10-03


മേൽക്കൂര
സുരേഷ് തെക്കീട്ടിൽ
പുതിയ എഴുത്തുകാരന്റെ പ്രഥമ കൃതി പ്രകാശനം .കാറും കവറും കൊടുത്താണ് പേരും പെരുമയുള്ള ആഎഴുത്തുകാരനെ കൊണ്ടുവന്നത്. അദ്ദേഹം വേദിയിലെത്തിയതും ബഹുമാനം കൊണ്ട് വിനീതവിധേയ ഭവ്യരായി പാവം സാധാരണ എഴുത്തുകാർ'
ആരോടും ഒന്നു ചിരിക്കുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു.
സമയമുണ്ടായിട്ടല്ല പെട്ടന്ന് തീർത്ത് ഉടനേ പോകണം നൂറു തിരക്കുകൾ
തിരക്ക് മാനിക്കണമല്ലോ ഒരു തിരക്കുമില്ലാത്ത നൂറുകണക്കിനാളുകൾ അനുസരിച്ചു.
പ്രകാശനം കഴിഞ്ഞു തിരക്ക് പരിഗണിക്കാതെ അദ്ദേഹം പ്രസംഗം തുടങ്ങി.
എന്റെ ....എന്റെ ...... എന്റെ ..... എന്റെ വായന എന്റെ എഴുത്ത് എന്റെ പുസ്തകം എന്റെ ബന്ധങ്ങൾ ഞാൻ.... ഞാൻ .... ഞാൻ
പ്രസംഗം തുടർന്നു. തന്നെ പറ്റി തന്റെ പുസ്തകത്തെ പറ്റി എന്തെങ്കിലും രണ്ട് വാക്ക് പറയുമെന്ന പ്രതീക്ഷയിൽ പുതു എഴുത്തുകാരൻ നോക്കിയിരുന്നു .പുതിയ  എഴുത്തുകാരന്റെ കുടുംബവും, കൂട്ടുകാരും നാട്ടുകാരും അടങ്ങുന്ന സദസ്സ് അതിനായി കാതോർത്തു.
എവടെ .
ഒടുവിൽ വേദിയിലിരിക്കുന്നവരേയും പാവം സദസ്യരേയും ഒന്നിച്ച് പുച്ഛിച്ച് പ്രസംഗം അവസാനിപ്പിക്കും മുമ്പ് തന്റെ വിശാലമായ കാഴ്ചപ്പാടുകൾ കൂടി ഒന്നു പങ്കുവെച്ചു.
മേൽക്കൂരകൾ തടസ്സം സൃഷ്ടിക്കാത്ത ഒരു സാഹിത്യ ലോകം അതാണെന്റെ സ്വപ്നം. എഴുത്ത്, കലകൾ എല്ലാം ഈ ഇടുക്കിയ ചുമർ കെട്ടുകൾ തകർത്ത് പുറത്തുവരണം'
തന്റെ പ്രസംഗം അവസാനിപ്പിച്ച്  തിരക്ക്  കാരണം ഉടൻ വേദി വിടുമ്പോൾ അനുഗമിക്കാൻ ആളുണ്ടായി. എതിർത്ത് പറയാൻ ആരും ഉണ്ടായതുമില്ല
മഹത്വത്തെ കുറിച്ച് വലിയ ബോധമില്ലാത്തതിനാലാണോ അതോ സാധാരണക്കാരന് തന്റെ അഭിപ്രായം പറയാൻഎന്ത് പേടിക്കാൻ - ആരെ പേടിക്കാൻ എന്ന ലോകതത്വം ബോദ്ധ്യമുള്ളതുകൊണ്ടോ എന്തോ മൈക്ക് ഓപ്പറേറ്റർക്ക് സഹായിയായി വന്ന നാട്ടുകാരൻ കൂടിയായ നാണു പുതിയ എഴുത്തുകാരനോട് ചോദിച്ചു.
എവിടന്ന് കിട്ടിയെടോ ഇതിനെ?
ഒന്നും പറയാതെ വിഷമം മറയ്ക്കാൻ ഒരു ചിരി ചിരിച്ച് വേദിയിലേക്ക് പുതിയ എഴുത്തുകാരൻ കയറാൻ തുടങ്ങവേ വീണ്ടും നാണുവിന്റെ ശബ്ദം
ഏതായാലും അങ്ങേര് ഒന്ന് പറഞ്ഞത് നേരാ സാഹിത്യത്തിന് കലകൾക്ക് മേൽക്കൂര പാടില്ല കാരണം ഇത്തരം ടീമിന് സ്വയം പൊങ്ങാൻ അതൊക്കെ വലിയ തsസ്സം തന്നെ.

തടവുകാർ
അജിത്രി
നീരക്ഷീര ന്യായത്തിൽ
മുങ്ങിപ്പോയോ പ്രേമബിംബവും!
അലസമായ കുത്തിയിരിപ്പാൽ
തടവിലായ കാമുകനെ പോൽ
നിശ്ചലമീ പ്രണയ ശില്പവും.
ഓരോ രതി ശില്പചാരുതയിലും ഒരു മുങ്ങിമരണം
സ്വയം സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ
എപ്പോഴെങ്കിലും
പ്രണയ ജലത്തിൽ
പലവർണ്ണങ്ങളിലുള്ള കുമിളകളുള്ളതായി
തോന്നിയിട്ടുണ്ടോ
ശിലാപാളികൾക്കിടയിലൂടെ
ഉളിയാഴം നിശ്ചലമാക്കിയിട്ട് ചുണ്ടാൽ
കൊത്തിമിനുക്കുകയാണെന്ന്
ഓരോ അടരുകളായ്
ചീളുകളായ് സ്ഫടിക പാളികൾ  രാകിക്കൊണ്ടുവന്ന് മെനഞ്ഞ
 ശിലയിൽ യക്ഷിയാണെന്ന്
എപ്പോഴെങ്കിലും
ഏതെങ്കിലും തടവുകാർ
മൊഴിഞ്ഞിട്ടുണ്ടോ?
പ്രാരാബ്ദംവന്ന് നടുവൊടിക്കുമ്പോൾ ചേക്കേറാനിടമില്ലാതെ
ഭൂമിയാകെ
സാന്ത്വനം തേടിഅലയുകയാണെന്ന്
തടവു മുറിയിലെയി രുട്ടിൽനനഞ്ഞ്
ചിന്തകൾഒട്ടിപ്പിടിക്കുമ്പോൾ
സ്വപ്നങ്ങൾചൂടാക്കാൻ
ഒരു തുള്ളി വീഞ്ഞുവേണമെന്ന്,
കാതിലെപ്പോഴും
ഒരു പ്രണയഗാനം മുഴങ്ങുന്നെന്ന്,
ഉടൽ വടിവുനിറയെ തടവിന്റെ         ചതവും ചതുപ്പുമെന്ന്, തടവുകാർ പറഞ്ഞിട്ടുണ്ടോ?
ഓരോ പ്രണയ ശില്പത്തിലും
പ്രണയികളല്ലാതെ മറ്റാരുമല്ല
തടവുകാർ

കവിത
അനിൽ വടക്കാഞ്ചേരി
തെരുവുകളിൽ കലാപം
ആളിപ്പടരുമ്പോൾ
പൂവിന്റെ സുഗന്ധത്തെക്കുറിച്ചെഴുതിയ
നീയാണോ കവി ?
നഗരങ്ങളിൽ വിശന്നു നരച്ച
ബാല്യങ്ങൾ തേഞ്ഞുതീരുമ്പോൾ
നഷ്ടപ്രണയത്തിൻ നൊമ്പരമെഴുതിയ
നീയാണോ കവി ?
കൈയൂക്കുള്ളവന്റെ കാര്യക്കാരാൽ
നിസ്സഹായത ശ്വാസമില്ലാതെ പിടയുമ്പോൾ
കടലാഴങ്ങളുടെ മൗനം തുടർച്ചയായെഴുതിയ
നീയാണോ കവി ?
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ
വെറുപ്പിന്റെ തത്വശാസ്ത്രം മാത്രം പഠിപ്പിച്ച്
അന്യരായ് കൊന്നുതിന്നുമ്പോൾ
ഗുൽമോഹർചുവപ്പിനേക്കുറിച്ചെഴുതിയ
നീയാണോ കവി ?
മതവും രാഷ്ട്രീയവും
കന്നുകാലിക്കൂട്ടങ്ങളുടെ
ഇടയൻമാരായി
നമ്മുടെ വയലുകളുഴുതു മറിക്കുമ്പോൾ
ഇന്നിനെക്കുറിച്ചെഴുതാതെ
ഓർമ്മകളെക്കുറിച്ച് മാത്രമെഴുതിയ
നീയാണോ കവി ?
പെൺകുരുന്നുകൾ
വെറുമവയവങ്ങളായി
ചോര വാർന്ന് മരിക്കുമ്പോൾ
നാളെയുടെ സ്വപ്നങ്ങളെ
പൊൻവള ചാർത്തി വർണ്ണിച്ചെഴുതിയ
നീയാണോ കവി ?
അവൾ പറഞ്ഞു നിർത്തി..
ഞാൻ പറഞ്ഞ് തുടങ്ങി...
എനിക്ക് തോന്നുമ്പോൾ മാത്രം
പൂക്കുന്ന വാക്കുകളുടെ
വസന്തമാണെനിക്കെന്റെ കവിത ...
എനിക്ക് കേൾക്കാനായി മാത്രം
ഈണത്തിൽ പെയ്യുന്ന
മഴയാണെനിക്കെന്റെ കവിത..
സ്വപ്നങ്ങൾ അലറി വിളിക്കുമ്പോൾ
എനിക്ക് കൂട്ട് നിൽക്കുന്ന
ഉൻമാദിനിയാണെനിക്കെന്റെ കവിത..
ഭൂതകാലങ്ങളിലേക്ക്
ഇടക്കിടെ ആഞ്ഞുവീശുന്ന
കൊടുങ്കാറ്റാണ് എനിക്കെന്റെ കവിത...
മറന്നു തുടങ്ങിയ ഇടവഴികളിൽ
രാത്രി പടർത്തുന്ന
നിലാവെളിച്ചത്തിന്റെ
കരുണയാണെനിക്കെന്റെ കവിത
ഇടുങ്ങിയ ഇടനാഴികകൾ
നടത്തമവസാനിപ്പിക്കുന്നപൊള്ളുന്ന
വെയിൽ വഴികളാണെനിക്കെന്റെ കവിത
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങൾ ഭയന്ന്
ഒളിച്ചിരിക്കാനുള്ള വാക്കുകളുടെ നിബിഡവനങ്ങളാണ് എനിക്കെന്റെ കവിത
എന്റെ നഗരം കത്തിയെരിയുമ്പോൾ
എനിക്ക് മീട്ടുവാനുള്ള
കളി വീണയാണെനിക്കെന്റെ
കവിത ....
അനന്തരം പതിവ് പോലെ
അവൾ ചിരിച്ചു...
ഞാൻ കരഞ്ഞു ...

പുണ്ണിന്റെ സ്ക്രിപ്റ്റ്..!!
കെ.എസ്.രതീഷ്
"ന്റെ തത്തേ ഞാനീ ചെക്കന്റെ മോന്തയ്ക്കിട്ടൊന്ന് കൊടുക്കട്ടാ, ഒരിറ്റ് ശബ്ദം പോലും പുറത്താർക്കും കൊടുക്കാതെ ഒരു സിനിമ മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങണത് കണ്ടാ...."
 സീ പി എന്റെ ചെവിയിൽ ഇതു എനിക്കാകെ വല്ലാതായി, സി പി ചിലപ്പൊ തല്ലും. സി പിയ്ക്ക് സിനിമേന്ന് പറഞ്ഞാൽ അങ്ങനാണ്.
സ്റ്റേഷനിൽ നിന്ന് കയറിയതു മുതൽ ആ ചെക്കനെ തുറിച്ച് നോക്കി ഒറ്റയിരുപ്പാണയാൾ, അവനാണെങ്കിൽ ഈ ഭൂമിയിലാരെയും ഗൗനിക്കാതെ അവന്റെ ഫോണിൽ ഏതോ ഇംഗ്ലീഷ് സിനിമയിലാണ്.
സി പി കൈകൾ കോർത്ത് തിരുമ്മി.തീവണ്ടിപ്പാളത്തിൽ വല്ലാത്തൊരു ശീൽക്കാരമുയർന്നു..
ചെക്കന്റെ മുഖത്തെ ചിരി സഹിക്കാനാകാഞ്ഞിട്ടാകണം എന്റെ തുടയിൽ അതിയാൻ മെല്ലെ അടിച്ചു...
ഈ പ്രായത്തിലെങ്ങാനും ആ ചെക്കനെ ഇതിയാൻ കയറി തല്ലിയാൽ, ടീഷർട്ടിനുള്ളിൽ ഒതുങ്ങി നിൽക്കണ ആ ചെക്കന്റെ ആരോഗ്യം ഞാനും അറിയേണ്ടി വരും, അതിയാനാണെങ്കിൽ തല്ലൊക്കെക്കിട്ടി നല്ല ശീലാ.. എനിക്കോ...?
"എടാ ഞാനിവന്റെ ഫോൺ അടുത്ത് കാണണ തോട്ടിലെറിയും നീ നോക്കിക്കോ...."
 ഞാനയാളെ ഭയത്തോടെ നോക്കുമ്പോൾ ചെക്കനും അയാളെ നോക്കി ചിരിക്കുന്നു.
ഇതിയാൻ പറഞ്ഞതൊന്നും ആ ചെക്കൻ കേട്ടിട്ടുണ്ടാകില്ല, അതുമാത്രല്ല ആ കുന്ത്രാണ്ടം തിരുകിയാൽ ഈ ഭൂമിയോട് തന്നെ ഒരു തരം ബാധിര്യം ബാധിച്ച പോലേ ആരും പെരുമാറൂ...
"ആ ചെക്കന്റെ ചിരി കണ്ടിട്ടെന്റെ കാലീന്ന് തരിച്ച് വരണുണ്ട് തത്തേ.."
സി പി ആ ചെക്കന്റെ അടുത്തായിരുന്നു...
ഞാനയാളെ ദയനീയമായി നോക്കി, അയാളെന്നെ നോക്കി കണ്ണടച്ചു കാണിച്ചു...
ഇനി വരുന്നത് പെരുമൺ പാലമാണ്, അഷ്ടമുടിക്കായലിലേക്ക് സി പി ചെക്കന്റെ ഫോൺ വലിച്ചെറിയുന്നു, അതിന്റെ പേരിൽ വാക്കേറ്റം, പിന്നെ അടിപിടി, മിക്കവാറും ആലപ്പുഴയ്ക്ക് മുന്നേ ഞാനുൾപ്പെടെ അകത്താവും, ടോയിലെറ്റിൽ നിന്ന് കോളക്കുപ്പിയിൽ കലക്കിയ റം ഞാനും കുടിച്ചല്ലോ, അപ്പോൾ കേസിന് ആ വകുപ്പുമായി...
പലത്തിനെ വല്ലാത്ത ആർത്തിയോടെ ചുംബിച്ച് പാലം കടന്നു പോകുമ്പോൾ ചെക്കന്റെ ഫോണിലെ ശബ്ദവും വെളിച്ചവും സി പിയും പങ്കിട്ടിരുന്നു. സി പി
ചെക്കന്റെ തോളിൽ ചേർത്തുപിടിച്ചിരിക്കുന്നത് കണ്ട് എനിക്ക് അസൂയ തോന്നി, എന്റെ നോട്ടം അതിയാനറിയാത്ത ഭാവത്തിലിരിക്കുന്നു.
മീശയില്ലാത്ത ആ ചെക്കന്റെ ചുണ്ടിനെന്തൊരു ചുവപ്പാണ്, പണ്ടെന്നെ സി പി വിളിക്കണതും "കഥകേക്കണോടാ  തത്തേന്നായിരുന്നു..." ആ വിളിയിൽ ഞാനങ്ങ് പൂത്തുലയും. അതിയാനെ ചാരി കണ്ണിൽ കണ്ണ് ചേർന്നിരിക്കും...
ഹോസ്റ്റലിൽ കൊണ്ടു വിട്ട് അമ്മമാര് പോയാൽപ്പിന്നെ വാർഡൻ ഗ്രില്ല് വലിച്ചൊരു പൂട്ടലാണ്...
അതിൽ തല്ലിയും വലിച്ചും തലയിട്ടും നാലഞ്ചണ്ണം ഉണ്ടാവും
'വീട്ടിൽപ്പോണേ, അമ്മേക്കാണണേന്ന്..' കോറസിൽ കരയാൻ കരഞ്ഞ് തളർന്നോർ അവിടിരുന്ന് ഉറങ്ങും ചിലര് വെക്കേഷൻ കഥകള് പറയും, ചിലര് വഴീലെ വണ്ടികളെണ്ണും,  ഇതൊക്കെ കാണുമ്പോൾ മറ്റുള്ളോർക്ക് ഒരു രസാ, വെക്കേഷൻ കഴിഞ്ഞ് വന്നാൽ ഒരാഴ്ച്ച ഈ കോറസ് കര ഗ്രില്ലിന്റെ ചുവട്ടിൽ പതിവാണ്. മൂന്നാം ദിവസോം നിർത്താതെ പെയ്തോണ്ടിരുന്ന എന്നെ കൈലി മുണ്ടും, അരബനിയനുമിട്ട ഇതിയാൻ അന്ന് മടിയിലോട്ട് പിടിച്ചിരുത്തി
പിന്നെ പപ്പയുടെ സ്വന്തം അപ്പൂസിന്റെ കഥ കാണിക്കുകയായിരുന്നു..
ശോഭന അപ്പൂസിനെ കുളിപ്പിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞത് അതിയാൻ തുടച്ചു തന്നു..
പടം കഴിഞ്ഞതും ഒന്നു രണ്ടെണ്ണം കരച്ചിൽ നിർത്തിപ്പോയി, മമ്മൂട്ടി മോനേം കൊണ്ട് പോകുന്നത് പോലെ അതിയാൻ എന്നേം കൊണ്ട് പോകുമ്പോൾ, ഒരു സാറ് ചോദിക്കണത് കേട്ടു,...
"എത്ര സിനിമേൽ തീരും സി പ്യേ...? നിന്റെ തീയേറ്ററിൽ കേറ്റേണ്ടി വരോ, തള്ള ചത്ത ഇനാണ് പെട്ടെന്നൊന്നും മെരുങ്ങൂലാട്ടോ ..."
അതിയാൻ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു, കട്ടിലിൽ കിടത്തുമ്പോഴും വിയർപ്പിന്റെ ആ മണം എനിക്കറിയാമായിരുന്നു...
പിറ്റേന്നു ഗ്രില്ലിലെ കരച്ചിലിൽ ഞാനൊറ്റയ്ക്കായി, സി പി നടന്നു വന്നപ്പോഴെ എന്റെ കണ്ണ് തോർന്നു....
എന്നേം കൈയിൽ പിടിച്ച് പ്രാർഥനാ മുറിയുടെ പിന്നിലെ അലമാരയുടെ പുറകിലേക്ക് പോയി ബെഡ് ഷീറ്റുകൊണ്ട് അലമാരയ്ക്ക് പിന്നിലെ വശം മൂടിയിരിക്കുന്നു.. കുനിഞ്ഞ് സി പി യുടെ പിന്നാലെ കയറുമ്പോൾ തീയേറ്റർ ഫുൾ, എനിക്ക് സി പി യുടെ തൊട്ടടുത്തെ
 വി ഐ പി സീറ്റ്...
അനിയനെ വല്ലാത്ത വാത്സല്യത്തോടെ  പഠിപ്പിച്ച് വക്കിലാക്കി ഒടുവിൽ വീടു വിട്ട് പോകേണ്ടി വന്ന ഏട്ടന്റെ കഥ കാണുമ്പോൾ മുറിക്കയ്യൻ ബനിയനും തലയിലെ കെട്ടും എനിക്കെന്നല്ല ആ കുഞ്ഞിരുട്ടിലെ ആർക്കും തൊട്ടു നോക്കാനാകും, ഒന്നുരണ്ടു തവണ, തോർത്ത് എടുത്ത് കൊടുക്കാൻ എന്റെ നേർക്ക് സി പി കൈനീട്ടി, ഞാനും ആ തീയേറ്ററിലെ ആരോ ആണെന്ന് തോന്നിപ്പോയി....
ക്ലൈമാക്സ് സീനിൽ ഒരുത്തൻ എണീറ്റപ്പോൾ പുതപ്പു നീക്കി വെളിച്ചം അകത്തു വന്നത് എനിക്കൊട്ടും ഇഷ്ടായില്ലെങ്കിലും കണ്ടിരുന്നവന്മാരുടെ കണ്ണ് നിറഞ്ഞിരിക്കണത് കാണാൻ പറ്റി, തെറ്റ് തിരിച്ചറിഞ്ഞ് ഏട്ടനെക്കാണാൻ വക്കീലനിയൻ വരുന്ന സീൻ ഇന്നും എനിക്ക് ഓർമ്മയുണ്ട്, ഏട്ടന്റെ ഡയലോഗ് മണ്ണ് കിളയ്ക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ പറയുമ്പോൾ സി പി യുടെ കൈ എന്റെ മൂക്കിൽ തട്ടിയിട്ടും ഞാൻ അനങ്ങിയില്ല...
സിനിമ കഴിഞ്ഞ് തീയേറ്റർ മടക്കിയെടുക്കുമ്പോൾ എന്റെ മൂക്കിൽ പതിയെ തടവിത്തന്നിട്ട് നെറ്റിയിൽ ഒരുമ്മയും....
"സി പ്യേ ഇത് നിനക്ക് പണ്യാകോ, കിളുന്ത് പയ്യനാണേ..." ഒരുത്തൻ ഇതും പറഞ്ഞ് ഓടിയത് എന്തിനാണെന്ന് എനിക്ക് മനസിലായിരുന്നില്ല...
അപ്പൊഴും വാത്സല്യത്തിലെ നായകന്റെ  അതേ ചിരിയായിരുന്നു സി പി യുടെ മുഖത്ത്..
ഞാൻ കെട്ടിപ്പിടിച്ച് നിന്നു.
സ്കൂളിലെ ആറു മണിക്കൂർ ഒഴികെ മുഴുവൻ സമയവും ഞാൻ സി പി ടെ വാലിൽ തൂങ്ങി നടക്കും, 
"ദേ പോണെടാ നമ്മടെ  സി പി ടെ പൊണ്ടാട്ടീ.." സാറന്മാരും കുട്ടികളും സി പി യെ പല പേരുകളാണ് വിളിക്കുന്നത്. 
ചന്ദ്രൻ പി യെന്ന് കേട്ടത് ഒരു തവണ തലയെണ്ണാൻ ഒരാളു വന്നപ്പോഴാണ്. അല്ലെങ്കിൽ സി പ്യേ,
 സിനിമാ പ്രാന്താ,  ചന്തിപ്പുണ്ണാ, കോത്തിപ്പുണ്ണാ, ബ്ലെണ്ടറേ, ചൊറിയൻ മമ്മൂട്ടീന്നെക്കെയാവും. സി പ്യേന്ന് ആരേലും വിളിക്കണത് കേൾക്കുമ്പോഴാ എനിക്കൊരു തൃപ്തി തോന്നണത്....
സി പി ടെ പ്രതികരണം ആളും തരോം നോക്ക്യാകും. ചിലരെ ചീത്ത വിളിക്കും, ചിലരെ തല്ലാനോടിക്കും, ചിലരെ മുണ്ട് പൊക്കി കാണിക്കും, എനിക്കങ്ങ് നാണം വരും, സാറന്മാരെ വളരെ പതിയെ മുഖത്ത് ചിരി വരുത്തി കൂറ്റൻ തെറി വിളിക്കും, എന്നിട്ടെന്നെ നോക്കി കണ്ണിറുക്കും....
സി പി ടെ തീയേറ്ററിൽ ഷോ തുടങ്ങണത് ആറുമണിയ്ക്കാണ്, 'സ്റ്റഡിക്കാൻ" കുട്ടികളേം ഇരുത്തി ഗ്രില്ല് പൂട്ടി വാർഡന്മാർ കോർട്ടേഴ്സിൽ പോയാൽ പിന്നെ ഷോ തുടങ്ങാനായി, ഒൻപതിൽ മൂന്നാം തവണ ശ്രമിക്കുന്ന സി പിയ്ക്കോ, നാലിലും മൂന്നിലും പഠിക്കണ ഞങ്ങൾക്കോ ' സ്റ്റഡിയിൽ' തീരെ താല്പര്യമില്ല... ' ഡൈനിംഗ്' ടേബിളിന്റെ അടിയിലെ പുതപ്പിട്ട് മൂടാത്ത ഇരുട്ടിലേക്ക് ഞങ്ങളെത്തും, പാർക്കിന് പിന്നിലെ മാവിന്റെ പിന്നിലെ ഓല ചാരിയ മറവ്, ടീ വീടെ ആന്റിന ഉറപ്പിച്ചിരിക്കുന്ന വാട്ടർ ടാങ്കിന്റെ താഴെയുള്ള ഇടവഴി, സ്റ്റെപ്പിനടിയിലെ സ്റ്റോറിന്റെ വാതിലിനോട് ചേർന്ന ഇടുക്ക്..
"സിനിമ കേൾക്കണോ നല്ല
 ഇരുട്ട് വേണം  അല്പസ്വല്പം ഇറുകി ഇരിക്കണം, അതിനിടയിൽ ആരും സംസാരിക്കരുത്, ഇടയിൽ കേറി ഒന്നും ചോദിക്കരുത്. 
എങ്ങനെ പറയണോന്ന് ഈ സീ പിക്കറിയാം..." തീയേറ്റർ നടത്തിപ്പിനെക്കുറിച്ച് അതിയാന്റെ കാഴ്ച്ചപ്പാടിതാണ്...
'ഡൈനിംഗ് ടേബിളിന്റെ' അടീലെ ഷോ  ധ്രുവമായിരുന്നു...
മന്നാടിയാരെപ്പോലെ കുറിയിട്ട്, നീണ്ട തൂവെള്ള ജുബ്ബയും, കൈയിൽ കെട്ടും, രുദ്രാക്ഷമാലയും. സി പി യെ അപ്പോൾ കണ്ടാ മമ്മൂട്ടീന്നേ തോന്നു. അന്നാണ് എന്റെ വിരലെടുത്ത് സീ പി തന്റെ തുടയിലെ പുണ്ണിലേക്ക് വച്ചത്, അതിന്റെ ചുറ്റും പതിയെ തടവാൻ വിരൽ പിടിച്ച് എഴുതിക്കുമ്പോലെ കാണിച്ചു തന്നു....
പുണ്ണിലെ ചലം വിരലിൽ പറ്റിയിട്ടും എനിക്ക് അറപ്പു തോന്നിയില്ല, എന്റെ വിരലിനൊപ്പം അതിയാന്റെ കണ്ണുകളിൽ സുഖം കയറുന്നതും സിനിമ പറച്ചിലിന് രസം കൂടണതും എനിക്ക് തോന്നി..പുണ്ണിലും തുടയിലും സി പി യെ സുഖിപ്പിച്ചങ്ങനെ വിരലുകൾ പിന്മാറാതെ സഞ്ചരിച്ചു..
മാവിൻ ചുവട്ടിലെ ഓലപ്പുരയിൽ എൻ സി സി ഉടുപ്പിട്ടിരുന്ന സി പി ഇൻസ് പെക്ടർ ബെൽ റാമെന്ന് പേരെഴുതിക്കാണിച്ചു..
അരയിൽ തിരുകിയിരുന്ന തോക്കിൽ തട്ടാതെ തുടയിലേക്ക് എന്റെ വിരലുകൾ ആർത്തിയോടെ സ്വയം ചെന്നു..പുണ്ണിലെ നനവെടുത്ത് കാലിലും കൈയിലും ഒന്നു രണ്ടിടത്ത് തൊട്ടിട്ട് ആ പുണ്ണൊന്ന് പകർന്നുകിട്ടാൻ കാത്തിരുന്നു...
ഒന്നിലും രണ്ടിലും പഠിക്കണ ചെക്കന്മാരെ കൂട്ടിയിരുത്തി ധ്രുവം പ്രദർശിപ്പിക്കാൻ നോക്കി, പകുതിയിൽ വച്ച് മറവികാരണം പ്രദർശനം നിർത്തിവച്ചു...
സി പി വേഗം വന്ന്  കഥ പറയാൻ അലക്കു മുതൽ പകർത്തിയെഴുത്ത് വരെ ഞാൻ ചെയ്തു കൊടുത്തു. നാലു പ്രേക്ഷകരെങ്കിലും ഇല്ലാതെ സിനിമ തുടങ്ങില്ലെന്ന അതിയാന്റെ വാശി കാരണം എന്റെ മുട്ടയും, മീനും,  ഇറച്ചിയുടെ പീസും കൂട്ടുകാർ കൊണ്ടു പോയി, അവനൊന്നും കഥ കേൾക്കാനല്ല, എന്റെ ഇറച്ചിയിലും മുട്ടയിലും മായിരുന്നു താല്പര്യം. തീയേറ്റർ നിറച്ച്, തീയേറ്റർ ഒരുക്കി, സി പി യെക്കൊണ്ട് ഞാൻ കഥ പറയിക്കും...
അമരം, ജോണിവാക്കർ, കളിക്കളം, നീലഗിരി, ഡാനിയേൽ ഡിസൂസ...
ഇതൊക്കെ എത്ര ത്യാഗം സഹിച്ചാണ് കണ്ടതെന്ന്
ഓർക്കുമ്പോൾ ഇന്നും ചിരിവരും...
സൈന്യം കണ്ടപ്പോൾ എനിക്ക് പൈലറ്റാവാൻ തോന്നി, അതിനെന്തൊക്കെ ചെയ്യണോന്നും സി പി പറഞ്ഞു തന്നു...കൗരവർ കേട്ടപ്പോൾ ഒരു കൊള്ള സങ്കേതം തൊടങ്ങിയാലോന്നായിരുന്നു പ്ലാൻ .അതു കേട്ടപ്പോൾ അതിയാൻ ചിരിച്ച് ചിരിച്ച് കുഴഞ്ഞു...സൂര്യമാനസത്തിലേതു പോലെ പല്ല് മുന്നോട്ട് അതിയാൻ പിടിച്ചത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല...
എന്നെങ്കിലും ഒരിക്കൽ തേയിലച്ചെടി കാണണമെന്നും ഒരു തോട്ടം വാങ്ങണമെന്നും തോന്നിയത് അന്നാണ്.
ദേ ആ ചെക്കൻ അതിയാന്റെ തോളിൽ ചാരിക്കിടക്കുന്നു, എനിക്ക് അസൂയ സഹിക്കാനായില്ല, ഞാൻ എണീറ്റ് ടോയിലെറ്റിലേക്ക് പോയി, തിരിച്ചു വരുമ്പോൾ അതിയാന്റെ മടിയിൽ ആ ചെക്കൻ തല വച്ച് കിടന്നുറങ്ങുന്നു, ഇപ്പോൾ സിനിമ മുഴുവനും അതിയാനൊറ്റയ്ക്ക് ...
അതിയാന്റെ കൈ അവന്റെ തലയിലും കവിളിലും ഊർന്ന് നടക്കുന്നു...
എന്റെ കണ്ണ് നിറഞ്ഞു...
"ഡീ.. സീ പി ടെ കള്ളപ്പെണ്ടാട്ടീ, നെനക്ക് നാണല്ലേടാ നീ ഒരാണല്ലേടാ..." അന്ന് ഇങ്ങനെ ആരൊക്കെ വിളിച്ചാലും തിരിഞ്ഞ് നിന്ന് ദേഷ്യത്തിൽ ഞാനൊന്ന് നോക്കുമെന്നല്ലാതെ, ഉള്ളിൽ ഞാനനുഭവിക്കണ കുളിരൊന്ന് വേറെ ആയിരുന്നു...
ശനിയാഴ്ച്ച 'പൊതു ക്ലീനിംഗിൽ' ഓടയും കക്കൂസും വൃത്തിയാക്കീട്ട് പകുതി ലൈഫ് ബോയ് സോപ്പ് തീരും വരെ അതിയാന്റെ ഒരു കുളിയുണ്ട്. വാതിലിന്റെ വിടവിലൂടെ ഇറങ്ങി വരണ മണം പിടിച്ച് ഞാനങ്ങനെ നിൽക്കും..
പുറത്തിറങ്ങി വരുമ്പോൾ നീണ്ട തലമുടിയിൽ നിന്ന് എന്റെ മുഖത്തേക്ക് തലകുലുക്കി വെള്ളം തെറുപ്പിക്കും...
അപ്പോഴുണ്ടാവണ കുളിര് അന്നത്തെ പ്രദർശനോം കഴിഞ്ഞ് രാത്രി പിന്നിലൂടെ അതിയാൻ  എന്നെ കെട്ടിപ്പിടിച്ച് കിടക്കുമ്പോഴും ഉണ്ടാകും..
ശനിയാഴ്ച്ച ഷോയിൽ എന്റെ വിരൽ അതിർത്തികൊളൊക്കെ ലംഘിക്കും, മറ്റെല്ലാരും കഥയിൽ ലയിച്ചിരിക്കുമ്പോൾ തുടവിട്ട് അതിയാന്റെ വിരിഞ്ഞുവരണ ചൂടിൽ പതിയെ തൊടും, തടവും, അതിയാന്റെ നിയന്ത്രണം വിടാറാകുമ്പോൾ ഷോ പൂർത്തിയാക്കാനായി ഞാൻ വിരൽ പിൻ വലിക്കും..രാത്രി അതിയാന്റെ കൈയിൽ തലവച്ച് കാലുകളിൽ കാൽ കോർത്ത് കിടക്കുമ്പോൾ പുതപ്പിനുള്ളിൽ ആ ചെറു ചൂട് എന്റെ പിൻ ഭാഗത്തുണ്ടാകും. ഞാൻ ചേർന്ന് ചേർന്ന് ഉറക്കം നടിച്ച് കിടക്കും..അതിയാന്റെ വിരലുകൾ എന്റെ നെഞ്ചിലൂടെ ഇഴയുമ്പോൾ ഞാനങ്ങ് വല്ലാതെയാകും...ഉറക്കത്തിലെന്നപോലെ അതിയാന്റെ നെഞ്ചിലേക്ക് തിരിഞ്ഞങ്ങ് കിടക്കും..വേഗത്തിലാകുന്ന അതിയാന്റെ ശ്വാസം ഞാനങ്ങ് വലിച്ചെടുക്കാനായി മൂക്ക് വിടർത്തി വയ്ക്കും...
ഒന്നുരണ്ട് തവണ സാറന്മാരുടെ ഉപദേശവും ചേട്ടന്മാരുടെ പൊതപ്പ് പൊക്കി നോക്കലും ഉണ്ടായിട്ടും, എനിക്കൊരു കൂസലും തോന്നീല.
അതിയാനാണെങ്കിൽ എന്നെ തള്ളി മാറ്റിക്കൊണ്ടിരിക്കും.
ഞാനില്ലാതെ പുതിയ വന്ന ഒരു ചെക്കനുവേണ്ടി "ഷോ" നടത്തിയ ദിവസം എനിക്ക് ചത്താൽ മതിയെന്ന് തോന്നി.
ശീമപ്ലാവിന്റെ മുകളിൽ കയറി താഴേക്ക് ചാടി, കൈ ഒടിഞ്ഞ് മൂന്ന് മാസം പ്ലാസ്റ്ററിട്ട് നടന്നെന്നല്ലാതെ...
സി പി യോടുള്ള പ്രേമത്തിനൊരിടിവും വന്നില്ല...
മൂന്നാം വർഷത്തെ ശ്രമത്തിൽ സി പി പത്തിലേക്കും, ഞാൻ അഞ്ചിലേക്കും ജയിച്ചു...
രാത്രി മതിൽ ചാടി സിനിമാ പോസ്റ്റർ കീറിക്കൊണ്ടു വന്ന് എന്റെ പുസ്തകങ്ങൾ എല്ലാം അതിയാൻ പൊതിഞ്ഞു തന്നു. ..
ബുക്കിലും പുസ്തകത്തിലും മമൂട്ടീന്ന് എഴുതിയ നെയിം സ്ലിപ്പും ഒട്ടിച്ചു..
അത്തവണത്തെ എസ്കർഷന് ചർദ്ദിക്കുന്നതിന്റെ പേരിൽ എന്നെ കൂട്ടീല, സി പിയും പോയില്ല...
എല്ലാരും പോയപ്പോൾ അടുക്കളയിൽ ചെന്ന് "കുക്ക് ഐസക്ക് ന്യൂട്ടന്റെ  " ബീഡി യെടുത്ത് വലിച്ച് എന്റെ മുഖത്തേക്ക് പുകയൂതി വിട്ടൂ,  ഞാൻ ചോദിച്ചപ്പോൾ...
"ഇതുപോലെ വലിച്ചാൽ തത്തേടെ ചുണ്ട് കറുക്കും" എന്നു പറഞ്ഞ് ചുണ്ടിൽ ഒരു ഞരട് വച്ച് തന്നു...
അന്ന് ഒന്നിച്ച് കുളിച്ചു, ഞാനതിയാന് സോപ്പിട്ട് കൊടുത്തൂ...
പൈപ്പിന്റെ ചുവട്ടിൽ ചേർന്നിരുന്നു...
അതിയാന്റെ ചൂട് വെള്ളത്തിന്റെ തണുപ്പിലും ഞാനറിയുന്നുണ്ടായിരുന്നു. 
വൈകിട്ട് സെക്ക്യുരിറ്റീടെ കണ്ണുവെട്ടിച്ച് മതിലുചാടി എന്നെ ആദ്യായിട്ട് സി പി  പുറത്തുള്ള തീയേറ്റർ കാണിച്ചു തന്നു...
അടുക്കളയിൽ നിന്ന് എടുത്ത അലുമിനിയം അടപ്പുകൾ ചവുട്ടി ചളുക്കിയതും പാലിന്റെ കവറും പത്രോം ആക്രിക്കടയിൽ കൊടുത്ത് ജീവിതത്തിലെ ആദ്യ സിനിമ കാണാൻ ഞങ്ങളെത്തി...
ജർമ്മൻ നാസി നേതാവ് നാടിനെ സ്നേഹിച്ചതു പോലെ  സ്വന്തം പെങ്ങന്മാരെ സ്നേഹിച്ച ഹിറ്റ്ലർ മാധവൻ കുട്ടിയുടെ കഥ ഏറ്റവും മുൻ നിരയിലിരുന്ന് ഞങ്ങൾ കണ്ടു...
സന്തോഷം സഹിക്കാനാകാതായപ്പോൾ അതിയന്റെ കവിളിൽ കടിച്ചൊരുമ്മ ഞാനങ്ങ് കൊടുത്തു...
തുടയിലെ പുണ്ണിൽ വിരലുതൊട്ട് ഞാൻ ചുണ്ടിൽ വച്ചു..
ആ സന്തോഷമൊക്കെ തീയേറ്ററിന്റെ പുറത്ത് കാത്തു നിന്ന പത്ത് ബീ യിലെ കോളനി ചെറുക്കന്മാർ ഇല്ലാതാക്കി. സ്കൂളിലെ കലിപ്പ് അവന്മാർ തീയേറ്ററിന്റെ മൂത്രപ്പുരയിലിട്ട് തീർത്തു...
മുഖത്തും ചുണ്ടിലും ചോരയൊട്ടിയ മുഖവും മൂത്രം മണക്കുന്ന ശരീരവുമായി തലകുനിച്ച് സി പി  നടക്കുമ്പോൾ പിന്നാലെ ഞാനും കണ്ണു നിറച്ച് നടന്നു....
അന്ന് രാത്രിയാരും മിണ്ടീല. ഞാൻ തിരിഞ്ഞു കിടന്ന  സി പി യെ കെട്ടിപ്പിടിച്ച് കിടന്നു...
ഒരു ദിവസം സ്കൂള് വിട്ടു വരുമ്പോൾ സി പി ബാഗും തൂക്കി പോകുന്ന കണ്ടു...
എന്നെ കണ്ടതും നെറ്റിയിൽ ഒരുമ്മ തന്നു...
എവിടേക്കാണെന്ന് ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല..
പിന്നീട് അവിടെ സിനിമ പ്രദർശനം നടന്നിട്ടില്ല. ആകെ കേട്ടത് കുക്ക് ഐസക്ക് ന്യൂട്ടന്റെ  ഭാര്യയും സി പി യും തമ്മിലുള്ള ചില കഥകളും, അടുക്കളയിലെ പാത്ര മോഷണവും, പിന്നെ എന്നെ ചേർത്തുള്ള കഥകളുമാണ്...
വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ വീട്ടിലെ ടാപ്പിംഗ് തൊഴിലാളിയുടെ വേഷത്തിലെ സി പി എന്നെ തിരിച്ചറിഞ്ഞേയില്ല...
പാമ്പുകടിയേറ്റ് മരിച്ച സി പിയ്ക്ക് കണ്ണൂരിൽ ഒരു മകളുണ്ടെന്ന് കേട്ടിട്ടാണ് ഭാര്യ വീട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചിതാഭസ്മവുമായി തീവണ്ടി കയറിയത്..
കണ്ണൂർ അവരെ കണ്ടാലും ഇല്ലെങ്കിലും...
ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം , ബലിയിടണം.
എന്നിട്ട് ആറളത്ത് സാഹിത്യ അക്കാദമി  നടത്തുന്ന കഥാ ക്യാമ്പിലേക്ക് പോകണം. ഒരു ജീവനുള്ള കഥ വായിക്കണം.
മുകളിലെ ബെർത്തിൽ ഞാൻ ചിതാഭസ്മം വച്ചിരുന്ന ബാഗ് ചേർത്തുപിടിച്ച് കിടക്കുമ്പോൾ തീവണ്ടി വല്ലാതെ ഉറക്കെ കരയുന്നുണ്ടായിരുന്നു.
ആ കരച്ചിലിന്റെ ഓളങ്ങളൊന്നും ആ ചെക്കന്റെ ചെവിയിലെത്തിയിട്ടുണ്ടാകില്ലല്ലേ....?!!

മരിച്ചവന്റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ
മഹേന്ദർ
എഫ് ബിയിൽ പുതുതായിട്ടൊരു
പോസ്റ്റ് പോലെ
ഒരു വീട്ടുമുറ്റത്ത്
അവൻ മരിച്ചു കിടക്കുന്നുണ്ട്
ലൈക്ക് അടിയ്ക്കുംപോൽ
ലളിതമായി,
റീത്തു വച്ച് പോകുന്നു
പലർ.
ചിലരെങ്കിലും
മന്ദ്രസ്ഥായിയിൽ
കമന്റുന്നുണ്ട് എന്തൊക്കെയോ.
അവനും അവരുമായുള്ള
അവസാന ചാറ്റിനെക്കുറിച്ചെന്ന പോലെ
രഹസ്യാത്മകമായ
എന്തോ.
ഇടയ്ക്കിടെ
കാരണവരെന്ന് തോന്നിച്ചൊരാൾ വീട്ടിനകത്ത് നിന്നും
അവനരികിൽ വന്ന്
തിരിച്ച് പോകുന്നുണ്ട്.
റീത്തുകളുടെ എണ്ണമെടുക്കുകയാവും.
ഒരു നിശ്ചിത ടാർജറ്റ്
എത്തിയാൽ
ശ്മശാനത്തേയ്ക്ക്
എടുക്കാനാവും.
ചുറ്റും കൂടി നിൽക്കുന്നവരുടെ
ദൈനംദിന ചർച്ചകളിൽ
അവനിപ്പോൾ
മുങ്ങിപ്പോകുന്നുണ്ട്.
ബസ്സ് ചാർജ്ജ് വർദ്ധനവിലും
ഇൻ കം ടാക്സ് സംശയങ്ങളിലും
അവനെ അവർ
പാടെ മറന്ന് പോകുന്നുണ്ട്
വൈകിയെത്തിയ ഒരാൾ വന്നടിയ്ക്കുന്ന
ലൈക്കിൽ 
അവിടെക്കൂടിയിരിക്കുന്നവരുടെ
ശ്രദ്ധയിലേയ്ക്ക്
വീണ്ടും പൊങ്ങി വന്നേയ്ക്കാമെന്നൊരു
പ്രതീക്ഷ
അവന്റെ മുഖത്ത്
എനിക്കു മാത്രം
വായിക്കാനാവുന്നുണ്ട്.
അവൻ
എന്നെപ്പോലെ ആരോ
എഴുതി പരാജയപ്പെട്ട
ലൈക്കുകൾ കുറവായ
ഒരു കവിതയാണല്ലോ
എന്നും.

സ്റ്റാഫ് റൂമിൽ ഒരു കവിത വിരിയുമ്പോൾ
അജയൻ നെയ്യാർ
സ്റ്റാഫ് റൂം ചിലപ്പോൾ
ഒരു കവിതയാവും
അക്ഷരങ്ങൾ ചേർന്ന് വാക്കുകളായി
വാക്കുകൾ ചേർന്ന് വാചകങ്ങളായി
കലമ്പലായി
സംഗീതമായി
താളവും ശ്രുതിയും ചേർന്ന്
മനോഹര കവിത
ഉടഞ്ഞു ചിതറുമെങ്കിലും
തലകെട്ടില്ലാത്ത
അക്ഷരത്തെറ്റ് കാണുമെങ്കിലും
ചിലപ്പോൾ സ്റ്റാഫ് റൂം
ആകാശം പോലെയാണ്
വെണ് മേഘശകലങ്ങൾ
നീന്തുന്നിടം
നക്ഷത്രങ്ങൾ തിളങ്ങുന്നിടം
നിലാവൊഴുകുന്നിടം
ചകോര പക്ഷി പാറുന്നിടം
ഇടിവെട്ടൊച്ച കേൾക്കുമെങ്കിലും
മിന്നെ ലൊളി തൂവുമെങ്കിലും
കാർമേഘത്തുണ്ട് വിതുമ്പിക്കരയുമെങ്കിലും
അല്ല
ഒരു പൂന്തോട്ടമാണ് സ്റ്റാഫ് റൂം
പൂക്കൾ വിരിഞ്ഞു നിൽക്കുന്നു
പലനിറങ്ങളിൽ
പല രൂപങ്ങളിൽ
ഒരേ സുഗന്ധം
ഒരേ താളം
ഒരേ ചാഞ്ചാട്ടം
അടർന്നു വീഴുന്നുവെങ്കിലും
വേലി തിരിക്കുന്നുവെങ്കിലും
കീടം തുളയ്ക്കുന്നുവെങ്കിലും
തിരക്ക് പിടിച്ച തെരുവാണ്
സ്റ്റാഫ് റൂം
അവിടെ
വഴിവിളക്കിന്റെ വെട്ടമുണ്ട്
സ്‌റ്റോപ് കാട്ടുന്ന പോലീസുണ്ട്
തണലും തണുപ്പും നൽകുന്ന
തുരുത്തുകൾ ഉണ്ട്
കാത്തിരിപ്പു കേന്ദ്രമുണ്ട്
ഒരേ ലക്ഷ്യത്തിലേക്ക്
പായും യാത്രയുണ്ട്
അനാഥരുടെ കണ്ണീരുണ്ടെങ്കിലും
മലിന വാക്കിൻ ചാലുണ്ടെങ്കിലും
സെൽഫി കൂട്ടങ്ങളുണ്ടെങ്കിലും
ശെരിക്കും സ്റ്റാഫ് റൂം
ഒരു
നാടകവേദിയല്ലേ
കാണാം
രാമായണ പരിത്യാഗം
കേൾക്കാം
കൃഷ്ണദൂത്
ചിലമ്പുടച്ച കണ്ണകിയെ
ക്ലിയോപാട്രയെ
നോറ യെ
അന്ന കരി നീനയെ
അമ്മയെ :....
അണിയറയിലെ നേർത്ത
നീലവിരിപ്പ് മാറ്റിയാൽ
കാണാം
ചമയമഴിച്ച്
ആരും കാണാതെ
ഒന്നും പറയാതെ
കരയുന്നവരുടെ
ഏങ്ങലടികൾ
പിന്നെ
മുഖം മിനുക്കി
അരങ്ങിലെത്തുന്ന
കൈത്തഴക്കം
വലം കാലിലെ മന്ത്
ഇടം കാലിലാവുമെങ്കിലും
ചിതറിയ കല്ലുകൾ
മുകളിലേക്കുരുട്ടുമെങ്കിലും


വേരുപറിയുന്ന ഞാൻ
ദീപ കരുവാട്ട്
അഗ്നി നീ
നിന്നിലുരുകും കർപ്പൂരം ഞാൻ
എന്റെ ഗന്ധത്തിൽ പടരും 
കാറ്റ് നീ
കാറ്റിൻ
കയ്യിലലയും പരാഗം ഞാൻ

പരാഗത്തിലടരുന്നൊ-
രീയുഷ്ണരേണുക്കൾ നീ
ഞാനതിന്നൂർജ്ജതാളം 
താളത്തിലൊട്ടിയടരും വേർപ്പുതുള്ളി 
നീ, 
യതിൻ നിശ്വാസമാവേഗ
സ്വേദകണ ജീവൻ ഞാൻ
ആ ജീവന്റയൊരു പാതി നീ
മറുപാതി ഞാൻ
ഒരു പാതി മറുപാതി
ഒരു സത്യം മറുസത്യം ചേർന്ന - നാമെന്നൊരൊറ്റസത്യം
എന്നിൽ ജ്വലിക്കുന്ന സൂര്യനും ,
കാട്ടുതീപ്പോൽ പടരും പ്രണയവും നീ
നീയാം വറ്റിവരണ്ട ചോല തൻ
ജടയിലൂടൂർന്നിറങ്ങും 
ജലധാര ഗംഗ ഞാൻ
എന്റെ മൂർച്ചയേറിയ വാക്കേ,
കവിതയേ -
ഉള്ളുനുരഞ്ഞുപൊന്തുന്ന ലഹരിയിൽ
യെൻറെയുള്ളിൽ നിറഞ്ഞാടും
ചിരന്തനോന്മാദമേ
എന്നെയടക്കി ഭരിക്കുക 
കുളിർ മഞ്ഞിനെ
അഗ്നിയെന്ന പോൽ
തഴുകിത്തലോടിയസ്തമിപ്പിക്കുക!

























താരാട്ടുപാടുന്ന വീട്
ഉമ്മുൽ ഫിദ
 എപ്പോഴാണവൾ യാത്ര തുടങ്ങിയതെന്നറിയില്ല.! മറന്നുപോയ വഴികളിലൂടെ തിരികെ നടക്കുക പ്രയാസമാണ്  ! മറഞ്ഞു പോയ മുഖങ്ങളും മറക്കാതെ മറന്ന  മുഖങ്ങളും വരക്കാൻ അസാമാന്യ ചങ്കുറപ്പു വേണം......അവൾ നടക്കാൻ തുടങ്ങി...... തിരുശേഷിപ്പിന്റെ ഇടങ്ങൾക്കിടയിലൂടെ .. !                 
    ആകാശത്തെ തൊടാൻ ആവേശത്തോടെ ഉയർന്ന പാരിജാതത്തിന്റെ ഉയരങ്ങളിലേക്ക് അവൾ നോക്കി നിന്നു. പൂങ്കുലകളിലെ പാരിജാതപ്പൂക്കൾ, നിലത്തു പരന്നിരുന്നു. പൂവാകയുടെ സിന്ദൂരച്ചുവപ്പിൽ പാരിജാതത്തിന്റെ സുഗന്ധം  അലിഞ്ഞു ചേർന്നു .
ഇരുട്ടു പതുങ്ങിയിരിക്കുന്ന അകത്തളങ്ങൾ, പകലു പോലും  പേടിച്ചോടിയിരുന്ന 'ഇരുട്ടുമുറി'ക്ക് മുന്നിലൂടെ അവൾ പതുക്കെ നടന്നു..... കൂടെ 'നിമ്മു ' വും 'ഡിഫു' വും. പേടിപ്പെടുത്തുന്ന കഥകൾ പേറുന്ന ഇരുട്ടുമുറിക്കകത്ത് കുട്ടികളാരും കടക്കാറില്ലായിരുന്നു.ഏതോ പടയോട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി ഇന്നും പടിഞ്ഞാറേ മുറിയുടെ മച്ചിൽ  തുരുമ്പിച്ച  ഒരു വാളുണ്ട്. വടിക്കിമ്മാടെ  കഥകളിലെന്നും വാളിന്  വീരപരിവേഷം ഉണ്ടായിരുന്നു .വാളുക്കണ്ടു പേടിച്ച് ,എത്ര കാലം ഉറക്കം വരാതെ  കിടന്നിട്ടുണ്ട്!.
          വൈധവ്യത്തിന്റെ വേദനകളെ    തണൽ  മരങ്ങളായി മാറ്റിയ വടിക്കിമ്മ!  അവ തേൻ മരങ്ങളായി തിങ്ങിനിരന്നു. ഹരിതാഭമായ ലോകം തീർക്കാൻ വൈധവ്യം വഴിപ്പെടുകയാണുണ്ടായത് .  'പെട്ടിപ്പാട്ടി'ന്റെ ഈണങ്ങൾക്ക്   അപൂർവ്വമായി അവർ കാതോർത്തിരിന്നു !  
"വലിപ്പാക്ക് തൃപത്യായ പാട്ടാ" യെന്ന ആത്മഗതങ്ങളിൽ നടന്നകലുന്ന നേർത്ത രൂപം.... നോക്കൂ 
മത്താരണകളിലൂടെ കാണുന്ന മാവിൻച്ചോട്ടിൽ അണ്ണാറക്കണ്ണന്റെയും കുട്ടികളുടെയും കളിയാട്ടങ്ങളാണ്, തീരാത്ത 'കണ്ണുപൊത്തി' കളിയുടെ മധുരമായ മാങ്ങാക്കാലം ! ബാലനും ഉണ്ണിയും തേങ്ങ പെറുക്കുന്നുണ്ട്, പാത്തു മാമാന്റെ വെറ്റില കൂനക്കു ചുറ്റും കൂടി നിന്ന് അവർ അടക്കം പറഞ്ഞതെന്താ? അവൾ കൗതുകം കൊണ്ടു.
മഞ്ഞുക്കാലത്ത് ചപ്പില കത്തിച്ചു തീക്കാഞ്ഞാവരെല്ലാം പറന്നുയർന്നത് സ്വാപ്നങ്ങളിലായിരുന്നില്ല!
ഇലഞ്ഞി പൂക്കളുടെ മണം ഉയർന്നു  പരന്ന തട്ടകത്ത് ഇരുന്നാൽ നിങ്ങൾ കേൾക്കുന്നത് അമ്പലപ്രാവുകളുടെ കുറുകലുകളാണ്., 'അക്കുത്തിക്കുത്താന വരങ്കുത്ത്............
നൂറു കൊള്ളി വെറകു വെച്ചിട്ടും കായാത്ത അപ്പച്ചട്ടി 'ക്കു മുന്നിൽ തപസ്സിരിക്കുന്ന അന്തികൾ . കുഞ്ഞിക്കഥകൾ കൂട്ടായി വന്നു ഉറക്കിയിരുന്ന രാവിൽ  കിനാവു കണ്ടു കരഞ്ഞത്..... ഉപ്പയെ കാണാനല്ലേ? ! ചെമ്പരത്തിപ്പൂവിന്റെ ഛേദം വരച്ച പുസ്തകത്താളിലേക്ക് നോക്കി അറിയാത്ത അക്ഷരങ്ങളിൽ ഒളിച്ചിരുന്ന കഥയറിയാൻ കൊതിയോടെ കാത്തിരുന്ന കാലമെത്ര! 
          പൊടി പിടിച്ച അലമാരകളിലും മച്ചുകളിലും അവളുടെ കൈകൾ അരുമയോടെ  തഴുകാൻ തുടങ്ങി. കാൽപ്പെട്ടികളിൽ അടുക്കി വച്ച മൃദുലമായ തുണിതരങ്ങളിലെ ചക്രത്തിന്റെയും പല്ലുകളുടെയും ചിത്രവേലകൾ ! ഹൃദയം നിറഞ്ഞു കവിയുന്നു , വാക്കുകൾ നിസ്സഹായതയോടെ നനഞ്ഞു    കുതിരുന്നത് അവളറിഞ്ഞു.  . മെരുങ്ങാത്ത കൈവിരലുക്കൊണ്ട്, വണക്കത്തിന്റെ അക്ഷരങ്ങൾ വരഞ്ഞതും,പൂച്ചമാമടെ 'ലുക്കി' ലുള്ള 'മ' യെ നാണക്കേട് കൊണ്ട് ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചതും  ഇവിടെ വച്ചല്ലേ?
വെറ്റിലയുടെയും കൊക്കൊകാപ്പിയുടെയും ഇടയിലുള്ള ചാലുകളിലെ നനഞ്ഞ മണ്ണിൽ കാലമർത്തി നടന്നു, നനഞ്ഞ  മണ്ണ് വാരി കളിച്ചു. ബദാം മരത്തിലിട്ട ഊഞ്ഞാലേറി ആകാശത്തെ തൊടാൻ കാലുകൾ നീട്ടി. നിറഭേദങ്ങളിൽ മിനുമിനുത്ത മിഠായികളിൽ , തിളങ്ങുന്ന കടലാസുകളിൽ പൊതിഞ്ഞ അലിയുന്ന മിഠായികളിൽ ചിരിതൂകിയ പുലരികൾ ! എന്നിട്ടും 'ഓത്തി ' നു  പോകാൻ കൂട്ടാക്കിയില്ല! നുറുങ്ങു നുണകളുടെ പരാതികൾക്കു മുന്നിൽ കൊമ്പനായ 'കുഞ്ഞമ്മായി'പാപ്പ പോലും പിൻവാങ്ങി തലചൊറിത്തു !കുഞ്ഞി പാദസരങ്ങളുടെ ആരവങ്ങളിൽ  ഉയർന്ന കളികളിൽ ചിരികളലിഞ്ഞു.ഗിറ്റാറിലും ഹാർമോണിയത്തിലും കേൾപ്പിച്ച 'സരിഗമപനിസ'യുടെ അലകൾ എപ്പോഴും കണ്ടുപിടിക്കുന്ന അമ്മാളു ! എത്ര  നുള്ള്    വാങ്ങിട്ടുണ്ട് ! പൊന്നുരുക്കുന്ന 'കുഞ്ഞിമങ്കു' നോട് കല്ല്യാണത്തിന് കൈനിറയെ വള വേണമെന്ന് പറഞ്ഞു ഓടി മറഞ്ഞിട്ടില്ലേ?..  പാഞ്ഞു പോകുന്ന കണ്ണുകൾ, കണ്ണുപൊട്ടിയ ചില്ലുപ്പാളിയിൽ തടഞ്ഞു നൊമ്പരപ്പെട്ടു. ആളനക്കങ്ങളൊന്നുമില്ലാതെ മൂകയായ നിനക്ക്, ഓർമ്മിക്കാൻ ആരവങ്ങളേയുണ്ട്, എനിക്കും !  ഇടക്കെല്ലാം ഞാൻ വരും വെറുതെ നിന്റെ മുഖത്ത് ചിത്രം വരക്കാൻ എന്നിട്ട് അടി വാങ്ങണം
       കടലാസു പൂക്കൾ കൊണ്ട് തോരണം ചാർത്തിയ പടിയിറങ്ങി അവൾ ചെറ്റാലിയിലേക്ക് നടന്നു , ജിന്നുകളും ബ്രഹ്മരക്ഷസ്സുകളും കൈപ്പിടിച്ച് ഖിസ്സ പറഞ്ഞ ' ചെറ്റാലി യിലേക്ക്,  കിനാവിന്റെ പുതിയ ആകാശങ്ങളും  കർമ്മങ്ങളുടെ  ഭൂമികയും തേടി.....