12-05

ഓരോ
പക്ഷി പറന്നുപോകുമ്പോഴും
ഒരു തൂവലെങ്കിലും
കൊഴിഞ്ഞാലോയെന്ന്
കൊതിക്കും
ഓരോ
തീവണ്ടി കടന്നുപോകുമ്പോഴും
ഏതെങ്കിലുമൊരു
ജാലകത്തിൽ
പ്രണയത്താൽ
സകലതും മറന്നുപോയ
രണ്ടുമുഖങ്ങളെ
കണ്ടെങ്കിലോ എന്നാശിക്കും
ഓരോ
തവണ കടൽ കാണുമ്പോഴും
തിരമാലകളിൽ
അജ്ഞാതരായ
ഏതോ കപ്പൽ യാത്രക്കാർ
പതിയാത്രയിൽ
വലിച്ചെറിഞ്ഞ
കടലാസു തോണികൾ
തുഴഞ്ഞു വരുന്നുണ്ടോന്നു നോക്കും
ഓരോ
സ്വപ്നത്തിന്റെ  കാടുകേറുമ്പോഴും
മരപ്പച്ചകൾക്കിടയിൽ
ചിതറിപ്പോയ
മഞ്ചാടിച്ചോപ്പിന്റെ മായച്ചിറകുകൾ
തിരയും
ഓരോ
മഴക്കാലം ചുട്ടുപൊള്ളി
തിരിച്ചുപോകുമ്പോഴും
ഉമ്മറക്കല്ലിൽ
നനഞ്ഞ രണ്ടു കാൽപ്പാടുകൾ
കണ്ടില്ലല്ലോയെന്ന്
സങ്കടം കൊള്ളും
ഓരോ
കവിത എഴുതിക്കഴിയുമ്പോഴും
മുറിഞ്ഞ
ഹൃദയത്തിന്റെ തുണ്ടുകൾ
കൊത്തിയെടുത്ത് പറക്കുന്ന
മൗനത്തിന്റെ
കടൽപ്പക്ഷികളെ
തിരികെ വിളിക്കും......
എം.ബഷീർ'

വീട് ഉണ്ടാവുന്നത് 
എന്റെ കിടപ്പുമുറി
ഒരു പെണ്ണാണ് ..
സമരസപ്പെടാത്ത
സംവാദങ്ങൾക്കൊടുവിൽ
ഗർഭം ധരിച്ചവൾ
മറ്റൊരു മുറിയെ
പ്രസവിക്കും ..
പുതിയ കൊച്ചുമുറി
ഞനെടുക്കുകയും
മറ്റേത്
സംവാദത്തിൽ
ജയിച്ചവൾക്ക്
വിട്ടുകൊടുക്കുകയും ചെയ്യും
രണ്ടുമുറിയിലുമായിക്കിടക്കുന്ന
ഒറ്റക്കട്ടിലിനെ
ഭാഗം വയ്ക്കുമ്പോഴേക്കും
നടുവിലെച്ചുമർ
ശക്തി പ്രാപിച്ചിട്ടുണ്ടാവും ..
നേരം വെളുക്കുമ്പോഴേക്കും
ഒറ്റമുറിയുടെ ചുമരുകൾ
മടക്കി ഞാൻ
ഖസാക്കിന്റെ നടുപ്പേജിലേക്ക്
ഒതുക്കി വയ്ക്കും ..
ഭാഗം വയ്ക്കപ്പെട്ട പുതപ്പിനെ
ഉപ്പിലും മധുരത്തിലും
ചേർക്കാതെ
സോപ്പുകാരത്തിന്റെ ആഴങ്ങളിലേക്ക് യാത്രയാക്കും
രണ്ടായിരുന്ന തലയിണകൾ മാത്രം
അപ്പോഴും ആലിംഗന
ബന്ധരായി തുടരും
എന്റെ മുറിയിപ്പോൾ
ഒരു വിചിത്രജീവി
ആയിരിക്കുകയാണ്
എന്തെന്നാൽ
സംവാദങ്ങളൊന്നുമില്ലാതെ
തന്നെയിപ്പോൾ
എന്റെ മുറി ദിവസവും
പ്രസവിച്ചു കൊണ്ടേയിരിക്കുന്നു ..
കൊച്ചുമുറികളെ
ഏറ്റുവാങ്ങി
ഖസാക്കിന്റെ നടുപ്പേജിലിപ്പോൾ
വലിയൊരു വീട്
രൂപാന്തരപ്പെട്ടിരിക്കുന്നു ...
സനീഷ് കുന്ദമംഗലം

മൗനം
കാഴ്ച്ചയ്ക്കും കേൾവിക്കുമപ്പുറം
എനിക്കും നിനക്കുമിടയിൽ
ഹൃദയങ്ങൾ മൊഴിയൊന്നൊരു ഭാഷയുണ്ട് .
പരസ്പരം ,ഉരുൾപൊട്ടി വീഴാൻ നിൽക്കുന്ന
രണ്ടു ബിന്ദുക്കൾക്കിടയിൽ
മേഘശകലമായ് ,
അർത്ഥതലങ്ങളെ
കീറിമുറിച്ചു കൊണ്ട്
ആവനാഴിയിൽ
ഉറഞ്ഞു തീർന്നൊരു
മൊഴിയാ അമ്പ് !
പരിഭവ നൊമ്പരങ്ങൾ
ആഴത്തിലൊളിപ്പിച്ച് ,
കശക്കിയെറിയാൻ വെമ്പുന്ന
അക്ഷരകൂട്ടങ്ങളുടെ
കലങ്ങിമറിച്ചിലുകൾ
തന്നിലേക്കമർത്തിവച്ച് ,
നുരപൂത്ത വേദനകളുടെ
പ്രകമ്പനങ്ങൾ
തളം കെട്ടി വാക്കുകൾ
തന്നിൽത്തന്നെ പുതഞ്ഞ്
മൂടൽമഞ്ഞായ് ചുരുണ്ട് കൂടും !
മായ ബാലകൃഷ്ണൻ


അന്തരിച്ച പ്രിയ കവി ജിനേഷ് മടപ്പള്ളിയോട് ആദരപൂർവ്വം ഇന്നത്തെ നവസാഹിതി
പ്രണയിനിയുടെനാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍
           ജിനേഷ് മടപ്പള്ളി

പ്രണയിനിയുടെ നാട്ടിലൂടെ
ബസ്സില്‍ പോകുമ്പോള്‍
പിറന്ന മണ്ണിനോടെന്ന പോലെ
ഒരടുപ്പം ഉള്ളില്‍ നിറയും
അവള്‍ പഠിച്ചിറങ്ങിയ
സ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാം
അവളുടെ ഛായയായിരിക്കും
അവര്‍ക്ക് മിഠായി നല്‍കാന്‍
മനസ്സ് തുടിക്കും
നിരത്തുവക്കിലെ
മരണവീട്ടില്‍
തിരക്കു കാരണം
കയറാന്‍ കഴിഞ്ഞില്ലെന്ന്
തൊട്ടടുത്തിരിക്കുന്ന
യാത്രക്കാരനോട്
പരിഭവം പറയും
വാര്‍ഡ് മെമ്പര്‍ക്കു നേരെ
പുതുതായി
വോട്ടവകാശം കിട്ടിയവനെപ്പോലെ
നിഗൂഢമായ് ചിരിക്കും
ചിലനേരത്ത്
കല്യാണം കഴിഞ്ഞെന്ന് വരെ
തോന്നലുണ്ടാവും
അന്നാട്ടിലെ
പെണ്ണുങ്ങളെല്ലാം
പ്രതിശ്രുതവരനെയെന്ന പോലെ
തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധത്താല്‍
ശരീരം കിടുങ്ങും
തിരിച്ച് വീട്ടിലെത്തുമ്പോള്‍
അവളുടെ പ്രദേശം
സ്വന്തമായ ഭരണഘടനയും
ഭൂപടവുമുള്ള
ഒരു രാഷ്ട്രമാണെന്ന് തിരിച്ചറിവുണ്ടാവും
അത്
അവളെപ്പോലെ
ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
ഇരുളിലേക്ക്
പരക്കുകയായിരിക്കും

ഗൗതമാ നീയെവിടെ ?
'നിന്റെ ഉദാരമനസ്കതയിൽ ,ആശ്രിതവത്സലതയിൽ, ആശ്രയിച്ച്|,വിശ്വസിച്ച്, നിന്റെ തോട്ടത്തിലെ പഴങ്ങൾ കൊത്തിത്തിന്ന് വിശപ്പടക്കുവാൻ ,നീ നീരാടുന്ന കുളത്തിലെ മാലിന്യമില്ലാത്ത ജലം കുടിച്ച് ദാഹം ശമിപ്പിക്കുവാൻ മോഹിച്ചെത്തിയതാണ് ആ പക്ഷിക്കുഞ്ഞ്. 'അതല്ലെങ്കിൽ പോരും വഴിക്ക് അപ്പക്കഷ്ണവും, നേന്ത്രപ്പഴവും കാണിച്ച് കൈകാട്ടി വിളിച്ച കുട്ടികളുടെ ക്ഷണം സ്വീകരിക്കുവാൻ, അവരുടെ അടുത്തേയ്ക്ക് പറക്കുവാൻ അത് തയ്യാറാകുമായിരുന്നു. ആൾപ്പാർപ്പില്ലാത്ത വിശാലമായ തോട്ടങ്ങളിൽ വിളഞ്ഞു നിറഞ്ഞു നില്ക്കുന്ന പഴങ്ങൾ മതിവരുവോളം കൊത്തിത്തിന്നിട്ട് ആരോരുമറിയാതെ പറന്നുയരുമായിരുന്നു.
എല്ലാ അവസരങ്ങളും ഉപേക്ഷിച്ച്, പ്രഭാതം മുതൽ പ്രദോഷം വരെ ചിറകടിച്ചു തളർന്ന് നിന്റെ തോട്ടത്തിൽ തന്നെയത് വന്നു ചേർന്നതിന്റെ കാരണമെന്താണെന്ന് ഒരു തവണയെങ്കിലും നീ ആലോചിച്ചോ?
അതിന്റെ മുറിഞ്ഞ പക്ഷത്തിൽ നിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികളാൽ നിന്റെ കാൽചുവട്ടിലെ മണൽ ചുവക്കുന്നത് നീ കാണുന്നില്ലേ?
ആ ചിറകിൽ തറഞ്ഞു കയറിയിരിക്കുന്ന അസ്ത്രം വലിച്ചൂരിയെടുക്കുവാൻ നിനക്കെന്തേ താമസം ?
കട്ടപിടിച്ച രക്തത്തോടൊപ്പം പറ്റിപ്പിടിച്ചിരിക്കുന്ന മണൽത്തരികളെ ശുദ്ധജലത്തിൽ കഴുകി കളയൂ --- മരുന്നും, പഞ്ഞിയും ഉപയോഗിച്ച് ആ മുറിവുകൾ വച്ചു കെട്ടൂ അബദ്ധത്തിലാണെങ്കിലും നീയെയ്ത അമ്പാണ് അതിന്റെ  ഹൃദയത്തിൽ തുളഞ്ഞു കയറിയിരിക്കുന്നത് മുറിവ് സുഖപ്പെടുത്തേണ്ടത് ദയാപരനായ, മനുഷ്യ സ്നേഹിയായ നിന്റെ ഉത്തരവാദിത്വമാണ്.
പണ്ട് സിദ്ധാർത്ഥ രാജകുമാരനായിരുന്നപ്പോൾ അതുപോലെയൊന്നിനെ ഓടിച്ചെന്ന് വാരിയെടുത്ത് ശുശ്രൂഷിച്ചത് ഓർമയില്ലേ?അന്ന് ,നിന്റെ കളിക്കൂട്ടുകാരാണ് ആ ഹീനകൃത്യം ചെയ്തത്.
നിന്റെയൊപ്പം അമൃതേത്ത് കഴിക്കുന്ന, നിന്നോടൊപ്പം കളിക്കുന്ന, നിന്റെ കൊട്ടാരത്തിൽ നിന്നോടൊപ്പം ശയിക്കുന്നവർ. നീയവരെ നിന്റെ അധികാരമുപയോഗിച്ച് നിശിതമായി ശകാരിക്കുകയും ചെയ്തിരുന്നു.
"അമ്പും,വില്ലും രാജകുടുംബാംഗങ്ങൾക്കവകാശപ്പെട്ടതാണെന്നും, ഉന്നം പിഴയ്ക്കാതെ ,അവ പ്രയോഗിക്കുന്നതിലാണ് സാമർത്ഥ്യം എന്നുമാണ് വയ്പ് - ഇതൊക്കെ പരമ്പരാഗതമായി നിലനില്ക്കുന്ന വിശ്വാസങ്ങളാണ് വീരന്മാരാണ് എന്നു തെളിയിക്കുവാനുള്ള ശ്രമത്തിനിടയിൽ എന്റെ കൂട്ടുകാർക്കും തെറ്റുപറ്റി. ഞാനവരെ വേണ്ടുവോളം ഉപദേശിച്ചിട്ടുമുണ്ട് നിന്റെ ജീവൻ രക്ഷിക്കേണ്ടത് രാജകുമാരനായ എന്റെ കടമയാണ്. മുറിവുകരിയുന്നതുവരെ നീയിവിടെ സുരക്ഷിതയായിരിക്കും " എന്നൊക്കെ ദുഖപരവശനായ നീ ആ പക്ഷിക്കുഞ്ഞിന്റെ ചെവിയിൽ മന്ത്രിച്ചിട്ടുമുണ്ടാകാം
രാജകുമാരന്റെ ബുദ്ധിവൈഭവവും, സംസാരശേഷിയും, കേൾവി ശക്തിയും ഇല്ലെങ്കിലും നിന്റെ മനസിന്റെ ഭാഷ അതിനും മനസിലായിട്ടുണ്ടാവണം.മുറിവിന്റെ വേദന മറന്ന് കൊക്കു കൊണ്ടുരുമ്മി നിന്നോടുള്ള നന്ദി പ്രകടമാക്കിയിട്ടുമുണ്ടാകാം
അന്ന്, നീ വെറും കുട്ടിയായിരുന്നു. ഇപ്പോഴാകട്ടെ, ബാല്യത്തിന്റെ ബലഹീനതകൾ കൈവെടിഞ്ഞ്, സർവജ്ഞാനവും നേടിയെടുത്ത ലോകാരാധ്യനായ ഒരു മഹാപുരുഷനായിരിക്കുന്നു. എല്ലാ അറിവും നേടിക്കഴിഞ്ഞപ്പോൾ നീ ഒന്നുമറിയാത്തവനായി മാറിയോ  ഗൗതമാ?
ആശ്രിതവത്സലനായ നിന്റെ കൊട്ടാരവളപ്പിൽ മറ്റെവിടെയുമുള്ളതിനേക്കാൾ, സ്വാതന്ത്ര്യവും,സുരക്ഷിതത്വവും, ലഭിക്കുമെന്ന് വിശ്വസിച്ചതുകൊണ്ടല്ലെ അവരവിടെ നിർലോഭം പാറിക്കളിച്ചത്.എന്നിട്ടിപ്പോൾ നീയെയ്ത അമ്പേറ്റ് നിന്റെ കാൽചുവട്ടിൽ വീണു കിടന്ന് പിടയ്ക്കുന്ന ആ പക്ഷിക്കുഞ്ഞിനെ നീ നിശ്ചലനായി നോക്കി നില്ക്കുന്നോ..?
ആലോചിച്ചു നോക്കൂ
നീ നിന്റെ ആശ്രമമാകുന്ന കൊട്ടാര മുറ്റത്ത് ഉലാത്തുകയായിരുന്നു.
(ഇലകളുടെ മറവു മൂലം നീയതിനെ കണ്ടിരുന്നില്ല.)

പഴുത്ത മാമ്പഴത്തിന്റെ ഞെട്ടിനെ ലക്ഷ്യമാക്കി എയ്ത യമ്പത്ത് തൊട്ടപ്പുറത്തെ ചില്ലയിലിരുന്ന് വിശപ്പടക്കിക്കൊണ്ടിരുന്ന ആ പാവത്തിന്റെ അസ്ഥിയിൽ തുളഞ്ഞു കയറിയത്.കാലല്ല ചിറകാണൊടിഞ്ഞത്. നിന്റെ ദൃഷ്ടികളിൽ നിന്ന് മറഞ്ഞിരിക്കുവാനായി അതിന് വീണ്ടും ആ മരക്കൊമ്പിൽ പറ്റിപ്പിടിച്ചിരിക്കാമായിരുന്നു. അതല്ലെങ്കിൽ ശിഖരങ്ങൾക്കിടയിലൂടെ മറിഞ്ഞു മറിഞ്ഞ് താഴെ ഇടതൂർന്നു വളരുന്ന പുൽച്ചെടികൾക്കിടയിൽ ഒളിച്ചിരിക്കാമായിരുന്നു.
എന്നിട്ടും ബദ്ധപ്പെട്ട് നിന്റെ കൈകളിലേയ്ക്കു തന്നെ പറന്നു വന്നു.
വിടരാത്ത കൈത്തലങ്ങൾക്കു താഴെ നിന്റെ കാല്ചുവട്ടിൽ തന്നെ തളർന്നു വീണു.
അമ്പ് ശരീരത്തിലേറ്റപ്പോൾ മുറിഞ്ഞത് മനസ്സാണ് - ശരമെയ്ത്ത് നിന്റെ ധർമമാണ്.ഒരു ജീവിയും അതിന് തടസമാകുവാൻ പാടില്ല.പക്ഷെ ഒരു സാന്ത്വന വാക്കെങ്കിലും നിനക്കതിനോട് പറഞ്ഞു കൂടെ?
മുറിവു വൃത്തിയാക്കി മരുന്നു വെച്ചു കെട്ടാതെ
ഇനിയൊരിക്കലും അതിന് പറക്കുവാൻ കഴിയില്ലെന്നറിയാമായിട്ടും നിന്റെ പവിത്രമായ കൊട്ടാരമുറ്റം ചോരക്കറകൊണ്ട് മലീമസമാക്കാതെ, നിന്റെ പാദങ്ങളുടെ ഗമനവീഥിയിൽ തടസ്സം സൃഷ്ടിക്കാതെ, നിന്റെ രാജധാനിയിൽ നിന്നൊഴുകിയെത്തുന്ന സംഗീത സൗന്ദര്യം ദീനരോദനങ്ങളാൽ കളങ്കപ്പെടുത്താതെ
ഏകാന്ത ധ്യാനത്തിന് ഭംഗം വരുത്തുവാനായി കണ്ണീരണിഞ്ഞ മിഴികളോടെ കാത്തു കിടക്കാതെ പറന്നകലുവാൻ അതിനോടാ ജ്ഞാപിക്കുവാൻ നിനക്ക് ലജ്ജയില്ലേ? മാനുഷികമായി ചിന്തിക്കുവാനുള്ള കഴിവു പോലും നിനക്ക് നഷ്ടപ്പെട്ടു കഴിഞ്ഞോ?
നിന്റെ ഓർമപ്പെടുത്തലോ, ആജ്ഞയോ അതിനാവശ്യമില്ല
നിന്റെ അമ്പേറ്റു മുറിഞ്ഞ ചിറകിൽ നിന്റെ കൈ കൊണ്ടു തന്നെ ഒരു തുള്ളിമരുന്ന് ...
ഒരിറ്റു സാന്ത്വനം ... അതു മാത്രമേ അതിനാവശ്യമുള്ളു.
പണ്ട് സിദ്ധാർത്ഥ രാജകുമാരനായിരുന്നപ്പോൾ ഈ വക കാര്യങ്ങൾ ആരും ഓർമപ്പെടുത്താതെ നീ ചെയ്യാറുണ്ടായിരുന്നല്ലോ! ആരും പറഞ്ഞു തരാതെ നിനക്കറിയാമായിരുന്നല്ലോ!
ദീർഘകാലത്തെ ഏകാന്ത ധ്യാനത്തിലൂടെ സഹജീവികളുടെ ദുഖ പരിഹാരത്തിനുള്ള ഒറ്റമൂലി കണ്ടെത്തിയ ഗൗതമാ നീയെന്തേ ചലനമറ്റു നില്ക്കുന്നു? നിനക്കെന്തു പറ്റി?
നീയാണ് അമ്പെയ്തത് എന്നു നിശ്ചയമുണ്ടായിട്ടും, നീ തന്നെ മരുന്ന് പുരട്ടി സുഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ നിന്റെ കാല് ചുവട്ടിലെ പൊള്ളുന്ന മണൽത്തരികളിലേയ്ക്കു തന്നെ അവർ ചിറകടിച്ചു വീഴുവാൻ അതിനെ പ്രേരിപ്പിച്ച വികാരം എന്തായിരിക്കാം. ?
രാജകൊട്ടാരത്തിലെ പട്ടുകിടക്കയും മൃഷ്ടാന്നഭോജനവും, അന്തപ്പുരവും, വെടിഞ്ഞ്, സർവസംഗപരിത്യാഗിയായി തപസ്സനുഷ്ഠിച്ച്, മാനവരാശിയുടെ ദുഖങ്ങൾക്കും, കഷ്ടതകൾക്കും, അറുതി വരുത്തുവാനുള്ള ഒറ്റമൂലി കണ്ടെത്തിയ നിന്റെ നിസ്വാർത്ഥതയിൽ, ചരാചരങ്ങളോടുള്ള സ്നേഹത്തിൽ, മുറിവേറ്റവരോടുള്ള ദയാവായ്പിൽ, അനാഥർക്കു മീതെയുള്ള അധികാര ഭാവത്തിൽ, എല്ലാം കാണുവാനും കേൾക്കുവാനുമുള്ള വിശാലമനസ്കതയിൽ ആശ്രയിച്ച്, വിശ്വസിച്ച് ലോകമെമ്പാടും കൊട്ടിഘോഷിക്കപ്പെടുന്ന  നിന്റെ നന്മകൾ അനുഭവിച്ചറിയുവാൻ അദമ്യമായി ആഗ്രഹിച്ചാണവർ നിന്നെത്തേടിയെത്തിയത് - അനുവാദത്തിന് കാത്തു നില്ക്കാതെ പഴങ്ങൾ കൊത്തിത്തിന്നുവാനുള്ള. ധൈര്യം പ്രകടിപ്പിച്ചത് ഇതൊക്കെ മറ്റൊരാൾ നിനക്ക് പറഞ്ഞു തരേണ്ട കാര്യങ്ങളാണൊ?
മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ, ഇലകളുടെ മർമരവും, ചുള്ളിക്കമ്പുകൾ ഒടിയുന്ന ശബ്ദവും, കാതോർത്തു കേൾക്കുവാൻ ആപത് സൂചനകൾ മുൻകൂട്ടിയറിയുവാൻ (അവർക്ക്) കഴിയുമായിരുന്നു ഗൗതമ ബുദ്ധൻ കൊട്ടാര മുറ്റത്ത് ഉലാത്തുമ്പോൾ സുരക്ഷിതത്വത്തേക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് അവർ സമ്പൂർണമായി , കറയേതുമില്ലാതെ വിശ്വസിച്ചിരുന്നു.
അതു കൊണ്ടല്ലേ ---- നീയാണ് അമ്പെയ്തതെന്ന് അറിഞ്ഞിട്ടും നിൻ പാദ സവിധത്തിലേയ്ക്കു തന്നെ   മിഴി കൂമ്പി വന്നത്.
അതിന്റെ തളർന്ന ചുണ്ടുകളിൽ നിന്നൊഴുകുന്ന ശോക സാന്ദ്രമായ ആ സംഗീതം നീ കാതോർത്തു കേൾക്കൂ ...
ഗൗതമാ നീയെവിടെ?
"മാനവരാശിയുടെ ദുഖ പരിഹാരത്തിനുള്ള ഒറ്റമൂലി കണ്ടെത്തിയ ഗൗതമാ- -- .--- അനിവാര്യമെങ്കിലും നീയെയ്ത അമ്പേറ്റ് നിന്റെ പാദപത്മങ്ങൾക്കു സവിധെ വീണ് രക്തം വാർന്ന്, ജീവൻ പിരിഞ്ഞു കൊണ്ടിരിക്കുന്ന ഈ നിഷ്കളങ്ക നീഢജത്തിന്റെ വ്രണിത പക്ഷത്തിലും, സകല ചരാചരങ്ങൾക്കും മീതെയുയർത്തുന്നില്ക്കുന്ന   നിന്റെ വെണ്മയാർന്ന കരങ്ങളിലൊന്നിലെ അണിവിരൽത്തുമ്പിനാലെ ഒരു തവണ മാത്രം ഒന്നു സ്പർശിക്കൂ   ഗൗതമാ  മിഴി  തുറക്കൂ ---
പണ്ട് യശോധര പാടിയ ആ വിരഹഗാനം. ഞങ്ങൾ ഒരു വട്ടം കൂടി പാടട്ടെ
"ദുഖിതർക്കാശ്രയം, ആശ്രിതവത്സലൻ ഗൗതമൻ - -- .
ഒരു മാത്ര  എനിക്കായും / ഞങ്ങൾക്കായും നീക്കിവയ്ക്കും നീയെന്നുരുവിടുന്നു മന മതുവരെയിവിടെ-കാത്തിരിക്കട്ടെ ഞാൻ /ഞങ്ങൾ!
വീടും, നാടും കളിപ്പാട്ടങ്ങളും നഷ്ടപ്പെട്ട , പട്ടിണി തിന്നുന്ന, പുതയ്ക്കാൻ കീറത്തുണികൾ പോലുമില്ലാത്ത റോഹിംഗ്യൻ അഭയാർത്ഥിക്കുഞ്ഞുങ്ങൾ ഞങ്ങൾ
  നാടിന്റെ തൂവെള്ളനാട്യങ്ങളിൽ,
വെട്ടിനുറുക്കപ്പെടുന്ന നാടോടികൾ  ഞങ്ങൾ
ഗൗതമാ ---- മിഴി --- തുറക്കൂ
ജസി കാരാട്

ശരണാലയത്തിലെ പക്ഷികൾ

അവർക്ക് പറക്കണമെന്നുണ്ടായിരുന്നു. കുന്നുകയറി താഴെത്തു കൂടെപ്പോകുന്ന വാഹനങ്ങൾ കാണണമെന്നുമുണ്ട്.
പക്ഷേ, ആര് കൊണ്ടു പോകും.....?
അവർക്ക് ഓണത്തിന് അത്തപ്പൂക്കളമിടണമെന്നുണ്ട്. പക്ഷേ, അര് പൂവ് പറിക്കും. മുറ്റത്ത് വളർത്തുന്നവ ഭംഗിക്ക് മാത്രമുള്ളതാണ്.  ചെടികളിൽ തൊടരുത്, പൂവ് പറിക്കരുത്.
എന്ന ബോർഡുള്ളതിനാൽ  അന്തേവാസികൾ നിയമങ്ങൾ തെറ്റിച്ചില്ല. നിയമങ്ങൾ തെറ്റിക്കാനുള്ളതാണെന്ന്
കുറച്ച്നാളായവർ മറന്നു പോയി.
പുതിയ രാഷ്ട്രപതിയുടെ പേരോ,  ഉപരാഷ്ട്രപതിയുടെ പോരോ അവർക്കറിയില്ല.  സ്വന്തം മക്കളുടെ പേര് വരെ മറന്നു പോയവരുണ്ട്. പിന്നല്ലേ...? രാഷ്ട്രപതി.ഇന്നലെ ദുഃഖവെള്ളിയായിരുന്നു. ഭർത്താവിന്റെ മരണദിനത്തിൽ,
ഒരിക്കലും തെറ്റിക്കാതെ കല്ലറിയിൽ പോയി പ്രാത്ഥിക്കണമെന്ന്, മൂന്ന് മാസം മുമ്പ് കത്തെഴുതിയിട്ടും, ഒരാളും വരാത്തതിനാലാണ്, സാറ ടീച്ചർ ആ മൂലയിൽ കരയുന്നതും, മെഴുകുതിരി വെളിച്ചത്തിൽ പ്രാർത്ഥിക്കുന്നതും.  എല്ലാവർക്കും എല്ലാരുമുണ്ടെന്ന്
ഓരോ അന്തേവാസികൾക്കും  അറിയാം,
എന്നിട്ടുമവർ ചിരിക്കാത്തതിന്, ശരണാലയത്തിലെ മദർസുപ്പീരിയറിന് എന്നും പരാതിയാണ്.
അപ്പുറത്തെ മൂലയിൽ ചരിത്ര അധ്യാപകനായി റിട്ടയർ ചെയ്ത വർഗിസ് മാഷ്, ഒരു കഥ പറയുന്നുണ്ടായിരുന്നു. ചരിത്രത്തിൽ വേണ്ടാതായവരുടെ കഥ.
കഥയ്ക്കൊടുവിൽ അന്നമ്മ ചോദിച്ചുവത്രെ...?
ആ കഥയിൽ മരണം കാത്തുകിടക്കുന്നവർ നമ്മളാണല്ലേ....?
നിശബ്ദതയുടെ അരണ്ട വെളിച്ചത്തെ വിജനമാക്കവേ,
അടച്ചിട്ട മുറിയിൽ ഒരു കരച്ചിൽ, മനസിന്റെ സെമനില ഇടയ്ക്കിടെ തെറ്റുന്നതിനാൽ  ഒറ്റയ്ക്കായ ജോസഫി മാത്രം
ചിരിക്കാത്തവർക്കിടയിൽ ചിരിച്ചുകൊണ്ടേയിരുന്നു.
താഹാ ജമാൽ

മാവോയിസ്റ്റ്

കാട്ടിലേക്ക്
മഴവരുന്നത്
പെയ്യാനല്ല,
നൃത്തം ചെയ്യാനാണ്.
ഒരു കൊച്ചുകുട്ടിയെപ്പോലെ
ഓടിക്കളിക്കാനാണ്.
ഓരോ വള്ളികളിലും
ഒരു കുരങ്ങൻകുഞ്ഞായി
തൂങ്ങിയാടാനാണ്.
വൃക്ഷത്തലപ്പുകളെ
പിടിച്ചുകുലുക്കി,
മരച്ചില്ലകളിലൂടെ
ഊർന്നിറങ്ങി,
പുൽമേടുകളുടെ
വിജനതയിൽ
കാറ്റിന്റെ കൈപിടിച്ച്
തലങ്ങും വിലങ്ങു മോടി,
വാകമരങ്ങളിൽ
ഓടിക്കയറി
നിലത്താകെ
വാകപ്പൂക്കൾ
പറിച്ചുവിതറി
പൂക്കളം തീർത്ത്
പാട്ടുപാടാനാണ് .
പക്ഷേ,
ഇന്ന് മഴവന്നപ്പോൾ
ജെ സി ബിയിടിച്ച്
കാട് മരിച്ചിരുന്നു .
കാടിനെ അടക്കംചെയ്ത
പാറമടയിൽ
പറിച്ചുവെക്കാനൊരു
പൂവ് തേടി
കാറ്റിനെയും വിളിച്ച്
മഴയൊരുപാട്
പാറിനടന്നു.
പൂക്കളില്ലാത്ത
മരങ്ങളിൽ തലതല്ലി
കാറ്റ് ചുഴലിക്കാറ്റായി .
പാറമടകളെ നോക്കി
കരഞ്ഞു കരഞ്ഞ്
മഴ പേമാരിയായി.
ചുഴലിക്കാറ്റും
പേമാരിയും നടത്തിയ
പ്രതിഷേധറാലി
അക്രമാസക്തമായി .
വ്യവസ്ഥിതികളുടെ
പൂപ്പൽപിടിച്ച
കരിങ്കൽമാളികകളെല്ലാം
വീശിയടിച്ചവർ
തകർത്തുകളഞ്ഞു.
കാറ്റിനും മഴയ്ക്കും
ഈൻക്വിലാബിന്റെ
മുഴക്കമായിരുന്നത്രേ .
ലാൽസലാമിന്റെ
ഈണമായിരുന്നത്രേ .
കാറ്റും മഴയും
മാവോയിസ്റ്റുകളാണെന്ന്
കക്ഷിരാഷ്ട്രീയ ഭേദമന്യേ
നേതാക്കളെല്ലാമിന്ന്
പ്രസ്താവനയിറക്കിയിട്ടുണ്ട്,
സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട്
അന്വഷിപ്പിക്കണമെന്നും .
ലാലു

പൊഴിയാതെ

നീയെന്നെങ്കിലും
അവളെ ചുംബിച്ചിട്ടുണ്ടോ ?
ഇഷ്ടപ്പെട്ട ഒരുവളെ
പാതിമയക്കങ്ങളിൽ
നിന്റെ കണ്ണുകളിൽ
തുടിച്ചു നിന്നവളെ
നിന്റെ പുലരികളിൽ
മുല്ലപ്പൂമണമായ്
നിന്നെവന്നു പൊതിഞ്ഞവളെ
പൂത്തുലഞ്ഞ
വാകത്തണലുകളിൽ
നിന്റെ കൈപിടിച്ചിരുന്നവളെ
അവളെ നീ ചുംബിച്ചിട്ടുണ്ടോ
കണ്ണുകളിലേക്ക്
കണ്ണുകളാഴ്ത്തി ..
പിൻകഴുത്തിൽ
അവളുടെ മുടിയിഴകളിലേക്ക്
വിരലുകളാഴ്ത്തി
ചുണ്ടുകളിൽ
കുളിരുള്ള വസന്തങ്ങളത്രയും
കോരിയെടുത്ത്
അവളുടെ
ഓരോ രോമകൂപങ്ങളിലുമത്
നട്ടുനനച്ച് വിരിയിച്ച്....
കുമ്പിയ മിഴികളുടെ
വിസ്മൃതിയിലലിഞ്ഞലിഞ്ഞ്
കൊഴിഞ്ഞുവീണ ഇതളുകളുടെ
മലർമെത്തയിൽ
കവിളിണകൾ ചേർത്ത്
മയങ്ങിമയങ്ങി...
വാടിക്കുഴയുമ്പോഴൊക്കെയും
ചേർത്തുചേർത്തു പിടിച്ച്...
ഒന്ന് പിന്നോക്കംവലിഞ്ഞ്
അവളുടെ സൗന്ദര്യമത്രയും
കണ്ണിലാവാഹിച്ച്
അവളെ നാണിപ്പിച്ച്
ഒരു തിരമാല പോലെ പിന്നെയും
അവളിലേക്കാർത്തലച്ച് ....
ഇല്ല ,
നീ ചുംബിച്ചിട്ടുണ്ടാവില്ല
അവളിലലിഞ്ഞുറങ്ങിയിട്ടുണ്ടാവില്ല
അല്ലെങ്കിൽ നീയിങ്ങനെ
ഒളിഞ്ഞു നോക്കാൻ
നടക്കില്ലായിരുന്നു
ലാലു

നീ വരുമ്പോൾ

ഇടവഴിയിലൂടെ നീ നടന്നൂ തുടങ്ങുമ്പോഴേക്കും,
കളളക്കാറ്റ് ചിരിച്ചുകൊണ്ട് എന്റെ വീട്ടുമുറ്റത്തേക്കോടിക്കയറിയിട്ടുണ്ടാകും..
വേലിക്കലെ ചെമ്പരത്തിക്കാടിന് ഭ്രാന്ത് മൂത്ത് കൂടുതൽ ചുവക്കും ,
ഒതുക്കുകല്ലുകൾ എന്തോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം കാതോർക്കാൻ തുടങ്ങും..
തൂവിപ്പോയൊരു പാൽച്ചിരിതുടച്ച് തൈമുല്ല തലകുനിക്കും,,
അടക്കാനാവാത്ത സന്തോഷത്തിൽ കാശിത്തുമ്പകൾ പൊട്ടിത്തൂളും,
ഒക്കെ പിടികിട്ടിയെന്ന മട്ടിൽ  പനിനീർ പൂവുകൾ തലകുലുക്കും..
കൂട്ടിലെ തത്ത  നിന്റെ ചെല്ലപ്പേര്   ഉരുവിട്ടുകോണ്ടേയിരിക്കും..
 വെയിലിന്റെ ഒരു തുണ്ട് എന്റെ  ജാലകപ്പൊളിയിൽ  നിന്നെ കാണാൻ  തൂങ്ങിക്കിടപ്പുണ്ടാവും.
എന്നത്തേയുപോലെ  ജനാലയ്ക്കലേക്കൊന്ന്  കണ്ണെറിഞ്ഞു നീ നടന്നകലും ..
അപ്പോഴേക്കും  പൂമൊട്ടുകൾ നാളേക്കുളള കാത്തിരിപ്പിന്റെ മാധുര്യം  എനിക്ക്  വിളമ്പിത്തരും..
ഷീലാ റാണി