05-10-17

🤡🤠🤡🤠🤡🤠🤡🤠
നാടക ലോകം
വിജു രവീന്ദ്രന്‍
🎭🎭🎭🎭🎭🎭🎭🎭
തീയേറ്റർ

ഒരു കൂട്ടം കലാകാരുടെ കൂട്ടമായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒരു കലാരൂപമാണ് തിയേറ്റർ (Theatre)  യഥാർഥത്തിൽ സംഭവിച്ചതോ ഭാവനാസൃഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യം, സംസാരം, പാട്ടുകൾ, സംഗീതം, നൃത്തം എന്നീ മാദ്ധ്യമങ്ങളിലൂടെയാണ് പ്രേക്ഷകരുമായി അവതരിപ്പിക്കുന്നവർ സംവദിക്കുന്നത്. വേദിയുടെ കലാപരമായ രൂപകൽപ്പനയും ഉപയോഗവും പ്രേക്ഷകരുടെ അനുഭവത്തെ കൂടുതൽ മികച്ചതാക്കാൻ ഉപയോഗിക്കുന്നു. ഈ തരത്തിലുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുന്ന വേദിയെയും തീയേറ്റർ എന്നു പറയും. പുരാതന ഗ്രീക്ക് ഭാഷയിലെ θέατρον (തിയേട്രോൺ, അഥവാ കാണുന്ന സ്ഥലം) θεάομαι (തിയോമായി, അഥവാ കാണുക) എന്നീ പദങ്ങളിൽ നിന്നാണ് തിയേറ്റർ എന്ന പദം ഉരുത്തിരിഞ്ഞുണ്ടായത്.

പുരാതന ഗ്രീക്ക് നാടകത്തിൽ നിന്നാണ് ആധുനിക പാശ്ചാത്യ തിയേറ്റർ ഉദ്ഭവിച്ചിട്ടുള്ളത്. സാങ്കേതിക പദങ്ങളും വിഭജനങ്ങളും പ്രമേയങ്ങളും കഥാപാത്രങ്ങളും കഥാതന്തുക്കളും മറ്റും ഗീക്ക് നാടകത്തിൽ നിന്ന് ആധുനിക തിയേറ്റർ കടം കൊണ്ടിട്ടുണ്ട്. പാട്രിസ് പേവിസ് എന്ന വിദഗ്ദ്ധൻ നാടകീയത (theatricality), നാടകഭാഷ (theatrical language), നാടകരചന(stage writing), തിയേറ്റർ എന്നിവ ഒരേ അർത്ഥമുള്ള പ്രയോഗങ്ങളാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവ തിയേറ്ററിനെ മറ്റ് പെർഫോമിംഗ് ആർട്ടുകളിൽ നിന്നും സാഹിത്യത്തിൽ നിന്നും കലകളിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നായികമാർ

സംസ്കൃത നാടകങ്ങളിൽ നായികയെ പ്രധാനമായും മൂന്നുവിഭാഗമായി തരം തിരിച്ചിരിക്കുന്നു.

1. മുഗ്ധ, 2. മധ്യ, 3. പ്രഗല്ഭ.

ഇതുകൂടാതെ പരിണീത, പരകീയ, സാമാന്യ എന്നീ വിഭജനവുമുണ്ട്. ഇവയിൽത്തന്നെ ഭാവത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് നിരവധി അവാന്തരവിഭാഗങ്ങളും ഉണ്ട്. സ്വാധീനപതിക, വാസകസജ്ജ, വിരഹോൽക്കുണ്ഠിത, വിപ്രലബ്ധ, ഖണ്ഡിത, കലഹാന്തരിത, പോഷിതപതിക, അഭിസാരിക, ധീര, അധീര, ധീരാധീര തുടങ്ങിയവയാണ് ഈ വിഭാഗങ്ങൾ. ഇവയെല്ലാം കൂടി കണക്കാക്കിയാൽ മൊത്തം 4608 നായികമാരുണ്ടെന്ന് കാണാം. നായകർ കൃത്യമായി മൊത്തം നൂറ്റിത്തൊണ്ണൂറ്റി രണ്ടുമാണ്.

ചൈനീസ് നാടകങ്ങളിൽ പ്രധാനമായും ആറു നായികമാരാണുള്ളത്.

1. 'ചിങ് താൻ' (മുഗ്ധലളിത)

2. 'ഹ്വാതാൻ' (യുവ പരിചാരിക)

3. 'ക്വിയിമെങ് താൻ' (പ്രഗല്ഭ)

4. 'വൂത്താൻ' (ധീരോദ്ധത)

5. 'സയ്ത്താൻ' (കുലട)

6. 'ലവോത്താൻ' (വൃദ്ധ)

ഇതും പ്രാചീന യവന സിദ്ധാന്തവുമായി വളരെയധികം സാമ്യമുണ്ട്.

അരിസ്റ്റോട്ടിലിന്റെ അഭിപ്രായമനുസരിച്ച് ഒരു നാടകത്തിന്റെ രൂപഘടനയിൽ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്.

1. വ്യാമിശ്രണം (Complication)

2. അനാച്ഛാദനം (Unravelling)

ഇവയെ വീണ്ടും ഉദീരണം (Exposition), വ്യാമിശ്രണം (Complication, പ്രതിസന്ധി അഥവാ പരകോടി (Climax), പരിണാമം (Resolution or Denouement), പതനം അഥവാ വിനാശം (Conclusion or Catastrophe) എന്ന് അഞ്ചായി തരംതിരിച്ചിരിക്കുന്നു.

ജെർമൻ നാടകകൃത്തായ ഗുസ്റ്റവ് ഫ്രീ ടാഗിന്റെ ടെക്നിക് ഒഫ് ദ് ഡ്രാമ എന്ന പ്രബന്ധത്തിൽ ഇതിനെ ഒരു പിരമിഡായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബ്രാൻഡർ മാത്യു എന്ന നിരൂപകന്റെ എ സ്റ്റഡി ഒഫ് ദ് ഡ്രാമ എന്ന ഗ്രന്ഥം ഫ്രീടാഗിന്റെ ആരോഹണാവരോഹണ വ്യാഖ്യാനത്തെ നിരാകരിക്കുന്നതായി കാണാം. മാത്യുവിന്റെ വ്യാഖ്യാനത്തിൽ പതനം എന്നൊന്നില്ല. തരംഗരൂപത്തിലുള്ള നിതാന്തമായ ഉന്നമനം അഥവാ ആരോഹണം മാത്രമേയുള്ളൂ.
എക്സ്പൊസിഷൻ(പ്രകാശനം-ഉദീരണം)

ഒരു നാടകത്തിന്റെ ആരംഭത്തിൽത്തന്നെ സ്ഥലകാലങ്ങളെപ്പറ്റിയും, സാമൂഹ്യവും മനഃശാസ്ത്രപരവുമായ അതിന്റെ പ്രത്യേകതകളെപ്പറ്റിയും പ്രാഥമികമായ ഒരു വിവരണം നൽകുന്ന ഭാഗമാണ് ഇത്. കഥാപാത്രങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിന്റെ താളം തെറ്റിക്കുന്നതും വരാൻ പോകുന്ന സംഘർഷങ്ങൾക്ക് കാരണമാകുന്നതുമായ പ്രാഥമിക ക്രിയാംശം (Inciting action) ഇതിൽ അടങ്ങിയിരിക്കും.

കോംപ്ലിക്കേഷൻ (വ്യാമിശ്രണം)

ജീവിതത്തിൽ വരുന്ന പ്രാരംഭ വ്യതിയാനത്തോടുകൂടി കഥാപാത്രങ്ങൾ ഓരോന്നായി ഓരോ പ്രശ്നങ്ങളിൽപ്പെടും. ഇത്തരം പ്രശ്നങ്ങളുടെ ഒരു സാമഹാരമാണ് നാടകം. വിരുദ്ധശക്തികൾ തമ്മിൽ തുടങ്ങുന്ന സംഘർഷങ്ങൾ ഒരു ശൃംഖല പോലെ നീണ്ടുപോവുകയും ഇതിനൊടുവിൽ ആത്യന്തികമായ ഒരു തീരുമാനം എടുക്കേണ്ട സ്ഥിതി വരികയും ചെയ്യും. ഈ ഘട്ടത്തിനെയാണ് പരകോടി (climax) എന്നു പറയുന്നത്.

പരകോടി (ക്ലൈമാക്സ്)

സംഘർഷത്തിന്റെ പരമമായ അവസ്ഥയാണിത്. ഇനി ഒരു തീരുമാനമെടുത്തേ പറ്റൂ എന്ന സ്ഥിതി. നാടകത്തെ ഒരു രോഗത്തോടുപമിച്ചാൽ, രോഗത്തിന്റെ മൂർധന്യാവസ്ഥയിലെത്തുന്ന ഘട്ടമാണിത്. ഇനി ഒന്നുകിൽ രോഗം കുറയണം അല്ലെങ്കിൽ രോഗി മരിക്കണം. പ്രാചീന യൂറോപ്യൻ നാടകങ്ങളിൽ സാധാരണ രണ്ടാമങ്കത്തിലോ മൂന്നാമങ്കത്തിന്റെ ആരംഭത്തിലോ ആണ് ഈ ഘട്ടത്തിൽ എത്തുക. എന്നാൽ ആധുനിക നാടകങ്ങളിൽ ഇത് അവസാനത്തോടടുത്തായിരിക്കും.

റസല്യൂഷൻ (തീരുമാനം)

സംഘർഷത്തിന്റെ പരമമായ അവസ്ഥയിൽനിന്നും പ്രശ്നങ്ങളെല്ലാം ഓരോന്നായി മാറിവരുന്നതാണിത്. ഇവിടം മുതൽ വൈകാരിക തീവ്രത കുറഞ്ഞുവരികയും നാടകാന്ത്യത്തെക്കുറിച്ച് ഏകദേശ ധാരണ അനുവാചകർക്ക് ഉണ്ടാവുകയും ചെയ്യും. പക്ഷേ അപ്പോഴും അവസാനം എങ്ങനെയായിരിക്കുമെന്നുള്ള ജിജ്ഞാസ അനുവാചകരിൽ വളർത്തിയെടുക്കുന്നതിലാണ് ഒരു നാടകത്തിന്റെ കഴിവ്.

കൺക്ളൂഷൻ-പരിസമാപ്തി-പതനം

പ്രേക്ഷകർക്കുള്ള എല്ലാ സംശയങ്ങൾക്കും യുക്തിപരമായ ഒരു മറുപടി കൊടുക്കേണ്ട സമയമാണ് പരിസമാപ്തി എന്നാണ് പോയറ്റിക്ക നിർദ്ദേശിക്കുന്നത്. ഇതിന് അരിസ്റ്റോട്ടിൽ നിർദ്ദേശിച്ച പേര് 'കറ്റാസ്ട്രഫി' അതായത് വിനാശം എന്നാണ്.

അപഗ്രഥനം

നാടകത്തിന്റെ സാമാന്യവും ബാഹ്യവുമായ രൂപത്തെക്കൂടാതെ ഒരു സംവിധായകന്റെ കൈയിൽവന്ന നാടകത്തിന്റെ അംഗപ്രത്യംഗവിശകലനം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് ചിന്തിക്കേണ്ടതുണ്ട്. നാടകത്തിന്റെ ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ജീവിതം എങ്ങനെയാണ് ഒതുക്കിയിട്ടുള്ളതെന്നും നാടകകൃത്തിന്റെ ആശയം എന്താണെന്നും മനസ്സിലാക്കാൻ ഈ അപഗ്രഥനം കൊണ്ടേ സാധ്യമാകൂ.

പ്രേരകഘടകം

ഒരു നാടകം പല അളവിലും രീതിയിലുമുള്ള വിവിധ പ്രേരകഘടങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ഈ ഘടകങ്ങളോരോന്നും ഓരോ ലഘുരംഗങ്ങളാണ്. സാധാരണയായി ഒരു നാടകത്തിൽ ഇരുപതു മുതൽ നൂറുവരെയുള്ള ലഘുരംഗങ്ങൾ ഉണ്ടാകാം.

ഒരു നാടകത്തിലെ അപ്രതീക്ഷിതത്വവും (surprise), അനിശ്ചിതത്വവും (suspense) ആണ് പ്രേക്ഷകശ്രദ്ധയെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകങ്ങൾ.

ഒരു നാടകത്തിലെ കഥാപാത്രങ്ങൾ തമ്മിൽ ബന്ധപ്പെടുന്നത് ചില പ്രത്യേക ഉദ്ദേശത്തോടുകൂടിയായിരിക്കും. അവരുടെ കണ്ടുമുട്ടലുകളോടെ അവരുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് മൂന്ന് ഘടകങ്ങളായിരിക്കും.

1. അവർ സന്ധിക്കുന്ന സന്ദർഭത്തിന്റെ പ്രത്യേകത (situation).

2. എന്തു കാര്യത്തിനുവേണ്ടി കണ്ടുമുട്ടുന്നു (theme).

3. അവരുടെ വ്യക്തിപരമായ സ്വഭാവ വൈചിത്ര്യം (complex).

ഈ ഘടകങ്ങളുടെ നിയന്ത്രണത്തിനുവിധേയമായി ആദ്യമുണ്ടാകുന്ന ബന്ധം നല്ലരീതിയിൽ തുടർന്നുപോകും. അതിന്മേൽ ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധവും മേല്പറഞ്ഞ മൂന്ന് ഘടകങ്ങളിൽ നിന്നായിരിക്കും സംഭവിക്കുക. അതായത്, കഥാപാത്രങ്ങളിൽ മാറ്റം വരുക, സന്ദർഭത്തിൽ മാറ്റം വരുക, ആശയത്തിൽ മാറ്റം വരുക.

പ്രേരക ഘടകങ്ങളെ പലയിനമായി തിരിക്കാം.

1. കഥാകഥന ഘടകം

2. കഥാപാത്രങ്ങളെ സംബന്ധിക്കുന്ന ഘടകങ്ങൾ

3. സംഘർഷം ഉൾക്കൊള്ളുന്ന ഘടകങ്ങൾ

4. ഭാവാത്മക ഘടകങ്ങൾ

5. അനുബന്ധഘടകം

പൂർവവൃത്താന്തങ്ങൾ, സ്ഥലം, കാലം, കഥാപാത്രങ്ങൾ ഇവ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെപ്പറ്റി പ്രേക്ഷകർക്ക് ആവശ്യമായ വിവരണങ്ങൾക്ക് പ്രത്യേക യൂണിറ്റുകളുടെ ആവശ്യമില്ല. മറ്റു യൂണിറ്റുകൾക്കിടയ്ക്കും, ക്രിയാംശങ്ങളിലും തിരിച്ചറിയാൻ സാധിക്കാത്തവിധം കലാസുഭഗമായി അവ ഉൾക്കൊള്ളിച്ചിരിക്കണം.

കഥാഗതിയിൽ സ്വാഭാവികമായിത്തന്നെ കഥാപാത്രങ്ങൾ വികസിക്കപ്പെടുമെങ്കിലും ചിലപ്പോൾ നിഷ്കൃഷ്ടമായ പാത്രവിശദീകരണം ഒരാവശ്യമായിത്തീരും എന്നതാണ് കഥാപാത്ര സംബന്ധിയായ ഘടകം.

വ്യക്തികൾ തമ്മിലുള്ള ശാരീരിക സംഘട്ടനം മാത്രമല്ല; ഒരു വ്യക്തി തന്നോടു തന്നെയോ ഒരാശയത്തോടോ സമരം ചെയ്യുന്നതും നാടകത്തിലെ സംഘട്ടനം തന്നെയാണ്.

ഭാവാത്മക ഘടകങ്ങളിൽ സ്വഭാവ വിശദീകരണമോ, കഥാകഥനമോ, പ്രകടമായ സംഘർഷങ്ങളോ ഉണ്ടാവില്ല. ഒരു രംഗത്തിന്റെ മുഴുവൻ വൈകാരിക ഭാവത്തിന്റെയും ഒരു സൂചനയായിരിക്കും ഇത്.

രണ്ടു പ്രധാന ഘടകങ്ങൾക്കിടയിൽ ഉണ്ടാകുന്ന അനുബന്ധ ഘടകങ്ങൾ, ഒന്നിനെ മറ്റൊന്നിനോട് യോജിപ്പിക്കുക, പ്രതിരൂപാത്മകമായി ചില ആശയങ്ങൾ ധ്വനിപ്പിക്കുക എന്നിവയൊക്കെയാണ് ചെയ്യാറുള്ളത്. സാധാരണ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല.

ചർച്ചകൾക്കായി അരങ്ങ് ഒഴിച്ചിടുന്നു!
****************************************
ഈ ഘട്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കന്നത് ഏതിലായിരുന്നു? 
Poetics?

http://www.storyboardthat.com/articles/e/five-act-structure

A German playwright, Gustav Freytag, developed the five-act structure commonly used today to analyze classical and Shakespearean dramas