍀🍀

ന്റെ പ്രിയപ്പെട്ടവന്...
ഞാനൊരു യുദ്ധത്തെ കുറിച്ചെഴുതുകയായിരുന്നു. 

മുറിവുകളും ചിരികളും എത്രയൊക്കെ സന്ധിസംഭാഷണങ്ങള്‍ നടത്തിയിട്ടും ഞാന്‍ തോറ്റുപോയ യുദ്ധത്തെ കുറിച്ച്..  

എന്റെയുടുപ്പിലെ വയലറ്റ് പൂക്കളെ ചോര മണക്കുന്നുണ്ടായിരുന്നു. ഞരമ്പുകളില്‍ ഉന്മാദം തിണര്‍ത്തിരുന്നു. ഒരു ചവറ്റുകൊട്ടയിലെന്ന പോലെ നിലവിളിക്കുകയായിരുന്നു ഞാന്‍. 

പക്ഷ, അവസാനത്തെ വരിയുടെ അരികുകള്‍ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു..ആ വരിയിലൊക്കെയും നീയായിരുന്നു

എങ്ങനെയാണ് നിനക്കതിനു സാധിച്ചത്..

വിഷാദമെന്റെ മരിച്ച ഉയിരിലേക്ക് ഒരു വാള്‍ത്തലയോങ്ങുമ്പോള്‍ എവിടെ നിന്നാണ് നീ വന്നത്..

ഒരിക്കലും പരസ്പരം കാണാതെ എന്നിലേക്കീ ഒറ്റയടിപ്പാത എപ്പോഴാണ് നീ പണിതത്..

നിനക്കറിയാമായിരുന്നു ജീവിതമെന്ന് ചേര്‍ന്നു നില്‍ക്കാന്‍ എനിക്ക് മറ്റൊന്നും തന്നെയില്ലെന്ന്.

ഞാനുണ്ട് പെണ്ണേയെന്നൊരൊറ്റ വാക്കിനാല്‍ നിനക്കെന്റെ സങ്കടപ്പെയ്ത്തുകളെ നെഞ്ചോട് ചേര്‍ക്കാനാവുന്നു.

ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു കടലിനെ സ്നേഹമെന്ന് നീ മാറ്റി വരയ്ക്കുമ്പോള്‍ ഞാന്‍ നിന്നെ ശ്വസിക്കുകയാണ്.. ഓരാ നിമിഷവും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത വിധം ഓര്‍മ്മയിലേക്ക് ഞാന്‍ നിന്നെ തുന്നി വെക്കുകയാണ്..

നീയിപ്പോള്‍ അകലെയുള്ള, എനിക്ക് പരിചിതമല്ലാത്ത ആ തെരുവിലൂടെ ഒറ്റയാവലിന്റെ വേനലെന്ന് തപിച്ച് നടന്നു പോവുന്നത് ഞാന്‍ കാണുന്നുണ്ട്... അപ്പോഴും നിന്റെ നെഞ്ചിലുള്ള എന്നെ നീ തലോടുന്നത് എനിക്കറിയാനാവുന്നുണ്ട്.

ഇൗ ലോകം നമ്മുടെ സ്നേഹത്തിന്റെ നിറമോര്‍ത്ത് വിലപിക്കുമ്പോള്‍, ഒരു അഞ്ചു വയസിന്റെ ചിരി നിന്നോട് അച്ഛനെന്ന് കൊഞ്ചുന്നുണ്ട്. 

നമുക്ക് ജീവിക്കാന്‍ അതല്ലാതെ മറ്റെന്ത് വേണം..

താങ്ങാനാവാത്ത ഭാരം ചുമന്നു നീലിച്ച നിന്റെ ഇടത്തേ തോളിലൊരുമ്മയോടെ


നിന്റെ മിഴി(നീതു)
**************************
ഓർമ്മ
🍀🍀🍀🍀🍀🍀

ഓർമ്മയുടെ ഭാരം പേറി നടക്കുമ്പോൾ
വീണുപോവാത്തതെന്താണ്?

താങ്ങാനാവാഞ്ഞിട്ടും
എവിടെയോ നിന്നും മറ്റൊരാൾ
അതേ ഓർമ്മകൾ
ഉയർത്തിപ്പിടിക്കുന്നുണ്ടാവണം

സ്നേഹമോ
പ്രണയമോ
കാരുണ്യമോ
അയാളുടെ കൈകൾക്ക്
ശക്തി കൊടുക്കുന്നുണ്ടാവണം

അതുകൊണ്ടാണ്,
അതുകൊണ്ട് മാത്രമാണ്
മുതുകിൽ
ഓർമ്മകൾ അട്ടിയട്ടിയായി വീണിട്ടും
നാമെഴുന്നേറ്റു നടക്കുന്നത്.


- മുനീർ അഗ്രഗാമി
**************************
സിമന്റ് ബെഞ്ച് 
🍀🍀🍀🍀🍀🍀

പാര്‍ക്കിലെ സിമന്റ് ബെഞ്ചുമായുള്ള അയാളുടെ ബന്ധം തന്റെ പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ്.
സന്തോഷത്തിലും സന്താപത്തിലും അയാളുടെ കൂട്ടുകാരന്‍..
ബെഞ്ചിന്റെ വലതുവശത്ത് വളരെ യാദൃച്ഛികമായി വന്നിരുന്ന പെണ്‍കുട്ടി തുടര്‍ന്നയാളുടെ പാതിജീവിതമായി മാറി.
ആ ബെഞ്ച് അവരുടെ ലോകമായി..
ഒരു കൊച്ചുവീട്
അറുപത്തിരണ്ടാം വയസില്‍ കുറേ ഗുല്‍മോഹര്‍ പൂവുകള്‍ ബാക്കിയാക്കി അവളും പോയി
നാല്‍പതു വര്‍ഷത്തെ പ്രണയം..!😍

മോനേ... 
അയാളുടെ വാക്കുകള്‍ മുറിഞ്ഞു.
പപ്പാ.. പറയൂ..ഞാനിവിടുണ്ട്..
ആല്‍ഫി അയാളുടെ തലയില്‍ തലോടി..

ഞാന്‍... ഞാനവളെ കണ്ടു മോനേ.. എന്റെ ആലീസിനെ..
അവന്‍ അയാളുടെ കണ്ണുനീര്‍ തുടച്ചു..
മമ്മയുടെ ഓര്‍മ്മനാളാ ഇന്ന്.. ഞാന്‍ രാവിലെ പോയിരുന്നു.. കാണാന്‍..
അവന്റെ വാക്കുകള്‍ കേട്ടയാള്‍ പൊട്ടിക്കരഞ്ഞു..
മോനേ.. നീയെന്നെ ആ പാര്‍ക്കിലേക്ക് കൊണ്ടുപോക്വോ.. അവിടെ അവളെന്നെ കാത്തിരിപ്പുണ്ട്..

അവന്‍ മറുപടി പറഞ്ഞില്ല..
കുറച്ച് നേരം ചിന്തിച്ചിരുന്നു..
പിന്നെ ആ തളര്‍ന്ന ശരീരം കൈതണ്ടയില്‍ വാരിയെടുത്ത് കാറിനരികിലേക്ക് നടന്നു..
കാറിനു മുകളില്‍ ഗുല്‍മോഹര്‍ വീണുകിടക്കുന്നുണ്ടായിരുന്നു..


സജദില്‍ മുജീബ്
**************************
കന്യാദാനം
🍀🍀🍀🍀🍀🍀

എന്‍റെ മുറ്റത്തെ കാശിത്തുമ്പ
യൗവനയുക്തയായിരിക്കുന്നു
ഇവളെ നീ നിന്‍റെ മുറ്റത്തേക്കു
പറിച്ചു നടുക,
ശ്രദ്ധിക്കൂ...
പറിച്ചെടുക്കുമ്പോള്‍ വേരുകള്‍ പൊട്ടരുത്,
അല്പം മണ്ണോടുകൂടെ പറിക്കുക.
പുതിയ മണ്ണ് അവള്‍ക്കപരിചിതം
മരുഭൂമിയിലെത്തിയ പുഴയായി
വളര്‍ച്ച വലിഞ്ഞുവറ്റിയേക്കാം.
വിത്തിനുള്ളിലിരുന്ന്
അവള്‍‌ കണ്ട ലോകം,
ആദ്യം വേരാഴ്ത്തിയ ഭൂമി,
ആദ്യം പിച്ചവച്ച നിലം,
ആദ്യം നൃത്തം ചെയ്ത കാറ്റ്
എല്ലാമടങ്ങിയ മണ്ണ്
അവളോട് ചേര്‍ന്നിരിക്കട്ടെ.
വേരിളക്കാതെ
നിന്‍റെ തോട്ടത്തിലെ
ഏറ്റവും നല്ലയിടത്ത്,
വെളിച്ചമേറെയുള്ളിടത്ത് നടുക.
ഒരു പാത്രം ചൂടുവെള്ളമോ,
പച്ചവെള്ളമോ മുരടിലേക്ക് ഒഴിക്കരുത്,
ഇങ്ങിനി തളിര്‍ക്കാത്തവണ്ണം
അവള്‍ വാടിപ്പോകാം.
അവള്‍ക്കുമേല്‍ നീയൊരു മഴയാവുക.
അവള്‍ക്ക്
ഏറ്റവും ശുദ്ധമായ വായു
ശ്വസിക്കാനേകുക.
പതിയെ അവള്‍ നിവരുന്നത് കാണാം.
പുതുമണ്ണില്‍ തളിര്‍ക്കുന്നതറിയാം,
വസന്താഗമത്തില്‍ പുഷ്പിക്കുന്നതും
പിന്മുറകളുയിര്‍ക്കുന്നതും കാണാം.
അവള്‍ പതിയെ ശാഖികള്‍ പടര്‍ത്തി,
പ്രപഞ്ചം നിറയുന്നതു കാണുക!
മൃദുലമേനി കടുക്കുന്നതും
കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതും
നിനക്കു കണ്ടുതീര്‍ക്കാനുള്ള മഹാത്ഭുതങ്ങള്‍!
ശ്രദ്ധിക്കുക,

ഇവളെ ഞാന്‍ നിന്നെയേല്‍പ്പിക്കുന്നു.
ഭവ്യ. കെ.വി.
**************************

**************************
ഒറ്റമരം 
🍀🍀🍀🍀🍀🍀

ഇത്തിരി  പൊട്ടക്കഥകൾ  കുറിച്ചിട്ട്  എവിടെയെങ്കിലുമലയണം
ആത്മാവ്  ചുരണ്ടിയെടുത്ത്  അവയെ പോറ്റണം 
കഥയില്ലായ്മകളെ  
കൂടെ  കൂട്ടണം 
എഴുതാത്ത  കഥകളിൽ 
നിറങ്ങൾ  കോരിയൊഴിക്കണം 
കഥക്കൊപ്പം പ്രിയമേറിയ  സൗഹൃദങ്ങളെ 
കൈവെള്ളയോളം  
ഇറുക്കിപ്പിടിക്കണം 
ഓർമയുടെ  
ചുടുചോരയിൽ  മുക്കിവെച്ച കഥകളെ 
പിഴിഞ്ഞെടുത്ത് 
വാക്കിന്റെ  വെയിലിൽ 
ഉണക്കാനിടം 
കണ്ണുകളിൽ  നീരുവെച്ച 
പാതിമയക്കങ്ങളെ 
വാക്കിന്റെ  ചുഴലിയാൽ 
തട്ടിത്തെറിപ്പിക്കണം 
ആത്മാവു പൊള്ളിച്ച 
ചുവന്ന  സൂര്യനെ 
നെഞ്ചകങ്ങളിൽ  കുഴിച്ചുമൂടണം 
കള്ളിമുൾ  കൂർപ്പിനെ 
പൂവാൽ പുതപ്പിച്ചു 
ചിന്തകളിൽ  കടുതാണ്ടുന്നവനെ അണച്ചുപിടിച്ചു 
മഴക്കൊപ്പം  നനഞ്ഞു  കുതിർന്ന്  വീടെത്തണം.... 


  റൂബി നിലമ്പുർ.
**************************