10-12

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ഡിസം 4 മുതൽ 9 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് )വെള്ളി, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഈയാഴ്ച മുതൽ ഗ്രൂപ്പിൽ 2 പുതിയ പംക്തികൾ കൂടി കടന്നു വന്നിരിക്കയാണ് ..
പ്രൈം ടൈമിലല്ലാതെ കടന്നു വരുന്ന പ്രകാശഗോപുരം എന്ന പംക്തി എക്കാലത്തെയും മികച്ച കലാ-സാഹിത്യ - സാംസ്ക്കാരിക പ്രതിഭകളെ പരിചയപ്പെടാനും പങ്കുവെയ്ക്കാനും സഹായകമാകുന്ന പംക്തിയാണ് ...
പാഠഭാഗങ്ങളുടെ വിശകലനത്തിനായുള്ള പംക്തിയാണ് പാഠത്തിലൂടെ .ബഹുമാന്യ ഗ്രൂപ്പംഗങ്ങൾ ഈ പംക്തികളെ നന്നായി ഉപയോഗിക്കുമല്ലോ ..

നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

🌹 തിങ്കൾ 🌹
       ഗ്രൂപ്പിന്റെ സർഗതാളലയമായ സർഗസംവേദനംഅൽപം വെെകിയെങ്കിലും 8.05ന് തുടങ്ങി.(ജില്ലാകലോത്സവ ഭക്ഷണകമ്മിറ്റിയുടെ അമരക്കാരന്റെ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലും പംക്തി മുടക്കാത്തതിൽ അനിൽമാഷിന് അഭിനന്ദനങ്ങൾ 💐💐)

📚 മജീദ് അത്തോളിയുടെ പേരില്ലാ സമാഹാരത്തിലെ പേരില്ലാ കഥയിലെ യൂദാസ് എന്ന കൃതിക്ക് ഫെെസൽബാവ തയ്യാറാക്കിയ വായനക്കുറിപ്പാണ് മാഷ് പോസ്റ്റ് ചെയ്തത്. ശരിയുടെ പക്ഷമായ മനുഷ്യനും ശത്രുപക്ഷമായ പാമ്പും തമ്മിലുള്ള അവിശ്വസനീയമായ ബന്ധം ഈ കഥയിലൂടെ പറയാൻ കഥാകാരൻശ്രമിക്കുന്നു.മുത്തശ്ശിക്കഥകളിൽ പാതിരായാത്രയിൽ യക്ഷിയാണ് ചുണ്ണാമ്പു ചോദിച്ച് കൂടെ കൂടുന്നത്.ഈ കഥയിലാകട്ടെ കൂടെവരുന്നത് രാജവെമ്പാലയാണ്.ക്രമേണ സുദൃഡമായിത്തീർന്ന സൗഹൃദത്തിനൊടുവിൽ വികാരം വിവേകത്തെ കീഴടക്കുകയും പാമ്പ് തന്റെ വർഗസ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്നു.വായനക്കാരന് ഈ ഒരു തീമിനെ ആനുകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി പല രീതിയിൽ വ്യാഖ്യാനിക്കാം.

🔴ശിവശങ്കരൻ മാഷ് അഭിപ്രായം രേഖപ്പെടുത്തി. 


🅾തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 20ാം ഭാഗം പോസ്റ്റ് ചെയ്തു. തെയ്യക്കാവുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയായിരുന്നു ആ പോസ്റ്റ്. ഇതു വായിച്ചു കഴിഞ്ഞപ്പോൾ ഒരു സംശയം തെയ്യമാണോ തെയ്യക്കാവുകളാണോ എണ്ണത്തിൽ മുമ്പൻ🤔


🖼🖼 ചൊവ്വ 🖼🖼

ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയത്തിൽ 55 മത് ദൃശ്യകലയായി പ്രജിത ടീച്ചർ അവതരിപ്പിച്ചത് നമുക്ക് ഏറെ സുപരിചിതമായ ദഫ് മുട്ട് ആണ് ...

നബിതിരുമേനിയുടെ ജൻമദിനമായ നബിദിനം ആഘോഷിക്കുന്ന വേളയായതിനാലും സ്ക്കൂൾ കലോത്സവങ്ങളുടെ സമയമായതിനാലും ടീച്ചറുടെ തെരഞ്ഞെടുപ്പ് ഏറെ പ്രസക്തമായി എന്നു പറയാം

📕 ഇസ്ലാം മത വിശ്വാസികൾക്കിടയിൽ ഏറെ പ്രചാരമുള്ള ദഫ്മുട്ട് എന്ന കലാരൂപത്തെ കുറിച്ച്  അവതരണ രീതി ,ചരിത്രം എന്നിവയുൾപ്പെടെ സമഗ്രമായ വിവരണവും നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയത് ഏറെ പ്രയോജനകരമായി ..

🔵 സീത ,രവീന്ദ്രൻ ,ഗഫൂർ ,രജനി എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...

🔲 പ്രമോദ് മാഷിന്റെ ആവശ്യപ്രകാരം ദഫ് മുട്ടും അറവനമുട്ടും തമ്മിലുള്ള താരതമ്യ പഠനവും പ്രജിത ടീച്ചർ ഉൾപ്പെടുത്തി

🔴 അപ്പോഴേക്കും ഭൂജംഗപ്രയാതത്തിൽ ഒരു രസികൻ ശ്ലോകവുമായി നമ്മുടെ ശ്ലോകറാണി കല ടീച്ചർ ഓടിയെത്തി.

😁 ഹമീദ് മാഷുണ്ടോ വെറുതെ നിൽക്കുന്നു .. കല ടീച്ചർക്ക് മറുപടിയായി നതോന്നതയിൽ ഒരു പിടിയങ്ങു പിടിച്ചു ...
പ്രജിത ആ പിടികെ ശബ്ദമാക്കിയും മാറ്റി ....

ചുരുക്കിപ്പറഞ്ഞാൽ ദ്യശ്യകല ഗംഭീരമായി 


📚 തുടർന്ന് പ്രവീൺ മാഷിന്റെ ദിന പംക്തികളായ സാഹിത്യ വാരഫലവും തെയ്യ പഠനവും അരങ്ങിലെത്തി


📚 ബുധൻ 📚
       കലോത്സവത്തിരക്കിൽ പെട്ടുപോയതിനാൽ നെസിടീച്ചർ ലോകസാഹിത്യം 6.58ന് എളുപ്പവഴിയിൽ(ഞാൻ പറഞ്ഞതല്ലട്ടോ,നെസിടീച്ചർ തന്നെ പറഞ്ഞതാണേ)പോസ്റ്റ് ചെയ്തു.
പംക്തി മുടങ്ങാതിരിക്കാൻ ടീച്ചർ കാണിച്ച ആത്മാർത്ഥത യ്ക്ക് സ്നേഹാഭിവാദ്യങ്ങൾ🌹 

ഹെന്റി ഡേവിഡ് തോറോഎന്ന അമേരിക്കൻ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ പ്രശസ്തമായ വാൾഡൻ എന്ന കൃതിയെയുമാണ് ടീച്ചർ പരിചയപ്പെടുത്തിയത്. കാട്ടിലേക്കുള്ള പിൻമടക്കം പ്രമേയമായി വരുന്ന വാൾഡന്റെ പരിചയപ്പെടുത്തൽ നന്നായി.ഓരോ വരിയിലും അൽപം വിശ്രമിച്ചു മാത്രമേ ആ കൃതി വായിച്ചു തീർക്കാൻ കഴിയൂ.

☺തിരൂർ മലയാളംകാർ അധികവും കലോത്സവത്തിരക്കിൽ ആയതിനാലാകും ഇടപെടലുകളോ കൂട്ടിച്ചേർക്കലോ ഉണ്ടായില്ല.

🔲തുടർന്ന് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 22ാം ഭാഗം പ്രവീൺമാഷ് പോസ്റ്റ് ചെയ്തു. കരിവെള്ളൂർ,ചീമേനി,ചെറുപുഴ,ചെറുവത്തൂർ,കാസർഗോഡ് എന്നീ സ്ഥലങ്ങളെ ഈ ലേഖനത്തിൽ പരിചയപ്പെടാൻ കഴിഞ്ഞു.
വാസുദേവൻമാഷ് കഴിഞ്ഞയാഴ്ച പറഞ്ഞത് ശരിയാ_വടക്കോട്ട് ചെന്നാൽ നമ്മളേം പിടിച്ച് തെയ്യങ്ങളാക്കികളയും.അത്രയ്ക്കുമുണ്ട് കാവുകൾ.വെറുതെയല്ല കാസർഗോഡിനെ തെയ്യത്തിന്റെ നാട് എന്നു പറയുന്നത്.


🌏 വ്യാഴം 🌏
       

നാടകലോകത്തിന്റെ 11ാം ഭാഗമായി വിജുമാഷ് പരിചയപ്പെടത്തിയത്  കാർണിവൽ ആഘോഷസംസ്ക്കാരവുംമതപരമായ ആശയങ്ങളും സാമൂഹികജീവിതത്തിന്റെ ഹാസ്യമാനങ്ങളും ഇടകലർന്നു വികസിച്ച ജർമനിയിലെ നാടകവേദിയെക്കുറിച്ചാണ്.15ാം നൂറ്റാണ്ടിലെ നാടകകലകളുടെ വികാസം, ജോഹൻ ക്രിസ്റ്റോഫ്,കരോളിൻ ന്യൂബർതുടങ്ങിയ നാടകകൃത്തുക്കളുടെ ഉദയം, 19ാംനൂറ്റാണ്ടിലെ സംസ്ക്കാരത്തിന്റെ മുഖ്യ പ്രചരണോപാധിയിയുള്ള നാടകത്തിന്റെ മാറ്റം, നാടോടി പാരമ്പര്യത്തിന്റെ രസകരമായ അംശങ്ങൾ ഉൾച്ചേർന്നപ്പോൾ  20ാം നൂറ്റാണ്ടിൽ നാടകവേദിക്ക് വന്ന മാറ്റം, 1912ലെ നോബേൽ സമ്മാനജേതാവായ ജർഹാർട്ട് ഹോപ്ട്മാൻഎന്ന നാടകകൃത്ത്,പോരാതെ നൂറോളം നാടകകൃത്തുക്കളുടെ നീണ്ട ലിസ്റ്റ്,എപ്പിക് തീയേറ്റർ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ  ബെർടോൾഡ് ബ്രെഹത്....എന്നിവ സമഗ്രവും സമ്പൂർണവുമായി പ്രതിപാദിക്കാൻ വിജുമാഷിന് സാധിച്ചു👌👌.

☺ജില്ലാകലോത്സവത്തിരക്ക് പ്രെെംടെെം ചർച്ചകളെ ബാധിച്ചു.
ബ്രെഹതിനെയും അദ്ദേഹം രൂപം നൽകിയ എപ്പിക് തീയേറ്ററിനെയും കുറിച്ചുള്ള ലേഖനം പ്രജിത കൂട്ടിച്ചേർത്തു. 

📚10.54ന്  സാഹിത്യ വാരഫലം,തുടർന്ന് തെയ്യങ്ങളുടെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിക്കുന്ന  തെയ്യങ്ങളിലൂടെഎന്നീ മാസ്റ്റർപീസ്  പംക്തികളുമായി പ്രവീൺ മാഷ് എത്തി.തുലാം 1ന് തെയ്യങ്ങളുടെ വരവിന് തുടക്കം കുറിക്കുന്ന വലിയ വളപ്പിൽ ചാമുണ്ഡിത്തെയ്യം,തുലാം 10 ലെ വിഷകണ്ടൻതെയ്യം തുടങ്ങി (കഴിഞ്ഞ 3എപ്പിസോഡുകളിലായി 462ോളം തെയ്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു),പെരുങ്കളിയാട്ടം,സവർണത്തെയ്യം,അവർണത്തെയ്യം,(ഈ തെയ്യങ്ങൾക്ക് പേരിടുന്നതും വ്യത്യസ്തതയോടെ🤔),വ്യത്യസ്ത ജാതിക്കാരുടെ കൂട്ടായ്മയായി മാറുന്ന തെയ്യക്കാവുകൾ......ഇങ്ങനെ വിഭവസമൃദ്ധമായ സദ്യകഴിച്ചെങ്കിലും എനിക്കതിലേറെ ഇഷ്ടായത്  ചങ്ങാതിത്തെയ്യങ്ങളെയാണ്.


💽💽  വെള്ളി  💽💽

വെള്ളിയാഴ്ച സംഗീത സാഗരത്തിൽ തിരക്കുകൾക്കിടയിലും രജനി ടീച്ചർ' ഭജന 'യുമായെത്തി... 

🔔ഭജൻ എന്ന ഭക്തി സംഗീത സമ്പ്രദായത്തെയാണ് വീഡിയോ ലിങ്കുകൾ സഹിതം പരിചയപ്പെടുത്തിയത്, 

📕പ്രജിത ടീച്ചറാകട്ടെ സന്ദർഭോചിതമായി കൂട്ടിച്ചേർക്കാൻ ഭജനയെക്കുറിച്ചൊരു ലേഖനവും യേശുദാസിന്റെ വീഡിയോ ലിങ്കുമായെത്തി സംഗീത സാഗരത്തെ പോഷിപ്പിച്ചു......

🔵രജനി ടീച്ചർ, സീതാദേവി ടീച്ചർ, തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി,,,,,

📚 തുടർന്ന് പ്രവീൺ മാഷിന്റെ സാഹിത്യ വാരഫലവും തെയ്യം പഠനവും


📚 ശനി  📚

ശനിയാഴ്ച നവസാഹിതിയിൽ അവതാരകയായ സ്വപ്ന ടീച്ചർ പുതു രചനകളുമായി പ്രൈം ടൈമിനെ സമ്പന്നമാക്കി ..

 സതീഷ് മാഷ്, "PP രാമചന്ദ്രന്റെ സൈക്കിൾ ചവിട്ടാൻ " എന്ന കവിതയും, സ്വപ്ന ടീച്ചർ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ "ഷഹ്‌റസാദിന്റെ പൊയ്മുഖങ്ങൾ വില്പനയ്ക്ക് " എന്ന കവിതയും സ്വപ്ന ടീച്ചർ "ഷീലാ റാണിയുടെ പെൺക്രിസ്തു " എന്ന കവിതയും "വിനോദ് ആലത്തൂരിന്റെ വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ് " എന്ന കവിതയും വാസുദേവൻ മാഷ് "ദീപ കരുവാട്ടിന്റെ അവൾ അഥീനി ദേവി " എന്ന കവിതയും പരിചയപ്പെടുത്തി നവ സാഹിതിയെ ഗംഭീരമാക്കി......

🔴മിനി ടീച്ചർ, നവാസ് മാഷ്, സ്വപ്ന ടീച്ചർ, അനിമാഷ്, നീന ടീച്ചർ, സജിത് മാഷ്, അബി മാഷ്, രതീഷ് മാഷ് തുടങ്ങിയവർ കവിതപ്പായസം നൊട്ടി നുണഞ്ഞ് പന്തിയിൽ മുൻപിലുണ്ടായിരുന്നു....😄😄😋😋😋😋


പ്രവീൺ മാഷിന്റെ പതിവു പംക്തികളായ സാഹിത്യ വാരഫലവും തെയ്യം പഠനങ്ങളും തുടർന്ന് വന്നു


⭐⭐  വാരത്തിലെ താരം  ⭐⭐

ഇനി ഈ വാരത്തിലെ താരം ...

ഗ്രൂപ്പിന്റെ ജീവനാഡിയും സജീവ സാന്നിധ്യവുമായ അഡ്മിൻ രതീഷ് മാഷിനെയാണ് ഇത്തവണ താരപദവി തേടിയെത്തിയിരിക്കുന്നത് ..
ഷെഹ്റാസാദയെ ഗ്രൂപ്പിൽ വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് രതീഷ് മാഷ് സ്റ്റാർ ഓഫ് ദ വീക്ക് ആകുന്നത് ...

വാരതാരം രതീഷ് മാഷിന് അഭിനന്ദനങ്ങൾ നേരുന്നു ...



🔲🔲 പോസ്റ്റ് ഓഫ് ദ വീക്ക് 🔲🔲

അവസാനമായി ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ...
ഡിസം 8 ന് കെ.എസ് .രതീഷ് മാഷ് പോസ്റ്റ് ചെയ്ത സുചിത്രാംഗ കമ്മീഷൻ എന്ന കഥയാണ് ഈ വാരത്തിലെ പോസ്റ്റ് ഓഫ് ദ വീക്ക് പദവിക്ക് അർഹമായിരിക്കുന്നത് ..


🌹 സുചിത്രാംഗ കമ്മീഷൻകാരൻ കെ.എസ്.രതീഷ് മാഷിനെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ആ കഥ ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു ..


സുചിത്രാംഗ കമ്മീഷൻ.!! 

"നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്ന് എഴുതിക്കൂടേ കഥയ്ക്കല്ലാ നല്ലൊരു നോവലിനുള്ള കഥയുണ്ട്..." അവസാനകഥയുടെ പ്രൂഫ് മധു എനിക്കുതരുമ്പോൾ സുചിത്രടീച്ചർ അയാളുടെ ബൈക്കിന് പിന്നിലിരുന്ന് പറഞ്ഞു....
മധുഎന്നെനോക്കി ഒരുപാട്ടുപോലെ ചിരിച്ചു....

 സുചിത്രവിജ്ഞാപനം

അതേ,
 ശുദ്ധരിൽ ശുദ്ധൻ താങ്കള് തന്നെ എടുത്താൽ മതീട്ടോ, ഞാൻ അമർത്തിയൊന്ന് മൂളി, കേട്ടുനിന്നവരൊക്കെ എന്നെ നോക്കിചിരിച്ചു. സുചിത്രടീച്ചർ റാങ്ക്ഫയലുകളുമായി ലൈബ്രറിക്കുള്ളിലേക്ക് പോയി. അടുത്തിടെയായി ടീച്ചറിന്റെ പെരുമാറ്റത്തിൽ ചിലപൊരുത്തക്കേടുകളുണ്ട്...

എച്ച് എസ് ഏയുടെ റാങ്ക്ലിസ്റ്റിൽ ഒരിടം കിട്ടാത്തതും, എന്നാൽ താൻസഹായിച്ച അന്ധയായ പെണ്ണിന് ഒന്നാം റാങ്ക് കിട്ടിയതും ടീച്ചറിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് കൊല്ലായി ഈ സ്കൂളിൽ മലയാളത്തിന്റെ രണ്ട് സീനിയർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. എത്രപരസ്യം കൊടുത്താലും ഈ മലമൂട്ടിലേക്ക് സുചിത്രാമംഗലശ്ശേരിയല്ലാതെ  ഒറ്റൊരാൾ വരാറില്ല.. കഴിഞ്ഞ മൂന്ന് വർഷായി ഞാൻ നിയമിതനായിട്ട്. ഒരാഴ്ച്ചമുൻപ് റാങ്കുകാരിവന്നിരുന്നു സുചിത്രടീച്ചർക്ക്  ഒരു സ്വർണമേതിരവും കൊടുത്തു. അവരത് സ്നേഹത്തൊടെ നിരസിച്ചു...

"എന്തേലും കിട്ടൂന്ന് കരുതീട്ടല്ല ആ പെണ്ണിനെ സഹായിച്ചത്, അതൊക്കെ വാങ്ങ്യാപ്പിന്നെ എനിക്കെന്താ ഒരു വില..." മടക്കിയ സ്വർണത്തെക്കാൾ തിളക്കം തോന്നി അവരുടെ  ആ വാക്കുകൾക്ക്. പക്ഷേ  ഒരു ഗ്രാമിന്റെ വിലകൊടുക്കാൻ പോലും സ്റ്റാഫ് റൂമിൽ ആരും  തയാറായില്ല...

"അഹങ്കാരം ആ ജാതീടെ ഗൊണാ..." ആരോ കമന്റ് പാസാക്കി.

"ഇനി ഈ ഹയർസെക്കന്ററീടെ ഒരു അപേക്ഷയിട്ടിട്ടുണ്ട് മൂന്ന് മാസം കഴിഞ്ഞാൽ പരീക്ഷയാ, കഴിഞ്ഞകുറേ കൊല്ലായി പഠിപ്പിക്കണ സ്ഥാപനല്ലേന്ന് കരുതി, ഇടയ്ക്ക് ഇട്ടേച്ചുപോകാൻ തോന്നണില്ല. അല്ലേൽ ഞാൻ കളഞ്ഞിട്ട് പോകുമായിരുന്നു. ഇനി ഈ ജീവിതത്തിൽ ഒരു നോട്ടിഫിക്കേഷനും ഞാൻ കാത്തിരിക്കണില്ല, ഈ ജാതികാരണം വയസ്സിനൊരാനുകൂല്യോം കിട്ടാനില്ല. ഇതുവരെ ഒരു ലിസ്റ്റിലും കയറാനും പറ്റീട്ടില്ല...

അല്ലെങ്കിലും ഞങ്ങൾക്കെന്ത് വിലയാ ഇവിടെ ഒപ്പിടണത് പറ്റുബുക്ക് പോലെ മറ്റൊരു രജിസ്റ്റർ, അതൊന്നല്പം വൈകിയാൽ കൂലിപോയി, അതിനിടയിൽ ദേ ഇപ്പൊ ശനീം എടുത്തുകളഞ്ഞു. ഹർത്താലും ശനീം ഞായറും അവധികഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസ്സേല്ലേയുള്ളു...അവധീന്ന് കേട്ടാലേ ഇപ്പൊ ഒരീസത്തെ കൂലിയെക്കുറിച്ചുള്ള ആധിയാണ്. ഈ സ്കൂളിന്റെ എല്ലാപണിയും ഞങ്ങൾക്ക് പതിച്ചു തന്നൂന്ന് തോന്നും ചിലതൊക്കെ കേട്ടാൽ.

 നിങ്ങൾക്കൊക്കെ എന്ത് സുഖാ പതിനഞ്ച് ലീവും പിന്നെ മറ്റേ ലീവുകളും, അടുത്തിടെ നിന്റെ ഭാര്യപെറ്റതിനും കിട്ടിലേ പത്ത് ദിവസം. അതുകൊണ്ട് കാര്യായിട്ടാ പറയണത്. ക്ലാസിനല്ലാതെ ഒന്നിനും ഞാനിനി വരൂലാ ഇല്ലേങ്കിൽ ഞാനിത് ഇട്ടേച്ചും പോകും എന്റെ അവസാന ശ്രമായിത്..."

"മംഗലശ്ശേരി നായരെന്താ ഇത്ര കലിപ്പിൽ..." ലാബ് അസിസ്റ്റന്റ് പുഷ്പലത ചിരിച്ചോണ്ട് ലൈബ്രറിയ്ക്കുള്ളിലേക്ക് പോയി. 

"കേട്ടില്ലേ അവരടെ പുച്ഛം, അടുത്തിടെ അവൾക്കും കിട്ടും, ടീച്ചർ കോട്ടയിൽ പ്രമോഷൻ, അതും ജാതീന്റെ പേരിലല്ലേ...?, അതിന്റെയാ. ഇവിടെ കുട്ടികൾക്ക് പോലും ശരിക്കറിയാം താൽക്കാലികം ആരാ സ്ഥിരം ആരാന്നൊക്കെ. അല്ലാ ഇക്കാലത്ത് ആർക്കാ അല്പം ജാതിയില്ലാത്തത് തനിക്കും ഏതോ ജാതിന്റെ പേരിലല്ലേ കിട്ടിയത്. എന്നിട്ടോ ലോകത്തില്ലാത്ത കമ്മൂണിസ്സോം വിളമ്പും. അതുകൊണ്ട് എന്റെ ജാതിയെ കളിയാക്കണ ആ  കവിത ഞാൻ പഠിപ്പിക്കൂലാ. 

ജാതീടെ പേരിലെ സംവരണം മാറ്റൂന്ന് പത്രത്തിൽ കണ്ടിരുന്നു അത് വല്ലേം നടന്നാൽ മതിയായിരുന്നു...ഇവിടെ എന്നെപ്പോലുള്ളോർക്ക് ആകെ  മംഗലശ്ശേരീന്നും നായരെന്നുമുള്ള ഈ ഏച്ചുകെട്ടലുകളേയുള്ളു സമ്പാദ്യം....നീ ആ ജയകാന്തന്റെ കാര്യോന്ന് ഓർത്തേ അയാൾക്കും ഭാര്യയ്ക്കും ജോലിയുണ്ട്, ജാതീടെ പേരിൽ മക്കൾക്ക് സ്റ്റൈഫന്റും ഇപ്പൊ അതിലെ ആ പെണ്ണിന് മെഡിസിന് അഡ്മിഷനും കിട്ടി അല്പം നെറല്ലാതെ എന്ത് കുറവാ അവർക്കുള്ളത് എന്നിട്ടും സംവരണം അവർക്ക് തന്നെ..ദിവസക്കണക്കിൽ കിട്ടണ ഈ നാന്നുറ്റിഅൻപത് രൂപയിലാ എന്റേം മാധുവേട്ടന്റേം ബഡ്ജറ്റിന്റെ താളം..." 

ടീച്ചർ ഗൈഡിൽ ഭരണഘടനയെക്കുറിച്ച് വായിക്കുമ്പോൾ...
ഞാൻ 'നായരേ ഭാവൻ തന്നെ ശുദ്ധരിൽ ശുദ്ധനും' മൂളിക്കൊണ്ട് ഇറങ്ങിനടന്നു...

 ചിത്രപരീക്ഷയിലെ 
 ഉത്തരസൂചികൾ

പരീക്ഷയുടെ രണ്ടു മുന്നേ സുചിത്രടീച്ചർ സ്കൂളിൽ നിന്ന് പോയി. ബുദ്ധിപൂർവ്വം ഒഴിവാക്കീന്ന് പറയുന്നതാകും ശരി. ജയകാന്തന്റെ അനിയന്റെ  ഭാര്യ മലയാള എം. എ.ക്കാരിയാണെന്നറിഞ്ഞതുമുതൽ ഒഴിഞ്ഞിരുന്ന് പഠിക്കുന്ന സുചിത്രടീച്ചറെ വേണ്ടാതായി. അവസാന ചാൻസല്ലേ ? വീട്ടിലിരുന്ന് മുഴുവൻ സമയോം നോക്കണതല്ലേ നല്ലതെന്നൊക്കെ ഞാനും പറഞ്ഞപ്പോൾ അവർ നിർത്തിപ്പോയി. പാഠഭാഗങ്ങളൊക്കെ ഏകദേശം തീർത്തതുകൊണ്ട് പുതുതായിവന്ന വനജയ്ക്ക് സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകളിടാൻ ഒത്തിരി സമയം കിട്ടീന്ന് പറയാം...
എതിർ വശങ്ങളിലിരുന്ന് മുഖത്ത് നോക്കാതെ ചാറ്റ്ബോക്സിൽ ഞങ്ങളൂറിചിരിച്ചു. ഗൾഫിൽ നിന്ന് ജയകാന്തന്മാഷിന്റെ അനിയൻ അയച്ച പെർഫ്യൂം മറ്റാരുമറിയാതെ അവർ എനിക്ക് തന്നു...

"മാഷിന്റെ കൈവശമുള്ള ഗൈഡുംകുറിപ്പുകളും എനിക്ക് തരാമോ, എന്റെ കൈയിലുള്ളതൊക്കെ കഴിഞ്ഞു..." വഴിയിൽ വച്ച് മധുവിന്റെ പിന്നിലിരുന്ന് സുചിത്രടീച്ചർ ചോദിച്ചതിനാലാണ്.അന്ന് വൈകിട്ട് അവരുടെ വീട്ടിലേക്ക് പോയത്. മധുവിന്റെ അമ്മ എന്നെ സ്വീകരിച്ചു. അടുക്കളയിൽ കുഴലുകൊണ്ട് അടുപ്പിൽ ഊതുന്നശബ്ദം.
 സുചിത്ര ടീച്ചറുടേതെന്ന് ഞാനുഹിച്ചു....

"ഗ്യാസ് തീർന്നിട്ട് നാലായി, മധൂനും അവൾക്കും ഒരു മൈൻഡ് ഇല്ല അവൾക്കും ഈ വീട് ഇങ്ങനെയിട്ട്  പുകയ്ക്കാനാ അവൾക്കും ഇഷ്ടം..." അവർ ഒരു ചുമവരുത്തി ഞാനായിട്ട് കുറച്ചില്ല ഒന്ന് ഞാനും ഒപ്പിച്ചു...

സുചിത്രടീച്ചർക്കൊപ്പം പുകമണവും അടുക്കളവിട്ടിറങ്ങിവന്നു. പുകഞ്ഞ ഒരു കട്ടൻ ചായയും. നെറ്റിയിൽ ഊർന്ന് കിടക്കുന്ന ചുരുണ്ട മുടിയിഴകളിൽ ചാരം മഞ്ഞുപോലെ പറ്റിനിൽക്കുന്നു....

"ഗ്യാസ് തീർന്നല്ലേ..." ഞാൻ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ബുക്കുകൾ വാങ്ങി മുറിക്കുള്ളിൽ വച്ച്. ഒഴിഞ്ഞഗ്ലാസ് ടേബിളിൽ വാങ്ങി  വച്ചു. മടങ്ങാൻ തുടങ്ങിയ എന്റൊപ്പം ഗേറ്റുവരെ വന്നു....

"...ന്റെ ഗ്യാസ് മിക്കവാറും തീരൂട്ടോ. നിറച്ച രണ്ട് കുറ്റി അകത്ത് അച്ഛന്റെ മുറിലുണ്ട്. ഗൾഫ്കാരൻ മോനെ നാട്ടിലെത്തിച്ച വരുമാനമില്ലാത്ത മരുമകൾ വിറകുണ്ടാക്കി കത്തിച്ചാൽ മതീന്നാ ഉത്തരവ്. മധുവേട്ടൻ ഗൾഫ്കാരനായിരിക്കണത അച്ഛനിഷ്ടം. അടിമമകളായിരിക്കണതാ അമ്മയ്ക്കിഷ്ടം..ന്റെ കഷ്ടകാലത്തിന് മധുവേട്ടന് മഞ്ഞയുടെ പ്രശ്നോം മടങ്ങിപ്പോകാൻ കഴിയണൂല്ലാ...എനിക്കും മക്കൾക്കും വേറാരാ..ഈ പറമ്പ് മുഴുവനും നടന്ന് വിറകുണ്ടാക്കി വച്ചുവിളമ്പിയാലും ആർക്കും രുചിയില്ല. ഒരാൾക്ക് ഒന്ന് മറ്റൊരാൾക്ക് വേറൊന്ന്..ഞാൻ ജോലി തീർത്ത് പഠിക്കാനിരിക്കണത് കണ്ടാൽ രണ്ടാൾക്കും കലിയിളകും. എന്തുവന്നാലും പരീക്ഷയ്ക്ക് രണ്ടാഴ്ച്ചമുന്നേ ഞാനെന്റെ വീട്ടിൽ പോകും മക്കളെ മധുവേട്ടൻ നോക്കട്ടേ...തിരികെപ്പോകാൻ മധുവേട്ടനും നോക്കണുണ്ട്. ഈ ജോലികിട്ട്യാൽ പിന്നെ ഞങ്ങളെവിട്ട് മധുവേട്ടന് മരുഭൂമിപ്പോയി പണിയേണ്ടിവരൂലല്ലോ..? "

മധുവിന്റെ ബൈക്ക് ശബ്ദം അടുത്തുവന്നു..ഗേറ്റിൽ നിൽക്കണ ഞങ്ങളെ നോക്കി ചിരിച്ചു...

"മാഷേ ആ ഹിന്ദി സിനിമേടെ ടിക്കറ്റ് വേണ്ടായിരുന്നോ...?" ഞാൻ ടിക്കറ്റിന്റെ കാശെടുക്കാൻ തുടങ്ങിയപ്പോൾ എന്നെത്തടഞ്ഞു..'അത് ഞാൻ വേറൊരു ഫാമിലിക്ക് കൊടുത്തൂന്ന്' പറഞ്ഞത് എനിക്കും സുചിത്രടീച്ചർക്കും വിശ്വാസായില്ല...

മധു വീട്ടിലേക്ക് കയറുമ്പോൾ 

"ദേ കണ്ടില്ലേ മധുവേട്ടന് കച്ചോടം ചെയ്യാനറിയില്ല..." സുചിത്രടീച്ചറും അകത്തേക്ക് പോയി. എന്റെ പേഴ്സിനുള്ളിലൊരു തുക  നീറിത്തുടങ്ങി....

 ദാമ്പത്യത്തിന്റചുരുക്കപ്പട്ടിക 

നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക്ചെയ്യാൻ അക്ഷയസെന്ററീൽ എത്തുമ്പോൾ മധു, ദേവിവിലാസം ഹോട്ടലിലെ ഊണുപൊതി തുറക്കുകയായിരുന്നു. 

"ഊണിപ്പൊ ഹോട്ടലീന്നാ എന്താ വീട്ടിൽ പോയില്ലേ...? " ഞാൻ പപ്പടത്തിന്റെ ഭാഗം എടുത്തു. പൊതിമാറ്റിവയ്ക്കാൻ തുടങ്ങിയ മധുവിനെ ഞാൻ തടഞ്ഞു....

" മാഷ് വന്നതിന്റെ രണ്ടാം ദിവസം അവള് കുട്ടികളേം എന്നേം തനിച്ചാക്കി വീട്ടിൽ പോയി. കുട്ടികളുടെ കാര്യാ കഷ്ടം. എനിക്ക് ഗൾഫിൽ ഇതൊക്കെ ശീലായതല്ലേ. അമ്മ എന്തേലും ശര്യാക്കും. രണ്ടാളും മിണ്ടാതെ കഴിച്ചോളും. അവർക്ക് അവളുടെ ശീലാ.

 പോണതിന്റ തലേന്ന് ഒരു ചെറിയ വഴക്കുണ്ടായി. ചിത്ര പഠിക്കാനിരിക്കുവായിരിന്നു. അച്ഛൻ പറമ്പിലെ പണിക്കാർക്ക് വെള്ളം ചോദിച്ചു. ടേബിളിൽ ഉണ്ടായിട്ടും  അവൾ എടുത്ത് കൊടുക്കണം..അവൾ എണീറ്റില്ല. അമ്മയെടുത്ത് കൊടുത്തെങ്കിലും അന്ന് അതായി പുകില്. പറമ്പിൽ പണിചെയ്യണോന് കിട്ടും സ്കൂളിൽ ചെന്ന് പഠിപ്പിച്ചാലെന്നും പറഞ്ഞ് അമ്മതുടങ്ങി...അയലത്തെ
വർഷോപ്പ് സുഗുണന്റെ പെണ്ണ് വർഷേടെ കാലുകഴുകി വെള്ളം കുടിക്കെടീന്ന് അമ്മ പറഞ്ഞു.വർഷേടെ മഹത്വം വിളമ്പണതിനിടയിൽ,
ചിത്ര മുറീന്ന് ഇറങ്ങിവന്നു..

" അതേ, അമ്മേടെ അയൽക്കാരി മാതൃകാ മരുകൾ പത്ത് പാസായിട്ടില്ല. എനിക്ക് ഒരു പീ ജിയും നെറ്റും ഉണ്ട്. നിങ്ങടെ വർഗത്തിൽ ഒരാളുണ്ടോ ഈ യോഗ്യതയുള്ളത്..." ചിത്രേടെ ശബ്ദം.ഞാനന്നുവരെ ഉയർന്ന് കേട്ടിട്ടില്ലാട്ടോ...തുടന്ന് അമ്മായീം മരുമോളും തർക്കായി. ഞാനവളെ എന്തൊക്കെയോ പറഞ്ഞു...പിറ്റേന്ന് എല്ലാരും ഉണരും മുന്നേ മക്കളുടെ ടിഫിൻ വരെ റെഡിയാക്കീട്ട് ഇറങ്ങിപ്പോയതാ.
ഫോൺ പോലും കൊണ്ടുപോയിട്ടില്ല.

 ഞാനും മക്കളും രണ്ടീസം മുന്നെ അവിടെ പോയിട്ടും മുറീന്ന് ഇറങ്ങിവന്നില്ല. ഈ വാശി നന്നായീന്നാ എന്റെ തോന്നൽ അന്ന് മറ്റേ റാങ്ക് ലിസ്റ്റിൽ ഇല്ലാന്നറിഞ്ഞ് എത്ര രാത്രിയാന്നോ കരഞ്ഞ് കരഞ്ഞ്...
എനിക്കിതിലെന്താ ചെയ്യാനാകുക. രണ്ട് കൂട്ടരുടേം എടേൽ കിടന്ന് ഞാനും മക്കളും...

കുഞ്ഞുങ്ങൾക്ക് അപ്പുപ്പന്റേം അമ്മുമ്മേടെം സ്നേഹം കിട്ടണം. ഞാൻ അച്ഛന്റെകൂടെ വേണം എന്നൊക്കെപ്പറഞ്ഞ് വീടുമാറണതിനെ എതിർത്തത് ചിത്രതന്യാ....
എന്നിട്ട് എല്ലാ താളങ്ങളെല്ലാം തെറ്റിച്ച് അവളിറങ്ങിപ്പോയി.."
മധു കൈകഴുകിവന്ന് കംബ്യൂട്ടറിന്റെ മുന്നിലിരുന്നു....

"എല്ലാ ദുഃഖവും എനിക്കുതരു...
എന്റെ പ്രിയസഖി പോയ്...ചുമ പാട്ടിന്റെ തടഞ്ഞു.
കഫം തുപ്പാൻ മധുപുറത്തിറങ്ങിയപ്പോൾ. ടിക്കറ്റ് കാശ് ടേബിളിൽ വച്ച് ഞാനും പുറത്തിറങ്ങി...

'സുമംഗലീ നീ പോയ് വരൂ ജീവിതസുഖങ്ങൾ നിന്നെ തഴുകട്ടേ..."
മധു പാട്ടിന്റെ ബാക്കിവരികൾ വരികൾ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..പി എസ് സിയുടെ
ചുരുക്കപ്പട്ടികയിൽ സുചിത്രയുടെ പേരെഴുതിചേർക്കാൻ മധുവിന്റെ വിരഹഗാനം വെമ്പുന്നത് പോലെ തോന്നി..

 വെന്തൊരഭിമുഖം

തൊഴിൽ വാർത്തയിലെ ഉത്തരസൂചികയിൽ ശ്രദ്ധപതിഞ്ഞപ്പോഴാണ് സുചിത്രടീച്ചറെ ഓർമ്മവന്നത് . ഇന്നലെ പതിനാറായിരുന്നു. ഫോണെടുത്ത് വിളിക്കുമ്പോൾ മറുതലയ്ക്കൽ മധു. പിന്നെ വല്ലാത്തമൗനം. ഒരു പാട്ടോടെ അല്ലാതെ മധു ഫോണിൽ സംസാരിച്ചില്ല. ഏതോ പാട്ടിന്റെ തുടക്കമാണെന്ന് കരുതി ഞാനും മിണ്ടാതെ നിന്നു.
പിന്നെ ഫോൺ കട്ടായി... 

ഞാൻ പിന്നെയും വിളിച്ചു. "ആശുപത്രീലാ മാഷേ പിന്നെ വിളിക്കാം..." മധുഫോൺ കട്ടാക്കി. അന്ന് വൈകിട്ട് വീണ്ടും വിളിച്ചു..

"എന്താ, എന്താപറ്റിയത്. ആർക്കാ അസുഖം..."

" ഒന്നുല്ലാ മാഷേ ചിത്രയ്ക്ക്  എന്തോ ഒരു പ്രശ്നം , പതിനഞ്ചിന് നീതുന്റെ സ്കൂളിൽ കലോത്സവായിരുന്നു. ഇത്തവണ ചിത്രയില്ലാത്തോണ്ട് ഒന്നിനും ചേർന്നില്ല. അവളുണ്ടെങ്കിൽ എന്തേലും മൂന്ന് ഐറ്റം പഠിപ്പിക്കുമായിരുന്നു. അമ്മാവൻ ഫോൺ ചെയ്തപ്പോൾ നീതു കരഞ്ഞോണ്ട് എന്തോ പറഞ്ഞു.കൊച്ചിന്റെ കരച്ചിൽ കേട്ട് ,അതിയാൻ ഫോൺ സുചിത്രയ്ക്ക് കൊടുക്കാൻ വാതിലിൽ മുട്ടിയപ്പോൾ , അവളുവാതിൽ തുറന്നില്ല. അതായി പിന്നെ വഴക്ക് അതിയാൻ അവളുടെ പുസ്തകമെല്ലാം വാരിപ്പുറത്തെറിഞ്ഞു. പിറ്റേന്ന് ഒരുങ്ങിയിറങ്ങാൻ നേരത്ത് 'നിന്റെ പി.എസ്. സി പ്രാന്ത് തീർത്ത് തരാടീ'ന്നുമ്പറഞ്ഞ്  മുറി പുറത്തുനിന്ന് പൂട്ടി. തൊട്ടടുത്ത കോയിക്കൽ സ്കൂളിലായിരുന്നു. ടെസ്റ്റ്. അവസാനബെല്ലുവരേം അലമുറയിട്ട് കരഞ്ഞൂന്നാ അമ്മായിപറഞ്ഞത്. പരീക്ഷ തീർന്ന ബെല്ലുകേട്ടപ്പോൾ മുറി തുറന്നുകൊടുത്തു...അന്ന് അത്താഴത്തിനൊന്നും അവൾ  ചെന്നില്ല. രാത്രി സ്കൂളിൽ ബെല്ലടികേട്ട് പന്തികേട് തോന്നിയ അയൽക്കാരൻ പിയൂൺ സുരേന്ദ്രൻ ചേട്ടനാണ് ആദ്യം കണ്ടത്. ഇരുട്ടത്ത് ചിത്ര എട്ടുബിയിൽ ഇരുന്ന് മേശയിലും ചുവരിലും കറുത്തവൃത്തങ്ങൾ വരയ്ക്കുന്നു.

 ഇന്ന് രാവിലെയും വീട്ടിൽ നിന്നിറങ്ങിയോടി സ്കൂൾ ഗേറ്റിൽ പിടിച്ച് കുലുക്കണത് കണ്ട്. അവരിവിടെ എത്തിച്ചത്. ഇപ്പൊ ഉറക്കാണ്.പി എസ് സി എഴുതാൻ പറ്റാത്തേന്റെ ഷോക്കാന്നാ ഡോ: ബെറ്റ്സി പറഞ്ഞത്. ഇനീപ്പോ പലതും അഭിമുഖീകരിക്കേണ്ടിവരൂന്നും പറഞ്ഞു....

 നിയമനോത്തരവ്...

മധുന്റെ ഫോൺ അല്പം ആകാംക്ഷയോടെയാണ് ഞാനെടുത്തത്..
മാഷേ നിങ്ങള് സെന്റാറിലേക്കൊന്ന് വരാമോ...നിങ്ങൾക്ക് അന്ന്  പോസ്റ്റിംഗ് കിട്ടിയപ്പോഴുള്ള അഡ്വൈസിന്റെ കോപ്പിയും അപ്പോയിന്മെന്റിന്റെ കോപ്പിയും ഒന്ന് കരുതണേ...
ഞാൻ എത്തുമ്പോൾ മധു പൊതിച്ചോറയിക്കുന്നു...

" ആഹാ ഞാൻ നല്ല സമയത്താണല്ലോ..." മധു കഴിക്കാൻ ക്ഷണിച്ചു.

 "ഹോട്ടലിലെ അല്ല ചിത്രയുണ്ടാക്കിയതാ മാഷേ. അവളെ കഴിഞ്ഞ മാസം കൊണ്ടുവന്നു. ഇപ്പൊ തികച്ചും നോർമ്മലാ. എങ്കിലും പഴയതുപോലെ സംസാരിക്കണൊന്നുമില്ല. എപ്പോഴും തൂങ്ങിപ്പിടിച്ചിരിപ്പാ. അല്ലെങ്കിൽ നിർത്താതെ എന്തേലും ചെയ്യും.ഇടയ്ക്ക് ഷോർട്ട് ലിസ്റ്റ് വന്നാ എന്നാ ഇന്റർവ്യൂന്നൊക്കെ ചോദിക്കും. ഇതിപ്പൊ നിങ്ങടെ പഴേ ലിസ്റ്റൊന്ന് പ്രിന്റെടുത്ത്  എഡിറ്റാക്കിയാൽ മതിയല്ലോ..അഡ്വൈസും ,ഓർഡറും പേരുമാറ്റിയൊന്ന് അടിച്ച് വയ്ക്കാം. ഇനി മരുന്നൊന്നും വേണ്ടെന്നാ ഡോക്ടർ പറഞ്ഞത്...

അടുത്ത ആഴ്ച്ച ഞാനും പോകാൻ തീരുമാനിച്ചു മരുഭൂമിതന്നാ ഇതിലും....

"തിരികേ ഞാൻ വരുവെന്ന വാർത്ത കേൾക്കാനായി..." 
മധു പാട്ടിന്റെ വരികൾ മൂളി.
അന്നാണ് മധുവിനെ അവസാനമായിക്കണ്ടത്...
പിന്നെ ഇന്നലേം ഫേസ്ബുക്ക് മെസഞ്ചറിൽ വന്നു...

"പറ മാഷേ നിങ്ങളാ കഥയെങ്ങാനും എഴുതിയോ.. ?"

"ഇല്ലാട്ടോ, നടന്നതൊക്കെ ചിലപ്പോൾ എഴുതണോന്ന് കരുതി ഓർക്കാറുള്ളത് സത്യാ..."

"വേണ്ടാട്ടോ മാഷേ..."

"ഉം"

മധുവിന്റെ ചാറ്റ് മെസ്സഞ്ചർ ഓഫ് ലൈനായി. 

ഞാൻ,
 വാട്സ് ആപ്പിൽ ടൈപ്പ് ചെയ്ത കഥയുടെഭാഗം വേഗം ഡിലീറ്റ് ചെയ്തു...!!


കെ എസ് രതീഷ്
( ഗുൽമോഹർഒന്ന്)

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു
നന്ദി ,നമസ്ക്കാരം 🙏🙏

✴✴✴✴✴✴✴✴✴✴