25-02

🍀 വാരാന്ത്യാവലോകനം🍀
ഫെബ്രു 19 മുതൽ 24 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

അട്ടപ്പാടി മുക്കാലിയിൽ നരാധമൻമാരാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നമ്മുടെ സഹജീവി മധു എന്ന മനുഷ്യശ്രേഷ്ഠനു മുന്നിൽ പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങാം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ആഴ്ചകൾക്കു ശേഷം പ്രൈം ടൈം പംക്തികൾ മുടങ്ങിപ്പോകാത്ത ഒരു വാരമാണിത് .

പംക്തികളെല്ലാം അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


🌷 19/2/2018_തിങ്കൾ
സർഗ്ഗസംവേദനം🌷
~~~~~
തിരൂർ മലയാളത്തെ വായനാനുഭൂതിയുടെ ഉത്തുംഗശൃംഗത്തിലെത്തിക്കുന്ന പംക്തിയായ സർഗ്ഗസംവേദനം കൃത്യസമയത്തുതന്നെ ആരംഭിച്ചു.അവതാരകൻ കുരുവിള സാർ കഴിഞ്ഞയാഴ്ച അറിയിച്ച ആത്മച്ഛായ,പേപ്പർ ലോഡ്ജ് എന്നീ കൃതികളാണ് ഈയാഴ്ച പരിചയപ്പെടുത്തിയത്.ഭാഷ കൊണ്ടും പ്രമേയപരതകൊണ്ടും ശ്രദ്ധേയനായ സുസ്മേഷ് ചന്ദ്രോത്തിന്റെ ഈ രണ്ട് കൃതികളുടെയും അതിമനോഹരവും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടുമുള്ള വായനാക്കുറിപ്പുകൾ സാർ ഗ്രൂപ്പിൽ അവതരിപ്പിച്ചു.കൽക്കത്തയും ഭുവനം എന്ന പ്രദേശവും ഉൾപ്പെട്ട യാത്രയിലൂടെ....മൃണാൾ,അമ്മ,ശ്രീബൊന്ദി ഭക്ത,അമു തുടങ്ങിയവരുടെ മാനസികവ്യാപാരങ്ങളിലൂടെ..സമകാലിക ഇന്ത്യയുടെ ഛായ തന്നെയല്ലെ നോവലിൽ കാണാൻ കഴിയുന്നത്🤔
🔴ഒരു കാലഘട്ടത്തിന്റെ പകർപ്പെഴുത്ത് എന്ന് സൂചിപ്പിച്ചുകൊണ്ട് അടുത്ത പുസ്തകമായ പേപ്പർ ലോഡ്ജ് സാർ പരിചയപ്പെടുത്തി.👍ശരിയാണ്..ഒരു കാലഘട്ടത്തിന്റെ പകർപ്പ് തന്നെയല്ലേ പേപ്പർ ലോഡ്ജ്?🤔അനവധി കഥാപാത്രങ്ങളെയും സംഭവങ്ങളെയും സൂക്ഷ്മമായിത്തന്നെ പരസ്പര എെക്യത്തോടെ കോർത്തിണക്കിയ പേപ്പർ ലോഡ്ജിന്റെ വായനാക്കുറിപ്പ് 👌👌
🔴ഇത്രയും കയ്യടക്കത്തോടെ  വായനക്കുറിപ്പുകൾ തയ്യാറാക്കുന്ന  കുരുവിളസാറിന് അഭിനന്ദനങ്ങൾ🌹🌹
🔴സ്വപ്നടീച്ചർ തയ്യാറാക്കിയ പേപ്പർ ലോഡ്ജിന്റെ വേറൊരു വായനാക്കുറിപ്പ് ടീച്ചർ തന്നെ കൂട്ടിച്ചേർത്തു. കെ.എസ്.രതീഷ് മാഷ്,രതീഷ് മാഷ്,രജനി ടീച്ചർ,ശിവശങ്കരൻ മാഷ്,അശോക് സാർ,രവീന്ദ്രൻ മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


🔔 കാഴ്ചയിലെ വിസ്മയം  🔔

20 .02 .2018 ചൊവ്വ

ദൃശ്യകലകളിൽ അറുപത്തിയാറാം ഭാഗമായി പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത് ശിങ്കാരിമേള മാണ് .

🎷 കേരളത്തിലെ ഏറെ ജനകീയമായ കലാരൂപം കൂടിയായ ശിങ്കാരിമേളത്തെ കുറിച്ച് വളരെ സമഗ്രമായ റിപ്പോർട്ടാണ് ടീച്ചർ അവതരിപ്പിച്ചത് ..
നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ഉൾപ്പെടുത്തിയത് ഏറെ നന്നായി

🎤 ശിങ്കാരിമേളം കലാകാരനായ അജീഷുമായുള്ള അഭിമുഖം ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായി ..

🏀 തുടർന്ന് ചർച്ചകളുടെയും കൂട്ടിച്ചേർക്കലുകളുടെയും ഇലഞ്ഞിത്തറമേളം തന്നെ നടന്നു ..
ശ്ലോകങ്ങളും ഗാനശകലങ്ങളുമായി കടന്നുവന്ന കല ടീച്ചറും ഹമീദ് മാഷും ഗ്രൂപ്പിൽ നിറഞ്ഞാടി .. അപൂർവ്വ വിവരങ്ങളുമായി കടന്നു വന്ന പ്രവീൺ മാഷും കൈയടി നേടി ..

🔴 രതീഷ് ,രജനി ,വിജു, പ്രമോദ് , രവീന്ദ്രൻ ,ശ്രീല ,രജനി സുബോധ് , ശിവശങ്കരൻ ,സീത ,അശോക് സാർ എന്നിവരായിരുന്നു മറ്റു വാദ്യക്കാർ ..


📚 21/2/2018_ബുധൻ
ലോകസാഹിത്യം📚
~~~~~
ലോകസാഹിത്യ വേദിയിൽ നെസിടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത് അലക്സാണ്ടർ സോൾഷെനിറ്റ്സിൻഎന്ന പ്രശസ്ത റഷ്യൻ നോവലിസ്റ്റും നോബേൽ സമ്മാനജേതാവുമായ സാഹിത്യകാരനെയാണ്.സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ് പ്രശസ്തനായ ഇദ്ദേഹത്തിന്റെ ജനനം,ജീവിതപശ്ചാത്തലം,സാഹിത്യജീവിതം എന്നിവ വിശദമായിത്തന്നെ നെസിടീച്ചർ പ്രതിപാദിച്ചു.ഷെനിറ്റ്സിന്റെ മകന്റെ സഹപാഠിയായിരുന്ന രാധിക ജോൺസൺ തയ്യാറാക്കിയ ഷെനിറ്റ്സിൻ അനുസ്മരണക്കുറിപ്പും ടീച്ചർ പോസ്റ്റ് ചെയ്തിരുന്നു.
🔴 ഗുലാഗ് ദ്വീപ് സമൂഹം,ഡെനിസൊവിച്ചിന്റെ ദിവസംഎന്നീ കൃതികളുടെ വായനാക്കുറിപ്പുകൾ👌👌ഗുലാഗിലെ തടവറ നമ്മുടെ കാലാപാനി സിനിമയിലെ തടവറ പോലെയാണോന്നറിയാൻ ഗൂഗിളിൽ പരതിയെങ്കിലും നിരാശയായിരുന്നു ഫലം
🔴ലോകസിനിമയിൽ ടീച്ചർ ഇത്തവണ കൊടുത്ത യൂ ട്യൂബ് ലിങ്ക് ഷെനിറ്റ്സിന്റെ ഡെനിസൊവിച്ചിന്റെ ദിവസംഎന്ന കൃതിയുടെ സിനിമാവിഷ്ക്കാരമായിരുന്നു.
ആന്റി കമ്മ്യൂണിസ്റ്റകളെ നമ്മുടെ സാംസ്ക്കാരിക ലോകം അംഗീകരിക്കില്ലല്ലോ എന്ന് രതീഷ് കുമാർ മാഷ് അഭിപ്രായപ്പെട്ടത് ശരി തന്നെയാണ്👍പ്രമോദ് മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


🎤 22/2/2018_വ്യാഴം
  നാടകലോകം🎤
~~~~~~
നീണ്ട മൂന്നാഴ്ചയിലെ ഇടവേളയ്ക്കു ശേഷം നാടകവേദി ഇന്നുണർന്നു.തമിഴ് നാടകവേദിയാണ് അവതാരകൻ വിജുമാഷ്ഇത്തവണ പരിചയപ്പെടത്തിയത്.
🔴മതപരമായ അന്യാപദേശനാടകമായ വള്ളിക്കൂത്ത്,പ്രാചീന നാടകമായ കുരവെെക്കൂത്ത്,സംഗീതികാരൂപമുള്ള കുറവഞ്ചി....തുടങ്ങി 18ാം നൂറ്റാണ്ടിലെ  സാധാരണമനുഷ്യരുടെ, ഇതിവൃത്തമുള്ള, പള്ളുനാടകം, നൊണ്ടിനാടകംഇങ്ങനെ തമിഴ് നാടകവേദി ഇന്നത്തെ രൂപം കെെവരിച്ചതു വരെയുള്ള എല്ലാ നാടകരൂപങ്ങളെയും അവതാരകൻ വിശദമാക്കിയിരുന്നു.👌
🔴പള്ളുനാടകം,തെരുക്കൂത്ത് മുതലായവയിലൂടെ കെെവന്ന പുത്തൻ നാടകദർശനം ഇട ചേർന്ന മധ്യമാർഗം സ്വീകരിച്ച തമിഴ് നാടകവേദിയുടെ വളർച്ച  പൂർണമായിത്തന്നെ ഉൾക്കൊണ്ട പോസ്റ്റുകളായിരുന്നു എല്ലാമ.തുടർന്ന് രാജാപ്പാർട്ട് നാടകം, ശ്രീലങ്കൻ തമിഴ് നാടകം എന്നിവയെക്കുറിച്ചും പ്രതിപാദിച്ചു.
അശോക് സർ,പ്രമോദ് മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അശോക് സാർ ഉന്നയിച്ച ചോദ്യം ചോദ്യമായിത്തന്നെ അവശേഷിച്ചു.


23 .02 .2018 വെള്ളി

🎷 സംഗീതസാഗരം  🎷

വെള്ളിയാഴ്ച പംക്തിയായ രജനി ടീച്ചറുടെ സംഗീത സാഗര ത്തിൽ ആസാമി ലെ നാടോടി സംഗീതത്തിലെ വകഭേദങ്ങൾ ഓഡിയോ വീഡിയോ  ലിങ്കുകളുടെ സഹായത്തോടെ പരിചയപ്പെടുത്തി....

🎺 നമുക്ക് തീരെ പരിചിതമല്ലാത്ത ആസാമീസ് സംഗീതധാരകൾ ഏറെ കൗതുകത്തോടെയാണ് ഗ്രൂപ്പംഗങ്ങൾ വായിച്ചതും വിലയിരുത്തിയതും ..

🔵പ്രമോദ് മാഷ്, പ്രജിത ടീച്ചർ, രതീഷ് മാഷ്, തുടങ്ങിയവർ അഭിനന്ദനങ്ങളും അഭിപ്രായങ്ങളുമായെത്തി...


24 .02 .2018 ശനി

📚 നവ സാഹിതി  📚

ശനിയാഴ്ച നവസാഹിതി മലയാളികളുടെ മന:സാക്ഷിക്കുത്തായി മാറിയ മധുവിന്റെ ഓർമ്മകളിൽ കുതിർന്നതായിരുന്നു....

അവതാരക രജനി ടീച്ചർ മധുവിനായി മിനിക്കഥ സമർപ്പിച്ചു കൊണ്ട് നവ സാഹിതി തുടങ്ങി....

📕പിന്നിട് ടീച്ചർ പവിത്രൻ തീക്കുനിയുടെ 'എലി പറയുന്നത് '', മുനീർ അഗ്രഗാമിയുടെ 'നെരിപ്പോട്',, 'ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്',, പ്രഭാവർമ്മയുടെ 'നരിജൻമം', ആര്യാഗോപിയുടെ 'ജാതിയില്ലാത്തവൾ' തുടങ്ങിയവയും,, പി.എ.കെ. ജസിയ 'ഷാജഹാന്റെ ചൂഷണം',, സോഹൻ റോയിയുടെ 'യാത്രാമൊഴി' [വീഡിയോ], ', എന്നിവയും കല ടീച്ചർ മോഹൻ കരാനത്തിന്റെ ' നിർദ്ദയാവധം' _ വും പരിചയപ്പെടുത്തി..

🕔 തുടർന്ന് നടന്ന വിലയിരുത്തൽ ചർച്ചയിൽ പ്രജിത ടീച്ചർ, മിനി ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി...


⭐  സ്റ്റാർ ഓഫ് ദ വീക്ക്  ⭐

ഇനി ഈ വാരത്തിലെ താരം ..
pak എന്ന പേരിൽ പ്രൈം ടൈമിലും അല്ലാതെയും ഗ്രൂപ്പിൽ സജീവമായി ഇടപെടുന്ന പ്രിയ അരുൺകുമാർ മാഷാ ണ് ഈ വാരത്തിലെ താരം ..

വാരത്തിലെ താരം അരുൺകുമാർ മാഷിന് അഭിനന്ദനങ്ങൾ ...
🌹🌹🌹🌹🌹🌹

അവസാനമായി
🔲 പോസ്റ്റ് ഓഫ് ദ വീക്ക് 🔲

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് 22 .02 .2018 വ്യാഴാഴ്ച രാത്രി 9.40 ന് അശോക് ഡിക്രൂസ് സാർ പോസ്റ്റ് ചെയ്ത നിയാസ് പി മുരളിയുടെ  ജ്ജ് നാളെ ടൂറിന് പോണിണ്ടാ .... എന്ന കുറിപ്പാണ് .

മികച്ച പോസ്റ്റുകാരൻ അശോക് സാറിനും അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആ പോസ്റ്റ് ഒരിക്കൽ കൂടി .


"ജ്ജ് നാളെ ടൂറ് പോണിണ്ടാ?"
ബി.ഇ. എം.ഹൈസ്കൂളില്  മുന്നിലെ റോഡ് മുറിച്ചു കടന്ന്
രാജ് ട്യൂട്ടോറിയലിനോട് ചേർന്ന് കിടക്കണ ഐസ് കമ്പനിയിൽ നിന്ന് ചങ്ക് സനൽ വാങ്ങിയ അൻപത് പൈസയുടെ ഐസിന്റെ പകുതി തരുമ്പോഴാണ് ഓന് അച്ചോദ്യം വിട്ടത്...
ഞാൻ അന്തംവിട്ട് ഓന്റെ മുഖത്തേക്ക് നോക്കി...
"ഒരഞ്ചു ഉറുപ്പിക കിട്ടീനെങ്കില് റേഷനരി വാങ്ങേനി..ഇന്നും കൂടി വാങ്ങീലെങ്കില് അത് കിട്ടൂല"
രാവിലെ വീട്ടിന്ന് എറങ്ങുമ്പം ആടിനു കഞ്ഞിവെള്ളം കലക്കി കൊണ്ട് ഉമ്മ പറഞ്ഞ വാക്കുകൾ തലക്ക് ചുറ്റും പാറിക്കളിക്കുന്നു...
"അനക്കെന്തിന്റെ കാറ്റാ ചങ്ങായെ..ടൂറ്..."
ഞാൻ മുഖം കോട്ടികൊണ്ട് ഓനോട് ചോദിച്ചു..
"അനക്ക് വരണാ.. വരണ്ടേ…?
ഞാൻ തല മാറ്റിപ്പിടിച്ച് ഐസ് തിന്നണേല് മുഴുകി...
രണ്ട് മൂന്ന് തരം ഐസെ അന്ന് ആ കടയിലുള്ളൂ...
എന്റെ ഓർമയിൽ പരപ്പനങ്ങാടി ആകെയുള്ള ഐസിന്റെ കട...
ഇരുപത്തഞ്ച് പൈസന്റെ ഐസ് ഇത്തിരി കട്ടിയാണ്...
അൻപത് പൈസെന്റെല് നൂല് പോലെ സേമിയ കാണാം...
ഇടക്ക് വെള്ള ഐസിൽ തണുത്ത് പുതഞ്ഞു കിടക്കണ കറുത്ത നിറത്തിലെ മുന്തിരിയും.
മുന്തിരി കടിക്കുമ്പോ പല്ലിനിടയിലൂടെ തണുത്ത പരലുകൾ പായണ പോലെ...
കൈയിലൂടെ മുട്ടറ്റം ഒലിച്ചിറങ്ങിയ ഐസ് നക്കിതോർത്തി, ബാക്കി ട്രൗസറിൽ തൊടച്ചു,
ഞങ്ങൾ കരാട്ടെ റോഡിലേക്കിറങ്ങി...
ഇടവഴി തിരിഞ്ഞ്, ഊടുവഴികളിലൂടെ,
ഞാനും അവനും വീടുകളിലേക്ക് പോയി...
"ടൂറിന് പോവാനുള്ളവരെല്ലാം ക്ലാസ്സിലിരിക്ക..
ബാക്കിയുള്ളൊരു പൊയ്ക്കോളൂ"
രണ്ടു ദിവസം കഴിഞ്ഞ് ഒരുച്ചക്ക് സനന്ത ടീച്ചറെ ശബ്ദം, റോഡിനോട് ചേർന്ന അഞ്ചാം ക്ലാസ്സിൽ മുഴങ്ങി...
അത് കേട്ടതും കോഴിക്കൂട് തുറന്ന പോലെ പകുതിയിലധികം കുട്ടികളും അഞ്ചാം ക്ലാസ്സിനോട് ചേർന്ന് കിടക്കണ ആറാം ക്ലാസ്സ് കടന്ന് പുറത്തേക്ക് ചാടി..
കൂട്ടത്തിൽ ഞാനും..
"മുരളി അവിടെ നിക്ക്"
ടീച്ചറുടെ ശബ്ദം എന്റെ ബ്രേക്കായി മാറി..
"ജ്ജ് എങ്ങട്ടാ? അന്റെ പേരുണ്ടല്ലോ ലിസ്റ്റിൽ"
ഞാൻ തലക്ക് ഏറുകൊണ്ട കോഴിയെ പോലെ ടീച്ചറെ നോക്കി..
"ഞാനാവൂല ടീച്ചറെ..
ഞാൻ പേര് കൊടുത്തിട്ടില്ല..."
"ഈ ക്ലാസ്സിലെ മുരളി ജ്ജ് അല്ലെ? ന്നാ അന്റെ പൈസ അടച്ചിക്കണ്.."
ഉമ്മാനോട് ടൂറ്..
മുപ്പത്തഞ്ചുറുപ്യ ന്നൊക്കെ പറഞ്ഞങ്ങട്ട് ചെന്നാ മതി..
വെറുതെയെന്തിനാ പുളിവടിക്ക് പണിണ്ടാക്കണത് ന്ന് കരുതി ഞാനാകാര്യം വീട്ടില് മിണ്ടീട്ടെ ഇല്യ...
ഞാൻ ക്ലാസ് മൊത്തം നോക്കി...
ഇതാരാപ്പ എന്റെ പൈസ അടച്ചത്? 
മൂന്നാമത്തെ ബെഞ്ചിൽ ഞാനിരുന്നതിന്റെ തൊട്ടടുത്ത് ഒരു പുഞ്ചിരി...."
ആരോ തള്ളിവിട്ട പോലെ ഞാൻ അകത്തേക്ക് കയറി, സനലിന്റെ അടുത്തിരുന്നു..
"അന്റെ പൈസ ഞാൻ കൊടുത്തീനി"
ഓന്റെ മുഖത്തേക്ക് ഞാനൊന്ന് നോക്കി..
പാലൈസിലെ മുന്തിരി പോലെ മൊഞ്ചില് അത് തിളങ്ങണ്...
ട്രെയിനിൽ ടി ടി ആറായ ഗംഗാധരേട്ടന്റെ മോനും
കുഴപ്പമില്ലാത്ത തറവാട്ടിൽ പിറന്നവനുമായ സനലിന് മുപ്പത്തഞ്ച് ഉറുപ്പിക ഒരു വലിയ തുകയല്ല...
എന്നാലും അത് എന്നെപോലെ ഒരുത്തന് ചിലവാക്ക എന്ന് പറഞ്ഞാൽ ഇത്തിരി പാടാണ്...
"ജ്ജും കൂടിണ്ടെങ്കിലെ ഒരു രസള്ളൂ.."
ഓന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്ന എന്നെ നോക്കി അവൻ പറഞ്ഞു...
പരപ്പനങ്ങാടി വിട്ട് ഒരു നാടും കാണാത്ത പത്ത് വയസ്സുകാരൻ,
അവന്റെ കൂട്ടുകാരന്റെ കൈ പിടിച്ചു പാലക്കാട് കണ്ടു..
മലമ്പുഴ കണ്ടു...
പിന്നീട് പലവട്ടം അവിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇപ്പോഴും മനസ്സിൽ അന്നത്തെ ചിത്രങ്ങൾ മിഴിവോടെ...
ഏഴാം ക്ലാസോടെ ഞാൻ പരപ്പനങ്ങാടിയിൽ നിന്നും പറിച്ചു മാറ്റപ്പെട്ടു..
പരസ്പരമുള്ള കാഴ്ചകൾ കുറഞ്ഞു...
ദൂരവും സമയവും അകലം കൂട്ടി...
കാണുമ്പോഴെല്ലാം രാഷ്ട്രീയവും സിനിമയും ഫിലോസഫിയും നിറഞ്ഞ വാക്കുകളിലൂടെ സഞ്ചരിച്ചു..
എനിക്ക് വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ പറഞ്ഞു തന്നു...
പിന്നീടൊരിക്കൽ  ഹോസ്റ്റലിലേക്ക് ഉച്ചക്ക് വന്ന ഫോൺ കാളിൽ മറുവശത്ത് ഉമ്മ, കണ്ണീരു പുരട്ടി പറഞ്ഞ വാക്കുകളിൽ അവന്റെ പേരു മാത്രം ചെവിക്കുള്ളിൽ കയറി...
ജീവിതത്തിനോട് കലഹിച്ച്,
സ്വപ്നങ്ങൾ പകുതിയാക്കി,
വായിച്ച പുസ്തകങ്ങൾ മടക്കി വെച്ച്
ഒരു ദിവസം രാത്രി ട്രെയിനിന് മുന്നിലൂടെ അവൻ കാലങ്ങൾക്കപ്പുറത്തേക്ക് നടന്ന് നീങ്ങി...
പ്രിയ സ്നേഹിതാ...
നീ കാണിച്ചു തന്നു തുടങ്ങിയതാണെന്റെ ലോകം...
ഇന്നും ഓരോ യാത്രയും കാഴ്ചകളും കണ്ണിൽ നിറയുമ്പോൾ
നിന്റെ തോളിൽ കയ്യിട്ട്
നടന്ന വഴികൾ ഓർമ വരും...
ഈ വർഷം എന്റെ മകളുടെ കൂടെ, ഒരു യാത്രയിൽ,
എനിക്കറിയാത്ത,
ഞാനറിയാത്ത,
ഒരു കുട്ടി കൂടിയുണ്ട്...
ടീച്ചർക്ക് മാത്രമറിയാവുന്ന രഹസ്യമായി...
നിന്നോർമ്മക്ക് മുന്നിൽ..
ഒരിക്കൽ കൂടി
നിന്റെ പാതി ഐസ് തിന്നാൻ കൊതിച്ചു കൊണ്ടു...

 നിയാസ്.പി.മുരളി

വാരാന്ത്യാവലോകനം ഇവിടെ പൂർണമാവുന്നു
🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲