24-03


കവിത
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്റ്
സുമേഷിനു മാത്രം കാണാനാവില്ല,
അയാള്‍ക്കു മാത്രമതില്‍
കളിക്കാനാവില്ല.
എന്തതിശയമാണ്,
എന്തക്രമമാണ്.
ഫൈനലായിരുന്നു,
തോനെ ആള്‍ക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍
കളിക്കാനാവുമെങ്കില്‍ ബൂട്ടുമിട്ടു
ആറാം നമ്പരില്‍ അയാള്‍ ഇറങ്ങിയേനെ.
കാണാനാവുമെങ്കില്‍ കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!
സുമേഷിന്റെ അച്ഛന്‍ കണാരേട്ടന്‍
മുന്‍വരിയില്‍ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എല്‍ എ ഉണ്ട്
ഈ മൈതാനത്തിന്‍റെ തൊട്ടപ്രത്തുള്ള
കണ്ടത്തില്‍ വച്ചാണ്
പത്താളുകള്‍
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.
നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.
നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പന്‍ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.
വീട്ടിലന്ന് മുത്തപ്പന്‍ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാന്‍ പുറപ്പെട്ട,
എകെജി യെയും
പാരീസ് ഹോട്ടലിലെ ബിരിയാണിയും
ലാലേട്ടനെയും ലയന്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന
പെഴ്സില്‍ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന
കിലുക്കം മുപ്പത്തേഴു തവണ കണ്ട
‘’അനുരാഗഗാനംപോലെ...’’
കേള്‍ക്കുമ്പോഴെല്ലാം
കോരിത്തരിച്ചു പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരന്‍
വീട്ടില്‍നിന്നിറങ്ങി പതിനേഴു മിനിട്ടുകള്‍ക്കകം
അനശ്വരനും രക്തസാക്ഷിയുമായി.
എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറില്‍
സുമേഷിനു മാത്രം
 ബസ് കാത്തു നില്‍ക്കാനാവില്ല.
എന്തതിശയമാണ്.
എന്തക്രമമാണ്!
സുമേഷ് അനുസ്മരണച്ചടങ്ങില്‍
സംസാരിക്കാനാകുമായിരുന്നു എങ്കില്‍
സുമേഷ് എന്താവും
സംസാരിക്കുക?
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍
ഏതു പൊസിഷനിലാവും
അയാള്‍ കളിക്കുക?
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിന്‍റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ
പിന്നീട് ബസ്സ് കേറിയിട്ടെയില്ല.
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടര്‍
ജാതി മത രാഷ്ട്രീയ മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും തണല്‍ നല്‍കുന്ന വൃക്ഷമായിരുന്നു.
ആ ഷെല്‍ട്ടറിന്റെ അഭയത്തില്‍
പതിമൂന്നു പ്രണയങ്ങള്‍
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ്
ആ കാത്തു നില്‍പ്പ് കേന്ദ്രം!
സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാന്‍ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
അയാളില്‍ നിന്നും
ഒന്നോ രണ്ടോ ആണ്ടുകള്‍കൊണ്ട്
മുക്തി നേടിയിരുന്നു.
സുമേഷ് പോയ്പ്പോയപ്പോള്‍
കിട്ടിയ ബാങ്കിലെ പണിയും കഴിഞ്ഞ്
മടങ്ങും വഴി മൈതാനത്തിലെ ആരവം കേട്ടപ്പോള്‍
മിനി പത്തു കളിക്കാര്‍ ചേര്‍ന്ന്
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.
അന്നേരം കളി കാണാന്‍ തിടുക്കത്തില്‍
നടക്കുന്നതിനിടെ
അയല്‍പക്കത്തെ രമണി
‘’മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാന്‍”
എന്ന് നിര്‍മ്മലമായി ചോദിച്ച്
അന്തര്‍ധാനം ചെയ്തു.
എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!
ഷാജു.വി.വി

ഒറ്റയ്ക്കൊരു കുട്ടി മുന്നോട്ടു നടന്ന് പിന്നോട്ടോടുന്നു 
സൂം ചെയ്ത കണ്ണുകൾ
തറക്കുന്ന കാഴ്ചയിൽ നിന്നും
പെറുക്കിയെടുക്കാൻ
നോവുണക്കുന്ന ചിത്രമൊന്നുമില്ല.
കാലിൽ തറച്ച് നടത്തം ദുർഘടമാക്കുന്നത്
വിശാലമായ വഴിയോരത്ത്
ചിതറിക്കിടക്കുന്ന ദുഃഖത്തിന്റ കുപ്പിച്ചില്ലുകൾ
പിറകിൽ ഉപേക്ഷിക്കപ്പെടുന്ന
കാലടിപ്പാടുകൾ ഇടയ്ക്കിടെ
തിരിഞ്ഞോടിക്കൊണ്ടിരുന്നു.
തലേന്നു രാത്രി
ചോരയൊലിപ്പിച്ചൊളിവിൽ
പോയ സൂര്യൻ
അതേ ചോരപ്പാടുമായി
പകലിൽ വന്നപ്പോഴാണ്
അവന്റെ കാലടികൾ
തിരിഞ്ഞോടി മുറിയിൽ കയറിക്കിടന്നത്.
ഉറക്കമെഴുന്നേൽപ്പിക്കാനുമ്മിയുടെ കൈകൾ കാണാതായപ്പോൾ
അവിടുന്നിറങ്ങി വീണ്ടും വന്ന വഴിയിലെത്തി.
വിയർപ്പുകൊണ്ട്
സൂര്യൻ രക്തമൊപ്പുന്നത് കണ്ടപ്പോഴാണ്
വിശപ്പിന് കരയാൻ തോന്നിയത്.
പിന്നെ കാലടികൾ ഓടിയത്
അടുക്കളയിലേക്കായിരുന്നു
പാലും മുട്ടയും തരാൻ
അവിടെയുമുമ്മിയില്ലാത്തതിനാൽ
മണ്ണിനിടയിൽ ചെന്നു കിടന്ന്
വിശപ്പിനെ കൊന്നു.
സ്‌കൂളിലേക്കുള്ള ഓട്ടത്തിൽ
കൂട്ടുകാരനെ പ്രതീക്ഷിച്ചിരുന്നു.
ജഡമായികിടക്കുന്ന
സ്കൂളിന്റെ പ്രേതത്തെ കണ്ടോടിയ
മുറ്റത്ത്
ചേരുംപടി ചേർക്കാൻ
പറ്റാത്ത വിധം
അക്ഷരങ്ങളോതിക്കൊടുത്തവരുടെ
അറ്റുപോയ അവയവങ്ങൾ
വൈകുന്നേരം വീണ്ടും
സ്കൂളിനെ ശവമടക്കിയ മൈതാനത്തിന്റെ  മതിലിരുന്നിടത്ത്
കാത്തു നിന്നു കാത്തുനിന്ന്
അബ്ബിയെ കാണാതായപ്പോൾ
പേടിച്ചു വന്നിടത്തു തന്നെ പതുങ്ങിയിരുന്നു.
സന്ധ്യയായപ്പോഴേക്കും
മയ്യത്തുകൾ കിടക്കുന്ന
രക്തക്കടലിൽ നിന്നുമുയർന്ന
നീരാവി പറ്റി
സൂര്യൻ വീണ്ടും ചുവന്നു.
രാത്രിയായപ്പോൾ
തണുപ്പിന്റ കുത്തിൽ നിന്നോടി
വീട്ടിലെത്തി
ഉമ്മി പുതപ്പിക്കുന്നതും
കാത്തിരുന്നു.
മണ്ണു പുതച്ചുറങ്ങുന്നുമ്മി
വരാതായപ്പോൾ
മരവിപ്പുമായി മണ്ണടിയിൽ
വീണ്ടും അഭയം തേടി.
ഒറ്റയ്ക്കൊരു കുട്ടി
നടന്നോടിയോടിത്തളർന്നു...
പിന്നെ ഒറ്റയ്ക്കൊരു കുട്ടി
നടത്തത്തിൽ പിന്തിരിഞ്ഞോടുന്നത് നിർത്തി
മുന്നോട്ടു മാത്രം നടന്നു.
പിന്നെപ്പിന്നെ നടക്കുന്നത്
സാ.. വ... ധാ... ന... മായി.
പി
ന്നെ
പ്പി
ന്നെ...
പി
ന്നെ
പ്പി
ന്നെ...
ഒറ്റയ്ക്കൊരു കുട്ടി


ന്ന
തേ
യി
ല്ല.
ഫറാജ് മാട്ടൂൽ

ഒരു കുമ്പസാരക്കൂടിന്റെസ്വകാര്യത വേണമെനിക്ക്.
മൗനത്തിന്റെ
കുടുക്ക പൊട്ടിക്കണമിന്ന്.
ഏറ്റുപറയുവാൻ
പാപങ്ങളുടെ
നാണയങ്ങളുണ്ടേറെ ....
കേൾക്കാൻ ,
ചുമരിന്നുമപ്പുറം
ഒരു മനസ്സിന്നാർദ്രത
കാത്തിരിപ്പുണ്ടാവണം.
തിരിച്ചു വരാത്ത
ഒരു യാത്രയ്ക്കു മുമ്പ്
നന്നായൊന്നൊരുങ്ങണം
ശൈത്യത്തിലുറഞ്ഞു പോകും മുമ്പ്
അവസാനത്തെ പൂവിനെയും
കുടഞ്ഞു കളയണം
ഒടുങ്ങാത്ത വിശപ്പുകൾ,
അടങ്ങാത്ത ദുരകൾ
എല്ലാമിനി തുറന്നു കാട്ടി
കല്ലേറുകളേറ്റുവാങ്ങണം
മലകൾ കീഴടക്കുമ്പോൾ
ചവിട്ടി ഞെരിച്ച പുൽനാമ്പുകളോട്
പിഴയേറ്റു പറയണം
ഒടുവിലൊറ്റയാകുമ്പോൾ
ഒരു മണൽത്തരി പോലും
കൂട്ടുചേരാതെ വരുമ്പോൾ
വളരെ പതിഞ്ഞ സ്വരത്തിൽ
കാറ്റു മന്ത്രിക്കും:
നീ ആരുമല്ലായിരുന്നു
നീ ഒന്നുമല്ലായിരുന്നു
സ്വപ്ന

ചക്ക
പഴങ്ങളുടെ കുടുംബശ്രീ യോഗം നടക്കുന്നതിനിടയിലാണ് ആ സന്തോഷ വാർത്ത എത്തിയത്.
ചക്കയെ സംസ്ഥാന ഫലമായി തിരഞ്ഞെടുത്തു.
എല്ലാ പഴങ്ങളും ചക്കയ്ക്ക് ആശംസകൾ നേർന്നു.
അധ്യക്ഷത വഹിച്ച മാങ്ങ ചക്കയെ പുകഴ്ത്തി .' നാളെ മുതൽ ചക്കക്ക് വൻ ഡിമാന്റായിരിക്കും. ആളുകൾ ആപ്പിളും മുന്തിരിയും ഒഴിവാക്കി ചക്കയെ സ്വീകരിക്കും'...
പിറകിലെ കസേരയിലിരുന്ന ചക്കക്ക് ഇതൊക്കെ കേട്ട് അല്പം ഗമ മൂത്തു. നാളെ തന്നെ സ്വീകരിക്കാനെത്തുന്ന വൻ ജനാവലിയെ അവൾ സ്വപ്നം കണ്ടു തുടങ്ങി.
പിറ്റേന്നും രണ്ട് കയ്യിലും ആപ്പിളും ഓറഞ്ചും തൂക്കിയെത്തിയ വീട്ടുകാരൻ ചക്കയെ തറിച്ച് കണ്ടം തുണ്ടമാക്കി പശുവിന്റെ മുന്നിലിട്ടു.
ചക്കക്ക് തിരിച്ചറിവ് വന്നു... ' പദവികൾ പേരിനു മാത്രം... ചക്ക എന്നും ചക്ക തന്നെയെന്ന '...!!
ബാലചന്ദ്രൻ എരവിൽ

നിങ്ങളുടെ ജാതിയിൽപ്പെട്ടവരെല്ലാം
ഒത്തുകൂടിയിട്ടുണ്ട് !
അഭിമാനം തോന്നുന്നു അല്ലേ,
എങ്കിൽ വൈകിക്കണ്ട 
കുളിപ്പിച്ചെടുക്കൂ,
ശുദ്ധമായ ഈ ശവത്തെ ..
നിങ്ങളുടെ ജാതിയിൽപ്പെടാത്തവന്റെ 
കല്യാണപ്പുടവയിലല്ല
നിങ്ങളുടെ ജാതിയിൽപ്പെട്ടവർ
നെയ്ത പട്ടടയിലാണവളുടെ കിടപ്പ് !
കാണുമ്പോൾ
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയിൽപ്പെടാത്ത 
പൂക്കളാൽ മൂടിയ നവവധുവല്ല,
നിങ്ങളുടെ ജാതിയിൽപ്പെട്ട 
പൂക്കളിൽ നെയ്ത റീത്തിലുറങ്ങാൻ
ഭാഗ്യം കിട്ടിയ കന്യകയിവൾ !
അവളെ നോക്കൂ
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയിൽപ്പെടാഞ്ഞ കാമുകന്
ഉമ്മവെക്കാൻ കൊടുക്കാഞ്ഞ
അവളുടെ ചുണ്ടുകളിലതാ
നിങ്ങളുടെ ജാതിയിൽപ്പെട്ടൊരുറുമ്പ് 
ഉമ്മ വെക്കുന്നു !
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയിൽപ്പെടാ-
ത്തൊരു നായിന്റെ മോനെയും 
കണ്ണീരു വീഴ്ത്തിയശുദ്ധമാക്കാൻ
അങ്ങോട്ട് കയറ്റരുത്,
ആ ശവത്തിന്റെ ഉടമ നിങ്ങളാണ്
നിങ്ങൾ മാത്രം ..
.................................................................
താഴ്ന്ന ജാതിക്കാരനെക്കെട്ടി തറവാടിന്റെ അഭിമാനം കളഞ്ഞ് കുളിക്കും മുമ്പ് മകളെ കൊന്നുകളഞ്ഞ ആതിരയുടെ അച്ഛന്..

ആതിരമാരുടെ,  കടപ്പാട്...
കൃഷ്ണദാസ് കെ 

കടലിന്റെ അടിത്തട്ടില്‍നിന്ന്

നിന്നോടു സംസാരിച്ചുകൊണ്ടു ഞാന്‍
കടലിനുമീതെ നടക്കുകയായിരുന്നു
തിരകള്‍
എന്റെ കാലടികളെ ഇക്കിളിയാക്കി
കാറ്റ് ഉടലിനെ പായ് മരമാക്കി
വിശ്വസിക്കൂ എന്നു പറഞ്ഞ്
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍
നീയില്ല.
കണ്ണെത്തുന്നിടത്തെങ്ങും കരയില്ല,
കര തേടുന്ന കടല്‍ക്കാക്കകളുമില്ല.
അങ്ങനെയാണ്
ഇത്രമേല്‍ ആഴത്തില്‍
ഞാന്‍
ഒറ്റയ്ക്കായത്.

അനിത തമ്പി

സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു  പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.
നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്,
ഒരേ ദാഹങ്ങളാണ്.
സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ.
മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ.
ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത് പോലെ മറ്റാർക്കാണ് കഴിയുക.
ഏറ്റവും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അവരെ പോലെ മറ്റാർക്കാണ് പറ്റുക.
നാൽപതുകൾ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്.
 ഒന്നിൽ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവർക്ക്,
രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവർക്ക്,
ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവർക്ക്,
ഓരോ ചുംബനവും ഒരു പൂക്കാലമാണവർക്ക്,
ഓരോ സ്പർശനവും ഓരോ മഴക്കാലമാണവർക്ക്.
ഭ്രാന്തമായി പ്രണയിക്കാൻ പ്രത്യേക കഴിവാണവർക്ക്, ഭ്രാന്തുകളോട്  ശക്തമായ
ഭ്രമമാണവർക്ക്, ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവർ, ഓരോ ചിരിയിലും ഓരോ പൂക്കാലം വിടർത്തുന്നവർ. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവർ, ഓരോ പരാഗണത്തിലും ഓരോ മരണം നൽകുന്നവർ. ഹൊ എന്തൊരു പ്രണയമാണവർക്ക്....
നിങ്ങളോട് വീണ്ടും പറയട്ടെ..
നാൽപതുകൾ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാൻ പറയട്ടെ..
നാൽപതുകൾ പ്രണയത്തിന്റെ പൂമര കാഴ്ച്ചകൾ നിറഞ്ഞൊരു ലോകമാണ്..
ചെറിയൊരു തെന്നലായി വീശുവാൻ, ഓരോ പൂവുകളേയും തലോടിയുണർത്താൻ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കിൽ അതൊരു പറുദീസ തന്നേയാണ്..സ്വപ്നങ്ങളുടെ, ഇടിപ്പുകളുടെ, തുടിപ്പുകളുടെ പറുദീസ.
ഹൊ... എന്തൊരു പ്രണയമാണത്.
മാനസി

കൽക്കണ്ടത്തുണ്ട്
എന്റെ സ്വാതന്ത്ര്യം
എന്റെ മനസ്സിന്റെ
ആകാശത്ത്
വെറുതെ
പറന്നു നടക്കലാണ്......
എന്റെ
നിമിഷങ്ങൾ
എന്റേതു
മാത്രമാക്കാനുള്ള മോഹം
ഇടയ്ക്കെങ്കിലും
നിന്നോട്
കലപില കൂട്ടാനാണെങ്കിൽ
അങ്ങനെ .....
എന്റെ ചിത്രശലഭങ്ങൾ
പല വർണങ്ങൾ
കുടഞ്ഞെറിഞ്ഞ്
സ്വതന്ത്രമായി
പറക്കണം
എന്റെ ചിത്രത്തുന്നലിലേക്ക് ചമയങ്ങൾ വാരിയെറിയണം
എന്റെ സന്തോഷങ്ങൾ
ആഘോഷമാക്കണം....
വല്ലപ്പോഴും
ഇഷ്ടമുള്ളത്
വെച്ചുവിളമ്പണം...
നല്ലൊരമ്മയാവണം.....
കൂട്ടിനായ്
ചമയങ്ങളില്ലാതെ
പ്രണയമാഘോഷിക്കണം
ചിലപ്പോൾ
അസ്വാതന്ത്ര്യങ്ങളുടെ
കൽക്കണ്ടം
നുണയാനും....
രസമാണ്
ചുണ്ടിൽ
അമ്മിഞ്ഞപ്പാൽ
മണക്കുന്ന...
 നിമിഷങ്ങൾക്ക്
കണ്ണി മയ്ക്കാതെ
കൂട്ടാകുന്നത്
പ്രാണനിലയിയുന്ന
പ്രണയത്തിനായ്....
ഇന്നും
മാറോടണയ്ക്കുന്ന
കരുതലിനായ്....
അസ്വാതന്ത്ര്യങ്ങൾ... സന്തോഷ സ്വാതന്ത്ര്യങ്ങളാകും... ചില നിമിഷങ്ങളിൽ
ശ്രീല അനിൽ