07-04

സജീവൻ പ്രദീപ്
അനന്തരം
ലംബോദരേട്ടന്റെ വീട്ട് മുറ്റത്ത്
ഗദ - 2
അമ്പ് - കൊറേ
വില്ല്- 8
കീരിടം - 5
വാള് - 20 (10 ഒറിജനൽ )
ശൂലം - 20 (10 ഒറിജനൽ )
കത്തി - 23 (9 ഒറിജനൽ )
മുത്ത് മാലകൾ,
പള പള കുപ്പായങ്ങൾ,
കീരിടങ്ങൾ,
അരപ്പട്ടകൾ
എന്നീ സാധനസാമഗ്രികൾ
കുന്ന് കൂടി കിടന്നു
ശോഭ യാത്ര.
ആരംഭിക്കുന്നതിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ
ഗണേശേട്ടൻ തകർത്ത് പെയ്തു
"മാധവ പൂജ
മാനവ സ്നേഹം "
എത്ര വേഗാണ്
ശുചീന്ദ്രേട്ടൻ മുറ്റം നിറയെ
കൃഷ്ണൻമാരെ കൊണ്ട് നിറച്ചത്
ടാബ്ലോയിലെ
പുരാണ വേഷക്കാർ
ഭീമൻ
അർജുനൻ
ദുര്യോധനൻ
ദ്രൗപതി
ദ്രോണർ
കൃഷ്ണൻ
എല്ലാരും ആയുധങ്ങളുമെടുത്ത് റെഡിയായി
അപ്പോഴാണ്
മറ്റോൻ വന്നില്ലയെന്നത് ശ്രദ്ധയിൽ പെട്ടത്
ഇതാണ്
അവറ്റകളുടെ കുഴപ്പം
ഒരു കൃത്യനിഷ്ഠയുമില്ല
സുധാകരൻ മാഷ് കലിപ്പായി
"പോയി വിളിച്ചോണ്ട് വാടാ
ഭീമൻ
സൈക്കിളുമേ പാഞ്ഞു
അംബ്ദേക്കർ കോളനീന്ന്
ഏകലവ്യനെ
പൊക്കി കൊണ്ട് വന്നു
കറുത്ത തുണി,
ബദാംമരത്തിന്റെയില കോർത്തിട്ടത്
മുളംങ്കമ്പിന്റെ  അമ്പ്
ഏകലവ്യൻ
റെഡി
ശുചിന്ദ്രേട്ടൻ വിളിച്ച് പറഞ്ഞു
വേഷക്കാരായ
കുട്ടികൾ
മാത്രമായി മുറ്റത്ത്
അവർ
നേരം പോക്കിന്
വേട്ടപുരാണം കളിച്ചു
കളിയും താളവും തെറ്റിച്ച്
ഭീമനെ
ഏകലവ്യൻ പുറംങ്കാല്ക്ക് അടിച്ചു
അർജുനൻ
പട്ടിയെ പോലെ
നിലത്ത് വീണ് കിടന്നു മോങ്ങി
ദ്രൗപതി
ഏകലവ്യന് വേണ്ടി കയ്യടിച്ചു
ഒന്നും
ആലോചിച്ചില്ല
ദ്രോണർ (മനു വി ഷേണായി)
ചോദിച്ചു
വിരല് താടാ ചെക്കാ
ഏകലവ്യൻ
പോടാ പുല്ലേ എന്നൊരു കാച്ച് കാച്ചി
അർജുനനും
ദുര്യോധനനും ചേർന്ന്
ഏകലവ്യനെ വട്ടം പിടിച്ചു
ഭീമൻ കാല് വളച്ച് പിടിച്ചു
(മുൻപെത്ത ഒറിജനൽ സാധനങ്ങളീന്ന്
ഒന്ന്
ഊരിയെടുത്തു)
(കളി കാര്യായി .. അഥവാ ചില കളികൾക്ക് നേരെ
ചില മുതിർന്നവർ കണ്ണടയ്ക്കും )
( എന്തൂട്ട്
അതേന്ന്
ആ ചെക്കന്റെ വിരൽ
അവർ
ശരിക്കും മുറിച്ചു കളഞ്ഞേനേന്ന്)
ലംബോദരേട്ടൻ
ഉറക്കെ വിളിച്ച് പറഞ്ഞു
ഘോഷയാത്രക്കുള്ള സമയായിട്ടാ
പ്രൈമറി
ഹെൽത്ത് സെന്ററിൽ
പതിനാല്
കുത്തിക്കെട്ടുമായി
ഏകലവ്യൻ
രാഖി കെട്ടിയ കയ്യിലേക്ക്
നോക്കി കിടന്നു

എന്റെ പ്രണയാന്വേഷണ പരീക്ഷകൾ...... !
എം. ബഷീർ
മൂന്നാം ക്ലാസ്സിൽ
പഠിക്കുമ്പോഴാണ്
ഭൂമിയിൽ പ്രണയമുണ്ടെന്ന്
ആദ്യമായി കണ്ടെത്തിയത്
 സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള
മൂന്നു നാഴികപ്പാതയിൽ
മുന്നിലും പിന്നിലുമായി
റസിയാബാനുവിനൊപ്പം
നടക്കുമ്പോഴായിരുന്നു
അത്
കസവിന്റെ നൂലുകൊണ്ടെഴുതിയ
അവളുടെ കുഞ്ഞിത്തട്ടം
ആളെ കുത്തിക്കൊല്ലുന്ന
ഉണ്ടക്കണ്ണിലെ നക്ഷത്രക്കൂർപ്പ്
അടിമുടി കോരിത്തരിപ്പിക്കുന്ന
പുഞ്ചിരിക്കോണിലെ കോന്ത്രപ്പല്ല്
ഭാഷയും ലിപിയുമില്ലാത്തതായിരുന്നു
ആദിമ പ്രണയകാലം
ഒരു കഷ്ണം മഷിത്തണ്ട്
അങ്ങോട്ടും
മൗനത്തിന്റെ ഒരു മയിൽ‌പ്പീലി ഇങ്ങോട്ടും കൈമാറി
പുള്ളിക്കുടയും
മഴയുടെ തുമ്പിച്ചിറകുകളുമായി
ഒന്നും പറയാതെയും ചോദിക്കാതെയും
ആ വഴിനടത്തങ്ങളവസാനിച്ചു
വെള്ളിത്തണ്ടയിലെ
കിരികിരി ശബ്ദം
മാഞ്ഞു മാഞ്ഞില്ലാതായി
എട്ടിലെത്തിയപ്പോഴേക്കും
ഒരുത്തൻ അവളെ കെട്ടിക്കൊണ്ട്
ചുരം കയറിപ്പോയി
ആ ബസ്സ്‌ പിന്നെയൊരിക്കലും
മലയിറങ്ങി വന്നില്ല
അതിനും മുമ്പേ
അഞ്ചാം ക്‌ളാസ്സിലെത്തിയപ്പോ
അയലത്തെ വീട്ടിലൊരു
തട്ടാൻ കുഞ്ഞിരാമേട്ടനും  കുടുംബവും വന്നു പാർത്തിരുന്നു
അവിടൊരു കറുത്ത പെണ്ണുണ്ടായിരുന്നു ശോഭന
അവളോട്‌ കൂട്ടുകൂടിയപ്പോഴാ
അടുത്തൊരു ഇലഞ്ഞി പൂത്തത് ആദ്യായി കണ്ടത്
കുന്നിന്റെ മോളില്
മഞ്ഞു പുകയുന്നത് കണ്ടത്
തോട് കരകവിഞ്ഞതറിഞ്ഞത്
മഴയ്ക്ക് മിണ്ടാനാവുമെന്നറിഞ്ഞത്
പുള്ളിച്ചേമ്പിലകളിലെ
ശലഭക്കൂട്ടങ്ങളെ അവളാണ്
കാട്ടിത്തന്നത്
ഉണ്ണിയേപ്പന്റെ കാവിലെ
തിറ കണ്ടത് അവളോടൊപ്പമാണ്
വിഷുവിന് പൂഞ്ചിയും വറുത്തുപ്പേരിയും തന്നത് അവളാണ്
മഴകറുത്തൊരു വൈന്നേരം
സ്കൂൾ വിട്ടുവരുമ്പോ
നായമ്മാരുടെ വീട്ടിലെ പട്ടി  കടിക്കാനോടിച്ചപ്പോ
പാറക്കെട്ടുകൾക്കു പിന്നിൽ
ഒട്ടി നിന്നത് അവളോടൊപ്പമാണ്
പുതുമഴക്കാലത്തിന്റെ മണമായിയുന്നു ശോഭനേ
അന്ന് നിനക്ക്
തട്ടാനും കുടുംബവും
ലോറി കേറി കൊയിലാണ്ടിക്ക്
പോയപ്പോഴാണ്
വേനൽ തുടങ്ങിയത്
ഇലഞ്ഞിമരം കടപുഴകിയത്
പിന്നെയൊരിക്കലും തോടുകൾ
കരകവിഞ്ഞില്ല
പുള്ളിത്തുമ്പികൾ
ദേശാടനം കഴിഞ്ഞ് തിരികെ വന്നില്ല
സ്‌കൂളിലേക്കുള്ള മണ്ണുവഴി
അപ്പോഴേക്കും ടാറ് ചെയ്തിരുന്നു
മരലോറികളും ബസ്സുകളും അതുവഴി ഓടിത്തുടങ്ങിയിരുന്നു
യക്ഷി പാർത്ത അരയാലൊക്കെ
മുറിച്ച് പണിത്തരങ്ങളായി
വീടുകളിൽ ജനാലയും വാതിലുകളുമായിത്തീർന്നിരുന്നു
ഒമ്പതിലെത്തിയപ്പോഴാണ്
ഒരുവൾ ഓട്ടോ ഗ്രാഫിൽ
ചിത്രം വരയ്ക്കാൻ തന്നത്
വെള്ളിച്ചിറകുള്ള മാലാഖയുടെ
രൂപമായിരുന്നു സക്കീനക്ക്
വെള്ള മക്കനയും പുള്ളിപ്പാവാടയും
നീലമഷിപ്പാട് പതിഞ്ഞ വിരൽത്തുമ്പുകളുമായിരുന്നു അവൾക്ക്
ചിരിക്കാതെ ചിരിക്കുന്ന
വയലറ്റ് ചുണ്ടുകളാണ്
പ്രണയത്തിൽ
ചുംബനമെന്നൊരേർപ്പാടുണ്ടെന്ന്
ആദ്യമായനുഭവിപ്പിച്ചത്
ഇന്റർവെല്ലുകളിലെ മരച്ചോട്ടിലിരിക്കുമ്പോൾ
അവൾ വാങ്ങിത്തന്ന  ഉള്ളിവടകളുടെ എരിവ്
കാലമേറെക്കഴിഞ്ഞു മധുരിച്ച
പച്ചനെല്ലിക്കകളുടെ ചവർപ്പ്
പത്തിൽ വെച്ച് പിരിയുമ്പോൾ
കരളിൽ പതിച്ച
കണ്ണീരുപ്പു പുരണ്ടൊരുമ്മയുടെ നീറ്റൽ
പിന്നെയൊരിക്കലും കണ്ടില്ലെങ്കിലെന്ത്
ഉണങ്ങാത്ത മുറിവുകളുടെ
തിരുശേഷിപ്പുകൾക്ക്  കാവൽക്കാരായില്ലേ  നമ്മൾ
പ്രീഡിഗ്രിയുടെ
പാരലൽ മുറ്റത്തൊരു
ബദാം മരമുണ്ടായിരുന്നു
നിർവ്വികാരതയുടെ ചിറകുകൾ
അലസമായി കുടഞ്ഞ്
എൺപതുകൾ അതിന്റെ ചുവട്ടിലേക്ക്  ഉറക്കമുണർന്നതേയുള്ളൂ
ബാല്യകാലസഖി വായിക്കാൻ തന്നവളുടെ പേരായിരുന്നു രോഷ്‌ന
തലയിൽ തട്ടമിടുകയോ
കയ്യിൽ വളകളണിയുകയോ ചെയ്യാത്തവൾ
അവളുടെ പാഠപുസ്തകങ്ങൾക്കു
മേലെപ്പോഴും
ഒന്നുകിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കൊച്ചരിപ്പല്ലുകൾ
അല്ലെങ്കിൽ സഫലമീയാത്രയുടെ
വിരഹമുള്ളുകൾ
മലയാറ്റൂരിന്റെ വേരുകൾ
ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ
ചുവന്ന ചട്ടയിലെ  ചിരിക്കാത്ത ഈയെമ്മെസ്
ജോണെബ്രഹാമിന്റെ കഥകൾ
നീ വിക്ടർ ലീനസിനെ വായിക്കണം
പട്ടത്തുവിളയുടെ എഴുത്ത്  ഹോ..!
ഗുരുസാഗരം വരുന്ന ആഴ്ചപ്പതിപ്പുമായ് തീവണ്ടിയിറങ്ങി വരുന്നവൾ
പ്രണയത്തിന്റെ പൈൻമരപ്പാതകളിലെ യാത്രികർ
നമ്മൾ കയറിയിറങ്ങിയ
ഗുൽമോഹർ കൊണ്ടുണ്ടാക്കിയ  കൽപ്പടവുകൾ
കാലത്തിന്റെ കപ്പൽയാത്രകൾ
ഒരു ദ്വീപിലും അവസാനിക്കില്ലല്ലോ
നിനക്കും എനിക്കും വെവ്വേറെ കടലുകൾ
രണ്ടു തീവണ്ടിമുറികളിൽ
നമ്മെക്കടന്നുപോയ സമാന്തര യാത്രകൾ
അവസാനത്തെ പ്ലാറ്റ്ഫോമിൽ
വിരൽ തൊട്ടു പിരിയുമ്പോൾ
നമ്മൾ കൈമാറിയ മൗനത്തിന്റെ
സൂചിമുനകൾ ഇപ്പോഴും ഹൃദയത്തിൽ കോർത്തു കിടപ്പുണ്ട്
കാറ്റെടുത്ത കടലാസുതുണ്ടിൽ
നീയെഴുതിയ നീലവാക്കുകൾ
കാലമിനിയുമുരുളും
വിഷുവരും വർഷം വരും...
ഒരു നദിയിൽ നിന്ന്
ഒരിക്കലേ ജലം
കോരിയെടുക്കാനാവൂ
ഒഴുക്കിന്റെ ജാലകങ്ങൾ
ഓരോ നിമിഷവും തുറന്നടയുന്നു
നിദ്ര ഒരു നദിയാണ്
സ്വപ്‌നങ്ങൾ സ്വർണ്ണമീനുകളെപ്പോലെ
വിരലുകൾ തൊടും മുമ്പേ
വഴുതി വഴുതിപ്പോകുന്നു
മൈലാഞ്ചിയിലകൾ
ഒപ്പനപാടിയ രാവുകളിലൊന്നിൽ
അണിഞ്ഞൊരുങ്ങിയൊരു കിനാവ്
താരകവീഥിയിൽനിന്ന്
മണ്ണിലേക്കിറങ്ങി വരുന്നു
പ്രണയത്തിന്റെ ഉന്മാദസ്പർശങ്ങളാൽ
ഉടലിനെയൊരു കാലവർഷക്കടലാക്കുന്നു
ഹൃദയമൊരു നനഞ്ഞപക്ഷിക്കുഞ്ഞിനെപ്പോലെ
നെഞ്ചിലെതൂവലുകളിൽ
ഹൃദയമൊതുക്കുന്നു
പ്രവാസത്തിന്റെ കാട്ടുതീയിലേക്ക്
കൂറ്റനൊരു പക്ഷി
മുളയ്ക്കാൻ കൊതിച്ചൊരു വിത്തിനെ
കൊത്തിയെടുത്തിടുന്നു
വെയിലിന്റെ രാജ്യാതിർത്തിയിലെ
തടവറയിൽ
അക്കമില്ലാത്ത കലണ്ടറുകളിലേക്ക്
തോരാതെ പെയ്യുന്നു
ചുട്ടുപഴുത്ത സ്വപ്‌നങ്ങൾ വീണ്
നിദ്രയുടെ കൂടാരങ്ങൾക്ക്
തീപിടിക്കുന്നു
പിന്നെയൊരിക്കൽ
കാട്ടുവള്ളിപ്പടർപ്പുകളിൽ
മുല്ലപൂക്കുന്നു
മാലാഖയുടെ വിരൽത്തുമ്പുമായൊരുത്തി
കണ്ണുകളെ നക്ഷത്രവാനമാക്കി
മണ്ണിലേക്കിറങ്ങി നടക്കുന്നു
ചുമരുകൾ നിറയെ
കടലിന്റെ ചിറകുകൾ വരക്കുന്നു
കാണാത്ത ഭൂഖണ്ഡങ്ങൾ തേടിയലയാൻ
കിനാക്കൾ കൊണ്ടൊരു നൗക വരക്കുന്നു
അവൾ ഉന്മാദ മഴയിൽ
മണ്ണായി ഉഴുതുമറിയുമ്പോൾ
ഞാനൊരു വിത്തായി പൊട്ടിമുളയ്ക്കുന്നു
അവൾ പെയ്യാനായ് കറുത്തിരുളുമ്പോൾ
ഞാനൊരു ഇലകളുടെ കാടായ്
ചിറകടിച്ചുലയുന്നു
കാട്ടുവഴികളിൽ ഇരുണ്ട നിഴലുകളായ്
സൂര്യവെളിച്ചം തേടി കൈകോർത്തു നടക്കുന്നു
വെയിലേറ്റ പാറക്കെട്ടുകളുടെ
ഇളംചൂടാർന്ന തണലുകളിൽ
ഉടലോടുടലുരുകിയലിയുന്നു
മരുഭൂമിയുടെ ഹൃദയത്തിൽ
ചേക്കേറുന്നു
മഴയുടെ പുടവചുറ്റിയ
കൂടില്ലാപ്പക്ഷി
ഒരൊറ്റ കവിതയുടെ
രണ്ടറ്റങ്ങളിൽ
അതുവരെ പറയാത്തൊരു വാക്കായ്‌ കത്തിപ്പടരുന്നു
ഭൂമി പിന്നെയും
പ്രണയത്തിന്റെ അച്ചുതണ്ടിൽ
കറങ്ങാൻ തുടങ്ങുന്നു
അങ്ങിനെ നിന്നെ ഞാൻ
പ്രണയിച്ചു തുടങ്ങുന്നു...

നെരിപ്പോട് 
റംല എം ഇക്ബാൽ
പാതിരാത്രിയായിട്ടും ‌ ഉറക്കം വരുന്നില്ല. രാവിലെ രേണുവിന്റെ ഫോൺ വന്നപ്പോൾ തുടങ്ങിയ അസ്വസ്ഥതയാണ്. പത്തിൽ ഒൻപതു പൊരുത്തവും തികഞ്ഞ സുന്ദരനായ ഒരു ബിസ്‌നസ്സുകാരനുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്നും നിശ്ചയത്തിന് അധികം ആരെയും ക്ഷണിക്കാൻ കഴിഞ്ഞില്ല അത് കൊണ്ട് തന്നെ കല്യാണം ആഡംബരമാക്കണം എന്നൊക്കെ അവൾ വളരെ ഉത്സാഹത്തോടെയാണ് പറഞ്ഞത്. അവസാനം "സുലു,നീ വരാതിരിക്കരുത്. വന്നില്ലായെങ്കിൽ നമ്മുടെ സൗഹൃദം അവിടെ അവസാനിക്കും, മറക്കണ്ട" എന്ന ഒരു ഭീഷണിയും മുഴക്കിയാണ് ഫോൺ വച്ചത് . സന്തോഷത്തേക്കാളേറെ ആ വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു ആശങ്കയാണ് തോന്നിയത്.
ആറുവർഷം മുൻപ് ഞാനും ഇങ്ങനെ ഒരു സുദിനത്തിൽ ഏറെ സന്തോഷിച്ചവളായിരുന്ന­ു.അന്ന് മണവാട്ടിയായ എന്റെ കൈയ്യിൽ അമ്മയോടൊപ്പം വന്ന് അവൾതന്ന താജ്മഹൽ- ഇപ്പോഴും ഷോകേസിൽതന്നെ ഇരിപ്പുണ്ട് ആ  മനോഹര സമ്മാനം.
രേണുവിനെ അന്നാണ് അവസാനമായി കണ്ടത്.ചൊവ്വാദോഷം ഉള്ളകാരണമാണത്രെ അവളുടെ വിവാഹം ഇത്രയും വൈകിയത്.
അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് അവർ പണ്ട് എന്റെ വീടിനടുത്തുള്ള വാടകവീട്ടിൽ ഏഴുവര്ഷങ്ങളോളം താമസിച്ചത്. കളികൂട്ടുകാരിയും സഹപാഠിയും ആയ രേണു എനിക്ക് എല്ലാ കാര്യങ്ങൾക്കും ഒരു കൂട്ടായിരുന്നു, പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയതും അവർ തിരിച്ചു പോയതും..
അന്ന് ഒത്തിരി വേദനിച്ചതും നഷ്ടം സംഭവിച്ചതും എനിക്ക് മാത്രമായിരുന്നുവല്ലോ­.അമ്മാവന്മാരുടെ ഔദാര്യത്തിൽ കിട്ടിയ തറവാട്ടുവീട്ടിൽ,ഉപ്പ­യില്ലാത്ത ദുഃഖം അറിയിക്കാതെ,അയൽവീടുക­ളിൽ പണിക്കുപോയി കുടുംബം നോക്കിയിരുന്ന ഉമ്മയ്ക്കും എനിക്കും ഒരാശ്വാസമായിരുന്നു അവളുടെ ഇടയ്‌ക്കിടക്കുള്ള സന്ദർശനവും കുസൃതികളും. അവൾ പോയതോടെ ശരിക്കും ഞാൻ ഒറ്റപ്പെട്ടു. ആ വീട്ടിൽ നിന്നും അവർ ഒഴിയാൻ പാടില്ലായിരുന്നു....­. !
അതുകൊണ്ടാണല്ലോ അദ്ദേഹം ആ വീട്ടിൽ വന്നതും ഞങ്ങളുടെ വിവാഹം നടന്നതും.
പത്താംക്‌ളാസ്സ് കഴിഞ്ഞു തയ്യൽ പഠിക്കാൻ പോയിരുന്ന സമയത്താണ് അമ്മാവന്മാരുടെ നേതൃത്വത്തിൽ വിവാഹാലോചനകൾ കൊണ്ടുപിടിച്ചു നടന്നത്. സ്വർണ്ണം കൊടുക്കാതെ എങ്ങനെ വിവാഹം നടത്താം എന്ന് പരതിയ  അമ്മാവന്മാർക്ക് കിട്ടിയ നിധിയായിരുന്നു അയാൾ, അനാഥൻ, സുമുഖൻ, മതബോധമുള്ളവൻ, അന്യസംസ്ഥാനക്കാരനാണേ­ലുംമലയാളം നന്നായി സംസാരിക്കുന്നവൻ എന്തൊക്കെ ഗുണഗണങ്ങളാണവർ നിരത്തിയത്.
,"നമുക്കൊരു ആൺതുണയായി മോളെ" എന്ന് പറഞ്ഞ ഉമ്മയുടെ വാക്കുകൾ തള്ളിക്കളയാൻ പറ്റിയില്ല. ആ ആ ശ്വാസത്തിന്റെ നെടുവീർപ്പ് എന്റെ മോഹമായിരുന്നുവല്ലോ.
അന്നുമുതലാണ് സ്വപ്ങ്ങളിൽ വന്നിരുന്ന ചിറകുള്ള ആ രാജകുമാരനു അദ്ദേഹത്തിന്റെ മുഖമാണെന്ന് തോന്നി തുടങ്ങിയത്,
പള്ളിക്കമ്മിറ്റിയും നാട്ടുകാരും അമ്മാവന്മാരും വളരെ ഉത്സാഹത്തോടെ നടത്തിയ വിവാഹം. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന,വീട്ടു­കാര്യങ്ങളിൽ നല്ലശ്രദ്ധയുള്ള ഉമ്മാനേയും എന്നെയുംപൊന്നുപോലെ നോക്കുന്ന അദ്ദേഹത്തെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയായിരു­ന്നു. ഉമ്മയെ ജോലിക്ക് പോകുന്നതിൽ നിന്നും വിലക്കി കുടുംബഭാരം ഒറ്റയ്ക് ഏറ്റെടുത്തപ്പോൾ ഒരുപാട്  ബഹുമാനം തോന്നി അദ്ദേഹത്തോട്. ജീവിതസന്തോഷത്തിന്റെ രണ്ട് വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്, അതിനിടയിൽ ഇരട്ടി മധുരമായി മോനും പിറന്നു.
ഇടയ്ക്കൊക്കെ അദ്ദേഹത്തിന് വരുന്ന ഇടവിട്ടുള്ള ചുമയും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തിന്റെ തടിയിൽ കാര്യമായ കുറവുവരുത്തിയിരുന്നു­. എപ്പോഴും ക്ഷീണം,അസുഖം വന്നാലും ഡോക്ടറെ കാണാൻ മടിയുമായിരുന്നു.ഏറെ നിർബസിച്ചപ്പോഴാണ് ഒരു നല്ല ഡോക്ടറെ കാണാൻ തയ്യാറായത്. ഡോക്ടറുടെ അടുത്ത് നിന്ന് വന്നത് മുതൽ അതുവരെ കാണാത്ത വിധം ദുഃഖിതനായി അദ്ദേഹത്തെ കണ്ടു.ചോദിച്ചപ്പോൾകാരണം ഒന്നും പറയാതെ ഒഴിഞ്ഞുമാറി.
അത്താഴം കഴിച്ച് ഒന്നിച്ചുറങ്ങാൻ കിടന്നയാളെ രാവിലെ എണീറ്റപ്പോൾ കാണാനില്ലായിരുന്നു. തലയിണക്കടിയിൽ ഒരെഴുത്ത് എഴുതി വെച്ചിരുന്നു;
"ഞാൻ ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷയാണ് എന്റെ അസുഖം,അതിന്റെ പാപഭാരം നീയും മകനും പേറേണ്ടി വരും ഞാനിവിടെ നിന്നാൽ.
നമ്മുടെ മകനെ അനാഥനാക്കിയതിൽ എന്നോട് ക്ഷമിക്കുക.
വഴി തെറ്റിയ എന്റെ ജീവിതത്തിൽ വെളിച്ചം  വീശിയ വിളക്കാണ് നീ, എന്നെ ശപിക്കരുത്"
എന്നുമാത്രം. ...
ഞാനാരേയും ശപിച്ചില്ല. എല്ലാം ദൈവത്തിലർപ്പിച്ചു. ജീവിച്ചു.
എങ്കിലും എന്റെ വിധി ആർക്കുമുണ്ടാകരുത് എന്നാശിച്ചു.
അത് കൊണ്ടാവാം എല്ലാ കല്യാണങ്ങളും എന്നെ അസ്വസ്ഥമാക്കുന്നത്.
എല്ലാ മണവാട്ടികളിലും ഞാൻ എന്നെത്തന്നെ ദർശിക്കുന്നത്.

മഗ്നോലിയ മരത്തിന്റെ പൂക്കൾ
ഷെറിൻ ഷഹന 
പർപ്പിൾ നിറത്തിലുള്ള
മഗ്നോലിയൻ പൂക്കളുടെ
താഴ്വാരത്തിൽ വച്ചാണ്
ഒടുവിലത്തെ
ദേശാടനക്കിളിയെ അവർ
കവണക്കല്ലെറിഞ്ഞു വീഴ്ത്തിയത്.
കരിങ്കല്ലേറ്റ്
നിലത്തു വീഴുന്നതിന് മുൻപ്
അവസാനമായി അത്
തന്റെ ഒടിഞ്ഞു തൂങ്ങിയ ചിറകുകൾ
അനന്തവിഹായസ്സിലേക്കുയർത്തി,
മൂന്ന് തവണ
മലക്കം മറിഞ്ഞു,
പിന്നെ,
നിറഞ്ഞു പൂത്ത
ഒരു മഗ്‌നോലിയ മരത്തിന്റെ ചില്ലയിൽ വീണ്
തല കീഴായി തൂങ്ങിക്കിടന്നു...!
തലേന്നത്തെ മഴ വഴുപ്പിച്ചിട്ട
ഒരു മഗ്‌നോലിയ മരത്തിന്റെ
ചില്ലയിൽ നിന്ന്
പൂക്കളിറുക്കുമ്പോഴാണ്
ഉടലിൽ വസന്തം കാത്തിരുന്ന
ഒരു ജിപ്സി പെണ്കുട്ടി
കാൽ വഴുതി നിലത്ത് വീണത്.
കഴുത്തുടഞ്ഞു
ഉടൽ ചലനമറ്റതാവും മുൻപ്
അവൾ തന്റെ ഒഴിഞ്ഞ പൂക്കൂട
അവസാനമായി
വായുവിൽ
മൂന്നു തവണ കറക്കി.
പിന്നെയത് കയ്യിൽ മുറുക്കിപ്പിടിച്ച്
താഴെ പാറക്കെട്ടിനിടയിൽ
മഗ്‌നോലിയയുടെ ചില്ലകളിലേക്ക് നോക്കി
മലർന്നു കിടന്നു.
മഞ്ഞു വീണ് കുതിർന്ന ഒരു പ്രഭാതത്തിൽ
ചിറകൊടിഞ്ഞു മഗ്‌നോലിയ മരത്തിൽ
തൂങ്ങിക്കിടന്ന ദേശാടനക്കിളി
ചില്ലയിൽ നിന്ന് ഒരു പൂ കൊത്തിയെടുത്ത്
ഉടൽ ചലനമറ്റ് നിലത്തുകിടന്നിരുന്ന
പെണ്കുട്ടിയുടെ
പൂക്കൂടയിലേക്കിട്ടു.
പെണ്കുട്ടി കണ്ണുകളുയർത്തി
കിളിയെ നോക്കി,
ചിരിച്ചു,
പിന്നെ,
മധുരമായി പാടാൻ തുടങ്ങി.
ഓരോ പാട്ടുപാടി നിർത്തുമ്പോഴും
കിളിയവൾക്ക് ഓരോ
പൂവിറുത്ത് നല്കിക്കൊണ്ടിരുന്നു.
പെണ്കുട്ടിയുടെ പൂക്കൂട
ഒരിക്കലും ഒഴിയാതിരിക്കാൻവേണ്ടി
വസന്തത്തിൽ മാത്രം പൂത്തിരുന്ന പർപ്പിൾ മഗ്‌നോലിയ മരങ്ങൾ
പിന്നീടത്രയും
വർഷം മുഴുവൻ നിറഞ്ഞു പൂത്തുകൊണ്ടിരുന്നു.
കവിയെ പ്രത്യേകം  പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു .
ഷെറിൻ വീണ് ശരീരം മുഴുവനും തളർന്ന് തലമാത്രം ചലനശേഷിയുള്ള കുട്ടിയാണ് ... MA പഠിക്കുന്ന സമയത്താണ് അപകടം പറ്റിയത് ... ഇതാണ് ഷെറിൻ ... .











എനിക്ക്‌ നിന്നോട്‌ പറയാനുള്ളത്‌
റോസ്‌ മേരി
നീ
എന്റെ സ്‌നേഹത്തെ ഭയപ്പെടരുത്;
അതു നിന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല.
നീ
എന്റെ സൗഹൃദത്തെ സന്ദേഹിക്കരുത്;
അതു നിന്നെ
സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നില്ല.
ഒരിക്കല്‍,
ഒരിരുണ്ട രാത്രിയില്‍
ദേവതകള്‍ കടന്നുവന്ന്
എന്റെയുള്ളില്‍ കുറേ
സ്‌നേഹത്തെ നിക്ഷേപിച്ചു.
ഞാനുറങ്ങുമ്പോഴായിരുന്നു
ഈ സ്‌നേഹദാനം.
ഉണര്‍ന്നപ്പോള്‍
ഹൃദയം കരകവിഞ്ഞൊഴുകുന്ന
സ്‌നേഹപ്രവാഹം.
ദുഖിതരും ഏകാകിളും
വന്നതു തട്ടിപ്പറിച്ചു.
എന്നിട്ടും ബാക്കിയായ സ്‌നേഹത്തെ
ഞാന്‍ ചഷകങ്ങളില്‍ പകര്‍ത്തി.
വിസ്തൃതമായ ആകാശത്തിനു ചുവട്ടിലൂടെ,
തുറസ്സായ മൈതാനങ്ങളിലൂടെ
വിജനമായ പാതയോരങ്ങളിലൂടെ
ഞാനലഞ്ഞുകൊണ്ടേയിരിക്കുന്നു.
കൈയ്യില്‍ തുളുമ്പിയൊഴുകുന്ന പാനപാത്രം.
നിനക്ക്
എന്റെ സ്‌നേഹത്തെപ്പറ്റി
കുറ്റബോധമരുത്,
മറ്റൊരാളുടേത് മടക്കിവാങ്ങിയല്ല
നിനക്കു നീട്ടുന്നത്;
പാഴായിപ്പോവുന്ന സ്‌നേഹത്തെപ്പറ്റിയും
തുളുമ്പിയൊഴുകുന്ന പാനപാത്രത്തെപ്പറ്റിയും
നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ലേ?
എനിക്കു നിന്നോട്
ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്നുണ്ട്.
എന്നെങ്കിലും നീ
എന്റെയടുത്തു വരുന്നുവെങ്കിൽ,
ഒരു രാജാവ്
ദാസിയെക്കാണാന്‍ വരുന്ന ഭാവം അരുത്.
എനിക്കു നിന്റെപക്കല്‍ നിന്നു
കരമൊഴിവായി ഭൂമിയോ,
ചാര്‍ത്തിവാങ്ങാന്‍ നാട്ടുരാജ്യങ്ങളോ
ആവശ്യമില്ല.
ഒരു ഭക്തനു ദര്‍ശനം നല്‍കുന്ന
ദൈവത്തിന്റെ ഭാവവും
അരുത്.
എനിക്കു നിന്നോടു
ചോദിച്ചു വാങ്ങാന്‍
വരദാനങ്ങളൊന്നുമില്ല.
നിന്റെ തേജസ്സിനാല്‍
നിറയ്ക്കാന്‍ തക്ക
ഹൃദയദാരിദ്ര്യവുമെനിക്കില്ല.
ഒരു സമ്രാട്ട്, മറ്റൊരു സമ്രാട്ടിനോടെന്നപോലെ,
ഒരു സ്‌നേഹിതന്‍ സ്‌നേഹിതനോടെന്നപോലെ,
സമഭാവത്തോടെ നീ വരിക.
ഒരു പുല്ലാങ്കുഴല്‍, രാഗത്തെ
തേടുംപോലെയോ,
ഒരു ചോദ്യം, ഉത്തരത്തെ
തിരയുംപോലെയോ,
അനായാസമാവട്ടെ, അത്..."