20-01

നീല പൂക്കളുള്ള ജീവിത്തിലേക്ക് നുഴഞ്ഞു കയറുന്നവൾ
സിമി കുറ്റിക്കാട്ട്
വീട്ടീന്ന് 
പുറപ്പെട്ട് പോവല് 
ആദ്യായിട്ടൊന്നും അല്ല . 
നട്ടപ്പാതിരായ്ക്ക് 
കവലേൽ കാത്ത്‌ നിന്ന്‌ 
ആദ്യം വരുന്ന 
തമിഴ് ലോറിയ്ക്ക് നേരെ 
കൈ വീശി കാണിച്ച് 
ചാടി കേറും.

തൃശൂർക്കോ
പാലക്കാട്ടേക്കോ പോണ 
ആ പാണ്ടി വണ്ടിയ്ക്ക് 
സബോളയുടെയോ 
ഉരുളക്കിഴങ്ങിന്റെയോ 
മണായിരിക്കും . 

കാറ്റും കൊണ്ട്‌
മലർന്ന് കിടന്ന് 
നക്ഷത്രങ്ങളേം നോക്കി 
കിടക്കുമ്പോ 
എന്തേ ഈ ബുദ്ധി 
നേരത്തെ തോന്നീല്ലന്നോർക്കും . 
മണ്ണൂത്തിയെത്തുമ്പൊളേക്കും 
തട്ടുകടക്കാരൊക്കെ 
ഉഷാറായിട്ടുണ്ടാവും . 
ഉറക്കത്തിന്ന്  
ചാടി പിടഞ്ഞെഴുന്നേറ്റ് 
ഒരു കാലി ചായ അടിച്ച് 
തീരുമ്പോളേക്കും 
വണ്ടി വീണ്ടും വിടാറാവും . 

പിള്ളേർടെ സ്‌കൂൾ ഫീസ്,
അടയ്ക്കാത്ത 
തവണകൾ മുടങ്ങിയ 
ബാങ്ക് ലോണ് ,
തലേ തൊട്ട് , പല വട്ടം 
സത്യം  ചെയ്തിട്ടും 
തന്നേം പിന്നേം തൊടങ്ങണ 
അങ്ങേരടെ കുടി,
തലേന്ന്‌ കുളിച്ചപ്പോ 
പതയാത്ത സോപ്പിനെ 
പതപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 
വിരലുകൾക്കിടയിൽ 
'അവിടെ' തടഞ്ഞ 
ഒരു രൂപാകൃതിയിലെ ..
തിക്കി തിരക്കി കേറാൻ 
പ്രശ്നങ്ങൾ ഇനീം ബാക്കിയുണ്ട് . 
പാണ്ടി ലോറിയപ്പോ
വാളയാർ ചെക്ക് പോസ്റ്റ് 
എത്താറായിട്ടുണ്ടാവും . 

അലാറം അടിക്കുമ്പോ, 
തിരിച്ചെത്തുന്ന 
പുറപ്പെട്ട് പോകലുകളിൽ നിന്നും 
കൈലിയും വരയൻ ഷർട്ടുമിട്ടൊരുവൾ
പിടഞ്ഞെഴുന്നെറ്റു 
നീല പൂക്കളുള്ള 
നൈറ്റിയിലേക്ക് വീണ്ടും 
നുഴഞ്ഞു കയറുന്നത്‌
അല്ലെങ്കിലും ഒരു സ്വപ്നത്തിലല്ലേ 
സംഭവിക്കു !

മേൽക്കൂര
സുരേഷ് തെക്കീട്ടിൽ
പുതിയ എഴുത്തുകാരന്റെ പ്രഥമ കൃതി പ്രകാശനം .കാറും കവറും കൊടുത്താണ് പേരും പെരുമയുള്ള ആഎഴുത്തുകാരനെ കൊണ്ടുവന്നത്. അദ്ദേഹം വേദിയിലെത്തിയതും ബഹുമാനം കൊണ്ട് വിനീതവിധേയ ഭവ്യരായി പാവം സാധാരണ എഴുത്തുകാർ'

ആരോടും ഒന്നു ചിരിക്കുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു.

സമയമുണ്ടായിട്ടല്ല പെട്ടന്ന് തീർത്ത് ഉടനേ പോകണം നൂറു തിരക്കുകൾ

തിരക്ക് മാനിക്കണമല്ലോ ഒരു തിരക്കുമില്ലാത്ത നൂറുകണക്കിനാളുകൾ അനുസരിച്ചു.
പ്രകാശനം കഴിഞ്ഞു തിരക്ക് പരിഗണിക്കാതെ അദ്ദേഹം പ്രസംഗം തുടങ്ങി.

എന്റെ ....എന്റെ ...... എന്റെ ..... എന്റെ വായന എന്റെ എഴുത്ത് എന്റെ പുസ്തകം എന്റെ ബന്ധങ്ങൾ ഞാൻ.... ഞാൻ .... ഞാൻ

പ്രസംഗം തുടർന്നു. തന്നെ പറ്റി തന്റെ പുസ്തകത്തെ പറ്റി എന്തെങ്കിലും രണ്ട് വാക്ക് പറയുമെന്ന പ്രതീക്ഷയിൽ പുതു എഴുത്തുകാരൻ നോക്കിയിരുന്നു .പുതിയ  എഴുത്തുകാരന്റെ കുടുംബവും, കൂട്ടുകാരും നാട്ടുകാരും അടങ്ങുന്ന സദസ്സ് അതിനായി കാതോർത്തു.

എവടെ .

ഒടുവിൽ വേദിയിലിരിക്കുന്നവരേയും പാവം സദസ്യരേയും ഒന്നിച്ച് പുച്ഛിച്ച് പ്രസംഗം അവസാനിപ്പിക്കും മുമ്പ് തന്റെ വിശാലമായ കാഴ്ചപ്പാടുകൾ കൂടി ഒന്നു പങ്കുവെച്ചു.

മേൽക്കൂരകൾ തടസ്സം സൃഷ്ടിക്കാത്ത ഒരു സാഹിത്യ ലോകം അതാണെന്റെ സ്വപ്നം. എഴുത്ത്, കലകൾ എല്ലാം ഈ ഇടുക്കിയ ചുമർ കെട്ടുകൾ തകർത്ത് പുറത്തുവരണം'

തന്റെ പ്രസംഗം അവസാനിപ്പിച്ച്  തിരക്ക്  കാരണം ഉടൻ വേദി വിടുമ്പോൾ അനുഗമിക്കാൻ ആളുണ്ടായി. എതിർത്ത് പറയാൻ ആരും ഉണ്ടായതുമില്ല 

മഹത്വത്തെ കുറിച്ച് വലിയ ബോധമില്ലാത്തതിനാലാണോ അതോ സാധാരണക്കാരന് തന്റെ അഭിപ്രായം പറയാൻഎന്ത് പേടിക്കാൻ - ആരെ പേടിക്കാൻ എന്ന ലോകതത്വം ബോദ്ധ്യമുള്ളതുകൊണ്ടോ എന്തോ മൈക്ക് ഓപ്പറേറ്റർക്ക് സഹായിയായി വന്ന നാട്ടുകാരൻ കൂടിയായ നാണു പുതിയ എഴുത്തുകാരനോട് ചോദിച്ചു.

എവിടന്ന് കിട്ടിയെടോ ഇതിനെ?

ഒന്നും പറയാതെ വിഷമം മറയ്ക്കാൻ ഒരു ചിരി ചിരിച്ച് വേദിയിലേക്ക് പുതിയ എഴുത്തുകാരൻ കയറാൻ തുടങ്ങവേ വീണ്ടും നാണുവിന്റെ ശബ്ദം

ഏതായാലും അങ്ങേര് ഒന്ന് പറഞ്ഞത് നേരാ സാഹിത്യത്തിന് കലകൾക്ക് മേൽക്കൂര പാടില്ല കാരണം ഇത്തരം ടീമിന് സ്വയം പൊങ്ങാൻ അതൊക്കെ വലിയ തsസ്സം തന്നെ.

മൂടിയ മുഖം അതിൽ മുഖംമൂടിയില്ലാത്ത ആത്മാവ്
സംഗീതഗൗസ്
മുഖംമൂടി ഇല്ലാത്തവർ
അവർ മുഖം മൂടിയിരുന്നു

ശരീരത്തെ  
മാംസമാക്കിയവർ
വികാരങ്ങളെ കണാതെ പോയിരുന്നു

കാഴ്ച്ചകളെ കണ്ട് 
കൗതുകം വിടർന്ന കണ്ണുകൾക്ക് മീതെ
വല നെയ്ത് പരിധി നിശ്ച്ചയിച്ചിരുന്നു 

മിടിച്ചുപൊങ്ങുന്ന ഹൃദയത്തിനുമീതെ
വിലക്കുകളുടെ  ഘനം കയറ്റിവച്ചിരുന്നു

ഉണരുന്ന മൃദുവികാരങ്ങൾ
മൂർച്ചയുള്ള വാക്കുകളുടെ അമ്പെയ്ത്തിൽ 
മരണം വരിച്ചിരുന്നു

എകാന്തത വിരുന്നിനെത്തുന്ന  ചെറിയ ഇടവേളകളിൽ
തന്നിലേക്ക് നോക്കി ചിരിച്ചിരുന്നു

വിശുദ്ധമായ ചിന്തകളിലൂടെ 
സ്നേഹിച്ചിരുന്നു
പ്രണയിച്ചിരുന്നു
കാമിച്ചിരുന്നു

അത്തറിൻ ഗന്ധം ഉന്മാദം കീഴടക്കിയപ്പോഴല്ലാം  ആലിംഗനത്തിലമർന്ന് തളർന്ന് മയങ്ങിയത് ജിന്നുകളോടൊപ്പമായിരുന്നു. 

അവിശുദ്ധ ബന്ധം
കിനാക്കളെ തേടിയെത്തിയപ്പോൾ ഞെട്ടിയുണർന്ന്
ദൈവത്തോട് സംവദിച്ചിരുന്നു

കൽപ്പനകളിലെന്നപോൽ ആരോ എഴുതിവച്ച വായിച്ചു തീരാത്ത നിയമ പുസ്തകത്തിന്
മതമെന്ന് തലക്കെട്ട്.

വലകൾ
ശ്രുതി. വി.എസ്.
നീ നെയ്ത വലയിൽ
ഞാൻ കുടുങ്ങി കിടക്കുന്നത് -
നീ
സ്വപ്നം കാണുന്നു
നിന്റെ വലകണ്ണികൾക്ക്
ബലമില്ലെന്നറിഞ്ഞിട്ടും
അതിൽ കുരുങ്ങി
പോയ വളാണ്- താനെന്ന്
വെറുതെ - ഞാനും...
ഇതൊരു സുഖമാണ്
നിന്റെ ബലമില്ലാത്ത
വിശ്വാസത്തിൽ
പൊട്ടിച്ചെറിയാനുള്ള
കരുത്തുമായി
വെറുതെ കിടക്കുക എന്നത്...
ചെറുപ്പത്തിൽ
അച്ഛനും
വലുതായപ്പോൾ നീയുമാണ്
മഴവില്ലിനെ കാണിച്ചു തന്നത്.
അതും മുന്നോട്ടോടുന്ന
എന്നെ പിറകിലോട്ട്
വലിച്ചുകൊണ്ടു മാത്രം
നിന്റെ വല കണ്ണികൾക്കും
ഇഴയടുപ്പമില്ലല്ലോ
ഒരു മഴവില്ലിനൊഴുകി-
പടരാൻ .. ഇനിയും
സ്ഥലമെത്ര ബാക്കി..
വലകൾക്കുള്ളിൽ
മുഖം ചേർത്ത്
മഴ മുഖങ്ങളെ മാത്രം
സ്വപ്നം കാണുമ്പോൾ
നീ എന്നെ പിറകോട്ട് വലിച്ച്
വീണ്ടുമാ നിറങ്ങളെ
കാണിക്കണം
അതുമൊരു സുഖമാണ്‌..
നിന്റെ ബലമില്ലാത്ത
പ്രതീക്ഷയിൽ
എന്റെ സ്വപ്നം
സമർപ്പിക്കുന്നതും
ഒരു സുഖമാണ്.

സൈനികന്റെ പ്രണയിനി
മുനീർ അഗ്രഗാമി
അതിർത്തിയിലുള്ള
 ഹൃദയത്തിന്
കാവലിരിക്കുവാൻ
അവൾക്കേ അറിയൂ .
എല്ലാ നുഴഞ്ഞുകയറ്റങ്ങളെയും
പ്രതിരോധിക്കുവാനും.