18-01

ഇംഗ്ലീഷ് നാടകവേദി

ഇംഗ്ലണ്ടിലെ നാടകപാരമ്പര്യത്തിൽ മതവിശ്വാസത്തിന്റെ സ്വാധീനം ശക്തമാണ്. പുരോഹിതന്റെ വേദവാക്യവ്യാഖ്യാനത്തിൽ നാടകാവതരണത്തിന്റെ ഗാംഭീര്യം തെളിഞ്ഞുനിന്നിരുന്നു. പിന്നീട് പള്ളിയിൽനിന്ന് പള്ളിമുറ്റത്തേക്കും അവിടെനിന്ന് തെരുവിലേക്കും നാടകകല വികസിച്ചതോടെ നാടകത്തിന് സാമൂഹിക ജീവിതത്തിന്റെ പൊതുമാനങ്ങൾ കൈവന്നു. അങ്ങനെ മധ്യകാലഘട്ടമെത്തിയപ്പോഴേക്കും വൈദികമായ ലാറ്റിൻഭാഷയിൽനിന്നും മതപരമായ ആചാരങ്ങളിൽനിന്നും വ്യത്യസ്തമായി പ്രാദേശികഭാഷയുടെ കരുത്താർജിച്ചുകൊണ്ട് ഹാസ്യരസത്തോടെ ഇംഗ്ലീഷ് നാടകം പരക്കെ പ്രചരിച്ചുതുടങ്ങി.

ഇംഗ്ലണ്ടിലെ പട്ടണങ്ങളിൽ കച്ചവട നാടകസംഘങ്ങൾ ഉയർന്നു വരികയും ബൈബിൾ ഇതിവൃത്തങ്ങൾ ആസ്പദമാക്കി നിരവധി നാടകങ്ങൾ ആവിഷ്കൃതമാവുകയും ചെയ്തു. ക്രി.പി. 1300-1400 കാലഘട്ടത്തിലാണ് കച്ചവടനാടകങ്ങളുടെ വികാസദശ തുടങ്ങിയത്.

നോഹയുടെ ജീവിതകഥയും ഇസഹാക്കിന്റെ ബലിയും ചിത്രീകരിക്കുന്ന ചെസ്റ്റർ നാടകങ്ങളും അക്കാലത്ത് പ്രസിദ്ധമായിരുന്നു.

ബൈബിൾ നാടകങ്ങൾക്കൊപ്പം സമാന്തരമായി സദാചാരം പ്രചരിപ്പിക്കുന്ന നാടകരൂപങ്ങളും വ്യാപകമായിരുന്നു. സദാചാര നാടകങ്ങൾപോലെതന്നെ (morality plays) ഇടവേള വിനോദങ്ങളും (interludes) പ്രധാനപ്പെട്ട നാടകവിനിമയങ്ങളായി സമൂഹം അംഗീകരിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹ്യൂമനിസ്റ്റുകൾ തുടക്കമിട്ട നവോത്ഥാനപ്രക്രിയയിൽ ഇത്തരം ഇടവേള നാടകങ്ങളുടെ സ്വാധീനം ശക്തമായിരുന്നു. ജോൺ റാസ്ടലിന്റെ (John Rastell) ദ് ഫോർ എലമെന്റ്സ്, ജോൺ റെഡ്ഫോഡിന്റെ വിറ്റ് ആൻഡ് സയൻസ് എന്നീ ഇടവേള നാടകങ്ങളും ഏറെ പ്രസിദ്ധമായിരുന്നു. ഇത്തരം നാടകങ്ങളുടെ രചനയിലൂടെ ഏറെ കീർത്തി നേടിയ നാടകകൃത്താണ് ജോൺ ഹേവുസ്. വിദ്യാസമ്പന്നരായ ആളുകൾക്കിടയിലാണ് ഇൻർലൂഡ്സ് നാടകങ്ങൾ ഏറെ ശ്രദ്ധ നേടിയത്. ഹോവുസിന്റെ പല നാടകങ്ങളും രാജകൊട്ടാരങ്ങളിലാണ് അരങ്ങേറിയിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും നാടകക്കാർ, കിങ് ചേംബർ ലെയിനിന്റെ നാടകസംഘം തുടങ്ങിയ രാജകീയ കലാസംഘങ്ങൾ 16-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിലെ പതിവുകാഴ്ചയായിരുന്നു. സാമൂഹിക പ്രശ്നങ്ങളെ വിമർശന ബുദ്ധിയോടെ നോക്കിക്കാണുന്ന ഒരുകൂട്ടം നാടകസംഘക്കാരും അക്കാലത്ത് ഉണ്ടായിരുന്നു. അവർക്കുമേൽ പലപ്പോഴും പിഴ ചുമത്തപ്പെട്ടിരുന്നു. ഷെയ്ക്സ്പിയറിന്റെ കാലത്തും അവർക്കെതിരെ ചില നിയന്ത്രണങ്ങൾ നിലനിന്നിരുന്നതായി കാണാം. 16-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിൽ ഇംഗ്ലീഷ് നാടകത്തിന്റെ വളർച്ച താരതമ്യേന കുറവായിരുന്നു. ക്രിസ്റ്റഫർ മാർലോയുടെ (1564-93) ദുരന്തനാടകങ്ങൾ ഇംഗ്ലീഷ് നാടകവേദിക്ക് പുതുചലനങ്ങൾ നല്കി.

1576-ലാണ് ജയിംസ് ബർബേജ് ദിനംതോറുമുള്ള നാടകപ്രദർശനത്തിനായി ലണ്ടൻ പ്ലേഹൗസ് സ്ഥാപിച്ചത്. മാർലോയുടെ റ്റാംബർലെയിൻ (Tamburlaine) എന്ന നാടകം (1587) ഇംഗ്ലീഷ് നാടകവേദിയുടെ നാഴികക്കല്ലായിത്തീർന്നു. തോമസ് കിഡ്, ജോൺ ലിലി, റോബർട്ട് ഗ്രീൻ തുടങ്ങിയ നാടകകൃത്തുക്കൾ ഇതിവൃത്ത വൈവിധ്യങ്ങൾകൊണ്ട് ഇംഗ്ലണ്ടിലെ നാടകവേദികളെ ചലനാത്മകമാക്കി.

വില്യം ഷെയ്ക്സ്പിയറാണ് (1564-1616) ഇംഗ്ലീഷ് നാടകവേദിയെ നാടകകലയുടെ വിശ്വസങ്കേതമാക്കി മാറ്റിയത്. ഹാംലെറ്റ്  (1601), ദ് ടെംപെസ്റ്റ് (1611), ഒഥല്ല്ലോ, ആന്റണി ആൻഡ് ക്ലിയോപാട്രാ തുടങ്ങിയ നാടകങ്ങൾ ലോകപ്രശസ്തങ്ങളാണ്.

1642-ലെ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ നാടകപ്രസ്ഥാനത്തിന് തകർച്ച നേരിട്ടു. പാർലമെന്റ് നിയമത്തിലൂടെ ഇംഗ്ളണ്ടിൽ നാടകാവതരണങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു.

1660-ൽ ചാൾസ് രണ്ടാമന്റെ തിരിച്ചുവരവോടെയാണ് നാടകത്തിന് പുനരുജ്ജീവനമുണ്ടായത്. പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്. വില്യം കോൺഗ്രീവ് (1670-1729), ജോൺവാൾ ബ്രൂഗ് (1664-1726), തോമസ് ഷാഡ്വെൽ (1642-92) തുടങ്ങിയവർ വ്യത്യസ്തമായ ഹാസ്യഭേദങ്ങളാണ് രംഗത്ത് കൊണ്ടുവന്നത്.

17-ാം ശ.-ത്തിൽ ജോൺ ഡ്രൈഡന്റെ കോമഡി നാടകങ്ങളാണ് ഇംഗ്ലണ്ടിന്റെ രംഗവേദികളെ നിലനിർത്തിയത്. ചെറിയ കോമഡി നാടകങ്ങളും രൂപകങ്ങളുമായിട്ടാണ് 18-ാം ശ. ഉദയം ചെയ്തത്. ഹാസ്യ-ദുരന്ത ഇതിവൃത്തങ്ങളുമായി രംഗത്തുവന്ന നിരവധി നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നിക്കോളാസ് റോ (1674-1718), അഡിസൺ (1672-1719) തുടങ്ങിയവരുടെ ദുരന്ത നാടകസങ്കല്പം ആസ്വാദകാഭിരുചികളെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. സെന്റ് ലിവർ (1667-1723), റിച്ചാഡ് സ്റ്റീൽ (1672-1729) തുടങ്ങിയവരുടെ കോമിക് ട്രീറ്റുമെന്റുകളും ഇംഗ്ലീഷ് നാടകവേദിയുടെ ഭാവവൈവിധ്യത്തിന് മാറ്റേകി. ഡേവിഡ് ഗാറിക്കിന്റെ നാടകപരീക്ഷണങ്ങളും ഏറെ ചർച്ചാവിഷയമായി.

ലോഡ് ബൈറൺ, ജയിംസ് ഷെരിസൻകോ, നോലെസ്, ഹെന്റി ടെയ്ലർ, തോമസ് നൂൺ താഫോഡ് തുടങ്ങിയവരാണ് 19-ാം ശ.-ത്തിന്റെ ആദ്യപകുതിയിലെ നാടകത്തിന്റെ മുഖ്യ പ്രയോക്താക്കൾ എന്നു പറയാം. ഹെന്റി ആർതർ ജോൺസ്, ആർതർ വിങ് പിനെറോ തുടങ്ങിവർ രണ്ടാംപകുതിയിൽ പുതിയ വസന്തംകൊണ്ടുവന്നവരാണ്.

ഇംഗ്ലണ്ടിൽ ആധുനികതയുടെ ആരവം മുഴങ്ങുന്നത്, ബർണാഡ് ഷാ, ഇബ്സൻ തുടങ്ങിയവരുടെ വരവോടെയാണ്. കാവ്യനാടകങ്ങളുടെ നവീനമായ അരങ്ങുവാഴ്ചകളാണ് 20-ാം ശ.-ത്തിന്റെ ആദ്യപകുതിയെ സമ്പന്നമാക്കിയത്. ഷെയ്ക്സ്പിയർ പാരമ്പര്യത്തെ മറികടക്കാനും പഴയകാലത്തിന്റെ പ്രതിധ്വനിയാകാതിരിക്കാനും നവീന നാടകകലാകാരന്മാർ ശ്രദ്ധവച്ചു.

സിനിമയുടെ വരവോടെ ലണ്ടനിലെ പ്രമുഖമായ നാടകതിയെറ്ററുകൾ പലതും സിനിമാഹൌസുകളായി പരിണമിച്ചു. ഇതോടെ നാടകരംഗവും അവതരണക്കമ്പനികളും അവതാളത്തിലായി. എങ്കിലും ഷെയ്ക്സ്പിയർ നാടകങ്ങൾക്ക് ലഭിച്ച അംഗീകാരം, നാടകവേദിക്ക് വിശ്വവ്യാപകമായ ജനസമ്മതിയാണ് നേടിക്കൊടുത്തത്. കാവ്യനാടക കല്പനകളെ കേന്ദ്രീകരിച്ചുള്ള സങ്കല്പനങ്ങൾ ടി.എസ്. എലിയറ്റിനും ക്രിസ്റ്റഫർ ഫ്രൈക്കും ഏറെ പ്രശസ്തിയാണ് നല്കിയത്.

1955-നുശേഷം കാവ്യനാടകകൃത്തുക്കളിൽനിന്ന്, സാമൂഹികപ്രശ്നങ്ങളിലേക്കും ആൾക്കൂട്ടത്തിന്റെ ഉത്കണ്ഠകളിലേക്കും ശ്രദ്ധവയ്ക്കുന്ന നാടകകൃത്തുക്കളിലേക്കുമാണ് നാടകധാര വികസിച്ചത്. മനുഷ്യന്റെ ഏകാന്തദുഃഖങ്ങളും അസ്തിത്വപരമായ വിഹ്വലതകളും വൈചിത്ര്യത്തോടെ ആവിഷ്കരിച്ച പുതിയ നാടക ചിന്തകർ, കറുത്ത ഹാസ്യംകൊണ്ട് രംഗകലയെ പ്രതിരോധസജ്ജമാക്കാൻ ശ്രമിച്ചവരാണ്. ജോൺ ഓസ്ബോണിന്റെ ലുക് ബാക് ഇൻ ആങ്ഗർ (1956) എന്ന നാടകമാണ് പുതിയ ദർശനത്തിന് തുടക്കമിട്ടത്. ഇതിനെത്തുടർന്ന് ഷെലക് ദിലനെ, ആൾനോൾഡ് വെസ്കർ തുടങ്ങിയവരുടെ നാടകങ്ങൾ ശ്രദ്ധയാകർഷിച്ചു. ബ്രെഹ്തിന്റെ ആശയസ്വാധീനം വ്യക്തമാക്കുന്ന സൃഷ്ടികളായിരുന്നു, റോബർട്ട് ബോൾട്ടിന്റെ എ മാൻ ഫോർ ആൾ സീസൺസ് (1960), ജോൺ വൈറ്റിങ്സിന്റെ ദ് ഡെവിൾസ് തുടങ്ങിയവ.

സാമുവൽ ബക്കറ്റിന്റെയും യൂജിൻ അയനസ്കോയുടെയും ആശയങ്ങളെ പുതിയ പകിട്ടിലും പരപ്പിലും വൈവിധ്യത്തിലും മെനഞ്ഞെടുക്കാൻ ശ്രമിച്ച ഹരോൾഡ് പിന്റർ, നവീന ഇംഗ്ലീഷ് തിയെറ്ററിന് ഉത്തരാധുനികമുദ്രയാണ് നല്കിയത്. അരങ്ങിന്റെ സാമ്പ്രദായിക വ്യവസ്ഥകളെ പുതിയ ശൈലിയും ഭാഷാവൈവിധ്യങ്ങളുംകൊണ്ട് ലംഘിച്ച പിന്റർ നാടകത്തിന് പുതിയ കളരിയും സങ്കേതവുമാണ് പകർന്നത്. ആറ്റോമിക് യുഗത്തിലെ മനുഷ്യന്റെ പ്രതിസന്ധികളെ ക്രിയാത്മകമായും വിമർശനാത്മകമായും അരങ്ങിൽ വിലയിരുത്തുന്ന നാടകമൂല്യങ്ങളാണ് ഇന്ന് ഇംഗ്ലീഷ് നാടകവേദിയിൽ തെളിഞ്ഞു കാണുന്നത്.
ക്രിസ്റ്റഫർ മാർലോ
(കോർപ്പസ് ക്രിസ്റ്റി കോളേജിലെ മാർലോയുടേതെന്ന് കരുതപ്പെടുന്ന ചിത്രം)

ക്രിസ്റ്റഫർ മാർലോ
എലിസബത്തിയൻ കാലഘട്ടത്തിലെ പ്രശസ്തനായ ആംഗലേയ നാടകകൃത്തും കവിയും പരിഭാഷകനുമായിരുന്നുക്രിസ്റ്റഫർ മാർലോ.(ജനനം: 26 ഫെബ്രുവരി 1564; മരണം: 30 മേയ് 1593)ഷേക്സ്പിയർ കഴിഞ്ഞാൽ എലിസബത്തൻ കാലത്തെ ഏറ്റവും പ്രശസ്തനായ നാടകകൃത്തായി കണക്കാക്കപ്പെടുന്ന മാർലോയെ, അദ്ദേഹം പിന്തുടർന്ന ബ്ലാങ്ക് വെഴ്സ് (blank verse) രചനാശൈലിയും, ദുരൂഹസാഹചര്യങ്ങളിലുള്ള മരണവും കൂടുതൽ ശ്രദ്ധേയനാക്കി.
വില്യം ഷെയ്ക്സ്പിയർ
വില്യം ഷെയ്ക്സ്പിയർ

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ്വില്യം ഷേക്സ്പിയർ(മാമോദീസാത്തിയതി 26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616).ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയുംആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക്പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.
ഹാരോൾഡ് പിന്റർ
[രാത്രി 8:18 -നു, 18/1/2018] പ്രജിത: ഹാരോൾഡ്‌ പിന്റർ

ഹാരോൾഡ്‌ പിന്റർ (ഒക്ടോബർ 10, 1930,ലണ്ടൻ - ഡിസംബർ 24, 2008 )ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമാണ്‌.റേഡിയോ, ടെലിവിഷൻ, സിനിമഎന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്‌. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ളനോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ്‌ ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 'ദ്‌ ബർത്ത്ഡേ പാർട്ടി', 'ദ്‌ കെയർടേക്കർ' എന്നിവയാണ്‌ പ്രധാന കൃതികൾ.
(കടപ്പാട് വിക്കിപീഡിയ)