26-05


***********************
രക്തസാക്ഷികള്‍ക്കൊപ്പം
നീ
നൂറ്റാണ്ടുകളുടെ
പരിവര്‍ത്തനത്തെ അതിജീവിച്ച
പഞ്ചസാരവിപ്ലവത്തിന്റെ
പകരമില്ലാത്തപിന്മുറക്കാരന്‍.
നീ ഇന്നുതൂവിയ
നെഞ്ചിലെ ചുടുചോരയില്‍
ആത്മത്യാഗത്തിന്റെ
അളവില്ലാത്ത സ്നേഹകണങ്ങളുണ്ടായിരുന്നു;
ഒരു സാമ്രാജ്യത്തെ കരിക്കാനുള്ള
കനല്‍ച്ചീളുകളുണ്ടായിരുന്നു;
നീ
ഇന്നലെകളില്‍
നിനക്കുമുന്‍പേനടന്നവര്‍
നിന്‍റെ സ്വത്വബോധത്തിലേക്ക്‌
പകര്‍ന്നുതന്ന
നന്മയുടെ തീജ്വാലകള്‍
ഒരണുപോലും കുറയാതെ
കൈമാറിയിരിക്കുന്നു.
അറ്റുപോകാത്ത
ആത്മാഭിമാനത്തിന്റെ
അവസാനകണികയും
ജീവന്‍ത്യജിച്ചു നീ
ഇന്നിലേക്ക്‌ പകര്‍ന്നിരിക്കുന്നു.
നീ കുടിച്ച മരണവിഷത്തുള്ളികള്‍
നീ ശ്വസിച്ചു നിശ്വസിച്ച രാസതീര്‍ത്ഥങ്ങള്‍
നീ തിന്നു തീര്‍ത്ത വിഷപ്പുറ്റുകള്‍
നീ പോലുമറിയാതെ നടന്നുതീര്‍ത്ത
ചുടലാഗ്നിയിലേക്കുള്ള ത്വരിത യാത്രകള്‍
പണം തിന്നു ചീര്‍ത്തവന്‍എറിഞിട്ടുതന്ന
ജീവത്യാഗത്തിന്റെ പിച്ചത്തുട്ടുകള്‍.
നിനക്കു തണലായ്‌ കൊടികളില്ല
നിനക്കു ശ്രുതിപാടാന്‍ വായ്ത്താരിയില്ല
നിനക്കു വേണ്ടി നാവാടാന്‍ നാവുകളില്ല
എങ്കിലും നീയറിക നീ ഒറ്റയല്ല ...
അതിജീവനത്തിനായ് നീ കയറിയ
ആത്മഹത്യാമുനമ്പിലേക്ക്‌
ആയിരങ്ങളിനിയും വരും
അവസാന ജീവനും വെടിഞ്ഞു
കബന്ധമലയ്ക്കുമീതെ പായാതെ
വെടിയുണ്ടകള്‍ തോല്ക്കും വരെ
(തൂത്തുക്കുടിക്കൊപ്പം )
അനഘ രാജ്
***********************
ഒരു മാർക്ക് (കഥ) 
  സ്ലേറ്റും പിടിച്ച് മിനി വിഷണ്ണയായി ഇരുന്നു.പരീക്ഷ കഴിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയ ആരവങ്ങളോടെ കുട്ടികൾ ക്ലാസ് മുറികളിൽ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടുന്ന കാഴ്ചയിലൊന്നും അവളുടെ മനസ്സ് ഉറച്ചുനിന്നില്ല. ഇന്നും 49 മാർക്കേ കിട്ടിയുള്ളു. താനെല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം എഴുതിയതാണ്. എന്നിട്ടും ആ ടീച്ചർ മുൻ ദിവസങ്ങളിലേതുപോലെ 49 വരച്ചു.50 ൽ 50 കിട്ടിയ സലീമും ഷാജുവും ജലജയും പ്രദീപും അഭിമാനത്തോടെ ഞെളിഞ്ഞിരിക്കുന്നു. താൻ മാത്രം!  അവൾക്ക് സങ്കടം സഹിക്കാനായില്ല. അമ്മയാണ് തന്റെ ക്ലാസ്സ്ടീച്ചർ.പരീക്ഷ ആവുമ്പോൾ ഒന്നാം ക്ലാസ്സ് രണ്ടെണ്ണം വീതം ഒന്നാക്കും ,അപ്പോഴാണ് ഈ ടീച്ചർ വരുന്നത്. ഒരിക്കലും അമ്മ തനിക്ക് മാർക്കിടാറില്ല. അമ്മയായിരുന്നു തനിക്ക മാർക്കിട്ടിരുന്നതെങ്കിൽ ......!
ഓർത്തപ്പോൾ അവൾക്ക് കണ്ണീരൂറി.
കുട്ടികൾ നമസ്തെ പറഞ്ഞു ചാടിയെഴുന്നേറ്റപ്പോഴാണ് ശ്രദ്ധിച്ചത്. പുരുഷോത്തമൻ മാഷുടെ വരവാണ്. ഹോ ഇനി ഈ മാഷ് എന്തൊക്കെ പറയുമോ ആവോ.മാഷ് അടുത്തുവന്ന് ഓരോരുത്തരുടേയും സ്ലേറ്റ് പരിശോധിക്കുന്നതും 50 മാർക്ക് കിട്ടിയവരെ മിടുക്കൻ, മിടുക്കി എന്നൊക്കെ പുറത്തു തട്ടി അഭിനന്ദിക്കുന്നതും മിനി നോക്കിയിരുന്നു. ഒരു മാർക്കല്ലെ കുറവുള്ളു എന്ന അഭിമാനത്തോടെ മിനി സ്ലേറ്റ് മാഷ്ക്ക് നീട്ടി. അയ്യേ ഇതെന്താ നാൽപ്പത്തൊമ്പതോ'... ഇതു കൊണ്ട് എന്തു കാര്യം, അമ്പതിൽ അമ്പതു വാങ്ങിയാൽ മാത്രമേ മിടുക്കരാവൂ' മാഷിന്റെ അഭിപ്രായം കേട്ട് അമ്പതു മാർക്കുകാർ പൊട്ടിച്ചിരിച്ച് അഭിമാനത്തോടെ മുഖമുയർത്തിയപ്പോൾ നഷ്ടപ്പെട്ട ഒരു മാർക്കിനായി മിനി അപമാനിതയായി തല താഴ്ത്തി. എല്ലാ പരീക്ഷകളിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാർക്കിനെയോർത്ത് അവൾ വിങ്ങിപ്പൊട്ടി. കണ്ണീരിന്റെ പുഴയിൽ സ്ലേറ്റിലെ 49 ന് രൂപാന്തരം സംഭവിക്കുന്നത് മിനി നിറകണ്ണുകളിലൂടെ അവ്യക്തമായി കണ്ടു :...
ദേവി കെ.എസ്
***********************
ഒന്നുമില്ല
ഭാരങ്ങളേതുമില്ലാതെ
ഭൂമിയിൽ നിറയ്ക്കാൻ കഴിയുന്നതൊന്നുമാത്രമേയുള്ളൂ.
നിന്നിലും എന്നിലും അതു നിറഞ്ഞു കവിയുമ്പോൾ പുറത്തേക്കൊഴുകിപ്പരന്ന്
പൂക്കളായും ശലഭങ്ങളായും പുഴകളായും ആകാശവിതാനങ്ങളിലെ നക്ഷത്രങ്ങളായും നിറയുന്നത്.
നിന്റെ ആകാശങ്ങളിൽ ഞാൻ നിറയ്ക്കുന്ന കുളിരു പോലൊന്ന്.
നിന്റെ കവിളുകളിൽ ഞാൻ തൊടുന്ന മൃദുല വികാരങ്ങളെപ്പോലൊന്ന്.
നിന്റെ സ്വപ്നങ്ങളിൽ വന്നു പാടുകയും പരസ്പരം കൊക്കുരുമ്മിക്കളിക്കുകയും ചെയ്യുന്ന പച്ചപ്പറവകളുടെ കളിചിരികൾ പോലൊന്ന്.
ഒന്നുമില്ലായ്മയുടെ വാക്കർത്ഥങ്ങളിലേയ്ക്ക് ഇനിയുമെനിക്കേറെ സഞ്ചരിക്കാനുണ്ട്.
ബുഷ്റ
***********************
അതിജീവനം
നീയെന്നോട് കയർത്തപ്പോഴേ
ഞാനറിഞ്ഞു
നീയെന്നെ തെരഞ്ഞെടുത്തെന്ന്
നിശബ്ദമായ് ദൂരെ മാറിയപ്പോഴേ
ഞാനറിഞ്ഞു
നീയെന്നെ ആപൽക്കരമാം വിധം
പ്രേമിക്കുന്നുവെന്ന്
എന്നെ നീഅപഹാസ്യത്തിൽ
പൊതിഞ്ഞപ്പൊഴൊക്കെയും
ഞാനറിഞ്ഞു
ബന്ധമിത് -
ശക്തമാവുകയാണെന്ന്
നീയെന്നെ ഒഴിവാക്കിനോക്കിയപ്പോൾ
ഞാനറിഞ്ഞു
എന്നെ നീ ഉള്ളിൽ
ചുമക്കുകയാണെന്ന്
കുത്തുവാക്കുകളാൽ
ദുഃഖിപ്പിച്ചപ്പോഴൊക്കെ
സ്വയം ദുഃഖിച്ചതിൽ സ്നേഹ-
നിർവൃതിയടയുകയാണെന്ന്...!
മഴ തീർന്ന കുട പോൽ
എന്നെ നീ മറന്നു വച്ചപ്പോഴേ
ഞാൻ നിന്റെ ഉള്ളിൽ
മനോഹരമായ് പെയ്യുകയായിരുന്നു
മറ്റെല്ലാരേക്കാളും
നീന്റെയാകുകയായിരുന്നു:
സ്നേഹം കോപത്തേക്കാൾ
അഗാധമെന്നും
ഗാഢമാക്കുന്നു സ്നേഹത്തെ
വെറുപ്പെന്നും
തിരിച്ചറിയുകയായിരുന്നു
അണയാൻ തുടങ്ങും പ്രണയത്തെ
അതിജീവിപ്പിക്കയായിരുന്നു: ..
ശാന്തി പാട്ടത്തിൽ
***********************
കവിയുടെ വളർത്തു തത്തകൾ
വാക്കുകൾ കൊണ്ട് പല്ലാംകുഴികളിക്കുമ്പോൾ
കവിയ്ക്കരികെ, നിരവധി തത്തകൾ നിരന്നിരിക്കും.
ചിലത് ,അകലെ അത്തിമരത്തിലിരുന്ന്
ചുണ്ട് തേച്ച് മിനുക്കുന്നുണ്ടാകും.
മുറ്റത്ത്,ഇല്ലാത്ത അരിമണികൾ തേടി,
പതുങ്ങിപ്പതുങ്ങി നടക്കുന്നുണ്ടാകും.
ഒരുവൾ പടിക്കലിരുന്ന് പാടുന്നുണ്ട്.
അവളെ കവി ജ്ഞാനാംബികയെന്നാണ് വിളിക്കുക.
മുറുക്കാൻ ചെല്ലത്തിലെ അടയ്ക്കാ കൊത്തിച്ചിക്കി,
ഇടയ്ക്കിടെ കൂടുതൽ സ്വാതന്ത്ര്യം കാട്ടും.
അവളുടെ കിളിപ്പാട്ടിൽ, കവി മുഴുകിപ്പോകും.
മുറിപ്പാട്ടു പാടുന്ന ചിലരുണ്ട്,
അവരൊക്കെ പാത്തും, പതുങ്ങിയും
പിന്നാലെ കൂടും.
ഇടവഴിയിൽ, കുളിക്കടവിൽ,
ഓലത്തുമ്പത്തിരുന്ന് കവിയെ നോക്കി പാടും.
വായനശാലയിൽ കവിക്ക് അകമ്പടി പോകും.
പുസ്തക കൂട്ടത്തിൽ നിന്നും ഉദ്ദേശിച്ചത് കൊത്തിയെടുക്കും.
വിലക്കുകൾക്കും, വിരോധങ്ങൾക്കും മുന്നിൽ
കവി വാക്കുകൾ ധൂർത്തടിക്കുമ്പോൾ,
കാലത്തെക്കുറിച്ചും, കടമകളേക്കുറിച്ചും
ഓർമ്മപ്പാട്ടു പാടും.
ഒരലങ്കാരത്തിനെന്നവണ്ണം കാവ്യാംഗനകൾക്കിടയിൽ,
പനന്തത്തയുടെ ചിറകടികൾ കേൾപ്പിക്കും.
കിളിക്കൊഞ്ചലുകളിൽ അഭിരമിച്ച്,
വളർത്തു തത്തകളെ ആകാശം കാണിച്ച്,
ഇടയ്ക്കും, മുറയ്ക്കും ഭ്രമിപ്പിക്കും.
ഒരിക്കൽ എവിടെയോ ധാന്യക്കതിരുകൾ
മൂപ്പെത്തിയതായറിഞ്ഞ്,
കവിയുടെ വളർത്തു തത്തകൾ കൂട്ടത്തോടെ പറന്നു പോയി.
ഇടക്കുളങ്ങര ഗോപൻ
***********************
പഹയന്മാർ  (മിനിക്കഥ )
'അബൂട്ട്യേ..ഇന്നലെ ഞാമ്പറഞ്ഞ ആളെ പുടിച്ചു  ട്ടോ '..
നയാഗ്ര വെള്ളച്ചാട്ടം പോലെ
ഒരുകപ്പിൽനിന്ന്  മറ്റേതിലേക്ക് കുതിച്ചു ചാടിക്കൊണ്ടിരുന്ന ചായയുടെഒഴുക്ക്  പെട്ടന്ന് നിന്നു..
"കോർച്ചീസായി  ഓല്  ഞമ്മളെ വട്ടം കറക്കാൻ തൊടങ്ങീറ്റ്. "
"എങ്ങനെ, എപ്പോ, എവിടന്ന്.. ??"
ചായകുടിക്കാനെത്തിയവർ ആകാംക്ഷാ ഭരിതരായി 'ചായകുറച്ചു വൈകിയാലും പ്രശ്നമില്ലെന്ന' മട്ടിൽ  മമ്മദിന് ചുറ്റും കൂടി.
" കൊറേ ദിവസായിറ്റ് അടച്ചിട്ട ഞമ്മളെ തെക്കേ മുറീന്ന്  രാത്രി ആയാല് ഭയങ്കര ഒച്ചപ്പാട്.. വെള്ളിയാഴ്ചരാവില്  ഒച്ച കൂടുതലുണ്ടോന്ന് ഓൾക്കും ഒരു സംശയം. ഞമ്മളെ കെട്ട്യോള്ക്കെയ്.
തങ്ങൾപാപ്പാന്റെ  അടുത്തൊന്നു പോയിനോക്കാന്ന്  ഞാനും ഒറപ്പിച്ചതാ".
പഞ്ച് കൂട്ടാനായി മമ്മദ്  ബെഞ്ചിൽ ഇരുന്നു. "ഇന്നലെ ഞമ്മളെ ചെർക്ക ൻ വന്നപ്പോ രണ്ടും കല്പിച്ച്  ഓൻ   വാതിൽ അങ്ങട്ട് തൊറന്നു.. " നാട്ടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് മമ്മദ്  തുടർന്നു..
"നോക്ക്യേപ്പോ ആരാ "മമ്മദ്  ഒന്നു നിർത്തി
"ആരാ " ?  ഓരോരുത്തരുടെയും ഭാവനകൾ ചിറകുവിടർത്തി പറക്കാൻ തുടങ്ങുമ്പോൾ  മമ്മദ് ആ സത്യം വെളിപ്പെടുത്തി..
"ലൈറ്റിട്ട്  നോക്കുമ്പളല്ലേ,   കീക്കാം തൂക്കായി  മോന്തായത്തുമ്മെ തൂങ്ങിയാടുന്നു... പഹയന്മാർ...!!"
സുഹ്റ പടിപ്പുര
***********************
നിപ; ശാസ്ത്രം ജയിച്ചു, കോമാളികൾ തോറ്റു. 
 ​നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമൊ ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം.  വേറൊന്നും കൊണ്ടല്ല. ആ ഡോക്ടർ തന്റെ ഡിഫ്രൻഷ്യൽ ഡയഗ്നോസിസ്സിൽ എത്തിയ രീതിയെ കുറിച്ച് ആലോചിച്ചിട്ട് പോലും ത്രില്ലടിക്കുന്നു.
​വെറും ബാഹ്യമായ ലക്ഷണങ്ങൾ വെച്ച്, ഓരോ സംശയങ്ങളെയും എലിമിനേറ്റ് ചെയ്ത് ചെയ്ത് അവസാനം ഒരു നിഗമനത്തിലെത്തുന്നു. അതിന് അയാൾ മണിക്കൂറുകൾ അദ്ധ്വാനിച്ചിരിക്കണം. രോഗിയോടും, ബന്ധുക്കളെയും മാറി മാറി ഇന്റർവ്യു ചെയ്തിരിക്കണം. അവസാനം എല്ലാ സാദ്ധ്യതകളും പിന്തള്ളി നിപ യിലേയ്ക്ക് എത്തിയിരിക്കണം. നിപയാണെന്ന് ഉറപ്പിക്കാനായി സ്രവങ്ങൾ മണിപ്പാലിലേയ്ക്ക് അയച്ച രാത്രിയിൽ അദ്ദേഹം ഉറങ്ങിക്കാണില്ല. അഥവാ നിപ അല്ലെങ്കിൽ, അനാവശ്യമായി ഭീതി പരത്തി എന്ന പഴി കേൾക്കണ്ടി വരും. ചിലപ്പോൾ ഭാവി കരീർ തന്നെ അവതാളത്തിലാകും. എന്നിട്ടും, തന്റെ ക്ലിനിക്കൽ വൈഭവം നൽകിയ ആത്മവിശ്വാസത്തിൽ ഉറച്ച് നിന്നു.
​ഒന്ന് ആലോചിച്ചു നോക്കു. രണ്ട് ദശാബ്ദം മുന്നെ മലേഷ്യയിലെ ഒരു ചെറു പട്ടണത്തിൽ 100 ൽ താഴെ പേരെ ബാധിച്ച അസുഖം. പിന്നീട് ബംഗ്ലാദേശിലുണ്ടായ ചെറില ചില ഔട്ബ്രേക്കുകൾ. ഇത്രയേ ഈ പനിയെ കുറിച്ച് അറിയുമായിരുന്നുള്ളു. ഈ ഡോക്ടർ നിപാ ബാധിച്ച ഒരു രോഗിയെ മുന്നെ കണ്ടിരിക്കില്ല. ഏതൊ മെഡിക്കൽ ജേർണ്ണലിൽ വായിച്ച ഒരു ലേഖനമൊ, സി.ഡി.സി യുടെ ഗൈഡ് ലൈനിലെ നാലു വാചകങ്ങളൊ ഓർത്ത് വെച്ച് തന്റെ രോഗിയുടെ ലക്ഷണങ്ങളുമായി താതാദ്മ്യം ചെയ്യാൻ സാധിച്ച ആ ബുദ്ധിയുണ്ടല്ലൊ. അതിന് കൊടുക്കണം ഒരു കുതിരപ്പവൻ.
ബട്ട് .....
ഇത്രയും വായിക്കുന്ന, ഒരു പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ചിരിച്ചു പോകും. ഒരു വിധം ഡോക്ടർമ്മാർ എല്ലാം "യിതൊക്കെ എന്ത്" എന്ന ഭാവത്തിൽ ഇവിടെ വെച്ച് നിർത്തും. ഒരുവിധം ഡോക്ടർമ്മാരുടെ ദിനചര്യയുടെ ഭാഗമാണിത്. പുതിയ ജേർണ്ണലുകളിലെ ലേഖനങ്ങൾ വായിക്കുകയും, സ്ഥിരമായി അപ്ഡേറ്റഡായും ഇരിക്കുന്നത് കൊണ്ട് അവരൊക്കെ സ്വയം ഒരു ഡിസിപ്ലിൻ ഡെവലപ് ചെയ്തെടുത്തിട്ടുണ്ട്. അതു കൊണ്ടാണ് മാസങ്ങൾക്ക് മുന്നെ വായിച്ച ലേഖനങ്ങളിലെ ഉള്ളടക്കങ്ങൾ പോലും അയൾക്ക് ഓർമ്മ നിൽക്കുന്നത്. ഇത് എവിഡെൻസ് ബേസ്ഡ് മെഡിസിന്റെ ഫ്രെയിംവർക്ക് നൽകുന്ന ഒരു സൌകര്യമാണ്. ഈ നിപ്പ നിർണ്ണയിച്ച ഡോക്ടർ പോലും ഒറ്റയ്ക്കൊരു തീരുമാനം എടുത്തതാകാൻ സാദ്ധ്യത ഇല്ല. പല സ്പെഷിലിസ്റ്റുകളെയും കണ്സൾട്ട് വിളിച്ചിരിക്കണം. നിപ പനിക്ക് മസ്തിഷ്ക ജ്വരം പോലുള്ള ലക്ഷണങ്ങൾ ഉള്ളത് കൊണ്ട്, ഒരു ന്യുറോളജിസ്റ്റിന്റെ കണ്സൾട്ടും സഹായവും എന്തായാലും ലഭിച്ചിരിക്കണം. രോഗിയെ ഐ.സി.യു വിലേയ്ക്ക് മാറ്റിയത് കൊണ്ട്, ഒരു ക്രിട്ടിക്കൽ കെയർ ഫിഷ്യന്റെ സഹായവും കിട്ടിയിരിക്കണം. ഇങ്ങനെ സ്വയം സൄഷ്ടിച്ച ഒരു ഫീഡ്ബാക് ലൂപ്പിന്റെ സഹായവും എവിഡെൻസ് ബേസ്ഡ് ഫ്രെയിംവർക്ക് നൽകുന്നുണ്ട്. അതായത്, നിരന്തരം സ്വയം പീയർ റിവ്യു ചെയ്തു കൊണ്ടാണ് ഡോക്ടർമ്മാർ തങ്ങളുടെ ജോലി ചെയ്യുന്നത്. ഇത് കൊണ്ടൊക്കെയാണ് കേരളത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത രോഗങ്ങൾ പോലും ആത്മവിശ്വാസത്തോടെ ഡയഗ്നോസ് ചെയ്യാൻ ഡോക്ടർക്ക് കഴിയുന്നത്.
​ഇനി മോഹനനും, വടക്കഞ്ചേരിയും കാണിക്കുന്ന കോപ്രായങ്ങൾ നോക്കു. ഇവരൊക്കെ ഒറ്റയാൾ പ്രസ്ഥാനങ്ങളാണ്. വവ്വാൽ ചപ്പിയതാണെന്ന് പറഞ്ഞൊരു മാങ്ങ കൊണ്ട് വന്ന് പൂളി തിന്ന് കാണിക്കണ്ട ബാദ്ധ്യതയെ മോഹനന് ഉള്ളു. വടക്കഞ്ചേരീടെ മുഖ്യ ശത്രു പാരസറ്റമോളാണ്. ഏതൊ മെഡിക്കൽ ടെക്സ്റ്റ് ബുക്കിൽ സ്റ്റാർ ഇട്ട് ചുവട്ടിൽ ഫൂട്ട് നോട്ടായി രേഖപ്പെടുത്തിയ ഒരു വരിയാണ് ജേക്കബ് വടക്കഞ്ചേരിയുടെ ആക്ടിവസത്തിന്റെ കാതൽ. അതായത് അമിതമായ പാരസറ്റമോൾ ഉപയോഗം കരൾ തകരാറിലാക്കും എന്ന് ആ ടെക്സ്റ്റ് ബുക്കിലുണ്ടത്രെ. മുഷിഞ്ഞ ഒരു ബുക്കും സ്ഥിരമായി പൊക്കി പിടിക്കാറുണ്ട്. പാരസറ്റമോൾ മാത്രമല്ല, എല്ലാ മരുന്നുകൾക്കും സൈഡ് ഇഫക്ടുകളും അടങ്ങിയതാണ് ഒരു ഫാർമ്മക്കോളജി ടെക്സ്റ്റ് ബുക്. പ്രകൄതി ചികിത്സ നടത്തി ആളു തട്ടിപ്പോയ കേസിൽ വരെ വടക്കഞ്ചേരി വിദഗ്ദ്ധമായി ഊരി. മോഹനനായാലും വടക്കഞ്ചേരിക്കായാലും തങ്ങളുടെ ചികിത്സകളുടെ ഔട്കം ആരെയും ബോധിപ്പിക്കണ്ട ബാദ്ധ്യതയില്ല. ഇവരുടെ ഫാൻസ്സിന് അത് അറിയണ്ട ആവശ്യവുമില്ല. ഇനി ഇവരോട് തങ്ങളുടെ ചികിത്സകൾ ഡോക്കുമെന്റ് ചെയ്യാൻ ആവശ്യപ്പെട്ട് നോക്കു. അപ്പ കാണാം അവരുടെ തനി നിറം. ഡോക്കുമെന്റ് ചെയ്ത് പണി പാളിയാൽ ഡോക്കുമെന്റേഷൻ തെളിവുകളാകും. പിന്നെ വീഢിയൊ ഇട്ട് മോങ്ങിയാലും, വെള്ള ജുബ്ബയിട്ട് നാലു ഡയലോഗ് വിട്ടാലൊ ഊരി പോരാൻ പറ്റില്ല. തെളിവായി. അവർ അകത്ത് പോകും.
​കോമാളികളെ വിടൂ. ഇവിടെ ഹീറോസ് നിപ ഡയഗ്നോസ് ചെയ്ത ആ ഡോക്ടർമ്മാരാണ്. തങ്ങൾ പഠിച്ച സയൻസ്സ് നൽകുന്ന എല്ലാ സാദ്ധ്യതകളെയും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു വേള, "ഏയ്; അതായിരിക്കില്ല" എന്ന് ആ ഡോക്ടർ തീരുമാനിച്ചെങ്കിൽ ഇന്ന് 19 നൂറ്റാണ്ടിലെ കോളറയ്ക്ക് സമാനമായൊരു സാഹചര്യം കേരളത്തിലുണ്ടായേനെ. 1817 ൽ കോളറ പടർന്നതും ഇൻഡ്യയിൽ നിന്നായിരുന്നു എന്നത് ഒരു യാദൄശ്ചികതയാണ്. അന്ന് 1.3 മില്യണ് ആൾക്കാരാണ് മരിച്ചത്. അതിനൊപ്പം ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാവുന്ന ഒരു സാഹചര്യത്തിൽ നിന്ന് രക്ഷിച്ചത്  ശാസ്ത്രമാണ്, ഡോക്ടർമ്മാരാണ്, ആരോഗ്യവകുപ്പാണ്. അഭിനന്ദനങ്ങൾ.
​Ranjit Antony
***********************
വാട്സാപ്
രാവിലെയുണരുമ്പോൾ
വരുന്നു രാഘവേട്ടന്റെ
ഫോണിൽ നിന്നൊരു -
വാട്സാപ് സന്ദേശം .
" രാഘവാ പിതൃദോഷീ
പോയി ചാകടാ തെണ്ടീ "
ഞെട്ടി ഞാൻ ദൈവമേ
എന്തിനാണിങ്ങനെ സ്വന്തം
തന്തയ്ക്കു തന്നെ
പറയുന്നതീ രാഘവേട്ടൻ ¡
വിളിച്ചു ചോദിക്കുമ്പോൾ
നിഷ്കളങ്കനായ്
രാഘവേട്ടൻ മൊഴിയുന്നു
'ആരോ അയക്കുന്നു
ഞാനെല്ലാവർക്കു -
മയച്ചും കൊടുക്കുന്നു
വായിച്ചൊന്നും
നോക്കാറില്ല മക്കളേ,
ലാലു
***********************
പകർച്ചവ്യാധി
 പകരും ത്രെ അടുത്തുപോണ്ട മരണം ഉറപ്പാണ് .വാട്സപ്പും ഫെയ്സ് ബുക്കും പറയുന്നുണ്ട്...
മരുന്നുണ്ട്-ഇല്ല.വെെറസാണ്-ബാക്ടീരിയാ എന്നൊക്കെ.പിന്നെ വരുന്നു പുതിയ മെസേജുകൾ.ഇപ്പൊതന്നെ ഷെയർ പതിനായിരം കവിഞ്ഞു....
കഷ്ടം!ഇതും മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയാണേേ
***********************
അവളങ്ങിനെയാണ്....
അവളങ്ങിനെയാണ്.ചിലപ്പോൾ ചിരക്കും  ചിലപ്പോ കരയും അലറും പിന്നെ മിണ്ടാതിരിക്കും.അങ്ങനെയങ്ങനെ.......
പ്രക്യതിയും എന്നെപ്പോലെയാണെന്ന് അവൾ പറഞ്ഞു''ഞങ്ങൾ രണ്ടുപേരും പിച്ചിചീന്തപ്പെട്ടവരാണ് ഒരുപാടുപേരാൽ.....
***********************
വൈറൽ ഫീവർ
പനി പേടിച്ചു മുഖത്തു മാസ്ക്കുമായ്
കരിമേഘത്തിലൊളിച്ചൊരമ്പിളി
തനിയേ നിന്നു വിറച്ചു താരകം
മഴയിൽ ലൈവിതു പാടെ വൈറലായ്...
തല കീഴായ് മരുവുന്ന വാവലിൻ-
തലയിൽ വെള്ളിടി വെട്ടി വീഴവേ
പഴവും പാതി കടിച്ചു വെച്ചവൻ
പകരും ജീവിതമാകെ വേവലായ്...
കിണർവെള്ളത്തിന് ക്ലോറിനേഷനും
അണുനാശത്തിനു കോമ്പിനേഷനായ്.
ഹതഭാഗ്യങ്ങ,ളതീതശക്തിയെ-
പ്രതി ചേർത്താണ്ടു കടന്നു പോകിലും
അറിയാവ്യാധിക,ളാത്മഹത്യകൾ
അണയും ജീവിതദു:സ്സഹാധികൾ
തുടരേയുള്ളുപഭോഗമൂർഛയിൽ
പനി ബാധിച്ചു വിറച്ചിരിക്കയാം...
ശ്രീനിവാസൻ തൂണേരി