21-04


ഇസ്തം.
രമണൻ ഞാങ്ങാട്ടിരി.
മഗൻ
ഗോയമ്പത്തൂരിലാ
പടിപ്പ്.
എന്തൊരോ
എന്തിനെരോ
പടിപ്പ്.
വീക്കെന്റ്
വീക്കെന്റ്
വരുമ്പോ
ഓൻ
ഗടല മിടായി
ഗൊണ്ടരും.
ഗരുഡാ
ഗമ്പനി വഗ
ഗോയമ്പത്തൂരീന്ന്.
എനിക്കതിസ്തം
ഓനുമിസ്തം
എല്ലാരക്കും
ഇസ്തമിസ്തം.

വയൽമണം
സംഗീതഗൗസ്
വയൽ മണക്കുന്ന കാറ്റ്
വഴിയിൽ തടയണ കെട്ടി  പറയുകയാണ്,
മനുഷ്യരെ കാണാൻ ഗ്രാമങ്ങളിലേക്ക് ചെല്ലണമെന്ന്
വെയിൽ കൊള്ളുന്ന
കറുത്തവനും
നിലമുഴുതു മറിക്കുന്ന
ചെറുമനും
നെല്ല് കാക്കുന്ന തീയ്യനും പാർക്കാൻ
മണ്ണിൻ ഗന്ധമുള്ള ഏറുമാടങ്ങളുണ്ടെന്ന്
മുളങ്കോലിൽ,തൂങ്ങിയാടുന്ന റാന്തലിൻ തിരിയിൽ
തീ കെട്ടുപോയ ചൂട്ടുകെട്ടിലെരിയുന്ന അഗ്നി നക്ഷത്രങ്ങളിൽ
അവരുടെ പുകയന്ന ജീവിതമുണ്ടെന്ന്
ചാറ്റൽമഴ പാറ്റുന്ന തണുത്ത കാറ്റിൽ
ഒാലക്കൂര ചോർന്നിറ്റുന്ന കലങ്ങിയ നീരിൽ
അവരുടെ കിതപ്പും വിയർപ്പും  ഒലിച്ചുപോകാറുണ്ടെന്ന്
സങ്കടങ്ങളിൽ ചിരിക്കുന്ന കണ്ണീരിൽ, സന്തോഷങ്ങളിൽ  കരയുന്ന പുഞ്ചിരിയിൽ അവർക്ക്
പരിഭവങ്ങളില്ലാത്ത രാപ്പകലുകളുണ്ടെന്ന്
ചളിചൂരടിക്കുന്ന
പാടവരമ്പും
ഞാറ്റുപാട്ട്കേട്ട് ചിറകടിക്കാതെ പറക്ക്ണ പരുന്തും
വക്കത്തിരിക്ക്ണ  വെളുത്ത കൊക്കും
തുള്ളിച്ചാടുന്ന ചെറുമീനുകളും
തവളകളും
മീൻകൊത്തിയും പൊൻമാനും
കുളക്കോഴിയും
താറാകുഞ്ഞുങ്ങളും
കുളവും ആമ്പലും പുഴയും കായലും
ഇവയെല്ലാം ഗ്രാമ വാസികളാണെന്ന്
വയൽ മണക്കുന്ന കാറ്റ്  വഴിയിൽതയണകെട്ടി പറയുകയാണ്..
മുഷ്യരെ കാണാൻ
ഗ്രാമങ്ങളിലേക്ക്  ചെല്ലണമെന്ന്.

സിസ്മോഗ്രാഫിന്റെ ഹൃദയമിടിപ്പുകൾ
ദീപ കരുവാട്ട്
സ്വയം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവാണ്.
തിരഞ്ഞു പോവാൻ പ്രേരിപ്പിച്ചത്.
എന്തൊരാൾക്കൂട്ടം
ഞാനോ.. നീയോ..?
വണ്ടികളുടെ
കിതപ്പിനടിയിൽ ഒരല്പപ്രാണൻ,
കണ്ണുകൾ ഇറുക്കിയടച്ചു
തിരിഞ്ഞു നടന്നു.
എന്നെ കണ്ടില്ല അവിടെ.
ആ പൂമൊട്ടിൻറെ ഇതളുകൾ
ബലമായി ആരോ വിടർത്തിയിട്ടിരിക്കുന്നു.
തൃഷ്ണയുടെ മൃഗവാസന,
വിഹ്വലതയോടേ അവിടേയും കണ്ണുകളടച്ചു
ചുറ്റിലും ഇരുട്ട്മാത്രം
എന്ത് കാണാൻ...?
ചെറുതും വലുതും ഇഴഞ്ഞും വലിഞ്ഞും
ജീവിതത്തിൽ ചാപിള്ളപോലെ,
പ്രാണനൂർന്നുപോകുന്ന
വിശപ്പിൻറെ വെറിപൂണ്ടിഴയുന്നൊരു കൂട്ടരുണ്ട് ത്രേ.
അവിടെ ചെന്നു.
അപൂർവ്വലജ്ജാമൂഢതയോടേ തലതാഴ്ത്തി പോന്നു.
ഒന്നും കണ്ടില്ല
ഞാൻ,
എന്നേയും
ഇനിയെവിടെ തിരയും ..?
ഒറ്റയിരുപ്പിൽ നിന്നിടത്തിരുന്ന് കുഴിക്കാൻ തുടങ്ങി
വർഷങ്ങളെ ഖനനം ചെയ്തപ്പോൾ  ടെക്ടോണിക് പ്ലേറ്റുകൾ ഇളകിമാറി
ശിലാപടലങ്ങൾക്ക് സ്ഥാനഭ്രംശം..
അതിശക്തമായ കുലുക്കം
ഭൂവൽക്കം തൊട്ട് അകക്കാമ്പിൽ വരെ
ഉള്ളറയിൽ
ഒരു കുഞ്ഞ്
വായമൂടികെട്ടി,
കണ്ണുകൾ മൂടികെട്ടി.
കാതുകൾ പൊത്തിപിടിച്ചിട്ടുണ്ട് ഒരുവൾ.
കൈകാലുകൾ ബന്ധിച്ചു കാവലായി ഒരാണും.
ചിന്തകളേയും ഇച്ഛാശക്തിയേയും മരവിപ്പിച്ചുകൊണ്ട്
സദാചാരകാലാളുകൾ.
ഹോ!!!
എന്നേ
ഖരാവസ്ഥയിലായിരിക്കുന്നു.
ഋതുക്കൾ
കാലാവസ്ഥ
സമയം
വ്യത്യാസമൊന്നും ഇല്ലാത്തതിനാൽ
ഇളകാനാവാതെ..
പക്ഷേ
ഹൃദയതരംഗങ്ങളുടെ പ്രവർത്തനം
തലച്ചോറിൽ അതിശക്തമായി ആഞ്ഞടിച്ചാൽ
ആകെ കുലുങ്ങും
പ്രകൃതിയുടെ ഉഗ്രരൂപം
ഭൂകമ്പം.
ഉറപ്പുള്ള ഭൗമോപരിതലത്തിൽ ജീവിച്ചു ശീലിച്ചിരിക്കുന്നവർ അത് ഇളകാൻ തുടങ്ങുമ്പോൾ
പരിഭ്രാന്തരാകുമത്രേ..
സിസ്മോഗ്രാഫായി ഒരാൾ അരികിൽ.
മനോനില,
പരിമാണം,
തീവ്രത,
തിരച്ചിൽ നിർത്തുന്നു.



മറവിക്കാരി
            റഫീക്ക് അഹമ്മദ്
എന്തോ മറന്നുപോയിട്ടുണ്ട്
എന്നുമിതാണ് ,പതിവുബസ്സും തെറ്റി
വഴിവക്കിലമ്പരപ്പോടെ കിതച്ച് നില്ക്കുമ്പോൾ
ഉള്ളിലിരമ്പിക്കടക്കുന്നു തീരാത്ത
വേവലാതിക്കരിവണ്ടികൾ
ഓരോ ജനാലയിലോരോ മറവികൾ
എന്തേ മറന്നത്, പാചകവാതക-
ക്കുറ്റിയടച്ചുവെക്കാൻ, പുറം വാതിലിൻ
താഴിടാൻ, വൈദ്യുതി പ്പങ്ക നിറുത്തുവാൻ?
കുട്ടന്റെ പുസ്തകത്തിൽ ഗൃഹപാഠങ്ങൾ?
മൂക്കത്തു ശുണ്‍ഠിയുള്ളാൾക്ക് ബാറിൽ നഷ്ട-
മാക്കുവാനുള്ള കൈലേസ്
അല്ല അതൊന്നുമല്ല
എന്തോ മറന്നു പോയിട്ടുണ്ട്
ഓർത്തെടുക്കുവാൻ വയ്യ ഓർമ്മകൾ കൊണ്ട്
തുടുത്ത പഴേ മുഖം
എന്തോ മറന്നു, തിരക്കിട്ടിറങ്ങുമ്പോ-
ളാപ്പീസിലെ ഫയൽക്കെട്ടിൽ ?
രജിസ്റ്ററിലൊപ്പുകോളത്തിൽ?
തെരുവിലോരത്തെ പച്ചക്കറിക്കട -
ത്തിണ്ണയിൽ?
ഇല്ല, ഒന്നും മറന്നുപോകാറില്ലവൾ
തന്നെയല്ലാതെ...

എല്ലാം ഞാന്‍ തന്നെ പറയണമെന്നില്ല  
                   വീരാന്‍ കുട്ടി
എല്ലാം ഞാന്‍ തന്നെ പറയണമെന്നു
ശഠിക്കരുതേ.
ഏകാന്തതയെക്കുറിച്ചു പറയാന്‍ ,
പിറന്ന നാള്‍ മുതല്‍
ഒരേ നില്പു നില്‍ക്കുന്ന
ആ പർവതം തന്നെ ധാരാളം മതി .
കാടിനെ
പൊട്ടിച്ചിരികളോടെ വര്‍ണിക്കാന്‍
അതിന്‍റെ അരുവിയെത്തന്നെ ചുമതലപ്പെടുത്തൂ.
സ്വപ്‌നങ്ങള്‍ നെയ്യുന്നതിനെപ്പറ്റി
ഈ എട്ടുകാലിക്കു
പറയാനുള്ളതില്‍ കവിഞ്ഞൊന്നും
എനിക്കറിയില്ല .
വിശപ്പിനെപ്പറ്റിയാണെങ്കില്‍
മെലിഞ്ഞ രൂപങ്ങള്‍ കൊണ്ട്
ഒരു ചിത്രപരമ്പര തന്നെ എഴുതും
ഈ തെരുവിലെ നിഴലുകള്‍ .
മരിച്ചുകിടക്കുന്ന ഒരാള്‍ക്ക്‌
മറ്റാരേക്കാളും
നിശ്ശബ്ദതയെക്കുറിച്ച് നിങ്ങളോട് ചിലത്
പറയാനുള്ള അര്‍ഹതയുണ്ട് ;
ദൈവത്തെക്കുറിച്ചും.
പറയുന്നതെന്തെന്നുവെച്ചാല്‍
ഇത്ര കാലവും ഒച്ചവെച്ചുകൊണ്ടിരിക്കുന്നവരോട്
ഒന്നു മിണ്ടാതിരിക്കൂ എന്നു പറയാന്‍
ഒരു ധൈര്യശാലി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
നിങ്ങളില്‍ നിന്നു ഒരാളാവുമെങ്കില്‍ നല്ലത്.

 ചെരുപ്പ് 
കൃഷ്ണദാസ്. കെ.
ഒന്നാലോചിച്ചാൽ ചെരുപ്പ് ഒന്നുല്ല ! വളരെ നിസ്സാരം.
കാലിലിടാനുള്ള വസ്തു !
അകത്ത് കേറ്റാൻ കൊള്ളാത്ത സാധനം !
മറ്റൊരർത്ഥത്തിൽ "ഒരു കീഴാളൻ " അത്ര മാത്രം .
"ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക "
എന്ന ചൊല്ലിൽ എത്തുമ്പോഴേയ്ക്കും സംജ്ഞ എന്നതിലുപരി  പാഠമായി ചെരുപ്പ് രൂപപ്പെടുന്നത് കാണാം.

" കടിക്കുന്ന ചെരുപ്പ് "എന്ന പ്രയോഗം സംരക്ഷിക്കേണ്ടവർ തന്നെ സംഹരിയ്ക്കുന്ന മാരക രോഗത്തിന്റെ രൂപകമായി  പരിണമിക്കുന്നു '
കാലിനെ അലങ്കരിയ്ക്കുന്ന ധർമ്മം കൂടി ചെരുപ്പ് നിർവ്വഹിക്കുമ്പോൾ കച്ചവട മൂല്യത്തിന്റെയും വിപണിമൂല്യത്തിന്റെ  ശക്തിയാവുന്നു.
സമ്പന്നന്റെ " മെതിയടി "യിൽ നിന്നും സാമാന്യ ജനത്തിന്റെ ചെരുപ്പിലേക്കുള്ള വ്യാപനം മൂലധനശക്തികളുടെ മുന്നിൽ ജാതി മത വർണ്ണഭേദമില്ല ;ലാഭം മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് നൽകുന്നു.
പാവപ്പെട്ടവന്റെ ചെരുപ്പും പണക്കാരന്റെ ഷൂസും രണ്ടു വശമാകുമ്പോൾ തന്നെ ധാർമ്മികമായി ഒന്നാവുന്നു.
വിൻസ്റ്റൺ വാൻഗോഗ്  " ഷൂ " എന്ന ചിത്രത്തിലൂടെ വിവേചനത്തിന്റെയും ദാരിദ്രത്തിന്റെയും ദൂരവസ്ഥ ഒരേ സമയം
വരച്ചിടുന്നത് കാണാം.
 "ചെരുപ്പ് മാല " അണിയിക്കുമ്പോൾ അഴിമതിക്കാരായ ഭരണാധികാരികളെ  ജനകീയ വിചാരണ ചെയ്യാനുള്ള നിയമസംഹിതയായി .
 ഭരണാധികാരിയേ ചെരുപ്പ് കൊണ്ട് എറിയുമ്പോൾ ചരിത്രത്തിലെ വലിയ സമര നേട്ടത്തിന്റെ പകരക്കാരൻ ആവുന്നു.
സമരങ്ങൾ കാലം മറന്നാലും " ചെരുപ്പേറു " കിട്ടിയ ഭരണാധികാരി കറുത്ത ലിപികളിൽ എന്നും തെളിഞ്ഞ് കാണും.
ചെരുപ്പ് കൊണ്ട് മുഖത്തടിക്കുമ്പോൾ സദാചാര ലംഘനത്തിന്റെ ശിക്ഷ നടപ്പാക്കൽ ആവുന്നു.
സമൂഹത്തിന്റെ നാനാർത്ഥം നിർണ്ണയിക്കാനുള്ള ചരിത്രയാത്രയിൽ വെണ്ടുകീറിയ പാദങ്ങളേ സംരക്ഷിച്ചത് !
യാത്രക്ക് ഊർജ്ജവും പ്രചോദനവും നൽകിയത് !
രക്തവും വിയർപ്പും നൽകിയത് !
 എന്നിട്ടും തേഞ്ഞു തീർന്നപ്പോൾ .....!
 കീഴാളരേ പോലെ !
ഒന്നാലോചിച്ചാൽ ചെരുപ്പ്അത്ര നിസ്സാരല്ല! അല്ലേ ??
വൃത്തി  മാത്രമല്ല ; ചെരുപ്പ് അകത്ത് കേറ്റരുത് എന്ന്പറഞ്ഞത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ?

                     










ആരാണു നീ?
ശ്രീലാ അനിൽ
എന്റെ ഇടം കൈയ്യിലിരുന്ന്...
ഇടയ്ക്കിടെ ....
നീ പിടയുന്നതെന്തിന്?
ആ പിടച്ചിൽ....
 എന്റെ ....
ആത്മാ വോളമെന്ന് നീയറിയുന്നില്ലേ?'...
വിരൽതുമ്പിനാൽ....
 തൊട്ടുണർത്തി..... പൊരുൾ തിരയുംവരെ.....
വല്ലാത്തൊരു വെപ്രാളത്തിലാണ്ട്...
മുങ്ങി മുഴുകും...
ഞാൻ......
എന്റെ
പുലരികൾ കൺചിമ്മി ഉണരുന്നത്....
നിന്നിലേക്കാണ്....
എപ്പോഴുമെന്നൊപ്പം... നടന്നു... നടന്നു.... നീ...
എന്റെ സഞ്ചാരങ്ങളും.......
ഒളിയിടങ്ങളുമെല്ലാം......
സ്വന്തമാക്കി......
നീയെനിക്ക്.... ചൊല്ലിത്തരുന്ന കഥകൾ...
കാതിൽ മൂളുന്ന.....
ഈണങ്ങൾ....
കൂടെ
നടത്തുന്ന
കൂട്ടുകൾ......
പ്രണയങ്ങൾ.......
പരിഭവങ്ങൾ......
സങ്കടങ്ങൾ....
എല്ലാം....
ഏറെ...
പ്രിയങ്കരങ്ങൾ.....
എന്റെ അക്ഷരങ്ങൾ
നിന്റെ വെള്ളിത്തെളിച്ചത്തിൽ
എന്റെ ഭാവനകൾ...
ഈ ഒറ്റ വിരലെഴുത്തിൽ.....
നമ്മൾ ഒന്നിച്ചിരിക്കുമ്പോൾ....
പുസ്തകത്താളിലെ
അക്ഷരമണവും....
ചിത്രവർണങ്ങളും.....
പിണങ്ങി മറയുന്നു.....
അവയെ ചേർത്തണയ്ക്കാൻ..
പിന്നാലെ പായുമ്പോൾ.. നേർത്തൊരു സംഗീതമായ്....
ഒരു മൂളലായ്.....
ഒരു പിടച്ചിലായ് .....
നീയെന്നെ വരിയുന്നു.....
ഞാൻ ....
എന്റെ ലോകം..
നിന്നിൽ മാത്രമായൊതുങ്ങുന്നതിൽ...
തെല്ലഹങ്കാരം?....
നീയെനിക്കു...
പകരുന്ന ലോകം...
വിസ്മയം...
നിന്റെ അദ്യശ്യകരങ്ങളിൽ
നിന്നൊരു....
മടക്കം...
കൊതിക്കുമ്പോളും....
ഞാനറിയാതെ....
കൂടുതൽ കൂടുതൽ...
നിന്നിലേയ്ക്ക്....
ലയിക്കുന്നതെന്ത്?'...