07-10-17

🙏🙏നവസാഹിതി🙏🙏
🙏🙏സൈനബ്🙏🙏
പടച്ചോൻ പറയുന്നു
മകനേ
എന്നെക്കുറിച്ചോർത്ത്‌ 
സങ്കടം വേണ്ട;
എന്നെ രക്ഷിക്കാൻ, 
എന്നെ പോറ്റുവാൻ നീയാളല്ല.
എനിക്കായ് സഹോദര രക്തം നീ ചൊരിയേണ്ട.
കൈവെട്ടിയെറിയേണ്ട, 
ചാവേറായ് ചിതറേണ്ട.

ഞാൻ തീർത്ത വർണങ്ങളെ,
താളത്തെ സംഗീതത്തെ
സ്വപ്നസൗന്ദര്യങ്ങളെ 
തച്ചു നീ തകർക്കേണ്ട.

അറിവൊക്കെയും
വന്നതെന്നിൽ നിന്നല്ലോ, നിന്റെ
ഉടവാളതിൻ നേർക്കു വീശുവാൻ മുതിരേണ്ട.

അന്യന്റെ വേദപ്രമാണങ്ങളിൽ ചവിട്ടേണ്ട
പെണ്ണിനെയിരുട്ടുകൊണ്ടാപാദം പൊതിയേണ്ട.

കുഞ്ഞിന്റെ ഖൽബിന്നുളളിൽ 
നഞ്ഞു നീ നിറയ്ക്കേണ്ട.

മകനേ, ഞാനേകനാണാദ്യന്തവിഹീനനാ-
ണീ മഹാപ്രപഞ്ചത്തിൽ
നിങ്ങളെത്രയോ തുച്ഛർ.

ആകയാൽ എന്നെക്കുറിച്ചോർത്ത് 
സംഭ്രമം വേണ്ട.
എന്റെ ചേരിയിലാളെക്കൂട്ടുവാൻ വിയർക്കേണ്ട.

നിസ്സഹായരോടല്ല, നിഷ്ഠുര സാമ്രാജ്യത്വ
ദുഷ്ടർക്കു നേർക്കാവട്ടെ 
നിന്റെ വീര്യവും പോരും.

നീ നിന്റെയാത്മാവിന്റെ ജാലകം തുറക്കുക
ജീവനിൽ, മറ്റുളേളാരിൽ വെളിച്ചം നിറയ്ക്കുക.
                              റഫീഖ് അഹമ്മദ് 
*********************
ഓർമ്മദിനം

നീയോർക്കുന്നുവോ ,
കാലം പിന്നോട്ട് തിരിക്കെ
ഇതുപോലൊരു ദിനം !
ഞാനെന്ന ബലിമൃഗത്തെ 
നീ കെണിവച്ചു പിടിച്ചനാൾ !
പ്രണയ പായസം !
സ്നേഹ പഞ്ചാമൃതം !
ഊട്ടിയൂട്ടി 
കൊഴുപ്പേറ്റി 
വിഴുപ്പാക്കി....
ഒടുവിലൊരുനാൾ
നിന്റെ 
അർദ്ധനാരീശ്വര-
പ്രതിമക്കു മുന്നില്‍ 
പിന്നില്‍ നിന്നെൻറെ
കരളറുത്ത്....
കണ്ണുകള്‍ 
ചോരചീറ്റി
വറ്റിയാർത്ത്...
മോഹങ്ങൾ
ചത്തു മലച്ച്
തണുപ്പാറ്റി
ഉറുമ്പു തളച്ച്....
ഇന്ന് 
ഓർമ്മദിനം !
നീയെന്നെ 
തിരഞ്ഞെടുത്തതിൻ
ഓർമ്മദിനം!
ആത്മബലിയുടെ
നിർവൃതിയുടെ
കണ്ണീർ മധുരം 
ചേര്‍ത്ത് മധുര-
പാൽപ്പായസമൊരുക്കി
കാത്തിപ്പാണു ഞാന്‍ !
വീണ്ടും 
നിനക്കായൊരു
ആത്മബലി
അർപ്പിക്കാൻ ......

            ബഹിയ
*********************
ആ ദിവസം 

പത്രസമ്മേളനം തുടങ്ങിയശേഷമാണ് നമിത 
അവിടേക്ക് ഓടിയെത്തിയത്. Crime branch  SP അരുണ്‍രാജ് ഉന്മേഷവാനായിരുന്നു.  
തുരുതുരാ ചോദ്യങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ തലയുയര്‍ത്തി. 
'' ചോദ്യങ്ങളൊക്കെ പിന്നെ..ആദ്യം ഞാന്‍ പറയട്ടേ..'' 
സദസ് മൂകമായി. അവസാനനിരയില്‍ അയാളെ കാതോര്‍ത്ത് നമിതയും.. 
'' അപ്പോള്‍ നമ്മള്‍ കരുതിയപോലെ തന്നെ.. 
ആ കൊച്ചന്‍ മറ്റേ കൊച്ചന്റെ തലയില് ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ചു കൊന്നു..പ്രതി കസ്റ്റഡീല് ഉണ്ട്.. ചോദ്യം ചെയ്യല്‍ തുടരുന്നു.. മറ്റന്നാള്‍ കഴിഞ്ഞ് കോടതീല് ഹാജരാക്കും..'' 
''അല്ല സാര്‍ അടി കൊണ്ട ശേഷം അവന്‍ ഒരു കെട്ടിടത്തിന്റെ ഭാഗത്തേക്ക് പോയതും അവിടെയാണ് മരിച്ചുകിടന്നത് ഏന്നതും ദുരൂഹമല്ലേ...?'' 
''എന്ത് ദുരൂഹത..? അന്ന് ഞായറാഴ്ചയായിരുന്നു. സ്റ്റേഡിയം കോംപ്ലക്സിലെ കടകള്‍ അവധിയുമാണ്. 
അവിടെ പിന്നാരുണ്ടാവാനാ..? തലക്കേറ്റ ആഘാതത്തിലാണവന്‍ മരിച്ചതെന്ന 
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുമുണ്ട്..'' 
മറ്റു ചോദ്യങ്ങളെ തടഞ്ഞുകൊണ്ട് അയാള്‍ 
എഴുന്നേറ്റു..'' മതി..മതി..നോട്ട് മോര്‍..'' 
അപ്പോഴാണ് നമിത എഴുന്നേറ്റത്. 
''വണ്‍ മിനിറ്റ് സര്‍.. എ റലവന്റ് ക്വസ്റ്റ്യന്‍..?'' 
അയാള്‍ അവളെ രൂക്ഷമായി നോക്കി. 
അവള്‍ തുടര്‍ന്നു.. 
''അന്വേഷണസംഘത്തിലുണ്ടായിരുന്ന 
CI മാര്‍ട്ടിനെ ഇപ്പോള്‍ ട്രാഫിക്കിലേക്ക് 
മാറ്റിയത് എന്തുകൊണ്ടാണ്..? '' 
അരുണിന്റെ മുഖം ചുവന്നു.. 
'' നോ.. നോ മോര്‍ ക്വസ്റ്റ്യന്‍സ്..''
ആ കണ്ണുകള്‍ അവളെ തന്നെ പിന്തുടര്‍ന്നു..

തന്റെയും CI യുടെ ഫോണ്‍ ചോര്‍ത്തുമെന്ന് 
അവള്‍ക്കുറപ്പായിരുന്നു. വല്ലാത്ത ദുരൂഹത 
ആ കൊലക്ക് പിന്നിലുണ്ടെന്ന് അവള്‍ക്ക് 
അരുണിന്റെ കണ്ണുകളിലെ ക്രൗര്യത്തില്‍ നിന്നും 
അവള്‍ വായിച്ചെടുത്തു. 
ബാഗില്‍ വളരെ രഹസ്യമായി സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു. അത് 
അവളുടെ ബാംഗ്ലൂരിലെ സുഹൃത്തിന്റെ നമ്പറാണ്. അയാള്‍ ഗള്‍ഫില്‍ പോയതുമുതല്‍ ആ ഫോണ്‍ അവളാണ് ഉപയോഗിക്കുന്നത്. 
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവള്‍ക്കത് ഗുണകരമായിട്ടുണ്ട്. 
അവള്‍ സിതാരയുടെ  നമ്പര്‍ ഡയല്‍ ചെയ്തു. 
''ഹലോ..'' 
''എടീ.. ഞാന്‍ ചേച്ചിയാ.. ഒരു കാര്യം പറയാനാ..'' 
''എന്തു കാര്യം..? ' 
'' CI മാര്‍ട്ടിന്റെ പെങ്ങള്‍ നിന്റെ ക്ലാസിലല്ലേ..'' 
''അതെ..'' 
'' അവളുടെ വീട്ടിലേക്ക് കമ്പൈന്‍ഡ് സ്റ്റഡിക്കെന്ന് പറഞ്ഞ് നിങ്ങള് കുറച്ച് പേര് ചെല്ലണം..എന്നിട്ട് നിന്റെ ഫോണീന്ന് ഈ നമ്പറില്‍ ഒന്ന് വിളിക്കണം.. എനിക്ക് സാറുമായി ഒന്ന് സംസാരിക്കാനുണ്ട്..'' 
''അതിനിപ്പ...'' 
''നീ പറഞ്ഞത് കേട്ടാ മതി ബുദ്ദൂസേ..'' 

അന്നു രാത്രി അവള്‍ വിളിച്ചു..
''ഹലോ.. സാറാണോ..?''
''അതെ. മാര്‍ട്ടിന്‍ സ്പീക്കിംഗ്..''
''ഞാന്‍ നമിത.. കേരളാടുഡെ റിപ്പോര്‍ട്ടര്‍..'' 
''അറിയാം.. അറിയാം.. '' 
''സാറിനെ ആ സംഘത്തില്‍ നിന്നും മാറ്റാനുണ്ടായ കാരണമെന്താ..? '' 
'' അത്.. എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. അത് ഞാന്‍ 
അരുണ്‍സാറിനോട് പറഞ്ഞതുമാണ്.. 
പിന്നെ വന്നത് ട്രാഫിക്കിലേക്കുള്ള മാറ്റമാ..''
''ഊം... സാര്‍ എന്തൊക്കെയായിരുന്നു ആ സംശയങ്ങള്‍..? '' 
'' കുട്ടിക്കതറിഞ്ഞിട്ടെന്തിനാ..? '' 
'' പറയൂ സാര്‍..എനിക്ക് താങ്കളെ സഹായിക്കാനാകും. ഐ തിങ്ക് യു ആറെ സിന്‍സിയര്‍ ഓഫീസര്‍..'' 
''പറയാം.. ഒന്നാമത്തേത് ഒരു മാസ്സീവ് ബീറ്റ് ആണ് ആ പയ്യന് ഏറ്റത്. സ്കള്‍ ചിതറിയിരുന്നു. അതൊരിക്കലും 
ഒരു കൗമാരക്കാരന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് 
അത്രക്ക് ഹെവിയായി അടിക്കാന്‍ കഴിയില്ല..
പിന്നെ അവന്റെ കയ്യില്‍ നിന്നും കിട്ടിയ നീണ്ട മുടി.. ആരോ അവനെ ആക്രമിച്ചിട്ടുണ്ട്. അവന്റെ കൂടെ കളിക്കുണ്ടായിരുന്ന ആര്‍ക്കും 
അത്ര നീണ്ട മുടിയില്ല. മാത്രമല്ല കണിശമായി 
പെരുമാറ്റച്ചട്ടം പാലിക്കുന്ന സ്കൂളാണ് അവരുടേത്.. ആ കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ അവരാരെയോ ഭയപ്പെടുന്നത് പോലെ തോന്നി...'' 
''ശരി സാര്‍..വി വില്‍ മീറ്റ് സൂണ്‍..'' 

പിറ്റേന്ന് രാവിലെ അവര്‍ തിരിച്ചുപോരുമ്പോള്‍ 
സിതാരക്ക് ചില രേഖകള്‍ മാര്‍ട്ടിന്‍ കൈമാറി.. 
കൂടെ ഒരു കുറിപ്പും.. 
'' .. ആവശ്യം വന്നാലോ എന്ന് കരുതി എല്ലാ രേഖകളുടേയും ഫോട്ടോകോപ്പി എടുത്തിരുന്നു ഞാന്‍..ശ്രദ്ധിക്കണം...'' 

കേരളാവിഷന്‍ ചാനലിലെ ഉച്ചവാര്‍ത്ത
ഒരു ബ്രേക്കിംഗ് ന്യൂസായിരുന്നു.. 

'' ജീവന്‍ വധം.. ദുരൂഹതയേറുന്നു..'' 
കൂടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും..
'' ജീവന്റെ കയ്യില്‍ കണ്ട നീളമുള്ള മുടി ആരുടെ..?'' 
''അന്വേഷണചുമതലയില്‍ നിന്നും CI മാര്‍ട്ടിനെ 
മാറ്റിയത് എന്തിന്..? '' 

തുടങ്ങി നിരവധി ചോദ്യങ്ങളുയര്‍ന്നു.. 
സോഷ്യല്‍മീഡിയകളിലും വിഷയം വൈറലായി.. 

ഒടുവില്‍ അന്വേഷണച്ചുമതല CI മാര്‍ട്ടിനെ തന്നെയേല്‍പ്പിക്കാന്‍ DGP  ഉത്തരവിട്ടു.. 

സ്കൂളിലേക്കാണ് മാര്‍ട്ടിന്‍ ആദ്യം പോയത്. 
ജീവന്റെ കൂട്ടുകാരെ വീണ്ടും ചോദ്യം ചെയ്തു. 
അന്ന് നടന്ന സംഭവം അവര്‍ വിശദമായി പറഞ്ഞു.. 
'' സാര്‍.. അവന്‍ ഈയിടെയായി പലപ്പോഴും 
നിസാരകാര്യത്തിന് വഴക്കടിക്കുമായിരുന്നു.. 
പലപ്പോഴും വളരെ മൂഡിയായിരുന്നു..''
റോഷനാണത് പറഞ്ഞത്.. 
'' അവന് പ്രണയം ഉണ്ടായിരുന്നോ..? '' 
'' ഊം.. ആതിര ഞങ്ങടെ ക്ലാസ്മേറ്റ് തന്നെയാ..'' 
'' എനിക്കവളെ കാണണം..'' 

ആതിര മാര്‍ട്ടിന് മുന്നിലെത്തി. 
'' ലുക്ക് ആതിരാ.. കൊല്ലപ്പെടുന്നതിന് മുമ്പ് 
അവന്‍ അണ്‍യൂഷ്വലായി വല്ലതും പറയുകയോ മറ്റോ..'' 
''കുറച്ച് ഡിസ്റ്റര്‍ബ്ഡ് ആയിരുന്നു.. വല്ലാതെ ഭയക്കുന്നത് പോലെ തോന്നിയിരുന്നു..'' 
''എന്തിനെയാണ് ഭയന്നിരുന്നത്..? '' 
'' അതറിയില്ല.. ബട്ട് രണ്ടാഴ്ച മുമ്പ് കുറച്ചുപേര്‍ 
ബൈക്കില്‍ വന്ന് അവനെ വിളിച്ചോണ്ട് പോയിരുന്നു.. '' 
''എവിടേക്കൊ പോയതെന്ന് അവന്‍ പറഞ്ഞില്ലേ..?'' 
'' ഇല്ല സാര്‍ '' 
'' അവരെ കണ്ടാല്‍ തിരിച്ചറിയുമോ ആതിര..'' 
''യെസ്.. അതിലൊരാള്‍ സ്ത്രീകളെ പോലെ 
മുടി വളര്‍ത്തിയിരുന്നു.. കണ്ടിട്ട് ക്രിമിനല്‍സിനെ പോലെ തോന്നി.. ഞാനവനെ 
കുറേ വഴക്ക് പറഞ്ഞു..'' 
'' ഓക്കെ കുട്ടി..'' 

മാര്‍ട്ടിന്റെ മനസ് കലുഷിതമായി. 
അയാള്‍ ക്രിമിനല്‍ റിക്കാര്‍ഡുകള്‍ പരതി.. 
നഗരതതിലെ പ്രധാന കുറ്റവാളികള്‍ മോണിറ്ററില്‍ ചിരിച്ചു.. 

യെസ്.. അവന്‍ തന്നെ.. 
കരടിബിജു.. 

നഗരത്തിലെ മയക്കുമരുന്നുമാഫിയയുടെ 
പ്രധാനകണ്ണി..വന്‍ സ്വാധീനമുണ്ടവന്.. 
ഏതു കേസില്‍ നിന്നും ഇറക്കിക്കൊണ്ടുവരാന്‍ 
അഭിഭാഷകസംഘമുണ്ടവന് 
അവനോട് ഏറ്റുമുട്ടുമ്പോള്‍ സന്നാഹമിതു പോര.. 

അയാള്‍ നമിതയെ വിളിച്ചു. 
''നമിതാ.. ഇറ്റ്സ് ഹിം.. കരടിബിജു.. 
അവനെ മാളത്തില്‍ നിന്നും പുറത്തിറക്കാന്‍ 
താന്‍ സഹായിക്കണം..'' 
''എങ്ങനെ..? '' 
''' എന്റെ ഊഹത്തില്‍ ഈ റാക്കറ്റിന്റെ ഒരു പ്രധാനകണ്ണിയാണ് SP അരുണ്‍രാജ്. 
അയാളെ ചോദ്യം ചെയ്യാന്‍ പോകുകയാണ് 
പോലീസ് എന്ന് ചുമ്മാ ഒന്ന് ഫ്ലാഷ് ചെയ്യ്.. 
അവനെറങ്ങും..'' 
'' ഓക്കെ സാര്‍ '' 

പത്തുമിനിട്ടിനകം വാര്‍ത്ത ഫ്ലാഷായി.. 
മാര്‍ട്ടിനും സംഘവും നഗരത്തിലെ ഓരോ മുക്കിലും മൂലയിലും ജാഗ്രതയോടെ നിലയുറപ്പിച്ചു.. 

ചന്തക്കവലയിലെ പഴയമാര്‍ക്കറ്റ് കെട്ടിടത്തിന് 
മുന്നില്‍ ഒരു ടാറ്റസുമോ സഡണ്‍ബ്രേക്കിട്ടു നിന്നു.. അതില്‍ നിന്നും ആറടിക്കുമേല്‍ ഉയരമുള്ള ഒരു ആജാനബാഹു ഇറങ്ങി.. 
കൂടെ പത്തുപന്ത്രണ്ടോളും പേരും.. 
പിന്നെ നടന്നതൊരു യുദ്ധം തന്നെയായിരുന്നു. 
നഗരം ഇരുട്ടിന്റെ പുതപ്പും മൂടിയുറങ്ങുമ്പോള്‍ 
വാളുകളുടേയും തോക്കകളുടേയും അലര്‍ച്ച..
ഒടുവില്‍..
മാര്‍ട്ടിന്‍ അവര്‍ക്കുമേല്‍ വിജയം നേടി.. 

''പറയെടാ.. അന്നെന്താ നടന്നത്..? '' 
കരടിബിജുവിന്റെ നീണ്ട തലമുടിയില്‍ കുത്തിപ്പിടിച്ച് മാര്‍ട്ടിന്‍ ചോദിച്ചു. 
ആദ്യമൊക്കെ അവന് നിസാരഭാവമായിരുന്നു.. 
പിന്നെ ഭാവം മാറി.. 
രക്ഷയില്ല എന്ന് പൂര്‍ണമായും അവന്‍ 
തിരിച്ചറിഞ്ഞു.. 
''പറയാം സാര്‍ പറയാം..'' 
അവന്‍ പറഞ്ഞുതുടങ്ങി 

''സാര്‍....
ജീവന്‍...! 
ഒരു വര്‍ഷമായി സ്കൂളിലെ ഡ്രഗ് കാരിയര്‍ ആയിരുന്നു അവന്‍..ആര്‍ക്കും അതറിഞ്ഞിരുന്നില്ല. അവന്റെ ഫ്രണ്ട്സ് പോലും.. പ്രതിഫലമായി വി ഗാവ് ഹിം അ ലോട്ട്.. 
മണി.. ആന്റ് ... 
ബട്ട് ഫൈനലി ഹി ചീറ്റഡ് അസ്.. 
ഒന്നും രണ്ടും രൂപയല്ല 
വി ലോസ്റ്റ് ലാഖ്സ്.. 
ആന്‍റ് വി ഡിസൈഡഡ് ടു ഫിനിഷ് ഹിം.. 
ഒരവസരത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ... '' 

അവനില്‍ ക്രൗര്യഭാവം നിറഞ്ഞു.. 
'' തലക്കടി കൊണ്ട് ചോരയൊലിപ്പിച്ച് അവനോടിയെത്തിയത് ഞങ്ങളുടെ 
അടുക്കലേക്കാണ്.. 
അവിടെ കിടന്നിരുന്ന മരത്തടി കൊണ്ട് 
അവന്റെ തല ഞങ്ങള്‍ പിളര്‍ത്തി.. 
ചോര... എങ്ങും ചോര.. 
അവന്‍.. പിടഞ്ഞ്.. പിടഞ്ഞ്..'' 
അവന്‍ പൊട്ടിച്ചിരിച്ചു, ഭ്രാന്തമായി..

''സ്റ്റോപ്പിറ്റ്.. റാസ്കല്‍..'' 
മാര്‍ട്ടിന് സ്വയം നിയന്ത്രിക്കാനായില്ല.. 

'' ടാ.. നിന്റെ വല്യേ സാറുണ്ടല്ലോ...ദാറ്റ് സണ്‍ ഓഫ് ബിച്ച്.. അവനിപ്പം അഴിയെണ്ണണുണ്ടാകും 
ഐജി വിജയ് സക്‍സേന അവനെ പിഴിഞ്ഞെടുക്കും.. വി വില്‍ ഫിനിഷ് യു..ഓള്‍..''
                          സജദില്‍ മുജീബ്
*********************
ചതുപ്പൂക്കൾ

ചിരിയുടെ ഒരു ചെടി
എങ്ങനെ 
ഒരു ചതുപ്പിൽ
നട്ടുവളർത്താമെന്ന്
പഠിക്കണം..

വിത്തിനെ
എങ്ങനെ പുതക്കണമെന്ന്,
എങ്ങനെ വളമിടണമെന്ന് ,
വെള്ളമൊഴിക്കണമെന്ന്,
വെയിലിൽ നിന്നു കാക്കണമെന്ന്,
മഴയിലേക്ക് നീട്ടണമെന്ന്..

ഒരു ചിരിയുടെ ഇതളെങ്ങനെ
ഒരുപൂവിന്റെ നിറത്തിലേക്ക്
ഹൃദയം വിടർത്തി
എനിക്കും നിനക്കുമിടയിൽ
സുഗന്ധമാക്കാമെന്ന്..

ഒരുറപ്പിന്റെ വേരെങ്ങനെ
ഒരു താങ്ങിന്റെ കൈകളിലേക്ക്
ആകെയഴിച്ചിട്ട്
എനിക്കും നിനക്കുമിടയിൽ
ഉയിർപ്പാക്കുമെന്ന് ..

ഇലകളിലേക്ക്
പൂമ്പാറ്റ മുട്ടകളെ കാത്തു വെക്കണം ..
പുഴുക്കൾക്ക് കൂടൊരുക്കണം..
അറപ്പിന്റെ പുഴുക്കാലം മായ്ച്ച്
പൂമ്പാറ്റ പ്പൂക്കളെ
പറക്കാൻ വിടണം ..

ഇതാ വസന്തമായെന്ന്
പൂക്കളുടെ ചിറകിലെഴുതി
ചതുപ്പിനപ്പുറത്തെ
പൂന്തോട്ടങ്ങളിലേക്ക്
തലയുയർത്തണം ....

വിത്തുകൾ പെയ്തു പെയ്ത്
ചതുപ്പുകൾ പൂക്കണം..
ചിരിക്കുന്ന പൂക്കളിലേക്ക്
ചതുപ്പ് മുങ്ങി മരിക്കണം ...

സഫ💞
*********************
നേർക്കാഴ്ചകൾ

കുഞ്ഞുനാളുതൊട്ടെന്നെപ്പുതപ്പിച്ച
വർണ്ണമേലാട കീറി ഞാനീയിടെ,
നിന്റെ ചൂണ്ടു വിരലിന്നു കീഴിലായ്‌
നിന്റെ നീതിക്കു ഞാൻ തീർത്തു പട്ടട.

നിന്റെ കണ്ണിൻ ശരികളും തെറ്റുമായ്‌
എന്റെ ലോകത്തെ നീ പകുത്തെങ്കിലും
പോകരുതെന്നു നീപറഞ്ഞേടത്തു
പോയിടാതെനിക്കാവുന്നതെങ്ങനെ?

നിൻ കരുതലെനിക്കു കാൽച്ചങ്ങല,
നിന്റെ രക്ഷയെനിക്കുഷ്ണമേഘല,
തട്ടിയാൽ വീണുടയുന്ന ശില്‌പമായ്‌
എന്നെയെന്തിനു ചില്ലിട്ടുവച്ചു നീ?

നീ കുറിച്ചതാം നിൻ ചരിത്രങ്ങളിൽ
കാണുകില്ലെവിടെയുമെൻ താളുകൾ,
നീ മറന്നതോ, നിന്റെയധികാര
കാവലാളുകൾ കീറിയെറിഞ്ഞതോ?

എന്റെ കാഴ്ചകൾ, ചിന്തകൾ, വാക്കുകൾ
കേവലം നീ വരച്ചിട്ട മാത്രകൾ
നീയളന്നു കുറിക്കുന്നതാണിത്ര
കാലവുമെന്നഴകളവൊക്കെയും.

എന്റെയാഴങ്ങളെന്റെയാകാശവും,
എന്റെ സ്വപ്നാടനത്തിനാനന്ദവും,
മൂടിവച്ചോരുടലുകൾക്കപ്പുറം
കാടിറങ്ങുന്നൊരെൻ കാമനകളും,
എന്നുടലിന്നധികാര സീമകൾ,
കൊന്നുതള്ളിയ വാക്കിന്റെ ഭ്രൂണങ്ങൾ,
ഇന്നെനിക്കു തിരിച്ചുനൽകാതൊരു
കാലവുമില്ല നല്ല സൂര്യോദയം!

നീ ചിരിക്കുന്നു, നിന്റെയാശ്ലേഷങ്ങൾ
സ്നേഹനൂലിനാലെന്നെപ്പൊതിയുന്നു
ഉള്ളുപൊട്ടിയൊലിക്കും വ്രണങ്ങളിൽ
കുഞ്ഞുപൂവിതൾ സ്പർശ്ശമറിയുന്നു....

ഞാനടങ്ങുന്നു പിന്നെയും , ചിന്തയിൽ
നോവു തീമഴ പെയ്തിറങ്ങും വരെ
രാവൊടുങ്ങുന്ന കാലത്തു നിൻ ചെറു
ജാലകങ്ങളിൽ മഞ്ഞുപെയ്യും വരെ.
            പ്രിയ കല്യാസ്‌ കണ്ണുർ
*********************
പേരിടരുത്....... 
 
ബന്ധങ്ങൾക്കു  പേരിടരുത് 
അവ സ്വയം തേടിക്കൊണ്ടിരിക്കട്ടെ 
പേരില്ലാതിരിക്കുന്നിടത്തോളംകാലം 
അതിനുള്ളിൽ 
വിശാലമായ  ഇടമുണ്ട് 
സ്വാർത്ഥതയുടെ 
സ്വന്തമാക്കലിന്റെ 
ആധിപത്യത്തിന്റെ 
കളകൾ  മുളക്കാതിരിക്കുവോളം 
ചിറകുകൾക്ക് 
ഒരു നൂൽസ്പർശംപോലും 
മധുരം  നിറയ്ക്കും... 
പേരിട്ടു  വകതിരിച്ചുവെങ്കിൽ..... 
വക്രിച്ച്  നരച്ച്  ചിതല്പുരയാവും..... 
മരണത്തോളം  സ്വാർത്ഥമായത്  മറ്റൊന്നില്ല 
മുഖംനോക്കാതെ  
നടപടിയെടുക്കുന്ന 
ന്യായാധിപന്റെ  ചേമ്പറിൽ 
ചുവന്ന  കൈലേസുകെട്ടി  ചടഞ്ഞിരിക്കുന്നവനു
മുൻപിൽപോലും 
മുട്ടുകുത്താതെ  അവ 
കാലാതിവർത്തികളാകപ്പെടുന്നത് 
അപ്പോഴാണ്..... 
പേരിടാതിരിക്കുമ്പോൾ..... 
            റൂബി നിലമ്പുർ
*********************