21-10-17

💐💐💐💐💐💐
💐💐നവസാഹിതി
സൈനബ്💐💐
💐💐💐💐💐💐
സഹൃദയരെ..
 നവസാഹിതിയിലേക്ക് സ്വാഗതം ..🙏🙏
പ്രകൃതിയുടെ വരദാനമായി കിട്ടിയ സർഗ്ഗ ചേതനക ളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിലും വരും കാലങ്ങൾക്കും നമ്മെ അടയാളപ്പെടുത്തുന്ന വേദിയാവട്ടെ ഇത് എന്ന് ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു ,,
💐💐💐💐💐
സൈനബ്, ചാവക്കാട് ..
*********************
ഉടൽ താളങ്ങളിലെ ചില അടയാളങ്ങൾ
കരുവമ്പൊയിൽ

ചില ഉടലുകൾ ഈച്ചകൾക്കും പൂച്ചകൾക്കും ആഘോഷമാവുന്നു.
ചില ഉടലുകൾ ഈച്ച - പൂച്ചകളുടെ ഉറക്കു നഷ്ടപ്പെടുത്തുന്നു! 

മണ്ണു തിന്നാത്ത ചില ഉടലുകൾ വേറെ ..

അവ ഭൂമി പിളർന്നെത്തി വേറൊരു ഭൂമിയായി പുനർ വായിക്കപ്പെടുന്നു ...

അകാലത്തിൽ ഞെട്ടറ്റു പോവുന്ന ജന്മങ്ങൾ
ജന്മാന്തരങ്ങളുടെ പൂ തുമ്പികളായി 
പുതിയ ആകാശങ്ങളിലേയ്ക്ക് 
യാത്രയാവുന്നു.

ചീഞ്ഞളിഞ്ഞു പോവുന്ന നിശ്വാസങ്ങൾ 
നിലാവലയുടെ നടുത്തളമായി മാറുന്ന കാലത്ത് ,
എല്ലാ പിറവികളും സ്വന്തം
പത്തേമാരികളിൽ കടൽ തുടിപ്പിൻറെ പാട്ട് കേൾക്കാനെത്തും.

പാഴായിപ്പോയില്ല പൈതലേ
നിന്റെ ജന്മമെന്ന്,
ഓരോ 
പെറ്റ തള്ളയും ചങ്കുപൊട്ടിപാടുമന്ന് ...!

പാട്ടിൻറെ
കോൾമയിർ കൊള്ളുമിശൽ രാവിൽ 
കാട്ടു പൂച്ചകൾ 
എലിയൊച്ചകൾക്ക്
ഒരു കാതും 
കരുതി വെയ്ക്കില്ലയന്ന്..!

*********************
മുഖങ്ങൾ
Hafza


- ചില ജീവിതങ്ങളുണ്ട് -
സ്വപ്നങ്ങൾ ശൂന്യമാക്കിയത്
നിറങ്ങൾ നഷ്ടപ്പെട്ട തുരുത്തുകളിൽ
നിസ്സഹായതയുടെ മൂടുപടത്തിനുള്ളിൽ
സ്വയം മുഖമൊളിപ്പിച്ച്
ജീവിതത്തിൽ നിന്നും
തിരിഞ്ഞു നടക്കാൻ വിധിക്കപ്പെട്ടവർ..

- ചില ജീവിതങ്ങളുണ്ട് -
കാറ്റിലകപ്പെട്ട തോണിപോലെ
ഒഴുക്കിനെതിരെ പിടിച്ചു നിൽക്കാൻ
പ്രയാസപ്പെട്ട്
കാറ്റിനൊപ്പം ആടിയുലഞ്ഞ്
തുഴയും തുഴക്കാരനുമില്ലാതെ
അലക്ഷ്യമായെന്നോണം
ഒഴുകിയകന്നു പോകുന്നത്..

- ചില ജീവിതങ്ങളുണ്ട് -
സങ്കടങ്ങൾ മനസ്സിലിട്ടു മൂടി
സന്തോഷത്തിന്റെ മുഖപടമണിഞ്ഞ്
പ്രയാസങ്ങളുടെ പ്രളയങ്ങൾക്കിടയിലും
പ്രതികരണങ്ങളിൽ പ്രസന്നത
പ്രസരിപ്പിച്ച്
വിധിയെ തോൽപ്പിക്കാനെന്ന പോലെ
വിടർന്നു ചിരിക്കുന്നവർ..

- ചില ജീവിതങ്ങളുണ്ട് -
അനുഗ്രഹങ്ങളെ മറച്ചു പിടിച്ച്
അസന്തുഷ്ടിയുടെ മുഖാവരണങ്ങളിൽ
സ്വയം ഉൾവലിഞ്ഞ്
പരാതികളിലും പരിഭവങ്ങളിലും
സായൂജ്യം കണ്ടെത്തി
ജീവിതത്തിന്റെ ഇരുണ്ട വഴികളിലൂടെ
മാത്രം നടന്നു നീങ്ങുന്നവർ..

- ചില ജീവിതങ്ങളുണ്ട് -
വെൺമേഘ ശോഭയാൽ
നിറനിലാവിൻ പുഞ്ചിരി തൂകി
സ്നേഹത്തിന്റെ മാന്ത്രിക ഭാവങ്ങൾ
വാക്കുകളിലാവാഹിച്ച്
കാരുണ്യത്തിന്റെ ആർദ്രത
കണ്ണുകളിലൊളിപ്പിച്ച്
അമാവാസിയിൽ വിരുന്നെത്തിയ
പൗർണ്ണമിയുടെ പ്രഭയോടെ
നിറഞ്ഞു കത്തുന്നത് ....

*********************

നീർച്ചുഴി🥀🥀
✍ : യൂസഫ് വളയത്ത്


പുഴക്കരയിൽ ആളും ആരവവും....
കുത്തൊഴുക്കിന് നടുവിൽ മുങ്ങിത്തളർന്ന ഫയർഫോഴ്സും ബോട്ടുകളും.......
നേരം ഇരുട്ടി തുടങ്ങിയപ്പോൾ എല്ലാ മുഖങ്ങളിലും പ്രതീക്ഷകൾ കെട്ടുതുടങ്ങി

ഹസ്സനുട്ടി അപ്പോഴും പ്രതീക്ഷയോടെ ഉറ
ക്കെ വിളിച്ച് കൊണ്ടിരുന്നു 
 "മോനേ.... ഷമീറേ......."
 പുഴയക്കരെ കുന്നിൻ ചെരുവിൽതട്ടി ആ വിളി അയാളിലേക്ക് തന്നെ തിരിച്ചെത്തി....

"ഞാൻ പറഞ്ഞതല്ലേട മുത്തേ പുഴേല് രണ്ടൂസത്തിന് കുളിക്കാൻ പോണ്ടാ പോണ്ടാന്ന്....... ഉപ്പാന്റെ കുട്ടി കേട്ടീര്ന്നെങ്കി..... "

പതം പറഞ്ഞ് കരഞ്ഞ് തളർന്ന അയാളെ
ആരൊക്കെയോ ചേർന്ന് വീട്ടിലെത്തിച്ചു. 

തിരികെ ഇറങ്ങി ഓടാനൊരുങ്ങവേ
തടയാൻ ശ്രമിച്ചവരോട്  അയാൾ ഉറക്കെഅലറി
 "ഞാൻ പോകും.. ആരും തടയണ്ട ഇതിലും വല്ല്യ ഒഴുക്ക് കണ്ടോനാ ഈ ഹസ്സനുട്ടി...... "

"നിറഞ്ഞ് നിന്ന പള്ളിക്കുളത്തില് ഉസ്താദിന്റെ കല്ല് മോതിരം വീണപ്പൊ പത്താമത്തെവയസ്സില് മുങ്ങിയെടുത്തോനാ ഞാൻ

എത്ര അടിത്തട്ടീപ്പോയിട്ടാണേലും
ഞാൻ മുങ്ങി കൊണ്ട് വരും എന്റെ കരളിനെ.
ഓന് ല്ലാണ്ട് എങ്ങനെ ഞാൻ....?"
 അയാൾ പിഞ്ചു കുഞ്ഞിനെപ്പോലെ കരഞ്ഞു തളർന്നു......

രാത്രിയിൽ ആളൊഴിഞ്ഞപ്പോൾ തേങ്ങലടക്കി
കനത്ത ഇരുട്ടിൽ ആരും കാണാതെ ഹസ്സനുട്ടി ഇറങ്ങി നടന്നു. 
വഴിയും വെളിച്ചവും തോറ്റുപോയ ആ നടത്തം പുഴക്കരയിലേക്ക്......

മദിച്ചൊഴുകുന്ന പുഴയിലേക്ക് നോക്കി അയാൾ മുരണ്ടു.

"ഇന്റെ ഷമീർമോനെ കട്ടെടുത്തിട്ട് നീ വല്ല്യ ആളാകണ്ട...... ഓനെ കൊണ്ടോവാനാ ഞാൻ വന്നേക്ക്ണത്..... ഹസ്സനുട്ടീടെ റൂഹ് പോയാലും ശരി ഓനെ ഞാൻ വിട്ടുതരൂല..... "

ആർത്തലച്ചൊഴുകുന്ന പുഴയിലേക്ക് ഹസ്സനുട്ടി ഇറങ്ങിനടന്നു..... ഒഴുകിയെത്തിയ ഒരു കൂറ്റൻ നീർച്ചുഴി അയാളേയും കൂട്ടി ഷമീറിനരികിലേക്ക് ഊളിയിട്ടു


🌑🌑🌑🌑🌑🌑🌑🌑🌑🌑
*********************
ആ പുസ്തകം
റുബിനിലമ്പൂർ

വായിച്ചറിയരുതേ... 
മുഴുവൻ
അറിയുന്തോറും നമ്മളതിന്റെ 
കുറവുകളിലേക്ക് 
ദൃഷ്ടിയൂന്നും... 

അറിയാത്ത  
ചീന്തുകൾ ,
ഇടയിൽ മധുരമായ് 
ചെരിഞ്ഞും  
ചുളിഞ്ഞും 
നിറമൊഴുക്കിയും 
ബാക്കിയാവട്ടെ.... 

തുറക്കാത്ത  ചെപ്പുകളിലൊന്നിൽ 
നിധിയുണ്ടെന്ന്  
സ്വപ്നം  കാണുക 
അടഞ്ഞ  കൺപീലികൾക്കുള്ളിൽ സ്വപ്‌നങ്ങൾ  തിരക്കുകൂട്ടട്ടെ... 

കാഴ്ചയില്ലാത്തവന്റെ 
കണ്ണുകളിലാണ് 
വസന്തം ഉറഞ്ഞുകിടക്കുന്നത്.. 

കണ്ണുള്ളവന്  
ചത്തുചീർത്ത 
പൂവിന്റെ 
ദുർഗന്ധവും പേറേണ്ടിവരും.... 

മീനുകളുടെ  ആകാശത്ത് 
പുഴയും ഓളങ്ങളുമുണ്ട്,
മരങ്ങളുടെ  ആകാശത്ത് കാടും  കാട്ടുപൂക്കളുമുണ്ടാവും.

മനുഷ്യരുടെ  ആകാശംമാത്രം 
ഇങ്ങനെ  വിഷംതീണ്ടി 
നീലിച്ചു
പോയതെന്താണാവോ... 
*********************
മയക്കം
മഹേന്ദർ

ഒരു തിര വന്ന് മൂടുന്നു, 
ണ്ടത് പ്രണയമോ മരണമോ
എന്നുഴറുന്നുണ്ടുള്ളിലൊരു ഞണ്ട്,
എന്താകിലെന്ത്, തൊട്ട്,
തലോടി, യാകെപ്പുണർന്ന്
ചുംബിപ്പതിലല്ലോ കാര്യ,
മെന്ന് തണുപ്പിക്കുന്നുണ്ട് 
തീരം.
നേരം
സന്ധ്യയായെന്നാകിലും,
ഇനി വരും രാത്രി, യതിൻ
പെരും കരിമ്പടം കൊണ്ട് മൂടാൻ.
അക്കരിമ്പടത്തിലൊരു
കീറലാ,
യമ്പിളിത്തെല്ല്
തെളിഞ്ഞു ചിരിച്ചീടും
മുകളിൽ,
കൂടെ നാലഞ്ച്
നക്ഷത്രക്കുട്ടന്മാരും.

പ്രണയമോ
മരണമോ
എന്താകിലെന്തിനി
ഉച്ച താണു.
സന്ധ്യതൻ
സൗകുമാര്യം
ഞരമ്പെരിവുകളിൽ
കുളിർചന്ദനം പൂശുന്നതിൻ
തണുമരണം
ആസ്വദിച്ച് കിടന്നാൽ
പോതുമേ.
*********************
💐💐💐 എം.ബഷീർ👍🏻
നിന്നോടുള്ള
ഇഷ്ടത്തെ
ഉപമിക്കാൻ
ഭൂമിയില്‍ യാതൊന്നുമില്ല പ്രിയേ

എനിക്കും 
അങ്ങനെ തന്നെ
പ്രാണനാഥാ

എന്റെ ജീവനേ
എന്നാ വാ നമുക്ക് 
മതം മാറാം

അയ്യോ അതു പറ്റില്ല
അവരെന്നെ
തല്ലിക്കൊല്ലും

പിന്നെന്തു ചെയ്യും
കരളേ

നീ ഞങ്ങടെ
മതത്തിലേക്ക് മാറെടാ

അത് പറ്റില്ലെടീ
ആണുങ്ങളല്ല
പ്രണയത്തിൽ മതം മാറുക
പെണ്ണുങ്ങളാ
അതാണ് നാട്ടുനടപ്പ്

അതെന്താ 
ആണുങ്ങള്
മാറിയാൽ മാറൂലേ

പ്രണയത്തിൽ
അങ്ങനെയാ മതം

എന്നാ എനിക്ക് 
മാറാന്‍ മനസ്സില്ല
എനിക്ക് എന്റെ മതം
നിനക്ക് നിന്റെയും 

നമുക്ക് 
നമ്മുടെ പ്രണയം

നടക്കില്ല മോളേ
നിസ്ക്കാരവും പൂജയും
ഒരുമിച്ചൊരു വീട്ടില്‍ 
നടക്കില്ല

എന്നാ നമുക്ക്
പ്രണയം മാറാം

എനിക്ക് എന്റെ പ്രണയം
നിനക്ക് നിന്റെയും

നമുക്ക് 
നമ്മുടെ മതം....
*********************
മേൽവിലാസം
(സൈനബ് ,ചാവക്കാട്)

മണ്ണു മൂടുന്നതിന് മുമ്പ്
എനിക്കൊരു ഉരുള
ചോറ് തിന്നണം ,

വെന്ത് തുള വീണ
 ആമാശയത്തിൽ നിന്ന്
വററുകൾ ചോർന്ന്
പോയേക്കാം ..

ശവംതീനികളുടെ
കണക്കെടുപ്പു പട്ടികയിൽ 
എന്റെ പേരും
ചേർത്തു കൊള്ളുക.

മേൽവിലാസം തേടരുത്,

തണുത്തു മരവിച്ച
ധമനികളിൽ നിന്ന്
അവസാന തുള്ളി
രക്തവും
ഊറ്റിയെടുത്തു കൊള്ളുക ,
എന്റെ രേഖാചിത്രത്തിലൊരു
മുദ്ര ചാർത്താം ,

ജാതി ചോദിക്കരുത് ..

നീരു വറ്റി
അടഞ്ഞ മിഴികളിൽ നിന്ന്
വെള്ളയെ ചൂഴ്ന്നെടുത്തു കൊള്ളുക ,

കറുപ്പ് തിരയരുത് ,

കാഴ്ചയാണത് ..

മനുഷ്യന് മാത്രം

കൊടുത്തേക്കുക ..