16-12

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

അശ്രീകരം

മത്തിയുംആവോലിയും
അടുത്തടുത്തിരിക്കുമ്പോൾ
അച്ഛനെന്നുംമത്തിവാങ്ങും.

ആവോലിയുംമത്തിയും
അടുത്തടുത്തിരിക്കുമ്പോഴും
മത്തിതന്നെ.

"ആവോലി ഇഷ്ടല്ലേ..?"
ഒരു ദിവസം
മീൻകാരൻ ചോദിച്ചു.

"മത്തിയോളംവരില്ല"
അച്ഛനെന്നെനോക്കി
കണ്ണിറുക്കി.

മത്തിയുമായി
വീട്ടിലേക്ക് നടക്കുമ്പോൾ
മുഷിഞ്ഞ രണ്ടുമൂന്ന്-
ഒറ്റരൂപാ നോട്ടുകൾ
ഇടക്കിടെ പോക്കറ്റിൽനിന്നെടുത്തെണ്ണി
അച്ഛനെന്തൊക്കെയോ
കണക്കുകൂട്ടും.

നാളെ ആവോലിതന്നെ
ഞാനുറപ്പിക്കും.

ഒരു ദിവസം
മത്തി ചെതുമ്പൽ കളഞ്ഞ്
വൃത്തിയാക്കുമ്പോൾ
പൂച്ചയോടെന്നപോലെ
അമ്മ പറഞ്ഞു...
"ആവോലി 
ഒരശ്രീകരംപിടിച്ച മീനാ.."

ഞങ്ങൾ കുട്ടികളിലെന്നപോലെ
മീനുകളിലും
അശ്രീകരങ്ങളുണ്ടെന്ന്
അന്നാണെനിക്ക് മനസ്സിലായത്.

രമണൻ ഞാങ്ങാട്ടിരി
ബി.വൈ.കെ.എച്ച്.എസ്.എസ്
വളവന്നൂർ


സ്വയം അലിയുമ്പോൾ

                   
ചിലത് അങ്ങനെയാണ് 
കൈ പിടിച്ചു വലിച്ചാലും   
നെഞ്ചോടു ചേർത്തു പിടിച്ചാലും 
തീരം വിട്ടു കൂടെ പോരാത്തവ
കാൽ പ്പാടുകൾ, മണൽ കൊട്ടാരം, 
ഇലകൾ, ചില്ലകൾ, 

എല്ലാം കൂടെ പോന്നാലും
ചിലത് 
സ്വപ്നം പോലെ, പ്രണയം പോലെ 
എത്ര വിളിച്ചാലും കൂടെ വരാത്തവ
എത്ര ശ്രമിച്ചാലും തുറക്കാൻ കഴിയാത്ത 
മനസ്സ് പോലെ 
പറഞ്ഞാൽ തീരാത്ത സങ്കടങ്ങൾ പോലെ 
എത്ര ആഞ്ഞു അടിച്ചാലും കയറാൻ 
കഴിയാത്ത പാറ ഇടുക്കുകൾ ഉണ്ട് 
ഒന്ന് ഇളക്കാൻ പോലും പറ്റാത്ത 
പായലു കളും 
ഇനിയും ഉണ്ട് വേറെ ചിലത് 
ഒരിക്കലും പോകരുതെന്ന് 
കരുതുന്ന തീരങ്ങൾ 
പക്ഷെ 
വീണ്ടും വീണ്ടും പതഞ്ഞഒഴുകി അറിയാതെ എത്തുന്നടം 
മുറിവുകളിൽ ഉപ്പു നീര് തട്ടും മ്പോൾ 
ചുളിയുന്ന മുഖം കണ്ടു 
നിശ്ശബ്ദം, സാവധാനം 
തിരിച്ചു ഇറങ്ങുമ്പോൾ ഉള്ള 
വേദന 
നുരഞ്ഞു പതഞ്ഞു  ഒരു മൃദു സ്പർശം പോലെ 
തീരം തൊടാൻ വരുമ്പോഴും 
അറിയാതെ ആഞ്ഞു അടിച്ചു 
തകർന്നു ഇല്ലാതായി 
കരൾ പിളർന്നു ഒരു മടക്കം 
ഇനിയും വരും 
തിര  ഒരു പ്രതീക്ഷ ആണ് 
സ്വപ്നം ആണ് 
സ്നേഹം ആണ് 
പ്രണയം ആണ്


ബിന്ദു രതീഷ്
ദേവധാർ എച്ച്.എസ്.എസ് താനൂർ


വഴി

നഗരത്തിന്റെ ഇന്റർലോക്ക്
ഒരെണ്ണം ഇളകിപ്പോയി;
അവിടെ
ഗ്രാമം മുളച്ചു വന്നു 

ഒരു ചതുരം
ഒരു ഫ്രെയിം.
മനുഷ്യന്റെ തൊലി പോലെ
മണ്ണിന്റെ നഗ്നത

ഫ്ലാറ്റിലേക്കുള്ള വഴി
ഞാനും മകളുമവളുടെ 
ബാർബിപ്പെണന്നും
ചെന്നു നോക്കി

കുഞ്ഞിലകളുള്ള
ഒരു തുമ്പക്കുട്ടി
മൂന്നുറുമ്പുകൾ
ഒരു പേരറിയാ പുൽക്കൊടി.

മകളേ
അച്ഛന്റെ കൂട്ടുകാരാണിവർ
ബാല്യകാലത്തു നഷ്ടമായവർ
നിയുണ്ടായതറിഞ്ഞ്
നിന്നെക്കാണാൻ വന്നതാണിവർ

ഉറുമ്പിന്റെ പേരോർത്തു പറഞ്ഞു
പുൽക്കൊടി കണ്ണിൽ നോക്കി:
മറന്നു അല്ലേ ?
തല കുനിച്ചു .

മകൾ പാവയെ കെട്ടിപ്പിടിച്ച്
അലസം നടന്നു
കട്ടകളെണ്ണി എണ്ണം പഠിച്ചു 

സെക്യൂരിറ്റിയോടി വന്നു
മൂക്കത്തു വിരൽ വെച്ചു
കൊച്ചമ്മയുടെ കാലടിമറിയും
എന്റെ പണി പോകും

അയാൾ
കട്ട കൊണ്ടുവന്നു
ഗ്രാമത്തിനു 
വന്നു നോക്കാനുള്ള വാതിൽ
നിഷ്കരുണം
അടച്ചു കളഞ്ഞു.

എനിക്കകത്തേക്കുള്ള വഴി
എനിക്ക് പുറത്തേക്കുള്ള വഴി
☘☘☘☘☘☘☘☘

മുനീർ അഗ്രഗാമി

പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ


പർദ്ദ
ഉമ്മയുടെ സ്വപ്നമായിരുന്നു
ആഗ്രഹമായിരുന്നു
ആനന്ദമായിരുന്നു

ആരും ഉമ്മയോട്
പർദ്ദയിടാൻ പറഞ്ഞിരുന്നില്ല
ഇടേണ്ട എന്ന് ദാരിദ്ര്യം 
പലവട്ടം പറഞ്ഞു

എന്നിട്ടും ഉമ്മ
ഇക്കാക്കയോട് പറഞ്ഞ് പറഞ്ഞ്
മൂന്നു വർഷം കാത്തിരുന്ന്
ആദ്യത്തെ പർദ്ദ
ഗൾഫിൽ നിന്നും വരുത്തി

മനസുണ്ടായിട്ടല്ല
കാശുണ്ടായിട്ടല്ല
പെങ്ങളല്ലേ
ചോദിച്ചിട്ടല്ലേ
എന്ന് വിചാരിച്ച്
ഗൾഫിൽ പോയ കടം പോലും മറന്ന്
വല്യക്കാക്ക അത് കൊണ്ടുവന്നു

ഉമ്മ പർദ്ദ അണിഞ്ഞു
സ്വർഗ്ഗത്തിന്
ഇത്രയും കറുപ്പോ എന്ന്
ഞങ്ങൾ അത്ഭുതപ്പെട്ടു
അത്ര ആനന്ദമായിരുന്നു ഉമ്മയ്ക്ക്
പർദ്ദയുടെ രഹസ്യം കാണാനും
തൊട്ടു നോക്കാനും
ആരൊക്കെയോ വന്നു

അന്ന്
ഞങ്ങളുടെ നാട്ടിൽ 
പർദ്ദക്കടകൾ
ഉണ്ടായിരുന്നില്ല
* * *

പെൺ സൂര്യൻ

പർദ്ദയും ഷാളുമിട്ട്
ഉമ്മ നടന്നു
കടയിൽ പോയി
വിരുന്നു പോയി
തർക്കിച്ചു 
സ്നേഹിച്ചു

പെങ്കുപ്പായവും
കാച്ചിത്തുണിയും
തട്ടവും ഇട്ട് നടന്നതിലും ഉഷാറായി
ഉമ്മ നടന്നു .

പർദ്ദ ഉമ്മയുടെ സ്വാതന്ത്ര്യമാണ്
ഇഷ്ടം പോലെ ഉമ്മ
ഓരോന്ന് എടുത്തണിയുന്നു
കറുപ്പിൽ ചാരനിറം ഉലാത്തുന്നത്
ചിറകുള്ളത്
ചുവപ്പ് ബട്ടൺ ചിരിക്കുന്നത്
കൈകളിൽ നക്ഷത്രങ്ങൾ
മിന്നുന്നത്
എന്നെ നിർബ്ബന്ധിച്ച്
വാങ്ങിപ്പിച്ചത്.

പർദ്ദയുടെ രഹസ്യം
ഉമ്മയ്ക്കറിയാം
പർദ്ദയിൽ ഉമ്മ
മതദേഹമോ 
മറ്റൊന്നുമേ അല്ല
ആത്മവിശ്വാസമാണ് .

അതവരുടെ വിരലിൽ തൊട്ട്
അതറിഞ്ഞവനാണ് ഞാൻ .
പർദ്ദയുടെ കറുപ്പിൽ ഉമ്മയുടെ മുഖം
പെൺ സൂര്യൻ
ഞാൻ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമി .

* * *
പുതിയ പർദ്ദകൾ

ഉമ്മ മരിച്ചു;
പണക്കാരിയായി.
സന്തോഷത്തോടെ
ഉമ്മ മരിച്ചു

പർദ്ദകൾ 
അനാഥരായി.
അനിയത്തിമാർ
പർദ്ദകൾ
സ്വന്തമാക്കാൻ
മത്സരിച്ചു.

അതെടുക്കൂ
അണിയൂ എന്ന്
ആരും അവരോടു പറഞ്ഞില്ല

മരിച്ചവരുടെ വസ്ത്രങ്ങൾ
ജീവിക്കുന്നവരുടെ
വസ്ത്രമാകുന്നത്
ഞാൻ കണ്ടു

ഉമ്മയ്ക്ക്
ചുരിദാർ ഉണ്ടായിരുന്നില്ല
ഉമ്മയ്ക്ക് സാരിയുടുക്കാൻ
അറിയുമായിരുന്നില്ല
പെങ്ങൻമാർക്കുള്ളത്ര ചുരിദാർ
മറ്റാർക്കുമുണ്ടായിരുന്നില്ല
സാരി അവരുടുക്കുമ്പോലെ
മറ്റാരും ഉടുത്തിരുന്നില്ല

ഇപ്പോൾ നാടു മുഴുവൻ
പർദ്ദക്കടകളാണ്
അവർ പർദ്ദകൾ
മാറ്റി മാറ്റിയെടുക്കുന്നു
പുതിയവ
ഡിസൈൻ ചെയ്യുന്നു
മറ്റെല്ലാ കടയിലും
ഒറ്റയ്ക്ക് കയറാൻ
സ്വാതന്ത്ര്യമുള്ളതു പോലെ
അവർ പർദ്ദക്കടകളിൽ കയറുന്നു

ഉമ്മയുടെ സ്വപ്നമല്ല അവരുടേത്
അവരുടെ സ്വപ്നത്തിൽ പർദ്ദയുണ്ടോ ?
അവർക്ക് പണമുണ്ട്.
സ്വപ്നമുണ്ടോ?
എനിക്കറിയില്ല.

- മുനീർ അഗ്രഗാമി

അവളുടെ ആള്‍

കല്ല്യാണ രാത്രിയില്‍ 
പലതും പറയുന്നകൂട്ടത്തില്‍ 
അവള്‍ പറഞ്ഞു 
എനിക്കൊരു പ്രണയമുണ്ട്. 

പുഴയില്‍ വീണ 
പൂവിതളുകളില്‍ ഒന്നു പോലെ 
പല വാക്കുകളുടെ ഒഴുക്കില്‍ 
ആ വാക്ക് ഒഴുകിയൊഴുകിപ്പോയി. 

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി 
അതൊരിക്കലും പിന്നീട് 
അവരെ തിരിഞ്ഞു വന്നില്ല. 

കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍ 
ഒരിക്കല്‍പോലും 
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ 
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍ 
ഇത്തിയധികം നിറമുള്ളതുടുത്തെങ്കില്‍ 
ഓ, 
വഴിയില്‍ മറ്റവന്‍ കാത്തുനില്‍ക്കും അല്ലേ എന്നോ 
അയാള്‍ ചോദിച്ചില്ല. 

വൈകിയെത്തിയ അന്ന് 
പൂച്ചയെപ്പോലെ 
മറ്റൊരു വിയര്‍പ്പിന്റെ മണം 
വരുന്നോ വരുന്നോ എന്ന് 
മൂക്കു വിറപ്പിച്ചുകൊണ്ട് 
മുക്കിലും മൂലയിലും പോയി നിന്നില്ല. 

മരണ സമയം അവള്‍ക്കാണാദ്യം വന്നത്, 
കട്ടിലില്‍ തലയണയോരത്തു കുനിഞ്ഞു നിന്ന് 
കാതില്‍ പതുക്കെ, 
മൃദുവായി അയാള്‍ ചോദിച്ചു, 

പറയൂ, 
ഒരിക്കല്‍ക്കൂടെയൊന്നു 
കാണാന്‍ തോന്നുന്നുണ്ടോ, 
വരാന്‍ പറയണോ..
അവള്‍ ലജ്ജകലര്‍ന്ന ഒരു ചിരിചിരിച്ചു. 
വേണ്ട, അവള്‍ മന്ത്രിച്ചു, 
അദ്ദേഹം ഇപ്പോള്‍ വരും, 
ഞങ്ങള്‍ ഒരുമിച്ചു പോകും...

വി.ടി ജയദേവൻ

കവിതേ.....

ഞാനെൻ മിഴികളടച്ചോരു നേരത്തു
മുന്നില്‍ ഹാ! സ്വപ്നമായ് കണ്ടു നിന്നെ
പെട്ടെന്നെൻ കണ്ണിലൊരത്ഭുതപീയൂഷ-
ധാര ചൊരിയുന്ന പുണ്യമായി

നിന്നംഗുലീസ്പർശമാകേ തഴുകുന്നു
ഖിന്നയാമെന്നുടെ മാനസത്തിൽ
എന്നെ നീയാകേ പുണർന്നീടുംവേളയില്‍
നിന്നു ഞാന്‍ മായികനിർവൃതിയിൽ

ഉജ്ജ്വലിച്ചീടും മഹിതപ്രഭാവമേ!
എന്നിൽ സഹർഷം നീ വന്നണയേ
പേരറിയാതെ തരിച്ചൊന്നു നിന്നു ഞാ-
നാരു നീയെന്നിലെയാനന്ദമേ!

കണ്ടു ഞാന്‍ നിന്നെ നീയെന്നിലുണർത്തിയ
നവ്യാനുഭൂതിതൻ മാധുര്യമായ്
വിശ്വപ്രപഞ്ചത്തിലോരോ തുടിപ്പിലും
വന്നിതദൃശ്യസാന്നിദ്ധ്യമായ് നീ

വെണ്മതി പുഞ്ചിരിതൂകുമാ വിണ്ണിലും
ഘോരമലറുന്നോരാഴിയിലും
താളത്തിലായെങ്ങുമെത്തുന്ന തെന്നലിൽ
കോരിച്ചൊരിയുന്ന വർഷണത്തിൽ

വാരൊളികാന്തിയാലക്ഷയചൈതന്യ-
സാരമനോഹരഭൂഷയോടേ
നീയണഞ്ഞെൻറെ കരൾക്കാമ്പിൽ മുഗ്ദ്ധമാം
നര്‍ത്തനം ചെയ്തുവെന്നാരോമലേ 

ഹർഷാനുകമ്പതരളിത സ്വപ്നമാ-
യാവിർഭവിച്ചു നീ ഭാവസാന്ദ്രം
പ്രേമം സുമംഗളഗീതം മുഴക്കി നീ-
കാവ്യപ്രഭാവമേ! ലാവണ്യമേ !

ഇന്നലെയോളമിരുണ്ടയെൻ ജീവനില്‍
സൗവർണ്ണദീപം കൊളുത്തി നീയും
മങ്ങിടാതെന്നുമെന്നുള്ളിൽ തെളിയണേ
നിസ്തുലശോഭയായ് കാവ്യാംഗനേ.!
                              
ദീപകരുവാട്ട്