31-03

ഇതാണെന്റെ കൃഷ്ണപക്ഷം
മഞ്ജുഷ പോർക്കുളത്ത്

ഹേ ...കൃഷ്ണാ
നിന്റെ ശ്യാമവർണത്താൽ
നീയെന്തേ എന്നെയും പൊതിയാഞ്ഞത്?
നിന്റെ വൃന്ദാവനലീലകളിൽ
ഞാനെന്നെ - കുടിയിരുത്താനൊരിടം
തേടുകയാണിന്നും .
അകന്നു പോകുന്ന
നിന്റെ രഥചക്രത്തിൽ
അരഞ്ഞമർന്ന രാധയുടെ
മനസ് ഇന്നും കാതോർക്കുകയാണ്.
നിന്റെ ദിവ്യസംഗീതത്തോടൊപ്പം
ദേഹം വിട്ടകന്ന ആത്മാവിന്റെ
നിലവിളി....
കാലദേശങ്ങൾ
കാൽച്ചുവട്ടിലാക്കിയ
നിന്റെ തേരോട്ടത്തിൽ
ചതഞ്ഞരഞ്ഞിട്ടും
ജീവൻ നഷ്ടപ്പെടാത്ത
രാധയുടെ മനസിൽ
എന്നെ കുടിയിരുത്താൻ
ഭയമാണെനിക്ക് .
ആനന്ദവാഹിനിയായ
നിന്റെ പ്രണയപ്രവാഹത്തിൽ
ഒരു നീർത്തുള്ളിയാവാൻ
എനിക്ക് വയ്യ.
ഒരു പ്രളയത്തോളം
വളർന്ന് നിന്നെയാഴ്ത്തുന്ന
മഹാമാരിയാവാനാണെനിക്കിഷ്ടം.
അത് നിന്നെ എന്നിലേക്കാഴ്ത്തുവാനുള്ള
കൊതി കൊണ്ടാണ്
വേദന തിന്നുന്ന
വിട്ടു കൊടുക്കലുകളുടെ
ശേഷിപ്പും നായികാപട്ടവും
മറ്റാരെങ്കിലുമണിഞ്ഞോട്ടെ
അതിനു വേണ്ടി എനിക്കെന്നെ
നിന്റെ തേർചക്ര ത്താലരയ്ക്കാൻ വയ്യാ !!
നിന്നെത്തേടിയലയുന്ന
ഒരു മൗനരാഗത്തിലും
നിനക്കെന്നെ അറിയാനാവില്ല
കാരണം ഞാൻ നിന്നിലല്ല
നിന്നെ ഞാനെന്നിൽ പൊതിഞ്ഞെടുത്തു.
കൃഷ്ണാ ... എന്റെ ഉള്ളിലിരുന്ന്
നിന്റെ ശ്യാമവർണം
എന്റെയീ നേർത്തു വെളുത്ത മേനിയിൽ പടർത്തുക.
നിന്റെ ഗീതങ്ങൾ
എന്നിലൂടെ പുറത്തേക്കൊഴുക്കുക.
രാസലീലകളുടെ
അലകളെന്റെ ചേതനയിലൂടെ
ഈ ലോകം മുഴുവൻ
പരത്തുക.
എന്നിട്ട് ,അവസാനം
യുദ്ധതന്ത്രങ്ങളിൽ
വിദഗ്ദ്ധനായ നിന്റെ യാ
നിർഗുണത്വമില്ലേ ...
അത് ഒരിക്കൽക്കൂടി
നിന്റെ വിരൽത്തുമ്പിലണിയുക.
എന്നിട്ട് ഉള്ളിൽ നിന്ന്
അരിഞ്ഞു തുടങ്ങുക ...
അപ്പോഴേ എന്നിൽ നിന്ന്
മോചിതനാകുന്ന
നിന്നോടൊപ്പം എന്റെ
ആത്മയാത്രയും തുടങ്ങാനാവൂ. ....
ഒരു പ്രളയമായി
എന്നെ മാറ്റിയെടുത്ത്
കൃഷ്ണാ .. നിന്നെ
ഞാൻ കുടിയിരുത്തട്ടെ.

പ്രണയ ഗണിതം
ഷീലാ റാണി
എന്റെ  ഭൂഗോളത്തിന്റെ സ്പന്ദനം നിന്നിലാകുമ്പോഴാണ് ഞാൻ
കണക്കുകളെല്ലാം തെറ്റിക്കുന്ന പ്രണയ ഗണിതമാകുന്നത്..
ഹൃദയഭാഗത്ത് നീയില്ലാതാകുമ്പോൾ  ദരിദ്രന്റെ പണപ്പെട്ടി പോലെ ശൂന്യമായിപ്പോവുന്നവൾ.
കൈയും കണക്കുമില്ലാത്ത  ദിവാസ്വപ്നങ്ങളിൽ,
നിന്നെത്തൊട്ടുകൂട്ടുമ്പോഴെല്ലാം   ,
നീയല്ലാതെ ഒന്നും ബാക്കി വരാത്തവൾ ...
എന്നിൽ നിന്നും നിന്നെയൊന്നടർത്തി മാറ്റാനുള്ള
ദീർഘഹരണങ്ങളുടെ  തീവ്ര വേദനകൾക്കൊടുവിലും  നീയില്ലായ്മയുടെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്തവൾ ..
ഒന്നിനുമല്ലാത്ത പടലപ്പിണക്കങ്ങളുടെ
പെരുക്കപ്പട്ടികകളെ ഒന്നുമില്ലെന്ന പുഞ്ചിരിയിലൊതുക്കുന്നവൾ ..
നിന്റെ കണ്ണുകളിലെ കാന്ത വിളക്കുകളിലിടിച്ച്  ഭ്രമണ വേഗങ്ങൾ തെറ്റിപ്പോകുന്ന പകലുകളുള്ളവൾ.
''വരൂ '' എന്ന മൃദുസ്വരത്തിൽ മാറിപ്പോകുന്ന പ്രാണപ്രദക്ഷിണങ്ങളുടെ ദൂര സമവാക്യങ്ങളുള്ളവൾ'
പൂവ് പോലൊരു ചുംബനത്തിന്റെ, കൂമ്പിപ്പോകുന്ന ഓർമ്മയിൽ , ജീവിതത്തിന്റെ ഋതു വിന്യാസങ്ങളാകെ  ക്രമം തെറ്റിപ്പോകുന്നവൾ ..


മാങ്ങ കാണുമ്പോള്‍
ബിനീഷ.ജി
മാമ്പൂവിന്‍ നേത്രങ്ങളില്‍
പച്ച രത്നമായ് മിന്നും
പൊടിപ്പിന്‍ തൂകല്‍-ചിന്നും
കണ്ണുനീര്‍ മഴപോലെ.
ഉദിപ്പൂ സൂര്യന്‍ നേര്‍ത്ത
കനവിന്‍ കതിരുട--
യാടയി,ലൂടും പാവും
നെയ്തു നീര്‍ത്തുന്നു നിത്യം!
മാങ്ങ കാണുമ്പോഴെന്നെ-
യോര്‍ക്കണം,പോരാ;മാവിന്‍
ചില്ല കാണുമ്പോഴതില്‍
ഊഞ്ഞാലു കല്പിക്കേണം;
മുറ്റത്തു തൈത്തെന്നലില്‍
മാത്തൈയ്ക്കു നനക്കേണം
മാങ്ങയില്‍ ബാല്യത്തിന്‍റെ
കൈതവം വിടര്‍ത്തേണം!


വനപാതകൾ
അരുൺ രാജ
എന്തിനോ തുളുമ്പുന്നു കണ്ണുകൾ; കടലാസിൻ-
വെണ്മയിൽ, വിറയ്ക്കുമീ വാക്കുകൾ ക്ഷതം വീഴ്‌ത്തേ.
നെഞ്ചകം നിറഞ്ഞൊരാ നൊമ്പരപ്പനീർക്കാടിൻ
മുള്ളുകളല്ലേ വീണ്ടും മുറിവായെഴുതുന്നു...
പൊള്ളുമീ മേടച്ചൂടിൻ ഉലയിൽ ഊതിക്കാച്ചി,
കർണികാരങ്ങൾ പൂത്തീ പാതകൾ മറയുമ്പോൾ
ഉള്ളിലെ തീരാവെയിൽ പിന്നെയും പടരുന്നു,
ചില്ലകൾ നിറയെ ഈ വാക്കുകൾ വിടരുന്നു!
പൊതിയും മൗനങ്ങളിൽ അരികെ പാടുന്നുവോ,
അറിയായീണങ്ങളിൽ ഉയിരിൽ കാണാക്കുയിൽ?
മധുരം നിറഞ്ഞൊരു വരി ഉൾപ്പൂവിനുള്ളിൽ
മധുവായ് ഊറുന്നുവോ, ഹൃദയം നിറച്ചുവോ?
മഞ്ഞവെയിൽ മൂകമീ പാത തൻ അഴൽവക്കിൽ
പിന്നെയും പൂക്കും കണിക്കൊന്ന തൻ നിഴൽ വീഴ്‌ത്തേ
എന്തിനോ തിരഞ്ഞുവോ സന്ധ്യതൻ ഓരങ്ങളിൽ
നമ്മൾ ഒറ്റനിഴലായ്‌ പൂത്ത നൽനേരങ്ങളെ ?!
വെറുതെ നോവുന്നു നാം, ചില്ലയെ ചൂഴുന്നൊരു
ഋതുവിൻ ചുടുകാറ്റിൽ അടരാനൊരുങ്ങുമ്പോൾ.
ഒരുനാൾ ഓരോ പൂവും കൊഴിയും, വരണ്ടൊരീ
വഴിയാം അനാദിയിൽ  കണമായ് അലിഞ്ഞിടും
ഇവിടെ ഒരുമാത്ര കണ്ടുമുട്ടാനായ് മാത്രം
വിധിയാൽ വരയ്ക്കുന്ന വനപാതകൾ നമ്മൾ !
ഒഴുകി മായുന്നൊരു പുഴയിൽ നീരെന്ന പോൽ
തിരികേ വരാത്തവർ, സ്മൃതികൾ,
സഖീ നമ്മൾ!!!


ഉറുമ്പിന്റെ 
ഭാഷയേതാണെന്ന് 
അറിഞ്ഞിരുന്നെങ്കിൽ 
നടക്കുമ്പോൾ 
നിങ്ങൾ 
മണ്ണിൽ 
അമർത്തിച്ചവിട്ടില്ലായിരുന്നു 
അവയുടെ 
കരച്ചിൽ കേട്ടിരുന്നെങ്കിൽ 
അന്നം തേടിയുള്ള 
ദീർഘസഞ്ചാര രേഖകളിൽ 
നിങ്ങൾ 
വിഷപ്പൊടികൾ വിതറില്ലായിരുന്നു 
ഇലയുടെ ഭാഷ 
കാറ്റിനറിയാത്തതുകൊണ്ടാണ് 
പച്ചഞരമ്പുകളിലെ 
പിടച്ചിൽ കണ്ടിട്ടും 
എപ്പോഴും വന്നിങ്ങനെ 
ദയാരഹിതമായി  തല്ലിക്കൊഴിക്കൊഴിച്ചു
കൊണ്ടിരിക്കുന്നത് 
തിരയും കരയും 
വെവ്വേറെ ഭാഷകളുള്ള 
രണ്ടുരാജ്യങ്ങളാണ് 
അതുകൊണ്ടാണ് 
എത്രപറഞ്ഞിട്ടും 
തലതല്ലിക്കരഞ്ഞിട്ടും 
രണ്ടാൾക്കും 
ഒന്നും മനസ്സിലാകാത്തത്
ഭൂമിയിലുള്ള 
എല്ലാ ചുണ്ടുകളും 
ചുംബനമെഴുതുന്നത് 
ഒരൊറ്റ ഭാഷയിലാണ് 
അതുകൊണ്ടാണ് 
പ്രണയത്തെക്കുറിച്ചുള്ള 
കവിതകൾക്ക് 
വിവർത്തനം വേണ്ടാത്തത് 
എന്നാൽ 
ഓരോ നേരത്തും 
മഴകൾ ഓരോ ഭാഷയിലായിരിക്കും 
പെയ്യുക 
പുലർകാലജാലകത്തിൽ 
ചുണ്ടുചേർത്ത് മന്ത്രിക്കും 
ഉച്ചവെയിലിനോടൊപ്പം വന്ന് 
കാതിനെ പൊള്ളിക്കും 
സന്ധ്യക്ക്‌ ചുവന്നചില്ലകൾ പടർത്തി 
പാമ്പിൻ നാവുപോലെ 
രൂക്ഷമായി ഊതിക്കൊണ്ടിരിക്കും 
രാത്രിമഴയുടെ 
ഉന്മാദ വിരലുകൾ നീട്ടി 
ഉടലിലാകെ ഭ്രാന്തിന്റെ ഭാഷയിൽ 
ലിപി തെറ്റിച്ചെഴുതും 
ഓർമ്മകൾ 
പലപ്പോഴും നമ്മോട് മിണ്ടുന്നത് 
മറവിയുടെ ഭാഷയിലായിരിക്കും 
പ്രണയിക്കുന്നവർ 
ആദ്യം പഠിക്കുന്ന ഭാഷയാണത് 
പ്രണയത്തിനാവട്ടെ 
ഭാഷയോ ലിപിയോ ഇല്ല എന്ന് 
എത്ര പേർക്കറിയാം 
സംശയമുണ്ടെങ്കിൽ 
പ്രണയികളെ ശ്രദ്ധിച്ചു നോക്കൂ 
അവർ ചുണ്ട് കൊണ്ട് 
സംസാരിക്കുകയോ 
വിരലുകൾ കൊണ്ട് 
ആംഗ്യം കാണിക്കുകയോ ചെയ്യില്ല 
കണ്ണുകൾ കൊണ്ട് 
കരയുകയോ 
കാതുകൾ കൊണ്ട് 
കേൾക്കുകയോ ചെയ്യില്ല 
ദൈവത്തിന്റെ ഭാഷയാണ് 
പ്രണയത്തിനെന്ന് 
ആരാണ് പറഞ്ഞത്......
എം.ബഷീർ

രക്തസാക്ഷി
കൃഷ്ണദാസ് കെ 
വേദനയുടെയും വ്യർത്ഥതയുടെയും "പെൻറു ല"ത്തിൽ അർദ്ധവൃത്തം
തികയ്ക്കുകയാണ്
രക്തസാക്ഷി .പുല്ലിംഗമാണ്
രക്തസാക്ഷി എങ്കിലും ജീവിച്ചിരിക്കുന്ന രക്തസാക്ഷി  ഇപ്പോഴും  സ്ത്രീലിംഗംതന്നെ !!
അപ്രതിക്ഷിതമായി പതിച്ച ഇടിമിന്നലിൽ
തകർന്നടിഞ്ഞു പോയ വീട്ടിലെ പെട്ടന്ന് നിന്നു പോയ  "ഘടികാര "മാണ് അവൾ. കളയാൻകരുതിവെച്ച ചാക്കുകെട്ടിൽ
ഒടുങ്ങാൻ വിധിക്കപ്പെട്ട നിന്നു പോയ ഘടികാരം !! വൃത്തത്തിലും ചതുരത്തിലും കറങ്ങുമ്പോഴും സഹജാതരുടെ
സമയത്തേ  സമ്പൂർണ്ണമാക്കാൻ
ഓടിക്കൊണ്ടിരുന്നവൾ .
സമയ സൂചികയേ ഉയിരുംസ്വപ്നവും
നൽകി ചലിപ്പിച്ചവർ  മുൻപ് ഉണ്ടായിരുന്നു.
ദിനാചരണങ്ങളിലും ആഘോഷങ്ങളിലും
ഇന്ന്ഓർമ്മിക്കപ്പെടാതെ പോകുന്ന മറവിയുടെ സമയസൂചിക !! ഘടികാരങ്ങൾ
ഇനിയും നിശ്ചലമായേക്കാം! പുതിയ ചലന
നിയമങ്ങൾ സ്വായത്തമാക്കി ജാഗ്രതയോടേ
ചലിപ്പിക്കേണ്ടത് ചരിത്രദൗത്യം തന്നെ .
ഓർമ്മയിരിക്കട്ടേ !!!!