14-04


വിഷുക്കണി
വൈലോപ്പിള്ളി

നീളമേറുന്നു ചൂടും നിതരാം ദിനങ്ങൾക്ക്
ചൂളയിൽ നിന്നെന്നപോലടിക്കും പൊടിക്കാറ്റിൽ
നീരിവേര്ത്തിമ,താണു കാണുകയാവാം ഭദ്രേ
നീ പകൽക്കിനാവ്, പൂഞ്ചോലകൾ, വനങ്ങളും
അതു നല്ലത് , പക്ഷെ വിഹരിപ്പതീ വെയിലിൽ
പുതു വേട്ടാളൻ കുഞ്ഞുപോലെയെൻ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളിൽ പണ്ടുകാലത്തിൻ നീണ്ട
ചൂടാണ്ട മാസങ്ങളിൽ പൂവിട്ടൊരുല്ലാസങ്ങൾ !
കൂട്ടുകാരോടുകൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങൾതൻ ഭിന്നഭിന്നമാം സ്വാദും,
വയലിൻ കച്ചിപ്പുകമണവും സ്വർഗ്ഗത്തിലേ
ക്കുയരും വെണ്മുത്തപ്പത്താടിതൻ ചാഞ്ചാട്ടവും,
കശുവണ്ടിതൻ കൊച്ചുകൊമാളിച്ചിരിയും, കണ്‍-
മഷി ചിന്നിയ കുന്നിമണിതൻ മന്ദാക്ഷവും ,
കടലിൻ മാറത്തു നിന്നുയരും കാറ്റിൽ തെങ്ങിൻ-
മടലിൽ പച്ചോലകൾ കല്ലോലമിളക്കുമ്പോൾ
വെട്ടിയ കുളങ്ങൾതൻ പഞ്ചാരമണൽത്തിട്ടിൽ
വെട്ടവും നിഴലും ചേർന്നിയലും നൃത്തങ്ങളും
ഞാനനുഭാവിക്കയാണോർമ്മയിൽ ചുടുവെയിലിൽ
സാനന്ദം കളിചാർക്കും തൊഴർതൻ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരം-
പോക്കു മാ നാടാൻ ചക്കിൻ സ്നിഗ്ദ്ധമാം ഞരക്കവും!
ഹാ, വെളിച്ചത്തിന്നോമന്മകളെ, കണിക്കൊന്ന-
പ്പൂവണിപ്പോന്മേടമെ, നല്ലനദ്ധ്യായത്തിന്റെ
ദേവതേ, സുരോഷ്ണത്തെത്തൂനിഴലഴികളിൽ
കേവലം തടവിൽച്ചെർത്തുഗ്രവേനലിനെയും
എന്റെയീ മലനാട്ടിൽ ഉത്സവക്കൊടിക്കീഴിൽ
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു ?
മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം, മാവിൻ ചുന
മണക്കും മേടത്തിന്റെ മടിയിൽപ്പിറന്ന ഞാൻ
സ്വർഗ്ഗവാതിൽ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടു-
മുദ്ഗളം മലനാടു വേനലിന്നപദാനം
പിന്നെയുമൊന്നുണ്ടു, പണ്ടൊരു വെനലിലച്ഛൻ
കണ്ണടച്ചെൻവീടെല്ലാം പകലുമിരുണ്ടപ്പോൾ
വന്നു ഞാൻ ഭദ്രേ കണികാണാത്ത കൌമാരത്തിൽ
ഖിന്നതയോടെ വിഷുനാളിൽ നിൻതറവാട്ടിൽ
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടൻ, ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെൻ കണ്മിഴിപ്പൊത്തി,ക്കണി
കണ്ടാലുമെന്നോതി ഞാൻ പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതo, കൊന്നപ്പൂങ്കുല വാരിച്ചാർത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു നീയെൻ മുന്നിൽ
ലോലമായ്‌, വിളർത്തൊന്നുമറിയാത്തൊരു കുരു-
ത്തോല പോലെഴും പെണ്ണിന്നിത്ത്രമേൽ കുറുമ്പെന്നോ
“പരിഹാസമോ കൊള്ളാം” എന്ന് ഞാൻ ചോദിക്കെയ
പ്പരിതാപത്തിന്നാഴം പെട്ടന്നു മനസ്സിലായ്
ബാഷ്പ്പസങ്കുലമായ കണ്‍കളോ “ടയ്യോ മാപ്പെ”
ന്നപ്പരിമൃദുപാണി നീയെൻറെ കൈയിൽ ചെർക്കെ
ആ വിഷുക്കണി കണ്ടും കൈനീട്ടം മേടിച്ചുമെൻ
ജീവിതം മുൻകാണാത്ത ഭാഗ്യത്തെയല്ലോ നേടി !
തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും മൗഡ്യം
ചിന്നിടും പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ ,നിൻറെ
ചിരിയായ് വിഷുക്കണിയായിതെന്നുമെൻ വീട്ടിൽ
ഇങ്ങകായിലും കായിട്ടുല്ലസിക്കുമീത്തൊടി-
യിങ്കലും തൊഴുത്തിലും, തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ, മമ യത്നം
പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്പ്പാടത്തിലും
കീഴടക്കുന്നുപോലും മനുജൻ പ്രകൃതിയെ
കീഴടക്കാതെ, സ്വയം കീഴടങ്ങാതെ
അവളെ സ്നേഹത്തിനാൽ സേവിച്ചു വശയാക്കി,
യരിയ സഖിയാക്കി വരിച്ചു പാലിക്കുകിൽ
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോൽ
നിന്നുടെ മടിത്തട്ടിൽ തങ്ങുമീ മണിക്കുട്ടൻ
“ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവല്ക്കൃതലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും, ഇത്തിരി കൊന്നപ്പൂവും “

പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി
സച്ചിദാനന്ദൻ
പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടി
പതിമൂന്നുവയസ്സുള്ള ആണ്‍കുട്ടിയല്ല.
പൂമ്പാറ്റകളെ മറക്കുവോളം അവള്‍
ദു:സ്വപ്നങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട്
താരാട്ടുകളെ പിന്നിലാക്കി അവള്‍
ഇരുട്ടിന്റെ ഗുഹകളിലൂടെ കടന്നുപോയിട്ടുണ്ട്
പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക്
നാല്‍പ്പത്തിമൂന്നു വയസ്സുണ്ട്
അവള്‍ക്കു നല്ല സ്പര്‍ശവും
ചീത്ത സ്പര്‍ശവും തിരിച്ചറിയാം
അതിജീവനത്തിനായി നുണപറയുന്നത്
തെറ്റല്ലെന്ന് അവള്‍ക്കറിയാം
അവള്‍ക്കു യുദ്ധം ചെയ്യാനറിയാം,
പല്ലുകൊണ്ടും പാട്ടുകൊണ്ടും.
നിങ്ങള്‍ അവളുടെ ഉടലിലെ
പനിനീര്‍മാത്രം കാണുന്നു,
പക്ഷെ അതില്‍ നിറയെ മുള്ളുകളുണ്ട്‌.
പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക്
പറക്കാനാവും, അവള്‍
സൂര്യനെയും പുസ്തകങ്ങളെയും
പുരുഷനുമാത്രമായി വിട്ടു കൊടുക്കില്ല
അവളുടെ ഊഞ്ഞാല്‍ ചന്ദ്രനെച്ചുറ്റി
വിഷാദത്തില്‍നിന്ന് ഉന്മാദത്തിലേയ്ക്കാടുന്നു
അവള്‍ നിങ്ങള്‍ കരുതും പോലെ
രാജകുമാരനെ കിനാക്കാണുന്നില്ല
പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടി
പാതാളത്തില്‍ കാല്‍ കുത്തി നിന്ന്
മഴവില്ലുകളെ സ്പര്‍ശിക്കുന്നു
ഒരു ദിവസം അവള്‍ വെളുത്ത കുതിരപ്പുറത്ത്‌
വാളുമായി പ്രത്യക്ഷപ്പെടും.
മേഘങ്ങളില്‍ കുളമ്പടികള്‍ കേള്‍ക്കുമ്പോള്‍
നിങ്ങളറിയും,
പുരാണങ്ങളില്‍ പറയുന്ന
പത്താമത്തെ അവതാരം പെണ്ണാണെന്ന്.

മഞ്ജുഷ പോർക്കുളത്ത്
പടിയിറങ്ങീടുകെന്റെയുള്ളിൽ നീയുണ്ടെന്നാകിൽ !
നെഞ്ചു കീറുന്നൊരാ
 പിടച്ചിലറിയാനാകാത്ത
ദൈവമേ ....
ഒടുങ്ങട്ടെ വാക്കും
ഒന്നിനും കൊള്ളാത്തൊരീ
പാഴ്ജന്മങ്ങളും
അടിമയായ് ഇനിയുമെത്ര നാൾ
ഇപ്പിശാചുക്കൾക്കിടയിൽ .
ഓർമകളിൽ പോലും
നിന്റെ പിടച്ചിൽ
കൂർത്ത കൂരമ്പുകളായ്
മാറിടും ...
അപ്പോഴും
നെഞ്ചുവിരിച്ചവർ
നീങ്ങും വഴി
തലകുനിച്ച് നിന്നിടും
ഞങ്ങൾ .

ആസിഫ
റെജി കവളങ്ങാട്
കുതിരമേയ്ക്കാൻ പോയ് വരാതിരിക്കില്ലവൾ
കുനുകുനെഗോതമ്പു കതിരുപോലിളകുന്ന
മുടിയിളക്കിക്കൊണ്ടുവരുമെന്റെയാസിഫ
കുതിരകളന്തിയിൽ വീടണഞ്ഞെങ്കിലും
കുസൃതിയാണെന്മകൾ
പൂവിറുക്കാനിരുൾപ്പുകമഞ്ഞുവീണവനാന്തരപാതയിൽ
ക്കിളിയൊച്ചകേട്ടു നില്പായിരിക്കാമവൾ
കിളികളെല്ലാം കൂടണഞ്ഞിട്ടുമെൻ മകൾ മധുരമുണ്ണാൻ പൂങ്കവിളിലെൻ പൊന്നുമ്മപതിയുവാനോടിവരാഞ്ഞതെന്താണവൾ
കുഞ്ഞിക്കിടാവെന്റെയാസിഫ
തുള്ളാതെ നേരേ നടക്കാനറിഞ്ഞുകൂടാത്തവൾ
തുമ്പിയോടൊന്നു ചിരിക്കാതെ പൂക്കളോടൊറ്റക്കുനിന്നു കുണുങ്ങാതെ രാവിതിൽ വൈകിയിട്ടെങ്ങോ കുഴഞ്ഞിരിപ്പാണവൾ
കുഞ്ഞുകൈചുറ്റിപ്പിടിക്കാതെ
മാറിലാക്കുഞ്ഞുമ്മകൊണ്ടു കുളിരാതെ
രാത്രികളൊന്നിച്ചുവന്നു പൊതിഞ്ഞാലുമെങ്ങനെയുമ്മയുറങ്ങു മറിഞ്ഞതല്ലേയവൾ ?
 കാട്ടിലെക്കല്ലമ്പലത്തിലെ ദൈവമേ ഹിന്ദുവല്ലെങ്കിലും നീയെന്റെ കുഞ്ഞിനെക്കാത്തുകൊള്ളേണമേ ജാതിയും വൈര്യവും
കുട്ടികളോടാർക്കുമില്ലെന്നതോർക്കണേ...
കണ്ണുകാണാത്തൊരീ രാത്രിയിലാസിഫ
കല്ലുകൊണ്ടുള്ളൊരീ ലോകത്തിലാസിഫ
കണ്ടുമുട്ടല്ലേമനുഷ്യരേ ദൈവമേ
കല്ലിനുള്ളിൽ നീ യുറങ്ങുമീരാത്രിയിൽ

ഒരു വീട് തേടിപ്പോയതാണ്..!
സ്മിത ഗിരീഷ്
അത്ര നട്ടുച്ചയൊന്നുമല്ലായിരുന്നു..
താമസിക്കാൻ,
ഒരു വീട് തേടിപ്പോയതായിരുന്നു..
എത്തിയ  വീടിനു ചുറ്റിലും
നാരക മരങ്ങൾ പൂത്തും, കായ്ച്ചും
നിന്നിരുന്നു...
വെയിൽ വീണു മഞ്ഞ നിറമായ
മുറ്റത്തൊക്കെ, നാരകപ്പൂവിതളുകൾ
പൊഴിഞ്ഞു കിടന്നിരുന്നു.
മഞ്ഞ തൂവലുള്ള ചെറുകിളികൾ,
ഇലകൾക്കിടയിലൂടെ,
മുള്ളുകളിൽ ചിറകു കോറാതെ,
പറന്നു കളിച്ചിരുന്നു..
നാരകച്ചെടികളെ കോതി,
പഴുത്തിലകളെ ചുരുട്ടിച്ചുരുട്ടി
കൊണ്ടു പോകുന്നൊരു കാറ്റ്
ആ വീട്ടിലേക്ക്
 കയറിപ്പോകുന്നുണ്ടായിരുന്നു..
വീട് തുറന്ന് കാണിച്ചയാൾ
നാരകമുള്ളുകൾ
 കൊണ്ട് കോറിയ പോലെ
മുഖചുളിവുകൾ
ഉള്ള ഒരു വൃദ്ധനായിരുന്നു..
പഴുത്ത ചെറുനാരങ്ങായുടെ
നിറമുള്ള കണ്ണുകളിൽ
പാട കെട്ടിയ വെയിൽ
തുടച്ചു കളഞ്ഞയാൾ പറഞ്ഞു
തുടങ്ങി...
പഴയ വീടാ കേട്ടോ
പത്തു മുറിയൊണ്ടേ
പത്തായവുമുണ്ട്...
ഞാമ്പണ്ടേ, ഇവിടെ വന്ന് കൂടീതാ
പത്രോസുകുട്ടിയേന്നാ
ഇവിടുത്തെ അമ്മച്ചി വിളിക്കുന്നെ
 കേട്ടോ....!
പത്തു മൈല് ദൂരേന്നൊരു
പെങ്കൊച്ച് വരും
പച്ച നാരങ്ങാ നെറവൊള്ള
കുപ്പായമിട്ടോണ്ടാവും
അവർക്ക്, വീട് കാണിച്ച് കൊടുക്കാൻ
അമ്മച്ചി പറഞ്ഞിട്ടൊണ്ടൊരുന്നു
കേട്ടോ
അമ്മച്ചിക്ക്, മിണ്ടിപ്പറയാനൊരു
ആളാ വേണ്ടത്
അത് മരിച്ചു പോയ ലില്ലിക്കുട്ടീടെ
പോലൊരു മോളായിരിക്കണം...!
അമ്മച്ചിക്കെന്തിനാ വാടക?
വെറുതെയിരിക്കുമ്പോ അമ്മച്ചി
വെണ്ണ റൊട്ടി പോലത്തെ
വട്ടയപ്പമൊണ്ടാക്കും
നാരങ്ങാ, ചതച്ചിട്ട് തേനും
ചക്കരപ്പാനീം ചേർത്ത്
വീഞ്ഞൊണ്ടാക്കി വെയ്ക്കും..
വട്ടേപ്പോം തിന്ന്, വീഞ്ഞും കുടിച്ച്
അമ്മച്ചീടെ പാന വായനേം
കേട്ടിരിക്കുമ്പോ
എന്റെ മോളേ,
 എനിക്കീ ഭൂമി മൊത്തം മഞ്ഞ
നെറവൊള്ള നാരകത്തോട്ട വാന്ന്
തോന്നും...
ഞാനപ്പോ, ഓരോ നാരക ച്ചെടീലും
പടന്ന് കേറുന്ന,
 ഓറഞ്ച് പൂക്കളുണ്ടാകുന്നൊരു
വള്ളിയാന്ന് തോന്നും
ഞാനപ്പോ, നാരകപ്പൂവിന്റാത്തിരിക്കുന്ന
മഞ്ഞ നെറത്തേല്
 കറുത്ത കുത്തുള്ള പൂമ്പാറ്റയാന്ന്
തോന്നും..
ചെലപ്പോ, അമ്മച്ചി ക്രോഷ്യാ കൊണ്ട്
സാംകുട്ടീടെ കൊച്ചിനാന്നും പറഞ്ഞ്
ഉടുപ്പുതുന്നും...
സാംകുട്ടിയെ വിടാന്നോ...
അമ്മച്ചീം ഞാനും കൂടെ
അച്ചാറൊണ്ടാക്കാൻ
 നാരങ്ങ വാട്ടുമ്പോഴല്ലേ
സാംകുട്ടി, അമേരിക്കേല് മരിച്ചെന്ന്
ഫോൺ വന്നത്.!
അതപ്പച്ചൻ മരിക്കുന്നേനും
മുമ്പല്ലാരുന്നോ??
അപ്പച്ചന്റെ മരിച്ചടക്കിന്റ ന്നല്ലേ
നാരകത്തടത്തീന്നൊരു
ചേനത്തണ്ടനെ ഞാങ്കൊന്നത്..?
ഓർമ്മയൊക്കെ അങ്ങ് പോയി
മോളെ....
വയസ് കൊറേയായില്ലേ...
അതു പറഞ്ഞപ്പഴല്ലേ ഓർത്തത്
എന്നും ഈ നേരത്തല്ലേ
ഈ ചാരുകസേരേ വന്നിരുന്നമ്മച്ചി
എന്റെ സാംകുട്ടിയേ, ലില്ലി വാവേന്ന്
വിളിച്ചോണ്ട് എണ്ണി പെറുക്കി
കരഞ്ഞോണ്ടിരിക്കുന്നത്....!
അപ്പഴല്ലേ, കരയണ്ടമ്മച്ചിന്ന്
പറഞ്ഞോണ്ട് ഞാനമ്മച്ചിക്ക്
നാരകത്തില ചതച്ചിട്ട മോരും വെള്ളം
കൊണ്ടു കൊടുക്കുന്നത്...!
ചാരുകസേരയിൽ
നാരകത്തിലകൾ വീണു
കിടന്നിരുന്നു...
മുറികളിലെ ആഴത്തിൽ
തവിട്ടു നിറമുള്ള
ഇരുട്ടിലേക്കും
പുറത്തെ, ഏകാന്തമായ
വെയിലിലേക്കും
 എന്റെ കണ്ണുകൾ
അമ്മച്ചിയെ
തിരഞ്ഞു കൊണ്ടിരുന്നു.....!
അപ്പോൾ,
നാരകത്തില ചതച്ചിട്ട
 മോരും വെള്ളം നീട്ടി
ആകാശത്തേയും ഭൂമിയേയും
ശാഖികളാലും വേരുകളാലും
തൊടുന്നൊരു വലിയ
നാരക മരത്തിന്റെ കാറ്റിലാടുന്ന
നിഴൽ പോലെ,
എനിക്ക് മുന്നിൽ നിന്ന്
ചിരിച്ചു കൊണ്ട്
പത്രോ സുകുട്ടിച്ചേട്ടൻ
പറഞ്ഞു..
അതിനമ്മച്ചിയെ നോക്കണ്ട മോളെ
അമ്മച്ചി മരിച്ചു പോയില്ലേ..
ഞാനും മരിച്ചു പോയതാ കേട്ടോ...!

കറുത്ത ഒരെലി ധ്യാനത്തെ കുറിച്ച് സംസാരിക്കുന്നു
മുനീർ അഗ്രഗാമി
ധ്യാനമേ,
നീയേതു കിളി ?
വയൽ വരമ്പിലെ കൊറ്റി?
മരക്കൊമ്പിലെ പൊൻ മാൻ ?
ഓലത്തുമ്പിലെ പരുന്ത് ?
എറിയൻ ?
കഴുകൻ ?
കാക്ക ?
കുരുവിയേയും
വാലാട്ടി ക്കിളിയേയും
കുയിലിനേയും
ധ്യാനത്തിൽ
ഞാൻ കണ്ടിട്ടില്ല
കോഴിയേയും
കാടയേയും
കുളക്കോഴിയേയും
ധ്യാന നിരതരായ് കണ്ടിട്ടില്ല
കോഴിക്കുഞ്ഞിനോടും
മീൻ കുഞ്ഞിനോടും
എന്റെ നിരീക്ഷണം എനിക്കു പറയണം
അവരുടെ ഭാഷ
അറിയാത്തതുകൊണ്ട്
ഒരു മനുഷ്യനോടു പറഞ്ഞു
അവൻ അതു കേൾക്കാതെ
ഓടിപ്പോയി
മനുഷ്യർ കിളികളല്ലല്ലോ
എന്ന സമാധാനത്തിൽ
ഞാൻ പക്ഷികളിൽ നിന്നും
നോട്ടം പിൻവലിച്ച്
മൃഗങ്ങളെ നോക്കാൻ തുടങ്ങി.
ധ്യാനമേ,
ഞാനൊരെലി
പൂച്ചയുടെ
ഇരുട്ടിലെ ധ്യാനത്തെ
സൂര്യനായി തെറ്റിദ്ധരിക്കല്ലേയെന്ന്
കുഞ്ഞിനോടു പറയുന്നു

ലിംഗായുധം
ശ്രുതി .വി.എസ്
വംശ വിദ്വേഷത്തിന്റെ
വിത്തിനങ്ങൾ
വളർന്ന് പടുവൃക്ഷങ്ങളായി
ഇന്നിന്റെ
തലയ്ക്കു മുകളിൽ
വെള്ളി വലയങ്ങൾ
തീർക്കുന്നു....
താഴെ ആയുധവുമായി
മുറവിളികൾ
ആയുധ പുരകൾ ,
ചുഴറ്റിയെറിയലുകൾ...
കടവാവലുകൾ,
പിശാച്ചുക്കൾ,
രക്തവെറിയന്മാർ,
ഇപ്പൊഴൊടുവിൽ
കാമരാക്ഷസരും....
കൊടിയ വംശസമരം
ആയുധങ്ങൾ
ലിംഗപുരകളിൽ
നിന്നിറങ്ങി വരുന്നു
മതശരീരം തിരഞ്ഞെടുക്കുന്നു
ആയുധം ചുഴറ്റിയെറിയുന്നു
കാമം ,മതം
വികാരം ,വിദ്വേഷം
പുതിയ ബന്ധങ്ങൾ
സൃഷ്ടിക്കപ്പെടുന്നു
സൃഷ്ടി സംഹാരമാകുന്നു
സ്ഥിതി നെറികേടും
പുതിയ പിറവികൾ
ജനനം കൊള്ളുന്നു
പാലായനവും ,ജനനവും
വംശവെറിയിൽ
കൊടും പാപമാകുന്നു
ചരിത്രം പാഠപുസ്തകത്തിൽ
നിന്ന് വഴിമാറുന്നു
മത വഴികളിൽ പുതിയ
പാഠഭേദങ്ങളാകുന്നു
വലിച്ചു പറിക്കുന്ന
ഉടുപുടവയിൽ
ചരിത്രം ലജ്ജിച്ച്
തല താഴ്ത്തുന്നു
വാൾമുനയിലും ,പെണ്ണിൻ-
മാനത്തിലും
രക്തവിപ്ലവം
പുനർജനി അന്വേഷിക്കുന്നു

ഞാൻ ഒരു സാമ്രാജ്യം
ശ്രീലാ അനിൽ
അടുക്കള.....
വല്ലാത്തൊരു മായിക ലോകമാണ്....
എത്ര പിൻതിരിഞ്ഞു നിന്നാലും...
മായക്കാഴ്ചകൾ കൊണ്ട് നീയെന്നെ പിടിച്ചടുപ്പിക്കുന്നു....
ഞാനില്ലാതെ...ഒരു നിമിഷം പോലുമിരിക്കാൻ... നിനക്കാവില്ല...
തിളച്ചു തൂവലായി....
കരിമണമായി....
കൂക്കിവിളിക്കലുകളായി....
നീയെന്റെ | പിൻതിരിയലുകളെ...
നിന്നോടക്കി നിർത്തും....
അവന്റെ ഹൃദയത്തിലേക്ക് നാവിലൂടെ... നടന്ന് കയറാൻ... നീ വേണമെന്നല്ലേ....
നിന്നെ ആദ്യം കണ്ടപ്പോ നീയെന്നോട്...
അഹങ്കരിച്ചത്...
പക്ഷേ അത് ഞാൻ പൊളിച്ചടുക്കി...
പത്തിരുപത്തിനാലു കൊല്ലം...
ഒരെത്തിനോട്ടക്കാരിയായി നടന്ന തിന്റെ ലേശം ദേഷ്യമാണ് നിന്നെക്കൊണ്ടത് പറയിച്ചത്...

ആരുടെയും ഹൃദയം അടുക്കള മണത്താൽ വിടരണ്ട എന്ന് നാമങ്ങു തീരുമാനിച്ചു....
ന്നാലും...
ചിലപ്പോ നിന്റെ കുറുമ്പുകൾ .... രുചിയുടെ വേറിട്ട വഴിയായി ...
മെഴുക്ക് പാത്രങ്ങളടെ ചിരിയായി....
കൊതിപ്പിക്കുന്ന മണങ്ങളായി......
എന്നിലേക്ക് തുറക്കാറുണ്ട്.....
ഞാനുണരുന്നത്... നിന്റെ ക്ഷേമത്തിലേയ്ക്കും...
ഉറക്കം നിന്നെ ഉറക്കിക്കഴിഞ്ഞും....
എന്നാരു തോന്നലും....
നീ സാമ്രാജ്യമല്ലേ...
ഞാൻ അങ്ങനെ സാമ്രാട്ടും...

     

പ്രായ-ച്ചിത്തം
ശ്രീനിവാസൻ തൂണേരി
കലയില്ല, കലാപവും കട-
ക്കെണിയിൽ ജീവിതസംഭ്രമങ്ങളിൽ
നര കേറിയ രോമരാജിയാൽ
നരനാരായണരൂപമാർന്നവൻ
ശകലം ശാന്തത കട്ടെടുക്കുവാൻ
പകലും രാത്രിയുമെത്ര പാഴ്ശ്രമം
മുറിവേറ്റൊരു പേടമാനുമാ-
യിളവേൽക്കുന്നൊരു വാർധകാശ്രമം..
അരി, പച്ചക്കറി വാങ്ങിയോ മകൾ -
ക്കണിയാനുള്ളുടയാട, ബില്ലുവ -
ന്നൊടുവിൽ വൈദ്യുതി കട്ടു ചെയ്യുവാ-
നവരെത്തും - പലസങ്കടക്കടൽ !
പുലരും മുമ്പു പുറപ്പെടും ട്രെയിൻ
കയറാനുള്ള തിരക്കുമായവർ
പൊതിയും കെട്ടുമൊരുക്കണം, പുറ-
ത്തറിയാറില്ല പുരപ്പഴുപ്പുകൾ..
ദിവസത്തിന്റെ വിഴുപ്പലക്കിയും
കളസത്തിന്നു കുടുക്കു തുന്നിയും
കിളിയും പാട്ടുമൊഴിഞ്ഞ ചില്ലയിൽ
വെറുതേ ചെന്നു വിടർന്നിരിക്കയും
വെയിലിൽ വാടിയുണങ്ങി വാക്കു വീ-
ണടിയും സന്ധ്യ വരും വരേക്കിനി
ത്തനിയേ മൗനവിഷാദരോഗമാർ -
ന്നകമേ തന്നെയിരിക്കണം -സുഖം!

കാവ്- ഒരു മൂക ദൃക്‌സാക്ഷി
കലാ വാസുദേവൻ
കാലി മേയ്ക്കുന്ന നേരത്തു
കണ്ണൂപൊത്തിയതാരഹോ?
കണ്ടില്ലവളതൊന്നും താൻ
കാനനം കളിവീടു പോൽ
നിയമരക്ഷകരീ വണ്ണം
നടമാടാൻ തുടങ്ങിയാൽ
നാടുവിട്ടങ്ങുപോയിടും
നൻമയും നരകമായിടും
കാട്ടിൽ വിരിഞ്ഞ പുഷ്പത്തിൽ
കാന്തി കണ്ടങ്ങു കശ്മലർ
കാണാപോയി തൻവീട്ടിൽ
കിലുങ്ങും മണിയൊച്ചയെ
മക്കളെ പൊന്നുപോൽ പോറ്റും
കരങ്ങൾക്കിതു സാധ്യമോ?
കാലൻപോലും മറന്നുവോ
ഇവരെ കൊണ്ടുപോയിടാൻ?
മാതാപിതാക്കളൊന്നാകെ
ശപിച്ചു ഭസ്മമാക്കണം
അറബി നാട്ടിൽ തീർക്കുന്ന
നിയമം നേരിലാക്കണം
ആസിഫ ക്കുഞ്ഞിൻ പാദങ്ങൾ
പതിച്ചുള്ള വനാന്തരേ
നിൽക്കും കാവു ദൈവങ്ങൾ
മൂകസാക്ഷിയതായി തോ?

കണി
മുഹമ്മദലി
ഇന്നെന്റെ കൊന്നപ്പൂക്കൾക്ക്
വയലറ്റ് നിറം
ചോരയുടെ മണം
വെള്ളരിക്കും നിലവിളക്കിനും മധ്യേ കുഴലൂതി നിൽക്കുന്നു വിഷാദ ഭാവം
കണിയുരുളിക്ക് മുമ്പിൽ
വിറങ്ങലിച്ച ഒരു കുഞ്ഞ് പെൺ ശവം
കണി കാണാൻ
കണ്ണ് പൊത്തുമ്പോൾ
അകക്കണ്ണിൽ നിറയുന്നു
ശവംതീനി ഉറുമ്പുകൾ
ശകുനം! ശകുനം!

ആശംസിക്കാതിരിക്കുവതെങ്ങനെ
ഹമീദ് ആദൃശേരി

കൈനിറയെ കൊന്നപ്പൂവെന്ന് കാണുമ്പോൾ
മനസ്സു നിറയെ
ആ കൊല്ലപ്പെട്ട പൂവാണ്
സമൃദ്ധിയുടെ
നിറപറയെന്ന് കേൾക്കുമ്പോൾ
തികട്ടിവരുന്നത്
അന്നം കട്ടെടുത്തതിനാൽ
ചവിട്ടിക്കൊല ഏറ്റുവാങ്ങേണ്ടി
വന്ന
ആദിവാസിയുടെ
ഒഴിവയറാണ്
ജ്വലിച്ച് കത്തുന്ന
നിലവിളക്കുകൾ കാണുമ്പോൾ
കാതിലലയ്ക്കുന്നത്
മുനിഞ്ഞു കത്തുന്ന
അമ്മമാരുടെ
നിലയ്ക്കാത്ത
നിലവിളികളാണ്
എങ്കിലും
തിരിച്ച്
ഞാനുമാശംസിക്കുന്നു
സുഹൃത്തേ,
കൈനിറയെ
കൊന്നപ്പൂവും
നിറപറയും
നിലവിളക്കും
മനസ്സുനിറയെ സ്നേഹവുമായി
വിഷുവാശംസകൾ!