28-04


കടലിനുമീതേ
നമുക്കൊന്നിച്ചുപറക്കാം
നീലക്കണ്ണാടിയിൽ നോക്കി.
കൊക്കുരുമ്മി
ചിറകു ചേർത്തു പറക്കാം
കരയിൽ നിന്ന്
ദൂരെ ദൂരെ
.ഉദയാസ്തമനങ്ങൾ
മാത്രം
നമുക്കുതുണ പോരട്ടെ
നീലക്കണ്ണാടിയിൽ
 നമ്മൾ കൊതിതീരാതെ
കണ്ടു കണ്ടു പറക്കും
ആഴങ്ങളിൽ നിന്ന്
മുളയെടുത്ത
വാക്കിന്റെ
തണൽമരം തീർത്തു നമ്മൾ
പൂക്കൾ വിരിഞ്ഞതു? കണ്ടിരിക്കും
ദേശാടനക്കാറ്റു വന്നു പോകും
മാരിവില്ലിൻ നിറക്കൂട്ടുകൊണ്ടെൻ
ഓമലേ നിൻതൂവൽ ഞാൻ മിനുക്കും
നീയൊരു മുട്ടയിടുന്നകാലം
പ്രാണന്റെ ചൂടുമായ് ഞാനിരിക്കും
നീലക്കടലിന്റെ മാറിൽ നമ്മൾ
ഒന്നിച്ചൊരേ ദിനം ചിത്രമാകും
റെജി കവളങ്ങാടൻ 

കല്പാന്തം 
പുഴ കടന്നൊരാൾ മെല്ലെ നീങ്ങുന്നുവോ
ചൊരിമണലിൽ തൻകല്പാടു വീഴ്ത്തിയോ
പുഴ ചിരിക്കുന്നു, മന്ദമായ്,ഓളത്തിൽ,
തെളിനിലാവതാ മുങ്ങി നിവർന്നു പോയ്.
കടവിലൊറ്റക്കു നിന്നൊരാൾമൂകമായ്
കനലു മൂടിയ നെഞ്ചകംവിങ്ങിയോ:
പ്രിയമൊരാളെത്തും എന്ന പ്രതീക്ഷയിൽ
കാത്തുകാത്താ മണലിൽകിടന്നുവോ.
മഴയിൽ കാറ്റിൽ വെയിലിൽ വരമ്പിലും
പുഴയിൽ പൂവിൽ ശിശുവിൽ വനത്തിലും
കവിത തേടി അലഞ്ഞു നടന്നൊരാൾ ,
കവിത കാത്ത് നിദ്ര വെടിഞ്ഞൊരാൾ.
ഒരു കിനാവു പോലവൾ വന്നിരുന്നതും
ഹൃദയവാതിൽ മലർക്കെ തുറന്നതും
കവിതയായി മനസ്സിൽ പിറന്നതും
വരികളായി കുറിച്ചു വെച്ചെന്നതും.
വഴിയതെറേയും പോകേണ്ടതുണ്ടല്ലോ
പഥികരാരും തുണയായി ഇല്ലല്ലോ.
കദനമേറെ കരിങ്കാറു പോലയോ
വിരഹമായി വഴികൾ നിറഞ്ഞതോ.
കടവിതെന്നേ ശൂന്യമായ് പോയതും
കനവു ചിന്നിയ ചിത്രമായ് തീർന്നതും
പുഴ കരയുന്നു നേർത്തൊരീണത്തിലായ്
തെളിനിലാവതാ മേഘത്തിലാണ്ടു പോയ്.''''
അജിത്രി

അടയാളങ്ങൾ തയ്യാറാക്കി വെക്കുക
തിരിച്ചറിയാൻ
വസ്ത്രങ്ങളടയാളം.
കബന്ധങ്ങൾക്കെല്ലാം
ഒരേ ഭാഷ്യം .
അറുത്തു കളഞ്ഞ
ചിന്തകൾ പോലെ
നിശ്ചലമായ ശിരസുകൾക്കായ്
തിരയാം ...
ദേശങ്ങൾ മാറിയാലും
കാലങ്ങൾ മാറിയാലും
കാലം നിർവചിച്ചു വച്ച
തുടക്കഥകൾ പോലെ
ഇരകൾ അവതരിക്കപ്പെടുന്നു.
അടയാളങ്ങളാൽ സമൃദ്ധമായ
കബന്ധങ്ങൾ വിട്ട്
ഇനി വസ്ത്രങ്ങൾ തിരയാം .
മറയ്ക്കുവാൻ തിരഞ്ഞെടുത്ത
വഴികളാണ്
തിരിച്ചറിയുവാനെളുപ്പം.
മഞ്ജുഷ പോർക്കുളത്ത്

അപ്പനും പകലും ഞങ്ങളെ പറ്റിക്കുന്നത്
ഞങ്ങൾക്ക് രാത്രിയെ ഇഷ്ടമല്ലായിരുന്നു
പകലേ പകലേ പോകല്ലേയെന്നും പറഞ്ഞു
രാത്രിയാകും വരെ പകലിനെ പിടിച്ചുവലിച്ചിരുന്നു .
പകലിന് ഞങ്ങളെന്തെല്ലാം കൊടുത്തു
നാരകത്തണലിലെ ഞങ്ങളുടെ ഒളിയിടം കൊടുത്തു
വെയിലിനെ വെള്ളം കുടിക്കാൻ പറഞ്ഞുവിട്ട്
ഞങ്ങടെ ചെമ്പകച്ചോട്ടിലിരുത്തി
തേക്കില കൊണ്ടു വീശിക്കൊടുത്തു .
കാത്തു കാത്തിരുന്നു പെറുക്കിയ
കണ്ണാടിയെല്ലാം മിന്നിച്ചു മിന്നിച്ചവളുടെ
ചന്തമെല്ലാം കാട്ടിക്കൊടുത്തു .
കിണറ്റുവെള്ളം കവിളിൽകൊണ്ടു മേലോട്ടു ചീറ്റിച്ചു
മഴവില്ലുണ്ടാക്കി കളിക്കാൻ കൊടുത്തു .
എന്നാലും പടിഞ്ഞാറൊരുത്തൻ
ചുവന്നതൂവാല കാട്ടി വിളിക്കുമ്പം അവളങ്ങു പോകും .
പിന്നെ ഞങ്ങളപ്പന്റെ കട്ടിലിനു ചുറ്റും കൂടും
കളിയടയ്ക്ക ,കഥ, പാട്ട് ,യക്ഷികൾ
ഞങ്ങളങ്ങിനെ രാത്രിയെ തോൽപ്പിക്കും .
അങ്ങനങ്ങിനെ കഥ പറഞ്ഞിരിയ്‌ക്കെ
അപ്പന്റെ ശ്വാസമൊന്നു കുറുകി
അപ്പനൊരേങ്ങലു വലിച്ചു
"എന്റെ പൊന്നുമക്കളേ ഞാൻ പോകുവാന്നേ "
ഞങ്ങളപ്പനെ വിട്ടില്ല
പൂണ്ടടക്കം കെട്ടിപ്പിടിച്ചു
അപ്പാ, അപ്പാ, പോകല്ലേ ...
അപ്പന്റെ നെഞ്ചു തടവി, കാലു തടവി ..
അപ്പാ ..ഇത് കണ്ടോ ..
അപ്പന്റെ കുറ്റിപ്പെൻസിൽ ,കണ്ണാടി
കാൽപ്പെട്ടി ,കണക്കുപുസ്തകം ,മുറുക്കാൻ
മലനടയിലെ പട്ട് ,അമ്മൂമ്മേടെ സന്ധ്യാനാമം
ഞങ്ങടുമ്മകൾ ,തോപ്പിലാന്റെ നാടകം .
അപ്പൻ പറഞ്ഞു ..
"ന്നാലും പോകുവാ മക്കളേ "
അപ്പന്റെ ദൃഷ്ടി മറിഞ്ഞു
കണ്ണിലപ്പിടി കറുത്ത തൂവാല
ഞങ്ങള് നോക്കുമ്പം ,
കറുത്ത തൂവാലയിലൊരു മുഖം തെളിയുവാണേ
കുഞ്ഞു മുഖം
അപ്പന്റെ കൂട്ടുപുരികം
കുഞ്ഞിച്ചുണ്ട്, കുഞ്ഞിത്താടി
കുഞ്ഞിക്കൈവീശിയപ്പനെയിങ്ങനെ വിളിക്കുവാ ..
"ന്റെ പൊന്നുമക്കളേ അപ്പനങ്ങു പോകുവാണേ "
ഞങ്ങള് കരഞ്ഞില്ല
പാത്തിരിപ്പു കളിക്കുമ്പം
ഒളിയിടം തിരഞ്ഞു രാത്രി പിടിച്ചോണ്ട് പോയ
എന്തോരം കുഞ്ഞുങ്ങളൊണ്ട്
അവർക്കൊപ്പം കളിക്കാനൊരപ്പൻ വേണമല്ലോ .
ഞങ്ങള് കരയത്തില്ല .
സുധീർ രാജ്

ജാലകക്കാഴ്ചകൾ
ഒരു ജാലകമേ അടച്ചുള്ളൂ
പക്ഷേ
കാഴ്ചകളുടെ ഒരു ലോകമാണ്
അവസാനിച്ചത്
പത്രക്കാരന്റെ മണിയടികൾ
പാൽമണങ്ങൾ
പ്രഭാത സവാരിക്കാർ
സ്കൂൾ വണ്ടികളിലെ കലപിലകൾ
മീൻ വിളിയൊച്ചകൾ
ദൂരം തീരാതെജോലിക്കാർ
കൂനുള്ളൊരു വൃദ്ധ
പുലരിയുടെ ആദ്യ രശ്മികൾ:
ഒടിഞ്ഞ ഒരു മരക്കൊമ്പ്
ഇനിയും ചുവടുറയ്ക്കാത്ത വള്ളിച്ചെടികൾ
ഒരു തുണ്ട് ആകാശം
മേഘക്കീറുകൾ
മുറിഞ്ഞു പെയ്യുന്ന മഴ
ഉയരത്തിൽ പറക്കുന്ന പരുന്തുകൾ
ഉച്ചവെയിൽ
വൈകുന്നേരത്തിന്റെ വിഹ്വലതകൾ
വീടണയുന്ന പക്ഷികൾ ...
പുലരിയുടെ പ്രതീക്ഷയേറ്റുന്ന
അസ്തമനം..
അന്തിക്കാഴ്ചകൾ ...
നിലാവിന്റെ മുല്ലമൊട്ടുകൾ
കറുത്ത രാത്രികളിൽ
നക്ഷത്ര മേന്തുന്ന
മിന്നാമിനുങ്ങ്....
മുനിഞ്ഞു കത്തുന്ന ഒരു വിളക്ക്:
ഒക്കെയും മറുപുറം
വാതിലിനിപ്പുറം
ലോകമായ്..
ജാലകം മറന്നു: ..
സ്മൃതിയായി:
വിസ്മൃതിയായി...
ഇനി മൃതിയിലേക്ക്
മായ.പി.ചന്ദ്

ശില്പി കൊത്തിയ മുറിവ്
ശില്പിയുടെ  കയ്യിലെ
ശിലയെന്നപോലെ
മിടിപ്പുകളുടഞ്ഞ്
ഇത്തിരിനേരം....
അപൂർണമായൊരു  ശിൽപ്പത്തെ  കൊത്തിവച്ചു
ശില്പി  മടങ്ങുമ്പോൾ
പൂർണത  കൊതിച്ച
ശില്പത്തിന്റെ
കണ്ണുനീർതുള്ളിയിലേക്കാണ്
അന്നുദിച്ച   പ്രണയ    സൂര്യൻ
നിസ്സഹായനായി
പിടഞ്ഞു  വീണത്
അപൂർണതയുടെ
വേദനയാണ്
ലോകത്തെ  നയിക്കുന്നതെന്ന്
പറഞ്
ദൈവം
ഒരിലക്കുള്ളിലേക്ക്
ചുരുണ്ടുമടങ്ങി
ഒരുതുള്ളി  മഞ്ഞും
ഒരു ചില്ലു സൂര്യനും
ചുംബിക്കുമ്പോൾ
തലതാഴ്ത്തി  കറങ്ങുന്ന
ഭൂമിയെ
നമ്മൾ  കണ്ടത്  അന്നാണ്
ഭൂമിയിലെ  അനക്കങ്ങൾ  കണ്ണടച്ച   ആ  നിമിഷത്തിലാണ്
ഞാനും  നീയും  ജീവിക്കുന്നത്...
പങ്കിട്ട  നിശ്വാസങ്ങളുടെ
പാതിചൂട്
നെഞ്ചിലെരിയിച്ചാണ്
ഞാനെന്റെ പകലുകളെ
വേവിച്ചെടുക്കുന്നത്
രാത്രികളുടെ
കൈകളെ
തൂണിൽ ബന്ധിച്ചിടുന്നത്
അപൂർണതയിൽ
നിന്നിറ്റുവീണ
ഒരുതുള്ളി
മോഹത്തെയാണ്
കൈവെള്ളയിൽ ചേർത്ത്
കാലത്തിലേക്ക്
കവണ എറിയുന്നത്.
റൂബി നിലമ്പൂർ