18-11

🙏🏼
നവ സാഹിതി 
സൈനബ്, ചാവക്കാട്
💐💐💐

ദൈവത്തിന്റെ വരദാനമായ സർഗ്ഗചേതനകളെ ധന്യമാക്കുവാൻ ,ആസ്വദിക്കുവാൻ 
ഈ സർഗ്ഗ തീരത്തേക്ക്
ഏവരെയും ഹൃദ്യമായി വരവേൽക്കുന്നു🌹🌹🌹💐💐❤❤❤
*************************
സമാന്തരം

ഊന്നുവടിയിൽ
മുഖമളന്ന്
ഇരുമ്പുരുകിയ
ഹൃദയം
നിനക്ക് നീട്ടുന്നു.............
            
വിജാതീയമെങ്കിലും
വികർഷണമില്ല
ഒരുവിരിക്കായി
കാട്ടുകൈതയ്ക്ക്
തഴയെടുത്ത
മെടയലിനുമുണ്ട്
അത്തിക്കായുടെ
വലുപ്പം
               
വിരലിൽ നിന്ന് 
ഭൂമിയിലേക്ക് നിൻറ
സ്വപ്ന സഞ്ചാരം!
മൗനമിടകലർന്ന്
മണൽക്കാടുതേടി
വ്യഥയുടെ
നിറംമാറുന്നു.....
               
കാലം ഇങ്ങനെ 
തിരുത്തണം 
കാലിടറിയ
ബീജബാങ്കിനെ
നീ
ഇരുമ്പ്താഴ്കൊണ്ട്
സൂക്ഷിച്ച
സമാന്തരപ്രണയത്തിൻറ
പിന്തുടർച്ച!!!!!
         
       അനുജി കെ.ഭാസി
*************************
നാവ്
--------
പനി പിടിച്ച മഴ.
പേ പിടിച്ച
മൗനം..
മുനിഞ്ഞു കത്തി,
തുളുമ്പിപോകും
പകലറുതി.

ഉപ്പു നോക്കാൻ വേണം
ഒരു കടൽ.

ചവച്ചു തുപ്പാൻ വേണം
ഒരു വൻകര.

എന്നാലും
കാതോർത്തു നിൽക്കും
മോന്തായം ചിതൽ തിന്ന
ചില
സന്ധ്യകൾക്ക് !
അഞ്ചിയും കൊഞ്ചിയും നിൽക്കും,
ചോറുരുളികളിൽ
ആരവങ്ങൾ പുളയ്ക്കുന്നതും,
ചങ്കുകളിൽ
നിലവിളി
അണയുന്നതും നോക്കി..

എന്നിട്ട്,
അതീവ സുഖകരമായ ഒരു മാളത്തിലേയ്ക്ക്
ഒറ്റ കുതിപ്പ്.,
ഒഴിഞ്ഞ ഒരു കമ്പോളം
ബാക്കിവെച്ച് ..

*************************
മണ്ണ്‌ വിളിച്ചോതുന്നത്‌!
~~~~~
സൂര്യനെ
മറഞ്ഞിരിക്കാമെന്ന
രാവിന്റെ അഹങ്കാരം
പുലരുമ്പോള്‍ തീരും

ബോധിവൃക്ഷം
വിളിച്ചോതുന്നത്‌
കരിങ്കാളികള്‍
കടയ്‌ക്കലിരിക്കല്ലേയെന്നാണ്‌

മിന്നാമിന്നിയെപോലും
സഹിക്കില്ലെന്ന
അലർച്ചയാണ്‌ വിഷംപുരട്ടിയ
വാളുമായി ഓടുന്നത്‌

അവനവന്റെ വിശ്വാസം
കൊത്തിവെക്കുന്നതും
അന്യന്റെ വിശ്വാസത്തെ
കൊത്തിക്കൊല്ലുന്നതും സമമാണ്‌

സോദരന്റെ കാതില്‍
ഇയ്യമുരുക്കിയൊഴി
ക്കണമെന്ന്‌
കേട്ടു ശീലിച്ചവർ
സോദരന്റെ വായില്‍
ചാണകം തിരുകാന്‍പഠിച്ചു

ഈർച്ചവാള്‍കൊണ്ട്‌
നെടുകെ പിളന്നവനും
കൂട്ടത്തോടെ ചുട്ടെരിച്ചവനും
തളന്നുവീണു

വിശ്വാസം
ആശ്വാസമാണ്‌
അത്‌,സ്വയം 
വലിച്ചെറിയാത്തവനില്‍നിന്ന്‌
ഒരുത്തനും പറിച്ചെടുക്കാനാവില്ല.

തല്ലാനും കൊല്ലാനും
എന്തിനിത്രബുദ്ധിയെന്ന്‌
മനുഷ്യനോട്‌ മൃഗങ്ങളാണ്‌
ചോദിക്കുന്നത്‌!

ഇന്നു നീ
നാളെ ഞാന്‍
എന്നതല്ല നല്ലത്‌,
എന്നെന്നും
നമ്മളൊന്ന്‌ 
എന്നതാണ്‌ നല്ലത്.

ഈമണ്ണ്‌ എന്നും 
സൗമ്യമായി ചൊല്ലുന്നത്
മനുഷ്യാ... നിയ്യും മടങ്ങുന്നത്‌
മണ്ണിലേക്കാണെന്നാണ്.

സുലൈമാന്‍ പെരുമുക്ക്‌ 
*************************
ചങ്ങലകൾ

അതെ....!!!!
അത്  അബു തന്നെയാണ്....
ആൾകൂട്ടത്തിനിടയിലൂടെ വേച്ച് വേച്ച് വരുന്ന ആ രൂപം കണ്ടപ്പഴേ മനസ്സ് പറഞ്ഞതാണ്....
അവന്റെ  ജടപിടിച്ച  താടിയും മുടിയും എല്ലുന്തിയ ശരീരവും തിരിച്ചറിയാനാവാത്ത വിധം അബുവിനെ മാറ്റിയിരിക്കുന്നു.......
എങ്കിലും ആ കണ്ണുകൾ  അബുവിനെ ഇപ്പോഴും  അടയാളപ്പെടുത്തുന്നുണ്ട് !!!.

അടുത്തെത്തിയപ്പോഴാണത് ശ്രദ്ധയിൽ പെട്ടത്..... അവന്റെ  നീണ്ട് മെലിഞ്ഞ് അഴുക്ക് പുരണ്ട കാലുകളിലൊന്നിൽ  നിലത്ത് കൂടിഇഴയുന്ന ഒരു മുഴം ചങ്ങല...!!!
ഒരു നിമിഷം മനസ്സ് പതറിപ്പോയി.........
പടച്ചവനേ..... അബുവിനിപ്പോഴും......???

ഞെട്ടലിൽ നിന്ന് മുക്തനാവുമ്പോഴേക്കും അയാൾ അരികിലൂടെ കടന്ന് പോയി
ഒരു കുതിപ്പിന് അവന്റെ മുമ്പിലെത്തിയിട്ട്  ആ  മുഷിഞ്ഞ തോളിൽ കൈവെച്ച്  കിതപ്പോടെ ചോദിച്ചു ?
"നീ  അബുവല്ലേ"......??
" അല്ല..... എത് അബു... " ??
കണ്ണുകൾ തുറിച്ച്  കനത്ത ശബ്ദത്തിൽ കൈകൾ തട്ടിമാറ്റിയിട്ട്   അവൻ മുന്നോട്ട് നടന്നു.....

വല്ലാത്തൊരു നിരാശ തോന്നി......
എനിക്കറിയാം അയാൾ അബുവാണ്
ദേഷ്യത്തോടെയുള്ള ഒറ്റവാക്കേ അവൻ പറഞ്ഞുള്ളൂവെങ്കിലും  ആ സ്വരത്തിൽ ഞാനറിയുന്ന അബുവുണ്ട്

രണ്ടോ മൂന്നോ കൊല്ലo കൂടുമ്പോൾ ഗൾഫിൽ നിന്നെത്തിയിരുന്ന അബുവിന് ഞാൻ മാത്രമായിരുന്നു കൂട്ട്..... 
അബു പറയും "മക്കൾക്കും ഭാര്യക്കും വരെ  ഞാനയക്കുന്ന പണവും, അവിട്ന്ന് കൊണ്ട് വരുന്ന പെട്ടിയും മാത്രേ വേണ്ടൂ മൊയ്തീനേ...........

വീട്ടിലിരുന്നാ അവർക്ക് എന്നോട് പറയാൻ   പരാതികളേയുള്ളടോ......
നീയ്യും കൂടി ഇവിടെണ്ടായിരുന്നില്ലെങ്കില്
ഞാൻ വരൂലായിരുന്നു.......
ഇതിനേക്കാൾ നല്ലത് ഇന്റെ അറബീന്റെ  മസറയാണടോ....."

എല്ലാംകേട്ട് ഞാൻ അബൂനെ സമാധാനിപ്പിക്കും .
വൈകുന്നേരങ്ങളിൽ   ഭാരത പുഴയുടെ പഞ്ചാരമണലിൽ മലർന്ന് കിടന്ന്  അബു പറയും
 "മെയ്തീനേ  ഞാനിതാ  ഈ സമയത്താ ശരിക്കും ജീവിക്കണത്..."   
ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ അബു ഏറെ സന്തോഷത്തിലായിരുന്നു .
പക്ഷേ...... ആ സന്തോഷ ത്തിന് ദിവസങ്ങളുടെ ആയുസ്സേ  ഉണ്ടായിരുന്നൊള്ളൂ...... 

കറവ വറ്റിയ പശുവിനെപ്പോലെ അബു സ്വന്തം വീട്ടിൽ തഴയപ്പെട്ടു......... 
മക്കളോടൊപ്പം ഭാര്യയും ചേർന്നപ്പോൾ അബു ആകെ തകർന്നു.............
ഭ്രാന്തിന്റെ മൂർത്തരൂപങ്ങൾ അബുവിൽ നിറഞ്ഞാടുന്നത്  ഞാൻ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.........

അബുവിന്റെ മൂത്ത മകനെ വിളിച്ച്  
"ഉപ്പയെ നമുക്കേ തെങ്കിലും ഡോക്ടറുടെ...."      
പറഞ്ഞ് തീരുംമുമ്പ് അവൻ ഇടപെട്ടു
"വേണ്ട  ഇത് ഡോക്ടറെ കൊണ്ടൊന്നും കൂടുല  പിടിച്ച് ചങ്ങലക്കിടണം.......
നമ്മളായിട്ട് ചെയ്യേണ്ട  ഏർവാടീ കൊണ്ട് പോകാം...!!
തനിക്ക് ഇടപെടാൻ കഴിയും മുമ്പ്  അവരത്ചെയ്തു......

കൈകൾ കൂട്ടി കെട്ടിയ അബു ജീപ്പിന്റെ പുറത്തേക്ക് തലയിട്ട് എന്നെ നോക്കി  ഒന്ന് ചിരിച്ചു.........
 ഒരു രക്ഷപ്പെടലിന്റെ സന്തോഷം അപ്പോഴാ മുഖത്തുണ്ടായിരുന്നുവോ..........??!!


ഇപ്പോൾ എട്ട് വർഷം പിന്നിട്ടിരിക്കുന്നു അബു പോയിട്ട് . നാടും വീടും അബുവിനെ മറന്നിരിക്കുന്നു........ പക്ഷേ

തനിക്ക് മാത്രം അബുവിനെ മറക്കാനാവില്ലല്ലോ....... അത് കൊണ്ട് ഏർവാടിയുടെ  ഈ  മുറ്റത്ത് പുണ്യം തേടിയെത്താത്ത ഒരേ ഒരാൾ ഒരു പക്ഷേ ഞാൻ  മാത്രമായിരിക്കും!!! 
എന്റെ  യാത്രയുടെ ഒരേയൊരു ലക്ഷ്യം  അബുവിനെ കാണുക എന്നത് മാത്രമായിരുന്നു.......

.......................................................

ഏറെ നേരത്തെ തിരച്ചിലിന് ശേഷം അവനെ വീണ്ടും കണ്ടെത്തുമ്പോൾ അയാൾ തിരക്കിൽ നിന്നൊഴിഞ്ഞ് ഒരു വിളക്ക് കാലിന് ചുവട്ടിൽ തലകുനിച്ചിരിക്കുകയായിരുന്നു.......


പതുക്കെ അരികിലെത്തി വീണ്ടും ചുമലിൽ കൈവെച്ച് അബുവിനോടുള്ള മുഴുവൻ സ്നേഹവും പുറത്തെടുത്ത് പതിയെ പറഞ്ഞു 

" അബൂ നിന്നെ ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിപ്പിന്നെ ആരാ ഈ ദുനിയാവിൽ നിന്നെ ".....?
ഏറെ നേരത്തെ കനത്ത മൗനത്തിന് ശേഷം തല ഉയർത്താതെ തേങ്ങലടക്കി അവൻ പറഞ്ഞു
"നീ  പോ മൊയ്തീനേ...... ഞാനൊന്ന് ജീവിച്ചോട്ടെ..... "
" അബൂ ഇതാണോ ജീവിതം..? നീ  എന്റെ കൂടെവാ..... വീടും കുടുംബവുമുള്ള നീ ഒരു ഭ്രാന്തനെപ്പോലെ  ഈ ചങ്ങലയിൽ......?

"ഹും..!! ചങ്ങല !!! ഈയ്യ് പേടിക്കണ്ട മൊയ്തീനേ.... ഈ  ഒരു കഷ്ണം ചങ്ങലയിൽ ഞാൻ സ്വതന്ത്രനാടോ...........
വേണച്ചാ എനിക്കീ ചങ്ങലയഴിച്ചിട്ട് ഇവിടെ നിന്ന് ഓടിപ്പോകാം.......
പക്ഷേ..... എങ്ങോട്ട്.......?
നീ പറഞ്ഞ കുടുംബത്തിലേക്കോ.....?
അത് വേണ്ട മൊയ്തീനേ.... ബന്ധങ്ങൾ അറുപ്പോടെ, വെറുപ്പോടെ, ഉപയോഗമില്ലാത്ത ഈ ശരീരത്തെ സ്വീകരിച്ചാൽ അത് ഏറ്റവും വലിയ ബന്ധനമാവും........
മരുഷ്യരനുഭവിക്കുന്ന അത്തരം കാണാ ബന്ധനങ്ങൾക്ക് കനത്ത ആനച്ചങ്ങലനേക്കാൾ കട്ടിയുണ്ടാവും മൊയ്തീനേ....
അതിന്റെ കണ്ണിക്കൂട്ടുകൾ തട്ടി  മുറിയുന്നത് ഖൽബിനകത്താവും....
ഖൽബ് മുറിഞ്ഞ് പഴുത്താ ജീവിക്കണതെങ്ങനാടാ....?

"അബൂ  എല്ലാം നിന്റെ തോന്നലാ  അങ്ങിനെയൊന്നും ഉണ്ടാവൂല  നിന്റെ വീട്ട് കാര് കൈവിട്ടാ  നിന്നെ ഞാൻ നോക്കും നീ വാ അബൂ...

നീ പോ മൊയ്തീനേ ഞാനിപ്പൊ അനുഭവിക്ക്ണ സുഖവും സന്തോഷവും എമ്പാടും മതിയെനിക്ക്......

പക്ഷേ....... അബൂ നീ ഒറ്റക്കിവിടെ  ആരോരുമില്ലാതെ........

ഒറ്റക്കോ!!!? 
മരുഭൂമിടെ ഉള്ളിന്റെയുള്ളില് കുറെ ഒട്ടകങ്ങളല്ലാതെ ഒരൊറ്റ മനുഷ്യനേം  കാണാതെ പത്തിരുപത് വർഷം ജീവിച്ചോനാ  ഈ അബു........
ഇവിടെ ഈ മനുഷ്യന്മാരുടെ ബഹളങ്ങൾക്കിടയില് ഞാൻ സ്വർഗ്ഗത്തിലാ.......

മൊയ്തീനേ ഇയ്യ് വോഗം  നാടു പിടിക്കാൻ നോക്ക് ഇനിയുമെന്നെ പിന്തുടർന്ന് വന്നാ ഞാൻ ഒച്ച വെക്കും!!!  
ആളുകളെ ഇടയില് ഞാൻ ഭ്രാന്തനാ......
ഞാനുറക്കെ ഒച്ചവെച്ചാ ഈ മുഴുത്ത ഭ്രാന്തനെ അവര്  കനത്ത തൂണിൽ ചങ്ങലയിൽ കെട്ടിയിടും......
നിനക്കത് കാണണ്ടാച്ചാ  ഇനിയുമെന്റ പിറകീന്ന് പോ മൊയ്തീനേ.

കൈകൾ തട്ടിമാറ്റിയിട്ട് അബു ആൾകൂട്ടത്തിനിടയിലേക്ക് നടന്നു........ അകന്ന് പോവുന്ന അവന്റെ കാൽചങ്ങല മുറ്റത്തെ പൂഴിമണ്ണിൽ ഇഴഞ്ഞ് നേർത്തകിലുക്കമുണ്ടാക്കി.......................................................

യൂസഫ് വളയത്ത്
*************************
കുരുന്നുകൾ

ശുഷ്കിച്ച ഉടലുമായ്
ഒരവധിക്കാലം
പടി കയറി വരുന്നു
നട്ടുപിടിപ്പിച്ച
കല്ലൻ നുണകളുടെ
കൂമ്പാരമാണ്
ഇനിയങ്ങോട്ടെന്ന്
കളി തീർന്ന
കാലടയാളങ്ങൾ
നോക്കിയാലറിയാം

കൊയ്ത്തു തീർന്ന
പാടങ്ങളെല്ലാമിനി
കളിയൊച്ചകൾക്ക്
കാതോർത്തിരിക്കും

ഒരു വേനൽ കടന്ന്
പുഴയൊഴുകും പോലെ
ഓരോ ഇളമനസ്സും
ഒരുമയുടെ
പെയ്ത്തുകാലം
വീണ്ടും കൊതിക്കുന്നു

ചിന്തകളിലേക്ക്
കൊത്തി വെക്കാൻ
ചരിത്രങ്ങളത്രയും
കാത്തിരിക്കുന്നുണ്ട്
തലച്ചുമടുകളായി
അത് പേറിയാവണം
തുടർ യാത്രകൾ

കൊഴിഞ്ഞു പോയ
കുരുന്നു പൂവുകൾ
നീലാകാശത്തിരുന്ന്
ഗന്ധം പൊഴിക്കുന്നു
നമുക്കനുഭവമില്ലാത്ത
സ്വർഗ്ഗ പരിമളങ്ങൾ

ഇനിയൊരിടവേളയിൽ
വെയിൽ ചായുമ്പോൾ
പട്ടം പറത്തുവാൻ
ബാക്കിയാവുന്നതെത്ര
കുരുന്നു കൈകളെന്ന്
ആർക്കറിയാം

ആരിഫ് തണലോട്ട്
*************************
രഹസ്യങ്ങളാരായാതെ..

കടൽ താണ്ടിയ മുകിലിനോടാണോ  നിങ്ങൾ ആകാശത്തെ കുറിച്ച് ചോദിക്കുന്നത് ?

നിഗൂഢ വന നിബിഡതയിൽ മുരണ്ട് പറന്നുപോയ കാറ്റിനോട് നിങ്ങൾ കാടിന്റെ രഹസ്യങ്ങളാരായുകയോ ?

വഴിവെട്ടി പരന്നും കുറുകിയും 
കടലിനെ കാമിച്ച് 
കരയെ തലോടി ഒഴുകി ഒാടുന്ന പുഴകളോട്
ധൃതിയിലെങ്ങോട്ടാണെന്ന്  ചോദിക്കരുതേ..

ആർത്തലച്ച് പെയ്യുന്ന മഴയുടെ സംഗീതത്തിൽ വിണ്ണിന് ഭൂമിയോടുള്ള പ്രണയമുണ്ടോ എന്ന സംശയങ്ങൾ
എന്തിനാണ് ?

രാത്രികളുടെ നിശബ്ദതയിൽ അകലെനിന്ന് 
രാപ്പാടി പാടുന്നുണ്ട് നിറനിലാവിൽ വിരിയുന്ന  മൊട്ടുകളെല്ലാം അജ്ഞാത ഗന്ധം പൊഴിക്കുന്നുമുണ്ട്
ഒളിച്ചു വെക്കേണ്ട..
നിങ്ങൾ വാതോരാതെ പറഞ്ഞുകൊൾക...!

മുള്ളുകൊണ്ടൊരുതുള്ളി രക്തം പൊടിഞ്ഞ വിരൽതുമ്പിൽ
നിന്നുതിർന്നു വീണ വാക്കുകളെയെല്ലാം
പെറുക്കു കൂട്ടി
യാത്രക്കിടയിൽ പ്രകൃതി പണിയുന്ന
അടയാളങ്ങൾ എന്തിനാണെന്ന് അടക്കം പറയാതേ..

ആരവങ്ങളമരും
അരങ്ങുകളൊഴിയും
ആരും ആരെയും കാത്ത് നിൽക്കാത്തൊരന്ത്യ യാമത്തിൽ
ശേഷിക്കുന്ന ചിലതുണ്ട്
നമ്മെ പോലെ ചിലരും..


സംഗീതഗൗസ്
*************************
മാഞ്ഞു പോകുന്നത്

നാലാം ക്ലാസുകാരൻ
വരച്ച
ഇന്ത്യയുടെഭൂപടത്തിൽ
ചിലത്
മാഞ്ഞുപോയി.
ഏഴു നിറങ്ങൾ മങ്ങി
എല്ലാം ഒരേയൊരു നിറം.
കൈ തട്ടി
ചായം മറിഞ്ഞു.
അതൊഴുകി
തെക്കേ ഭാഗത്തൂടെ
അറബിക്കടലിൽ
 മുങ്ങിച്ചത്തു.
മറ്റൊരു നിറം 
കലർന്ന ഭാഗങ്ങൾ
വെട്ടിമുറിച്ച്
കഷണങ്ങളാക്കി
രാജ്യദ്രോഹം
എന്ന് പറഞ്ഞ്
ചുമരിൽ ആണി വെച്ച്
ചുറ്റിക കൊണ്ട്
തലയ്ക്കൊരടി.
എഡിറ്റിംഗ് കഴിഞ്ഞപ്പോഴേക്കും
ചിത്രം ഗംഭീരം.
ചെരിച്ച് പിടിച്ച് നോക്കി ,
ലക്ഷണമൊത്ത
 ഒരു പശു.
പുഞ്ചിരിച്ച് കൊണ്ട്
കടലാസ് മടക്കി
കവറിലിട്ട്
സ്റ്റാമ്പൊട്ടിച്ചു.
അതിലും
ചില മാറ്റങ്ങൾ .
ഗാന്ധി മങ്ങി
പകരം ഗോഡ് സേ .
സീൽ
പതിയെ ചുംബിച്ചു.

സിയാനാ യാസ്മിൻ

ഒൻപതാം ക്ലാസ് .(മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സമ്മാനം നേടിയ കവിത)
*************************