05-05


ഓരോരോ കണ്ടുപിടുത്തങ്ങളേ...
ഓരോ ദിനവും
അയാൾ തന്റെ
വീടിന്റെ ചുവരുകൾക്ക്
പുതിയ ചായം പൂശുകയും
പുതിയ പേരിടുകയും ചെയ്തു
വീടെന്നാൽ വിട്ടുപോകാനുള്ള
ഇടമെന്നോ
വീണ്ടുമെത്താനുള്ള ഇടമെന്നോ
അയാൾക്ക് തിട്ടമുണ്ടായിരുന്നില്ലല്ലോ
ആശംസകൾ നേർന്നുകൊണ്ട്
അയാൾ തന്നെ ദിവസവും
പുതിയ താമസക്കാരനായി.
ജാലകപ്പടിയിൽ തനിക്ക്
പ്രിയപ്പെട്ട പക്ഷികളുടെ
പേരെഴുതിച്ചേർത്തു.
തൊടിയിലെ മരങ്ങൾക്ക്
പേരുകളിട്ട് അവയെ സ്പർശിച്ചും
മണത്തും രസിച്ചു
വീട് തന്നെയും കൊണ്ടതിന്റെ
ബന്ധുവീടുകളിലേക്ക് വിരുന്നു
പോകാറുണ്ടെന്നു വിശ്വസിച്ചാണ്
ഓരോ രാത്രിയും
അയാളുറങ്ങിക്കൊണ്ടിരുന്നത്...!
ഉറക്കമില്ലാത്ത രാത്രികളിൽ
ഇടംവലം നോക്കാതെ
അത്യുന്നതങ്ങളിലേക്ക് തന്നെയാണ്
അയാളും മിഴികൾ തുറന്നു വച്ചത്..!
നിങ്ങൾ വിശ്വസിക്കുമോയെന്നറിയില്ല
അതയാളുടെ പരീക്ഷണങ്ങളാണ്
അയാളുമൊരു ശാസ്ത്രജ്ഞനായിരുന്നു
നിങ്ങൾ സമ്മതിക്കുമോയെന്നറിയില്ല
ഭൂമിയിൽ അത്രമാത്രം
തനിച്ചായിപ്പോയവരാണ്
ആകാശത്തെയും നക്ഷത്രങ്ങളെയും
കണ്ടുപിടിച്ചത്.
നിളാ ജാക്സൺ


ഒരു മണിക്കൂര്‍
എറിക്‌ ഫ്രീഡ്‌
ഞാനെഴുതിയ ഒരു കവിത
തിരുത്തുന്നതിനായി
ഒരു മണിക്കൂര്‍ ചിലവഴിച്ചു
ഒരു മണിക്കൂര്‍
എന്നു പറഞ്ഞാല്‍ ഇതേ സമയത്ത്
1400 കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചു
നമ്മുടെ ലോകത്ത് ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസില്‍ താഴെയുള്ള ഒരു കുഞ്ഞ്
വിശന്നു മരിക്കുന്നുണ്ട്
ആ ഒരു മണിക്കൂറില്‍
ആയുധ മത്സരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു
ആ ഒരു മണിക്കൂറില്‍
വന്‍ ശക്തികള്‍ അന്യോന്യം രക്ഷിക്കുവാന്‍
63 മില്യണ്‍ ഡോളര്‍ യുദ്ധമുഖത്ത്
ചിലവഴിച്ചു കഴിഞ്ഞു
ഒരു വര്‍ഷം യുദ്ധ ചിലവുകള്‍ക്കായി
ലോകം 550 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുന്നു
നമ്മുടെ രാജ്യവും അതില്‍
തങ്ങളുടെ പങ്ക് വഹിക്കുന്നുണ്ട്.
ഉയരുന്ന ചോദ്യമിതാണ്
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ
കവിതയെഴുത്ത് തുടരുന്നതില്‍
അര്‍ത്ഥമുണ്ടോ?
ചില കവിതകള്‍ യുദ്ധചിലവിനേയും
കുഞ്ഞുങ്ങളുടെ വിശപ്പിനേയും
പറ്റിയാണെന്നത് ശരിതന്നെ
എന്നാല്‍ മറ്റുള്ളവ
പ്രണയത്തേയും വാര്‍ദ്ധ്യക്യത്തേയും
പ്രകൃതിയേയും മരങ്ങളേയും
മലകളേയും ചിത്രങ്ങളെയും കുറിച്ചുള്ളവയാണ്
ഇവയെകുറിച്ചൊന്നുമല്ല അവയെങ്കില്‍
സത്യത്തില്‍ കുഞ്ഞുങ്ങളെ കുറിച്ചും
ശാന്തിയെ കുറിച്ചും ആരും ശ്രദ്ധിക്കുക പോലുമില്ല' i
മൊഴിമാറ്റം: രവീന്ദ്രൻ മൂവാറ്റൂപുഴ

ക്ഷമാ കാലം
നാം
വായിച്ച് വായിച്ച്
കവിതമാത്രം
പൊള്ളി തൊലിയിളകും.
ബിംബങ്ങളെല്ലാം
തലകീഴായിചേക്കേറും
മനസ്സിൽ
രൂപകങ്ങൾ
കൂട് പണിയും.
ഭാവനകൾ
ഓർമ്മയുടെ തീരങ്ങളിൽ
കാറ്റേറ്റിരിക്കും.
 ഉപമയുടെ
സൂചികൾ
പാഞ്ഞ് വന്ന്
കണ്ണിൽ കുത്തും.
മുറിവേറ്റ
മനോധർമ്മങ്ങൾ
ഹൃദയത്തിൽ
ചത്തു പൊന്തും.
അവഗണനയിലേക്ക്
ആഞ്ഞു വലിച്ച്
വലയെറിയും
മറവിയിലേക്ക്
ഒരു തോണി
തുഴയില്ലാതൊഴുകും.
കഥ നിന്നിലും
കവിതയെന്നിലുമായി
ശ്വാസം മുട്ടി മരിക്കും.
എങ്കിലും
എഴുത്തിന്റെ
കള്ളി പാലകൾ
നമുക്കിടയിൽ
പൂത്തുക്കൊണ്ടേയിരിക്കും... ''
അജിത്രി

കവിതയിലെ
ഇലകൾ
മരത്തിലെ ഇലകളെപ്പോലെ
കാറ്റിൽ കൊഴിയാറില്ല
നദിയിലൊഴുകാറില്ല
പഴുത്താലും
പച്ചനിറമെന്നു തോന്നും
പറിച്ചെടുക്കാനാവില്ല
ഓരോ ഇലയിലുമുണ്ടൊരാകാശം
ഓരോ ഞരമ്പിലൂടെയും
ഒഴുകുന്നുണ്ട്
മുറിഞ്ഞ ചിറകുകളുടെ നദി
കവിതയിലെ ഇലകൾ
മഴയിൽ കരയാറില്ല
വെയിലിൽ കരിയാറില്ല
കൊടുങ്കാറ്റിനോട് പോരടിക്കും
വേരുകളുടെ ഹൃദയത്തോട് തുന്നിച്ചേർത്തിരിക്കും
മുള്ളുകളോട് യുദ്ധം ചെയ്യാറില്ല
മുറിവുകളെ മൂടിപ്പൊതിയാറില്ല
വീണ് ചിതറിയ കണ്ണാടിപ്പൊട്ടുകളാണ്
കവിതയിലെ ഓരോ ഇലയും
കവിതയിലെ ഇലകൾക്ക്
ചിലപ്പോൾ
ചെമ്പരത്തിച്ചോപ്പായിരിക്കും
ഉഗ്രമൂർത്തിയുടെ
നാവുപോലിരിക്കും
വെടിയേറ്റ നെഞ്ചുപോലെ
തുളവീണ് കരിഞ്ഞിരിക്കും
വിണ്ടുകീറിയ കർഷകപാദങ്ങളായി
ചോരയൊലിപ്പിച്ചുകൊണ്ടിരിക്കും
വാ മൂടിക്കെട്ടിയ ഭൂപടമായി
ശ്വാസം മുട്ടിപ്പിടയും
കവിതയിലെ ഇലകളിലുണ്ട്
കല്ലിൽ കൊത്തിയപോലുള്ള
കറുത്ത വാക്കുകൾ
കവിതയിലെ ഇലകൾക്ക്
ഹൃദയത്തിന്റെ
ആകൃതിയാണ്.........
എം ബഷീർ

കളിവാനം
കളിവാനം
പൊട്ടിവീഴാൻ പോകയാണു പോലും
മുട്ടു കൊടുക്കാൻ മറന്ന വാനം
പൊക്കി വെക്കാൻ നമുക്കാവുകില്ലെങ്കിലും
ഇപ്പൊഴേ തയ്യാറെടുത്തു നിൽക്കാം
നേരം വെളുപ്പിനേ പൊട്ടി വീണീടുകിൽ
സൂര്യനും കൂടെയുണ്ടായിരിക്കും
ചൂടനെ നമ്മൾക്ക് തട്ടിയും തോണ്ടിയും
പൊട്ടക്കിണറ്റിലേക്കുന്തി വീഴ്ത്താം
ചോറ്റു പാത്രങ്ങൾക്ക് കൂടെക്കിടന്നവൻ
ചോക്കപ്പൊടി പോലലിഞ്ഞു പോട്ടെ
പാതിരാ നേരത്തു പൊട്ടി വീണീടുകിൽ
പൗർണമിക്കുഞ്ഞനുണ്ടായിരിക്കും
കുഞ്ഞനെ നമ്മൾക്ക് തോളത്തു കൈയിട്ട്
നമ്മുടെ സെറ്റിന്റെ ലീഡറാക്കാം
നുള്ളു ടീച്ചർക്ക് പിറക്കുവാൻ പോകുന്നൊ-
രുണ്ണിക്ക് കൊണ്ടുപോയ് കാഴ്ച നൽകാം
കാറ്റിനെ വാലിൽ പിടിക്കുവാൻ കിട്ടുകിൽ
 കാഞ്ഞിരപ്പൊത്തിൽ ചുരുട്ടി വെക്കാം
നമ്മളറിയാതെ മുങ്ങാതിരിക്കുവാൻ
നല്ലൊരു കല്ലാലടച്ചു വെക്കാം
മിന്നലുണ്ടെങ്കിൽ ഒരു മഷിക്കുപ്പിയിൽ
കൊള്ളുന്ന മട്ടിൽ പിടിച്ച് വെക്കാം
ശബ്ദമുണ്ടെങ്കിലോ മുണ്ടകപ്പാടത്ത്
കൊണ്ടുപോയൊറ്റക്ക് വിട്ടു പോരാം
വല്ല മഴവില്ലുമുണ്ടെങ്കിലപ്പോഴെ
നുള്ളിയെടുത്ത് കരുതിടേണം
വട്ടമരത്തിൻ പശ കൊണ്ട് പുസ്തക-
ച്ചട്ടമേലൊട്ടിച്ചു വെച്ചിടേണം
വീമ്പടിക്കുന്നൊരു ഡ്രോയിങ് മാസ്റ്ററെ
കാണിച്ചസൂയപ്പെടുത്തിടേണം
മേഘം കറുത്തോ വെളുത്തതോ
നോക്കാതെ വാരിയെടുക്കണം മേഘമെല്ലാം
പണ്ടൊരാൾ തൂങ്ങിമരിക്കയാൽ ആരുമേ
വന്നു നോക്കാത്തൊരു മൂന്ന് ബി യിൽ
കൊണ്ട് നിറച്ചാലിടവേള നേരത്തു
കുത്തിമറിഞ്ഞു കുളം കലക്കാം
ഉൽക്കകൾ താരകൾ ധൂമകേതുക്കളും
ഒപ്പത്തിനൊപ്പമായ് പങ്കു വെക്കാം
പൊട്ടും പൊടിയും പെറുക്കി കളയുമ്പോ-
ളൊറ്റയാളും മാറി നിൽക്കരുതേ
ഇപ്പൊഴേ കാര്യം പറയാം
ശനിയുടെ വട്ടിനായാരും വഴക്കരുതേ
എങ്കിലും ഉണ്ടൊരു സംശയം പേടിയും
വന്നു വീഴുന്നതിൻ കൂടെയെങ്ങാൻ
വല്ല ദൈവങ്ങളുമുണ്ടായിരിക്കുമോ
 എല്ലാത്തിന്റെയും കണക്കുമായി !
മോഹനകൃഷ്ണൻ കാലടി

ധൃതിവെച്ച്  പെയ്തൊഴിയുന്ന മഴയെ പിടിച്ചുകെട്ടണം.
രാഗവും താളവും ചേർത്ത്
വശ്യതയോടെ നിർത്താതെ പെയ്യാൻ പഠിപ്പിക്കണം.
തുറന്നിട്ട ജനാലകളിലൂടെ
 ഊർന്നിറങ്ങി,
ഭ്രാന്തടങ്ങിയ രാത്രിമഴയായി
കവിതത്തുമ്പിലൂഞ്ഞാലാടാൻ പഠിപ്പിക്കണം.
നാമ്പിട്ട മോഹങ്ങളിലൂടെ
തണുപ്പിരച്ചു കയറ്റി,
നഷ്ടപ്രണയങ്ങളുടെ കണ്ണീരൊളിപ്പിച്ചു
ഏകാന്തതയെ ഒരാഘോഷമാക്കാൻ
മഴ  മഴയായി പെയ്യണം...
ദേവ്ന എസ് നാരായണൻ

കാറ്റു പാടുന്ന കഥകള്‍
വെട്ടിയിട്ട
തൂശനിലത്തുമ്പത്തു
കത്തിച്ചുവെച്ച
ഒറ്റത്തിരിവിളക്കിനു താഴെ
കറങ്ങിത്തളര്‍ന്ന പഴുക്കടയ്ക്ക
കിതച്ചു ശ്വാസംമുട്ടി
ഓരിവെച്ച
നെന്മണികളുടെ
ചെറുകളങ്ങള്‍ക്കു ചാരെ
വിറച്ചു നിന്നു.
ഊര്‍ന്നു വന്ന
കമ്പിചുരുകിയ
കാലുപോയ കണ്ണാടി
ചൂണ്ടുവിരലുകൊണ്ട്
തള്ളിപ്പിടിച്ചു
പിറുപിറുത്തുകൊണ്ടിരുന്ന
ചങ്കരന്‍കു്റവന്‍
നിമിഷാര്‍ദ്ധം
മിഴികളടച്ചു
നിശബ്ദനായി.
മുക്കോടി ദേവതകളെ ..
അടിയന്‍റെ കാവിലെ ഭഗവതി
അടിയനൊരു കാരണം ചൊല്ലിത്തായോ
മേല്ലെയാടിപ്പാടിയ
നീട്ടിക്കുറുക്കിയ
പാട്ടിനവസാനം
നാലാംവേദക്കാരന്‍
മുട്ടയിലെഴുതി
കുഴിച്ചിട്ടതാണെന്റെ കൂട്ടരേ എന്നുള്ള
ചങ്കര വിധി ഉച്ചത്തില്‍
അലറിത്തെറിച്ചുവീണു
കൂവിത്തെളിയാത്ത
തലമുറിഞ്ഞ കരിങ്കോഴി
പ്ലാവിന്‍റെ മൂട്ടിലെ
ചോരവീണുകറുത്തകല്ലില്‍
ചോരചീറ്റിച്ചു
ചെമ്പരത്തിപ്പൂക്കള്‍ക്കൊപ്പം
ചത്തു വീണു.
എളിയില്‍ തിരുകിയ
ചുരുണ്ടനോട്ടിനൊപ്പം
വെറ്റിലക്കറയൊട്ടിയ
"വെളുത്ത"ചിരി
സമ്മാനം നല്‍കി
മൂര്‍ധാവില്‍
കൈവെച്ചനുഗ്രഹിച്ചു
"നോട്ടക്കാരെ" കുറവന്‍
പിരിച്ചുവിട്ടു.
മേലേത്തെറവാട്ടിലെ
തെക്കെത്തൊടിയില്‍
കഴുത്തറ്റുവീണ
തമ്പ്രാന്റെ ചോരയുടെ
മണംമോന്തിവന്ന നായ
കുറവന്റെ നെഞ്ചില്‍
ഇരുകാലുകുത്തി
പെടച്ചു കയറി
കുരച്ചു
നാവുനീട്ടി
ജയിച്ചു നിന്നു
പൊന്നീച്ച പാറിച്ചു
കുറവന്റെ കവിളത്ത്
ഏമാന്‍ തകിലുവായിക്കവേ
മുറിഞ്ഞു ചോരയിറ്റുന്ന
ചുണ്ടില്‍ നിന്നും
പാട്ടായി പതിരില്ലാക്കഥ
പുറത്തുവന്നു
കണ്ണു മിഴിച്ചു
മലര്‍ന്നു കിടന്ന
എന്‍റെ മകന്‍ കണ്ടന്റെ
നെഞ്ചാംകൂട്ടില്‍
ആഞ്ഞ ചവിട്ടിന്റെ
നീലച്ചപാടു കണ്ടപ്പോള്‍
ഒരു കുരുതിയുടെ
കോപ്പുകൂട്ടിയതാണേമ്മാനെ
കെട്ടിഞാന്നാടിയ
കണ്ടന്റെ കുറത്തീടെ
ചുരുണ്ടുമരവിച്ച
കറുത്ത കൈയ്യില്‍
മേലത്തെ തമ്പ്രാന്റെ
ഏലസ്സുകണ്ടപ്പോള്‍
കറുകറുത്ത മലയനൊരു
വെളുവെളുത്ത മൃഗത്തിന്‍റെ
വിഷച്ചോരകൊണ്ടൊരു
അറുകുരുതി
ഏന്‍ നേര്‍ന്നതാണേമ്മാനെ
കാലം പറന്നു
കഥകളും മറന്നു
അമ്മച്ചിപ്ലാവിന്റെ മൂട്ടിലിന്നും
ഇടയ്ക്കെപ്പോഴോ
നേരം തെറ്റിയൊരു
കരിങ്കോഴി കൂവാറുണ്ട്
പാതിരാക്കാറ്റാക്കഥ
പാടി നടക്കാറുണ്ട്
അനഘ രാജ്
(ഒരിക്കല്‍ക്കൂടി .....
പ്രിയ സുഹൃത്ത് പ്രശാന്ത് പൂരാടം ....ഊതിക്കത്തിച്ച കനലുകൾക്ക്  നന്ദി  )

പ്രണയമഴ
മണ്ണിന്റെ മാറുനനഞ്ഞൊരു നേരം
പുത്തൻപെണ്ണിന്റെ നാണവുമായ്
മണ്ണിലൊരായിരം പച്ചത്തലപ്പുകൾ .
ചൂടേറ്റുകരിയുമിന്നെന്റെയുള്ളത്തിൽ
ഒരു മഴയായ് നീയിന്നു പെയ്തു .
ഒത്തിരിമിണ്ടി നീ മെല്ലെമറയുമ്പോൾ
അകതാരിലായിരം സ്വപ്നങ്ങൾ പൂക്കുന്നു
ഭാഷയ്ക്കതീതമായ് പ്രണയം ചിരിക്കുമ്പോൾ
ഇഷ്ടമാണെന്നു ഞാൻ വാക്കാൽ മൊഴിയണോ ?
കണികാണാനെന്നും കാത്തിരിപ്പല്ലേ
കണ്ണിലുദിച്ചൊരു സൂര്യനും നീയല്ലേ,
മാൻപേടയോ നീ മാമയിലോ
മാരിവില്ലിന്റെ മായക്കാഴ്ചയോ ?
പ്രണയത്തിൻ ചാറു പിഴിഞ്ഞെന്റെ
തൂലികത്തുമ്പിനാൽ തൊട്ടെടുത്ത്
ഉള്ളുതുറന്നൊരു കവിതയെഴുതട്ടെ.
കാണുന്നനേരം മിണ്ടാൻ മറന്നൊരു -
വാക്കുകളിന്നീത്താളിൽ
നിനക്കായൊന്നു കുറിച്ചിടട്ടെ .
മിഴിമുന്നിൽ നീയിങ്ങനെ തെളിയുമ്പോൾ
പ്രണയമല്ലാതെന്തുഞാനെഴുതും ?
തിരയാർക്കും ദുരിതക്കടൽ
കാലത്തിൻ ശാസന
സ്വപ്നങ്ങൾ നിനക്കന്യമല്ലേ?
ഉത്തരമില്ലാത്ത ചോദ്യങ്ങളായിരം
സ്വപ്നങ്ങളോ മനസ്സിലും നർത്തനം.
കരളിലൊരു മലരമ്പാഞ്ഞെറിഞ്ഞു
വരുമെന്നുചൊല്ലി മറഞ്ഞൊരു പെണ്ണേ
കാത്തിരിപ്പേറെ നേരമായിട്ടും
മധുരമാം മൊഴിയാലണയാത്തതെന്തേ ?
ചെന്തീയിലുരുക്കിയെൻ പ്രണയം
പത്തരമാറ്റിൽ തിളക്കിയെടുക്കട്ടെ .
സമയത്തിൻ രഥചക്രം താഴിട്ടുപൂട്ടിയോ
സൂര്യപ്രയാണവും നിന്നുപോയോ ?
കാത്തുകാത്തിരുന്നെന്റെ മിഴികൾ
കടലായ് മാറുന്നു ,കണ്ടില്ലേ പെണ്ണേ..?
നിലാവിൻ കൈകളാൽ ചന്ദ്രൻ
ഭൂമിയെ ചുംബിച്ചുണർത്തും നിശയിൽ
ഒരു രാക്കിളിപ്പാട്ടുപോൽ നീയെത്തുമോ പെണ്ണേ ?
ഇന്നെന്റെ ഹൃദയമാകുമീ ചെമ്പനിനീർപ്പൂ
നീട്ടുന്നു ഞാൻ, നീ സ്വീകരിച്ചീടുമോ ?
ഹൃദയത്തോടൊന്നു ചേർത്തുപിടിച്ചാൽ
കേൾക്കാം പറയാതെ പോയൊരായിരം വാക്കുകൾ .
ലിജീഷ് പള്ളിക്കര .