17-03

🎈🎈🎈🎈🎈🎈🎈🎈🎈🎈

അതിരിലെ മരങ്ങള്‍ 

                        ലോപ .ആർ
*********

അതിരിലെ മരങ്ങള്‍ 
വളഞ്ഞേ വളരൂ...

അവയ്ക്ക്, അപ്പുറത്തെ 
ആകാശം തൊടണം.
അപ്പുറത്തേക്ക് ഇല പൊഴിക്കണം
അവിടത്തെ വെയില്‍ പൈമ്പാല്‍ കുടിക്കണം 
അവിടേക്ക് തണലാകണം
അവിടത്തെ അടുക്കളമണം
അവിടത്തെ വഴക്കും പുക്കാറും 
അവിടത്തെ ചിരികരച്ചില്‍ 
കാറ്റുപേനകൊണ്ട് 
ഇലകളിലെഴുതിത്തളരണം...

വേലി കെട്ടാന്‍ ,അതിരളക്കാന്‍
ആളുകൂടുമ്പോള്‍ 
ചോറിങ്ങും കൂറങ്ങുമെന്ന് 
പൂങ്കുലകളായ് ചിരിച്ചു പൊഴിയണം.

അതിരിലെ മരങ്ങള്‍ 
വളഞ്ഞേ വളരൂ...
അറ്റം പറ്റിയ ഏതിഷ്ടത്തെയും പോലെ 
ഏതോ... അപ്പുറത്തേക്ക്...

🎈🎈🎈🎈🎈🎈🎈🎈🎈

ശൈത്യകാലത്തിന്റെ  ഓര്‍മ്മപ്പെടുത്തലായിരുന്നു  ഓരോ കണ്ടുമുട്ടലും
ശീതക്കട്ടയിലുറച്ചു  പോയ മത്സ്യത്തെ പോലെ
ശ്വാസമെടുക്കാനാവാതെ,
ചോര വറ്റിയ  ചെകിളകളനക്കാന്‍ ശ്രമിച്ച്
അനക്കമറ്റ്  നിന്ന് പോകുമായിരുന്നു....
ചുവരിലാകെ കണ്ണാടികള്‍ പാകിയ മുറി പോലെയായിരുന്നു നീ
കാഴ്ചയുടെ ഓരോ അതിരിലും  
എന്നെ മാത്രം കണ്ടു......
വെളിപ്പെട്ടുപോകരുതെന്ന്  മൂടിവച്ചതൊക്കെ
എത്ര കരുതലോടെ, ലളിതമായി 
ചെറുചിരിയോടെ നീയഴിച്ചെടുത്തുവെന്നോ?
പക, വിദ്വേഷം, അസൂയ, അഹന്തയുടെ മേലുടുപ്പുകള്‍.....
എന്നിട്ടും നിന്റെ പദാവലികളില്‍
അപരിചിതയെന്നൊരു വാക്കിനാല്‍ മാത്രം
ഞാൻ അടയാളപ്പെട്ട് കിടക്കുന്നു...
കപ്പല്‍ച്ചാലുകളോ തുറമുഖങ്ങളോ ഇല്ലാത്തൊരു ദ്വീപില്‍ 
വന്‍കരകളുടെ കഥകളുമായെത്തിയേക്കാവുന്ന
നാവികനെ  കാത്തിരിക്കുന്നത്  പോലെ,
ജീവനുള്ളതൊന്നും അവശേഷിച്ചിട്ടില്ലാത്തൊരു തെരുവിലേക്ക്
ഭിക്ഷാപാത്രവുമായിറങ്ങുന്നൊരു യാചകനെ പോലെ,
അത്രയും നിസഹായതയോടെ
നിന്റെ വരവിനായി ഞാൻ കാത്തിരുന്നു....
ഉടല്‍ക്ഷോഭങ്ങളുടെ മുപ്പതുകളിലാണ് ഞാൻ
നിന്നിലെ കൊടുങ്കാറ്റുകള്‍ക്ക്  
നങ്കൂരമാകുവാന്‍ വേണ്ടി ഉടച്ച്  വാര്‍ക്കപ്പെട്ടവള്‍....
ഇടത്തേ ചൂണ്ട്  വിരലില്‍ വെള്ളക്കല്ലിലൊരു മോതിരമുണ്ടായിരുന്നു....
ഒഴിഞ്ഞ കാതില്‍, കഴുത്തില്‍, കൈത്തണ്ടകളില്‍, അരഞ്ഞാണ്‍ ചുറ്റുകളില്‍, കണങ്കാലുകളില്‍
നിന്റെയുമ്മകളുടെ  അലങ്കാരം മതിയായിരുന്നു.....  
കടും ചുവപ്പ് നിറത്തിലെ  സാരി
വെറുതേ തോളിലേക്ക് ചേര്‍ത്ത് വച്ചിരുന്നതേയുള്ളൂ
നിന്റെ വിരലുകളല്ല, ഒരു കാറ്റ് തട്ടിയാല്‍ പോലും
അതൂര്‍ന്ന് വീഴണമെന്നും 
കഴുത്തിന്  ചുവടെ പച്ചകുത്തിയ
ഒറ്റച്ചിറക് മാത്രമുള്ള ശലഭത്തെ നീ കാണണമെന്നും ഞാനാഗ്രഹിച്ചു.
പൂര്‍വ്വജന്‍മങ്ങളുടെ കഥ തുറന്ന്
നിന്റെ രാത്രികളെ അസ്വസ്ഥമാക്കാറുള്ള
ഉറക്കംകൊല്ലി  സ്വപ്നങ്ങളിലെ
ഒറ്റച്ചിറകുള്ള ശലഭം 
ആദ്യവസന്തത്തിന്റെ  ചുവന്ന പൂക്കളുതിരും മുന്‍പെ എന്നിലുണ്ടായിരുന്നുവെന്ന്  
മറ്റെങ്ങനെയാണ് പറഞ്ഞുതരിക?
എത്ര അടയാളപ്പലകകളാണ് നാട്ടിയിരുന്നത്
വഴി പിരിയുന്നിടത്തൊക്കെയും  
ഇത്തിരിക്കുഞ്ഞന്‍  വയലറ്റ് പൂക്കളുള്ള വേലിപ്പരുത്തികള്‍ വളര്‍ത്തിയിരുന്നു...
എന്നിട്ടും എന്നിലേക്കുള്ള വഴികളൊക്കെയും നിനക്ക് നഷ്ടമായി....
കണ്ണുനീരില്‍ നനച്ച  അത്താഴം മാത്രം 
വാരിയുണ്ണുന്നവളുടെ,
നാളെകളെന്നോര്‍ക്കാന്‍ പ്രതീക്ഷകളില്ലാതെ 
കിടപ്പ് മുറിയുടെ വാതില്‍ ചാരുന്നവളുടെ,
അതൃപ്തികള്‍ വാരിച്ചുറ്റി ഉണര്‍ന്നെണീക്കുന്നവളുടെ,
മടുപ്പുകള്‍ക്ക് കാവലിരിക്കാന്‍ 
ആര് വന്നേക്കുമെന്നാണ്?

എങ്കിലും നിനക്കറിയില്ല പ്രണയമേ
എത്ര വരണ്ടൊരു മണ്ണിലേക്കാണ് നീയിങ്ങനെ പെയ്ത്  പെയ്ത്  നിറയുന്നതെന്ന്....
                        ശാരിക

  ഹൊ.... കിങ്!!

              16.03.18
..............................

മർത്യർ മൃതരായാലാരാവുമെന്താവു-
മുത്തരമാർക്കുണ്ടു ചൊല്ലാൻ??           (2)

മറുചോദ്യചിഹ്നത്തിലൂയലാടുംകട -
വാതിൽ പറഞ്ഞു... നക്ഷത്രം
അരുതരുത് ചോദ്യങ്ങളെന്നുരഞ്ഞതുപിന്നെ
പഴയുത്തരത്തിൽ കടിച്ചു തൂങ്ങി.

പഴയ ചോദ്യത്തിൻ കഴുക്കോലഴിച്ചൊരാൾ
പുതിയുത്തരം തീർക്കെ ചൊല്ലി...
താരമായ് ജീവിച്ചെരിഞ്ഞോർ മരിക്കുകിൽ
തമോഗർത്തമായ്മാറും പിന്നെ.

ചക്രക്കസേരകളേറിയവൻ പുതു
ചക്രവാളങ്ങളെപ്പുൽകും...
നിശ്ചലനായ് ചലനാത്മ പ്രപഞ്ചത്തിൽ
പ്രജ്ഞാശ്വമേധം നടത്തും.

വൈരുധ്യമെന്താകിലെന്തവയെല്ലാമേ
"ഏക നിയമ"ത്തിൽ കൊരുക്കും...
"ഉലകത്തെ ചെറുവാക്കി"ലെഴുതും "സമ-
യത്തിന്റെ സംക്ഷിപ്ത ചരിതം" രചിക്കും.

ഉൽപത്തിതൻ "മഹാവിസ്ഫോടന"ത്തെയാ
ജീവനിൽ ദർശിച്ചറിയാം...
മർത്യന്റെ നിശ്ചയദാർഢ്യത്തിനുജ്ജ്വല
പ്രതീകമായവനിരിക്കുമ്പോൾ.

ഭൂഗോളം പോലെയാ ശിരസ്സു കഴുത്താകു-
മച്ചുതണ്ടിൽ ചാഞ്ഞിരിക്കിൽ...
കൺകളാം കടലിന്നപാരതയിലനുകമ്പ-
ത്തിരയിളക്കങ്ങളും കാണാം.

യന്ത്രമനുഷ്യനായ് പീഠമേറി മർത്യ-
ദൈവത്തെകോക്രി കാണിപ്പൂ...
മരണത്തിൻ തണലിലും പൂമരമായവ-
നഞ്ചരപ്പതിറ്റാണ്ടുകാലം.

മർത്യർ മൃതരായാലാരാവുമെന്താവു-
മുത്തരമൊന്നുണ്ടുചൊല്ലാൻ??
താരമായ് ജീവിച്ചെരിഞ്ഞോർ മരിച്ചാലും തമോഗർത്തമാവുമെന്നാലും...
"ഹോക്കിങ് കിരണ"മായന്വേഷണത്തിന്റെ
പാതയിൽ പിന്നെയും കാണും.


  - സുഭാഷ് ചമ്രവട്ടം
സയൻസ് ക്ലബ് സെക്രട്ടറി, തിരൂർ.


.....................................
1.കടവാതിൽ - വവ്വാൽ(മതങ്ങൾ)
2. എരിഞ്ഞുതീരുന്ന നക്ഷത്രങ്ങൾ തമോഗർത്തങ്ങൾ ആയി മാറും, ഹോക്കിങിന്റെ പഠന മേഖല.
3. കഴുക്കോലഴിച്ചത് - ശാസ്ത്രം.( മതത്തിനും ശാസ്ത്രത്തിനും നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ സമാനമാണ്. മതം പഴയ ഉത്തരത്തിൽ കടിച്ചു തൂങ്ങുമ്പോൾ ശാസ്ത്രം പുതിയ ഉത്തരത്തരങ്ങൾ ഉണ്ടാക്കും.
4. ഏക നിയമം - Theory of Everything, ഹോക്കിങ് അതിന്റെ വക്താവായിരുന്നു.
5. ഉലകത്തെ ചെറു വാക്കിൽ - Universe in a nutShell, (his book)
6. സമയത്തിന്റെ സംക്ഷിപ്ത ചരിതം - A brief history of Time, ( his book)
7. മഹാവിസ്ഫോടനം - ഹോക്കിങ് ഏറ്റവും നന്നായി വിശദീകരിച്ച പ്രപഞ്ചോ ത്പത്തി സിദ്ധാന്തം. സ്വന്തം ജീവിതവും സ്ഫോടനാത്മകമായിരുന്നു.
8. ഭൂമി അച്ചുതണ്ടിൽ ചരിഞ്ഞിരിക്കുന്നു.. ഹോക്കിങ്ങിന്റെ മഹത്തായ ശിരസ്സും
9. യന്ത്രമനുഷ്യൻ - യന്ത്രസഹായമില്ലാതെ ചെറുവിരൽ പോലുമനക്കാനാവാത്തയാൾ.
10. കോക്രി - കോടിയ മുഖം. നിരീശ്വരവാദി.
11. ഹോക്കിങ് കിരണം - തമോഗർത്തങ്ങളിൽ നിന്ന് ബഹിർഗമിക്കുന്നെന്ന് ഹോക്കിങ് കണ്ടെത്തിയ വികിരണം.

🙏 മഹാ ശാസ്ത്രജ്ഞന് പ്രണാമം🙏  

KPPHA കവിതാമത്സരത്തിൽ ഒന്നാം  സമ്മാനാർഹമായ കവിത
ംംംംംംംംംംംംംംംം

ഓർമകളുടെ നാനാർത്ഥങ്ങൾ
ംംംംംംംംംംംംംം

ബാല്യത്തിന്റെ നിറങ്ങൾ തേടിയാണ്
ഓർമ്മകളിലേക്ക് നടന്നത്
അവിടെ പള്ളിക്കൂടം
ആത്മകഥ നിവർത്തിവെച്ചിരുന്നു

പല കണ്ഠങ്ങളിലുയിർത്തും
പല കാതുകളിൽ പെയ്തും
പല കാലങ്ങളിൽ തളിർത്ത
അക്ഷരങ്ങൾ
മൗനത്തിന്റെ ജിഹ്വയിലൂടെ പുനർജ്ജനിച്ചിരുന്നു

എന്നും മുങ്ങിക്കുളിച്ചിരുന്ന
കുഞ്ഞുടുപ്പുകൾ
വെയിൽ കാഞ്ഞ്
ക്ലാസിലേക്കെത്തിയിരുന്നു

മുത്തശ്ശനും മുത്തശ്ശിയും
വെവ്വേറെ ബെഞ്ചുകളിലിരുന്ന്
കണ്ണിറുക്കിക്കാണിക്കുന്നുണ്ടായിരുന്നു.
അച്ഛനും അമ്മയും
അക്ഷരശ്ലോകം
കളിക്കുകയായിരുന്നു.
വള്ളിട്രൗസറിട്ട ഒരു കുട്ടി
പേരെഴുതിയ കടലാസുപക്ഷിയെ
അങ്ങേക്ലാസിലേക്കു പറത്തിവിട്ടു.
പറയാതെപോയ ഒരു വാക്ക്
പേടികളിൽ പതുങ്ങിനിന്നു.

പെരുവിരൽ ദക്ഷിണചോദിക്കാത്ത
അദ്ധ്യാപകർ
ഓരോരുത്തരായി
ക്ലാസിലേക്കെത്തി

അപ്പോൾ 
യുദ്ധം ജയിച്ച രാജാക്കന്മാർ
ചരിത്രരഥം വലിച്ചു വിയർത്തു
കൂട്ടിക്കിഴിച്ച് അക്കങ്ങൾ
പല കള്ളികളിലേക്ക് ചാടി
ന്യൂട്ടന്റെ ശിരസ്സിലെ ആപ്പിൾമുഴ
ഡാർവിന്റെ പിൻമുറക്കാർ
ഉഴിഞ്ഞമർത്തി
തോരണം തൂക്കിയപോലെ
ചില അക്ഷരങ്ങൾ ഊഞ്ഞാലാടി
ഇംഗ്ലീഷ് വ്യാകരണം വാതിലില്ലാത്ത
ജനലിലൂടെ തുറിച്ചുനോക്കി
കവിതകൾ വൃത്തങ്ങളിൽനിന്ന്
വൃത്തങ്ങളിലേക്ക് ചുഴിഞ്ഞൊഴുകി

ഇടവേളയിലെ ഉച്ചപ്പാത്രത്തിൽനിന്ന്
വായിലെ കൊതിനീരിലേക്ക്
അമ്മയും ഉമ്മയും
രുചികളായി പടർന്നലിഞ്ഞു
മതഭേദമില്ലാതെ ആഘോഷങ്ങൾ
വർണങ്ങളുടെ പുത്തനുടുപ്പിട്ടു

അങ്ങനെ 
കാഴ്ചകളിലും സ്വരങ്ങളിലും
ബാല്യം വീണ്ടെടുത്ത്
സ്വയം മറന്നിരിക്കുമ്പോൾ
മുഖം മിനുക്കിയ
പള്ളിക്കൂടത്തിൽനിന്ന്
ഒരു ഹൈടെക് ബാലിക
ഓടിവന്ന് വിളിച്ചുണർത്തി

അപ്പോൾ പള്ളിക്കൂടം
ആത്മകഥയിലെ
അടുത്ത അദ്ധ്യായമെഴുതാൻ തുടങ്ങി.

     രമേഷ് വട്ടിങ്ങാവിൽ

"  മോഷണം "

മോഷ്ടിയ്ക്കുന്നെങ്കിൽ ഭക്ഷണം മോഷ്ടിക്കണം  .എന്നാലെ വലിയ കള്ളനും മോഷ്ടാവും ആവാൻ സാധിക്കു. 

രാജ്യം മോഷ്ടിച്ചാൽ രാജാവും  സമ്പത്തു മോഷ്ടിച്ചാൽ ഭരണാധികാരിയും ആവാമെന്നു മാത്രം. 

മനസ്സു കവർന്നാൽ ശ്രീകൃഷ്ണനേ പോലെ "ചോര "നായെന്നു വരാം.

വിശപ്പിന്റെ നിലയ്ക്കാത്ത കരച്ചിൽ സഹിക്കാൻ കഴിയാതെ ഭക്ഷണം മോഷ്ടിച്ചാണ് " ജീൻ വാൽ ജീൻ " വലിയ കള്ളനായി തീർന്നത്.

ഇല്ലാത്തവൻ ഭക്ഷണം മോഷ്ടിക്കുമ്പോൾ ഉള്ളവൻ അധികാരം മോഷ്ടിയ്ക്കുന്നു.

ഭക്ഷണം കക്കുമ്പോൾ കുടുംബ ദ്രോഹിയും, കുലദ്രോഹിയും ,രാജ്യദ്രോഹിയും അങ്ങനെ പുതിയ പദവികൾ ലഭിച്ചു കൊണ്ടേയിരിക്കും' നിനച്ചിരിക്കാതെ തൂക്കുകയറും അപമൃത്യുവും വന്നു ഭവിച്ചേക്കാം'

അധികാരവും ,സമ്പത്തും മോഷ്ടിക്കുമ്പോൾ 
രാജ്യസ്നേഹിയും  നല്ല ഭരണാധികാരിയും ആൾദൈവവും ;എല്ലാമായി  മാറാം.  നിങ്ങളുടെ പദവികൾക്ക് പുതിയ നിറഭേദങ്ങൾ ചമയ്ക്കപ്പെടാം. 

പാടിപുകഴ്ത്താൻ ബീർബലും !
ദൈവപുത്രനാക്കാൻ ഗീബൽസും അണിയറയിൽ ഒരുങ്ങുന്നുണ്ടാവാം.
  
 എന്തിനധികം ! ആൾക്കാർ തല്ലിക്കൊന്ന അട്ടപ്പാടിയിലെ പാവം  "മധു " വെങ്കിലുമാവാൻ ഭക്ഷണം മോഷ്ടിച്ചേ മതിയാകൂ .

അന്നം ദൈവമാണല്ലോ? ?

    '                      കൃഷ്ണദാസ്  .കെ .

 വീട്ടുയാത്രകൾ

ആളുകൾ എല്ലാം
ഉറങ്ങുമ്പോൾ
ചില രാത്രികളിൽ
വീടുകൾ
യാത്ര പോവാറുണ്ട്

ഉറക്കത്തിന്
ഉലച്ചിൽ
തട്ടാതിരിക്കാൻ
ശ്വാസമടക്കിപ്പിടിച്ച്
പൂച്ച നടത്തത്തോടെയുള്ള
അതിന്റെ യാത്ര
കണ്ടിരിക്കാൻ
രസമാണ്

കോഴി കൂകും മുൻപേ
ചെറിയൊരു ചിരിയോടെ
ഒന്നുമറിയാത്ത
ഭാവത്തിൽ
അത് തിരികെ എത്തി
മുരടനക്കി
കിളിയൊച്ചകൾ കൊണ്ട്
ഓരോരുത്തരെയായി
വിളിച്ചുണർത്തും

വീട്ടു കിണറിന്
ഈ യാത്രയെക്കുറിച്ച്
അറിയാം

അതുകൊണ്ടാണ്
അത് വീടിന്റെ
മുഖത്ത് നോക്കാതെ
ആകാശത്തേക്ക് നോക്കി
ഒന്നുമറിയാത്ത
ഭാവത്തിൽ
തനിച്ചു കിടക്കുന്നത്

യാത്ര പോയി
തിരിച്ചു വരാത്ത
വീടുകൾക്കുള്ളിൽ
പെട്ടുപോകുന്നവരുടെ
കാര്യമാണ്
മഹാ കഷ്ടം

 സുനിൽ ജോസ്
 സമകാലിക മലയാളം വാരിക












സ്വന്തം ഭാഷയിൽ
.............................
വേനലിന്റെ പാളലിനെ
തണുത്ത തീ കൊണ്ട്
പ്രതിരോധിക്കുന്ന മരങ്ങൾ

മുരിക്കിന്റെ
ഓരോ കൊമ്പിലും
കെടാതെ കനൽ

മെയ് ഫ്ലവറിന്റെ
വിറകു കൊള്ളികളിൽ
തീപ്പൊരിചിതറുന്നു

കണിക്കൊന്ന
താഴേക്ക് ആളുന്നു
മഞ്ഞ ജ്വാലകൾ 
മണ്ണിലേക്ക് വീഴുന്നു

ഓരോ മരവും
സ്വന്തം ഭാഷയിൽ
കത്തി നിൽക്കുന്നു

ഭാഷ ഒരായുധമാണ്
അത് തീപോലെ
സർഗ്ഗാത്മകമാകുമ്പോൾ

പക്ഷേ
സ്വന്തം ഭാഷ
നഷ്ടപ്പെടുമ്പോൾ
 മരവും മനുഷ്യനും
തീയില്ലാതെ
ഒരിടത്തും
പൂക്കുവാനാകാതെ
വരണ്ടു കിടക്കും


- മുനീർ അഗ്രഗാമി