11-02

🍀 വാരാന്ത്യാവലോകനം🍀
ഫെബ്രു 5 മുതൽ 10 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: പ്രജിത ( GVHSS, തിരൂർ) 
അവലോകനസഹായം
രജനിടീച്ചർ(PCNGHSS മൂക്കുതല) തിങ്കൾ ,ചൊവ്വ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . മൂക്കുതല ഹൈസ്ക്കൂളിലെ രജനി  ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

വ്യാഴാഴ്ചയിലെ നാടക ലോകം ഇത്തവണയും നമുക്ക് നഷ്ടമായി ..

മറ്റു പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

📝 സർഗ്ഗസംവേദനം
〰〰〰〰〰〰〰
5 /2/2018.. തിങ്കൾ..✍🏻
          പ്രൈം ടൈമിൽ വായനയുടെ മിന്നൽ പടർത്താൻ കുരുവിള സർ എത്തുമെന്ന് കാത്തിരിക്കെയാണ് പ്രവീൺ മാഷിന്റെ അറിയിപ്പ് വന്നത്... 9 മണിക്കേ.. അവതരണം ഉണ്ടാകൂ എന്ന്.. കാത്തിരിപ്പ് നീണ്ടുപോകവേ തിരക്കിലാണെന്നും ടൈപ്പിംഗ് നടക്കുന്നില്ല എ ന്നും.. പറഞ്ഞ പുസ്തകങ്ങൾ അടുത്ത ആഴ്ച പരിചയപ്പെടുത്താമെന്നും ക്ഷമാപണം പറഞ്ഞ് 10.35ന് സാറെത്തി... ഒപ്പം പി.എ ഉത്തമൻ എഴുതിയ ചാവൊലി ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർ‌ക്കു വേണ്ടിയുള്ള ഒപ്പീസ് എന്നുമുള്ള രണ്ട് നോവലുകളെ പരിചയപ്പെടുത്തുകയും ചെയ്തു... വൈകിയ വേളയിൽ കിട്ടിയ മുത്തുകളെ പക്ഷേ എടുത്തണിയാൻ ആരുമുണ്ടായിരുന്നില്ല..
   എങ്കിലും നിരാശപ്പെടേണ്ടി വന്നില്ല. പിറ്റേന്ന് ഉച്ചക്ക് 1.09 ന്, ശിവശങ്കരൻ മാഷുടെ അഭിനന്ദന കുറിപ്പ്‌.. കുരുവിള സാറെ തേടിയെത്തി... അടുത്തയാഴ്ചയിലേക്ക് കാത്തിരിപ്പിന്റെ ദൈർഘ്യം നീട്ടി സർഗ്ഗസംവേദനത്തിന് വിരാമമായി....
🔅🔅🔅🔅🔅🔅🔅
6/2/2018. ചൊവ്വ.✍🏻
 〰〰〰〰〰〰〰
🏵🏵 കാഴ്ചയുടെ വിസ്മയവുമായി.🏵🏵
    തിരൂർ മലയാളത്തിന്റെ പ്രിയ കൂട്ടുകാരി പ്രജിത ടീച്ചർ കാഴ്ചയുടെ വിസ്മയ വസന്തം നിറച്ച് കൃത്യം 7.43 ന് എത്തി....💝
     വന്നേരി നാട്ടിലേയും പടിഞ്ഞാറൻ വള്ളുവനാട്ടിലേയും തെക്കൻ ഏറനാട്ടിലേയും പറയ സമുദായത്തിെന്റെ അവകാശമായ അനുഷ്ടാന ക്ഷേത്ര കലാരൂപമായ🔅 കരിങ്കാളി🔅യേയാണ് ടീച്ചർ പരിചയപ്പെടുത്തിയത്.
പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചുള്ള കരിങ്കാളി കെട്ടലിലെ വിവിധ ചടങ്ങുകൾ. വ്രതശുദ്ധി, വേഷവിധാനം.. വീഡിയോകൾ എന്നിവയൊക്കെയുമായി കരിങ്കാളിയെ തിരൂർ മലയാളത്തിന്റെ മുറ്റത്തെ ത്തിച്ചു... പ്രജിത ടീച്ചർ...♥
      ടീച്ചറുടെ സുഹൃത്തുക്കളായ അനൂപും ചാരുതയും അതിനായി അയച്ചുകൊടുത്ത വീഡിയോകൾ മികച്ച സഹായമായി..👏🏻👏🏻
    അതോടൊപ്പം കരിങ്കാളിയേക്കുറിച്ച്നിഖിൽ .സി എഴുതിയ അനുഭവക്കുറിപ്പും നരണിപ്പുഴഷാനവാസ് തയ്യാറാക്കിയ കരി എന്ന സി നി മ യെക്കുറിച്ചുമുള്ള പോസ്റ്റുകളും കരി..യ്ക്ക്..മനീഷ് നാരായണൻ നൽകിയ ആസ്വാദനവും പ്രജിത ടീച്ചർ തന്നെ നൽകിയത്. കാഴ്ചയുടെ വിസ്മയത്തെ ഗംഭീരമാക്കി...
    പ്രതികരണങ്ങളും അഭിപ്രായങ്ങളുമായി രജനി ടീച്ചറും പ്രമോദ് മാഷും വാസുദേവൻ മാഷും എത്തിച്ചേർന്നു...... കല ടീച്ചറുടെ ദ്രുതകവനവും പ്രവീൺ മാഷിന്റെ കരിങ്കാളി എന്ന ഒറ്റയാൾ നാടകത്തെക്കുറിച്ചുള്ള പോസ്റ്റും ഗംഭീരമായി..
  ശ്രീല ടീച്ചർ, ഗഫൂർ മാഷ്, രതീഷ് മാഷ്, രജനി ടീച്ചർ, ഹമീദ് മാഷ്, മിനി താഹിർ,നെസിടീച്ചർ, അശോക് സർ എന്നിവരും അഭിനന്ദനവുമായെത്തി.. ദേവീസ്തവുമായി എത്തിയ വാസുദേവൻ മാഷിന്റെയും ഏവർക്കും നന്ദിയോതിയ പ്രജിത ടീച്ചറുടെ മറുപടിയോടും കൂടി.... ഈ ആഴ്ചയിലെ കാഴ്ചയുടെ വിസ്മയലോകത്തിന് തിരശ്ശീല വീണു...🦋

📒7/2/18_ബുധൻ✍
~~~~~
     തിരൂർ മലയാളത്തിലെ ക്ലാസ്സിക് പംക്തിയായ 'ലോകസാഹിത്യജാലകം കൃത്യസമയത്തുതന്നെ അവതാരക നെസിടീച്ചർനമുക്കായി തുറന്നു തന്നു. ബ്രിട്ടീഷ്ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമായ സൽമാൻ റഷ്ദിയെയാണ് പ്രിയ അവതാരക ഇത്തവണ പരിചയപ്പെടുത്തിയത്. ബുക്കർ സമ്മാനാർഹമായ മിഡ്നെെറ്റ്സ് ചിൽഡ്രൻഎന്ന കൃതിയിലൂടെ പ്രശസ്തിയിലേക്കുയർന്ന അദ്ദേഹത്തിന്റെ രചനാജീവിത പശ്ചാത്തലങ്ങൾ വിവരിച്ച ശേഷം നെസിടീച്ചർ റഷ്ദിയുടെ ദ സാറ്റാനിക് വേഴ്സസ്എന്ന കൃതിയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോയി.മുസ്ലീം സമുദായത്തിലെ മൗലിക വാദികളിൽ നിന്ന് ആക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കിയ....വധഭീഷണിയിലേക്ക് വരെ എത്തിച്ച....ആയത്തുള്ള ഖുമെെനിക്ക് ഫത്വ പുറപ്പെടുവിക്കേണ്ടി വന്ന ... സാത്താന്റെ വചനങ്ങൾഈ കൃതിയുടെ ആശയവും  ടീച്ചർ പോസ്റ്റ് ചെയ്തിരുനു.റഷ്ദി എന്നാൽ സാത്താന്റെ വചനങ്ങളായി മാറിപ്പോകത്തക്ക വിധം കാട്ടുതീ പടർത്തിയ രചനയാണെന്ന് രതീഷ് മാഷ് അഭിപ്രായപ്പെടുകയും സ്വതന്ത്ര ഇന്ത്യ ആദ്യം നിരോധിച്ച പുസ്തകമേതെന്ന് ചോദ്യം ഉന്നയിക്കുകയും ചെയ്തു.പ്രജിത ഉത്തരം നൽകി .രജനി സുബോധ് ടീച്ചറും അഭിപ്രായം രേഖപ്പെടുത്തി. മിഡ്നെെറ്റ്സ് ചിൽഡ്രൻ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രജിത കൂട്ടിച്ചേർത്തു. തുടർന്ന് നെസിടീച്ചർ ലോകസിനിമയിൽ മിഡ്നെെറ്റ്സ് ചിൽഡ്രൻ എന്ന സിനിമയുടെ വീഡിയോ ലിങ്ക് പോസ്റ്റ് ചെയ്തു.

8/2/18_വ്യാഴംപ്രെെം ടെെം ഉണ്ടായില്ല


🎻9/2/18_വെള്ളി✍
~~~~
   രജനിയെ സംഗീതഭരിതമാക്കുന്ന സംഗീതസാഗരത്തിൽ രജനിടീച്ചർഎത്താൻ അൽപനേരം കഴിഞ്ഞെങ്കിലും ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ സംഗീതശാഖ പരിചയപ്പെടാൻ സാധിച്ചു. ബാട്ടിയാലി/ഭട്യാലിഎന്നറിയപ്പെടുന്ന ബംഗാളി നാടോടിഗാനശാഖയാണ് ടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത്. 1930_50കാലഘട്ടങ്ങളിൽ വളർന്ന് പുഷ്പിച്ച ബാട്ടിയാലി ഇന്നും പച്ചപിടിച്ച് സുന്ദരിയായി നിൽക്കുന്നത് സൗരവ് മോനി പോലുള്ള ചില ഗായകരിലൂടെയാണെന്നുള്ള അറിവ് സന്തോഷകരം തന്നെ👍നദീസംഗീതമായ ബാട്ടിയാലിയുടെ ഏതാനും വരികൾ പരിചയപ്പെടുത്തിയതിനു ശേഷം വീഡീയോ ലിങ്കുകളും അനുബന്ധമായി ടീച്ചർ ചേർത്തു.കേരളം ബംഗാളികളെക്കൊണ്ട്  ബാരളമായ അവസ്ഥയിൽ ബംഗാളി സംഗീതം കൊണ്ട് ഗ്രൂപ്പും കേരളത്തിന്റെ നടുമുറിയായി എന്ന് രതീഷ് മാഷ് അഭിപ്രായപ്പെടുകയും പുതിയ സംഗീതശാഖ പരിചയപ്പെടുത്തിയതിന് ടീച്ചറെ അഭിനന്ദിക്കുകയും ചെയ്തു.വിജുമാഷും പ്രമോദ്മാഷും അഭിനന്ദനങ്ങൾ അറിയിച്ചു.പ്രജിത അനിൽ കൃഷ്ണ ബിശ്വാസ് എന്ന ഇന്ത്യൻ സിനിമാഗാനത്തിന്റെ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ബാട്ടിയാലിയുമായുള്ള  ബന്ധത്തെക്കുറിച്ചും കൂട്ടിച്ചേർത്തു.

📚10/2/18_ശനി✍
~~~~
     ദെെവത്തിന്റെ വരദാനമായി ലഭിക്കുന്ന സർഗ്ഗതുടിപ്പുകളെ പ്രകാശിപ്പിക്കുന്ന വേദിയായ നവസാഹിതിഇത്തവണ രജനി സുബോധ്ടീച്ചറാണ് അവതരിപ്പിച്ചത്.സ്ക്കൂളിലെ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി കണ്ട്  അവരുടെ തെറ്റുകൾ തിരുത്തി നേർവഴിക്ക് നടത്താൻ ശ്രമിച്ചതിന്റെ പേരിൽ ജീവനൊടുക്കേണ്ടി വന്ന ശ്രീമതി ടീച്ചർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് തുടങ്ങിയ നവസാഹിതിയിൽ രൂപേഷ് ആർ മുചുകുന്ന്എഴുതിയ ആധിഎന്ന മിനിക്കഥയാണ് ആദ്യമായി രജനി ടീച്ചർ പോസ്റ്റ് ചെയ്തത്. നിയമങ്ങളതിരിട്ട നിസ്സഹായനായ ഒരു അദ്ധ്യാപകന്റെ ഓർമകളിലൂടെ സഞ്ചരിക്കുന്ന സുനിൽഎഴുതിയ അദ്ധ്യാപകൻ,വാക്കിന്റെ കരുത്ത് തുറന്നു കാണിക്കുന്ന മുനീർ അഗ്രഗാമിയുടെ വാക്ക്,"വർത്തമാനം സാഹിത്യത്തിന്റെ കാതിൽ പറയുന്നവ"എന്ന് രതീഷ് മാഷ്വിശേഷിപ്പിച്ച പവിത്രൻ തീക്കുനിയുടെ കവിത,ഉണ്ണിയോട് തലച്ചോറ് ക്ലാവു പിടിക്കാതെ നോക്കാൻ ആവശ്യപ്പെടുന്ന ബാബുരാജ് വടകരയുടെ കവിത, മുനീർ അഗ്രഗാമിയുടെ തന്നെ മീട്ടൽ,പ്രണയത്തെ ഓരോ കാലാവസ്ഥയിലെയും പുഴയൊഴുക്കുമായി താരതമ്യം ചെയ്ത് ശ്രുതിഎഴുതിയ കാലാവസ്ഥയും പ്രണയവും,പലതിനും നേരെ കണ്ണടച്ചതിനാൽ അധികം ഉപയോഗിക്കാത്ത കണ്ണ് മരണാനന്തരദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഗംഗൻ വെങ്കല്ലിൽഎഴുതിയ പേരില്ലാ കവിത, മീട്ടൽഎന്നിവ രജനി ടീച്ചർ പോസ്റ്റ് ചെയ്തു. ഇത്രയും വെെവിധ്യമാർന്ന കവിതകൾ കണ്ടെത്തി പോസ്റ്റ് ചെയ്ത രജനി ടീച്ചർക്ക് 🙏🙏🙏🌹തുടർന്ന് സബുന്നിസ ടീച്ചർ ക്ലാവുപിടിച്ചു കറുക്കാത്ത...അണിയലും അലങ്കാരവുമില്ലാത്ത വാക്കിനെ അന്വേഷിച്ചു നടക്കുന്ന സറീനയുടെ വാക്ക്എന്ന കവിത പോസ്റ്റ് ചെയ്തു. താനെന്തെന്നുള്ള തന്റെ തിരിച്ചറിവുകൾ മറ്റുള്ളവരുടെ കണ്ണിൽ ഫെമിനിസമായി മാറുന്ന സംഗീത ഗൗസ്എഴുതിയ  അവളെ ഫെമിനിസ്റ് എന്നു വിളച്ചുകവിത പ്രജിത പോസ്റ്റ് ചെയ്ത ഉടൻ രവീന്ദ്രൻ മാഷ് അജിത്എഴുതിയ സ്ത്രീ എന്ന കവിത പോസ്റ്റ്
 ചെയ്തു. വിഭവസമൃദ്ധമായ സദ്യ അവതാരക വിളമ്പിയിട്ടും രതീഷ് മാഷും പ്രമോദ് മാഷും മാത്രമേ   അഭിപ്രായങ്ങൾ രേഖപ്പെടുത്തിയുള്ളൂ എന്നത് സങ്കടകരം തന്നെ😔.ചർച്ചകളും ആസ്വാദനവും ഇല്ലല്ലോ എന്ന് കരുതിയിരിക്കുമ്പോൾ വിജുമാഷ് രണ്ട് കവിതകളും കൂടി പോസ്റ്റ് ചെയ്തു.
⭐ സ്റ്റാർ ഓഫ് ദ വീക്ക്
~~~~~
     ഇനി ഈ വാരത്തിലെ താരം......
പ്രെെംടെെമിലുംഅല്ലാതെയും പോസ്റ്റുകളെ സൂക്ഷ്മമായി വിലയിരുത്തി നർമമധുര ഭാഷണങ്ങളുമായി ക്രിയാത്മകമായി ഇടപെടുന്ന .....ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാൾ കൂടിയായ  രജനി സുബോധ് ടീച്ചർ
വാരതാരം രജനി ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹🌹

അവസാനമായി പോസ്റ്റ് ഓഫ് ദ വീക്ക്
 ഇത്തവണത്തെ ശ്രദ്ധേയമായ പോസ്റ്റിന്റെ ഉടമയായത് ഗഫൂർ മാഷാണ്
ഫെബ്രുവരി 10ന് രാവിലെ
11.23ന് പോസ്റ്റ് ചെയ്ത പേളിന്റെ നാട്ടിലൂടെഎന്ന യാത്രാവിവരണമാണ്  ഇവിടെ പരിഗണിക്കപ്പെട്ടത്.
വാരപോസ്റ്റുകാരൻ ഗഫൂർമാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹

ആ പോസ്റ്റ്  ഒരിക്കൽക്കൂടി.....👇  

         പേളിന്റെ നാട്ടിലൂടെ...

അർധരാത്രിയിലെ നേർത്ത തണുപ്പിൽ ആരംഭിച്ച ഹൈദരാബാദ് യാത്ര ... പിറ്റേന്ന് പ്രഭാതം.. തമിഴ്നാട്ടിലൂടെ കടന്നു പോവുമ്പോൾ മൊട്ടക്കുന്നുകൾ ... അവക്കിടയിൽ ചതുരാകൃതിയിൽ മാത്രം നിർമ്മിച്ച ചെലവു കുറഞ്ഞ, ആർഭാടരഹിതമായ വീടുകളും ആരാധനാലയങ്ങളും പിന്തള്ളി കച്ച് ഗുഡ ട്രെയിൻ മുന്നോട്ട് നീങ്ങുന്നു. പശുക്കളെ തെളിച്ച് നടന്നു നീങ്ങുന്ന കർഷകർ.. ട്രെയിനിൽ ഏതാനും റഷ്യക്കാർ .. ബ്രഹ്മചര്യത്തിൽ താൽപര്യം തോന്നി ഹരേ കൃഷ്ണാശ്രമത്തിലേക്ക് കയ്യിൽ തുളസി ജപമാലയുമായി സന്യാസി വേഷത്തിലിരിക്കുന്ന ആ വിദേശികൾ കൗതുകം പകരുന്നു... റെയിൽപ്പാതയ്ക്ക് അഭിമുഖമായി നിരന്നു നിൽക്കുന്ന മാവുകൾ പഴയ കാല കേരളത്തിന്റെ മണം പകരുന്നവയാണ്. ട്രെയിൻ ആന്ധ്രയിലെ റെനിഗുണ്ഡി സ്റ്റേഷനിൽ എത്തിയപ്പോൾ വാണിഭക്കാരുടെ ബഹളം.. ബിരിയാണി ഭോജനം വിളിച്ച് പറഞ്ഞ് കൊതിപ്പിക്കുന്നവർ. വഴിയിൽ ഇടയ്ക്ക് അവിടവിടെ കൂണുകൾ പോലെ കൊച്ചു കൊച്ചു ഓലക്കുടിലുകൾ …. ഇടവിട്ടിടവിട്ട് വാഴത്തോട്ടങ്ങൾ ... അവയെല്ലാം ഗൃഹാതുരതയുണർത്തുന്ന കേരളീയക്കാഴ്ചകൾ തന്നെ …. തീവണ്ടി മുറിയിലെ ഊണിനിടയിൽ പുറത്തേക്ക് നോക്കിയപ്പോൾ വെറും മണൽപ്പരപ്പ് ബാക്കിയായ പുഴയുടെ മൃതദേഹത്തിനു മുകളിലൂടെയാണ് വണ്ടി കടന്ന് പോകുന്നത്.. പുഴമണൽക്കാടിനടുത്ത് പണിതുയർത്തി ചായം തേച്ച ശവക്കല്ലറകൾ എന്തൊക്കെയോ പിറുപിറുക്കുന്നതു പോലെ..... ചുടു കാറ്റ് ആരവത്തോടെ മുറിക്കകത്തേക്ക് വീശിയടിക്കുന്നു …. ഹൃദയത്തെ അസ്വസ്ഥമാക്കുന്നു .... മൊട്ടക്കുന്നുകളുടെ അഗാധ ശുഭ്രതയിലേക്ക് കണ്ണുകൾ ആഴ്ന്നിങ്ങുമ്പോൾ ഹൃദയം ധ്യാന സാന്ദ്രമാകുന്നു... വഴിയോരത്ത് ചൂടിനെ കൂസാതെ ഒരു ജലാശയത്തിനു ചുറ്റും മുല്ലമൊട്ടുകൾ പോലെ കൊറ്റികൾ .അവിടവിടെ അപൂർവ്വമായി പാടത്ത് ഞാറു നടുന്ന ഗ്രാമീണപ്പെൺകൊടികൾ ... കമലാപുരത്തിനടുത്ത ഗ്രാമക്കാഴ്ച ... മലയാളിക്ക് അരി നൽകാനുള്ള തീവ്രയത്ന പരിപാടിയാകാം.. വെയിലിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിൻ പറ്റങ്ങൾ - ... നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന റാകിപ്പാട ശേഖരങ്ങൾ .... പാടത്ത് കൂട്ടം തെറ്റിയ പോലെ പാഞ്ഞു നടക്കുന്ന കൊയ്ത്തുയന്ത്രങ്ങൾ…. പാടത്തോട് ചേർന്നു തന്നെ ചതുരാകൃതിയിൽ മനോഹര ക്ഷേത്രം..... അത് കൃഷിയും വിശ്വാസവും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ സൂചനയാണോ…? വെറാ ഗുണ്ട്ലയിലെ ലളിതമായ വീടുകൾ മഴയും വെയിലും കൊള്ളാതെ കിടന്നുറങ്ങാനുളള അഭയകേന്ദ്രങ്ങളാണ് ഞങ്ങൾ എന്ന് പുഞ്ചിരിയോടെ പിറുപിറുക്കുന്നു.കൂറ്റൻ ഫാക്ടറിയുടെ തൊട്ട് മുന്നിൽ തലയുയർത്തി നിൽക്കുന്ന വെള്ളപൂച്ചെടിത്തോട്ടം എന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്നു;ചമ്മലോടെ കണ്ണുകൾ പിൻവലിച്ചു... കുന്നിൻ മുകളിൽ മാടി വിളിക്കുന്ന കാറ്റാടി യന്ത്രങ്ങൾ….താഴെ ഓറഞ്ച് തോട്ടങ്ങൾ ... അവയ്ക്ക് വെള്ളമേകാനായി നീർത്തടങ്ങൾ…. തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ കാണിക്കുന്ന വ്യഗ്രത .. എല്ലാം മലയാളിയെ പഠിപ്പിക്കുന്ന ഗൃഹപാഠങ്ങൾ…..

           ഇടക്കെപ്പഴോ മയക്കത്തിന്റെ ആലസ്യത്തിലേക്ക്.... ഉണരുമ്പോൾ സായന്തനക്കാറ്റിന് പൊടിയുടെ നീറ്റൽ..പിന്നെ ട്രെയിനിൽ പതുക്കെ രാത്രി കടന്നു വരുന്നു.ഇരുളിൽ പുറത്ത് വെളിച്ചത്തിൽ കുളിച്ച് വീടുകളും സ്ഥാപനങ്ങളും... ഹൈദരാബാദിലെത്താൻ മനസ്സിനും ധൃതിയാവുന്ന പോലെ…..

          പുലർച്ചെ 1.30 ന് വണ്ടിയിറങ്ങുമ്പോൾ നേർത്ത തണുപ്പ്. പുറത്ത് ബസ്സ് കാത്ത് കിടക്കുന്നു. മര മുത്തച്ഛൻമാർക്കൊപ്പം എല്ലായിടത്തും ദൈവസാനിധ്യം.ഒരു തുണ്ട് ഭൂമി പോലും പാഴാക്കാതെ തെരുവോര കെട്ടിട സമുച്ചയങ്ങൾ ... മണീസ് പാലസിൽ ഉറക്കത്തിലേക്ക് …

            രാവിലെ വൈകി ഉണർന്നതിന്റെ വെപ്രാളം ബിർലാമന്ദിരത്തിന്റെ വെണ്ണക്കൽ തണുപ്പിൽ അലിഞ്ഞു പോയി... വെണ്ണക്കല്ലിൽ തീർത്ത മനോഹര കെട്ടിടങ്ങളും ദേവീ ദേവ ശിൽപങ്ങളും.... പ്രഭാതം മാർബിൾ കുളിർമയിൽ ദൈവസാന്ദ്രമായി .... ജാതി മത ഭേദമന്യേ എല്ലാവർക്കും എല്ലായിടത്തും കയറിച്ചെല്ലാമെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

          ആത്മോൽക്കർഷത്തിൽ പിന്നെ നേരെ ഹൈദരാബാദ് നിസാമിന്റെ സ്‌മൃതികൾ ഉറങ്ങുന്ന ഗൊൽകൊണ്ട ഫോർട്ടിലേക്ക് .ചതുരാകൃതിയിലുള്ള കുന്ന് എന്ന അർത്ഥത്തിലാണ് ഗൊൽ കൊണ്ട എന്ന പേര്.പ്രസിദ്ധമായ ഖുത്തുബ് ഷാഹി ഭരണകൂടത്തിന്റെ ആസ്ഥാനമാണിത്. പ്രവേശന കവാടത്തിനടുത്തു തന്നെ ശത്രുക്കളോ സൈന്യമോ മറ്റോ എത്തിയാൽ ശബ്ദം കേട്ടായ്ക്കകത്തേക്ക് പ്രതിധ്വനിക്കുന്നതിനുള്ള പ്രകൃതിപരമായ സംവിധാനം. ശില്പചാതുര്യത്തിന്റെ ഒന്നാന്തരം സാക്ഷ്യപത്രം എങ്ങും.വെയിൽ ചൂടിനെ തോൽപിക്കുന്ന ഉന്മേഷത്തോടെ കോട്ടയ്ക്കകത്ത്: .. ഫോട്ടോ സെഷൻ.. മടങ്ങുമ്പോൾ പ്രവേശന കവാടത്തിലെ ശബ്ദ പ്രതിധ്വനി ഭാഗത്ത് പഴയ കുതിരക്കുളമ്പടി ശബ്ദം മുഴങ്ങുന്ന പോലെ... “

          മെക്കാ മസ്ജിദിലേക്കും ചാർമിനാറിനടുത്തേക്കും ഒരു ഓട്ടപ്രദക്ഷിണം.... ഹൈദരാബാദിലെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രമാണ് ചാർമിനാർ.1591 ലാണ് ഇത് സ്ഥാപിതമായത്." നാല് മിനാരങ്ങൾ'’ എന്ന അർത്ഥത്തിലാണ് ചാർമിനാർ എന്ന പേര്.മുഹമ്മദ് ഖുലി ഖുത്തുബ് ഷാ എന്ന ഭരണാധികാരിയുടെ കാലത്ത് നാട്ടിൽ കോളറ പടർന്നു പിടിച്ചു.അദ്ദേഹം ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. അവസാനം, രോഗം നാടിനെ വിട്ടകന്നു എന്ന് ഗൈഡിന്റെ സ്ഥാനത്ത് നിന്നു കൊണ്ട് അൻസാരി മാഷിന്റെ വിശദീകണം. കോളറയല്ല പ്ലേഗായിരുന്നു പടർന്നു പിടിച്ചിരുന്നതെന്ന് രതീഷ് മാഷിന്റെ തിരുത്ത്. ഏതായാലും അദ്ദേഹം ഹൃദയം തുറന്ന് പ്രാർത്ഥിച്ച സ്ഥലത്തായിരുന്നു കെട്ടിടം നിർമ്മിച്ചത്. ഹൈദരാബാദിന്റെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് ഇവിടം. അതു കൊണ്ട് തന്നെ കണ്ണട വാണിഭക്കാരനുമായൊരു പേശൽ.ഉച്ചകഴിഞ്ഞ് മഞ്ഞിന്റെ കൃത്രിമ ലോകത്ത് വിളയാട്ടം.. രാത്രി ലുംബിനി പാർക്കിൽ .. ലേസർ ഷോ... പിന്നെ ഹൈദരാബാദ് നഗരത്തിന്റെ എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഹുസൈൻ സാഗർ ലേക്കിലൂടെ ദുർഗന്ധത്തോടൊപ്പം ഒരു ബോട്ട് യാത്ര.മനുഷ്യൻ പ്രകൃതിയുടെ അന്തകനാവുന്നതിന്റെ നേർക്കാഴ്ച.. മനസ്സിൽ എവിടെയോ ഒരു നീറ്റൽ.. മുമ്പ് ദുർഗന്ധം പടരുമ്പോൾ "ദാ, കൊച്ചിയെത്തി" എന്ന് പരിഹാസ രൂപേണ പറയാറുള്ള പോലെ നഗര മധ്യത്തിൽ നിറഞ്ഞ് നിൽക്കുന്ന ഈ തടാകത്തിൽ നിന്ന് പടരുന്ന ദുർഗന്ധം "ദേ, ഹൈദരാബാദ്.'' എന്ന് വിളിച്ചു പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ലേക്ക് ശുദ്ധീകരണത്തിന് മുറവിളി തുടങ്ങുന്നു എന്നറിയുമ്പോൾ സുഗതകുമാരിയുടെ തെംസിലെ വരികൾ നാവിൻതുമ്പിൽ... ജലാശയത്തോട് അനുരാഗം ജനിച്ച ആ തരുണൻ ഇവിടെയും പുനർജനിക്കട്ടെ...ലേക്കിനു നടുവിലെ ബുദ്ധ പ്രതിമ രാത്രിയിൽ വർണാഭമായ അനുഭൂതിയായി….. ഒറ്റ ഗ്രാനേറ്റിൽ നാൽപത് ശിൽപികൾ ചേർന്ന് രൂപപ്പെടുത്തിയ 17 മീറ്റർ ഉയരമുള്ള ഈ കലാസൃഷ്ടി

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ കൂടിയാണ്.തടാകത്തിലെ പാരിസ്ഥിതിക നാശത്തിന് മൂകസാക്ഷിയായി അത് ധ്യാന വെണ്മയിൽ പ്രോജ്ജ്വലിച്ച് നിൽക്കുന്നു ..പിന്നെ മൗനത്തിലാണ്ട് മുറിയിലേക്ക്…..

         നന്നായി ഉറങ്ങാൻ കഴിഞ്ഞതിന്റെ ഉന്മേഷത്തിൽ പുതിയ പ്രഭാതം... നേരെ റാമോജി  ഫിലിം സിറ്റിയിലേക്ക് ... ഒരു ദിവസം മുഴുവനായി ഫിലിംസിറ്റിയുടെ മാസ്മരിക ലോകത്തിൽ ... ബാഹുബലി സിനിമ ജീവനോടെ തൊട്ടു മുന്നിൽ കാണുന്ന പ്രതീതി.പ്രസിദ്ധ മലയാള സിനിമകളുടെ ലൊക്കേഷൻ കാഴ്ചകൾ. ജയിൽ, റെയിൽവേ സ്റ്റേഷൻ, റെയിൽവേ ടിക്കറ്റ് കൗണ്ടർ തുടങ്ങിയ ചിത്രീകരിക്കാനൊരുക്കിയ ഇടങ്ങൾ.സിനിമാ ചിത്രീകരണത്തിന്റെ പ്രായോഗിക കാഴ്ചകൾ. സ്റ്റണ്ട് ഷോയുടെ നേർക്കാഴ്ച..ആസ്വാദനത്തിന്റെ വ്യത്യസ്തമാനങ്ങൾ പകർന്ന ഉല്ലാസത്തിന്റെ, ആഹ്ലാദത്തിന്റെ ദിനം... വർണ വൈവിധ്യമാർന്ന പക്ഷികളുടെ വിശിഷ്യാ തത്തകളുടെ അതി വിസ്മയലോകം.. രാത്രി റൂമിലെത്തി മലയാളി ബിരിയാണിയും കഴിച്ച് ക്ഷീണത്തോടെ ഉറക്കത്തിലേക്ക് …

       മൂന്നാം ദിനത്തിലെ പ്രഭാതം.... പ്രാതലിനു ശേഷം രണ്ട് ദിവസം കൂടെയുണ്ടായിരുന്ന കണ്ണൂർ ടീമിന് സ്നേഹപൂർവം യാത്രയയപ്പ് ...പിന്നെ ലോകത്തിലെ വൻകിട മ്യൂസിയങ്ങളിലൊന്നായ സാലാർ ജംഗിലേക്ക്. അവിടെയും മ്യൂസിയത്തിന്റെ മുഖപ്പിൽ കറുത്ത് മലിനയായ ജലാശയത്തിന്റെ ദുർഗന്ധവും രോദനവും … അതും സഹിച്ച് മ്യൂസിയത്തിനകത്തേക്ക് ..1951 ൽ ഹൈദരാബാദ് നിസാമിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് മിർ യൂസഫ് അലി ഖാൻ എന്ന സാലാർജംഗ് മൂന്നാമന്റെ ശ്രമഫലമായാണ് ശ്രദ്ധേയമായ ഈ മ്യൂസിയം രൂപമെടുത്തത്.ചരിത്ര കുതുകികൾക്ക് ഒട്ടേറെ അറിവുകൾ പകരുന്ന വിജ്ഞാന സൂക്ഷിപ്പുകൾ ഇവിടെയുണ്ട്. ആനക്കൊമ്പിൽ തീർത്ത അപൂർവ്വയിനം ശിൽപങ്ങളും രാജാ രവിവർമയടക്കമുള്ളവരുടെ ഗംഭീരമായ ചിത്ര ശേഖരങ്ങളും ഇവിടെയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിർമ്മിച്ച് സാലാർജംഗ് മൂന്നാമന്റെ കാലത്ത് ഹൈദരാബാദിൽ സ്ഥാപിച്ച മരത്തിൽ തീർത്ത കൂറ്റൻ ഘടികാരം ഈ മ്യൂസിയത്തിലെ ശ്രദ്ധേയമായ ഒരു കാഴ്ചയാണ്.ഇതിൽ ഓരോ മണിക്കൂറിന്റെയും തൊട്ട് മുമ്പ് പാവയിൽ നിർമ്മിച്ച ഒരു താടിക്കാരൻ  പുറത്ത് വന്ന് മണിക്കൂറിന്റെ മണി മുഴക്കി തിരിച്ച് പോവുന്നു.കൂടാതെ ഓരോ സെക്കന്റും സൂചിപ്പിച്ച് ഒരു കൊല്ലപ്പണിക്കാരൻ ചുറ്റിക കൊണ്ടടിക്കുന്നു.ഇതിന്റെ മെക്കാനിസം കാഴ്ചക്കാരനെ അത്ഭുതസ്തബ്ധനാക്കും, തീർച്ച. പക്ഷേ ഒരു മുഴുവൻ ദിവസമെടുത്തു കാണേണ്ട ചരിത്രക്കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമായി ഇന്നത്തെ മധ്യാഹ്നം. ഉച്ചക്കുശേഷം ഹൈദരാബാദിന്റെ രത്നമായ ചാർമിനാറിന്റെ ഹൃദയാന്തരാളത്തിലേക്ക് വീണ്ടുമൊരു യാത്ര.. കാളി ക്ഷേത്രത്തിന്റെയും മുസ്ലിം ദർഗയുടെയും തൊട്ടു തൊട്ടുള്ള സാനിധ്യവും  ശബ്ദങ്ങളും ഗന്ധങ്ങളും. അത് മതസൗഹൃദത്തിന്റെ കൊടിയടയാളമായെങ്കിൽ എന്ന വ്യാമോഹം... പിന്നെ മെക്കാ മസ്ജിദിൽ പ്രാർത്ഥന…. വാണിഭ സംഘങ്ങളുടെ ബഹളം. വിലപേശലുകൾ .. വാങ്ങലുകൾ…. ഹോട്ടൽ മെജസ്റ്റിക്കിൽ ഹൈദരാബാദ് ബിരിയാണി... ഐസ് ക്രീമിന്റെ മധുരം. ഉറ്റവർക്ക്  ഹൈദരാബാദ് സ്പെഷ്യലായ കറാച്ചി ബിസ്ക്കറ്റ് വാങ്ങാനുള്ള വെമ്പൽ .. ഒപ്പം, ഹൈദരാബാദിന്റെ മറ്റൊരു മഹിമയായ പേൾ ആഭരണങ്ങൾ കാണാനും വാങ്ങാനുമുള്ള ധൃതി.. പിന്നെ മടക്കയാത്ര.. ട്രെയിനിൽ നേരെ ബാംഗ്ലൂർക്ക് .. അകത്ത് ദലൈലാമ സന്യാസിമാരുടെ ചൈതന്യം നിറഞ്ഞ സാനിധ്യം .. കച്ചെ ഗുഡ ബാംഗളൂരു എക്സ്പ്രസിന്റെ ഇരമ്പലിൽ രാത്രി…. ചപ്പാത്തിയുടെയും അയലക്കറിയുടെയും രുചി മാധുര്യത്തിനു ശേഷം എല്ലാവരും പയ്യെ പയ്യെ മയക്കത്തിലേക്ക് ..ഉല്ലാസക്കൂട്ടം കോച്ചിന്റെ പല ഭാഗത്ത് ചിതറിപ്പോയതിന്റെ നൈരാശ്യം ആൺകുട്ടികളിൽ പലരുടെയും മുഖത്ത്.

            തിങ്കളാഴ്ചയിലെ പ്രഭാതം ബാംഗ്ലൂർ നഗരത്തിൽ.ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ കറങ്ങി നടക്കൽ... പിന്നെ മാന്ത്രി സ്ക്വയറിൽ ഷോപ്പിംഗ്.. മാളിൽ നിന്നു തന്നെ മെട്രൊ ട്രെയിൻ വഴി യശ്വന്ത്പൂർ സ്റ്റേഷനിലേക്ക് മടക്കയാത്ര..... ട്രെയിനിൽ രാത്രി..

മുരളലോടെ, തേങ്ങലോടെ, മന്ദതയോടെ ട്രെയിൻ ജന്മനാടിനെ ലക്ഷ്യമാക്കി മന്ദം നീങ്ങി വേഗത പ്രാപിക്കുന്നു.  ദിവസങ്ങൾ ട്രെയിനിന്റെ വേഗതയിൽ കടന്നു പോയെന്ന തോന്നൽ എല്ലാവരുടെയും മുഖത്ത് പ്രകടം.. പാട്ടും കളിയുമായി ട്രെയിനും ഞങ്ങളും മുന്നോട്ട്…

            പ്രഭാതം. സമയം 7.20. തിരൂർ റെയിൽവേ സ്‌റ്റേഷൻ... ട്രെയിനിറങ്ങുമ്പോൾ പലരുടെയും മുഖത്ത് ശോകച്ഛായ... ഹൈദരാബാദിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആത്മഗതം.രക്ഷിതാക്കളെ കണ്ടതിന്റെ ആനന്ദ നിർവൃതി ചിലരുടെ മുഖത്ത്. ഉല്ലാസക്കടൽ പ്ലാറ്റ്ഫോമിൽ തട്ടിത്തടഞ്ഞു നിന്ന് ചെറുതുള്ളികളായി ബന്ധുക്കളുടെ കൂടെ അവരവരുടെ സ്വകാര്യത്താവളങ്ങളിലേക്ക്....
(വെട്ടം ഗഫൂർ)

ആനക്കൊമ്പിൽ തീർത്ത ശിൽപം. സാലാർജംഗ് മ്യൂസിയത്തിൽ നിന്നും..
 സാലാർജംഗ് മ്യൂസിയത്തിലെ ശ്രദ്ധേയമായ ഘടികാരം
 ബിർളാ മന്ദിരം
  ഗൊൽകൊണ്ട ഫോർട്ട്
 ഗൊൽകൊണ്ട ഫോർട്ടിലെ ശബ്ദ പ്രതിധ്വനി സംവിധാനം
 ഹുസൈൻ സാഗർ ലെയ്ക്കിലെ ബുദ്ധ പ്രതിമ
 ചാർമിനാറിനകത്തുനിന്നുള്ള മെക്കാ മസ്ജിദിന്റെ ദൃശ്യം
 ചാർമിനാർ
 റാമോജി ഫിലിം സിറ്റിയിലെ ബാഹുബലി ലൊക്കേഷൻ
ഫിലിം സിറ്റിയിലെ മനോഹരക്കാഴ്ച

വാരാന്ത്യാവലോകനം ഇനി അടുത്ത ഞായറാഴ്ച🙏🙏