29-04


വാരാന്ത്യാവലോകനം എഴുപത്തിയഞ്ചാം ലക്കം 
എല്ലാവർക്കും സ്വാഗതം
💾💾💾💾💾💾💾💾💾💾

വാരാന്ത്യാവലോകനം

പ്രിയ മലയാളം സുഹൃത്തുക്കളേ ...

തിങ്കൾ മുതൽ ശനി വരെയുള്ള പ്രൈം ടൈം പോസ്റ്റുകളെയും ചർച്ചകളെയും ഇടപെടലുകളെയും വിലയിരുത്തിക്കൊണ്ട് ഞായറാഴ്ചകളിൽ നമ്മൾ അവതരിപ്പിച്ചു വരുന്ന വാരാന്ത്യാവലോകനം എഴുപത്തഞ്ചാം വാരത്തിൽ എത്തി നിൽക്കുകയാണ് ..

ഓരോ ഞായറാഴ്ചയും വാരാന്ത്യാവലോകനത്തിനായി കാത്തിരിക്കുന്നവർ നിരവധിയാണ് .. 
അവലോകനം സൂക്ഷ്മമായി വായിക്കുകയും വിലയിരുത്തുകയും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നവരുമേറെ ..

സ്റ്റാർ ഓഫ് ദ വീക്ക്
പോസ്റ്റ് ഓഫ് ദ വീക്ക് തുടങ്ങിയ ബഹുമതികളും ഈ പരിപാടിയുടെ ആകർഷക ഘടകമാണ് ...
കഴിഞ്ഞ 74 വാരങ്ങളിലും താരപദവി നേടിയവരെയും ശ്രദ്ധേയ പോസ്റ്റുകളിലൂടെ കൈയടി നേടിയവരെയും പ്രത്യേകം ഓർക്കുകയാണ് ..

ഈ എഴുപത്തിയഞ്ചാം ലക്കം വ്യത്യസ്തതയോടെയും പുതുമയോടെയും അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഞങ്ങൾ നടത്തുന്നത് ..

ഗ്രൂപ്പിലും പ്രൈം ടൈം അവതരണങ്ങളിലും സജീവമായി ഇടപെടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ഗ്രൂപ്പിന്റെ ജീവനാഡിയായി നിലനിൽക്കുകയും ചെയ്യുന്ന പതിനഞ്ചോളം ഗ്രൂപ്പംഗങ്ങളെ സമീപിച്ചതിൽ നിന്നും സന്നദ്ധതയറിയിച്ച * ആറ് വിദഗ്ധരായ അംഗങ്ങളാണ് നമുക്കു വേണ്ടി ഇത്തവണ അവലോകന ദൗത്യമേറ്റെടുത്തിരിക്കുന്നത് ... അവരോടുള്ള പ്രത്യേകകടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരുടെ വിലയിരുത്തലുകൾ ഗ്രൂപ്പിനു മുൻപിൽ സമർപ്പിക്കുന്നു ..

ഏപ്രിൽ 23 മുതൽ 28 വരെയുള്ള 6 ദിവസങ്ങളിലെ പ്രൈം ടൈം അവതരണങ്ങളും ചർച്ചകളും വിലയിരുത്തപ്പെടുന്നു

ഇക്കാലമത്രയും ഗ്രൂപ്പംഗങ്ങൾ കാണിച്ച സ്നേഹവും അംഗീകാരവും തുടർന്നുമുണ്ടാകണമെന്ന താൽപ്പര്യത്തോടെ ...

അവലോകന സംഘം

◼ ശിവശങ്കരൻ
◼ പ്രജിത
◼ സുജാത
◼ ജ്യോതി


7⃣5⃣ എഴുപത്തിയഞ്ചാമത് വാരാന്ത്യാവലോകനത്തെ സമ്പന്നമാക്കുന്ന തിരൂർ മലയാളത്തിന്റെ നിത്യവസന്തങ്ങൾ

◼ തിങ്കൾ - സർഗസംവേദനം  : രജനിടീച്ചർ - PCN GHSS മൂക്കുതല

◼ ചൊവ്വ - കാഴ്ചയിലെ വിസ്മയം  :  സുധടീച്ചർ - GHSS ഒതുക്കുങ്ങൽ

◼ ബുധൻ - ലോകസാഹിത്യം  :  സ്വപ്നാറാണി - ദേവധാർ GHSS താനൂർ

◼ വ്യാഴം - നാടകലോകം  :  പ്രമോദ് മാഷ് - JNMHSS പുതുപ്പണം

◼ വെള്ളി - സംഗീതസാഗരം  : സീതാദേവിടീച്ചർ - GHS മീനടത്തൂർ

◼ ശനി - നവസാഹിതി  :  ഗഫൂർ മാഷ് - KHMHSS ആലത്തിയൂർ


തിങ്കൾ

സർഗസംവേദനം

അനുഭവങ്ങളുടെ നിറച്ചാർത്ത്

📙 വായനാനുഭവങ്ങൾ
🚗 യാത്രാനുഭവങ്ങൾ

📚 സർഗസംവേദന വുമായി അവതാരകനായ രതീഷ് മാഷ് കൃത്യ സമയത്തു തന്നെയെത്തി ..

📕 നമ്മുടെ തിരൂർ മലയാളാംഗമായ ദേവി ,കെ എസിന്റെ കാറ്റ് എന്ന കവിതാ സമാഹാരം
സാറാ ജോസഫിന്റെ ആളോഹരി ആനന്ദം, സുഭാഷ് ചന്ദ്രന്റെ പാഠപുസ്തകം  എന്നീ പുസ്തകങ്ങളെയാണ് സർഗ്ഗ സംവേദനത്തിലൂടെ രതീഷ് മാഷ് നമ്മുടെ മുന്നിലെത്തിച്ചത്.. 

സമയനിഷ്ഠ പാലിച്ച സർഗ്ഗ സംവേദനം പ്രതികരണങ്ങൾ കൊണ്ടും മുന്നിട്ടതായിരുന്നു...

പ്രണയവും വിരഹവും സാന്ത്വനവുമൊക്കെയായി ഒരു കുളിർത്തെന്നലായി വന്ന കാറ്റ് രതീഷ് മാഷ് തന്നെയാണ് വിലയിരുത്തിയിരിക്കുന്നത് .. 

📘സ്ത്രീപക്ഷ രചനയായ ആളോഹരി ആനന്ദം കുരുവിള സാറാണ് വിലയിരുത്തിയിരിക്കുന്നത് ..
 അതുപോലെ 21 അധ്യായങ്ങളുള്ള ഓർമ്മ പുസ്തകമായ പാഠപുസ്തകവും വളരെ ലളിതമായാണ് പരിചയപ്പെടുത്തിയത്.. 

🔴രതീഷ് മാഷ്ക്കും ദേവി ടീച്ചർക്കുമുള്ള അഭിനന്ദനവുമായി ശിവശങ്കരൻ മാഷ് എത്തിയതിനു ശേഷം... രജനി സുബോധ് ടീച്ചറും കൃഷ്ണദാസ് മാഷും പ്രതികരണവുമായെത്തി.. 

പ്രജിത ടീച്ചർ  കാറ്റ്‌ കവിതാ സമാഹാരത്തിലെ കവിതകളെക്കുറിച്ച് സ്വാഭിപ്രായം രേഖപ്പെടുത്തി ഒപ്പം സുഭാഷ് ചന്ദ്രന്റെ എഫ്.ബി പോസ്റ്റായ നൂർ ' എന്ന പ്രകാശം... പോസ്റ്റിടുകയും ചെയ്തു... 

ഇന്നത്തെ വിഭവങ്ങൾ സമൃദ്ധമായെന്ന ഗംഗാധരൻ മാഷ് ടെ അഭിപ്രായത്തോടെ സർഗ്ഗ സംവേദനത്തിന് തിരശ്ശീല വീണു..

🌈🌈🌈🌈🌈🌈🌈🌈🌈


തയ്യാറാക്കിയത്

രജനി ടീച്ചർ
PCN GHSS മൂക്കുതല



ചൊവ്വ

കാഴ്ചയിലെ വിസ്മയം

ദൃശ്യകലകളുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം 🙏🙏

🌈കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ഇത്തവണയും പ്രജിത ടീച്ചർ പ്രൈം ടൈമിൽ താരമായി

   ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ 81-ാം ഭാഗമായി ടീച്ചർ അവതരിപ്പിച്ചത് വെള്ളാട്ടം എന്ന കലാരൂപമാണ്.
 തെയ്യത്തിന്റെ ബാല്യ രൂപമായാണ് വെള്ളാട്ടം കണക്കാക്കുന്നത്.
തെയ്യവും വെള്ളാട്ടവും തമ്മിലുള്ള വ്യത്യാസം, പ്രത്യേകതകൾ ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ എന്നിവയെല്ലാം ചേർന്ന് സമ്പന്നമായ ഒരു ദൃശ്യവിരുന്ന്.

🖥കൂടാതെ രഞ്ജിത് എന്ന കലാകാരനുമായുള്ള ഒരു അഭിമുഖത്തിന്റെ ഓഡിയോ കൂടി ടീച്ചർ ഉൾപ്പെടുത്തിയിരുന്നു.

 🎇  82-ാം ഭാഗം മലമക്കളി
    ചിറ്റൂരിലെ കൊങ്ങൻ പട എന്ന ഉത്സവവുമായി ബന്ധപ്പെട്ട കലാരൂപം

കൊങ്ങൻ പട കഴിഞ്ഞ് വരുന്ന ബുധൻ നടത്തുന്ന ചടങ്ങ്. വേഷം, പാട്ട്, അനുഷ്ഠാനങ്ങൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ അവതരണം
ചിത്രങ്ങളും വീഡിയോ ലിങ്കുകളും കൂടെ
സമഗ്രതയോടെ ..

🔔 എൺപത്തിമൂന്നാമത് ദ്യശ്യകലയായി കുടമാറ്റം എത്തി 

  ടീച്ചർ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ് ഇവിടെ നടത്തിയത്.തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റ ചടങ്ങ് കാണാൻ കൊതിച്ചിരിക്കുന്നവർക്ക് മറ്റൊരു വർണക്കാഴ്ചയുടെ കുടമാറ്റം സമ്മാനിച്ചു. ഇലഞ്ഞിത്തറമേളത്തിനു ശേഷമുള്ള തെക്കോട്ടി റക്കത്തിന്റെ അവസാനം നടത്തുന്ന കുടമാറ്റം പൂരത്തിന്റെ ഏറ്റവും ആകർഷകമായ ചടങ്ങ്.തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളുടെ മത്സരബുദ്ധിയോടെയുള്ള ഈ കുട മാറ്റത്തിന്റെ ചിട്ടവട്ടങ്ങൾ വിശദമാക്കിത്തന്നു ടീച്ചർ.
ധാരാളം വീഡിയോ ലിങ്കുകളും ഉൾപ്പെടുത്തിയിരുന്നു ..

📕ഈ മൂന്നു കലാരൂപങ്ങളേയും കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാൻ എല്ലാവർക്കം കഴിഞ്ഞു. 

🔴വിജുമാഷ് ,ഗഫൂർ മാഷ് രതീഷ് മാഷ്.രവീന്ദ്രൻ മാഷ് ,രജനി ടീച്ചർ അശോക് സർ,കൃഷ്ണദാസ് മാഷ്, സീതാദേവി ടീച്ചർ, സ്വപന, ശിവൻ മാഷ്, ലക്ഷ്മി ദീപു .പ്രമോദ് മാഷ് തുടങ്ങിയവർ അനുബന്ധ വിവരങ്ങൾ നൽകിയും ടീച്ചറെ അഭിനന്ദിച്ചും രംഗത്തെത്തി. 🌹🌹🌹

🌏🌏🌏🌏🌏🌏🌏

തയ്യാറാക്കിയത് :
സുധ ടീച്ചർ
GHSS ഒതുക്കുങ്ങൽ



ബുധൻ

ലോകസാഹിത്യം

വിശ്വസാഹിത്യ കൃതികളിലേക്കും സാഹിത്യപ്രതിഭകളിലേക്കും ഒരെത്തിനോട്ടം...

📚ഗ്രൂപ്പംഗങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് അവതാരകനായ വാസുദേവൻ മാഷ് ഈയാഴ്ചത്തെ ലോകസാഹിത്യ ത്തിന് തുടക്കം കുറിച്ചത്.

📙രണ്ടായിരം വർഷം മുമ്പ് ജീവിച്ച ഒരു മഹാനെ, ഒരു ഭാരതീയനെ പരിചയപ്പെടാം എന്നതായിരുന്നു മാഷിന്റെ വാഗ്ദാനം.  അതാരെന്ന് പ്രവചിക്കുന്നവർക്ക് സമ്മാനവുമുണ്ടെന്ന് പ്രഖ്യാപിച്ചതോടെ വാസുദേവൻ മാഷ്ടെ മിഠായി വണ്ടിയിൽ കൊതിപൂണ്ട് പ്രവചനങ്ങളുമായെത്തുന്ന ബാല മനസ്സുകളായി സീത ടീച്ചർ, പ്രജിത ടീച്ചർ, രതീഷ് മാഷ്, രജനി സുബോധ് ടീച്ചർ, കൃഷ്ണദാസ് മാഷ്, ബിജുമോൻ മാഷ് . രജനി ടീച്ചർ റീത്ത ടീച്ചർ തുടങ്ങിയവരൊക്കെ .പല പേരുകളും നിർദ്ദേശിക്കയും ചർച്ച ചെയ്യലുമൊക്കെയായി 8.30 വരെയുള്ള സമയം എളുപ്പം നീങ്ങി.

അവസാനം  പ്രതീക്ഷകൾക്കു ചിറകു നൽകിക്കൊണ്ട് തിരുക്കുറൾ പാടിയ തിരുവള്ളുവരുടെ കഥയുമായി  വാസുദേവൻ മാഷ് രംഗത്തെത്തി. ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചു എന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ പേര്, ജന്മസ്ഥലം തുടങ്ങിയവയെക്കുറിച്ചുള്ള വാദഗതികൾ അദ്ദേഹം അവതരിപ്പിച്ചു.

133 അധികാര ങ്ങളിലായി  അവതരിപ്പിച്ചിട്ടുള്ള ആശയസാഗരത്തെ / തിരുക്കുറൾ എന്ന ഇതിഹാസ കൃതിയെ  / വളരെ സമഗ്രമായിത്തന്നെ ഗ്രൂപ്പംഗങ്ങൾക്ക് മനസ്സിലാക്കാൻ ഈ അവതരണം സഹായകമായി. തുടർന്ന് തിരുവള്ളുവർ എന്ന പേര് ആദ്യം പ്രവചിച്ച കൃഷ്ണദാസ് മാഷിനെ വിജയിയായി മിഠായി മഴയ്ക്കൊപ്പം പ്രഖ്യാപിച്ചു.

അപ്പോഴേക്കും തിരുക്കുറളിന്റെ മലയാളതർജ്ജമയുമായി പ്രജിത എത്തി.

🔴രതീഷ് മാഷ് ,ശിവശങ്കരൻ മാഷ്, നെസിടീച്ചർ, കൃഷ്ണദാസ് മാഷ് തുടങ്ങിയവരെല്ലാം ചർച്ചയിൽ പങ്കെടുത്തു. നിലം പൂത്തു മലർന്ന നാൾ എന്ന നോവലിൽ തിരുവള്ളുവരെയും ഔവ്വയാറെയും  പുനരാവിഷ്കരിച്ചിട്ടുണ്ടെന്ന് നെസി ടീച്ചർ ഓർത്തത് സന്ദർഭോചിതമായി.
തിരുക്കുറളിൽ നിന്നുള്ള വചനങ്ങൾ കൂടി വാസു മാഷ് കൂട്ടിച്ചേർത്തതോടെ ഇന്നത്തെ ലോക സാഹിത്യം  പംക്തി ഭാരതീയരെന്ന നിലയ്ക്കുള്ള നമ്മുടെ അഭിമാനമുയർത്തുന്ന ഒരവസരം കൂടിയായി...
📘📘📘📘📘📘📘📘📘📘

തയ്യാറാക്കിയത് :
സ്വപ്നാറാണി
DGHSS താനൂർ


➖➖➖➖➖➖➖➖➖➖

വ്യാഴം

🌈🌈🌈🌈🌈🌈🌈🌈

26/4/2018_വ്യാഴം
നാടകലോകം🎬
♦♦♦♦♦♦♦

പഞ്ചേന്ദ്രിയങ്ങളിലൂടെ ആസ്വാദകനിലേക്ക് ആഴ്ന്നിറങ്ങുന്ന കലയാണ് നാടകം. വിവിധ കലകൾ ചേർന്നു നില്ക്കുന്ന ഒരു സങ്കരകല കൂടിയാണത്.   ലോക- ദേശീയ നാടകവേദിയുടെ ചരിത്രവും വളർച്ചയും രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ പംക്തിയാണ് തിരൂർ മലയാളത്തിൽ വിജുമാഷ് കൈകാര്യം ചെയ്യുന്ന നാടക ലോകം - വ്യാഴാഴ്ച പ്രൈം ടൈമിൽ ഉത്സാഹത്തോടെ എത്തിച്ചേരുന്ന വിജു മാഷ്ക്ക് അഭിനന്ദനങ്ങൾ.......🌹🌹
 ♦ആസ്സാമിലെ നാടക പാരമ്പര്യത്തെയാണ്  വിജു മാഷ്ഈയാഴ്ച പരിചയപ്പെടുത്തിയത്.ആസ്സാമിലെ നാടക ചരിത്രത്തിന് ഏറെ പ്രായമുണ്ട്. പുരാതന അവതരണ രീതികളിൽ നിന്ന് തുടങ്ങി നാടോടി നാടകങ്ങളിലൂടെ വളർന്ന് വ്യത്യസ്ത കാലഘട്ടങ്ങളുടെ ഹൃദയതുടിപ്പുകൾ ഏറ്റുവാങ്ങി വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോയി ഇന്ന് അത് വളർച്ചയുടെ പുതിയ തലത്തിലെത്തി നില്ക്കുന്നു. മാഷുടെ എഴുത്തും യൂറ്റ്യൂബിലെ ദൃശ്യ സൂചനകളും
പരിശോധിച്ചാൽ ഈ ചരിത്രം ബോധ്യമാവുന്നുണ്ട്. നാടോടി നാടക സങ്കല്പം, പാരമ്പര്യ രീതികൾ, പുരാണ കഥകളുടെ സ്വാധീനം, വിവിധ ശൈലികൾ എന്നിവ ആസ്സാമീസ് നാടക ലോകത്തുമുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടം, സാമൂഹിക വിഷയങ്ങൾ, പാർശ്വവൽ ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം നാടകത്തിൽ നിഴലിച്ചു.
♦ആധുനിക വിദേശ നാടക ദർശനങ്ങളും ആസ്സാമീസ് നാടകത്തിന്റെ വളർച്ചയുടെ ഭാഗമായി. പ്രകൃതി വെളിച്ചത്തിൽ തുടങ്ങി മെഴുകുതിരി വെളിച്ചത്തിൽ വളർന്ന് ഇന്നത്തെ മായികമായ വെളിച്ച വിസ്മയത്തിലേക്ക് അത് എത്തി നില്ക്കുന്നു. യൂ ട്യൂബ് ദൃശ്യങ്ങൾ കാണുമ്പോൾ അവതരണ ത്തിലെ തന്ത്രങ്ങളിൽ വ്യത്യസ്തതയും വൈവിധ്യവും വരുത്താൻ സിനിമയെയും പരമാവധി ഉപയോഗിച്ചതായി കാണുന്നു. ദൃശ്യവും വെളിച്ചവും നൃത്തവും ശബ്ദവും അതിൽ ഒത്തുചേരുന്നു. കുടുംബം, സൗഹൃദം, സമൂഹം കടന്നു വരുന്നു. ചിരിയും കരച്ചിലും അട്ടഹാസവും ഗൗരവചിന്തകളും ചേർത്തു വെയ്ക്കുന്നു. വളർച്ചയുടെ വ്യത്യസ്ത വഴികളിലൂടെ കടന്നുപോകുന്ന ആസാമീസ് നാടകരംഗത്തെ സമഗ്രമായി അവതരിപ്പിച്ചതിന് വിജു മാഷിന് നന്ദി - ഗൂഗിൾ ട്രാൻസിലേഷന്റെ ചില പ്രശ്നങ്ങൾ വായനക്കാർക്ക് അനുഭവപ്പെട്ടത് കൂടി സൂചിപ്പിക്കട്ടെ👏👏👍👍🙏🏻🙏🏻
♦ രജനി ടീച്ചർ, പ്രജിത ടീച്ചർ, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഒരു നല്ല ആസാമീസ് നാടകം  കണ്ട സന്തോഷത്തിൽ തിരൂർ മലയാളത്തിലെ പ്രിയപ്പെട്ട ആസ്വാദകരും -കാഴ്ചക്കാർ കൂടി ചേരുമ്പോഴാണല്ലോ ഏതൊരു കലയും അർഥപൂർണമാവുന്നത്.
♦ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നില്ലെങ്കിലും തിരൂർ മലയാളത്തിലെ പോസ്റ്റുകൾ വളരെ ഗൗരവത്തോടെ കാണുന്ന നിശബ്ദ വായനക്കാർ ഏറെയുണ്ട്. ഇത് Save ചെയ്ത് സൂക്ഷിക്കുന്നവരുണ്ട്.ഇതിൽ തിരൂർ മലയാളത്തിന്റെ എല്ലാ - അണിയറ . ശില്പികൾക്കും അഭിമാനിക്കാം- സന്തോഷിക്കാം👏👏👏👍👍👍
🌈🌈🌈🌈🌈🌈🌈🌈


തയ്യാറാക്കിയത്
പ്രമോദ് മാഷ്  JNMHSS പുതുപ്പണം



വെള്ളി

സംഗീതസാഗരം
സംഗീതത്തിന്റെ ഉള്ളറകളിലൂടെ ....

വെള്ളിയാഴ്ചത്തെ സംഗീതസാഗരമായി രജനിടീച്ചർ ഒഴുക്കിവിട്ടത് പുള്ളുവൻപാട്ടിനെ ആണ്. നാടൻപാട്ടി ന്റെയും നാട്ടുസംസ്കൃതിയുടെയും ഭാഗമായ സംഗീതശാഖയിലേക്കാണ് ടീച്ചർ നമ്മെ കൊണ്ടുപോയത്. എല്ലാവർക്കും കേട്ടുപരിചയമുള്ളതും പഠിച്ചതും അറിഞ്ഞതുമായ നമ്മുടെ പൂർവ്വകാല സംസ്‌കൃതിയുടെ ഭാഗമായ പുള്ളുവൻപാട്ട് ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമയായി, ഗാനമായി തിരൂർ മലയാളത്തിലേയ്ക്ക്  ഒഴുകിയെത്തി. 
അതിന്റെ ഉൽപ്പത്തിയും ഭൂതകാലചരിത്രവും അനുഷ്ടാനരീതിയും  വളരെ കാര്യമാത്രപ്രസക്തമായി പരിചയപെടുത്തികൊണ്ടാണ് ഗാനത്തിലേക്ക് കടന്നത്....

🔔പുള്ളുവൻപാട്ടിന്‌ നിദാനമായ കഥയും നാവേറുപാട്ടും വാദ്യോപകരണങ്ങളും പരിചപ്പെടുത്താനും ടീച്ചർ മറന്നില്ല. പുള്ളുവൻപാട്ടിന്റെ ലിങ്കുകൾ ഇട്ടുകൊണ്ട് കൂട്ടിച്ചേർക്കലുകൾ നടത്താനായി ടീച്ചർ വേദിയൊഴിഞ്ഞു. നമ്മുടെയൊക്കെ ഉള്ളിൽ ഓരോ ഉണർത്തുപാട്ടുകൾ ഉറങ്ങികിടക്കുന്നതുകൊണ്ടുതന്നെ എല്ലാവരും സജീവമായി രംഗത്തെത്തി. 

🔴രതീഷ്‌മാഷും വിജുമാഷും  പ്രജിതടീച്ചറും 
അഭിപ്രായങ്ങളുമായി അരങ്ങുണർത്തി. സീത  പുള്ളുവൻപാട്ടിന്റെ ഐതിഹിത്യപരമായ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു. 
കലടീച്ചർ കേരളവും സർപ്പവും കാവുകളും പാട്ടും തമ്മിലുള്ള പരസ്പരബന്ധത്തെ പറ്റിപറഞ്ഞു. രതീഷ് മാഷ് നാട്ടിൽ മലമ്പാമ്പുകൾ വരാനിടയായ തിനെപ്പറ്റിയും പ്രജിതടീച്ചർ മകൾക്കു കിട്ടിയ സമ്മാനത്തെ ഓർത്തും സ്വപ്നടീർ പുള്ളുവൻപാട്ടിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പങ്കിട്ടും സജീവമായി ..

 📘മിഠായിയും പാട്ടുമായി വാസുദേവന്മാഷും വന്നു
അശോകൻമാഷ്, 
പ്രമോദ്‌മാഷ്, ഹമീദ്മാഷ്, തുടങ്ങി പലരും സംഗീതസാഗരത്തിനെ സമ്പന്നമാക്കി. 

📕രാത്രി പോയി പകൽ വന്നിട്ടുംപുള്ളുവൻപാട്ടിന്റെ ഓർമകളുമായി രമടീച്ചറും പ്രിയടീച്ചറും കടന്നു വന്നു. 

അങ്ങിനെ ഓർമകളിൽ പുള്ളുവൻപാട്ടിനെ ഉണർത്തിയ രജനിടീച്ചറിന് നമോവാകം 🌹🌹



തയ്യാറാക്കിയത്
സീതാദേവി ടീച്ചർ
GHS മീനടത്തൂർ



ശനി

📚 നവസാഹിതി 📚
എഴുത്തിന്റെ നവ മുകുളങ്ങൾ ..

പുതു രചനകൾക്കൊരിടമായി നമ്മുടെ മനസ്സിലും ഇടം നേടിയ നവസാഹിതി യ്ക്ക്, അൽപം വൈകിപ്പോയി എന്ന ആമുഖക്കുറിപ്പോടെ 7.45 ന് സ്വപ്നാ റാണി ടീച്ചർ തുടക്കം കുറിച്ചു. 

📘ആഴങ്ങളിൽ നിന്ന് മുളയെടുത്ത്‌, വാക്കിന്റെ തണൽമരം തീർത്ത്, പ്രണയത്തിന്റെ ചൂടു പകർന്ന റെജി കവളങ്ങാട ന്റെ ഹൃദ്യമായ രചനയോടെ നവ സാഹിതിയ്ക്ക് തുടക്കമായി.
പിന്നീട്, അജിത്രി ടീച്ചറുടെ കല്പാന്തം കടന്നു വന്നു. 

ഏകാന്തമായ കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും കനൽ പകർന്ന്, ശൂന്യമായ കടവിനെ ഹൃദയത്തിൽ നിറച്ച് കല്പാന്തം തിരൂർ മലയാളത്തിൽ നിറഞ്ഞു. 

പുഴ കടന്ന് മെല്ലെ നീങ്ങുന്നൊരാൾ പി.അല്ലാതെ പിന്നെയാര്? എന്ന പ്രജിത ടീച്ചറുടെ പ്രസക്ത ചോദ്യം വേറിട്ട വായനാ തലമായി അനുവാചകരിൽ പടർന്നു.

മഞ്ജുഷ പോർക്കുളത്തിന്റെ ' അടയാളങ്ങൾ ബാക്കി വെക്കുക‘ എന്ന രചന തുടർന്ന് കടന്നു വന്നു. തിരിച്ചറിയാൻ വസ്ത്രങ്ങൾ അടയാളമാണെങ്കിലും, കബന്ധങ്ങൾക്കെല്ലാം ഒരേ ഭാഷ്യമാണെന്ന് നോവൂറുന്ന ഭാഷയിൽ മഞ്ജുഷ.
ദേശ കാലങ്ങൾ മാറിയാലും തുടർക്കഥയാവുന്ന ഇരകൾ, സമകാലികതയുടെ നോവായി ആസ്വാദകരിൽ പടർന്നു.

പിന്നീട്, സുധീർ രാജിന്റെ ‘അപ്പനും പകലും ഞങ്ങളെ പറ്റിക്കുന്നത് ‘ എന്ന താരതമ്യേന ദൈർഘ്യമേറിയ രചന, വിരഹത്തിന്റെ നോവായി പടർന്നു.
അനന്തരം, മായ.പി.ചന്ദിന്റെ ‘ ജാലകക്കാഴ്ചകൾ - ഒറ്റ ജനൽ അടച്ചാൽ, നഷ്ടമാകുന്ന കാഴ്ചകളുടെ വിസ്തൃത ലോകം തുറന്നു കാട്ടി. കറുത്ത രാത്രികളിൽ നക്ഷത്രമേന്തുന്ന മിന്നാമിനുങ്ങായി, മുനിഞ്ഞു കത്തുന്ന ഒരു വിളക്കായി ജാലകക്കാഴ്ചകൾ ആസ്വാദകനിൽ നിറഞ്ഞു.

               ഈയാഴ്ച രചനകൾ കുറഞ്ഞു പോയോ എന്ന തോന്നലിന് പരിഹാരമെന്നോണം, റൂബി നിലമ്പൂരിന്റെ 'ശില്പി കൊത്തിയ മുറിവ്. പങ്കിട്ട നിശ്വാസങ്ങളുടെ പാതിച്ചൂട് നെഞ്ചിലെരിയിച്ച് വേവിച്ചെടുക്കുന്ന പകലുകളെയും അപൂർണതയിൽ നിന്ന് ഇറ്റുവീഴുന്ന ഒരു തുള്ളി മോഹത്തെയും കാട്ടിത്തന്ന രചന. ശിൽപി കൊത്തിയ മുറിവ് നല്ല ആശയം എന്ന കൃഷ്ണദാസ് സാറിന്റെ അഭിപ്രായം ഒരു നല്ല വായനക്കാരന്റെ അനുഭവസാക്ഷ്യം.

ഓരോ കവിതയും - പ്രതീക്ഷ, കാത്തിരിപ്പ്, സ്മൃതി എന്ന് സീതാദേവി ടീച്ചർ.അജിത്രിയുടെ കല്പാന്തം,മഞ്ജുഷയുടെ അടയാളങ്ങൾ, മായയുടെ ജാലകക്കാഴ്ചകൾ എല്ലാം മികച്ച രചനകൾ തന്നെയെന്ന് ശിവശങ്കരൻ മാഷ്.റെജി കവളങ്ങാടൻ വാക്കിന്റെ തണൽമരം തീർത്ത്, മഴവില്ലിൻ നിറക്കൂട്ടാൽ തൂവൽ മിനുക്കിയ പ്രണയ മിഥുനങ്ങളെ ഓർമിപ്പിച്ചുവെന്ന് പ്രജിത ടീച്ചർ.ഗൃഹാതുരത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രതീക്ഷയുടെയും താളം  പകർന്ന നവം നവ മായ കാഴ്ചകളാണ് രചനകൾ പകർന്നതെന്ന് രജനി ടീച്ചർ.കവിതകൾ ശുഭപ്രതീക്ഷയും നന്മയും പകരുന്നു എന്ന സന്തോഷം കൃഷ്ണദാസ് സാർ പങ്കുവെച്ചപ്പോൾ, എഴുത്തുകാരെ പറ്റിയുള്ള പൂർണ വിവരങ്ങൾ കൂടി കിട്ടിയിരുന്നെങ്കിൽ ..? എന്ന ബിജുമോൻ മാഷിന്റെ ആത്മഗതം തിരൂർ മലയാളത്തിലെ ഒരു പാട് വായനക്കാരുടെ കൂടി മനസ്സിന്റെ പ്രതിഫലനമാണ്.
നവ സാഹിതിയിൽ പങ്കുചേർന്ന എല്ലാവർക്കും സ്വപ്നാ റാണി ടീച്ചർ വൈകിപ്പോയ നന്ദിയും ആശംസകളും അറിയിച്ചു. ഈ ശനിയാഴ്ചയിലെ നവ സാഹിതി പ്രൗഢോജ്ജ്വലമായ രചനങ്ങളും ശ്രദ്ധേയമായ അഭിപ്രായങ്ങളും കൊണ്ട് മികവാർന്നതായി എന്ന് നിസ്സംശയം പറയാം..
📕📕📕📕📕📕📕📕📕📕


തയ്യാറാക്കിയത് :
ഗഫൂർ മാഷ്
KHM HSS ആലത്തിയൂർ

➖➖➖➖➖➖➖➖➖➖


⭐ സ്റ്റാർ ഓഫ് ദ വീക്ക് ⭐

എഴുപത്തിയഞ്ചാം വാരാന്ത്യാ വലോകനത്തിൽ താരപദവി ആർക്കാണെന്നറിയാൻ കൗതുകം പൂണ്ടിരിക്കയാവും ഏവരും ...

പ്രഗത്ഭനായ ഒരു വ്യക്തിത്വം തന്നെയാണ് ഇത്തവണ താരപദവിയിലെത്തിയിരിക്കുന്നത് ...

ഓരോ തിങ്കളാഴ്ചയും സർഗസംവേദനം പുതുമകളോടെ അവതരിപ്പിക്കുന്ന നമ്മുടെ പ്രിയ അഡ്മിൻ കൂടിയായ രതീഷ് മാഷാണ് ഈ വാരത്തിലെ താരം ...

സ്റ്റാർ ഓഫ് ദ വീക്ക് രതീഷ് മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ഏപ്രിൽ 26ന് വൈകീട്ട് 6.50 ന് ശ്രീല ടീച്ചർ പോസ്റ്റ് ചെയ്ത ഹെർബേറിയം എന്ന പുസ്തകക്കുറിപ്പാണ്


പോസ്റ്റർ ഓഫ് ദ വീക്ക് ശ്രീല ടീച്ചർക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

പോസ്റ്റ്

📗📘📙 📚📚📚📙📘📗

✍പുസ്തക പരിചയം✍


☘🌴ഹെർബേറിയം☘🌴


✍എഴുത്തുകാരി

🙏സോണിയ റഫീക്ക്🙏


തയ്യാറാക്കിയത്.....
........ശ്രീലാ അനിൽ.....

1978-ൽ തിരുവനന്തപുരത്ത് ജനനം.... പ്ലാൻറ് പത്തോളജിയിൽ .... ബിരുദാനന്തര ബിരുദം... ദുബായിൽ കുടുംബിനി....
മണലാരണ്യത്തിലെ ഫ്ലാറ്റിന്റെ ഇത്തിരിപ്പിച്ചയിൽ നിന്ന് പ്രകൃതിയുടെ മടിയിലേയ്ക്കു വീഴുന്ന ഒരു കുട്ടിയുടെ... പരിണാമമാണ്... ഹെർ ബേറിയം.... പ്രകൃതിയോടുള്ള തന്മയീഭാവം... വെറും പുറംപൂച്ചുകൾക്കപ്പുറം നല്ല നിലയിൽ അടയാളപ്പെടുത്തുന്നുണ്ട്... സോണിയ റഫീക്ക്

🖊നോവലിലേക്ക്🖊


മലയാളനോവൽസാഹിത്യത്തിൽ പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ ഇപ്പോഴും തഴച്ചുവളരുന്നു.... എന്ന് ഈ കൃതി...
അടിവരയിടുന്നു....

ഭാഷയുടെ ലാളിത്യം കൊണ്ട്.....
ഭാവനയുടെ നവ്യതകൊണ്ട്....
കഥ പറച്ചിലിലെ... അനായാസത കൊണ്ട്...
മുമ്പോട്ട് വയ്ക്കുന്ന നിലപാടുകളിലെ സത്യസന്ധത കൊണ്ട്....
പറയുന്ന കഥയുടെ... ആത്മാർഥത കൊണ്ട്...
ഭൂമിയുടെ നിലനിൽപിനെ പിൻതുണയ്ക്കുന്ന... ആശയങ്ങളുടെ..... അനിവാര്യതകൊണ്ട്....
സോണിയ റഫീക്ക്... എന്ന... കാഥിക..മലയാള വായനയ്ക്ക്.. പുതുവെളിച്ചമാകുന്നു '..... പ്രതീക്ഷ ആകുന്നു

പ്രകൃതിയെ തന്നിലേക്കാവാഹിക്കുന്ന.... കാവും കാടും... ജൈവവൈവിധ്യവും.... ഭ്രാന്തമായി... ആവേശിച്ചിരിക്കുന്ന... ജീവസുറ്റ ഒരു വ്യക്തിത്വമാണ്... ഫാത്തിമ.. എന്ന ടിപ്പുവിന്റെ ഉമ്മുടു....

ഉമ്മു ടു.... ഫാത്തിമ... നോവലിൽ... ജീവസുറ്റുനിൽക്കുമ്പോഴും.... അവൾ മരിച്ചവളായിരുന്നു... എന്നതാണ്... കഥാകാരിയുടെ.. ഭാഷയുടെ. ഭാവനയുടെ.. എഴുത്തിന്റെ..ജീവൻ

നിലാവിനൊരു നിയോഗമുണ്ട്......നിലാവൊരു പെയ്ന്റ് ബ്രഷ് ആണ്... വന്ന് വീഴുന്ന ഇടത്തിന്റെ നിറം മാറ്റുന്ന നിലാവ്...
തന്റെ ടിപ്പുവും ഒരു നിലാവാണെന്ന് ഉമ്മുടു പറയുന്നു.... അവന്റെ ചിത്രങ്ങളിലെ പിശാചുക്കളും.. വാഹനങ്ങളും കെട്ടിടങ്ങളും.... ഒരു നാൾ രൂപാന്തരപ്പെടും... എന്നെങ്കിലുമൊരിക്കൽ അവന്റെ കളർ പെൻസിലുകളിൽ നിന്ന് ജീവൻ വിടരും.... തുടിക്കുന്ന ജീവനിൽ അവൻ ഈ ലോകത്തെ മറ്റൊന്നായി കാണും ഞാൻ കാണുന്ന അതേ നിറങ്ങൾ അവനും വ്യക്തമാകും.... ഫാത്തിമ ഉറപ്പിക്കുന്നു.....

പക്ഷേ ടിപ്പുവിന്റെ ചിത്രങ്ങളിൽ ആദ്യജീവൽത്തുടിപ്പ്മിടിച്ചപ്പോൾ.. ഫാത്തിമ അത് കാണാതെ പ്രകൃതിയിലേക്ക്... മടങ്ങിയിരുന്നു......

കാവും.... കാടും.... ജൈവ കൗതകങ്ങളും.... ഭ്രമിപ്പിക്കുന്ന... ഒരു വ്യതിരിക്ത ഫാത്തിമയുടെ സ്വാഭാവികതയായിരുന്നു ........ തരുനിലം വീടും അവിടുത്തെ സർപ്പക്കാവും... അതിനെ പുണർന്ന വിശ്വാസങ്ങളും രൂപപ്പെടുത്തിയ വ്യക്തിത്വമാണ് ഫാത്തിമ... ആ ജൈവ പ്പെരുമയിൽ നിന്ന്....... ഗൾഫ് ജീവിതത്തിന്റെ വരൾച്ചയിലേക്ക്.... ഫ്ലാറ്റിന്റെ... ഇത്തിരി വട്ടത്തിലേക്ക്... പറിച്ചുനടപ്പെടുമ്പോഴും....
എല്ലാപ്പൊരുത്തപ്പെടലുകളും പെട്ടെന്നു ഉൾക്കൊള്ളുന്ന അവൾ.... തന്റെ ചുറ്റും.... സസ്യങ്ങളുടെ സാന്നിദ്ധ്യമുറപ്പിക്കാൻ ഫ്ലാറ്റിലെ ഇത്തിരി മട്ടുപ്പാവ് തേടുന്നു....


അവിടെ നട്ട ചെടികളിൽ തന്റെ ഉമ്മയുടെയും... തരുന്നിലത്തിലെ അമ്മയുടെയും ... സാന്നിദ്ധ്യം മറിയുന്ന ഫാത്തിമ...
ആസിഫിന് ( ഭർത്താവ്) കൂടുതൽ.. അത്ഭുതമാകുന്നത്.... അവളുടെ അസാന്നിദ്ധ്യങ്ങളിലാണ്....

മരുഭൂമിയിലെ... യാത്രകൾ ക്കിടയിൽ തിലാപ്പിയ തടാകക്കര.... തന്നിലേയ്ക്ക് ഫാത്തിമയെ വിളിച്ചെങ്കിൽ.... ആ തടാക കരയിലെ വന്യ പ്രകൃതിയുടെ നിഗൂഢതകളിലേക്ക്....... അവൾ മറഞ്ഞെങ്കിൽ..... അത് സ്വാഭാവിക പരിണാമം മാത്രമാണ്....... 

അമ്മയില്ലാത്ത കുട്ടി എന്ന ബോധം ടിപ്പുവിനില്ല.....

ടിപ്പു.... ഗയ ിമുകളുടെ ലോകത്താണ്..... അവിടെ മരണമില്ല ...... മരിക്കുന്ന പ്ലയറിന് വീണ്ടും ലൈഫ്....

ഫാത്തിമ...... അവന്റെ.... best mom in the world....ലൈ ഫെടുത്ത് വീണ്ടും തിരിച്ചു വരുന്നത്...... ടിപ്പു കാക്കുന്നു.....


ഇനി നാടിന്റെ ധന്യതകളിലേക്ക് .... ഫാത്തിമയുടെ അമ്മ... നബീസത്തിന്റെ...... കൈകളിലേക്ക്..... ടിപ്പു മടങ്ങിവരുന്നു.....

ഉമ്മുടുവിന്റെ.... സ്വഭാവം ..... അവളുടെ ടിപ്പുവിനെ.... രൂപപ്പെടുത്തുന്നതിൽ നല്ല പങ്കു വഹിച്ചു....
കാവുംപ്രകൃതിയും..... പിന്നെ ഒരു കളിക്കൂട്ടുകാരി അമ്മുക്കുട്ടിയും... ടിപ്പുവിന്റെ ലോകത്തെ. തേജോമയമാക്കി.....


ആസിഫ്... ഫാത്തിമയെ കൂടുതൽ കൂടുതലറിയാൻ... അവൾ ചെറിയ തുണ്ടുകളിലെഴുതിയ.... കൊച്ചു ഭ്രാന്തുകൾ.... തിരയാൻ തുടങ്ങി.... അവിടവിടെന്ന്... അവളുടെ... കുറിപ്പുകൾ ആസി ഫിനു കിട്ടി.... അതിൽ അവളെ കൂടുതൽ അയാൾ വായിക്കുകയായിരുന്നു.....

ഹാ.. ... മരങ്ങൾ മോഹന ബിംബങ്ങൾ...... അവ സ്വന്തം ശവമഞ്ചങ്ങൾ പേറി കിടപ്പുമുറിയിലും സ്വീകരണമുറിയിലും പല രൂപത്തിൽ ചത്തു കിടക്കുന്നു....
.
അടുക്കളയും മൃതരൂപ രൂപങ്ങളുടെ സെമിത്തേ രിയാണ്....
ഫ്രിഡ്ജിന്റെ കാര്യം പറയണ്ട......

പിന്നെ അലമാരകളിലെ കുപ്പികളിൽ ശേഖരിച്ച ചത്ത വിത്തുകൾ പയറും, കടുകും, കടലയുമൊക്കെ.... നമ്മെ അമ്പരപ്പിക്കും

പൊടി രൂപത്തിലുള്ള ജഡങ്ങളുമുണ്ടനേകം:..... ശരിക്കുമൊരു ശവപ്പറമ്പുതന്നെ..... ഞാനിവിടുത്തെ ചുടലയ്ക്ക് കാവലും...
ഇതാണ് ഫാത്തിമയുടെ കാഴ്ചകൾ....


കുറിമാനങ്ങളിൽ... പുനർജനിക്കുന്ന ഫാത്തിമ....ആസിഫിന്... ഒരിക്കലുമെത്തിച്ചേരാനാവാത്ത...ഒരു തുരുത്തായി മാറി


മുമ്പ് ഫാത്തിമയും.... ഇപ്പോൾ ടിപ്പുവും.... താമസിക്കുന്ന വീടിനടുത്ത തരുനിലം വീടിന്റെ കാവാണ് ഈ കഥയുടെ ഗതിവിഗതികൾ ..... നിയന്ത്രിക്കുന്നത്.... ആ കാവിന്റെ സംരക്ഷകരും.... സ്നേഹിതരും... 'മോഹിതരുമായി... കുറെ മനുഷ്യർ....
അവർ കാലത്തിന്റെ പ്രതീക്ഷയാണ്....
പ്രകൃതിയുടെ പുനർജനിയുടെ ഉണർത്തുപാട്ടാണ്.... അവരുടെ ഓരോ പ്രവർത്തനങ്ങളും....

ടിപ്പുവും....അമ്മാളുവും... അച്ഛൻ വിനീതും... സീതയും.... കവിതകളിൽ കാടും പ്രകൃതിയുമുള്ള... അമേരിക്കക്കാരി ജൂലിയയുമൊക്കെ... അതിൽ പെടുന്നു....
ഇവരുടെ ആത്മാർഥമായ ഇടപെടൽ ... സമൂഹത്തിന് ഒരു ഉണർവാണ്.... വരും തലമുറകൾക്ക്കൂടി വേണ്ടിയാണ്.... ഈ പ്രകൃതി.... എന്ന് അവർ അടിവരയിടുന്നു..

👁എന്റെ കാഴ്ച👁

ഈ എഴുത്തുകാരി... തന്റെ തൂലിക കൊണ്ട് കോരിച്ചൊരിഞ്ഞ... നിറങ്ങളിൽ.... പച്ചപ്പിനാണ്... കൂടുതൽ മിഴിവ്.... നമുക്കഭിമാനാക്കാം....
പ്രകൃതിയുടെ നിലനിൽപിന്...ഇത്തരം ചിന്തകൾ പങ്കുവയ്ക്കപ്പെടണം...
ഇത്തരം വായനകൾ... ഇന്നിനും വരും തലമുറകൾക്കും....
തെളിച്ചമാകട്ടെ
🌱🌱🌱🌱🌱🌱🌱🌱🌱🌱

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..