30-11

നാടകലോകം
വിജു രവീന്ദ്രൻ

നാടകലോകത്തിന്റെ പത്താം ഭാഗത്ത് ഫ്രാൻസിലെ നാടകങ്ങളെക്കുറിച്ച് ചെറുവിവരണമാകാം.

ഫ്രാൻസ്

പള്ളികളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ബൈബിൾ അവതരണങ്ങളിൽ നിന്നാണ് ഫ്രാൻസിലെ നാടകവേദിയുടെ തുടക്കം. 13-ാം ശ.-ത്തിലാണ് ഇത്തരം നാടകീയപ്രകടനങ്ങൾ ശക്തമായിത്തീർന്നത്. പതുക്കെ പള്ളികളിൽനിന്ന് പുറത്തേക്ക് വ്യാപിച്ചതോടെ നാടകം വേറിട്ട് വളരാൻ തുടങ്ങി. പുരോഹിതനിൽനിന്ന് സാധാരണക്കാരിലേക്ക് നാടകം വ്യാപിച്ചതോടെ പ്രാദേശികത്തനിമകളും ഭാഷാഭേദങ്ങളും ഉൾക്കൊണ്ടുകൊണ്ട് നാടകീയ സങ്കല്പം വികസിക്കുകയായിരുന്നു. 1402-ൽ അമച്വർ നാടകക്കാരുടെ ഒരു സംഘം രൂപീകരിക്കപ്പെടുകയും രസകരമായ രീതിയിൽ നാടകരൂപങ്ങൾ അരങ്ങേറുകയും ചെയ്തു. പിയേർ ഗ്രിഞ്ഞോറിനെപ്പോലുള്ള പ്രഗല്ഭരുടെ രചനകൾ 16-ാം ശ.-ത്തിനെ പ്രകാശമാനമാക്കി. ആഭ്യന്തരകലഹങ്ങൾ ഫ്രാൻസിന്റെ സാംസ്കാരിക കാലാവസ്ഥകളെ പ്രതികൂലമായി സ്വാധീനിച്ചിരുന്നു. ഇറ്റലിയിലുണ്ടായ നവോത്ഥാനം ഫ്രാൻസിലെ കലാരംഗത്തെ ഊർജ്ജിതപ്പെടുത്തുകയും പഴയ ആസ്വാദനശീലങ്ങൾ പൊളിച്ചെഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇറ്റിയൻ ജോഡൈൽ, റോബർട്ട് ഗാർഹിയർ, പിയറി ലാറിവെ തുടങ്ങിയവരുടെ രചനകൾ ഫ്രാൻസിലെ നാടകകലയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നല്കി. 17-ാം ശ.-ത്തിന്റെ തുടക്കത്തോടെ പാരിസിൽ പ്രൊഫഷണൽ നാടകക്കമ്പനികൾ സ്ഥാപിക്കപ്പെട്ടു. കോർണേലിയെ (Corneille) പോലുള്ള പ്രഗല്ഭരുടെ ഇടപെടലുകളാണ് ഫ്രഞ്ച് നാടകത്തിന് സുവർണകാലം സമ്മാനിച്ചത്. നാടകീയാനുഭവത്തിന്റെ പുതിയ ഭാവകാലങ്ങളാണ് കോർണേലി ആവിഷ്കരിച്ചത്.

മോളിയറുടെ നാടകങ്ങൾ ഫ്രഞ്ച് നാടകഭാവുകത്വത്തിന് പുതിയ രസനീയതയും ആർജവവും പകർന്നു. 19-ാം ശ.-ത്തോടെ റൊമാന്റിക് നാടകങ്ങളുടെ സ്വാധീനമുണ്ടായി. 1848-ലെ വിപ്ലവത്തോടെ നാടകരംഗത്തും ഭാവവ്യതിയാനം സംഭവിച്ചു. കോമഡിയിൽനിന്ന് ഗൗരവപൂർണമായ സാമൂഹികമാനങ്ങളിലേക്ക് നാടകചിന്തകൾ കടന്നുചെല്ലുകയായിരുന്നു.

20-ാം ശ.-ത്തിൽ ഫ്രഞ്ച് നാടകവേദിയിൽ നിറഞ്ഞുനിന്നത് എമിലി സോള, ഹെന്റി ബെക്ക്, ആദ്രേ ആന്റൺ ജോർജ്, ഴാൻ അനൂയ് തുടങ്ങിയവരാണ്. ലോകയുദ്ധങ്ങൾക്കുശേഷം നാടകവേദിയുടെ പ്രവർത്തനം കൂടുതൽ സമഗ്രവും സങ്കീർണവുമായ തലത്തിലേക്ക് നീങ്ങി. സാമൂഹ്യപ്രതിബദ്ധതയും ദേശീയബോധവും നിറഞ്ഞുനില്ക്കുന്ന ഹാസ്യചേരുവകളാണ് പാരിസ് നാടകവേദിയെ വേറിട്ടുനിർത്തുന്നത്. മിസ്റ്റിങ്ഗറ്റ് വെറ്റെ ഗിൽബേർ, മോറിസ് ഷെവലിയേ തുടങ്ങിയവർ ഫ്രഞ്ച് നാടകവേദി ലോകത്തിന് നല്കിയ മഹാനടന്മാരാണ്.

യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ച പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ് മോളിയേ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ(15 ജനുവരി 1622 - 17 ഫെബ്രുവരി 1673). ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ. പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.


മോള്യേറുടെ പ്രമുഖ നാടകങ്ങളാണ് "മിസാന്ത്രോപ്പ്", ഭാര്യമാരുടെ സ്കൂൾ, "ടർട്യൂഫ്", പിശുക്കൻ", സങ്കല്പരോഗം, ബൂർഷ്വാ മാന്യൻ" തുടങ്ങിയവ.

പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ മോളിയെ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയായ ടർട്യൂഫ് എന്ന നാടകം 1664-ൽ അരങ്ങേറിയപ്പോൾ അതിനെതിരെ ഭക്തജനങ്ങൾ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ൽ 'ഇംപോസ്ചർ' എന്ന പേരിൽ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടർന്നു. 1669-ലാണ് ഈ നിരോധനം പിൻവലിക്കപ്പെട്ടത്. ഈ ഭൂമിയിൽ മനുഷ്യന്റെ ദുഷ്പ്രവണതകൾക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താൻ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമർശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയിൽ മോളിയെ വ്യക്തമാക്കുന്നു.

രാജകൊട്ടാരത്തിന്റെയും ജനങ്ങളുടേയും അഭിനന്ദങ്ങൾ ലഭിച്ചുവെങ്കിലും മോള്യേറുടെ ഹാസ്യസൃഷ്ടികൾ സദാചാരവാദികളുടേയും സഭാധികാരികളുടേയും വിമർശനത്തിനു പാത്രമായി. കാപട്യക്കാരൻ എന്ന നാടകം മതരംഗത്തെ കാപട്യങ്ങളെ വിമർശിച്ചതിന് എതിപ്പിനെ നേരിട്ടെങ്കിൽ "ഡോൺ യുവാൻ" എന്ന നാടകം നിരോധിക്കപ്പെട്ടു.

നിക്കോളാസ് മിഗ്നാർഡ് വരച്ച മോള്യേറുടെ ചിത്രം

Tartuffe- the complete stage play