30-12

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

അസംതൃപ്തിയുടെ ജ്വരബാധിത പ്രദേശങ്ങളിലിരുന്ന് ,
അജ്ഞാതനായ സുഹൃത്തിനെ പറ്റി നീ ആലോചിച്ചു കൊണ്ടിരിക്കുന്നു...
വിരുദ്ധ വികാരങ്ങളുടെ രണ്ട്പെൻഡുലങ്ങളാടിയിരുന്ന
വലിയ ക്ലോക്കായിരുന്നു വീട്........
അക്ഷരങ്ങൾക്കും,
ഇഷ്ട പുസ്തകങ്ങൾക്കും,
ഇടയിലൂടെ
പാവക്കാ പൂപോലെ മഞ്ഞയുടെ തുള്ളികളായി
ആ സുഹൃത്ത് പടർന്ന് പടർന്ന് വരികയാണ്.....
വിവാഹാനന്തര പ്രണയത്തിലാണ്
ശരിക്കും
ജീവിതത്തെ ആരാധിക്കാൻ തുടങ്ങുന്നത്....
'' നീ വരൂ " എന്നയാൾ വിളിക്കുമ്പോൾ
ഉളി മുന തേഞ്ഞു എന്ന് കരുതിയ കണ്ണുകൾ,
നെറ്റിത്തടത്തിലെ നാല് ചുളിവുകൾ,
വരണ്ട വിദ്യുത് ദീപ്തിയുടെ വിരലുകൾ,
വാടിപോയി എന്നു കരുതാവുന്ന നിറം,
എങ്ങിനെ എന്നറിയില്ല എല്ലാം കൗമാരത്തിന്റെ കൗതുക ദർശിനികളിലേക്കു മനസ്സ് കൂർപ്പിക്കുന്നു
''നീയെന്നെ ചുംബിക്കുമ്പോൾ " എന്ന ഒറ്റവരിയുള്ള കവിത അവൾ പലവട്ടം എഴുതുന്നു...
" നീ നിന്നെ ഒന്ന് സൂക്ഷിച്ചു നോക്കൂ...... നീ സുന്ദരിയാണ്" അയാളുടെ മുഴക്കവും മധുരവും ഉള്ള ശബ്ദം ഒന്ന് നിലയ്ക്കുന്നിടത്ത്....
നിഗൂഢാനന്ദത്തിന്റെ ഒരു നിശബ്ദതയുടെ നനവ് നെറ്റിയിൽ തൊടുകയാണ്, വർഷങ്ങളോളം കേൾക്കുവാൻ കൊതിച്ചതാണിത്, അയാളുടെ വാക്കിന്റെ വിരലുകൾ വീണ്ടും ഇന്ദ്രവല്ലരിയിലകളെ പോലെ പച്ച തൂളി തുടങ്ങുകയാണ്..... " നീ നിന്നിലേക്കൊന്നു നോക്കൂ എന്ന് ഞാനാവശ്യപ്പെടുകയാണ് "....ഉപേഷിക്കപ്പെട്ട മേയ്ക്കപ്പ് ബോക്സിന്റെ സമ്മിശ്ര ഗന്ധത്തിലേക്കൊരു മൂക്കുക്കുത്തി വീഴൽ, കാപ്പിത്തോട്ടത്തിലൂടെയുള്ള അലസ നടത്തം,
പരിചിതവും സാധാരണവുമായ ഭൂതകാലത്തിലേക്ക് മാത്രം മെടഞ്ഞിട്ട മുടി...
മൃദുലവും ദുരുഹവുമായ സ്നേഹം,
സ്വപ്നത്തിലെല്ലാം സൂര്യവെളിച്ചത്തിന്റെ പ്രളയം,
മധ്യവയസ്സുള്ള ശരത്ക്കാലം..
" പ്രാണസഖി' എന്ന പഴയ പാട്ടിന്റെ റേഡിയോ ക്കാലം,
പരസ്പരമറിയാൻ മാത്രം പ്രയോജനപ്പെടുത്താവുന്ന കവിതകൾ..
"ഇതാണ് " എന്ന ശരിയിലേക്ക് പിണങ്ങിയുരുണ്ട് പോവുന്ന ഉറക്കഗുളികകൾ......

പ്രിയപ്പെട്ട അജ്ഞാതനായ സുഹൃത്തേ
എവിടെയാണ് നീ?
നിനക്ക് മാത്രമായി വെളിച്ചപ്പെട്ടൊരുവൾ
ഭൂമിയിൽ നിന്ന്
ഒരു ജാലകം ഭൂമിയിലേക്കു തന്നെ തുറന്ന് വെച്ചിരിക്കുന്നു....
ഒരു വളപ്പൊട്ട്,
പനിനീർ പൂവ്,
നെല്ലിക്ക,
അഥവാ, ഇതൊന്നുമല്ലെങ്കിൽ
മഴ ഗന്ധമുള്ളൊരു കാറ്റ്,
എതെങ്കിലുമൊന്നായി നീ വരിക തന്നെ ചെയ്യുമായിരിക്കും.


സജീവൻ പ്രദീപ്

നാലുമണി ബെല്ലിനുമുമ്പുള്ള
ദേശീയഗാന സമയത്ത്
ഓടി നടക്കുന്നുണ്ടുസ്ക്കൂൾ മുറ്റത്തൊരു നായ;
ദേശദ്രോഹി.

വീട്ടിലമ്മയടുപ്പത്ത്
തീപൂട്ടി ഉണ്ടാക്കും
പുകച്ചായയുടെ മണത്തിന്റെ
ഓർമ്മയും കൂടെ ചേർത്ത്
ദ്രാവിഡ ഉൽക്കല പാടുന്നുണ്ട്
കുഞ്ഞുഫാത്തിമ.

മിനിറ്റുകളുടെ വ്യത്യാസത്തിൽ
ഇട്ടേച്ചുപോയേക്കാവുന്ന
എസ്സാർക്കേ ബസ്സിനെക്കുറിച്ച്
വിഷാദിച്ച്
 വിന്ധ്യ ഹിമാചലങ്ങളെ
താണ്ടി മുന്നേറുണ്ട്
യമുനടീച്ചർ

സൊസൈറ്റിയിൽ അടക്കുവാനുള്ള
ചിട്ടിബാക്കിയുടെ  ചിറകിലേറി
ഭാസ്കരൻ മാഷ്
ജലധിതരംഗയിലേ
ലാൻഡ് ചെയ്തേക്കും
എന്ന് കുഞ്ഞുറഫീക്കിന്
തോന്നി

മുറ്റത്ത്
ചെല്ലിക്കാലുകൾ
പെടപെടച്ച്
എവിടേയ്ക്കോടണമെന്ന്
തീർപ്പാവാതെ ഇപ്പോഴും,
കുലദ്രോഹി.

അന്നേരം
കൂട്ടമണിയുടെ വെപ്രാളത്തിലേയ്ക്ക്
ജീവിതം തിളച്ചു തൂവി
സ്കൂൾ മുറ്റം പൊള്ളിത്തിളയ്ക്കാൻ
തുടങ്ങിയിരിക്കുന്നു.

മഹേന്ദർ


 അശാന്തിയുടെ കടലിരമ്പം
 ശ്രീല വി.വി

നിങ്ങൾക്ക് വേണ്ടി
എന്നുരുവിട്ട്
ചെങ്കോ ലേന്തിയവർ
എവിടെ
ചുഴലി ദീനം പെട്ടപോൽ
അലമുറയിടുന്ന
അമ്മമാർക്കും
പ്രിയമുള്ളവനെ
കടലെടുത്തതറിഞ്ഞ്
കരയാനും മറന്നുള്ള്
കത്തിനിൽക്കുന്ന
പെണ്ണുങ്ങൾക്കും

നടന്നതൊന്നുമറിയാതെ
കളിയിൽ
നഷ്ടപ്പെട്ട കുട്ടികൾക്കും
ഇടയിലൂടെ നടക്കുമ്പോൾ
ഉത്തരം കിട്ടാത്ത
ചോദ്യങ്ങളുടെ ശീതക്കാറ്റ്
ചൂഴ്ന്ന് നില്ക്കുന്നു

ദൈവങ്ങൾ
ദേവാലയങ്ങളിൽ
സ്വസ്ഥമായുറങ്ങുമ്പോൾ
ഉറക്കമറ്റൊരു ജനത,
മണൽ വിരിപ്പിൽ
മൃതദേഹങ്ങളായി
അടിഞ്ഞുകൂടേണ്ടവർ,

അശാന്തിയുടെ ഇരമ്പൽ
മാത്രം അവർക്ക്
കേൾക്കാകുന്നു