06-01

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

നമുക്ക് നടക്കാം ഇത് നമ്മുടെ ഇടമല്ല തന്നെ .... 


അജിത്.ആർ

🎈🎈🎈🎈🎈🎈🎈🎈🎈🎈
നമുക്ക് ഒരുമിച്ചു നടക്കാം ............
അതിരുകൾ കടന്നു പോകേണ്ടതുണ്ട് ... 
തെരുവ് നായകൾ ..

നമ്മളെ കടിച്ചു കീറി അവസാനിപ്പിക്കും മുൻപ് ..
നമുക്ക് ഇവിടം കടന്നു പോകേണ്ടതുണ്ട് ....
അരൂപികളുടെ , 
അദൃശ്യരുടെ ,
അഭൗമ ശക്തികളുടെ പേരിൽ ...
തിളക്കം കൂട്ടിയ ആയുധങ്ങൾ .. 
നമ്മുടെ ചങ്കു തുളച്ചു കടന്നു പോകും മുൻപ് ..
നമുക്ക് രക്ഷപെടേണ്ടതുണ്ട് ... 

ഇത് നമ്മുടെ ഇടമല്ല ... 
അങ്ങോട്ട് നോക്ക് ...
ആ ഇണകളുടെ നോക്ക് ..
പരസ്പരം പ്രണയിക്കുന്നവരാണവർ ...
സ്വാതന്ത്ര്യം നുണയാൻ ആഗ്രഹിക്കുന്നവർ .. 
ഏതാനും നിമിഷങ്ങൾക്കകം ......
അവരും ക്രൂരമായി ആക്രമിക്കപ്പെടും ... 
അവരുടെ സ്വാതന്ത്ര്യം അവർക്കു നിഷേധിക്കപ്പെടും ...
ചിതലരിച്ചു എന്നേയ്ക്കോ അവസാനിക്കേണ്ടിയിരുന്ന ...
പുരാതന സാഹിത്യ ഗ്രന്ഥങ്ങളിൽ നിന്നും ...
പുറത്തിറങ്ങി വരുന്ന ചത്ത് ചീഞ്ഞ ആശയങ്ങളുടെ പേരിൽ  ...
അവർക്കു മേൽക്കുപ്പായവും മുണ്ഡനവും വിധിക്കപ്പെടും ... 

ചങ്ങലകളാണെങ്ങും ... 
നമുക്ക് കടന്നു പോകാം .. 
ഇത് നമ്മുടെ ഇടമല്ല .. 

നീയാ വെയിൽ പൂക്കുന്ന പാടങ്ങളിലേക്കു നോക്ക് .. 
അന്നം വിളയിക്കാൻ പൊരുതി ..
സൂര്യാഘാതമേറ്റ അവന്റെ ചുമലുകൾ കാണുക ...
കരിഞ്ഞു പോയ ഉടലുകൾ കാണുക .. 
ഈ വെയിൽപൂക്കുന്ന പാടങ്ങൾക്കിപ്പുറം ...
അവരുടെ  കറുത്ത ഉടലുകൾ ...
പരിഹസിക്കപ്പെടുന്ന ഇടങ്ങളാണ് എല്ലാം .. 
അവരുടെ  നേരെ ...
കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകളാണെങ്ങും ...
പുച്ഛം നിറഞ്ഞ പെരുമാറ്റവും ...
വെറുപ്പ് തിളയ്ക്കുന്ന കണ്ണുകളും .. 

നമുക്ക് നടക്കാം ഇത് നമ്മുടെ ഇടമല്ല തന്നെ ... 

നീയാ വലിയ മന്ദിരങ്ങൾ കണ്ടുവോ ? ... 
തണലുകൾ തടവിലായിരിക്കുന്നതു അവിടെയാണ് ...
അധികാരവും, സമൂഹത്തിൽ സ്വാധീനവും ഉള്ളവർ ..
നമ്മിൽ നിന്നും നാം അറിയാതെ ..
കട്ടെടുത്തു കൊണ്ട് പോയ....... 
തണലുകൾ തടവിലായിരിക്കുന്നതു അവിടെയാണ് .. 

ആ മന്ദിരങ്ങളുടെ നിലവറകളിൽ ....
പൂവുകളുടെ നിറങ്ങളും ,
പൂന്തോട്ടത്തിലെ സുഗന്ധവും,
മഴവില്ലുകളും തടവിലാക്കപ്പെട്ടിരിക്കുന്നു .. 
ഒക്കെയുമെടുത്തിട്ടു പകരമായി ....
അവിടെ നിന്ന് പുറന്തള്ളുന്ന ..
കൊടും വേനൽ ചൂട് കൊണ്ട് ..
ചുറ്റും കത്തിയമരുമ്പോൾ ...
അവർ അട്ടഹസിച്ചു ചിരിക്കുന്നുണ്ട് .. 

നമുക്ക് നടക്കാം ഇത് നമ്മുടെ ഇടമല്ല തന്നെ .... 

നീയാ കഴുമരങ്ങൾ കാണുക.......
നിരപരാധികളുടെ ചോരയിറ്റിച്ചു ചുവപ്പിച്ച ..
കരി മണ്ണ് കൊണ്ട് ഉറപ്പിച്ചതാണത് .....
അധികാരത്തിന്റെ തേരോട്ടത്തിനു ...
തടയിടാൻ നോക്കി തോറ്റു പോയവരുടെ ചോര  ...... 

വരിക നമുക്ക് നടക്കാം ....
ഇരുൾ എങ്ങും പരക്കും മുന്നേ .......
നമുക്കീ അതിരുകൾ താണ്ടി രക്ഷപെടേണ്ടതുണ്ട് ...
നമുക്ക് നടക്കാം ഇത് നമ്മുടെ ഇടമല്ല തന്നെ ....

🎈🎈🎈🎈🎈🎈🎈🎈🎈🎈

ഒരു പേരിൽ എന്തിരിക്കുന്നു?


      സീന ശ്രീവത്സൻ

ഒരു പേരിൽ എന്തിരിക്കുന്നു?
പ്രിയ ഷേക്സ്പിയർ 
ഇനിയുമിങ്ങനെ ചോദിക്കരുത്
ചില പേരിൽ നിറമുണ്ട്
അരികുപറ്റിയവന്റെ
തീക്ഷ്ണ ഗന്ധമുണ്ട്
വെടിയുണ്ട തിന്നൊടുങ്ങിയവന്റെ
പൊള്ളുന്ന സാഹിത്യ മുണ്ട്
തിരകവർന്ന കളിക്കൊഞ്ചലുണ്ട്
മണ്ണിലാണ്ടും തിരിച്ചുകേറിയ
ജീവശ്വാസമുണ്ട്
നല്ലപാതിക്ക് ശവമഞ്ചമായ
കൈക്കരുത്തുണ്ട്
പിച്ചിയെറിഞ്ഞ ദേഹത്തിൻ
നീറും നോവുണ്ട്
പാതിയെഴുതിവെച്ച
കവിതയുടെ തേങ്ങലുണ്ട്
ഇനിയൊഴുകില്ലെന്നു
ശഠിച്ച പുഴയുണ്ട്

ഒരു പേരിൽ എന്തിരിക്കുന്നു

ചില പേരുകൾ പോർമുനകളാണ് 
ചിലതോ തോരാമഴയും
പടച്ചട്ടയായും ചിലതുണ്ട്
മുറിവായിൽ 
സ്നേഹാമൃതം പകർന്നും തഴുകിനിൽക്കാറുണ്ട്
ദുരന്തമുഖങ്ങളിൽ
നീട്ടിപ്പിടിച്ച കരങ്ങളായും
പേരുകൾ പ്രത്യക്ഷപ്പെടാറുണ്ട്

പേരിൻ പെരുമകൾ നിറയട്ടെ
പേരിലെന്തിരിക്കുന്നുവെന്ന് മാത്രം
ഇനിയും ചോദിക്കരുത്



കാലത്തിന്റെ  താക്കോൽ 


ക്ലോക്കോനുള്ളിൽ മരിച്ചുകിടന്ന സമയത്തിന്റെ 
നിലവിളികളെ  മറന്ന് 
പിന്നെയും കുതിക്കുന്ന 
ജീവൽ  സൂചികളെ..... 

പ്രതാപങ്ങൾ  ഉരുക്കിയൊഴിച്ച 
കാലത്തിന്റെ  താക്കോൽ 
ദൈവം  ഏല്പിച്ചത് 
നിങ്ങളെയായിരുന്നുവോ...


കലാപങ്ങളിൽ  ഉടഞ്ഞുപോയ നിലവിളികളെ പകുത്തെടുത്ത് 
ഭൂമിയിലെ  പുതുസ്പന്ദനങ്ങൾക്ക് 
താളം  നൽകുമ്പോൾ 
മരിച്ചു മരവിച്ച 
തെരുവുകളുടെ തേങ്ങൽ 
നിങ്ങൾ കേട്ടിരുന്നുവോ... 

തെരുവ്  വേശ്യയുടെ 
വിലപേശിയുറപ്പിച്ച 
ചതഞ്ഞ  രാത്രിയുടെ 
അവസാന  യാമങ്ങൾ 
ഇഴഞ്ഞലയുന്നത്  
നിങ്ങൾ  കണ്ടിരുന്നുവോ... 

ഇറച്ചിവെട്ടുകാരന്റെ 
കത്തിയിൽ  പടർന്ന 
ചുവന്ന  ജീവന്റെ  മിടിപ്പുകൾ മറന്ന് 
വെട്ടിയരിഞ്ഞ  ഇറച്ചിത്തുണ്ടുകളിൽ 
അവസാനത്തേതിലും 
ജീവനുണ്ടായിരുന്നുവെന്ന് 
തിരിഞ്ഞു  നോക്കിയപ്പോഴെങ്കിലും 
നിങ്ങളറിഞ്ഞിരുന്നുവോ... 

കൊടുങ്കാറ്റ്  പുഴക്കിയെറിഞ്ഞ 
വന്മരത്തിന്റെ വേരുകൾക്ക്
മരണത്തിന്റെ  മണമുണ്ടായിരുന്നുവെന്നും
ഇറുകെപ്പുണർന്നടർന്ന 
മണ്ണിന്
ഗദ്ഗദത്തിന്റെ നനവുണ്ടായിരുന്നുവെന്നും 
നിങ്ങളറിയുന്നുവോ 

ഉപ്പുറങ്ങിയ  
കടൽ വെള്ളത്തിന്  
വെൺശംഖിന്റെ സ്വപ്നങ്ങളുടെയും 
കടൽപുത്രിയുടെ  കണ്ണുനീരിന്റെയും 
ചവർപ്പായിരുന്നുവെന്ന് 
നിങ്ങളെപ്പോഴെങ്കിലും 
അറിഞ്ഞിരുന്നോ...... 

റൂബി  നിലംബൂർ. 
       

ഓലച്ചൂട്ടുകൾ 


🖋 സലിം പടിഞ്ഞാറ്റുംമുറി




"ഈശ്വരാ... കാത്തോളണേ..."

 ചുക്കിച്ചുളിഞ്ഞ കൈൾ ബെഡിൽ കുത്തി അയാൾ എണീറ്റിരുന്നു.

 അന്നും  കിടക്കയിൽ നനവു കണ്ടപ്പോൾ അയാളുടെ കണ്ണുകളും നനഞ്ഞു.

 ആത്മനിന്ദയോടെ അയാൾ നെഞ്ചൊന്നു തടവി ഭാര്യയെ നോക്കി.


"ഞാൻ നെന്നോട് ഒര് കാര്യം പറയാൻ പോകുവാണ് .. ...യ്യ് എതിരൊന്നും പറയര്ത്..."

 ശ്വാസം എടുക്കാൻ പാടുപെട്ടു കൊണ്ട്....

" ന്റെ കുഞ്ഞുങ്ങളെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്യാ ഇക്കാലം വരെയായിട്ട് .. ഇനി ഈ വയസ്സാംകാലത്ത് അച്ഛൻ ഒര് ബാധ്യതയായീന്ന് അവർക്ക് തോന്നാൻ പാടില്യാ... അതോണ്ട് ... അതോണ്ട് ഞാനൊര് തീര്മാനമെട്ത്തിരിക്ക്യാണ് ... "


അപ്പൂപ്പാ... ദെന്താ അപ്പൂപ്പൻ അമ്മൂമ്മടെ ഫോട്ടോ നോക്കി പിച്ചും പേയും പറയണത്..!!.?"


കൊച്ചുമകൾ അപ്പൂപ്പന്റെ ബെഡിലിരിക്കവേ  

" മോള് അച്ഛനേം അമ്മയേം ഒന്ന് വിളിച്ചോണ്ട് വാ..."

"ശരിയപ്പൂപ്പാ..."


അയാൾ മകനേയും മരുമകളേയും അടുത്തിരുത്തി പതുക്കെ വിഷയം അവതരിപ്പിച്ചു.

അമ്മയും മകളും ഒരു നിമിഷം അമ്പരന്നു പോയി.!


"അച്ഛാ... പറയണത് കേട്ടോ...? ഈ വൃദ്ധസദനം ന്നൊക്കെ പറഞ്ഞാ എന്താന്നാ അപ്പൂപ്പൻ വിചാരിച്ചേ..?"


"അവടെ അങ്ങനെ വല്യ പ്രശ്നൊന്നുംല്യ കുട്ട്യേ... മ്മടെ നാരയണനേം ഭാർഗ്ഗവനേം ഒക്കെ മക്കള് അവടെത്തന്നെയല്ലേ കൊണ്ടാക്കീര്ക്ക്ണേ... അവർക്കൊക്കെ അവടെ സൊഖാ ..."


"അച്ഛനെന്തൊക്കെയാ ഈ പറയണതച്ഛാ..."

 മരുമകൾക്ക് ഉള്ളു നൊന്തു .


"മോളെന്തിനാ പേടിക്കണത്... ദാ അതിവടെ തൊട്ടടുത്ത് തന്നെയല്ലേ... നിങ്ങക്ക് എപ്പളും വന്ന് കാണാല്ലോ.... "


മകൻ അപ്പോഴും എല്ലാം  കേട്ടിരിക്കുകയാണ്.


"അപ്പൂപ്പനെന്തായിപ്പോ ഇങ്ങനൊക്കൊ തോന്നാൻ ഇണ്ടായേ...?"

"ഒന്നൂല്യാ..."

മരുമകൾ അച്ഛന്റെ കട്ടിലിലിരുന്നു.

"പറ അച്ഛാ.. എന്തേ..? എന്താ അച്ഛന് പറ്റിയേ..?"


"ഏയ് ഒന്നൂല്യാ മോളേ... എന്തോ കൊറച്ച് ദെവസായി ഒറക്കം ഒന്നും ശരിക്കങ്ങട് കിട്ടണില്യാ.. ഒര് പേടി പോലെ ... ഒറ്റയ്ക്ക് കെടക്കുമ്പോ ഓരോ ചിന്തകളാ... അത് മാത്രല്ലാ... നാലഞ്ച് ദെവസായി കെടക്കേല് അറിയാണ്ട് മൂത്രം പോകാനും തൊടങ്ങീര്ക്ക്ണു .... ഇനി കൊറച്ചൂടെ കഴിഞ്ഞാ.... അതാ ഞാൻ പറഞ്ഞത്..."


അയാൾ മകനെയൊന്നു നോക്കി.

ഒന്നു ദീർഘനിശ്വാസമുതിർത്ത ശേഷം മകൻ എണീറ്റു.


" അച്ഛൻ പോകാൻ തന്നെ തീരുമാനിച്ചോ ...? "


"അതേടാ ... അതാ നല്ലത്... എത്രേം നേർത്തെയായാ ന്റെ കുട്ട്യോൾക്ക് അത്രേം ബുദ്ധിമ്മുട്ട് കൊറയോല്ലോ..."


മകൻ എന്തൊക്കെയോ തീരുമാനിച്ചുറച്ചു.


" അമ്മൂ... അപ്പൂപ്പന്റെ മര്ന്നും കൊഴമ്പും രാമായണോം ഒക്കെ എടുക്ക്...
( ഭാര്യയോട് ) 
അച്ഛന്റെ കെടക്കേം വിരിപ്പുമെല്ലാം മടക്കിക്കെട്ട് ..."


പകപ്പോടെ അവർ അയാളെ നോക്കി മടിച്ചു നിൽക്കവേ അയാൾ തന്നെ അതെല്ലാം എടുത്തു. 


അച്ഛനോട് : "എണീക്ക്.. "


അയാൾ അതെല്ലാം സ്വന്തം ബെഡ് റൂമിൽ കൊണ്ടിട്ടു. 

അമ്പരപ്പോടെ അച്ഛൻ:

" എന്തേ ... എന്തിനാ ഇവ്ടെ കൊണ്ടിട്ടത്....!!!?


"അച്ഛനിനി ഇവിടെ.... എന്റട്ത്താ കെടക്ക്ണത്..."


"മോനേ....!!


"മിണ്ടരുത് ..."

അയാളുടെ ശബ്ദമുയർന്നു.

സൗമ്യനായ മകന്റെ കണ്ണുകളിൽ അതു വരെ കാണാത്ത രോഷം കണ്ടപ്പോൾ അച്ഛൻ ഭയന്നു.

"നാല്‌ദെവസം ബെഡില് മൂത്രമൊഴിച്ചൂന്നും പറഞ്ഞ്  വൃദ്ധസദനം തെരഞ്ഞ് നടക്ക്ണൂ ... നാല് വയസ്സുവരെ ഞാനും ബെഡില് മൂത്രമൊഴിച്ചിരുന്നില്ലേ...?അന്നെന്തേ സദനങ്ങളും മന്ദിരങ്ങളും ഒന്നും ണ്ടായിര്ന്നില്ലേ...?"


"എടാ അച്ഛൻ പറഞ്ഞത് - "


"കേൾക്കണ്ടാ എനിക്ക് ... നാരായണനും ഭാർഗ്ഗവനും ഒക്കെ അവടെയാത്രേ... സ്വർഗ്ഗല്ലേ അവടെ ... സ്വർഗ്ഗം ... "

അയാൾ കിതച്ചു. 

സങ്കടം അയാളുടെ ഉള്ളിനെ ഉഴുതുമറിച്ചു.

" ഇനിക്കൊര് തെറ്റ് പറ്റി...
ന്റച്ഛന് വയസ്സായത് ഞാൻ കണ്ടില്യാ.. കാണാൻ ശ്രമിച്ചില്യാ ... അത് ഇന്റെ കുറ്റല്ലാ ... ( വിതുമ്പിക്കൊണ്ട് )ന്റെ അച്ഛന് പ്രായായി  കാണാൻ ഇനിക്ക് പറ്റാത്തോണ്ടാ..."


 ഇനിയും അവിടെ നിന്നാൽ തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്നറിഞ്ഞ് നിറകണ്ണുകൾ മറ്റുള്ളവർ കാണാതിരിക്കാൻ അയാൾ ഇറങ്ങിപ്പോയി.

ആ പോക്കു നോക്കി നിൽക്കവേ അച്ഛനും സങ്കടമൊതുക്കാൻ പാടുപെട്ടു. 

"ന്റെ കുട്ടിക്ക് വെഷമായോ ആവോ..?"


അച്ഛന്റെ അടുത്തു വന്നിരുന്ന്, ചുളിവു വന്ന ആ കൈകൾ തഴുകിക്കൊണ്ട് മരുമകൾ: 

"അച്ഛാ... ഒര് കാര്യം ചോദിച്ചോട്ടെ...?"


അയാൾ അവളുടെ മുഖത്തേക്കു നോക്കി.


"നന്ദേട്ടനും ഇവളും തരുന്ന സ്നേഹത്തിന് എന്തെങ്കിലും കുറവ് തോന്നിത്തുടങ്ങിയോ അച്ഛന് ..? അതോ എന്നെ ഒരു മരുമകളായിത്തന്നെ കാണാൻ തുടങ്ങിയോ...? എന്തു പറ്റി അച്ഛന് ..?"


അവളുടെ ശിരസ്സിൽ അരുമയോടെ ഒന്നു തഴുകിയ ശേഷം അയാൾ:

" ഇല്ല കുഞ്ഞേ... നിങ്ങൾടെയൊക്കെ സ്നേഹം കൂടുതലായേ തോന്നീട്ട് ള്ളൂ അച്ഛന് ...

 അതല്ല ... മനസ്സൊക്കെ പിടി വിട്ടു പോകണപോലെ തോന്നണു ചെലപ്പോ ... ആരാന്നോ എന്താന്നോ ഒന്നും അറിയ്ണില്യാ... ഓർമ്മ നഷ്ടപ്പെടണ പോലെ... "


കൊച്ചുമകൾ അയാളുടെ കരം കവർന്നു.


"എന്റെ അപ്പൂപ്പാ... അപ്പൂപ്പനെന്തിനാ പേടിക്കണത്... അപ്പൂപ്പന്റെ ഓർമ്മക്കല്ലേ മങ്ങലൊള്ളൂ... ഞങ്ങൾക്ക് ഓർമ്മയിണ്ടല്ലോ... ഞങ്ങക്കറിയാല്ലോ ഇത് ഞങ്ങടെ അപ്പൂപ്പനാണെന്ന്... പിന്നെന്താ ...? "


അയാളുടെ കണ്ണു നിറഞ്ഞു.
വിറയ്ക്കുന്ന കരം കൊണ്ട് അവളുടെ താടിയൊന്ന് പിടിച്ച്: 

" ന്റെ നന്ദന്റെ മോള് തന്നെ... "


മരുമകൾ:
 "അച്ഛാ.. എന്തേ ഇപ്പൊ കിട്ടണതിന്റെ നലെരട്ടി ശമ്പളം കിട്ടണ കാനഡേലെ ജോലി വേണ്ടാന്ന് വെച്ച് പോന്നത് ന്ന് ചോദിച്ചപ്പോ അച്ഛന്റെ മോൻ പറഞ്ഞതെന്താന്നറിയോ...? അവടെ ശമ്പളല്ലേ കൂടുതലൊള്ളൂ... ന്റെ അച്ഛനില്യല്ലോന്ന്... ന്ന്ട്ട് ആ മോനോട് എങ്ങനെ പറയാൻ തോന്നിയച്ഛാ ഇങ്ങനെയൊക്കെ...?"


"ന്നെയിങ്ങനെ സങ്കടപ്പെട്ത്തല്ലെ കുട്ട്യേ...
 അവന്റെ ആഗ്രഹങ്ങളൊന്നും സാധിപ്പിച്ച് കൊട്ക്കാൻ ഈ അച്ഛന് കഴിഞ്ഞിട്ടില്ലെങ്കിലും വെഷമിപ്പിച്ചിട്ടില്യാ അവനെ ഒര് കാര്യത്തിലും ... ഇനി ഈ വാർദ്ധക്യത്തില് അച്ഛൻ അവനൊര് ബുദ്ധിമുട്ടാവണ്ടാന്ന് കര്തി പറഞ്ഞതാ... പാവാ ന്റെ കുട്ടി...... "


പിന്നിലൂടെ അപ്പൂപ്പനെ കെട്ടിപ്പിടിച്ച ശേഷം കൊച്ചുമകൾ:  

"അപ്പൂപ്പാ... ഈ വാർദ്ധക്യംന്ന് പറയണത് ഒര് അസുഖല്ല... അതൊരവസ്ഥയല്ലേ... കുട്ടിക്കാലത്തിലേക്കുള്ള ഒര് തിരിച്ചു പോക്ക് ... അച്ഛനേം രേവമ്മായിയേം അപ്പൂപ്പനെ ഏൽപ്പിച്ച് അമ്മൂമ്മ മരിക്കുമ്പോ അവര് രണ്ടു പേരും തീരെ ചെറിയ കുട്ട്യോളായിര്ന്നില്ലേ... അന്ന് അവരൊര് ബാധ്യതയായി തോന്നിയോ അപ്പൂപ്പന്...? എവടേങ്കിലും കൊണ്ട് ചെന്ന് കളയാൻ തോന്നിയോ...?
 അവരെ അച്ഛന്റേം അമ്മേടേം സ്നേഹവും ജീവനും കൊട്ത്ത് ഇത്രേം വളർത്തീലേ അപ്പൂപ്പൻ ...? ആ അപ്പൂപ്പനെ എവടേങ്കിലും കൊണ്ടോയി തള്ളാൻ ഇന്റച്ഛൻ സമ്മതിക്ക്വോ..?"


അയാളെ ഒന്നു കൂടെ പുണർന്ന ശേഷം:

" ഞാനും ന്റെ അമ്മയും പൊന്നുപോലെ നോക്ക്വോലോ ന്റെ അപ്പൂപ്പനെ... ല്ലേ അമ്മേ...?"


വെളിച്ചം മങ്ങിത്തുടങ്ങിയ കണ്ണുകളിൽ നിന്നും രണ്ടിറ്റു കണ്ണുനീർ അവളുടെ ഇളം കൈത്തണ്ടയിൽ വീണു നനഞ്ഞു.


O             O             O


"സാരംല്യേട്ടാ... എന്നേക്കാൾ ഏട്ടനറിയണതല്ലേ അച്ഛനെ ... ഏട്ടനോട്ള്ള സ്നേഹം കൊണ്ട് പറഞ്ഞതാ അച്ഛൻ ...... വെഷമിക്കണ്ട.... "


പൂമുഖത്തെ കസേരയിൽ ഇരുട്ടിലേക്കു നോക്കി ഉള്ളു തകർന്നിരിക്കവേ അയാളുടെ കണ്ണുകളിലെ നനവ് പിന്നിൽ വന്നു നിന്ന അവളുടെ വിരലുകൾ തൊട്ടറിഞ്ഞു.


"അമ്മ പോയ രണ്ടാം വയസ്സില് മുലപ്പാല് മതിയാകാണ്ട് കരച്ചില് തൊടങ്ങിയ ന്റെ രേവൂന്റെ കണ്ണീർച്ചാലുകൾ ഇപ്പളും കാണാം അച്ഛന്റെ തോളില് .... പക്ഷേ ഇത്രേം കാലം വരെയായിട്ട് അച്ഛനെന്നെ കരയിച്ചിട്ടില്യാ .... ഇപ്പോ ..."


 (അയാളുടെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു)

സമാധാനിപ്പിക്കാനെന്നവണ്ണം അവൾ അയാളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.


"അച്ഛന്റെ കണക്ക് പുസ്തകത്തിൽ ഒന്നുംണ്ടാവില്യാ ... ഞങ്ങളെ നോക്കിയതും വളർത്തിയതും ഒന്നും .. പക്ഷേ ഞാനതെല്ലാം എഴുതി കാണാണ്ട് പഠിച്ചു വെച്ചിട്ടുണ്ട് ... എന്തിനെന്നോ...? ഇവിടെയും ഒന്ന് വളര്ണുണ്ടല്ലോ.. പഠിപ്പിച്ചു കൊട്ക്കാൻ ... "


"അച്ഛനെ പറഞ്ഞിട്ട് കാര്യം ല്യാ ഏട്ടാ.. എടുത്താ പൊങ്ങാത്ത ഭാരം ചുമലിലും തലേലും ചുമന്ന് നട്ടെല്ല് തകർത്ത സമ്പാദ്യം കൊണ്ട് മക്കളെ വളർത്തി വല്താക്കിവിട്ടിട്ട്  ഒടുക്കം ഒന്നിനും വയ്യാണ്ടാകുമ്പോ ആ മക്കള് തന്നെയല്ലേ അവരെ എവടേങ്കിലും ഒക്കെ കൊണ്ട് ചെന്ന് തള്ളാറ് ..."


നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ച് അയാൾ എണീറ്റു.

സ്വയമെന്നോണം -

"ഞാനൊര് കരപറ്റുവോളം ഇരുട്ടില് വെളിച്ചം കാണിച്ച് കൂടെ വന്ന് ഒടുക്കം ഒരധീനത്തെത്തിയപ്പോ കുത്തിക്കെട്ത്തി വലിച്ചെറിയാൻ ന്റെ അച്ഛൻ ഓലച്ചൂട്ടല്ല... ന്റെ ജീവനാ... ജീവൻ ... "


O             O             O


അച്ഛനെ ഇറുകെപ്പുണർന്ന് എല്ലാം മറന്ന് മകൻ സുരക്ഷിതത്വത്തിന്റെ മാറിൽ സുഖമായി ഉറങ്ങി .. മച്ചിലേക്ക് നോക്കിക്കിടന്ന നിറം മങ്ങിയ കണ്ണിലപ്പോൾ രണ്ടു നീർമുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആനന്ദത്തിന്റെ,

 സംരക്ഷണത്തിന്റെ ,

കിട്ടിയാലും കൊടുത്താലും തീരാത്ത സ്നേഹത്തിന്റെ നീർമുത്തുകൾ..

  
                                                      
കറുപ്പും, വെളുപ്പും        


ജസി കാരാട്


അകം എങ്ങനെയായാലെന്ത്? പുറമല്ലെ മോടിയായിട്ടിരിക്കേണ്ടത്? സുചിത്ര തലങ്ങും, വിലങ്ങും മുടിയിഴകളിലൂടെ ബ്രഷ് പായിച്ചു കൊണ്ടേയിരുന്നു.എന്നിട്ടും കള്ളന്മാരെപ്പോലെ ചില വെളുമ്പന്മാർ പതുങ്ങി നിൽക്കുന്നു. ഇതാണ് പറ്റാത്തത്.   ഈ മുടിയിഴകളൊക്കെഇത്ര പെട്ടെന്ന് നരച്ചതെന്തിനാണ്?
ഓഫീസിലാണെങ്കിൽ രാധാമണിയുടെ തലയിലെ ഒരു മുടി പോലും വെളുത്തിട്ടുമില്ല.

         സുചിത്രയ്ക്ക് വയസ് 38. മൂന്ന് കുട്ടികൾ മൂത്തയാൾ BSc nursing  Ist   ,year മൂന്നാമത്തെയാൾ 3 -ാംക്ലാസ്. കുട്ടികളെയും കൊണ്ട് shopping ന് പോയപ്പോൾ ചേച്ചി late marriage ആണൊ എന്ന് Sales man ചോദിച്ചത് കഴിഞ്ഞ തിരുവോണത്തലേന്നാണ്. പിറ്റേന്നത്തെ ഓണം വെളുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.
ഓണത്തിരക്കിനിടയിലും സുചിത്ര ഇടയ്ക്കിടെ ആൾക്കണ്ണാടിയിലും ,മുഖക്കണ്ണാടിയിലുമൊക്കെയായി മാറി മാറി മിന്നിയപ്പോൾ അമ്മായിയമ്മ സുഭദ്രാമ്മയ്ക്ക് അതിലല്പം 
അസ്ക്യത തോന്നുകയും ചെയ്തിരുന്നു.
Late marriage ആണൊ എന്ന് മുമ്പൊരിക്കൽ രാധാമണിയും ചോദിച്ചതാണ്. ശരിയ്ക്കും late marriage രാധാമണിയാണ്.
കക്ഷിയുടെ വിവാഹം കഴിഞ്ഞത് മൂപ്പത്തിമൂന്നാം വയസിലാണ് കുട്ടി 4-ാം ക്ലാസിൽ പഠിക്കുന്നു. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? കണ്ടാലിപ്പഴും 33 പറയില്ല -അതാണ് സുചിത്രയുടെ പ്രശ്നവും.
                മുടിയൊന്നു പോലും വെളുക്കാൻ തുടങ്ങുന്നതിനു മുമ്പെ രാധാമണി കറപ്പിക്കുവാനും തുടങ്ങി. അതു കൊണ്ട് ആ കറുപ്പിന്റെ രഹസ്യം അധികമാരും അറിഞ്ഞില്ല എന്നു മാത്രം.
ഈ രാധാമണിയ്ക്ക് ഒരു കുഴപ്പമുണ്ട്. മുടി പെയിൻറടിക്കാത്ത ഏതു സ്ത്രീയെ കണ്ടാലും 65 ന് മുകളിലെ മതിക്കൂ. സുചിത്ര ഓഫീസിൽ ജോയിൻ ചെയ്ത ദിവസം, കണ്ട വഴിയേ സീനിയർ സിറ്റിസൺ മെമ്പറല്ലേ എന്നാണ് രാധാമണി ചോദിച്ചത്. ഓഫീസിൽ കാര്യസാധ്യത്തിനു വന്ന ഏതൊ മുത്തശ്ശി എന്നാണത്രെ കക്ഷി വിചാരിച്ചത്.
'ഈ മുടിയൊന്ന് കറുപ്പിച്ചു കൂടെ?' എന്ന് രാധാമണി മാത്രമല്ല ഓഫീസിലെ മിക്കവരും സുചിത്രയോട് ചോദിച്ചിട്ടുമുണ്ട്.
വെളുത്ത മുടി കറുപ്പിക്കേണ്ടതിന്റെ ആവശ്യകത അക്കാലത്ത് സുചിത്രയ്ക്ക് തോന്നിയിരുന്നുമില്ല .ആകെ കഷണ്ടിയായ കറുത്ത ശ്രീരാജൻ ഇടയ്ക്ക് എല്ലാവരെയും ശുണ്ഠികൂട്ടാനായി പറയും 'എല്ലാവർക്കും. വെളുക്കണം തലയിൽ വെളുത്താൽ അപ്പതുടങ്ങും കറുപ്പടിക്കാൻ. അതൊക്കെ ഒരു രസം.   സുചിത്ര പെൻഷനായൊ എന്ന ചോദ്യമാണ് എല്ലാ സീമകളും ലംഘിക്കുന്നതും, സ്വസ്ഥതകളയുന്നതും.  38 കാരിയായ സുചിത്രയോട് അങ്ങിനെ ചോദിച്ചാൽ എങ്ങിനെയിരിക്കും?
മുടിയിലാണൊ പ്രായമിരിക്കുന്നത്? പണ്ടൊക്കെ മുഴുവൻ നരച്ചവരെയും, കഷണ്ടിക്കാരെയുമൊക്കെ   മാനിച്ചിരുന്നു കൃത്യമായ പ്രായം പറയുവാനും കഴിയുമായിരുന്നു .അന്ന് പ്രായം മുഖത്തായിരുന്നു. ഇപ്പം അത് മുടിയിലേയ്ക്കെടുത്തു വച്ചു അത്ര തന്നെ.80 കഴിഞ്ഞാലും പെയിന്റടിക്കുന്നവർ പെയിൻറടിക്കാത്തവരുടെ   പ്രായാധിക്യം സ്റ്റൈലായി  കണ്ടുപിടിച്ചു ,എന്ന് ബഷീറിയൻ സ്റ്റൈലിൽ  പറയുന്നതാവും കൂടുതൽ നന്ന്.
ഓഫീസിലെ സൂപ്പർവൈസർ വേണുവിനെ കാണുന്നതെ സുചിത്രയ്ക്ക് മനം പുരട്ടും. സ്ത്രീ വിരോധിയാണ് എന്നാണ് വയ്പ്. വായ തുറക്കുന്നതു തന്നെ പെണ്ണുങ്ങളുടെ കുറ്റം പറയാൻ .ഈ പുള്ളിക്കാരൻ ഫെയർ ആന്റ് ലൗലിയൊക്കെ അടിച്ചു മിന്നിയെ നടക്കാറുള്ളൂ എന്ന രഹസ്യം ഓഫീസിൽ പരത്തിയത്   -ജനു- ആണ്.-ജനു-എന്നാൽ ജനാർദ്ദനൻ.  'ജനു' വേണുവിന്റെ കൂടെയാണ് താമസം. വേണുവിന്റെ മുഖം ഉണങ്ങിയ ചക്കക്കുരുവിന്റെ പുറംപോലെ ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്. എത്ര ഒളിപ്പിച്ചു വച്ചാലും അതിന്റെ രഹസ്യം ഫേഷ്യൽ ആണെന്നുള്ളതും ഇപ്പോൾ പരസ്യമാണ്, വിളറി വെളുത്ത് അവിടവിടെ ചുളിയാൻ തുടങ്ങിയ മുഖം, തിളക്കമില്ലാത്ത കണ്ണുകൾ, മുടി മുഴുവൻ കരിക്കട്ടക്കളറും. അതാകട്ടെ പണ്ടത്തെ സ്റ്റെപ് കട്ട്സ്റ്റൈലു പോലെ നെറ്റിയിലേയ്ക്കിറക്കിയിട്ട്. ഈ വേണു പാന്റ് ഇൻ ചെയ്ത് ഫുൾ കൈ ഷർട്ടിട്ട് നിന്നാൽ സൈഡ് വ്യൂവിൽ സുമാർ 35 വയസെ തോന്നൂ, നേരെ നിന്നാൽ മുഖത്തെ ചുളിവുകൾ സത്യം പറയുകയും ചെയ്യും.
((വേണുവിന്റെ പേരക്കുട്ടിയെ ഒന്നാം ക്ലാസിൽ ചേർത്തത് കഴിഞ്ഞ വർഷമാണ്‌)
ഈ മനുഷ്യന്മാർ എന്തിനാണ് ഇങ്ങനെ വൃത്തികേടുകൾ ചെയ്യുന്നത്? എന്ന് എത്ര ആലോചിച്ചിട്ടും സുചിത്രയ്ക്ക് മനസിലായില്ല.
ഈ മനുഷ്യർക്കൊക്കെ കുറച്ചു വെളുത്ത പെയിന്റടിച്ചു കൂടെ? എവിടെയും മുൻതൂക്കം വെളുപ്പിനല്ലെ? ശ്രീരാം ഇടയ്ക്ക് വീണ്ടും പടക്കം പൊട്ടിക്കും.മനസ് ചെറുപ്പമായതുകൊണ്ടാ നരയ്ക്കാൻ ഇഷ്ടപ്പെടാത്തത്. എപ്പോഴും ഊർജ്ജസ്വലത വേണം.ക്ലർക്ക് രാജുവിന് ചൊടിച്ചു.ഈ പറഞ്ഞ രാജുവിന് ചെറുപ്പം മുടിയില് മാത്രമെയുള്ളു. ഓഫീസിലെ യാതൊരു അധികച്ചുമതലയും അദ്ദേഹം ചെയ്യില്ല, എന്നു മാത്രമല്ല എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അല്ലെങ്കിൽ സോപ്പ് പതപ്പിച്ച് സ്വന്തം പണികളിൽ പലതും മറ്റാരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കുകയും ചെയ്യും. എല്ലാത്തിനും കാരണങ്ങളുണ്ട്, പ്രഷർ, ഷുഗർ, തലകറക്കം - - - - - മിക്കവാറും ദിവസങ്ങളിൽ 10 മിനിറ്റ് നേരത്തെ പണി നിർത്തി എന്തെങ്കിലും കാരണം പറഞ്ഞ് സ്ഥലം കാലിയാക്കാനും മൂപ്പർ ഉഷാർ -
നാളെ മുതൽ പുലർച്ചെ നമ്മൾക്കൊന്നിച്ച് നടക്കാൻ പോകാം   തടിയൊന്നനങ്ങൂല്ലോ - സൂചിത്ര കൊണ്ടുവന്ന നാടൻ മോരുകറി ചോറിലേയ്ക്ക് പകർന്നു കൊണ്ട് ശ്രീലത പറഞ്ഞു.
 നിങ്ങക്കൊക്കെ അതു പറ്റും വീട്ടിൽ അടിക്കാനും, തുടയ്ക്കാനും, ഒക്കെത്തിനും വേറെ ആളുണ്ടല്ലോ എനിക്കെന്റെ വീട്ടിൽ കൂടി നടപ്പൊഴിഞ്ഞിട്ട് നേരം കിട്ടൂല പി റ്റി.സി -എം.ഭാനുമതി ചേച്ചിയുടെ സങ്കടം. അക്കാര്യത്തിൽ സുചിത്ര മറുപക്ഷത്തായിരുന്നു. വീട്ടിൽ കിടന്ന് എത്ര ഓടിയാലും തടിയൊന്നും കുറയൂല്ല അതിന് നടപ്പു തന്നെ നല്ലത്. സുചിത്രയും, അമ്മായിയമ്മയും, ഒരുമിച്ചാണ് നടപ്പു വ്യായാമം  സുചിത്രയുടെ തടി നന്നായി കുറയുന്നുമുണ്ട്. അക്കാര്യത്തിൽ സ്റ്റാഫ് ഒറ്റക്കെട്ട്.
മുടി നരച്ചിട്ടാണെങ്കിലും ഫോട്ടൊ എടുത്താൽ സുചിത്ര ചെറുപ്പക്കാരിയാണ്, സുന്ദരിയാണ് ' തങ്കമ്മുവിന്റെ കാര്യം അങ്ങനെയല്ല. കാണാൻ വെളുത്ത സുന്ദരി മുടി മുഴുവൻ കരിക്കട്ട പെയിന്റും, പക്ഷെ ഫോട്ടൊ എടുത്താൽ ആ ഗ്ലാമറൊന്നും കിട്ടില്ല.
അതിന്റെ സങ്കടം തങ്കമ്മു തീർക്കുന്നത് സുചിത്ര യോടു തന്നെ. സാലറി ബാങ്കുവഴിയാക്കിയ സമയത്ത് സുചിത്ര പുതിയതായെടുത്ത ഫോട്ടൊ ചൂണ്ടി' എവിടെ ഫോട്ടൊ ചോദിച്ചാലും പതിനെട്ടാം വയസിലെടുത്തതെ കൊടുക്കാവു സൂചിത്രേ എന്ന് മാനേജരുടെ മുന്നിൽ വച്ച് പറഞ്ഞു കളഞ്ഞു തങ്കമ്മു .
ഈ തങ്കമ്മുവാണ് ഓഫീസിലെ കൈക്കൂലി ഏജന്റ് . വരുന്ന കസ്റ്റമേഴ്സിനെ സോപ്പിട്ടു പിടിക്കാൻ മൂപ്പത്തിക്ക് നല്ല മരുങ്ങാണ്. കസ്റ്റമേഴ്സിനെ മാത്രമല്ല ഓഫീസേഴ്സിനെയും . മാനേജർ പോസ്റ്റിൽ ആരിരുന്നാലും തങ്കമ്മുസോപ്പിടും.സോപ്പ് പതപ്പിച്ച് പതപ്പിച്ച് എന്നും വൈകിയേ വരൂ നേരത്തെ പോവുകയും ചെയ്യും - സുചിത്രയ്ക്കാണെങ്കിൽ ജോലിയൊഴിഞ്ഞ നേരവുമില്ല.
ചേച്ചി  ഇതൊന്നും കാര്യമായി എടുക്കണ്ട ഈ മാലോകർക്ക് വേറൊന്നും ചിന്തിക്കാനില്ലേ?വെറുതെയല്ല നമ്മുടെ നാടിങ്ങനെ 2 G, 3 G ,വ്യാപം കോടികളിൽ മുങ്ങിത്തപ്പുന്നത്. ഒക്കെ പുറംപൂച്ചുകാർ. പുതിയതായി ജോലിയ്‌ക്കെത്തിയ സവിതയാണ് മിക്കപ്പോഴും സുചിത്രയ്ക്ക് പിന്തുണ.പാവം സവിത പഠിക്കുന്ന കാലത്ത് ASFI യുടെ തീപ്പൊരിച്ചിറകായിരുന്നുവത്രെ.
ഊണു കഴിഞ്ഞ് ഓഫീസ് റൂമിന്റെ കോണിൽ പതുങ്ങിയിരുന്ന TV യുടെ നേരെ Remote അമർത്തിക്കൊണ്ട് ശ്രീരാം പറയാൻ തുടങ്ങി.നമ്മുടെ നിയമസഭയിലിപ്പോൾ നരച്ച മുടി കാണാനേയില്ലല്ലോ.സുചിത്രയ്ക്ക് ചിരിയടക്കാനായില്ല അവരിൽ പലരുടെയും പേരുകൾ കുട്ടിക്കാലത്ത് ആകാശവാണിയിലെ നിയമസഭ അവലോകനത്തിലൂടെ കേട്ടിട്ടുള്ളതാണെന്ന് 50 കഴിഞ്ഞ ഭാനുമതിയമ്മ പറഞ്ഞപ്പോൾ എല്ലാവരും കൂട്ടച്ചിരിയിലമർന്നു
ഗാന്ധിജിയ്ക്ക് മുടിയെ ഇല്ലായിരുന്നല്ലോ എന്ന് ശ്രീരാം പറഞ്ഞപ്പോഴേയ്ക്കും രാജേന്ദ്രൻ പോക്കറ്റിൽ സ്ഥിരം സൂക്ഷിക്കാറുള്ള കാറൽ മാർക്സിന്റെ മുടിയിഴകളിൽ വെളുപ്പും, കറുപ്പും തിരയാൻ തുടങ്ങി.
.എപ്പോഴും നീറ്റായിരിക്കണം. സംഘടനയുടെ വനിതാ നേതാവായ ശ്രീലേഖയാണ് അത് പൊട്ടിച്ചത്.പണ്ടുള്ളോരൊന്നും നീറ്റല്ലാരുന്നോ?ഇനിയിപ്പം നാരായണ ഗുരുവിനെയും ഗാന്ധിജിയെയും, സഹോദരൻ അയ്യപ്പനെയും പെയിന്റടിക്കേണ്ടി വരുമായിരിക്കും. -സുചിത്ര തിരിച്ചടിച്ചു. സത്യത്തെ എല്ലാവർക്കും ഭയമാ   അതുകൊണ്ടാ ഈ പൂഴ്ത്തിവയ്പ്  ശ്രീരാം വീണ്ടും ഒരു തത്വം പറഞ്ഞു.
ശ്രീലേഖ ഓഫീസിൽ ജോയിൻ ചെയ്ത സമയത്ത് മുടി  വെളുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ കറുപ്പു മാത്രമെയുള്ളൂ. സുചിത്ര എപ്പോഴെങ്കിലും പഴയ ചെരുപ്പിട്ടാൽ, നിറം മങ്ങിയ ചൂരിദാറിട്ടാൽ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഉച്ചത്തിലും, മെല്ലെയും സ്റ്റഡി ക്ലാസ് നടത്തിക്കളയും ശ്രീലേഖ .വലിയ വിപ്ലവം പറഞ്ഞിട്ട് നിങ്ങളീ ശരീരം, ശരീരം എന്നു പറഞ്ഞു നടക്കുന്നത് ശരിയാണൊ? സുചിത്ര ഇടയ്ക്കൊക്കെ തിരിച്ചടിച്ചു.അത് കറക്ട് പോക്കറ്റിൽ നിന്നെടുത്ത മുഖക്കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്ന വേണുവിന് ഹരം പിടിച്ചു - ഈ സ്ത്രീകള് എപ്പഴും  ഇങ്ങനെ ------
           
         കാര്യങ്ങൾ    ഇങ്ങനെയൊക്കയാണെ 
ങ്കിലും     ഈ നര  സുചിത്രയെ കാര്യമായി   ഇടങ്ങേറിലാക്കിത്തുടങ്ങിയിട്ടുണ്ട്. അത് മക്കളുടെ ക്ലാസ് മീറ്റിംഗിന് പോകുമ്പോഴാണ്.
രണ്ടാമത്തെ മകൻ വിഷ്ണുവിന്റെ CPTA യ്ക്ക് പോയി വന്നയന്ന് അവൻ പറഞ്ഞു " പപ്പേം മമ്മീം late marriage ആണൊ എന്ന് ആ നാഥൻ ചോദിച്ചു.നാഥൻ എന്നാൽ സത്യനാഥൻ, വിഷ്ണുവിന്റെ ക്ലാസ്മേറ്റ്. "ഈ ആളുകൾക്കൊന്നും വേറെ പണിയില്ലാഞ്ഞിട്ട്,
നിന്റെ കൂട്ടുകാർക്കും . 
നാട്ടിൽ വേറൊരു കാര്യവും ഇല്ലാത്ത പോലെ,  നീയതൊന്നും mind ചെയ്യണ്ട. "മൂത്തവൾ അഷിത അനിയനെ ഗുണദോഷിച്ചു.
പിറ്റേന്ന് സുചിത്ര ഓഫീസിലെത്തിയതു തന്നെ ലീവ് കൊടുക്കാനാണ്. ഹാഫ് ഡെ ലീവ് കൊടുത്ത് ബ്യൂട്ടി പാർലറിന്റെ മൃദുവായ കുഷ്യനിൽ ചടഞ്ഞിരിക്കുമ്പോഴേയ്ക്കും ഭരണപക്ഷവും, പ്രതിപക്ഷവും യുദ്ധം മുറുക്കിക്കഴിഞ്ഞിരുന്നു.
വേണ്ട :- - -വേണം -
വേണം - --വേണ്ട.
എന്താ വേണ്ടത് എന്ന് ബ്യുട്ടിഷ്യൻ ചോദിക്കും മുമ്പെ  സുചിത്ര പറഞ്ഞു "കുറച്ചു വെളുത്ത പെയിന്റടിക്കണം.
വെളുക്കട്ടെ,  മുഴുവൻ വെളുക്കട്ടെ.
അകം എങ്ങനെയായാലെന്ത്?
പുറമല്ലെ?


ചില മരങ്ങൾ


ചില മരങ്ങൾ വേനലിനു വരാൻ
 ഇലകൾ പൊഴിച്ചു കൊടുക്കും
ചിലത്
ഇല നിവർത്തി വെയിലിനെ
തളളിയകറ്റും

ചില മരങ്ങൾ
തിളങ്ങുന്ന
പൂക്കൾ നീട്ടി സ്വീകരിക്കും
ചിലത് വെയിലിന്റെ തോളിൽ കയ്യിട്ട്
കായകൾ കൊണ്ട്
സംസാരിക്കും

ചിലത്
പിടിച്ചു നിൽക്കാനാവാതെ ...

ഞാനൊരു മരം,
വേരുകളിലൂടെ
ജലമന്വേഷിച്ചു പോയ ദാഹം
തിരിച്ചെത്തി

ഇലയില്ല
പൂവില്ല
കായില്ല

ഞാൻ
നീ തന്ന തുള്ളിയിൽ
മാത്രം പിടിച്ചു നിൽക്കുന്നു.

- മുനീർ അഗ്രഗാമി