13-01


🖍🖍🖍🖍🖍🖍🖍
മായാനദി
രചന - സന്ധൂപ് നാരായണൻ.
ആലാപനം - ബാബു മണ്ടൂർ
***********
പിന്നെ ഞാൻ കണ്ടില്ലല്ലോ,
നിന്നെയീ വഴിക്കൊട്ടു -
മില്ല സങ്കടം തെല്ലും,
നിന്നെ ഞാൻ കണ്ടെത്താതെ
പോയൊരാ വഴി വക്കിൽ
വെച്ചു പോന്നതാണൊരു
ഹൃദയം;വെടിയൊച്ച -
യുറഞ്ഞ നദീ തീരം;

മുന്നിലേക്കൊരുമ്പെട്ടു
നീ തനിച്ചാക്കി പോയ
ദുർഘട വിചാരത്തിൻ
വനപാതയിലെങ്ങോ
നിൽക്കുമീ കടും നീല
ജഡമാവുന്നു ഞാനും!

ചുടു -
ചുംബനം നീർവറ്റാത്ത -
കിണറ്റിൻ കരയിലായ്
അന്നിളം കാറ്റിൽ ചേർത്തു
നിർത്തി നിൻ നെഞ്ചത്തേക്കു
പച്ച കുത്തിയോരിടം!

തൊട്ടു നോക്കുവാനാകാ -
തിപ്പൊഴും പൊള്ളുന്നുണ്ടാ
ഉടലാഘോഷത്തിന്റെ
പെൺമണപ്പഴക്കങ്ങൾ...

സ്വേദഗ്രന്ഥികൾ തുപ്പും
നീറ്റുപ്പു ചവർപ്പിന്റെ
ഓർമ്മകൾ പഴുപ്പിച്ചീ
മുറിവിൽ വെയ്ക്കട്ടെ ഞാൻ!

വാക്കുകൾ കനം കൂട്ടി
നിൽക്കുന്ന നേരത്തു നിൻ
നോക്കു താങ്ങുവാനാകാ -
തൊടിഞ്ഞ കൊമ്പാണു ഞാൻ!

പറയാൻ കനൽ വീണ
വഴിയ്ക്കുമുണ്ടായേയ്ക്കാം
നിന്നേക്കാൾ പഴകിയ
സങ്കടക്കഥകളിൽ
എന്റെ പേരടർത്തിയോ -
രേടുമീക്കാലത്തിന്റെ
കുപ്പയിലെറിയുവാൻ!

ചുറ്റിലും വൃത്താകാരം
ജീവിത ഘടികാരം!
ഒറ്റ സൂചിയാൽ നിന്നെ -
യളക്കാൻ വിധികൊണ്ടു,
തെറ്റിയ നഗരത്തിൽ
വന്നുപെട്ടവർ നമ്മൾ!

എങ്കിലുമൊഴുകുന്ന
ചുവന്ന നദി പോലെ
കേവലമൊരു പേരിൽ
ത്തീരുന്ന നീയ്യും ഞാനും!
***********

മഴ - എം ആർ രേണുകുമാർ

ബെല്ലടിക്കുമ്പോള്‍
ക്ലാസ്സിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
ബെഞ്ചില്‍
ഡെസ്കില്‍
മേശപ്പുറത്ത്
ആരോടും ചോദിക്കാതെ
തോന്നിയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിന്റെ പേരു വെട്ടാന്‍
കടലാസു കപ്പല്‍
മുങ്ങുമ്പോള്‍
വീട്ടിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
കൊരണ്ടിയില്‍
തഴപ്പായില്‍
കയറ്റുകട്ടിലില്‍
കണ്ടയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിനെ എടുത്തെറിയാന്‍
ഞങ്ങളുടെ
സ്കൂളിന്റെ പുറകിലായിരുന്നു
മഴയുടെ സ്കൂള്.
ഞങ്ങളുടെ
വീടിന്റെ പുറകിലായിരുന്നു
മഴയുടെ വീട്.
ആകയാല്‍
പോക്കും വരവും
ഒരുമിച്ചായി.
തീറ്റയും കുടിയും
ഒരു പാത്രത്തീന്നായി.
കെട്ടിപ്പിടിച്ചുറക്കം
ഒരു പായിലായി.
ഞങ്ങള്‍ക്ക്
പനി വരുമ്പോള്‍ മാത്രം
ഇറയത്തേക്കിറങ്ങിനിന്നാ
മഴ കണ്ണു തുടയ്ക്കാനും
മൂക്കു പിഴിയാനും തുടങ്ങും
*******************
ഒരു വാക്ക്
മതിയായിരുന്നു
കവിത പൂർത്തിയാക്കുവാൻ
ഓർത്തെടുക്കവേ
മഴ ചാറി

ടെറസ്സിൽ
ഉണങ്ങാനിട്ട തുണികൾ
എടുക്കാനോടി
കിതച്ചു കോണിയിറങ്ങുമ്പോൾ
ആ വാക്ക് മറന്നു പോയി

അവസാനത്തെ വരിയാണ്
ഒരു വാക്ക് കൂടി വേണം
ഓർത്തെടുക്കവേ
അടുപ്പത്ത്
അരി തിളച്ചു മറിയുന്നു
അടുക്കളയിലേക്കുള്ള
പാച്ചിലിനിടയിൽ
ആ വാക്ക് വഴുതിപ്പോയി

കടു വറുക്കുമ്പോൾ
പൊട്ടിത്തെറിച്ച
ഒരു തുള്ളി എണ്ണയുടെ നീറ്റലിൽ
ആ വാക്ക് മാഞ്ഞു പോയി
ഉള്ളിയരിയുമ്പോൾ
നിറഞ്ഞ കണ്ണുകളിൽ
ഇരുണ്ടുപോയി ആ വാക്ക്
അതുകൂടി മതിയായിരുന്നു
കവിത പൂർത്തിയാക്കാൻ

മീൻ മുറിക്കുമ്പോഴും
പൂച്ചയെ ആട്ടുമ്പോഴും
കിണറ്റിങ്കരയിൽ
വഴുതി വീണ് എണീറ്റ്‌
ആരെങ്കിലും കണ്ടോന്ന്
ചുറ്റും നോക്കുമ്പോഴും
ആ വാക്കിനെ തിരയുകയായിരുന്നു

പൊട്ടിയ കൈമുട്ടിലെ പോറലിൽ
എരിയുന്ന മരുന്ന് പുരട്ടുമ്പോഴും
കിട്ടാത്ത വാക്കിനാൽ
ഉടലാകെ ഒരു മുറിവായി

അലക്കുകല്ലിൽ
ആഞ്ഞടിച്ചു കിതക്കുമ്പോഴും
അഴുക്കു കളഞ്ഞ്
തുണികളൊക്കെ നീലം മുക്കി
നടു നിവർത്തുമ്പോഴും
ആ വാക്കിനെയോർത്തു
അതുകൂടി എഴുതിയാൽ
ആ  കവിത
പൂർത്തിയാക്കാമായിരുന്നു

മഴ തോരുന്നതും കാത്ത്
ഉമ്മറപ്പടിയിൽ നനഞ്ഞു നിൽക്കവേ
നാവിൻതുമ്പിൽ വന്ന്
ഒരു നെടുവീർപ്പിനാൽ
അലിഞ്ഞു പോയി ആ വാക്ക്
കുഞ്ഞിന് മുല കൊടുക്കുമ്പോഴും
തൊണ്ടയിടറി തൊട്ടിലാട്ടുമ്പോഴും
നിലം തുടച്ചു തളർന്നിരിക്കുമ്പോഴും
ആ വാക്കിനെ തിരയുകയായിരുന്നു

ചൂടാറാത്ത വിഭവങ്ങൾ
തീന്മേശയിൽ നിരത്തുമ്പോഴും
ഉപ്പില്ലാത്തതിന്
എരിവ് കുറഞ്ഞതിന്
കറുത്ത മുഖം കാണുമ്പോഴും
എച്ചിൽപാത്രങ്ങൾക്കിടയിൽ
കാക്കയെയും പൂച്ചയേയും
ചീത്ത പറഞ്ഞാട്ടുമ്പോഴും
ആ വാക്കിനായ്  ഉള്ളു പിടഞ്ഞു

ഉച്ചയുറക്കത്തിന്റെ
ഒച്ചയനക്കമില്ലാത്ത ഇടവേളയിൽ
ആ വാക്കിനു വേണ്ടി
പിന്നെയും നെഞ്ചു കുഴിച്ചു
ആ കവിത തീർക്കാനായെങ്കിലെന്ന്
ഹൃദയം കയറുപൊട്ടിച്ചു
അപ്പോഴേക്കും സ്കൂൾ വിട്ടു
ഗെയ്റ്റ് കരഞ്ഞു
വീട് പിന്നെയും കുലുങ്ങിയുണർന്നു
അടുക്കള പിടിച്ചു വലിച്ചു
ചിന്തയിൽ പുരണ്ട
കരിയിലും പുകയിലും
ആ വാക്ക് കത്തിത്തീർന്നുപോയി

ഉമ്മറക്കോലായിലിരുന്ന്
നിലാവിനോട് ചോദിച്ചാൽ
പറഞ്ഞ് തരുമായിരുന്നു ആ വാക്ക്
മഴയോട് ഒന്ന് മിണ്ടാൻ കൂടി കഴിഞ്ഞില്ല
മുരിങ്ങാമരത്തിൽ ആ കിളി
ഇന്നും വന്നിരുന്നോ ആവോ

അടുക്കളവാതിലടക്കുമ്പോൾ
ഉറക്കം വന്ന് കൈപിടിക്കുമ്പോൾ
ആ വാക്കിനെ പിന്നെയും മറക്കുന്നു
ചുംബനനാറ്റത്തിലമരുമ്പോൾ
ആലിംഗനമുള്ളുകളിൽ
മുറിവുകളായ് പൂക്കുമ്പോൾ
പൂർത്തിയാവാത്ത ഒരു കവിത
വാതിൽ തുറന്ന്
വീട് വിട്ട്
പുറത്തേക്കു പോകുന്നു......

ബഷീർ.എം.
******************
മഴപ്പാറ്റകൾ...

ഇന്ന്
പെയ്യുന്നില്ലേ,
നനഞ്ഞു കുതിരാൻ
ധൃതിയായി...
തീപിടിച്ച
മുറിവുകളും പേറി
വെയിലത്തിരിക്കവേ
ഞാനോ
നീയോ
ആദ്യം ആശിച്ചത്?
ഇടിയൊച്ചയുടെ
ഭയം വീണ്
പൊടുന്നനെ
നമുക്കിടയിൽ
ഒരു
മഴയോർമ്മ
പൊട്ടിമുളയ്ക്കുന്നു...
ചിറകാർന്നൊരു നദി
ആകാശത്തിലേക്ക്
ചിറി കൂർപ്പിക്കുന്നു...
ഒരിറ്റു സ്വപ്നത്തിനുള്ള
വരണ്ട
കാത്തിരിപ്പിന്
മഴയെക്കാളും
കുളിരു തന്നെയാണ്...

ശ്രീനിവാസൻ തൂണേരി