15-04

🍀 വാരാന്ത്യാവലോകനം🍀
ഏപ്രിൽ 9 മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
സുജാത ടീച്ചർ( GHSS പൂയപ്പള്ളി ,കൊല്ലം ) തിങ്കൾ ,ചൊവ്വ
പ്രജിത ടീച്ചർ (GVHSS തിരൂർ) ബുധൻ ,വ്യാഴം ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി GHSS ലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് നഷ്ടമായ പ്രൈം ടൈം പംക്തി വെള്ളിയാഴ്ചയിലെ സംഗീത സാഗരമാണ് ..

മറ്റു പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


ഏപ്രിൽ 9 തിങ്കൾ

📚 സർഗസംവേദനം 📚

📗📗 പുസ്തക പഠന ക്കുറിപ്പിൽ കുരുവിള മാഷിനെ വെല്ലാൻ ആരും തന്നെ ഇല്ല എന്നോർമിപ്പിച്ചു കൊണ്ടും അദ്ദേഹത്തിന്റെ  കുറിപ്പ് സർഗസംവേദനത്തിൽ ഉൾപ്പെടുത്തിയ രതീഷ് മാഷിനു മുള്ള നന്ദി അറിയിച്ചു കൊണ്ടും തിങ്കളിലേക്ക്...

കാട് എന്ന നോവൽ കൊച്ചപ്പന്റേയും അനിയൻകുഞ്ഞിന്റെയും മാമച്ചന്റേയും പൊന്നമ്മ ടീച്ചറിന്റെയും  മാത്രം കഥയല്ല. പഴയ ഒരു തലമുറയുടെ മുഴുവൻ കഥയാണ്. മനുഷ്യ മനസിലെ കാടിനെയാണ് കോവൂർ ഈ നോവലിലൂടെ  അവതരിപ്പിക്കുന്നത്. കാടത്തം മനസിൽ നിറയ്ക്കുന്നവരെയാണ്. ഒരർത്ഥത്തിൽ ഒരു പൈങ്കിളി നോവലായി തോന്നുമെങ്കിലും മനുഷ്യന്റെ  ഉള്ളിലെ കാട് വളർന്ന് വിഷക്കാടായി മാറുന്ന കാലഘട്ടത്തിൽ ഈ നോവലിനു പ്രസക്തി ഏറെയാണ്. നന്ദി രണ്ടാൾക്കും ഒരിക്കൽക്കൂടി.🐘🦅🐗🐉🌳🌳

 സി.രാധാകൃഷ്ണൻ പരിഭാഷപ്പെടുത്തിയ റോബർട്ടോ ബൊലാനോയുടെ സ്കേറ്റിങ് റിങ്ക് രതീഷ് വളരെ ഭംഗിയായി കൈകാര്യം ചെയ്തു .ഒരുകൊലപാതകത്തിന്റെ കഥ പറയുന്ന .നോവൽ പക്ഷേ വളരെ പ്രയാസപ്പെട്ടേ വായിക്കാനാകൂ എന്ന് തോന്നുന്നു, ഞാൻ കേട്ടിട്ടേ ഇല്ലായിരുന്നു ഈ കൃതിയെക്കുറിച്ച്,  സന്തോഷം സർഗ സംവേദനം മികവുറ്റതാക്കുന്നതിൽ.
📙 അവധിക്കാലത്തിന്റെ ആലസ്യത്തിൽ പെട്ടതുകൊണ്ടാകാം പ്രജിതയൊഴികെ ആരും പ്രതികരിച്ചു കണ്ടില്ല .
പ്രജിതാ
👍👍👍

ചൊവ്വ
🎇 കാഴ്ചയിലെ വിസ്മയം  🎇

ഏപ്രിൽ 10 നമ്മുടെ സ്വന്തം പ്രജിത ടീച്ചർ താരമായ ദിവസം. ദൃശ്യകലയുടെ വരമൊഴിയിണക്കം എത്ര സുന്ദരമായാണ് പ്രജിയുടെ കൈകളിൽ ഇണങ്ങിയത്. കേരളനടനം ,വെള്ളരിനാടകം, നായാടിക്കളി തുടങ്ങി വ്യത്യസ്ത കലാരൂപ ങ്ങൾ..,

    സദനം റഷീദു മാഷുമായുള്ള അഭിമുഖത്തോടെ ആരംഭിച്ച കേരള നടനം വളരെ വിശദമായി പ്രജി കൈകാര്യം ചെയ്തു .ക്രിസ്തീയ പ്രമേയങ്ങളും കേരളനടനത്തിൽ ഉണ്ടെന്നത് പുതിയ അറിവ്.കേരളനടനം തുടക്കം, കഥകളിയിൽ നിന്നുള്ള മാറ്റങ്ങൾ ,വേഷം, അവതരണം ,ഏകാംഗ നൃത്തം,യുഗ്മ നൃത്തം തുടങ്ങി എല്ലാം വള്ളി പുള്ളി കളയാതെ അവതരിപ്പിച്ചു.🤝🤝🤝

 അന്യം നിന്നു പോയ കലാരൂപമായ കണ്ണൂരിന്റെ  കലാരൂപം വെള്ളരി നാടകവും ഏറെ പുതുമ നിറഞ്ഞത്.


പാണർ സമുദായത്തിൽ പെട്ട പുരുഷന്മാർ ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് നടത്തി വരുന്ന നായാടിക്കളി കെങ്കേമം. വീടുകൾ തോറും ചെന്ന്  പാട്ടു പാടിയാണ് ഈ കളി നടത്തുന്ന തെന്നതും വിസ്മയിപ്പിക്കുന്നു. നായാടിക്കളി പാട്ടിന്റെ വരികൾ കൊടുത്തു കൊണ്ടും അതിന്റെ വിശദാംശങ്ങൾ പറഞ്ഞു കൊണ്ടും PT ഉഷാറാക്കിയ പ്രജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം തിരൂർ കുടുംബാംഗങ്ങൾക്കെല്ലാവർക്കും എന്റെ വിഷു ആശംസകൾ.

🔴 തുടർന്ന് പ്രതികരണങ്ങൾ രജനിടീച്ചർ,രതീഷ് കുമാർ മാഷ്, കെ.എസ്.രതീഷ്, സീത,പ്രമോദ് മാഷ്,വിജുമാഷ്,ശ്രീല ടീച്ചർ,ശിവശങ്കരൻ മാഷ്,രവീന്ദ്രൻ മാഷ്,ഗഫൂർ മാഷ്,കൃഷ്ണദാസ് മാഷ്,സജിത്ത് മാഷ്,ദിനേശ് പാഞ്ചേരി,രജനി സുബോധ് ടീച്ചർ എന്നിവർ സജീവമായി
വാസുദേവൻമാഷ്  നായാടിക്കളി വീഡീയോ കൂട്ടിച്ചേർത്തു. കല ടീച്ചറുടെ കവിതയും
🙏🙏🙏🙏🙏🙏🙏🙏


11/4/2018_ബുധൻ
ലോകസാഹിത്യം🌈
♦♦♦♦♦♦♦

 ഇന്നത്തെ ലോകസാഹിത്യ വേദിയിൽ വാസുദേവൻമാഷ്പാശ്ചാത്യ സാഹിത്യ നിരൂപകനായ അരിസ്റ്റോട്ടിൽനെയാണ് പരിചയപ്പെടുത്തിയത്.
നമ്മുടെ പഠനകാലത്തിലൂടെയുള്ള ഒരു ഓർമ്മയാത്രയായിരുന്നു അവതരണം👍👌അരിസ്റ്റോട്ടിലിന്റെ ജീവിതം,പോയറ്റിക്സ്,ദുരന്തം രൂപപ്പെടുന്ന 6 സാഹചര്യം,മിമെസിസ്,കഥാർസിസ്,കഥാർസിസിന്റെ വിവിധ മേഖലകൾ,പ്ലോട്ട് സങ്കൽപ്പം,കലയുടെ പ്രസക്തി....എന്നിങ്ങനെ സമ്പൂർണവും സമഗ്രവുമായ ഒരു അടിപൊളിഅവതരണമായിരുന്നു വാസുദേവൻമാഷ്ടേത് ...🤝
♦രതീഷ് മാഷ്,സീത, കല ടീച്ചർ, കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ,ശിവശങ്കരൻ മാഷ്,രജനി സുബോധ് ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങളുമായി കടന്നു വന്നു...

🌏 പഴയ എം.എ പഠനകാലത്തിലൂടെ ഒരു യാത്ര നടത്താൻ വാസുദേവൻമാഷ്ടെ അവതരണം ഉപകാരപ്പെട്ടു...😃

12/4/2018_വ്യാഴം
നാടകലോകം🎬🎬
♦♦♦♦♦♦♦♦

    രണ്ടാഴ്ചയിലെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് കൃത്യസമയത്തുതന്നെ നാടകലോകവുമായി വിജു മാഷ്വന്നു.ഇത്തവണ ബംഗാളി നാടകവേദിയെയാണ് വിജുമാഷ് പരിചയപ്പെടുത്തിയത്.19ാം നൂറ്റാണ്ടിൽ സ്വകാര്യ വിനോദമായി തുടങ്ങിയ ബംഗാളി തീയേറ്റർ പ്രസ്ഥാനം 1947ന് ശേഷം ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് സാമൂഹ്യബോധവൽക്കരണത്തിനുള്ള ഉപകരണമായി മാറി.ഈ തീയേറ്റർ പ്രസ്ഥാനത്തിന്റെ വളർച്ച,സംഗീതം,ശ്രദ്ധേയരായ വ്യക്തികൾ,....തുടങ്ങി എല്ലാ മേഖലകളെയും തൊട്ടു പോകുന്ന ഒരു വിവരണമായിരുന്നു ഇന്ന് പോസ്റ്റ് ചെയ്തത്👌👍
♦രണ്ടാഴ്ചയായുള്ള കാത്തിരിപ്പാകാം നല്ല പ്രതികരണമായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്.

📕ശിവശങ്കരൻ മാഷ്,രതീഷ് മാഷ്,സജിത്ത് മാഷ്,കല ടീച്ചർ,അശോക് സർ,സുജാത ടീച്ചർ,കൃഷ്ണ ദാസ് മാഷ്,സീതടീച്ചർ,ഹരിദാസ്മാഷ്, പ്രമോദ് മാഷ്, രജനി സുബോധ് ടീച്ചർ, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌈വാസുദേവൻമാഷ് രാജഎന്ന ബംഗാളി നാടകത്തെക്കുറിച്ച് വിശദീകരിച്ചു..


🖥 സംഗീത സാഗരം അവതാരക രജനി ടീച്ചർക്ക് എന്തോ അസൗകര്യം നേരിട്ടതിനാൽ വെള്ളിയാഴ്ചയിലെ പ്രൈം ടൈം അവതരണം മുടങ്ങി

14/4/2018_ശനി
നവസാഹിതി🌈
♦♦♦♦♦♦♦

പുതുരചനകൾക്കൊരിടമായ നവസാഹിതികൃത്യസമയത്തുതന്നെ ആരംഭിച്ചു. സ്ഥിരം അവതാരകയായ സ്വപ്ന ടീച്ചർക്ക് ചില അസൗകര്യം നേരിട്ടതിനാൽ സീതാദേവി ടീച്ചറാണ് ഇന്നത്തെ നവസാഹിതി അവതരിപ്പിച്ചത്.
♦ഏവർക്കും സുപരിചിതമായ വിഷുക്കണിഎന്ന വെെലോപ്പിള്ളി കവിതയോടെയാണ് നവസാഹിതി ആരംഭിച്ചത്.കാലം പതിമൂന്നുകാരിയിൽ നാൽപ്പത്തിമൂന്നുകാരിയുടെ ചിന്തകൾ നിറച്ച കവിതയാണ് തുർന്ന് സീതടീച്ചർ പോസ്റ്റ് ചെയ്തത്. സച്ചിദാനന്ദൻഎഴുതിയ ഈ കവിതയിൽ ഓരോ പെൺകുട്ടിയിലും ഉണ്ടാകുന്ന/നേരിടുന്ന  കാലികപ്രശ്നങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള പക്വത നിറഞ്ഞിരിക്കുന്നു...
♦പിശാചുവേഷം കെട്ടിയ മനുഷ്യരെക്കുറിച്ചുള്ള കവിതയായിരൂന്നു സീത ടീച്ചർ പോസ്റ്റ് ചെയ്ത മഞ്ജുഷ പോർക്കുളത്തിന്റെപേരില്ലാ കവിത .ആസിഫ എന്ന മൂന്നക്ഷരം ഉണർത്തിയ നീറ്റലിൽ നിന്ന് ഉയിർകൊണ്ടതാകാം റെജി കവളങ്ങോട്എഴുതിയ കവിത.
♦ സ്മിത ഗീരീഷ്എഴുതിയ ഒരു വീട് തേടിപ്പായതാണ്...എന്ന കവിതയുടെ  അവസാനം അമ്മച്ചീം മരിച്ചുവെന്നറിയുമ്പോ വാടകക്കാരന്റെ കൂടെ നമ്മളും ചെറുതായൊന്ന് ഞെട്ടിയോ😜
♦തുടർന്ന് രജനി സുബോധ് ടീച്ചർ മുനീർ അഗ്രഗാമിയുടെ കറുത്ത ഒരു എലി ധ്യാനത്തെക്കുറിച്ച്എന്ന കവിതയും ശ്രുതിയുടെ ലിംഗയുദ്ധംഎന്ന കവിതയും പോസ്റ്റ് ചെയ്തു. മതശരീരം തെരഞ്ഞെടുക്കലും പാഠപുസ്തകത്തിൽ നിന്നും ചരിത്രം വഴിമാറുന്നതും ശ്രുതിയുടെ കവിതയിൽ കാണാം.
♦തുടർന്ന് രവീന്ദ്രൻ മാഷ് വിഷുവിനെക്കുറിക്കുന്ന നൊസ്റ്റാൾജിക് പോസ്റ്റ് ഇട്ടു.പിന്നീട് ശ്രീല ടീച്ചർ ഞാൻ ഒരു സാമ്രാട്ട്എന്ന സ്വന്തം കവിത പോസ്റ്റ് ചെയ്തു🙏 അടുക്കള എന്ന സാമ്രാജ്യത്തിലെ സ്വയം അവരോധിക്കപ്പെട്ട സാമ്രാട്ട് തന്നെയല്ലേ ഓരോ സ്ത്രീയും..ശേഷം വാസുദേവൻമാഷ് ശ്രീനിവാസൻ തൂണേരിയുടെ പ്രായ_ച്ചിത്തംഎന്ന കവിതയും അവതരിപ്പിച്ചു.
♦മൂകസാക്ഷിയായ കാവുദെെവങ്ങൾക്കെതിരെയുള്ള ചൂണ്ടുവിരൽഅതായിരുന്നു കല ടീച്ചർഎഴുതിയ കവിതകാവ് ഒരു മൂകസാക്ഷി👌👌ശേഷം അനീസ് മാഷ് മുഹമ്മദലിഎഴുതിയ ആസിഫയെക്കുറിച്ചുള്ള കവിതയും സീത ടീച്ചർ ഹമീദ് മാഷ്എഴുതിയ ആശംസിക്കാതിരിക്കുവതെങ്ങനെ?എന്ന കവിതയും പോസ്സ് ചെയ്തു. ഒരു വിഷു ആശംസ ഹമീദ് മാഷെടെ മനസിൽ ആസിഫ,മധു..എന്നിവരെക്കുറിച്ചുള്ള നീറ്റലും കൂടിയായപ്പോ ഏതു വിധത്തിൽ മാറിയെന്ന് കാണിക്കുന്ന ഈ കവിത👌
♦വിഷുപ്പച്ചയിലാരംഭിച്ച് കെട്ടകാലത്തിലെത്തീ നവസാഹിതി എന്ന് രതീഷ് കുമാർ മാഷ് രേഖപ്പെടുത്തിയ അഭിപ്രായം👍

📘ശിവശങ്കരൻമാഷ്, ഗഫൂർ മാഷ്, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി....

⭐  വാരത്തിലെ താരം ⭐

ഈ ആഴ്ചയിലെ താരപദവിക്കർഹത നേടിയിരിക്കുന്നത് നമ്മുടെ തിരൂർ മലയാളത്തിന്റെ അഭിമാനതാരമായ സ്വപ്ന ടീച്ചറാണ് . ഈ ആഴ്ച നടന്ന
AIR ആകാശവാണി കോഴിക്കോട് നിലയത്തിന്റെ റീ ഓഡിഷൻ ടെസ്റ്റിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുക എന്ന അഭിമാനനേട്ടം കൂടി സ്വപ്നടീച്ചർക്കുണ്ടായി ...

സ്റ്റാർ ഓഫ് ദ വീക്ക് പ്രിയ സ്വപ്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ....
🌹🌹🌹🌹

💾 അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നമ്മുടെ പ്രിയ ഗഫൂർ മാഷ്  14.4 .2018 രാവിലെ 9.40 ന് പോസ്റ്റ് ചെയ്ത ചരിത്ര സ്മാരകങ്ങളിലൂടെ... എന്ന യാത്രാവിവരണമാണ് ..


മികച്ച പോസ്റ്റുകാരൻ ഗഫൂർ മാഷിനും അഭിനന്ദനങ്ങൾ ...
🌹🌹🌹🌹

ചരിത്ര സ്മാരകങ്ങളിലൂടെ
ഗഫൂർ വെട്ടം
പുതിയ പ്രതീക്ഷകൾക്കും കാഴ്ചകൾക്കും സ്വപ്നച്ചിറകു നൽകാൻ സായാഹ്ന സൂര്യന്റെ പൊൻകിരണങ്ങൾക്കൊപ്പം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മന്ദം മന്ദം തിരൂർ സ്റ്റേഷനിലേക്ക് ..ഇഴഞ്ഞിഴഞ്ഞ് യാത്ര…. സീറ്റുകൾ കണ്ടു പിടിച്ച് ബാഗേജുകൾ ഒതുക്കി വെക്കാനുള്ള വെമ്പൽ, ആശ്വാസം... നവോന്മേഷം .. ട്രെയിനിൽ പതുക്കെ രാത്രി കടന്നു വരുന്നു.പത്തിരിക്കും ചിക്കൻ കറിക്കും ശേഷം തണുപ്പിൽ പുതഞ്ഞ് മയക്കത്തിലേക്ക് ..കർണാടകയും ഗോവയും പിന്നിട്ട് മഹാരാഷ്ട്രയിലേക്ക് ട്രെയിൻ പ്രഭാതോന്മേഷത്തിൽ.. തുരങ്കങ്ങൾ, മാടി വിളിക്കുന്ന കുന്നുകൾ ... കടലാസു പൂക്കളുടെ വർണ വൈവിധ്യം.. തുരങ്കങ്ങൾ പിന്നിടുമ്പോൾ വൈലോപ്പിള്ളിയുടെ മല തുരക്കൽ മനസ്സിൽ നിറയുന്നു.
"ഞാൻ വിശ്വസിയ്ക്കുന്നൂ,
മർത്യ വീര്യമീയദ്രിയെ വെല്ലും…”
പിൻഗാമിക്ക് പാതയൊരുക്കാൻ ആരുടെയൊക്കെയോ വിയർപ്പുതുള്ളികൾ..
ട്രാക്കിൻ വക്കത്ത് നിരനിരയായി ഫാക്ടറി കെട്ടിട സമുച്ചയങ്ങൾ... രത്നഗിരി സ്റ്റേഷനിൽ യാത്രക്കാരുടെ കലപില ... ട്രെയിനിൽ കയറിപ്പറ്റാനുള്ള വെമ്പൽ.. കൊങ്കണിന്റെ ഇരുട്ടും വെളിച്ചവും താണ്ടി മുരളലോടെ ട്രെയിൻ നീങ്ങുന്നു.ചിപ്ലുൻ സ്റ്റേഷനടുത്ത് വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ ഞാർക്കൂട്ടം കത്തിച്ച് അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങൾ .ഗേഡ് സ്റ്റേഷനു പിറകിൽ മാനംമുട്ടെ പർവ്വതനിര.ഇടക്കെപ്പഴോ ധ്യാനത്തിന്റെ അഗാധനീലിമയിൽ ട്രെയിനിന്റെ മുരളൽ.വഴിയരികിൽ പച്ച വിരിപ്പിട്ട പാടശേഖരങ്ങൾ നഷ്ടമായ കേരളീയക്കാഴ്ചയുടെ പുനരാഖ്യാനം.ജിട്ടേ സ്റ്റേഷനടുത്ത് നദിയിലെ വർണ വൈവിധ്യമാർന്ന തോണികളിലെ ഗ്രാമീണ യാത്രികരും മലയാള ഗ്രാമത്തെ ഓർമിപ്പിക്കുന്നു.
മാനംമുട്ടി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് തൊട്ടു മുന്നിലായി എന്തിന്റെയൊക്കെയോ സൂചന പകർന്ന് മാന്തിയെടുത്ത കെട്ടിടാവശിഷ്ടങ്ങൾ കുന്നായിക്കിടക്കുന്നു. മുംബൈക്കടുത്തെത്തിയപ്പോൾ നെറ്റിപ്പട്ടം കെട്ടി ഗാംഭീര്യത്തോടെ നിരന്നു നിൽക്കുന്ന ഗജവീരന്മാരെ പോലെ നിരയായി ഒരേ നിറത്തിലും വലുപ്പത്തിലും ഉയരത്തിലുമുള്ള നിരവധി കെട്ടിടങ്ങളുടെ കാഴ്ച.ഇടക്കെപ്പഴോ ഉച്ചമയക്കത്തിന്റെ ആലസ്യത്തിലേക്ക്. ഉണർന്നപ്പോൾ, പനവേൽ സ്റ്റേഷൻ.തൊട്ടടുത്തും തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ, മൊട്ടക്കുന്നുകൾ.അവിടവിടെ ഒറ്റയൊറ്റയായി പൊരിവെയിലത്ത് തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. ഡോംബ്വ്ളി സ്‌റ്റേഷൻ കല്ലായി, പന്നിയങ്കര പരിസരത്തെ ഓർമിപ്പിക്കുന്ന കാഴ്ചകൾ പകരുന്നു.. തകർന്നു തുടങ്ങിയ പഴയ കെട്ടിടങ്ങൾ, ദ്രവിച്ച തെരുവോരം.കല്യാണിൽ ബഹളത്തിനിടയിൽ കോലിൽ കോർത്ത വർണ പഞ്ഞി മിഠായി വിൽപനക്കാരന്റെ സാനിധ്യം മലപ്പുറത്തെ നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്നു.പുഴയിലെ ബണ്ടിനോട് ചേർന്ന ജലധാരയിൽ ഉല്ലാസത്തോടെ ചാടിത്തിമിർക്കുന്ന കുട്ടിക്കൂട്ടം, ഷഹദ് സ്റ്റേഷനടുത്ത കാഴ്ച. വെള്ളം നിറച്ച കുടവും തലയിലേറ്റി നിരനിരയായി നടന്നു നീങ്ങുന്ന വനിതകൾ. കൊച്ചു വെള്ളക്കെട്ടുകളിൽ നിന്നു പോലും ജാഗ്രതയോടെ വെള്ളം സംഭരിക്കുന്ന കൊച്ചു കുട്ടികൾ. മഹാരാഷ്ട്രയിലെ ഈ ഗ്രാമക്കാഴ്ച നിത്യവും ലിറ്റർ കണക്കിന് വെള്ളം പാഴാക്കുന്ന നാം ഓർത്തുവെക്കേണ്ട പാഠം. ഇവിടത്തെ മറ്റൊരു പ്രസിദ്ധ സ്ഥലമാണ് ഇഗാഡ് പുരി.മാനുകൾ സമൃദ്ധമായുള്ള ഒരു വനപ്രദേശമാണിവിടം.വിപസന ധ്യാനം പരിശീലിപ്പിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധ കേന്ദ്രമായ ധമ്മഗിരി അക്കാദമി ഇവിടെയാണ്.ഇ ഗാഡ് പുരിയിൽ ട്രെയിനും ഞങ്ങളും അൽപസമയം വിശ്രമത്തിൽ. ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ മന്ദം മന്ദം രാത്രി കടന്നു വരുന്നു, നേർത്ത തണുപ്പോടെ.രാത്രിയിൽ ട്രെയിൻ മടുപ്പിക്കുന്ന ഒച്ചിന്റെ വേഗതയിൽ.ചപ്പാത്തിക്കും പനീർ മസാലയ്ക്കും ശേഷം പയ്യെ മയക്കത്തിലേക്ക് ..ഇട്ടാർസിയിലെ തണുപ്പിൽ പുതഞ്ഞ് ഗാഢനിദ്ര.
ട്രെയിനിലെ തണുത്ത പ്രഭാതം ഭോപ്പാലിൽ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞണിഞ്ഞ ഗോതമ്പു പാടങ്ങൾ. അങ്ങ് ദൂരെ നിൽക്കുന്ന കരിമ്പനപ്പട്ടകൾ കൂറ്റൻ കാളക്കൂറ്റന്മാർ തലയുയർത്തി നിൽക്കുന്ന പോലെ തോന്നിച്ചു.യൂനിയൻ കാർബൈഡ് ഫാക്ടറി ദുരന്തം വർഷങ്ങൾ പിന്നിട്ടിട്ടും മനസ്സിലേക്ക് കടന്നു വരുന്നു.1984 ഡിസംബർ 2 ന് രാത്രി അമേരിക്കൻ രാസ വ്യവസായ ഭീമനായ കമ്പനിയിലുണ്ടായ രാസ വാതകച്ചോർച്ച.മുപ്പതിലധികം വർഷം പിന്നിട്ടിട്ടും അതിന്റെ പരിണിത ഫലങ്ങൾ മൂന്ന് തലമുറക്ക് ശേഷവും വിശിഷ്യ സ്ത്രീകൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു.സ്ത്രീകളിലെ വന്ധ്യതയാണ് ഏറ്റവും വലിയ വിനയായി വേട്ടയാടുന്നത്. മനുഷ്യന്റെ അതിര് കടന്ന ലാഭേച്ഛയുടെ ജീവിക്കുന്ന ഇരകൾ.ഒ.എൻ.വി.യുടെ കോതമ്പുമണികൾ മറ്റൊരുതലത്തിലൂടെയെങ്കിലും മനസ്സിൽ പാറി വീഴുന്നു.
" പേരറിയാത്തൊരു പെൺകിടാവേ
നിന്റെ നേരറിയുന്നു ഞാൻ പാടുന്നു.
കോതമ്പക്കതിരിന്റെ നിറമാണ്
പേടിച്ച പേടമാൻ മിഴിയാണ് .."
പ്രാതൽ കഴിഞ്ഞ ഉന്മേഷത്തിൽ പുറത്തേക്ക് നോക്കുമ്പോൾ ഉത്തർപ്രദേശിൽ, പരന്നു കിടക്കുന്ന പടുകൂറ്റൻ പാറക്കല്ലുകൾ.വൈവിധ്യമാർന്ന പശുക്കളുടെ അമ്പാടിക്കാഴ്ച.കണ്ണനും ഗോപികമാരും ഹൃദയത്തിൽ ചാഞ്ചാടുന്നു. വഴിയരികിൽ കൊച്ചു കൊച്ചു ആരാധനാസ്ഥാനങ്ങൾ, പ്രതിഷ്ഠകൾ, ആരൂഢങ്ങൾ ... ത്സാൻസി ജംഗ്ഷനിൽ അൽപസമയം വിശ്രമം..യാത്രക്കാരുടെ ബഹളം, യാചകരുടെ ദീന സ്വരങ്ങൾ. ത്സാൻസി ഉത്തർ പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. ത്സാൻസി ജില്ലയുടെ ആസ്ഥാനം കൂടിയായ ഈ പ്രദേശം പഹൂജ് നദിക്കരികിലായി ബണ്ടൽ ഘണ്ട് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഗ്വാളിയോറെത്തും മുമ്പ് ഗോതമ്പുപാടത്ത് കൊയ്ത്തു വെച്ച കറ്റക്കതിരുകൾ കലാപരമായി അട്ടിയിട്ട് സൂക്ഷിച്ചിരിക്കുന്നതിന്റെ കരവിരുത് ശ്ലാഘനീയം തന്നെ... കരവിരുതിന്റെ മറ്റൊരു മകുടോദാഹരണമായി വഴിയരികിലെ പുരാതന ക്ഷേത്രം. ഇളങ്കാറ്റിൽ മാടി വിളിക്കുന്ന ഉള്ളിയുടെയും കരിമ്പിന്റെയും തോട്ടങ്ങൾ. അവിടവിടെ ഗോതമ്പ് കുന്നുകളായി കിടക്കുന്നു.ഇഷ്ടികച്ചൂളകളിൽ നിന്നുയരുന്ന പുകച്ചുരുളുകൾ. മൊറേന സ്റ്റേഷനടുത്ത് കണ്ടതത്രയും ഇഷ്ടികയിൽ തീർന്ന ആർഭാടരഹിതമായ വീടുകൾ.. സൈക്കിളിൽ യാത്ര ചെയ്യുന്ന ഗ്രാമീണരുടെ കാഴ്ച എങ്ങും.രാജസ്ഥാനിലെത്തിയപ്പോൾ കൊച്ചു കൊച്ചു മണൽക്കുന്നുകളുടെ നീണ്ട നിര ഹൃദ്യമായ കാഴ്ച. തണൽക്കുടയായി വഴിയിൽ ഒറ്റമരങ്ങളുടെ ധാരാളിത്തം. വ്യത്യസ്ത സംസ്ഥാനങ്ങൾ പിന്നിട്ട് മൂന്ന് ദിവസത്തെ യാത്ര മൂന്നര മണിക്കൂറിലേറെ വൈകി നട്ടുച്ചക്ക് 1.30 ന് ഉത്തർപ്രദേശിലെ ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷനിൽ.സന്തോഷത്തോടെ ട്രെയിനിറങ്ങി ശ്രീകല ബസ്സിൽ ഹോട്ടൽ ചാണക്യയിലേക്ക് .. കുളിയും ചിക്കൻ ബിരിയാണിയും കഴിഞ്ഞ് താജ് മഹലിനടുത്തെത്താനുള്ള വെമ്പലോടെ വീണ്ടും ബസ്സിൽ. ആഗ്രഫോർട്ടിനെ പറ്റി ഗൈഡിന്റെ സ്ഥാനത്തു നിന്ന് അൻസാരി മാഷിന്റെ വിശദീകരണങ്ങളും ജബ്ബാർ മാഷിന്റെ തിരുത്തലുകളുമായി ബസ് ആഗ ഫോർട്ടിലേക്ക്.ആഗ്രഫോർട്ടിന്റെ ഒരു വിദൂരക്കാഴ്ചയും ചില ഫോട്ടോയെടുപ്പുകളും കഴിഞ്ഞ് ട്രെയിൻ ലൈറ്റാക്കിയ ഡ്രൈവറെ മനസ്സ് നിറയെ പ്രാകിക്കൊണ്ട് താജ്മഹൽ കാണാനുള്ള ധൃതിയോടെ, ഉന്മേഷത്തോടെ യാത്രാക്കൂട്ടം.താജ്മഹലിനടുത്തെത്തിയപ്പോൾ, വിശദീകരിക്കാനാവാത്ത തിക്കും തിരക്കും. ഒരു നല്ല ഗൈഡിനെ തക്ക സമയത്ത് മുന്നിലെത്തിച്ചതുകൊണ്ട് ഒരു വിധം അകത്ത് കയറിപ്പറ്റാനായി. അകത്തും തിരക്കും നീണ്ട നിരയും.മണിക്കൂറുകളോളം ഒരു തീർത്ഥയാത്രയിലെന്ന പോലെ, സൗമ്യതയോടെ, ശാന്തതയോടെ ക്യൂവിൽ നിന്ന് അകക്കാഴ്ചകൾ. താജ് മഹൽ എന്ന പരമാർത്ഥം നിറകണ്ണുകൾക്കു മുന്നിൽ. രണ്ട് വർഷം മുമ്പ് കണ്ടതെങ്കിലും ഇതാ താജ്മഹൽ എന്ന നിത്യപ്രണയ സ്മാരകം മുന്നിൽ എന്ന തിരിച്ചറിവ്, വീണ്ടും നിർവൃതിയുടെ, രോമാഞ്ചത്തിന്റെ ഒരു വൈദ്യുതി പ്രവാഹം ശരീരമാകെ പടർത്തുന്നു. എന്താണ് ഈ പ്രണയ സൗധം ഓരോ കാഴ്ചയിലും നമ്മെ ആനന്ദ നിർവൃതിയിൽ ആറാടിക്കുന്നത്. അറിയില്ല,എന്തോ അനിർവ്വചനീയമായ ഒരനുഭൂതി അത് നമ്മിൽ പടർത്തുന്നുണ്ട്. അതുകൊണ്ടാണല്ലോ, സന്ധ്യക്ക് പൂർണ ചന്ദ്രന്റെ പ്രഭയിൽ ആറാടി നിൽകുന്ന ആ സൗധത്തെ നമ്മളെല്ലാം ഇടക്കിടെ തിരിഞ്ഞു നോക്കി നെഞ്ചേറ്റുന്നത്. ഫോട്ടോയെടുപ്പിനും വിശ്രമത്തിനും ശേഷം, സെക്യൂരിറ്റിക്കാരുടെ ഹിന്ദിയിലുള്ള വഴക്കു പറച്ചിലും ആട്ടലും കാരണം സന്ധ്യയ്ക്ക് മനസ്സില്ലാ മനസ്സോടെ ആ മാർബിൾ സൗധത്തെ ഹൃദയത്തിലാവാഹിച്ച്, മൗനത്തിലാണ്ട് ബസ്സിലേക്ക് എല്ലാവരും മടങ്ങുന്നു. താജ് മഹൽ കാണാൻ പറ്റിയില്ലെങ്കിൽ അത് ജീവിതത്തിലെ വല്ലാത്ത നഷ്ടമായേനെയെന്ന് ചിലരുടെ ആത്മഗതം. നമുക്ക് ഇവിടെ എവിടെയെങ്കിലും ഒളിച്ചിരുന്ന് മുഴുചന്ദ്രന്റെ സൗന്ദര്യ ലഹരി ആസ്വദിച്ച് മടങ്ങിയാലോ എന്ന് ചിലരുടെ പിറുപിറുക്കൽ.സെക്യൂരിറ്റിക്കാരുടെ ശല്യം അസഹ്യമായപ്പോൾ എല്ലാവരും പുറത്തേക്ക്.ആഗ്ര പേഡയുടെ മധുരം നുണഞ്ഞ് ബസ്സിൽ മടക്കം. ഹോട്ടലിലെത്തി, നെയ്ച്ചോറും ചപ്പാത്തിയും ദാൽമസാലയും ചിക്കൻ കറിയും രുചിച്ചറിഞ്ഞ് വിശ്രമത്തിനായി എല്ലാവരും മൂന്നാം നിലയിലെ മുറികളിലേക്ക്.
      പ്രഭാതം.. കട്ടൻചായക്കു ശേഷം ഹോട്ടൽ ചാണക്യയോട് വിട.. കർണാടക എക്സ്പ്രസിൽ നിസാമുദ്ദീനിലേക്ക്.. ട്രെയിനിൽ ഹിജഡയുടെ പ്രഭാതവന്ദനം.വിൽപ്പനക്കാരുടെ ബഹളം. മധുരയിലെത്തിയപ്പോൾ കാലിതെളിക്കുന്നതിന്റെ ശബ്ദവും തൈര് കടയുന്നതിന്റെ ഗന്ധവും ഹൃദയത്തിൽ നിറയുന്ന പോലെ.. ഓടക്കുഴൽ നാദം ചെവിയിൽ മുഴങ്ങുന്നുണ്ടോ..?!! തെരുവോരത്ത് കൂട്ടം കൂട്ടമായി കന്നും കിടാങ്ങളും മേയുന്ന കാഴ്ച.വിളഞ്ഞ ഗോതമ്പ് വയലുകൾ. ട്രെയിൻ ഹരിയാനയിലെത്തിയപ്പോൾ നിരനിരയായി മണ്ണ് കുഴച്ചുണ്ടാക്കി ഓല മേഞ്ഞ കൊച്ചു കുടിലുകൾ. ട്രെയിനിനകത്ത് ഹിന്ദി സംസാരിക്കുന്ന കൊച്ചു കുഞ്ഞിന്റെ മാതാപിതാക്കളോടുളള പിണക്കം.ഏത് നാട്ടിലും ഏത് ഭാഷയിലും പിണക്കത്തിനും പരിഭവത്തിനും ഒരേ സ്വരവും ഭാവവും മാത്രം. ഡൽഹി ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ,ട്രെയിനിനകത്തു നിന്നും മനോഹരമായ ഹിന്ദി സംഗീതം ഒഴുകിയെത്തുന്നു. ബെല്ലാബ് ഗർഹ് സ്‌റ്റേഷനെത്തിയപ്പോൾ തെരുവോരത്തെ അവശിഷ്ടങ്ങളിൽ നിന്ന് മൃഷ്ടാന്നഭോജനമുണ്ണുന്ന കൂറ്റൻ പന്നിക്കൂട്ടങ്ങൾ. രാവിലെ 9.45 ന് ഹസ്രത്ത് നിസാമുദ്ദീനിൽ വണ്ടിയിറങ്ങുമ്പോൾ  ചൂടും തണുപ്പും കലർന്ന അന്തരീക്ഷം. ടാക്സിക്കാരുടെ ബഹളവും പിടിവലിയും.പുറത്ത് കടന്നപ്പോൾ, റോഡരികിൽ ലളിതമായ  മുടിവെട്ടു കേന്ദ്രങ്ങൾ, പാൻ കടകൾ. അതുപോലെ റോഡരികിലെ മരുന്നുവിൽപ്പനയും പല്ല് പറിച്ച് കൊടുക്കാനുള്ള സംവിധാനവും ഡൽഹിയുടെ സ്വന്തം പ്രത്യേകകൾ തന്നെ.ഡൽഹിയിലെ പഴയ കോട്ടക്കു മുന്നിലൂടെ നിസാമുദ്ദീൻ ഔലിയയുടെ മഖ്‌ബറക്കരികിലൂടെ
ഹുമയൂൺ ടോംബിലേക്ക്. തൊട്ടരികിൽ ഇഷാഖാൻ, ബൂഹലീമ എന്നിവരുടെ ടോംബു(മഖ്ബറ)കളും. സുദീർഘമായ ഫോട്ടോ സെഷനു ശേഷം മടക്കം.പിന്നെ ഇന്ദ്രപ്രസ്ഥ പാർക്കിനു മുന്നിലൂടെ ഡെൽഹി മെട്രോയുടെ നവീകരണ പ്രവൃത്തി നടക്കുന്ന വഴിയരികിലൂടെ അക്ഷർധാം മന്ദിറിലേക്ക്.ഒരുപാട് സുരക്ഷാ പരിശോധനകൾക്കാടുവിൽ അക്ഷർധാമിന്റെ വിസ്മയലോകത്തിനകത്തേക്ക്. തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന പറച്ചിലിന്റെ കൃത്യമായ അനുഭവസാക്ഷ്യം.വെണ്ണക്കല്ലിൽ തീർത്ത ദേവീദേവന്മാരെക്കൊണ്ട് നിറഞ്ഞ അസംഖ്യം തൂണുകൾ, ചുമരുകൾ, മേൽക്കൂരകൾ... ശിൽപ ചാതുര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം. അകത്ത് പഞ്ചലോഹ വിഗ്രഹത്തിൽ തീർത്ത സ്വാമി നാരായണ ദേവന്റെ മനോഹര ശിൽപം ദീപാലംകൃത ശബളിമയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നത് അത്ഭുതദായകമായ കാഴ്ച. എണ്ണമറ്റ ദൃശ്യ വിസ്മയം. ഭഗവാൻ സ്വാമി നാരായണന്റെ തിരുശേഷിപ്പുകൾ ഭക്ത്യാദരപൂർവ്വം സൂക്ഷിച്ച ഇടം.ഇവിടെ ക്യാമറ നിരോധിച്ചില്ലായിരുന്നെങ്കിൽ നാല് മണിക്കൂർ നിന്നാലും ആരും മടങ്ങില്ലായിരുന്നു എന്ന ആത്മഗതം അവിടത്തെ ശിൽപനിർമാണ ചാതുര്യത്തിനുള്ള പ്രശസ്തിപത്രം തന്നെ.. പ്രമുഖ് സ്വാമി മഹാരാജാണ് ഇതിന്റെ സ്ഥാപകനും പ്രചോദകനും.യമുനയുടെ പ്രാന്തപ്രദേശത്തുള്ള ഈ മനോഹര മന്ദിരം 2005 നവംബർ 6 ന് ഡോ: എ.പി.ജെ.അബുൽ കലാമാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്.മാർബിളിലെ ശിൽപ നിർമാണ ചാതുര്യം കണ്ട നിറഞ്ഞ കൺകുളിർമയോടെ പൊരിവെയിലത്ത് മടക്കം. പിന്നെ, ലോട്ടസ് ടെമ്പിളിലേക്കുള്ള യാത്ര.യമുന നദിക്കു മുകളിലെ പാലത്തിലൂടെ ബസ്സ് കടന്നു പോകുന്നു. അപ്പോൾ, ഡൽഹിയിലെ ആനകളെ ഒരിക്കലും ചങ്ങലയിൽ തളയ്ക്കാറില്ലെന്നും ഏതു കാലാവസ്ഥയിലും മദമിളകാതെ അവ പരിസരങ്ങളിൽ സ്വൈരവിഹാരം നടത്തുമെന്നുമുള്ള വൃത്താന്തം യാത്രാക്കൂട്ടത്തിലെ മുതിർന്ന കാരണവരായ ഹക്കീം കൂട്ടായി യാത്രികർക്കു പകർന്നു.നാഷണൽ സുവോളജിക്കൽ പാർക്കിനു മുന്നിലൂടെ, കടുംചായങ്ങൾ പകർന്ന് നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് മുന്നിലൂടെ,ഓഖ്ലയിലെ ഇൻഡസ്ട്രിയൽ പ്രദേശങ്ങളിലൂടെ കടന്നു പോയി,ബസ്സ് നെഹ്രു പ്ലെയ്സിനരികിലുള്ള ലോട്ടസ് ടെമ്പിളിനു മുന്നിൽ നിന്നു.തൊട്ടടുത്ത പാർക്കിൽ നിന്ന് ഭക്ഷണം കഴിഞ്ഞ്, നീണ്ടുനീണ്ടു കിടക്കുന്ന നിരയിലൂടെ നടന്ന് നീങ്ങി ടെമ്പിളിനകത്തേക്ക്.. താമരയുടെ ഒമ്പത് ഇതളും ഒമ്പത് പ്രവേശന കവാടം.ബഹായി വിഭാഗത്തിന്റെ മതാതീതമായ ധ്യാന പ്രാർത്ഥനാ മന്ദിരം.നാൽപത് മീറ്റർ ചുറ്റളവിലുള്ള ഈ ഹാളിനകത്ത് രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഒരേ സമയം പ്രാർത്ഥന നടത്താം.അകത്ത് കടക്കുമ്പോൾ തന്നെ പ്രകൃതിദത്തമായ തണുപ്പ് അനുഭവവേദ്യമാകും. മരത്തിന്റെ ഇരിപ്പിടത്തിൽ, കണ്ണടച്ച് ധ്യാനനീലിമയിൽ മുഴുകുമ്പോൾ, അകത്തെ കിളികളുടെ ശബ്ദത്തിന് കാതോർക്കുമ്പോൾ, മനസ്സിന്റെ പിറുപിറുപ്പുകൾ അടങ്ങുമ്പോൾ അനിർവചനീയമായ വിശ്രാന്തിയിൽ ഹൃദയം ലയിക്കുന്നു. അകത്തെ സംഗീതം ശ്രവിക്കുമ്പോൾ മനസ്സ് ശാന്തമാവുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രാർത്ഥനാ മന്ത്രങ്ങളാൽ ഹൃദയം കുളിരുന്നു.ധ്യാനം പകർന്ന പ്രശാന്തതയോടെ, കുളിർമയോടെ പുറത്തേക്ക്. മരത്തിൽ നിന്ന് നാരങ്ങയും പറിച്ച് തിന്ന്, പുളി നിറഞ്ഞ സന്തോഷത്തോടെ ബസ്സിലേക്ക്‌.. രണ്ട് വർഷം മുമ്പ് റിപ്ലബ്ലിക് ദിനത്തിൽ നഷ്ടമായ അക്ഷർധാം, ലോട്ടസ് ടെമ്പിൾ കാഴ്ചകൾ തിരിച്ചു പിടിക്കാനായതിൽ തികഞ്ഞ ചാരിതാർത്ഥ്യം. ജോയ് മാഷിന്റെ ഈസ്റ്റർ ഐസ്‌ക്രീമിന്റെ മധുരം നുണഞ്ഞ് യാത്ര.. പിന്നെ, പഴയ കാല പ്രതാപത്തിന്റെ മൂകസാക്ഷ്യമായ തകർന്നു തുടങ്ങിയ കോട്ട പിന്നിട്ട്, ആർട്ട് ഗാലറിയും ബിക്കാനിർ ഹൗസും ചിൽഡ്രൻസ് പാർക്കും കടന്ന് ഡൽഹിയുടെ ഹൃദയമായ ഇന്ത്യാ ഗേറ്റിനു മുന്നിൽ. നേരെ നോക്കിയാൽ വിദൂരതയിൽ രാഷ്ട്രപതി ഭവൻ.. ഗേറ്റിനു മുന്നിൽ പ്രഭ ചൊരിഞ്ഞ് അമർജ്യോതി. ചുറ്റും ജനനിബിഡം.ഇന്ത്യാ ഗേറ്റിന്റെ വിദൂര ദൃശ്യം നുകർന്ന്, പരിസരത്തെ തിരക്കുകളിലും കാഴ്ചകളിലും മുഴുകി മടക്കം.ഒരേ മുഖച്ഛായയുള്ള കെട്ടിടങ്ങൾ കൊണ്ട് നമ്മെ വഴി തെറ്റിക്കുന്ന കൊണാട്ട് പ്ലേസ് കടന്ന് ട്രാഫിക് ജാമിൽ ഇഴഞ്ഞു നീങ്ങുന്ന ബസ്സ്.അത് കരോൾബാഗിലെ ഹനുമാൻ മന്ദിറിനടുത്തുള്ള ഹോട്ടൽ അലസ്കയിൽ പതിയെ എത്തിച്ചേർന്നു.ചിക്കൻ കറിയുടെ മറക്കാനാവാത്ത എരിവിനൊപ്പം ചപ്പാത്തി കഴിച്ച് എല്ലാവരും വിശ്രമത്തിലേക്ക് ..
      പ്രഭാതം. പ്രാതലിനു ശേഷം വീണ്ടും ഡൽഹി കാണാനുള്ള കറക്കം ആഗ്രക്ക് താജ് മഹൽ പോലെ  ഹൈദരാബാദിന് ചാർമിനാർ പോലെ ഡൽഹിയുടെ കുത്തുബ്മി നാറിനടുത്തേക്ക്..യാത്രയിൽ ഡൽഹിയെ പറ്റി ഹക്കീം കൂട്ടായിയുടെ ശ്രദ്ധേയമായ വിശദീകരണങ്ങൾ. മലയാളി, തമിഴൻ എന്നൊക്കെ പറയുന്ന പോലെ ഡൽഹിക്കാരൻ എന്നൊരിക്കലും പറയാനാവില്ല. കാരണം, ഡൽഹി വൈവിധ്യ സംസ്ക്കാരങ്ങളുടെ കലവറയാണ്. എല്ലാ പ്രദേശത്തുകാരും ഒത്തുചേരുന്നതാണ് ഡൽഹി.വ്യത്യസ്ത പഴങ്ങൾ മുറിച്ചു ചേർത്ത് മസാലയും ഉപ്പും ചേർത്താൽ ഡൽഹിയിലെ മുഖ്യ ഭക്ഷണ ഇനമായി. ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥരുടെ പോലും നട്ടുച്ചയിലെ മുഖ്യ ഭക്ഷ്യവസ്തു ഇതത്രേ. ഡൽഹിയിലെ ചൂടിനെ മറികടക്കാനുള്ള മറ്റൊരു ഇനമാണ് ലെസി.മഴ ഡൽഹിയിലെ ഒരു അപൂർവ്വ കാഴ്ചയാണ്. എന്നാൽ മഴയായാലും വെയിലായാലും ആരും കുട ചൂടാറില്ല എന്നത് ഡൽഹിക്കു സ്വന്തമായ മറ്റൊരു പ്രത്യേകത.സി.എ.ജി.ഓഫീസിനും മൗലാനാ ആസാദ് മെഡിക്കൽ കോളേജിനും മുന്നിലുടെ ബസ്സ് നീങ്ങുന്നു.വഴിയരികിൽ സഫ്ദർജംഗ് ടോംബ്.എയർ ഫോഴ്സ് ഭാരതി സ്കൂളിനടുത്തെത്തിയപ്പോൾ,റോഡിലൂടെ പ്രകടനം കടന്നു പോവുന്നു. സഫ്ദർജംഗ് എയർപോർട്ടിനും ഹോസ്പിറ്റലിനും എയിംസിനും മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് യാത്ര.ഒടുവിൽ കുത്തുബ് മിനാറിനരികിൽ. മുഖ്യമായും ഫോട്ടോയെടുപ്പ്.കുത്തുബ് മിനാർ ഒരു പ്രത്യേക ഏരിയയിൽ നിന്നു മാത്രമേ പൂർണമായി പകർത്താനാവൂ. ആ ഭാഗത്ത് നിന്ന് ഫോട്ടോയെടുക്കുന്നവർക്ക് സമ്മാനമുണ്ട് എന്നും ഹക്കീം കൂട്ടായി ബസ്സിറങ്ങും മുമ്പ് എല്ലാ വരോടും പറഞ്ഞിരുന്നു. അതിനാൽ ഫോട്ടോയെടുപ്പിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.തകർന്നു തുടങ്ങിയ പഴയ കാല പ്രതാപങ്ങളുടെ ശേഷിപ്പുകൾ.. സംരക്ഷണമില്ലാത്തതു കൊണ്ട് സംഭവിക്കുന്ന തകർച്ചയുടെ നേർക്കാഴ്ചകൾ. അവിടെ നിന്ന് മടങ്ങി എ.ഐ.സി.സി.ഓഫീസിനു മുന്നിലുടെ വിജ്ഞാൻ ഭവൻ പിന്നിട്ട് രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും മുന്നിലൂടെ ജൻപഥ് റോഡിനു കുറുകെ ബസ് നീങ്ങുന്നു.കറക്കത്തിനൊടുവിൽ സാക്ഷാൽ ഇന്ത്യാ ഗേറ്റിനും അമർജ്യോതിക്കുമരികിൽ. മാംഗോ ബാറിന്റെ മധുരം നുണഞ്ഞ് ഗേറ്റിനരികിൽ. തൊട്ടടുത്ത് മലയാളി ചോറും മോരു കറിയും  പപ്പടവും ഉപ്പേരിയും. ദിവസങ്ങൾക്കു ശേഷം നാട്ടിലെ ഭക്ഷണം കിട്ടിയതിന്റെ നിർവൃതി എല്ലാവരിലും.
മടക്കയാത്ര ഡൽഹി സെക്രട്ടറിയേറ്റിനു മുന്നിലൂടെ.. പിന്നെ, നമ്മുടെ മഹാരഥന്മാരുറങ്ങുന്ന രാജ്ഘട്ട്‌, വീർഭൂമി, ശക്തി സ്ഥൽ, കിസാൻ ഘട്ട് തുടങ്ങിയവയിലൂടെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു തീർത്ഥയാത്ര. പിന്നെ നേരെ ലാൽ ഖില, ചെങ്കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്ന റെഡ് ഫോർട്ടിനടുത്തേക്ക്. അതിന്റെ വിദൂരക്കാഴ്ചക്കുശേഷം അവിടന്നിറങ്ങി, മെട്രോ സ്റ്റേഷനിലൂടെ കറങ്ങിത്തിരിഞ്ഞ് റിക്ഷാ വണ്ടികൾ തിങ്ങിനിറഞ്ഞ പ്രാചീന ഗല്ലികളിലൂടെ, ചാന്ദ്നി ചൗക്കിലൂടെ നടന്ന്, ശ്രീ പ്രാചീൻ ബാലാജി മന്ദിർ ഉൾപ്പെടുന്ന ആൽമര മുത്തശ്ശന്റെ ആരാധനാ സ്ഥാനവും കടന്ന് ഡൽഹി ജുമാ മസ്ജിദിനകത്തേക്ക്. ഫോട്ടോയെടുപ്പിന് ശേഷം ടിക്കറ്റെടുത്ത് മസ്ജിദ് മിനാരത്തിന്റെ ഏറ്റവും മുകളിലേക്ക് സോപാനങ്ങളെ കിതപ്പോടെ തോൽപിച്ച് അതിന്റെ ഉച്ചിയിൽ. തികച്ചും രോമാഞ്ചദായകമായ അനുഭൂതി.. ഡൽഹി മുഴുവനായും കാണാനുള്ള അപൂർവ്വ സൗഭാഗ്യം. ചെങ്കോട്ടയും കുത്തുബ് മിനാറുമൊക്കെ വീണ്ടും കാഴ്ചയിൽ തെളിയുന്നു. മസ്ജിദിന് മുന്നിലെ അംഗശുദ്ധി വരുത്താനുള്ള ജലാശയം മുകളിൽ ഹൃദ്യമായ കാഴ്ചയായി. ഫോട്ടോയെടുത്ത് താഴെയിറങ്ങി, ജുമാ മസ്ജിദിൽ സന്ധ്യാപ്രാർത്ഥന. അംഗ സ്നാനം ചെയ്യാനുള്ള ജലാശയത്തോട് ചേർന്ന് ഒരു കല്ല് ഇരുമ്പ് വേലിക്കകത്ത് ജാഗ്രതയോടെ സൂക്ഷിച്ചിരിക്കുന്നു. അന്വേഷിച്ചപ്പോൾ മനോഹരമായ ഒരു മിത്ത് അതിനു പിന്നിൽ.ഒരിക്കൽ ഷാജഹാൻ ചക്രവർത്തി ചെങ്കോട്ടയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇവിടെ പ്രവാചകൻ പ്രത്യക്ഷപ്പെട്ട് അംഗശുദ്ധി വരുത്തുന്നതായി സ്വപ്നം കണ്ടത്രേ. ഉറക്കമുണർന്ന അദ്ദേഹം പാതിരാത്രിയിൽ ഇവിടെ വന്നു നോക്കിയപ്പോൾ അവിടെ പ്രവാചകൻ അംഗ സ്നാനം ചെയ്തതിന്റെ നനവും അടയാളങ്ങളും കണ്ടത്രേ. അതു കൊണ്ടാണത്രേ ഈ ഭാഗത്തെ പാവനമായി  സംരക്ഷിക്കുന്നത്. അവിടെ നിന്ന് അംഗ സ്നാനം ചെയ്യുമ്പോൾ പലരും വീടുകളിലേക്ക് കൊണ്ടുപോകാനായി ആ പുണ്യ ജലം കുപ്പിയിൽ എടുക്കുന്നതിന്റെ ഗുട്ടൻസ് അപ്പോഴാണ് പിടി കിട്ടിയത്.മിത്തുകൾക്കു പിന്നിലെ യാഥാർത്ഥ്യവും വിശ്വാസവുമൊക്കെയായി മനസ്സിൽ കലപില.എന്തോ ആവട്ടെ.. ഓരോ പ്രദേശത്തിനും അതിന്റേതായ ചില പുരാവൃത്തങ്ങളുണ്ടല്ലോ, അശാന്തമായ മനസ്സുകൾക്ക് ബലം പകരാൻ... മടക്കത്തിന്റെ മുന്നോടിയായി മസ്ജിദിന്റെ രണ്ടാം ഗേറ്റിനു മുന്നിലെ മിനാ മാർക്കറ്റിൽ ഷോപ്പിംഗ്.പിന്നെ തിരക്കേറിയ ഗല്ലികളിലൂടെ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലൂടെ ധൃതി പിടിച്ച് ഹോൺ മുഴക്കി, ദിശ തെറ്റിയോടുന്ന സ്ക്കൂട്ടറുകൾക്കും റിക്ഷാ വണ്ടികൾക്കുമിടയിലൂടെ ക്ഷീണത്തോടെ, മടുപ്പോടെ,നടന്നു നടന്ന് ബസ്സിലേക്ക്. റെയിൽവേ സ്‌റ്റേഷൻ ലക്ഷ്യമാക്കി മടക്കയാത്ര.. ഡൽഹിയോട് വിട പറയാനായി എന്ന് അൻസാരി മാഷിന്റെ കമന്റ്‌. ട്രാഫിക് ജാമിൽ കുരുങ്ങി ബസ്സ് ഇഴഞ്ഞു നീങ്ങുന്നു.സ്റ്റേഷനെത്താൻ വൈകുമോ എന്ന വേവലാതി പലരുടെയും മുഖത്ത്.ഒടുവിൽ സ്റ്റേഷന് ഇത്തിരി മുന്നിൽ ഇറങ്ങി കാൽനടയായി ഡൽഹി സരായ് റോഹിള സ്റ്റേഷനിലേക്ക് ഉദ്ദംപൂർ എക്‌സ്പ്രസിൽ കയറി ജമ്മുവിലേക്കും പിന്നെ കാശ്മീരിലേക്കും കുതിച്ചെത്താനുള്ള വെമ്പലോടെ ടോം ബുകളുടെ(ശവകുടീരം) നഗരമായ ഡൽഹിക്ക് ഹൃദയപൂർവ്വം വിട..വീണ്ടും വരാമെന്ന പ്രതീക്ഷയിൽ …
                         
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..