27-01


വാഗ്മി
മഞ്ജുഷ . പി
ചാനൽ ചർച്ചകൾ കേട്ട്, ചൂട് കട്ടൻ കുടിച്ചിറക്കി അയാൾ ഓർത്തു: ഇന്ന് ഏത് കവല? ആർക്കു വേണ്ടി?
കാവിക്കഥ? പർദ്ദ മാഹാത്മ്യം? രാജ്യസ്നേഹം? തൊഴിലാളി വർഗം?
അതോ ......
സ്ത്രീ വിമോചനം ?ശിശു സംരക്ഷണം ?ചുംബന സമരം? ബീഫ് ?
' തെരഞ്ഞെടുപ്പ് വരുന്നു .....'
കോളായി.... വീട്ടിലെ പേഴ്സ് ചിരിച്ചു. മുറിയാത്ത വാക്കുകളും കേടില്ലാത്ത തൊണ്ടയും വിലയ്ക്കെടുക്കാൻ വന്നവർ പരസ്പരം തർക്കിച്ചു
ടി.വി.യിലേക്ക് ഒന്നുകൂടി നോക്കി, അയാൾ ഗേറ്റിനടുത്തേക്ക് നീങ്ങി. കയ്യിൽ കരുതിയപേപ്പർ അവിടെ ഒട്ടിച്ചു വച്ചു.
'എന്റെ വാക്കുകൾ മൗനം കുടിച്ചു മരിച്ചു'.

കവിത
ഷീലാ റാണി
അതിർത്തികൾ അശാന്തമെങ്കിലും,
പ്രണയമെന്ന ഒറ്റ ദേശീയതയിൽ കിതയ്ക്കുന്ന രണ്ട് ദരിദ്ര രാജ്യങ്ങളാണ് ഞാനും നീയും...
നിത്യം പുതുക്കിയെഴുതപ്പെടുന്ന പ്രണയ ത്തിന്റെ ഭരണഘടനയിൽ നാം ജീവൻ കൊണ്ട് കൈയൊപ്പിടുന്നു...
ബഹുസ്വരതകൾക്കിടയിലും സഹിഷ്ണുതയുടെ ഒറ്റക്കൊടി ഒരുമിച്ചുയർത്തുന്നു ...
ജീവിതം നമുക്കിടയിൽ പുഞ്ചിരിച്ചു കൊണ്ട് പരേഡ് നടത്തുന്നു ..
ഇല്ലായ്മകൾക്കിടയിലും നാം അതിജീവന ത്തിന്റെ മധുരം നുണയുന്നു'
നയങ്ങളാകെ പാളിപ്പോകുമ്പോഴും ആരും ജയിക്കുയോ തോൽക്കുകയോ ചെയ്യാത്ത രാജ്യ തന്ത്രം നമ്മളെവിടുന്നാണ് പഠിച്ചത്

ഓർമച്ചിറക്
റൂബി നിലംബൂർ
ഉള്ളു പിളർത്തി
ഒരാകാശം അടക്കംചെയ്തു
ഭൂമിയിലൂടെ
ദിശ തേടി
അലയുന്നവൾക്ക്
നക്ഷത്രങ്ങളുടെ
മുഖം നൽകി
മാഞ്ഞവനോട് ചിലത്
പറഞ്ഞുവെക്കാനുണ്ട്.
ഒരിലക്കുമ്പിളിൽ
ഒരിക്കലെങ്കിലും
ഓർമയുടെ
ദൂദുമായെത്തുന്ന കാറ്റ്
പറഞ്ഞേക്കും നിന്നോട്....
മുറിഞ്ഞൊഴുകുമ്പോഴും
പുഴ , തോണിക്കാരനെ
മറന്നിരുന്നില്ലെന്ന്.
പൂർത്തിയാവാത്ത
മോഹങ്ങൾക്ക്
ഏതോ കൊമ്പിൽ
കൂടുപണിത്
ഉറങ്ങാതിരിക്കുമ്പോഴും
കാറ്റുലച്ച ചില്ലകളിൽ
പ്രണയം കുറിച്ച
ഇലകളോരോന്നും
ഭൂമി തൊടുമ്പോഴും മരം,
കാമുകനായ കാറ്റിനെ
പഴിപറഞ്ഞേക്കില്ലെന്ന്.
ആകാശമേ...
നിന്റെ വെളിച്ചം
കുടിച്ചുറങ്ങുന്ന
ഭൂമിയെ, ഇരുട്ട്
പുതപ്പായ് പുണരുമ്പോഴും
പരിഭവിക്കില്ലാ..
നിലാവിനെ ഒളിപ്പിച്ചുവെച്ച്
ആകാശമെന്നെ ചതിച്ചുവെന്ന്.
നിന്നിലേക്കുള്ള വഴികളിൽ
വിളക്കുകൾ ഓരോന്നായ്
അണയുമ്പോഴും.
നിന്നെ പുതച്ചുറങ്ങുന്ന
എന്റെ കണ്ണിൽ
കൊക്കുരുമ്മുന്ന
നക്ഷത്രങ്ങളുടെ
നിഴലുകൾ.
പാതിമുറിഞ്ഞ
അക്ഷരങ്ങൾ.
ചിറകുതകർന്ന
പക്ഷിയുടെ മിടിപ്പ്.

നിനക്കായ് .........
ശ്രീല.കെ.ആർ
ജീവിതത്തിന്റെ വഴിത്താരയിൽ
ചില ബന്ധങ്ങൾ !
നാമറിയാതെ മനസ്സിലേക്ക്
കടന്നു കയറാറുണ്ട്.
അവരങ്ങനെ വന്ന് ഒരു കസേര വലിച്ച് കയറി അങ്ങിരിക്കും!
എന്നിട്ടോ ?
എങ്ങനെയെന്നറിയാതെ
അവർ നമുക്ക് ഏറെ പ്രിയപ്പെട്ടവരാകും!
വാക്കുകൾ കൊണ്ട്
നോട്ടം കൊണ്ട്
ചിലപ്പോൾ കാണുക പോലും ചെയ്യാതെ
പ്രിയ പ്രജീ നിന്നെപ്പോലെ

മാറാതിരിക്കാനാകില്ല
കെ.വിഷ്ണുനാരായണൻ
മാനത്തു ചിരിക്കുന്ന
ചന്ദ്രനെ മറയ്ക്കുവാൻ
മേഘത്തിനെന്തുത്സാഹം
ചന്ദ്രനെക്കാണാനില്ല.
എത്രയായാലും നിന_
ക്കാകില്ലയേറെക്കാലം
ഇരുട്ടിൽ മുക്കിക്കൊല്ലാൻ
സത്യത്തെയൊളിപ്പിക്കാൻ!
സന്ദേശം വഹിക്കേണ്ട
പണി കിട്ടുമ്പോൾ താനേ
പോകാതെ കഴിയില്ല
നില്ക്കുന്നു താഴെ യക്ഷൻ.
ഇന്നല്ലേൽ നാളെ ചന്ദ്രൻ
സത്യമായ് ചിരിച്ചെന്റെ
മുന്നിലെത്തിടും ശപ്ത -
കവിയെപ്പുണരുവാൻ!
അമ്പിളിച്ചിരി കാണാൻ
കൊതിക്കുന്നെങ്കിൽ വേഗം
വന്നാലുമെൻ മക്കളേ!
ചങ്ങാതിച്ചന്തങ്ങളേ!

ഫ്രൂട്ടേറിയൻ
റഹ്മാൻ കിടങ്ങയം
ഡൽഹിയിലേക്കുള്ള അയാളുടെ ആദ്യത്തെ യാത്രയാണ്. ദീർഘദൂര യാത്രയായതുകൊണ്ട് എ.സി കമ്പാർട്ട്മെന്റ് തന്നെ ബുക്ക് ചെയ്യ ണമെന്ന് ഒരു നിബന്ധന വെച്ചു കൂടെപ്പോന്ന സുഹൃത്തായ വക്കീൽ. അല്പം പ്രൈവസി കിട്ടാൻ അതാണ് നല്ലത്. അല്ലാത്തപക്ഷം ഉത്തരേന്ത്യയിലൂടെയുള്ള യാത്രയിൽ കണ്ണിൽക്കണ്ട അലവലാതികളൊക്കെ കയറി കമ്പാർട്ട്മെന്റിൽ ഒച്ചയും ബഹളവുമായി ആകെ അലങ്കോലമാക്കി യാത്രയെ മടുപ്പിക്കും.
അയാൾക്കത് ഒരു വിനോദയാത്ര യായിരുന്നില്ല. ഒരു ജീവന്മരണ പോരാ ട്ടത്തിനുള്ള അവസാന ശ്രമമായിരുന്നു. സുപ്രീം കോടതിയിലൊരു അപ്പീൽ ഫയൽ ചെയ്യണം. ജയിലഴികൾക്കുള്ളിൽ അകപ്പെട്ടു പോയ അച്ഛനെ രക്ഷിച്ചെടുക്കാൻ മകൻ നടത്തുന്ന അവസാന യുദ്ധം.
വക്കീലും ട്രെയിനിലുള്ള എറണാകുളത്തുകാരൻ ജിജി എന്ന ചെറുപ്പക്കാരനും തമ്മിൽ പെട്ടെന്ന് സൗഹൃദത്തിലായി. അവർ സംസാരിച്ചും ചിരി ച്ചും ഉല്ലസിച്ചും സമയം കളഞ്ഞപ്പോൾ അയാൾ മാത്രം ഭാവിയെക്കുറിച്ചോർത്ത് നിസ്സംഗനായി പുറം കാഴ്ചകൾ നോക്കി ഇരുന്നു. ഓടുന്ന വണ്ടി യുടെ വിൻഡോസ്ക്രീനിലൂടെ പ്രകൃതി അയാളെ ഭാരത ദേശത്തിന്റെ വൈവിധ്യമാർന്ന കാഴ്ച കൾ കാണിച്ച് സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ആ മധ്യവയസ്കരായ ദമ്പതികൾ വണ്ടിയിൽ കയ റിയത്. ഉന്നത കുലജാതരെന്ന് പ്രകടമായി ത്തന്നെ തോന്നിപ്പിക്കുന്ന വേഷവും ഭാവവും. പക്ഷെ, സ്വഭാവത്തിൽ ഒട്ടും കുലീനത കണ്ടില്ല. വണ്ടിയിൽ കയറി വന്നപ്പോഴേ പോർട്ടർ മാരുമായി വഴക്കടിച്ചു കൊണ്ടാണ് ആ സ്ത്രീ യുടെ വരവ്. മുകളിലേക്ക് പിരിച്ചു വെച്ച നരച്ച കൊമ്പൻ മീശയൊക്കെയുണ്ടെങ്കിലും ഭാര്യ യുടെ മുമ്പിൽ പൂച്ചയെപ്പോലെ ചൂളിപ്പിടിച്ചാണ് കണവന്റെ നിൽപ്പ്.
വെളുത്തു തുടുത്ത സുന്ദരിയാണെങ്കിലും അപാര പൊങ്ങച്ചക്കാരിയായിരുന്നു ആ സ്ത്രീ. വണ്ടി യിൽ കയറിയിരുന്നതേ അവർ സഹയാത്രി കരോട് വലിയ ശബ്ദത്തിൽ ഓരോന്ന് സംസാരിച്ചു തുടങ്ങി. ഭർത്താവാണെങ്കിൽ വണ്ടിയിൽ കയറിയ പാടേ തനിക്കുള്ള ബർത്തിൽ കിടന്ന് ഭീകരമായി കൂർക്കം വലിച്ചു തുടങ്ങിയിരുന്നു. എല്ലാവരോടും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ പ്രത്യേക കഴിവുള്ള ജിജി ആ സ്ത്രീയുമായി പെട്ടെന്ന് കൂട്ടായി. ആയമ്മ അവന്റെ മുമ്പിൽ അവരുടെ പൊങ്ങ ച്ചക്കെട്ടുകൾ നിരന്തരം അഴിച്ചു കൊണ്ടി രിക്കുകയാണ്. വക്കീലും നല്ല ശ്രോതാവായി കൂടെയുണ്ട്.
''നോക്കൂ... ഇവർ ഫ്രൂട്ടേറിയനാണത്രേ!'' ഇടയ്ക്ക് അയാളെ നോക്കി ജിജി പറഞ്ഞു. ''ദിവസത്തിലൊരു നേരം ഫ്രൂട്ട്സ് മാത്രമേ കഴിക്കൂന്ന് ''
ട്രെയിൻ അന്നേരം മഥുര സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കുചേലന്റെ വിശപ്പ് അകക്കണ്ണുകൊണ്ടറിഞ്ഞ ശ്രീകൃഷ്ണ ന്റെ മഥുരയിൽ. അയാളാണെങ്കിൽ ട്രെയിനിന് പുറത്ത് കണ്ട ഒരു കാഴ്ചയിൽ കരൾ വിങ്ങി യിരിക്കുകയും. കരിയും ചളിയും നിറഞ്ഞ്, മലവും മൂത്രവും ഇടകലർന്ന് വൃത്തികേടായ റെയിൽപ്പാളത്തിലൊരിടത്തിരുന്ന് കറുത്ത് കരുവാളിച്ച ശരീരവും ചപ്രത്തലമുടിയുമുള്ള ഒരു രണ്ടുവയസ്സുകാരൻ കുട്ടി ആരോ വലിച്ചെറിഞ്ഞ ഒരു ചീഞ്ഞ പഴം ആർത്തിയോടെ തിന്നുകയാണ്.
ഫ്രൂട്ടേറിയൻ!
സ്ത്രീ തന്റെ ഭക്ഷണരീതികളെക്കുറിച്ച് അഭി മാനത്തോടെ പിന്നെയും വലിയ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങിയതും അയാൾ സകലതും മറന്ന് സീറ്റിൽ നിന്നും ചാടിയെണീറ്റ് കമ്പാർട്ട്മെന്റ് കുലുങ്ങുന്ന ശബ്ദത്തിൽ ഒരാട്ടാട്ടി.
''പ്ഫ!''

സന്ദർശക
സാബു ഹരിഹരൻ
ഉറക്കം കാത്ത് കിടക്കുമ്പോൾ അവൾ പറഞ്ഞു,
നല്ല ഐശ്വര്യമുള്ള കുട്ടി അല്ലെ?’
ങെ?’
വൈകിട്ട് ഏട്ടനെ കാണാൻ വന്ന കുട്ടിയില്ലെ.. എന്തോ സംശയം ചോദിക്കാനെന്നും പറഞ്ഞ്..?’
...ആ കുട്ടി..’
ങാ പിന്നെ, നാളെ രാവിലെ തന്നെ പോണം. വലിയ ശക്തിയുള്ള ദേവിയാണ്‌’
അതിനും അയാൾ മൂളിയതേയുള്ളൂ. ഇതെത്രാമത്തെ തൊട്ടിലാണ്‌ കെട്ടുന്നത്?. അദൃശ്യശക്തികളിലുള്ള വിശ്വാസം ഇവൾക്കിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.
അയാൾ വൈകിട്ട് വന്ന സന്ദർശകയെ കുറിച്ചുതന്നെ ഓർക്കുകയായിരുന്നു. എന്തൊരത്ഭുതമാണ്‌! ശാലിനിയുടെ തനിപ്പകർപ്പ്!. നടുക്കത്തിൽ പേര്‌ പോലും ചോദിക്കാൻ വിട്ടു. ശാലിനി ഇപ്പൊഴെവിടെ?. എങ്ങനെയാണ്‌ തന്റെ വിലാസമറിഞ്ഞത്?. ഒന്നും ചോദിക്കാനായില്ല.
വെറുതെ ഒന്നു കാണാൻ’ തറപ്പിച്ചു നോക്കി അത്രയേ അവൾ പറഞ്ഞുള്ളൂ. ബോധപൂർവ്വം അവൾ ‘അച്ഛൻ’ എന്ന വാക്ക് ഒഴിവാക്കിയോ?. ഒരായിരം ഓർമ്മകളിലേക്ക് അയാളുടെ ചിന്തകൾ കയറി പോയി.
എന്താ ഉറങ്ങുന്നില്ലെ?..വിയർക്കുന്നല്ലോ?..ഫാനിടണോ?’
അതും പറഞ്ഞ് അരികത്ത് കിടന്നവൾ എഴുന്നേറ്റു.
അയാൾക്കുറപ്പായിരുന്നു, ഫാനിട്ടാലും താൻ വിയർക്കുമെന്ന്..

കാതോർക്കാതെ
റംല എം ഇക്ബാൽ
മടുക്കാത്ത പ്രണയത്തിന്റെ സുഗന്ധവുമായി
നിൽക്കുന്ന എനിക്കുനേരെ കൈവീശി യാത്രപറഞ്ഞവൻ നീ
പ്രണയത്തിന്റെ മധുരം ആവോളം നുണഞ്ഞിട്ട്
മൗനത്തിന്റെ മുൾക്കാട്ടിൽ ഉപേക്ഷിച്ചവനും നീ
നീതന്ന സ്നേഹത്തിന്റെ അലയൊലികൾ താഴുംമുമ്പേ
വെറുപ്പിന്റെ വിത്തുപാകാൻ മറക്കാത്തവനും നീ
നാം തമ്മിൽ കൈമാറിയ മഞ്ചാടിമണികളും മയിൽപീലികളും എനിക്കു തിരിച്ചുതന്ന നിനക്ക്
നമ്മുടെ മധുരം നിറഞ്ഞ ഓർമ്മകൾ തന്ന് പകരംവീട്ടാനാവുന്നില്ലല്ലോ എനിക്ക് !
അകലുവാനായി അടുത്തവൻ എന്ന് നിന്നെ വിശേഷിപ്പിച്ചുകൊണ്ട്
പിൻവിളിക്കായി കാതോർക്കാതെ മറവിയുടെ ഊന്നുവടി കുത്തി മുന്നോട്ട് ഞാനും...

ജസീന റഹീം
ഓർമ്മയുടെ
വിരൽ പിടിച്ച്
ഞാൻ
നിന്നിലേക്ക്
നടന്നു കയറിയത്..
എന്റെ
ഉടയാത്ത കനവുകളെ
വീണ്ടെടുക്കാനായിരുന്നു..
തിരികെയെടുത്തത്
ചാരമാക്കാനുമായിരുന്നില്ല..
മറിച്ച്
പതിന്മടങ്ങായി ജ്വലിച്ച്
എന്നേക്കുമായി
നിന്നിലെരിഞ്ഞടങ്ങാൻ.!!

ഒരു വേനൽ നോവ്‌
അമൃത. എസ്
സത്യത്തിന്റെ കനലുണർന്നപ്പോൾ
വെന്തുപോയതെന്റെ വിശ്വാസമാണ്‌
ഉടഞ്ഞുപോയതെന്റെ ചിരിയിൽപ്പൂത്തിരുന്ന
ചില്ലുവളകളുടെ കിലുക്കമായിരുന്നു
പ്രാണനറ്റ സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ഓർമ്മകളുടെ വേരുകളെന്നിൽ പടരുമ്പോൾ
നോവിന്റെ വിയർപ്പൂറ്റിക്കുടിച്ച്‌
വിഷാദം വളർന്നു പൂക്കുന്നു .

ചിറകടിച്ചകലുന്ന നിദ്രകളെ നോക്കി
പകലിന്റെ തളർച്ച പകച്ചു നില്‌ക്കവേ
ഉരുകിത്തീരുന്ന സമയത്തിന്റെ വെൺപാത്രത്തിൽ
എന്നെയിനി ഞാനടർത്തി വയ്ക്കാം
വിരസതയെന്നിൽ നിറയും മുമ്പെ
നിന്നെ മറന്നുപോവാതിരിക്കാൻ
ഇനിയും സ്നേഹിക്കാതിരിക്കാൻ.