19-11

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
നവം 13 മുതൽ 18 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, വെളളി ,ശനി
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) ബുധൻ ,വ്യാഴം
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

നമ്മൾ ഏറെക്കാലമായി കാത്തിരിക്കുന്ന പാഠപുസ്തക വിശകലനം ഈ ആഴ്ചയിലാണ് അക്ഷരാർത്ഥത്തിൽ വേദിയിലെത്തിയത് ..
വ്യാഴാഴ്ച അശ്വമേധം ചർച്ചക്ക് തുടക്കമിട്ട സബുന്നിസ ടീച്ചർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ .

പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചേ മതിയാവൂ ..

കഴിഞ്ഞ വാരം മുതൽ തെരഞ്ഞെടുക്കാൻ തുടങ്ങിയ പോസ്റ്റ് ഓഫ് ദ വീക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്

പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ സാഹിത്യ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


📕തിങ്കൾ📕
     ഗ്രൂപ്പിന്റെ സർഗതാളലയമായ സർഗസംവേദനത്തിൽഇന്ന് അനിൽ മാഷിനു പകരം സ്വപ്ന ടീച്ചറാണ്അവതാരികയായെത്തിയത്. വി.മുസഫർ അഹമ്മദിന്റെ മരുഭൂമിയുടെ അത്മകഥഎന്ന യാത്രാവിവരണത്തിന് ഫെെസൽബാവതയ്യാറാക്കിയ നിലാവ് കോരിക്കുടിച്ച കള്ളിമുൾച്ചെടികളിലൂടെഎന്ന വായനാക്കുറിപ്പാണ് ടീച്ചർ പോസ്റ്റ് ചെയ്തത്. ഓരോ യാത്രയും തീക്ഷ്ണമായ അനുഭവച്ചൂടിൽ പൊള്ളുകയും ചിലപ്പോൾ കടുത്ത ശെെത്യത്താൽ വിറയ്ക്കുകയും ചെയ്യുന്ന ഒരു വായനാനുഭവക്കുറിപ്പ്...പെരുമ്പാമ്പിന്റെ വയറു കീറി നേപ്പാളി തൊഴിലാളിയെ പുറത്തെടുത്ത ബദുവിയൻ അറബിയുടെ അനുഭവം ഒരു നീറ്റലായി മനസ്സിൽ നിറയുന്നു😔2010ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ ഈ കൃതിയുടെ വായനക്കുറിപ്പിനു ശേഷം വിജു നായരങ്ങാടിയുടെ കാശി യാത്രാവിവരണം ടീച്ചർ പോസ്റ്റ് ചെയ്തു. ഇതു വായിച്ചു കഴിഞ്ഞപ്പോൾ ഗംഗയെ കാണാനുള്ള മുടിഞ്ഞകൊതി രതീഷ്മാഷിൽ ഉണർന്നുവെന്ന് തോന്നുന്നു. 

🔴സുധടീച്ചർ, സീതടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 


📚തുടർന്ന്  രണ്ടാമത്തെ പ്രൈം ടൈം വിഭവമായ അനിൽ മാഷിന്റെ തന്നെ ആഴ്ചപ്പതിപ്പുകൾ വിശകലനം നടന്നു  ഇതിൽ മാതൃഭൂമി, മാധ്യമം, കലാകൗമുദിഎന്നീ ആനുകാലികങ്ങളുടെ അവലോകനം നടന്നു.


🖼 ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ രണ്ടു കലാരൂപങ്ങളാണ് അവതരിപ്പിച്ചത് ...

അൻപത്തിരണ്ടാം ദൃശ്യകലയായി ഏലേലക്കരടി/ കരടിയാട്ടം തുടങ്ങിയെങ്കിലും നേരത്തേയത് ഇരുളർ നൃത്തമെന്ന പേരിൽ അവതരിപ്പിച്ചതായതിനാൽ ടീച്ചർ അടുത്ത കലാരൂപത്തിലേക്ക് കടന്നു ...

🔔 തുടർന്ന മൂക്കുതല ഭാഗങ്ങളിൽ ദേശപ്പൂരങ്ങളുടെ വരവറിയിച്ചു കൊണ്ട് നടത്തുന്ന മൂക്കൻ ചാത്തൻ എന്ന കലാരൂപം അവതരിപ്പിച്ചു .

ഫോട്ടോകൾ ,വീഡിയോകൾ ലിങ്കുകൾ എന്നിവയും വിവരണത്തോടൊപ്പം ഉൾപ്പെടുത്തിയിരുന്നു

🔵 തുടർന്ന് നടന്ന ചർച്ചയിൽ രജനി ,സലൂജ ,കല ടീച്ചർ ,വാസുദേവൻ മാഷ് എന്നിവർ പങ്കെടുത്തു


📚 ബുധൻ 📚

നെസി ടീച്ചർ ലോകസാഹിത്യ വേദിയിൽ ക്യൂബയിൽ ജനിച്ച ഇറ്റാലിയൻ കഥാകൃത്ത് ഇറ്റാലോ കൽവീനോ യെയും അദ്ദേഹത്തിന്റെ ചെറുകഥകളെയും പരിചയപ്പെടുത്തി.

🎥 തുടർന്ന് നടന്ന സിനിമാകൊട്ടകയിലാകട്ടെ നെസി ടീച്ചർ കുർദ്ദിഷ് ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത, യുദ്ധക്കെടുതികളെയും ഇരകളെയും പറ്റി പറയുന്ന turtles can fly എന്ന കുർദ്ദിഷ് സിനിമയാണ് പരിചയപ്പെടുത്തിയത്, 

🔴രതീഷ് മാഷ്, വിജു മാഷ് ശിവശങ്കരൻ മാഷ്, മിനി ടീച്ചർ, സുധ ടീച്ചർ തുടങ്ങിയവർ കൂട്ടിച്ചേർക്കലുകളും അഭിനന്ദനങ്ങളുമായെത്തി..


📚വ്യാഴാഴ്ച മിനി ടീച്ചർ കെ ആർ ശ്രീലയുടെ അശ്വമേധം ആസ്വാദനം പങ്കുവെച്ചു .തുടർന്ന് ചർച്ച പാഠപുസ്തക വിശകലനത്തിന്റെ തലത്തിലേക്കുയർന്നു .
സവിശേഷ പ്രയോഗങ്ങളുടെ ഔചിത്യവും ചർച്ചാ വിഷയമായി..

🔵 ഗ്രൂപ്പംഗങ്ങളും സജീവമായിത്തന്നെ ചർച്ചയിൽ പങ്കെടുത്തു


🎼🎹വെള്ളി🥁🥁
   സംഗീതസാഗരത്തിന്റെ പുതിയ അലയൊലിയിലേയ്ക്ക് സ്വാഗതമാശംസിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത രജനിടീച്ചർഇത്തവണ പരിചയപ്പെടുത്തിയത് പാക്കിസ്ഥാനിലെ പടിഞ്ഞാറെ പഞ്ചാബിലും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബിലും വ്യാപിച്ചുകിടക്കുന്ന  പഞ്ചാബിസംഗീതമാണ്.ദാഡിയിലൂടെ തുടങ്ങുന്ന പഞ്ചാബി നാടൻപാട്ടുകൾ സാമൂഹ്യപരമായ ഒരുമയാണ് കാണിക്കുന്നത്. തുടർന്ന് റിതം,മെലഡി,ഭാംഗ്ര സംഗീതം,ഭാംഗ്ര ബാൻഡുകൾ, കലാകാരന്മാർഎന്നിവ രജനിടീച്ചർ വിശദമായി പരിചയപ്പെടുത്തി.അനുബന്ധമായി ചേർത്ത വീഡിയോ ലിങ്കുകൾ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ആ താളവും ഓളവും മിടിക്കുന്നു... (സ്ക്കൂൾ ടൂർ കഴിഞ്ഞിറങ്ങിയാലും തലയിൽ മുഴങ്ങുന്ന അടിപൊളിസംഗീതം പോലെ).സീതടീച്ചർക്ക് കേട്ടിട്ട് മതിയായില്ലെന്ന് തോന്നുന്നു;പിന്നെയും വരികൾ ചോദിക്കുന്നുണ്ടായിരുന്നു.പഞ്ചാബിഹൗസും,മല്ലുസിങ്ങും ചർച്ചയിൽ വന്നു.

🔴വാസുദേവൻമാഷ്, പ്രവീൺമാഷ്,ശിവശങ്കരൻ മാഷ്,വിജുമാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

🅾 10മണിക്ക് സബുന്നിസ ടീച്ചറും,അനീസുദ്ധീൻ മാഷും അശ്വമേധംകവിതയെ ആസ്പദമാക്കി ഉന്നയിച്ച ചോദ്യങ്ങൾ👍👍നേരം വെെകിയതിനാലാകും വിജുമാഷ് മാത്രം മറുപടി നൽകി.ഇത്തരം ചോദ്യോത്തര ചർച്ചകൾ ഗ്രൂപ്പിനെ ഉണർത്തും_തീർച്ച.

📕തുടർന്ന് പ്രവീൺ മാഷ്തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 3ാംഭാഗം പോസ്റ്റ് ചെയ്തു. ഇതിൽ കീഴാളക്കാവുകളെയും,തെയ്യങ്ങളെയും വെെദികാഭിമതത്തിന് കീഴിലാക്കാൻ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ അക്കമിട്ടു നിരത്തുന്നു.അതുപോലെ തെയ്യം കെട്ടിയാടലിലുണ്ടായ കാലാനുസൃതമായ മാറ്റങ്ങളും ഇതിൽ വിശദീകരിക്കുന്നു.


✍ശനി✍
    സർഗതീരത്തേക്ക് സ്വാഗതമരുളി ദെെവത്തിന്റെവരദാനമായ സർഗചേതനകളെ ഉണർത്താൻ അവതാരക സെെനബ്ടീച്ചർകൃത്യസമയത്തുതന്നെ എത്തിച്ചേർന്നു. അനുജിയുടെ സമാന്തരപ്രണയം, സുലെെമാൻ പെരുമുക്ക്എഴുതിയ  നാവ്,മണ്ണ് വിളിച്ചോതുന്നത്,പണമില്ലാത്തവൻ പിണം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന  യൂസഫ് വളയത്ത്എഴുതിയ  ചങ്ങലഎന്ന കഥ,നഷ്ടബാല്യത്തിന്റെ ഓർമ്മകൾ പേറുന്ന  ആരിഫ് തണലോട്ട്എഴുതിയ  കുരുന്നുകൾഎന്ന കവിത,ജീവിതയാത്രയിൽ പ്രകൃതി കാട്ടിത്തരുന്ന അടയാളങ്ങളെ കാവ്യാത്മകമായി വിശദീകരിക്കുന്ന  സംഗീതയുടെ  രഹസ്യങ്ങളാരായാതെമാനന്തവാടി സബ്ജില്ലയിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം നേടിയ സിയാനാ യാസ്മിന്റെകാലികപ്രസക്തമായ കവിത മാഞ്ഞുപോകുന്നത്, നാരായണൻകുട്ടിയുടെ  ഒറ്റയ്ക്ക് പോകുമ്പോൾഎന്ദിങ്ങനെ സമൃദ്ധമായ ഒരുഗ്രൻ സാഹിത്യ സദ്യ തന്നെ നവസാഹിതിയിലുണ്ടായി👍👍👍

📘തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 4ാം ഭാഗം പോസ്റ്റ് ചെയ്തു. ഇതിൽ തെയ്യ സ്ഥാനങ്ങളുടെ മാറ്റം,തെയ്യാട്ടക്കാവുകൾ,അവിടുത്തെ പ്രധാന സ്ഥാനങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം സാഹിത്യ വാരഫലംപ്രവീൺമാഷ് പോസ്റ്റു ചെയ്തു.


സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ആലത്തിയൂർ ഹൈസ്ക്കൂളിലെ ഗഫൂർ മാഷാണ് . പ്രൈം ടൈം ചർച്ചകളിൽ സജീവമാകാറുള്ള മാഷിന്റെ ഇടപെടൽ ഈ ആഴ്ചയിലെ അശ്വമേധം വിശകലനത്തെയും ഏറെ തിളക്കമുള്ളതാക്കി ..

വാരത്തിലെ താരം ഗഫൂർ മാഷിന് അഭിനന്ദനങ്ങൾ


ഇനി
പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് നവമ്പർ 16 ന് രവീന്ദ്രൻ മാഷ് പോസ്റ്റ് ചെയ്ത രേണുക പി .സി .യുടെ ജീവിതത്തിൽ തനിച്ചാവുന്നവർ എന്ന വിവരണമാണ് ...

രവീന്ദ്രൻ മാഷിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആ വിവരണം ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു ..




ജീവിതത്തിൽ തനിച്ചാവുന്നവർ
-----------------------------
രേണുക.പി.സി.

കത്തിക്കാളുന്ന വെയിലാണ്.തീ കോരിയിട്ട പോലെ..
പട്ടാമ്പിയിൽ നിന്നും പാലക്കാട്ടേക്കുള്ള മയിൽവാഹനം ബസ്.
ബസിന്റെ വിന്റോ സീറ്റ് തന്നെ കിട്ടി . യാത്ര തനിച്ചാണ്. ഓരോ ആലോചനയിൽ മുഴുകി അങ്ങനെ ഇരുന്നു..അടുത്തുള്ള സീറ്റിൽ ആരോ ധൃതിയിൽ വന്നിരുന്നു .ശ്രദ്ധിക്കാൻ തോന്നിയില്ല. എന്റെ ഏകാന്തധ്യാനം മുടങ്ങുമോ എന്ന പേടിയായിരുന്നു മനസിൽ..

''മോളേ..ഈ ബസ് പത്തിരിപ്പാല നിർത്തൂലോ ..ല്ലേ..''?

എന്നെ തോണ്ടി അടുത്ത സീറ്റിലെ സഹയാത്രിക ചോദിച്ചു .
''നിർത്തും...'' ഒറ്റ വാക്കിൽ മറുപടി പറഞ്ഞിട്ട് ഞാൻ വീണ്ടും എന്റെ ലോകത്തേക്കു മടങ്ങി.

''ഇവര് ചീത്ത പറയും അവിടേം ഇവിടേം ഒക്കെ നിർത്തണംന്നു  പറഞ്ഞാ..അതാ ചോയ്ച്ചത് ട്ടോ..''

ഇത്തവണ ഞാനവരെ ശരിക്കും നോക്കി .
ഒരു വൃദ്ധയായ സ്ത്രീ ..കാണാൻ നല്ല ഐശ്വര്യം..നെറ്റിയിൽ വീതിയിൽ തൊട്ട ചന്ദനക്കുറി..മുണ്ടും നേര്യതുമാണ് വേഷം .രണ്ടു കൈയിലും സ്വർണ്ണം കൊണ്ടുള്ള ഈർക്കിൽ വളകൾ...കഴുത്തിൽ രുദ്രാക്ഷം കെട്ടിയ മാല..ഇളം നീല ജാക്കറ്റ്..
ആകെ ഒരു കളഭമണം..കൈയിൽ തോൾസഞ്ചി ഭദ്രമായി പിടിച്ചിട്ടുണ്ട്..

ബസ് അതിവേഗം കുതിക്കുകയാണ്..തിരിവിലൊക്കെ എത്തുമ്പോൾ ആളുകൾ വീഴാൻ പോകുന്നു.

''അമ്മ അരികിലെ സീറ്റിലിരുന്നോളൂ..വീഴും...'' ഞാനെണീറ്റ് അവരെ അരികിലെ സീറ്റിലിരുത്തി.അവരെന്നെ നോക്കി കാരുണ്യപൂർവം ചിരിച്ചു..ഭംഗിയുള്ള ചിരി..

''അമ്മടെ വീട് പത്തിരിപ്പാലയിലാണോ..''? ഞാൻ ചോദിച്ചു .

''അല്ല..ന്റെ  ശരിക്കുംള്ള വീട് പെരിന്തൽമണ്ണയിലാ..പത്തിരിപ്പാലേല് മോള്ടെ വീടാ...'' അവരെന്തോ ചിന്തിക്കുന്ന ഭാവത്തിൽ പറഞ്ഞു.
ഒരു വിഷാദഗീതം പോലെ അവർ തുടർന്നു ...

''ഇത് വരെ മോന്റെ വീട്ടിലായിരുന്നു..ഇനി ഒരു മാസം മോള്ടെ കൂടെ....'' അവർ വിദൂരതയിലേക്ക് നോക്കി പറഞ്ഞു..

''വയ്യാണ്ടായി..പഴേ പോലെ ഓടിനടക്കാനൊന്നും വയ്യാണ്ടായി..''

''എന്നാ പിന്നെ ഒരുത്തീലങ്ങട് നിന്നാ പോരേ..അമ്മേനെ കാണാൻ അവരു വരട്ടെ ..''ഞാൻ പറഞ്ഞു..

''ഏയ്..അതൊന്നും ശര്യാവില്ല...'' അതും പറഞ്ഞ് അവർ വീണ്ടും ആലോചനയിൽ മുഴുകി.

ഞാനും എന്റെ ലോകത്തേക്ക് പിൻവാങ്ങി..
ബസ് കുതിപ്പു തുടരുകയാണ്..ആരൊക്കെയോ കയറുന്നു..ഇറങ്ങുന്നു..

''ഭർത്താവ് പോണ വരെയേ പെണ്ണുങ്ങൾക്ക് സ്വന്തായിട്ട് വീടും പൊറുതീം ഒക്കെ ഉണ്ടാവൂ..അവരങ്ങട് പോയാ പിന്നെ ..ദാ..ങ്ങനെ പാച്ചിലു തന്നെ...''

ആ വാക്കുകൾ ഒരു ഇടിത്തീ പോലെ എന്നെ പേടിപ്പിച്ചു..ഭർത്താവ് ജീവിച്ചിരിക്കുന്ന കാലം വരെ ഒരു പെണ്ണിന് അന്തസായി ജീവിക്കാം..അതാണവർ പറഞ്ഞത് ..എല്ലാരും അങ്ങനെയല്ലെന്നു പറയാൻ തുനിഞ്ഞു..പക്ഷേ എന്തോ പറയാൻ തോന്നിയില്ല..ഓരോരുത്തരും ഓരോ സാഹചര്യത്തിലുള്ളവരാണ്.എന്റെ അനുഭവമാവില്ലല്ലോ മറ്റൊരാളുടേത്..

ഈ സാധുസ്ത്രീ പറയുന്നത് അവരുടെ ജീവിതത്തിന്റെ അനുഭവങ്ങൾ വെച്ചാണ്.

''മക്കള്ടെ അച്ഛൻ പോയിട്ട് രണ്ട് കൊല്ലം കഴിഞ്ഞു ..ഈ മേടം കഴിഞ്ഞാ രണ്ടു കൊല്ലോം പതിനെട്ട് ദിവസോം ആയി...അപ്പളും വീട് വിട്ടെറങ്ങുംന്ന് നിരീച്ചില്ല്യാട്ടോ..മരിക്കണ വരെ ആ വീട്ടില്ണ്ടാവണംന്ന് മോഹിച്ചു..''

അവർ തുടർന്നു ..

''ചടങ്ങൊക്കെ തീർന്നപ്പോ മക്കളും പേരക്കുട്ട്യോളും മടങ്ങാൻ തെരക്കു കൂട്ടി..ഞാനവിടെ ഒറ്റക്കു നില്ക്കാന്ന് പറഞ്ഞപ്പൊ ന്റെ നേർക്കൊറ്റ ചാട്ടം എല്ലാരും കൂടി...പിടിച്ച പിട്യാലെ മോന്റെ പെരിന്തൽമണ്ണയിലെ വീട്ട്ല്ക്ക് കൊണ്ടോയി..ഒരു മാസം അവിടെ നിന്നു..പിന്നെ മോള്ടെ വീട്ടില് കൊട്ന്നാക്കി...''

അവർ കണ്ണു തുടച്ചു.

''ആദ്യം വിചാരിച്ചത് അമ്മേനെ രണ്ടിടത്തും ഓരോ മാസം നിർത്തീട്ട് തിരിച്ചു വീട്ട്ല്ക്കന്നെ കൊണ്ടാക്കുംന്നാ...''

ഞങ്ങൾക്കിടയിൽ അസ്വസ്ഥമായൊരു മൌനം പടർന്നു..

ബസിപ്പോൾ ഒറ്റപ്പാലം സ്റ്റാൻഡിലെത്തി..ഓറഞ്ചു വില്പനക്കാരന്റെ കൈയിൽ നിന്ന് രണ്ട് ഓറഞ്ചു വാങ്ങി..ഒന്നവർക്കു കൊടുത്തു..

ഓറഞ്ച് അവർ തിന്നാതെ ബാഗിൽ വെച്ചു.

''അത് തിന്നാത്തതെന്താ..ഇഷ്ടല്ലേ...''?

''ഏയ്..ക്ക് ഏറ്റവും ഇഷ്ടം ഓറഞ്ചന്ന്യാ..വീട്ട്ല് എത്തീട്ട് തിന്നാച്ച്ട്ടാ..അവരൊക്കെ വൈകുന്നേരത്തേ എത്തൂ..അത് വരെ ഉമ്മറത്ത് ഇര്ന്ന് കഴിച്ചൂട്ടണം..''

അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു..

''എന്നാലിതും കൈയിൽ വെച്ചോളു..'' ഞാൻ എന്റെ കൈയിലെ ഓറഞ്ചും അമ്മയ്ക്കു നീട്ടി ..അവരത് വാങ്ങാൻ മടിച്ചു..നിർബ്ബന്ധിച്ച് അത് ഞാൻ തന്നെ അവരുടെ ബാഗിലേക്ക് വെച്ചു ..

''പെരിന്തൽമണ്ണയില് ഡോക്ടറാ മകൻ..ഭാര്യ ടീച്ചറാ..രണ്ടു മക്കളും പഠിക്കാണ്..മരുമോൾക്ക്ന്നെ വല്യ പഥ്യല്ലാ...പിന്നെ ഒന്നും പറയണില്ലാന്നേള്ളൂ..ഇവടെ വന്നാ നേരെ തിരിച്ചാ..മരുമോന് ന്നെ വല്യ സ്നേഹാ...പക്ഷേ ന്റെ മോള് നേരെ തിരിച്ചാ...''

ഞാൻ നിശബ്ദമായി അവരുടെ വാക്കുകൾ കേട്ടിരുന്നു..മക്കളും മരുമക്കളും വലിയ പഠിപ്പുള്ളവർ..വലിയ നിലയിൽ ജീവിക്കുന്നവർ..എന്നിട്ടും ഈ അമ്മ ഓരോ മാസവും മാറി മാറി അവരുടെ വീടുകളിൽ ഒരു അധികപ്പറ്റായി ജീവിക്കുന്നു.
അവരെ സ്വന്തം വീട്ടിൽ കഴിയാനും ആ മക്കൾ അനുവദിക്കുന്നില്ല..

''മരിക്കണ വരെ ങ്ങനെ പോവ്വന്നെ...ജീവിതം തീർന്നു കിട്ടണ്ടെ..?''

ബസ് പത്തിരിപ്പാലയിലെത്തി..ഞാനവരെ മെല്ലെ എഴുന്നേല്പിച്ചു.

ക്ളീനറുടെ തിരക്കുകൂട്ടലിന്നിടയിലൂടെ ആ പാവം അമ്മയിറങ്ങി..ഇനി ഒരു മാസം അവരുടെ ഏകാന്തജീവിതം ഇവിടെയാണ്...അത് കഴിഞ്ഞാൽ ബാഗുമെടുത്ത് അടുത്ത വഴിയമ്പലത്തിലേക്ക്...

ഒന്നും പറയാനില്ല..ജീവിതം ചിലപ്പോൾ ഇങ്ങിനെയാണ്...എല്ലാരും ഉണ്ടെങ്കിലും തനിച്ചായി പോവുന്ന ഒരു പ്രഹേളിക...!



വാരാന്ത്യാവലോകനംഇവിടെ പൂർണമാവുന്നു
🔲🔲🔲🔲🔲🔲🔲🔲🔲🔲