19-05

വ്യവസ്ഥിതി
ചില നാണയ വ്യവസ്ഥകൾ
നമുക്കിടയിലെ അകലം
വല്ലാതെ കൂട്ടുന്നുണ്ടെന്ന്
നിന്റെ പതം പറച്ചിൽ ശരിയാണ്.
മുമ്പ് രണ്ട് കാച്ചിൽ കൊടുത്ത്
നാലു കപ്പ കിഴങ്ങ് വാങ്ങി
നീയും ഞാനും കെട്ടിയോളും
കുട്ടികളും അരവയർ നിറച്ചിരുന്നു.
ആവശ്യമില്ലെങ്കിലും നിന്റെ ആടിനെ
എന്റെ കോഴിക്കു പകരം
വാങ്ങിയത്
നമ്മൾ ഒരു പോലെ ആയതു കൊണ്ടായിരുന്നു.
നാലു വറ്റു പോലും ഇല്ലാത്തിടത്ത്
നാഴി വന്നു കയറിയത് എന്തിനായിരുന്നു?
നാഴി, വിയർപ്പു കുടിച്ച് ചീർത്ത് ചീർത്ത്
ഇടങ്ങഴിയും പറയുമായ്
വളർന്നതെന്തിനായിരുന്നു.?
നിറമില്ലാത്ത മഴവില്ലു പോലെ
മുതുകെല്ലു വളഞ്ഞു കഴിഞ്ഞിട്ടും
നാഴിയും ഇടങ്ങഴിയും പറയും
നിറയാതെ കിടന്നതും എന്തിനായിരുന്നു?
പുത്തനും ഓട്ടക്കാലണയും
നോക്കിക്കാണാൻ വേണ്ടി മാത്രം
എത്രയെത്ര കുപ്പകളിൽ
നമ്മൾ പാത്തിരുന്നു.
വലിയ മാറ്റമൊന്നും
വന്നു കയറാത്തതു കൊണ്ടാണോ
ഇപ്പോഴും നീ
പറഞ്ഞു കൊണ്ടേ യിരിക്കുന്നത്
ചില നാണയ വ്യവസ്ഥകൾ
നമുക്കിടയിൽ
അകലം കൂട്ടിക്കൊണ്ടേ യിരിക്കുന്നുവെന്ന്.?
പി.ടി.മണികണ്ഠൻപന്തലൂർ

നിശ്ചലം
മണിനാദങ്ങളാണ്
നമ്മെ നിയന്ത്രിക്കുന്നത്
അകത്തേക്കിറങ്ങാനും
പുറത്തേക്കൊഴുകാനും.
അതിനിടക്ക് അകത്താക്കുന്നതാണ്
ജീവിതമായി പുഷ്പിക്കുന്നത്.

ഓരോ ബോർഡും
നശ്വരതയുടെ പാഠം കുറിക്കുന്നു
എഴുതലും
മായ്ക്കലുമാണ് ജീവിതം
ഓരോ ബെഞ്ചും
ചുട്ടുപൊള്ളുന്നുണ്ട്
ഒരേ ഇരിപ്പിനെ പുതുക്കാൻ
മറികടക്കാൻ
മാറ്റിയെഴുതാൻ
ക്ലാസിൽ തൊടുന്നുണ്ട്
നിലാവിനെ
നുണയുന്നുണ്ട്
ഇളം വെയിലിനെ
മണക്കുന്നുണ്ട്
ആകാശത്തെ
കേൾക്കാം
അക്ഷരത്തുടിപ്പിനെ
കാണാം
വരും ലോകത്തിനെ
സ്വർഗ നരകങ്ങളിലേക്ക്
തുറക്കും ജാലകങ്ങളെ
ഓരോ ചുവടും ഭാവ രഹിതം
ഓരോ മനവും ശാന്തസമുദ്രം
ക്ലാസിലുണ്ട്
ചില നക്ഷത്രരശ്മികൾ
അപൂർവ ചാരുതയുടെ
നീലക്കുറിഞ്ഞികൾ
തോരാ ജലധാരകൾ
ക്ലാസിലുണ്ട് ഗ്രാമം, നഗരവും
ഇരമ്പും തെരുവുകൾ
ചേറിൽ പുതഞ്ഞ രത്നങ്ങൾ
മെഴുകുപാവകൾ
ഊർജ സ്ഫോടത്തിന്റെ
സദാ സൂര്യൻമാർ
മൗന ബുദ്ധൻമാർ
ക്ലാസ് മുറി ഒരു കടലാണ്
വേലിയേറ്റങ്ങളുടെ ഉപ്പുപററിയ
ചുമരുകൾ
ചില കപ്പലുകൾ പത്തേമാരികൾ പാവഞ്ചികൾ
കൊതുമ്പുവള്ളം കട്ടമരം
ഒരു നാവികൻ നിയന്ത്രിക്കുന്നു
പല നൗകകളുടെ
നിരന്തര സഞ്ചാരത്തെ
ക്ലാസിലുണ്ട് സഹനക്കുരിശ്
പ്രതീക്ഷയുടെ ചന്ദ്രക്കല
വിരിയാൻ വെമ്പുന്ന ബുദ്ധ പത്മം
സ്നേഹത്തിൻ ശലഭമഴ
ദയയുടെ ഞാഞ്ഞൂൽ നനവ്
കാണൂ
മൈതാനം ഇടക്കുയർത്തുന്ന
പുതുവേഗപ്പതാകകൾ
സൗഹൃദത്തിൻ കുത്തൊഴുക്കും
പ്രണയത്തിൻ അടിയൊഴുക്കും
കേൾക്കൂ
ബെല്ലടിച്ചിരിക്കുന്നു
അകത്തേയ്ക്കോ പുറത്തേക്കോ എന്ന്
നിശ്ചയമില്ലാത്ത കാലം
ഒരു
നിശ്ചല ദൃശ്യം പോലെ!

രാമകൃഷ്ണൻ കുമരനെല്ലൂർ
(  ചന്ദ്രിക ആഴ്ചപ്പതിപ്പ് 2018 മാർച്ച് 31)

ദമിതം
ദൈവമേ.....
നിന്റെ കൈകൾ
ലോകത്തെയാകെ
ഉടച്ചുവാർക്കുമെന്ന്
ഉയർച്ചതാഴ്ച്ചകൾ
ക്രമപ്പെടുത്തുമെന്ന്
ഭയക്കുന്നുണ്ടവർ.
അതു കൊണ്ടാണ്
ഇരുട്ടുമുറിയിൽ കുടിയിരുത്തിയതും
കാർവർണനെന്നു വാഴ്ത്തിയതും
അന്നവും നീരും വീഴ്ത്തിയതും
വിളക്കു കൊളുത്തിയതും.
ദൈവമേ...
കൃഷ്ണശിലയുടെ കറുപ്പിനോട്
മടുപ്പും വെറുപ്പുമാണവർക്ക്.
കാലിമേയ്ക്കുന്നവരോടും
കാടറിഞ്ഞവരോടും
പണ്ടേ ചെടിപ്പാണവർക്ക്.
ദൈവമേ..
ഒറ്റ ദിവസംകൊണ്ടുവാടുന്ന
മാലയിട്ടാൽ
അഹങ്കരിയ്ക്കരുതേ...
ഓടക്കുഴലിനും മയിൽ പീലിയ്ക്കും വേണ്ടി ശംഖിനും ചക്രത്തിനും വേണ്ടി
പണയപ്പെടുത്തരുതേ കയ്യുകൾ.
കൊടിമരവും കാണിയ്ക്കയും കണ്ട്
മഞ്ഞളിയ്ക്കരുതേ കണ്ണുകൾ.
ദൈവമേ..
മലയിട്ടാലും പൂജിച്ചാലും
മറക്കരുതേ...
ഇപ്പോഴും ശ്രീകോവിലിൽത്തന്നെയാണെന്ന,
തടവിലാണെന്ന കാര്യം
മറക്കരുതേ....
ദൈവമേ.......

സുഷമ ബിന്ദു

നീ കേൾക്കുന്നുണ്ടോ .??
നീ കേൾക്കുന്നുണ്ടോ.?
ചൊടിയിൽ നിന്ന്
തേൻ ചോരുന്നെന്നും,
ചിരിയിൽ നിന്ന്
ശലഭങ്ങൾ പാറുന്നെന്നും,
കണ്ണുകളിൽ
നക്ഷത്രങ്ങൾ പൂക്കുന്നെന്നും പറയുന്നുണ്ട്,
വസന്തത്തിന്റെ
കാവൽക്കാരിക്ക്
കുരുത്തോല പന്തലിടാൻ
വന്നവൻ..
നീ കേൾക്കുന്നുണ്ടോ.?
ഇന്ന് ഞാൻ
തരിശു ഭൂവിന്നുടമ,
ആൾക്കൂട്ടത്തിൽ
കൈവിട്ട് പോയ
കുഞ്ഞിനെ തേടുന്ന
മാതൃഹൃദയം പോലെ,
ഒരു തിരയിൽ
മാഞ്ഞു പോയ നിന്നെ,
നിന്നെ മാത്രം
കാത്തിരിക്കുന്നവൾ,
എങ്കിലുമിവളെ
ഓർത്തിരിക്കും
കാലങ്ങളോളമെന്നവൻ..
നീ കേൾക്കുന്നുണ്ടോ.?
മരുഭൂവുകളിൽ പോലും,
എനിക്കിഷ്ടമുള്ള
പൂക്കൾ പടർത്താമെന്നും
വസന്ത നടനം
തുടങ്ങാമെന്നുമവൻ..
എന്നാകിലും,
നീയല്ലാതൊരു ചെടിയും
വേരുറപ്പിക്കില്ലെന്നും
രാച്ചിയമ്മ* യാണിവിടെ
പ്രതിഷ്ഠയെന്നും
വർഷങ്ങളായിവിടെ
ഞാൻ ധ്യാനത്തിലാണെന്നും
മറുവാക്ക് മൊഴിഞ്ഞ്,
ഹൃദയ ഭൂവാകെയും
കമ്പിവേലികളാൽ ബന്ധിച്ച്,
കാത്ത് നിൽക്കുന്നവന്റെ
കണ്ണുകളിൽ നോക്കാതെ,
നിന്റെ മൗനഖനിയിലേക്ക്
ഇറങ്ങിയവൾ ഞാനെന്ന്,
കേൾക്കുന്നുവോ നീ...!!!

*  ഉറൂബിന്റെ കഥ രാച്ചിയമ്മ 

ജിഷ കാർത്തിക

വേനൽച്ചൂടിൽ
അത്യുഷ്ണത്താ, ലുരുകിയെരിയു,
ന്നീയുടൽ വേർപ്പിനാലേ
ശക്തം ചൂടാൽ, കരിയുമിലകൾ, വീണടിഞ്ഞും ഋതുതൻ,
പൊള്ളും ചെന്തീ, യതിലുറയുമെ, ന്നാത്മഭാവം തളർന്നും
ചീന്തും താപം, മൃതിമകുടിത, ന്നാദിതാളത്തെയോർക്കേ,
വേവും ദേഹം, വരളുമുറിതൊ,
ണ്ടയ്ക്കകം ചൂഴ്ന്നിടുന്നീ,
ദാഹം ദാഹം നനവുപടരാൻ,
ചുണ്ടിലിറ്റാൻ കൊതിക്കേ,
ഗ്രം ശാപം, ജലരഹിതമാം,
ഭൂമി ദു:സ്വപ്നമോടേ-
യാർത്തും പൊങ്ങും, നിലവിളികളാ, യെന്നിലാഞ്ഞാഞ്ഞടിക്കേ,
സർവ്വാംഗങ്ങൾ, പ്പുകയുമിളകും,
നേരമെൻ തൃഷ്ണയാകും
ഗർവ്വം ശൗര്യം, കടപുഴകിടും,
മേഘമേ! നിന്റെ മുന്നിൽ
സർവ്വം സർവ്വം, പൊരിയുമുലകം, നിസ്സഹായം വിളിക്കേ
നീയേ നീത്താ, നുലകുമുയിരും,
നിന്നുരസ്സാൽ തുടിക്കാൻ
കേഴുന്നുള്ളം, ചുടലകളിലെ, ത്തീയുണര്‍ന്നെത്തിടും പോൽ
വേനൽച്ചൂടിൽ, ത്തരുസിരയിലാ, ഗ്നേയഗന്ധം വമിക്കേ
വേരിന്നറ്റം, തിരയുമൊരുനീർ,
ച്ചുംബനത്തിൽ ത്രസിക്കാ-
ന്നാസക്തീ തൻ ഇളമുളകളിൽ, ഗർഭമായൂർന്നിറങ്ങൂ
ഭൂമാതേ നി, ന്നരുമയിവരീ,
മക്കളാം പാപികൾക്കാ-
യീക്കാലത്തി, ന്നടിയറവുഞാൻ,
വച്ചിതാ മാപ്പിരക്കാം
പ്രാർത്ഥിപ്പൂ പ്രാ, ണനതിലുണരും,
ശക്തി നീ വർഷമോടേ-
നീയേ കാവ്യ, പ്പൊരുളരുളുമെൻ, പഞ്ചഭൂതങ്ങളേ വാ..!
ആകാശം നീ, വരുണനരുണന്‍,
ഹേ ധരേ വായുവേ നീ
നീയേ കാവ്യ, പ്പൊരുളരുളുമെൻ,
പ്രാണനിൽ വർഷമേ വാ..!

ദീപ കരുവാട്ട്

വൃദ്ധദമ്പതികളെ ശ്രദ്ധിച്ചിട്ടുണ്ടോ ..
ക്ഷീണമുണ്ടെങ്കിലും ,
പറഞ്ഞറിയിക്കാനാകാത്ത സംതൃപ്തി വഴിയുന്ന ആ മുഖങ്ങൾ കണ്ടിട്ടുണ്ടോ ..
ഒന്നിച്ച് നടക്കുമ്പോഴവർ ഊന്നുവടികളെ മറക്കും ..
ഒരു ജന്മത്തിന്റെ കരുതൽ  കൂടെയുണ്ടെന്ന ഗർവ്വിൽ. .
സായാഹ്നം വൈകുന്നതിൽ അവരാകുലപ്പെടില്ല.
അവർ ഒരുമിച്ചിരിക്കുന്നത് ഗൗനിച്ചിട്ടുണ്ടോ ...
കാണാതെ കണ്ട് ,
മിണ്ടാതെ മിണ്ടി ..
ഏതോ അലൗകിക സംഗീതത്തിന് കാതോർത്ത് ?
അവർ കലഹിച്ചിട്ടുണ്ടാവില്ലേ ...
കാട്ടുപൂച്ചകളെ പോലെ പരസ്പരം മാന്തിക്കീറിയിട്ടുണ്ടാവില്ലേ.?
എപ്പോഴാവും ഇങ്ങനെ  സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാവുക ...
മരണത്തിനു മാത്രമേ വിട്ടുകൊടുക്കൂ  എന്ന് എന്നു മുതലാവും ഉറപ്പിച്ചിട്ടുണ്ടാവുക ??
അവൾ പിണങ്ങി എത്ര തവണ അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ടാവും ..
അവളില്ലായ്മയിൽ   അയാൾ എത്ര വരണ്ടിട്ടുണ്ടാവണം' ..
ജീവിതം എന്നും അങ്ങനെ ഒക്കെതന്നെയായിരുന്നിരിക്കണം..
ഒഴുക്കിനൊത്തെത്തുന്ന ഒരു തിര പോലെ....

ഷീലാ റാണി

ഓർമ്മയുടെ ഘടികാര സൂചികൾ

മൗനത്തിന്റെ
കനത്ത തിരശ്ശീലയാല്‍
എന്റെ ജാലകം
മറയ്ക്കപ്പെട്ടിരുന്നു.
നീയൊരു കാറ്റായ് കടന്നു വന്ന്,
തളം കെട്ടി നിന്ന
സ്‌നേഹപ്രവാഹത്തിന്
ചാലുകീറിക്കൊടുത്തു.
ജാലകത്തിനപ്പുറം
ഗുല്‍മോഹര്‍
പൂത്തുലഞ്ഞത്
എനിക്കു മാത്രം കാണാനെന്നോതി.
അയഞ്ഞു പോയ തന്ത്രികളില്‍ നിന്നും
രാഗമാലിക തീര്‍ത്തു.
എന്റെ മൗനത്തെയുടയ്ക്കാന്‍
ഇരവു പകലുകളിലൊരു പോലെ
കാഴ്ചയായ്, കേള്‍വിയായ്
വര്‍ണ്ണമായ്, നാദമായ്
സ്വയം നിറഞ്ഞുനിന്നു.
എന്നിട്ടുമെന്നിട്ടും
ഒരിക്കല്‍........
തഴുതിട്ട വാതില്‍
ഞാന്‍ പതുക്കെ തുറന്നപ്പോള്‍
നീ തിരികെ നടക്കുകയായിരുന്നു;
കണ്ണുകളില്‍
അതിപരിചയത്തിന്റെ
അപരിചിതത്വം
നിറച്ചു കൊണ്ട്.
എന്റെ മനസ്സില്‍ നിന്ന്
കവിതയിറങ്ങിപ്പോയതും
അന്നായിരുന്നു.
എങ്കിലും,
ആകാശങ്ങളില്‍ നിന്ന്
നീ പെയ്തിറങ്ങുമ്പോള്‍
മുള പൊട്ടാനായി
മണ്ണിന്നടിയില്‍
ഞാനൊളിച്ചിരിപ്പുണ്ട്.
ഉര്‍വ്വരതയുടെ സംഗീതം
പൊഴിക്കുന്ന നിന്റെ ഗാനത്തില്‍
ഞാന്‍ തളിര്‍ക്കും, പൂക്കും
നിന്റെ കയ്യിലെ മിന്നാമിന്നികള്‍
എനിക്ക്
നക്ഷത്ര വിളക്കുകളാകും.
കടല്‍ത്തിരകളോരോന്നും
നിന്റെ തിരിച്ചുവരവിനെ
ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും
അസ്തമയത്തിനു ശേഷവും
നിന്റെ വെളിച്ചം
നിറം പകരുന്ന
ഏകാന്തമായ
കുടിലായിരിക്കും ഞാന്‍.
നീയെന്ന ഓര്‍മ്മയുടെ ഘടികാരസൂചികളാണ്
എന്റെയോരോ നിമിഷങ്ങളെയും
നയിച്ചുകൊണ്ടേയിരിക്കുന്നത് .

സ്വപ്നാ റാണി
          
വേനൽ മഴ 
           
പടർന്നു പന്തലിച്ച വടവൃക്ഷമാണ് വേനൽമഴ.
തണലും തണുപ്പും ഇലപൊഴിച്ചിലും കൂടുകൂട്ടാൻ ഇണക്കിളികളും ഇരതേടി പറന്നുപോകുന്ന പക്ഷികളും
എല്ലാം ചേർന്ന അതിസുന്ദര ഭാവം.
ചുട്ടുപൊള്ളുന്ന വേനലിൽ
വൃക്ഷ ചോട്ടിലെ തണലു പോലെ ഉൾ ക്കുളിരാണ്  വേനൽമഴ .
നിവർത്തി പിടിച്ച  തണലിന്  കൊതിക്കുന്ന പോലെ ,'
തണുപ്പിൽ എല്ലാം നനക്കുന്ന
മഴയേയും  നാം കൊതിക്കുന്നു.
വരുമെന്ന പ്രതീക്ഷയിൽ പ്രിയപ്പെട്ടവർക്കു വേണ്ടി മാത്രം തുറന്നു വെച്ച
വാതിലാണ് ഈ മഴ .
‌ഒരിക്കലുംവരില്ലെന്ന് വിചാരിച്ച കാമിനി അപ്രതീക്ഷിതമായി കടന്നു വന്നപ്പോൾ കിട്ടിയ അനിർവചനീയമായ സന്തോഷം.
‌തണലേകാൻ  കാക്കക്കാലു
പോലുമില്ലാത്തതു കൊണ്ടാണ്; തണുപ്പേകാൻ വേനൽമഴ ചാരത്തണയാത്തത് '.
 പ്രണയത്തിന്റെ  തണൽ    മരങ്ങൾതീർക്കാൻ കഴിയുന്നവർക്കേ
വേനൽമഴയുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ സാധിക്കൂ...!!!
തണൽമരങ്ങളുടെ ഘോഷയാത്രയിലാണ്
വേനൽ മഴയുടെ പ്രണയം സഫലമാവുക

കൃഷ്ണദാസ്  .കെ

അമ്മമ്മ

ഈയിടെയായി ഞാനെന്റെ അമ്മയെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുന്നു
അമ്മ പറയുമ്പോലെ
അമ്മ ചെയ്യുമ്പോലെ
എന്നാലെന്റെയമ്മ അമ്മമ്മയെപ്പോലെ ആയിരുന്നില്ല
അമ്മമ്മയ്ക്ക്
സ്വന്തമായൊരരിവാളുണ്ടായിരുന്നു
ചിത്രങ്ങളിൽ കാണുമ്പോലെ
പരന്ന് വളഞ്ഞ
മൂർച്ചയുള്ള അരിവാൾ
അരിവാളും പിടിച്ചു നിൽക്കുന്ന അമ്മമ്മയെ
ഞാൻ കണ്ടിട്ടില്ല
അച്ഛൻ അമ്മമ്മയേയും കൂട്ടി വീട്ടിലേക്കു വന്ന കാലത്ത്
അവരുടെ മെടഞ്ഞ പെട്ടിയിൽ
ആ അരിവാളുണ്ടായിരുന്നു
അസനവിലാദി എണ്ണ , മുടിയുടെ കൊണ്ട
നാലഞ്ച് മുണ്ടുകൾ
പൊതിഞ്ഞ പുകയില
പിന്നെയും പലത്
ആ അരിവാൾ
അവരുടെ പോയ കാലത്തിന്റെ സ്മാരകം പോലെ ഇവിടെയിരുന്നു
കൊയ്തുപോന്ന കയ്പിന്റെ
കൊയ്തുപോന്ന കണ്ണീരിന്റെ
കൊയ്തുപോന്ന ഇന്നലെയുടെ ..
എനിക്കവരോട് വലിയ ബഹുമാനമായിരുന്നു
അമ്മമ്മ ഗാന്ധിജിയെ കണ്ടിട്ടുണ്ട്
അങ്ങു ദൂരെ ഗാന്ധിജി നടന്നു പോകുന്നത്
നോക്കി നിന്നിട്ടുണ്ട്
എന്നിട്ടോ അമ്മമ്മേ? എന്തു തോന്നി?
എന്തു തോന്നാൻ? അവരൊക്കെ വലിയ ആളുകളല്ലേ.!
എനിക്കതിൽ വിശ്വാസമില്ലായിരുന്നു
ഞാൻ കണ്ട ഏറ്റവും വലിയ ആൾ
അമ്മമ്മയാണ്
എന്റെ അമ്മയോ ഞാനോ ഗാന്ധിജിയെ കണ്ടിട്ടില്ല
ഗാന്ധിജിക്ക് അരിവാളുണ്ടോ?
അമ്മമ്മ ചിരിച്ചു
അവർക്കതിന്റെ ആവശ്യമില്ല
ഗാന്ധിജിക്ക്  ചർക്കയുണ്ട് / അരിവാളില്ല
ഞാൻ കണ്ടെത്തി
അമ്മമ്മയ്ക്ക് നഗരത്തിൽ
തനിച്ച് പോകാനറിയാം
ഒതേനന്റെയും ചന്തുവിന്റെയും
കഥകളറിയാം
മഴയുടെയും വിളവിന്റെയും
കണക്കറിയാം
നാനാതരം മരുന്നറിയാം
മന്ത്രമൂതി രോഗം മാറ്റാനറിയാം
എന്റെയമ്മയ്ക്കോ എനിക്കോ
ഇതൊന്നുമറിയില്ല.

സിന്ധു കെ.വി.

വിശുദ്ധ ചുംബനം

ഒരൊറ്റചുംബനത്തിന്റെ വീഞ്ഞിൽ നിന്നുമാകാം
കാലങ്ങളോളം ഓർത്തു  നിൽക്കാൻ വീര്യമേകുന്ന കാത്തിരിപ്പുകൾ ഉണ്ടാകുന്നത്.
കാത്തിരിപ്പുകളിൽ നിന്നുനാമോർത്തെടുക്കുമ്പോൾ  വിടുവിച്ച ചുണ്ടുകൾ  ശലഭങ്ങളെപ്പോലെയോ,
മഴയിൽ നനഞ്ഞുതണുത്ത ഇലകളെപ്പോലെയോ,
കാറ്റിൽ ഞൊറികളുലഞ്ഞ മേഘങ്ങളെപ്പോലെയോ ആകാം.
വീണ്ടും ഓർമ്മകളിൽ  ഗാഢമായ്ത്തന്നെ ചുണ്ടുകളെ ചുംബിക്കുക
കണ്ണുകൾ മീനുകളെപ്പോലെ പിടയ്ക്കുകയും
കൺപീലികൾ ആകാംക്ഷകൾ തിരയുന്നതും
ദൂരങ്ങളില്ലാതെ നാം നിമിഷങ്ങളാകുന്നതും കാണാം.
വിശുദ്ധമായതിനാൽ ചുംബനങ്ങൾ  വാഴ്ത്തപ്പെട്ടവയാകുന്നു
അതിലൂടെ നാം അനശ്വരരാകുന്നു.
കുതിരകളുടെ കുളമ്പടിയില്ലാതെ മഴപെയ്യാതെ
മേഘം രണ്ടായി പകുത്തുകീറി ആകാശത്തെ നമുക്കു  കാട്ടിത്തരുന്നു.
ഇനി നമുക്ക് അഴലുകൾ തീണ്ടാതെ അധരങ്ങൾ  വിടുവിക്കാം.......

പ്രദീപ്‌ ആനാകുടി

ഞാനാണ് ജയിച്ചത്
എന്നിലേക്ക്
 കിനിഞ്ഞിറങ്ങുന്ന....
സ്നേഹമഴയിൽ
 ഇങ്ങനെ വിസ്മയിക്കുമ്പോൾ...
അതിനു പകരം
ചിലതൊക്കെ നിനക്കു ഞാൻ
നൽകിയിട്ടുണ്ട്.....
എന്നതോർത്തേ പറ്റൂ...
വാദമല്ല...
ഒരുകൊടുങ്കാറ്റായി നിന്നിൽ ഞാൻ...
ആഞ്ഞുവീശിയിട്ടുണ്ട്...
വീശിക്കൊണ്ടേയിരിക്കുന്നു.....
എന്തിന്റെയൊക്കെയെന്ന് പറയാനാകാത്ത വിധം...
എൻറെ ശരികളെ...
മൗനം കൊണ്ട് ചിലപ്പോൾ ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്....
നിന്റെ വാശിക്കു വേണ്ടി....
(പക്ഷെ ഞാനവയെ....
കൈവിട്ടു കളഞ്ഞിട്ടില്ല )
എന്റെ മഴനനയലുകളെ.....
എന്റെ പാറിപറക്കലുകളെ
എന്റെ വേവിൻ പിടച്ചിലുകളെ
എന്റെ പൊട്ടിച്ചിരികളെ
നീയറിയാത്തിടങ്ങളിലേക്ക് ഒളിച്ചു കടത്തിയിട്ടുണ്ട്...
എന്നെയോർത്തുള്ള... നിന്റെ സ്വാസ്ഥ്യത്തിനുവേണ്ടി......
(പക്ഷേ ഞാനതൊന്നും ഉപേക്ഷിച്ചിട്ടല്ല)
എന്റെ സന്ത്രാസങ്ങളെ....
 നീ നിന്റേതാക്കുമ്പോൾ.... അറിയാത്ത മൃദു സന്തോഷത്തിൽ ഞാൻ
അഹങ്കരിക്കാറുമുണ്ട്....
എന്റെ പൊട്ടിത്തെറിക്കലുകളെ.....
ഒരുചുണ്ടു കോട്ടി ചിരിയുടെ വക്രതയിലേക്ക്
ഞാൻ പരിണമിപ്പിച്ചിട്ടുണ്ട്
ഇടയ്ക്കൊക്കെ....
നിനക്കു വേണ്ടി...
ചില കലമ്പലുകൾ....
 മാനം കളഞ്ഞും ഞാൻ ഒതുക്കി തീർത്തിട്ടുണ്ട്...
നീ ജയിച്ചുവെന്ന് നിനക്കുറപ്പിക്കാൻ
പക്ഷേ ഞാനാണ് ജയിച്ചതെന്ന് '...
ആരും കേൾക്കാതെ.

ഉറക്കെ വിളിച്ചുകൂവിക്കൊണ്ട്
ശ്രീലാ അനിൽ

ശനിയാഴ്ചകളിൽ പെയ്തിറങ്ങുന്ന 'നവസാഹിതി' വായനയുടെ കുളിരലകളാണ് പ്രദാനം ചെയ്യുന്നത് .
 ഇന്നലത്തെ 'നവ സാഹിതി' യിലെ വിഭവങ്ങൾ വായിച്ചു തീർന്നതിപ്പോഴാണ്. ഒറ്റ വായനയിൽ ലഭിക്കുന്നതല്ല അതിന്റെ പൂർണ്ണമായ ആസ്വാദനം എന്നു കരുതുന്ന ഒരാളാണീ വിനീതൻ. വരികൾക്കിടയിലൂടെ കണ്ണോടിക്കുമ്പോഴാണീ രചനകളിലെ ചാരുത കൂടുതൽ പ്രകടമാകുക.
ഇന്നലത്തെ ഓരോ വിഭവവും ഹൃദയസ്പർശിയായി. അവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
ചില വ്യവസ്ഥിതികളുടെ കടന്നുകയറ്റം ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പായിക്കുന്ന പി ടി മണികണ്ഠൻ പന്തലൂരിന്റെ കവിത (വ്യവസ്ഥിതി) വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഉദാത്തമായ സൃഷ്ടിയാണ്.
അകത്തേക്കോ പുറത്തേക്കോ പോകേണ്ടതെന്ന് നിശ്ചയമില്ലാതെ നിശ്ചലമായി നിൽക്കുന്ന കാലത്തിന്റെ സമകാലികാവസ്ഥ പാരാവാരം പോലെ പരന്ന ക്ലാസ്സ് മുറിയോടുപമിച്ച് അനുവാചകരെ ചിന്തകളുടെ ആഴങ്ങളിലേക്കാവാഹിച്ച അനുഗൃഹീത കവി രാമകൃഷ്ണൻ കുമരനെല്ലൂരും ഇന്നലത്തെ 'നവസാഹിതി ' യെ ഉജ്വലമാക്കി.
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും / ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന വരികളെ അനുസ്മരിപ്പിക്കുന്ന സുഷമ ബിന്ദുവിന്റെ രചന (ദമിതം)യും ചിന്തോദ്ദീപകം തന്നെ. ശ്രീകോവിലിലാണെങ്കിലും അനീതി കാണുമ്പോൾ അനങ്ങാൻ അനുവദിക്കാതെ ഭക്തരാൽ ദമിതനാക്കപ്പെട്ട ദൈവത്തിന്റെ വേറിട്ട ആവിഷ്ക്കാരമാണ് 'ദമിത 'ത്തിലൂടെ കവയിത്രി കോറിയിട്ടത്.
ജീവിതത്തിന്റെ വസന്തത്തിലും ശിശിരത്തിലും സമൂഹത്തിന്റെ ഇടപെടലുകൾ എങ്ങനെയെന്ന് ഓർമ്മപ്പെടുത്തുന്ന ജിഷ കാർത്തികയുടെ രചനയും മനസ്സുകൊണ്ട് നാം കേൾക്കേണ്ടതാണ്.
മനുഷ്യന്റെ കൈകടത്തലുകളാൽ വിങ്ങുന്ന പരിസ്ഥിതിയുടെ ദൈന്യത വാക്കുകളുടെ നർത്തനം കൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുന്നു ദീപ കരുവാട്ടിന്റെ 'വേനൽ ചൂടിൽ'.
കാറും കോളും നിറഞ്ഞ ജീവിതനൗകയെ മറുകരയെത്തിക്കാനാകാതെ ഒളിച്ചോടിപ്പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തും സംതൃപ്തദാമ്പത്യത്തിൽ അഭിരമിക്കുന്ന വൃദ്ധ ദമ്പതികളെ അസൂയയോടെ നോക്കിക്കാണുന്ന ഒരു വിവാഹിതയുടെ കണ്ണുകളിലൂടെയാണ് ഷീലാറാണി തന്റെ പേരില്ലാ കവിത നെയ്തിരിക്കുന്നത്.
ഉർവ്വരതയുടെ ഹൃദ്യത പകരുന്ന അജ്ഞാതന്റെ വരവിനായി കേഴുന്ന 'വേഴാമ്പൽ ജീവിതം' തിരശ്ശീല നീക്കി വെളിച്ചത്തു കൊണ്ടുവരുന്ന സ്വപ്നാ റാണിയുടെ 'ഓർമ്മയുടെ ഘടികാര സൂചിക'ളും നവസാഹിതിയ്ക്ക് നവ ചൈതന്യം പകർന്നു.
വരില്ലെന്ന് കരുതിയ കാമിനിയുടെ സാമീപ്യമായി പെയ്തിറങ്ങുന്ന വേനൽമഴയെ നിലനിർത്താൻ പ്രണയത്തിന്റെ തണൽമരങ്ങളാണ് അനിവാര്യമെന്ന് പറയുന്ന കെ. കൃഷ്ണദാസിന്റെ 'വേനൽമഴ' ഭാവനയും ചിന്തയും സമന്വയിപ്പിച്ച് രചിച്ചതായി അനുഭവപ്പെട്ടു.
തലമുറകളുടെ വിടവിലൂടെ ഊർന്നു പോകുന്നത് നിരവധി നന്മകളുടെ സുകൃത സ്മൃതികളാണെന്ന് ഓർമ്മിപ്പിക്കുന്ന "അമ്മമ്മ' സിന്ധു കെ.വി. എന്ന കവയിത്രിയുടെ കവന വൈഭവം തുറന്നു കാണിക്കുന്നു.
 അധരങ്ങൾ ചൊരിയുന്ന അനുഭൂതികൾക്കപ്പുറമുള്ള അനിർവചനീയതയാണ് പ്രദീപ് ആനാകുടിയുടെ 'വിശുദ്ധ ചുംബനം' പകരുന്നത്.
സ്നേഹ സൗഹൃദങ്ങളുടെ സുഖകരമായ തുടർച്ചയ്ക്ക് വിട്ടുവീഴ്ചകളുടെ പാഥേയമാണ് പഥ്യമാക്കേണ്ടത് എന്നുണർത്തുന്ന
ശ്രീലാ അനിലിന്റെ 'ഞാനാണ് ജയിച്ചത് 'ഒരുപാട് പാഠങ്ങൾ പ്രദാനം ചെയ്യുന്ന മികച്ച രചനയാണ്. 'ഓർമ്മയുടെ ഘടികാര സൂചികളി'ലും ഈ കവിതയിലും അനുവാചകർക്ക് ചില സാമ്യതകൾ ദർശിക്കാനാകും.

'നവ സാഹിതി' യെ സമ്പന്നമാക്കാൻ മത്സരിച്ച പ്രജിത ടീച്ചർക്കും വാസുദേവൻ മാഷിനും വിജു മാഷിനും കൃഷ്ണദാസ് മാഷിനും ശ്രീല ടീച്ചർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം തിരക്കുകൾക്കിടയിലും മികച്ച തെരഞ്ഞെടുപ്പ് നടത്തി രചനകൾ വിന്യസിക്കുന്ന അവതാരക സ്വപ്ന ടീച്ചർക്കും അഭിനന്ദനങ്ങൾ..