2-12

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

പെട്ടന്നു പോയ പകലിൽ

എല്ലാ വസ്തുക്കൾക്കും
ഇന്ന്
സ്പ്രിങ്ങ് പോലുള്ള
നിഴലുകൾ.
അമർന്നു ചുരുങ്ങി
ചാടി നിവരുന്നു.
നിഴലോരോന്നും
സൂര്യനുദിച്ചപ്പോഴേ
വസ്തുക്കൾ
തീരുമാനിച്ചുറച്ചതാണ്
സ്വന്തം നിഴൽ
ഒന്നമർത്തിപ്പിടിച്ച്
നിവർത്തി വിടാൻ .
എന്തിന്?
എന്റെ പകൽ
പെട്ടെന്നു
പോയ് മറയാൻ വേണ്ടി
അതെ,
എന്റെ ഉത്കണ്oകളും
ആഹ്ളാദങ്ങളും
വിരസതയും
കല്ലും മണ്ണും മേഘങ്ങളും
പുൽത്തലപ്പുകളുമെല്ലാം
പെട്ടന്നു
പോയി മറഞ്ഞിരിക്കുന്നു.
പകരം
എന്റെ പകൽ
രാത്രിയിൽ ലയിക്കുന്നിടത്ത്
ചാടി നിവർന്നിളകിയാടുന്നു
നിഴലുകൾ.

പി.രാമൻ
**********************
അക്ഷരങ്ങളുടെ നിറം

എഴുത്തിനിരുത്തിയപ്പോൾ
അക്ഷരങ്ങളെ കുറിച്ച്
അറിയുമായിരുന്നില്ല ..

പല നിറങ്ങളുമായി
കൂട്ടുചേർന്ന്
അക്ഷരങ്ങൾ പഠിച്ചു ..

വെളുപ്പിന്റെ
വിപരീതമാണ്
കറുപ്പെന്ന്
പഠിപ്പിച്ചവർ
പറഞ്ഞു ,
പുസ്തകത്താളുകളിൽ നിന്ന്
കറുപ്പിനെ
ചുരണ്ടി മാറ്റുവാൻ ..

നിറഭേദങ്ങളുടെ
അക്ഷരങ്ങളിൽ നിന്ന്
ചോര വാർന്ന് പോയപ്പോഴാണ്
എന്റെ
പുസ്തകത്താളുകൾ

വെള്ള പുതച്ചത് ..

സൈനബ്, ചാവക്കാട്
**********************
ഇനിഅവനുറങ്ങട്ടെ

അപസ്മാരം പിടിച്ച്
തുള്ളുന്ന
എൻറെ മൗനം.

ഉറക്കിക്കിക്കിടത്തലാണവനെ ഞാൻ.

ഉണർന്നാൽ
അവന്റെ ഇടവേളയിൽ
വിരുന്നു വരുന്നത്
കലി തുള്ളൽ.

ഒരിക്കലവനെ
ഞാൻ 
മെല്ലെയൊന്നുണർത്തി.

വില്ലനായവനെന്നോട്:

"കൊല്ലും
ഞാനെന്റെ കാലത്തെ

ഉലയൂതി
പഴുപ്പിക്കാതെ,

ഊതിക്കാച്ചി മിനുക്കാതെ

കൊല്ലപ്പണിക്കാരന്റെ
ആലയിലെ
ഒരു മൂലയിൽ
കാലമെന്നെ
വെറുമൊരു ചൂലായ്
ചാരിവെച്ചില്ലേ..!" 

കോമരം തുള്ളി
ആടിയിളകി 
കൂട് കുലുക്കി 
കാടിളക്കി
കല പില കൂട്ടിയാലും

ഒരു കൊത്തളങ്ങൾക്കും
കൊട്ടാരങ്ങൾക്കും
അവനെ
കൂച്ചു വിലങ്ങിടാനാവില്ലല്ലോ..

ഇനി 
അവനുറങ്ങട്ടെ..

ഞാനുമെൻറെ
പടിയിറങ്ങട്ടെ..

ഓരോ
ഉറക്കും
ഉണർച്ചയുടെ
ഉറഞ്ഞുതുള്ള ലാവട്ടെ

സലാം കരുവമ്പൊയിൽ

**********************
ഒരു മധുരസ്വപ്നം

നിറഞ്ഞ സ്നേഹത്തോടെ
ഞാൻ വാതിൽ
തുറന്നു നോക്കിയപ്പോഴുണ്ട്
പാതിരാവിൽ നക്ഷത്രങ്ങൾ
എന്റെ മുറ്റത്തെ പൂന്തോപ്പിൽ
വന്നിറങ്ങിയിരിക്കുന്നു

വിടരാൻ മടിച്ചു നിൽക്കുന്ന
പൂക്കളെയൊക്കെ
ഉമ്മവച്ചുണർത്താനൊരു
സുഗന്ധിയായ കാറ്റിനെ
കൂടെ കൂട്ടിയിട്ടുണ്ട്
ആ ആനന്ദാനുഭവത്തിന്
ഇടർച്ചതട്ടുമോയെന്ന്
ഭയന്ന് പതുക്കെ വാതിലടച്ച്
വാതിൽ പഴുതിലൂടെ നോക്കി
അപ്പോൾ വിടർന്നൊരു
 നിശാഗന്ധി പാതിരാപ്പുവിന്റെ
ചുകപ്പിൽചാഞ്ഞു വീണു
തിളങ്ങുന്ന കുപ്പായങ്ങൾ
അഴിച്ചുവച്ച് പകലോൻ
വെറ്റിലയിൽ നൂറുതേക്കുന്നു

ചന്ദ്രനൊരു മന്ദാരപ്പുവിലിരുന്ന്
ചഷകം നിറയ്ക്കുന്നു
മധുപാനോത്സവത്തിന്
ഒരുക്കമാണ്
സൂര്യനും ചന്ദ്രനുമിങ്ങനെ
ഒന്നിച്ചിരിക്കുന്ന
കാഴ്ച മറ്റാരും കണ്ടിട്ടുണ്ടാവില്ല
ഒരു പുളകത്തിന്റെ പാമ്പ്
ഉള്ളിലൂടിഴഞ്ഞു

അവർ ഉറങ്ങുന്നവർക്ക്
വേണ്ടി സ്വപ്നങ്ങൾ
നിർമ്മിക്കയാണ്
വീര്യം കൂടിയത്, കുറഞ്ഞത്
അങ്ങനെ പലതരം
ഓ, സ്വപ്നങ്ങൾക്കു മേൽ
നമുക്കൊരു നിയന്ത്രണവു
മില്ലാത്ത തതു കൊണ്ടാവണം

നോക്കി നോക്കി നില്ക്കേ
എനിക്കുറക്കം വന്നു
അവരുണ്ടാക്കിയ
സ്വപ്നങ്ങളിലൊന്ന് വന്ന്
അനുവാദമില്ലാതെ
അതിരറ്റ പ്രണയത്തോടെ,
 ആലിംഗനം ചെയ്ത്
എന്നിലേക്ക് പ്രവേശിച്ചു

ഞാനൊരു മധുരസ്വപ്നമായ്
വെളുത്ത വിരിപ്പിട്ട
മെത്തയിൽ ഉറങ്ങിക്കിടന്നു

ഉണർന്നപ്പോഴെന്റെ
പൂന്തോപ്പിൽ കണ്ണീരു പോലെ
കുറച്ച് മഞ്ഞു തുള്ളികൾ
വീണുകിടന്നിരുന്നു
ഒരു ചെമ്പകപ്പൂവിന്റെ
മധുര ഗന്ധം തങ്ങി നിൽപ്പുണ്ട്

ഏതോ വിരഹത്തിന്റെ
വിഷാദമെന്നെ തൊട്ട്
മടങ്ങിപ്പോയി ഞാനെന്തിനോ
വെറുതെ പുഞ്ചിരിച്ചു   

ശ്രീല: വി.വി
**********************
മുന്നറിയിപ്പ്

കടൽക്ഷോഭത്തിൽ
കുടുങ്ങി
ദിക്കു നഷ്ടപ്പെട്ട
ഒരു രാത്രി
വെളിച്ചത്തിലേക്ക്
മുങ്ങിക്കൊണ്ടിരിക്കുമ്പോൾ
കൊടുങ്കാറ്റുകൾ
കട പുഴകി വീണ്
മരിച്ചവരെല്ലാം
പിടഞ്ഞെണീക്കുന്നു...
കണ്ണു കാണാതായ
പുഴകൾ
മഴയത്ത്
ഭൂമിയാകെ
ഒഴുകി നടക്കുന്നു...
ഒരു വീടും
ഉണർന്നു കാണില്ല
നിലവിളികളുടെ
കാലൊച്ച കേൾക്കുമ്പോൾ
ധൈര്യപൂർവ്വം
എങ്ങനെ
വാതിൽ തുറക്കും?
പ്രാർത്ഥനകളുടെ
ശവപ്പെട്ടിയിൽ നിന്ന്
ദൈവങ്ങളുടെ
അടക്കം പറച്ചിലുകൾ
മഴ തോരും വരെ
മരിച്ചവരെല്ലാം
ഉണർന്നിരുന്നേ പറ്റൂ
നിങ്ങളുടെ 
ജഡം
തിരിച്ചറിയാൻ
അവിടെയാരും
ഇപ്പോൾ
ജീവിച്ചിരിപ്പുണ്ടാവില്ല

ശ്രീനിവാസൻ തൂണേരി