17-02


എന്റെ പ്രണയിനിക്ക്... 
എം. ബഷീർ

നാം കരുതുന്നപോലെ
ആദ്യമായി
തീ കണ്ടുപിടിച്ചത്
ഗുഹാവാസികളായ
ആദിമമനുഷ്യർ
കല്ലുകൾ തമ്മിലുരസിയല്ല
ഭൂമിയിലെ
ആദ്യത്തെ പ്രണയികളുടെ
നെഞ്ചിലാണ്
അഗ്നിയുടെ ചിറകുകൾ തളിർക്കുന്നത്
അവർ കരളിലെ നോവുകളിൽ
ഊതിയൂതിയപ്പോഴാണ്
വിരഹം കല്ലാക്കിയ
മനസ്സുകൾ തമ്മിലുരസിയപ്പോഴാണ്
ചുണ്ടുകൾക്കിടയിലെ
ഉന്മാദനിശ്വാസങ്ങളെ കൊടുങ്കാറ്റുകളാക്കിയപ്പോഴാണ്
ഭൂമിയിൽ
ആദ്യമായി തീയുണ്ടാകുന്നത്
പ്രണയിക്കന്നവരാണ്
ഭാഷ കണ്ടുപിടിച്ചത്
ലിപിയിലെഴുതാൻ തുടങ്ങുന്നത്
ഹൃദയങ്ങളെ
അന്യോന്യം മൊഴിമാറ്റം ചെയ്യാൻ
അവർക്ക് സ്വന്തമായി
ഭാഷ വേണമായിരുന്നു
പ്രണയത്തിലെ മഴയെഴുതാൻ
കിനാവിലെ ഭ്രാന്ത് വരയ്ക്കാൻ
അതുവരെയില്ലാത്ത
ലിപി വേണമായിരുന്നു
അങ്ങനെയാണ് ആദ്യമായി
ലോകത്തിൽ ഭാഷയുണ്ടാകുന്നത്
വേർപിരിഞ്ഞവരുടെ
തോരാക്കണ്ണീരിൽ നിന്നാണ്
ആദ്യത്തെ കടലുണ്ടാകുന്നത്
അങ്ങനെയാണത്രെ
കടലിൽ ഇത്ര ഉപ്പുണ്ടായത്
ഒരിക്കലും ഒന്നിക്കാത്ത
ദ്വീപുകളുണ്ടായത്
ഭൂമി കറങ്ങുന്നില്ലെന്നും
നോവിന്റെ അച്ചുതണ്ടിൽ കിടന്ന്
നമ്മൾ നട്ടംതിരിയുന്നതുകൊണ്ട്
അങ്ങനെ  തോന്നുന്നതാണെന്നും
ആദ്യമായി കണ്ടു പിടിച്ചതും
പ്രണയികളാണത്രെ
മരിച്ചുപോയ
പ്രണയികളുടെ കണ്ണുകൾ
ഖനനം ചെയ്തപ്പോഴാണത്രെ
ആദ്യമായി
നക്ഷത്രങ്ങളെ  കണ്ടെത്തുന്നത്
അവരെഴുതിയ കവിതകളിലാണ്
ആദ്യമായി
നിലാവിന്റെ നീലക്കാടുകൾ പൂത്തത്
നെല്ലിക്ക കാഞ്ഞിരം ഇലഞ്ഞി
ചെമ്പകം മുളങ്കാട്
ഇതൊക്കെ ആദ്യമായി കണ്ടെത്തിയതും അവർ തന്നെയാണത്രെ
ആദ്യമായി
മുള്ളുകൊണ്ടു മുറിഞ്ഞ
കാലടികളും പ്രണയികളുടെ തന്നെ
പ്രണയിക്കുന്ന രണ്ടുപേരാണ്
ആദ്യമായി ചന്ദ്രനിൽ
കാലുകുത്തിയത്
അവരല്ലാതെ വേറാരും തൊട്ടിട്ടില്ല
സൂര്യനെ
ആദ്യത്തെ വിപ്ലവം നടത്തിയതും
തുറുങ്കിലടക്കപ്പെട്ടതും
തൂക്കിലേറിയതും
പ്രണയികൾ തന്നെ
പ്രണയിച്ചു വേർപിരിഞ്ഞ
രണ്ടുപേർ
വീണ്ടും കണ്ടുമുട്ടിയപ്പോഴാണത്രെ
ഭൂമി ഉരുണ്ടതാണെന്ന്
ആദ്യമായി
കണ്ടുപിടിക്കപ്പെട്ടത് .....


ഋതുക്കളാലടക്കം അവഗണിക്കപ്പെട്ട,
ഈ ഒറ്റമരത്തിൽ കൂടൊരുക്കാൻ '
നിനക്കെങ്ങനെ കഴിഞ്ഞു....?
    ബിത.

ഒരു മരം മതി
രാജേഷ് മോൻജി

ഒരു മരം മതി
ഒഴിഞ്ഞ വയറില്‍ പാമ്പന്റെ പാട്ടിനൊപ്പം
മൂളിയൊപ്പിക്കുമ്പോള്‍
ചോറുരുളയുമായ് നീളുന്ന
അമ്മക്കരം പോലെ
പഴുപഴുത്തൊരു പഴത്തിനായ്.
ഒരു മരം മതി
ശൂന്യതയില്‍നിന്നുയര്‍ന്ന
പ്രണയത്തിന്റെ പ്രളയം
ഊര്‍ന്നിറങ്ങി നാഭിയോളമെത്തുമ്പോള്‍
മഴവില്ലിന്റെ ഗന്ധമുള്ളൊ-
രാലിംഗനമാവാന്‍
തുമ്പിക്കൈ പോലൊരുടലിന്.
ഒരു മരം മതി
ഇടറിയ വേനലില്‍
കവിത പാറ്റിയ
ഹൃദയത്തില്‍
കാരമുള്ളെറിഞ്ഞ പ്രണയം
വീണ്ടും വീണ്ടും ഓട്ടവെയിലെറിയുമ്പോള്‍
കണ്ണടച്ച് തലചായ്ക്കാന്‍
മണ്ണ് വിട്ടുയര്‍ന്ന
ഒരു വേരിന്.
ഒരു മരം മതി
കുന്നിറങ്ങിയ നിഴലില്‍പ്പതുങ്ങി
കരിവിളക്കിന്‍ കണ്ണുപൊത്തി-
പ്പകുത്ത കാമം
ഒളിച്ചുവെക്കാനൊരു
പൊത്തിന്.
ഒരു മരം മതി
പൂച്ച, പട്ടി, പന്നി, പശു
എന്നിങ്ങനെ ജല്പനം ചെയ്ത്
കടുത്ത തിളപ്പില്‍
അവനവനെ കൊന്ന്
അലമുറയിട്ടവര്‍ക്ക്
ഒരുകുറി കൂടി മരിച്ച്
തൂങ്ങിയാടാന്‍
ഊഞ്ഞാലുകെട്ടി തഴമ്പിച്ച
താണ ഒരു കൊമ്പിന്.
ഒരു മരം മതി
കളിയായ് കഥപറഞ്ഞുറക്കിയ മുത്തച്ഛന്റെ   നെറ്റിയിലെ വിയര്‍പ്പിലൂര്‍ന്ന
കളവും കണ്ടവും മായ്ച്ച്
ഒരൊറ്റ ഫ്രെയിമില്‍ തീര്‍ത്ത
കറുത്ത മണ്ണിന്റെ ഡി.പി.യില്‍
സ്‌മൈലികുത്തി ചത്തിരിക്കുമ്പോള്‍
തലച്ചോറില്‍ ആഴ്ന്നിറങ്ങാന്‍ പാകത്തില്‍
കൂര്‍ത്തുമൂര്‍ത്ത
ഒരു ഉണങ്ങിയ കൊമ്പിന്
ഒരു മരം മതി...!

-മുനീർ അഗ്രഗാമി
ഒരു പാട്ട് അടുത്തുവന്നു
എന്നെ ഒന്നു പാടുമോ?
  എന്നു ചോദിച്ചു
നീ പുതിയതാണോ ?
എന്നു തിരിച്ചു ചോദിച്ചു
അല്ല പഴയതെന്നുത്തരം
നിന്റെ കുലം ?
വംശം ?
ജാതി ?
മതം ?
ആധാറുണ്ടോ ?
അതൊക്കെ എന്തിനാണ് ?
പാട്ടിലായവനേ
എന്നെയൊന്നു പാടൂ
നിന്റെ ശബ്ദമാണ് എന്റെ കടൽ
നിന്റെ താളം എന്റെ കര
നിന്റെ ശ്രുതി എന്റെ ആകാശം
ഇവിടെയിപ്പോൾ ഇങ്ങനെയാണ്
നിശ്ശബ്ദതയുടെ ആനന്ദമാണ്
ആനന്ദമെന്ന്
ശബ്ദം പോലും കരുതുന്നു
എന്നെ പാടുക !
കടൽത്തിരകളിൽ
ഞാനൊന്നു കളിക്കട്ടെ
എല്ലാ രാജ്യത്തിലും ഉപ്പായി
അതിരു മറക്കട്ടെ
പാട്ടിനൊപ്പം നിന്നു
പാടാം നമുക്കു പാടാം എന്നു മൂളി
പാടി
പാട്ട് എന്നെ മറ്റെങ്ങോ കൊണ്ടുപോയി
ആ രാജ്യത്തിൽ പാട്ടിന്റെ നിയമങ്ങൾ.
വരികൾക്കിടയിലിരുന്ന്
അക്ഷരങ്ങൾ സ്വാതന്ത്ര്യത്തെ കുറിച്ച്
ഉച്ചത്തിൽ സംസാരിച്ചു.
ചെളിയിൽ നിന്നും
തളിയിൽ നിന്നും
മാളികയിൽ നിന്നും
ഞങ്ങൾ പാട്ടു പാടി
ആരും ആധാർ ആവശ്യപ്പെട്ടില്ല
പാടില്ല പാടില്ല എന്നാരും പറഞ്ഞില്ല
പാട്ട് ഒരു രാജ്യമാണ്
നാനാത്വത്തിൽ എകത്വം
അതിന്റെ മുഖമുദ്ര .
ഒരു പാട്ട് ആവശ്യപ്പെടുമ്പോൾ
അതിനെ പാടുക
മരിക്കുന്നതിനു മുമ്പ്
വെള്ളം കൊടുക്കുന്നതു പോലെ .





















ഗംഗൻ വെങ്കല്ലിൽ
അമ്മ അടുക്കളയിലിരു-
ന്ന് വാട്ട്സ് അപ്പിൽ
കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ
നീക്കം ചെയ്യുകയാ
യിരുന്നു. ഞായറാഴ്ച ആയതിനാൽ ഉണ്ണി എഴുത്തോലയും ,എഴുത്താണിയും മാറ്റിവെച്ച് ഒറ്റയ്ക്ക് മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ്
ഗേറ്റിന്നു മുന്നിൽ പൂതം പ്രത്യക്ഷപ്പെട്ടത്.
ഉണ്ണിയുടെ അരികിലെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി പൂതം ഗേറ്റ് തുറന്ന് അകത്ത് വന്നു. തന്റെ കൈയ്യിലുള്ള 50,000 ത്തിന്ന് മീതേ വിലയുള്ള മൊബെൽ ഫോണിലെ വിസ്മയക്കാഴ്ച -
കൾ കാണിച്ച് അവനെ മയക്കിയെടുത്തു.പിന്നെ ഗേറ്റിന്നു പുറത്ത് നിർത്തിയിട്ട വാഹനത്തിന്ന് അടുത്തേക്ക് കൊണ്ടു പോയി.
പെട്ടെന്നാണ് അവന്ന് അമ്മയെ
ഓർമ്മ വന്നത്.
'ഞാൻ അമ്മയെ
ഒന്നു കണ്ടു വരാം '
എന്ന് പറഞ്ഞ് അകത്തേക്ക് ഓടാൻ നോക്കിയ
ഉണ്ണിയെ പൂതം
തടഞ്ഞുവെച്ചു.
ഉണ്ണിയ്ക്ക് കരച്ചിൽ വന്നു. അവൻ ഉറക്കെ
കരഞ്ഞു.ഉണ്ണിയുടെ കരച്ചിൽ കേട്ട്
ഓടി വന്ന അമ്മ
കണ്ടത് തന്റെ ഉണ്ണിയെ കൊണ്ടു
പോകാൻ ഒരുങ്ങുന്ന പൂതത്തെ. അമ്മ പൂതത്തിനോട് ഉണ്ണിയെ വിടാൻ
പറഞ്ഞു.
പൂതമുണ്ടോ വിടുന്നു? അതമ്മയെ പേടിപ്പിച്ചോടിക്കാൻ നോക്കി. കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
ഒന്നിനും വഴങ്ങാതെ അമ്മ പൂതത്തിനോട് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. അത് കേട്ട് ആരെങ്കിലും
വന്നാൽ എല്ലാം
കുഴപ്പത്തിലാവുമെന്ന് പേടിച്ച പൂതം മറ്റൊരടവെടുത്തു.
നേരത്തെ മറ്റൊരു
വീട്ടിൽ നിന്ന് തട്ടിയെടുത്തൊരുണ്ണിയെ കാണിച്ച്
'നിങ്ങൾക്ക് ഈ ഉണ്ണിയെ മതിയോ ' എന്ന് ചോദിച്ചു. അപ്പോൾ അമ്മ തന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത് പൂതത്തിന്ന് സമർപ്പിച്ചു കൊണ്ട് ഇപ്രകാരം
പറഞ്ഞു. "എനിക്ക്
എന്റെ ഈ രണ്ടു കണ്ണുകളെക്കാൾ
പ്രിയപ്പെട്ടതാണ് എന്റെ പൊന്നുണ്ണി.
അതിനെ തരികെന്റെ പൂതമേ നീ ''
അവിചാരിതമായി
രണ്ടു കണ്ണുകൾ കൂടി കിട്ടിയതിൽ പൂതത്തിന് വലിയ സന്തോഷമായി.
തന്റെ വലിയ ബാഗിൽ നിന്ന് മനോഹരമായ ഒരു ചെറിയ പെട്ടിയെടുത്ത്
അതിൽ ആ രണ്ട്
കണ്ണുകളും സുരക്ഷിതമാക്കി വെച്ച് ഉണ്ണിയെയും
കൊണ്ട് പൂതം യാത്രയായി


കവിതക്കളി
ശ്രുതി .വി.എസ്.
പൊടുന്നനെ അയാളെന്റെ
കവിത പുറത്താ വന്നു വീണത്...
പിന്നെ ഉരുണ്ടുതാഴെ വീണു.
അരക്കെട്ടിൽ
പിടിച്ചതുകൊണ്ട് .
ഞാനും വീണു
അയാൾ എന്റെ
കവിതയായി
എന്റെ വസ്ത്രങ്ങൾ
കളിയരങ്ങുകളായി
അയാൾക്കു പുറകിൽ
അയാൾക്കു മുന്നിൽ
കുറേ കളങ്ങൾ
ചെറുത്‌, വലുത്
കറുപ്പ് ,വെളുപ്പ്
കളങ്ങൾ
കവിതക്കളങ്ങൾ
അയാളുടെ
പുറത്തുവീണവ
ഉള്ളിൽ വീഴാതെ
ചതുരംഗപലകയക്കു-
പുറകിൽ
കവിതക്കളി
കരു,
കവടി
ഒറ്റയ്ക്കു ചതുരംഗക്കളി.
അയാളുടെ
പുറത്തു വീണ കവിത
കളത്തിൽ
കയറാനാകാതെ
പുറത്ത്.
വലിയ തായം കളി
ബഹളം
പകിട കളി
പകിട പകിട
പന്ത്രണ്ട്.
കരുക്കൾ എടുക്കാം
കളിക്കളം ഒഴിയാം
അയാളുടെ പുറത്തു
വീണ കവിത
കാണാനേയില്ല
ഇനി യെന്തിന് ......?????


നിളയരികിൽ വീണ്ടും
ഗസ്ന ഗഫൂർ

കൂട്ടം തെറ്റി ചിതറിയ എന്റെ ഓർമകൾക്കരികിൽ
പുഞ്ചിരിയുടെ രുചിയും തൂകി-
നീയുണ്ടായിരുന്നു…
ചെവിയിലൊത്തിരി താരാട്ടുപാടി,
തലോടി,
ഒടുവിൽ…
നിളയരികിൽ വീണ്ടും….
ദാഹം ശമിക്കാൻ ഞാൻ കുടിച്ചു വറ്റിച്ച
തീത്തടാകത്തിന്റെ കരയിൽ
കണ്ണുനീർ തോരാതെ നീ
എന്റെ ദു:സ്വപ്നത്തിന്റെ ചെരിവിൽ
മുൾമുനത്തുമ്പിൽ…..
പിന്നെ,
മാർബിൾ പതിച്ച എന്റെ മനസ്സിൽ നിന്നും -
വഴുതി വീണൊരിക്കൽ ചോര പൊടിഞ്ഞ നിന്നെ
വാരിയെടുത്തെന്റെ കവിതയിൽ കോർത്ത്
ഭൂമിയുടെ ആഴങ്ങളിൽ മറവ് ചെയ്തതും-
ഞാനായിരുന്നു.
ഞാൻ…..
                 


ഞാൻ കരുതിയത്
റോഷൻ മാത്യു.
ബാല്യ സ്മരണകളെ നീയെന്നിലെ വീണപൂവോ
മോഹിക്കുന്നു വീണ്ടും കടലിന്നഗാധമാം പവിഴമുത്തുകളെ ....
എത്ര വെടിഞ്ഞാലും വിസ്മരിക്കാനാകുമോ
മാഞ്ചോട്ടിൽ വിരിഞ്ഞിടും
അർക്ക കിരണങ്ങളെ ....
കൂട്ടുകുടുംബത്തിൻ ലഹരിയും ചന്തവും
നാലുകെട്ടിൻ പൂമുഖ തിണ്ണയിൽ കാഴ്ചകളായ്.......
നാവിൽ തേനൂറും മധുരോല്ലാസവുമായി
പൈക്കളെ മേയ്ക്കും മാതാവിൻ ചാരെ  വാവാച്ചി കുട്ടിയായ് .....
കൊയ്ത്തുത്സവങ്ങളിൽ
നിറയും പത്തായപുരകളും
നനവാർന്ന ഗാത്രത്തിൽ മഴയുടെ ഈണവുംസംഗീതമായ്....
വായ്ക്കുന്നു വർണ്ണങ്ങൾ അസ്തമന സൂര്യനായ്
വാത്സല്യ അത്താഴ കൊച്ചുവർത്തമാനങ്ങളും....
സൗഹൃദവീചികൾ കാറ്റായും മഴയായും ഒരു കുടക്കീഴിൽ നുണഞ്ഞിടുമ്പോൾ....
പച്ചപുളി മാങ്ങ പുളിങ്കുരുവിങ്ങനെ നാവിൻ രസത്തെ വാഴ്ത്തിടുമ്പോൾ....
പുസ്തകസഞ്ചിയും
നാരങ്ങാ മിഠായിയും
മനമറിയും നോവുകൾ മാറ്റീടുന്നു ....
അന്താക്ഷരി ലീലകൾക്ലാസ്മുറിയ്ക്കുള്ളിലെ
ചൂരൽ കഷായത്തിൽ മയങ്ങീടുമ്പോൾ....
പ്രിയങ്കരിയാണവൾ ഇടവേള സമയത്തെ സുറുമയെഴുതിയ കണ്ണിണകൾ ....
നോട്ടു കുറിപ്പും പൊതിച്ചോറിൻ ഗന്ധവും നെയ്തൊരുക്കിയ കരിവളകൾ....
ഉച്ചവെയിലിൻ ആലസ്യംപൂണ്ടവർ
താളത്തിൽ ആശാനും ഉള്ളൂരും പാടീടുമ്പോൾ:
കണക്കിൽ ജാലക വിദ്യകൾ മുഴങ്ങുന്നു
നീരസഭാവങ്ങൾ ഗുണനങ്ങളായ്....
പാരാതെ ശ്രവിക്കുന്നു കുരുന്നുകൾ സംഗീത സാന്ദ്രമാം സ്വാതന്ത്യ മണി കിലുക്കം....
പാടവരമ്പത്തിൻ അലങ്കാരമായവർ ഊർജ്ജം കലർന്നങ്ങ് കൂടണയും ....
അന്തിവിളക്കിൽ ഗ്രാമീണ പെൺകൊടി
സന്ധ്യാനാമങ്ങൾ ജപിച്ചിടുമ്പോൾ....
വിണ്ണിലെ ദീപവും മന്നിലെ ചിന്തയും തുളസീ നൈർമ്മല്യം ചൊരിഞ്ഞീടുന്നു .....