23-12

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

സഹയാത്രികയ്ക്ക്

കനകം വിളയുന്ന താഴ്വരകള്‍ കാട്ടിയിട്ടില്ല.
പ്രണയം തിമിര്‍ക്കുന്ന വേദികളിലേക്ക് വിളിച്ചിട്ടില്ല.
പണം കായ്‌ക്കുന്ന പൂമരങ്ങള്‍ കാട്ടിയിട്ടില്ല.
മദംപൊട്ടുന്ന ദാഹങ്ങളിലേക്ക് ക്ഷണിച്ചിട്ടില്ല.
രാജകുമാരിയാക്കാമെന്നു കൊതിപ്പിച്ചിട്ടില്ല.
ജീവനേക്കാളിഷ്ടമുണ്ടെന്നു കള്ളം പറഞ്ഞിട്ടില്ല.
എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിട്ടില്ല.
കല്പാന്തംവരെ കാത്തിരിക്കുമെന്ന് ചുംബിച്ചിട്ടില്ല.
പറഞ്ഞതിത്രമാത്രം
വരാനിരിക്കുന്ന പ്രഭാതങ്ങളില്‍,ഒന്ന്,
നമുക്കുള്ളതായിരിക്കും.എന്നുമാത്രം
മാത്രം.

പവിത്രന്‍ തീക്കുനി

ഒറ്റക്കൊളുത്ത്

അകന്നുമാറാൻ കുതറിയിട്ടും
ഒറ്റകൊളുത്താൽ,
നിർബന്ധിച്ചൊരു
വലിച്ചുകൊണ്ടുപോക്ക് ..
കുതിപ്പിന്റെ ഓരോ ഇടവേളകളിലും
സ്വാതന്ത്ര്യം മോഹിക്കുന്ന
ബോഗികളിൽനിന്ന്,
ഇനിയൊരിക്കലും
കണ്ടുമുട്ടില്ലെന്നുറപ്പുണ്ടായിട്ടും
യാത്രപറയാതെ
ഇറങ്ങിപ്പോകുന്ന പ്രതീക്ഷകൾ..
നിർത്താതെപോയസ്റ്റേഷനിൽനിന്ന്
ആളൊഴിഞ്ഞ കൂപ്പയിലേക്ക്
കൂട്ടത്തോടെ കയറിയ മറവികൾ
ഓർമ്മത്തുരുത്തിലേക്കൊരിക്കൽ-
പ്പോലും തിരിഞ്ഞുനോക്കിയില്ല. ..
കറുത്ത ഗൗണിട്ടൊരു ഒറ്റക്കൈ
അപ്പോഴും ഇരകളെ തേടുകയായിരുന്നു..
തുരങ്കത്തെ ഓർമിപ്പിച്ച
വാതിലുകൾകടന്ന്
ചോരച്ചുവയുള്ളൊരു നിലവിളി
പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയത്
വേഗതകൂടുതലായതുകൊണ്ടാകാം
ആരും കേട്ടില്ല ...
എല്ലാറ്റിനും സാക്ഷിയായ കാലമപ്പോഴും,
എത്ര ഓടിയിട്ടും ഒപ്പമെത്താത്തൊരു-
തീവണ്ടിപോലെ
കിതപ്പില്ലാതെകുതിച്ചുകൊണ്ടേയിരുന്നു..

സുഹ്‌റ പടിപ്പുര


കാക്കപ്പുള്ളികൾ മായുന്ന വിധം

പണ്ട്,
അൽപം ചെരിവുള്ള
നിന്റെ മൂക്കിന്റെ
വലതുഭാഗത്ത്
ചാടികിടന്ന കാക്കപ്പുള്ളി
എന്നോട് വാതോരാതെ
 മിണ്ടുമായിരുന്നു,
എന്റെ കുഞ്ഞിന്റെ
ചുമ കേട്ടാന്തലോടെ,
നിന്റെ പെമ്പ്രന്നോത്തി
പറിച്ച തുളസിയില
നിർവൃതിയോടെ
ഞങ്ങടെയടുപ്പിൽ
തിളക്കുമായിരുന്നു,
ഇടമതിലുകളില്ലാത്ത
വീടകപുറങ്ങൾക്ക്
അത്തറിന്റെയും
ചന്ദനത്തിരിയുടേയും
ഒരേ മണമായിരുന്നു,
നിന്റെ മാവിന് വളരാൻ
എന്റെ തെങ്ങിത്തിരി
ചെരിഞ്ഞു കൊടുക്കുമ്പോൾ,
തളള ചത്ത
എന്റെ പൈക്കിടാവ്
മഖമുരസി നിൽക്കുന്നത്
നിന്റെ വെളുമ്പി പശുവിന്റെ
വീർത്ത അകിടിലായിരുന്നു,
പിന്നീടെങ്ങനാന്നറിയില്ല
ചങ്ങായീ...
ഇരുതലമൂർച്ചയുള്ള
അതിരുകൾ മുളച്ചതും
അപ്പുറവുമിപ്പുറവും
പെയ്യുന്ന ഇടിമഴക്ക്
നിറമാറ്റമുണ്ടായതും,
വാക്കരികുകൾ
ചൊറിഞ്ഞു തടിച്ച്
വ്രണമായൊലിച്ചതും,
സൂര്യ വെളിച്ചത്തിന്
ഇരുട്ടിനേക്കാൾ
കറുപ്പായതും,
ബാങ്കുവിളി
ചെവിപ്പൊട്ടിച്ച്,
സന്ധ്യാകീർത്തനങ്ങൾ
ശ്വാസഗതി കൂട്ടി,
നാമൊരുമിച്ചുണ്ടാക്കിയ
പാലത്തിൽ തിക്കുകൂട്ടി
ബോംബുവെച്ചതും,
തകർന്ന പാളത്തിലെ
തീവണ്ടി ബോഗികൾ
നിലവിളികളോടെ
താഴേക്ക് കൂകിപ്പാഞ്ഞ്
വെള്ളത്തിലാഴ്ന്നു പോയതും ......
പുഴയുടെ മുകളിലിപ്പോൾ
തുടിച്ചു നീന്തണത്
എന്റെ കുഞ്ഞുമോളുടെ
ഒറ്റച്ചെരുപ്പ്
നിന്റെ കുട്ടന്റെ
മഞ്ഞപ്പന്ത്,ബാഗ്,
ആരുടെക്കേയോ കുട,
കളിപ്പാട്ടങ്ങൾ, സാരിത്തലപ്പുകൾ ....
തൊട്ടടുത്ത് പിടയുന്ന
നിന്റെ കാക്കപ്പുള്ളി,
മൂന്നാംപക്കം
മുങ്ങി നിവരാൻ കാത്ത് ഞാനും... "

നൂറ.വി

നിർവ്വചനാതീതം

ഞാനെന്നും നല്ല കേൾവിക്കാരിയായിരുന്നു..
നീയോ..
വാതോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു..
പോയ്പോയകാലത്തിൻറെ സന്തോഷങ്ങൾ, വീരകഥകൾ, സുഖമുള്ള നൊമ്പരങ്ങൾ,
വേദനകൾ,നഷ്ടങ്ങൾ
അങ്ങനെ.. അങ്ങനെ.....
നിനക്ക് പറയാനേറേയുണ്ടായിരുന്നു..

എനിക്കോ..
പറയാനൊന്നുമില്ലായിരുന്നൊ?
അറിയില്ല,
നിൻറെ വാചാലതയിൽ മുഴുകനായിരുന്നു എനിക്കിഷ്ടം..

നീയെനിലേക്ക് വരുന്നതിനേക്കാൾ
ഞാൻ..
നിന്നിലേക്ക് വരാൻ ഏറേയിഷ്ടപ്പെട്ടതുകൊണ്ടാവാം...

ചിലപ്പോൾ..
മുമ്പ് പറഞ്ഞതൊക്കെതന്നെ നീ വീണ്ടും വീണ്ടും പറയുമായിരുന്നിട്ടും
ആദ്യമായി കേൾക്കുന്നതുപോലേ
ഞനെല്ലാം അപ്പോഴും കേട്ടു കൊണ്ടിരുന്നു..

ആരാണ് നീയെൻറെ?

ഇത്രമേൽ ക്ഷമയോടെ നിന്നെ കേൾക്കാൻ..
അത്രമേൽ ആഴത്തിൽ നിന്നെ സ്നേഹിക്കാൻ..
ഉൾക്കൊള്ളാൻ...
നീയെനിക്ക് ആരാണ്?

നിർവ്വചനാതീതം.....

ദീപ കരുവാട്ട്

ഈയാംപാറ്റകളോട് ...

വിളക്കുമായവർ -
  കൊതിച്ചിരിപ്പുണ്ട്
വെളിവുള്ളോരാരും
  പറന്നു വീഴല്ലേ
ഇരുട്ടിനിത്തിരി
  നിറം കുറവാണെ -
ന്നുറക്കത്തിൽപ്പോലും
  പഴി പറയല്ലേ..
പ്രലോഭനങ്ങൾ ത-
  ന്നുറവ പൊട്ടുമ്പോൾ
ചെവിയിൽ മൃത്യുവി -
  ന്നിരമ്പം കേൾക്കണം
പറക്കമുറ്റാത്തോർ
  മഴ തീരും വരെ
മരണം കാണാതെ
  പതുങ്ങി നിൽക്കണം
വെളിച്ചത്തിൻ ചോര -
  യൊലിച്ചിറങ്ങുമ്പോൾ
നമുക്കീ രാത്രിയി-
  ലൊളിച്ചിരിക്കണം...
ക്ഷണനദീപത്തിൻ -
  കനകജ്വാലയിൽ
ക്ഷണനേരം കൊണ്ടു -
  പൊലിഞ്ഞു പോവാതെ
ഇരുളു നീന്തി നാം
  വെളിച്ചമേന്തണം
അതു വരെക്കും നാ-
  മുണർന്നിരിക്കണം

ശ്രീനിവാസൻ തൂണേരി

മേൽവിലാസമില്ലാത്തവൾ

കടിച്ചുപിടിച്ചാകിലു
മൊന്നുറക്കെ  കരയണം
ആരും  ചേർത്തുപിടിക്കാനില്ലെങ്കിലു
മൊന്നു തോളു ചാരി  നിൽക്കണം....

ദുരന്തങ്ങൾ  പുതച്ചുറങ്ങുന്ന
ആശുപത്രി  വരാന്തയിൽ
തൊലിയുരിഞ്ഞിട്ട  പഴുത്ത നിശ്വാസങ്ങളും
മേൽകൂരയിൽത്തട്ടി
താഴെക്കുചിതറുന്ന
വിഴുപ്പ് ചൂരുള്ള  പ്രാർത്ഥനകളും

വെളുത്തകോട്ടിട്ട  ചിരി കളോപ്പി ഞാൻ
വെറുതെ  വരാന്തതൻ  പാതി ചുമരായി  നിന്നു

അകത്തോർമ്മതൻ
കുഴികുത്തീ...
ഞാത്തിയിട്ട മഴത്തുള്ളികൾ
വാക്കുകളതിൽ  മൂടി
മിഴി പൂട്ടി ഞാൻ

ഉൾത്തണുപ്പിലൊരു
നിലവിളി പാതിയായ്
പകുത്തെടുത്തെന്നേ
ശക്തിയായ് വലിക്കവേ

ഉള്ളറകളേറെയുള്ളാ
കെട്ടിടത്തിനുള്ളിലെ
ചില്ലുപാത്രമുഞ്ഞിടും  പോൽ
പെൺകരച്ചിലുയരവേ...

പാഞ്ഞുചെന്നതും
കുഞ്ഞു പൈതലിൻ
പൊക്കിൾകൊടിയിലാം
ചോരപ്പൂക്കളം..

ഭ്രാന്തിയാമമ്മ  പാടിയ  താരാട്ടിൽ
ശ്രുതി  മുറിഞ്ഞൊരീണം  പിടഞ്ഞുവോ

വിഭ്രമം  കൂടുവെച്ച
മുടിയിഴകളിൽ
പരതുന്നു
ചോരപറ്റി  നനഞ്ഞ  വിരലുകൾ....

തെറ്റിത്തെറിച്ച  മിഴിത്തുമ്പ്
കൂർപ്പിച്ചു
ആട്ടിയകറ്റുന്നൂ
ഭൂതകാലങ്ങളെ

എന്നോ  മുറിഞ്ഞൊരീണമായ്
തംബുരു
തെറ്റിയകന്ന കമ്പികൾ
ശ്രുതി ചേരാതെ...

കാലമെന്ന  കാഞ്ഞിരം
കയ്പോടെ
കാത്തുവെച്ച  ഋതുക്കളിൽ
പടരുന്നു
അസ്ഥിവാരം  തകർത്തതാം അവരുടെ
പച്ചയായ  ജന്മ സാഫല്യം..?

റൂബി  നിലംബൂർ.

ആഴം


ഒഴുകുന്നു കാലമാ
               യോർമ്മകൾ;സ്നേഹമാർ_
ന്നൊരുതുള്ളി മോഹമാ
              യൊരു നിറ നിലാവായി....
മഴപെയ്തു തെല്ലൊന്നു
                             നിശ്വസിക്കുംക്ഷമ യ്ക്കതിരൊന്നു കല്പിച്ച
                     തില്ലതെങ്ങോട്ടുപോയ്
നിമ്നോന്നതങ്ങള
                 ങ്ങെ; ങ്ങെ,ന്നു ഭൂമിയിൽ
ആഴങ്ങളിൽ നനഞ്_
                 ഞോർമ്മ പുൽകുന്നു ഞാൻ !

ബിനീഷ. ജി