14-10-17

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍
************************
പകല്‍ചിരി 

ഇനി ഞാനിറങ്ങട്ടേ.. 
സ്വപ്നങ്ങള്‍ വിറ്റു തിന്നുന്ന 
പകലിലേക്ക്..
കനം തൂങ്ങുന്ന 
മനസ്സുമേന്തി..
ഒരു മരണക്കിണര്‍ അഭ്യാസിയെ പോലെ 
ഈ പകലിലേക്ക് ഞാനും..
തിരക്ക്..വല്ലാത്ത തിരക്ക്.. 
ഞാന്‍ മാത്രമുള്ള തിരക്ക്..
വില്‍ക്കുന്നവനും 
വാങ്ങുന്നവനും 
കാണുന്നവനും 
കേള്‍ക്കുന്നവനും 
ചിരിക്കുന്നവനുമെല്ലാം 
ഞാന്‍ മാത്രം..
മനസ് 
മേശവലിപ്പിലിട്ടു പൂട്ടി 
താക്കോല്‍ കളഞ്ഞു..
ഇനിയെനിക്കൊരു 
കവിതയെഴുതണം.. 
നാണയം കിലുങ്ങുന്ന 
സംഗീതം കേട്ട് 
ആര്‍ത്തിയോടെ 
പകലിനെ പുണരണം.. 


സജദില്‍ 🕘🕘മുജീബ്

************************

എന്‍‌റെ 
ശവപ്പെട്ടി 
ചുമക്കുന്നവരോട്

ഒസ്യത്തില്‍
ഇല്ലാത്ത
ഒരു രഹസ്യം
പറയാനുണ്ട്
എന്‍‌റെ 
ഹൃദയത്തിന്‍‌റെ 
സ്ഥാനത്ത് ഒരു 
പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ 
ദിവസങ്ങളില്‍ 
പ്രേമത്തിന്‍‌റെ-
ആത്മതത്വം 
പറഞ്ഞു തന്നവളുടെ 
ഉപഹാരം
മണ്ണ് 
മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും 
ആ പൂവ് 
പറിക്കണം
ദലങള്‍ കൊണ്ട് 
മുഖം മൂടണം.
രേഖകള്‍ മാഞ്ഞ 
കൈവെള്ളയിലും 
ഒരു ദലം
പൂവിലൂടെ 
എനിക്കു 
തിരിച്ചു പോകണം
പൂവിലൂടെ 
എനിക്കു 
തിരിച്ചു പോകണം
മരണത്തിന്‍‌റെ 
തൊട്ടുമുമ്പുള്ള 
നിമിഷം
ഈ സത്യം 
പറയാന്‍ 
സമയമില്ലായിരിക്കും.
ഒഴിച്ച് തന്ന 
തണുത്ത 
വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് 
ഒലിച്ചുപോകും.
ഇല്ലെങ്കില്‍ ഈ 
ശവപ്പെട്ടി 
മൂടാതെ പോകൂ..
ഇല്ലെങ്കില്‍ ഈ 
ശവപ്പെട്ടി 
മൂടാതെ പോകൂ..
ഇനിയെന്‍‌റെ 
ചങ്ങാതികള്‍ 
മരിച്ചവരാണല്ലൊ!

എ.അയ്യപ്പൻ
************************
പാതിരാ പുള്ള് പാടുമ്പോൾ

രാത്രിയുടെ
മോന്തായത്തിൽ,
ഇടതൂർന്നു വളരുന്ന വള്ളിമുൾപടർപ്പുകളിലാണ് 
രാപ്പാടിയിപ്പോൾ.
പാതി വെന്തുപോയ സമയമാപിനികളിലേയ്ക്കും, 
വിറയാർന്നു നിൽക്കുന്ന മൗനത്തിലേയ്ക്കും
കൊക്കുരുമ്മി 
ഇരുട്ടിനെ പ്രണയിക്കാൻ
പഠിക്കുന്നു,
പക്ഷി.. 
ഗദ്ഗദങ്ങൾ 
പുകമഞ്ഞിനു പുതക്കാനും,
തൂവൽ സ്പർശങ്ങൾ 
കാരുണ്യ രഹിതമായ കണ്ണുകൾക്ക് രമിക്കാനുമുള്ളതാകയാൽ
രാപ്പാടി
 പാടിയിട്ടെന്ത്?
പടർന്നേറുന്ന പാതിരാവിന്റെ കഫ പൊറ്റകളിൽ, തനിക്ക് കൊത്തിപ്പെറുക്കാൻ
തൻറെ പാട്ടു തന്നെയാണല്ലോയെന്നു പോലും
ആലോചിക്കുന്നില്ല
കിളിയിപ്പോൾ!
സലാം കരുവമ്പൊയിൽ
************************
🥀 അഭയാർത്ഥി🥀

കീറച്ചാക്കുകളും പോളിത്തീൻ ഷീറ്റുകളും കൊണ്ട് തീർത്ത കുടിലുകൾക്കിടയിലെ
ചീഞ്ഞുനാറുന്ന അഴുക്കു വെള്ളത്തിലും ചളിയിലും ചവിട്ടി തല താഴ്ത്തി നിരാശയോടെഉമർ നടന്നു

എല്ലാ കണ്ണുകളും അയാളിലേക്ക്..........

കനത്ത മൗനത്തിനിടയിൽ അയാളുടെ മകൻ പ്രതീക്ഷയോടെ ചോദിച്ചു.
" ബാബാ...... പുതിയ വാർത്തകൾ വല്ലതും....?"

"ഇല്ല....... ആശകൾക്ക് വഴിയില്ല...............
റോഹിങ്ക്യകൾ ആട്ടിയോടിക്കപ്പെടേണ്ടടവരാണന്ന ചിന്തകൾക്ക് ഇവിടേയും മാറ്റമില്ല.............
അല്ലങ്കിലും എങ്ങിനെയുണ്ടാവാനാണ്............?

കൊന്നും കൊലവിളിച്ചും അതികാരം കൊയ്ത ബർമീസുകാർക്ക് സമാനമായ ഒരു ഭരണകൂടം വരയിട്ട് നിർത്തിയ മണ്ണിലാണ് കടൽ നീന്തി നമ്മളെത്തിയത്..............

 നമ്മുടെ വേഷത്തിനും  പേരുകൾക്കും  അവർ വരച്ച തീവ്രവാദത്തിന്റെ പുതിയ അടയാളങ്ങളുണ്ട്............
അതിനാൽ  നമ്മൾപോയേ പറ്റൂ........."

"എവിടേക്ക്...?" ഒരു കൂട്ടം തുറിച്ചകണ്ണുകൾ
അയാളിലേക്ക് നീണ്ടു.......

" അരാക്കാനിലേക്ക്......" അയാൾ പതുക്കെ മുരണ്ടു............

"എങ്ങിനെ.....?" എല്ലാവരുടേയും മുഖത്ത് വീണ്ടും ഭീതി.......

പറയൂ ഉമർ.......... നമുക്കതിന് കഴിയുമോ....?!!
അഥവാ കഴിഞ്ഞാൽ തന്നെ നമ്മുടെ രാഖിനിലെ കുടിലുകൾ ഇപ്പോഴും അവിടെയുണ്ടാവുമോ.......?

തെരുവിൽ വിവസ്ത്രയാക്കപ്പെട്ട്...... കൂട്ടത്തോടെ കടിച്ച്കീറിയ മെഹ്ജ ബിന്റെ..............
അമീറയുടെ.........ദീനരോദനങ്ങൾ................

നിലത്തെറിഞ്ഞ് ചിതറിത്തെറിച്ച ചോരക്കുഞ്ഞുങ്ങളുടെ......
കത്തിയമർന്നഉമ്മിമാരുടെ...... ഉടലറുക്കപ്പെട്ട യുവാക്കളുടെ..........  വേദനക്കാഴ്ച്ചകൾ മറന്ന് നമ്മളെങ്ങിനെ വീണ്ടും അരാക്കാനിൽ............?!

ശരീരങ്ങൾ വെട്ടി നുറുക്കിയ ചോരച്ചാലിൽ ചുവന്ന് പോയ നാഫ് നദിയുടെ കുളിര് പോലും നുകരാൻ നമുക്കിനിയാവുമോ....??

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾക്ക് മുന്നിൽ ഉമർ തളർന്ന് നിലത്തിരുന്നു.......

പിന്നെ  പതിയെ സുജൂദിൽ വീണ്അയാൾ കരഞ്ഞു........

"നാഥാ ചവിട്ടി നിൽക്കാൻ മണ്ണില്ലാതെ പോയ ഈ പട്ടിണിക്കോലങ്ങളുടെ ചോദ്യങ്ങൾക്ക് എന്തുത്തരമാണ് ഞാൻ നൽകേണ്ടത്..........?" 

സൗർഗുഹയുടെ പുറത്തെ വാൾ തിളക്കം കണ്ട് പരിഭ്രമിച്ച കൂട്ടുകാരനോട്  "നമുക്ക് രണ്ട് പേർക്കുമൊപ്പം മൂന്നാമനായി ദൈവമുള്ളപ്പോൾ താങ്കളെന്തിന് ഭയപ്പെടണമെന്ന്  പറഞ്ഞ് 
പുഞ്ചിരി തൂകിയ വിശ്വാസത്തിന്റെ കരുത്തേകി  ഞങ്ങളെ നീ ശക്തരാക്കണേ........

ഉമർ നിലക്കാതെ പ്രാർത്ഥനയിൽ മുഴുകി കൊണ്ടിരിക്കേ  ആശ്വാസത്തിന്റെ ഒരു നേർത്ത കാറ്റ്  ആ അഭയാർത്ഥി ക്യാമ്പിലൂടെ  ഒഴുകി നീങ്ങി............!!
യൂസഫ് വളയത്ത്
🌑🌑🌑🌑🌑🌑🌑🌑🌑
* അരാക്കാൻ = മ്യാൻമറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശം

* രാഖിൻ = ഒരു ഗ്രാമം
************************