9-12

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍



ഇന്നൊരു കവിത വായിച്ചൂ
പുതിയ ഭാഷാപോഷിണിയില്‍
പി. പി രാമചന്ദ്രന്റെ 
''സെെക്കിളു ചവിട്ടാന്‍ ''
ഒരു വായനയിലൊതുക്കിയില്ല
രണ്ടിലും...
അത്രക്കത് ഹൃദ്യമായിരുന്നു .
അതപ്പടി പോസ്റ്റുകയാണ്..

മെെക്കിളുചേട്ടാ
സെെക്കിളു വേണം

എങ്ങടാ മോനേ
ചന്ദ്രനിലേക്ക്

എന്തിനാ മോനേ
നിലാവു കൊള്ളാന്‍

ബെല്ലില്ല മോനേ
നാവുണ്ടു ചേട്ടാ

ടയറില്ല മോനേ
ചിറകുണ്ടു ചേട്ടാ

എന്നാലെടുത്തോ
പോയിവരാംട്ടോ

വട്ടത്തില്‍ ചവിട്ടുമ്പൊ
നീളത്തിലോടി

ടാറിട്ട റോട്ടിന്‍മേല്‍
താളത്തിലോടി

ആഞ്ഞുകുതിച്ചപ്പൊ
തെങ്ങുമ്മക്കേറി

അവടന്നും ചവിട്ടി
ആകാശം കേറി

അവിടൊരു മേഘത്തില്‍
ഒരു പയ്യനിരിക്കുന്നു

എന്തട പയ്യന്‍ ?
പിടിവിട്ടു വീണു

പരിക്കന്തു പറ്റി ?
കാലൊന്നുളുക്കി

ഇനിയെന്തു ചെയ്യും ?
എടുത്തിട്ടു പോണം

പിന്നിലിരുന്നോ
അങ്ങിനെയാട്ടെ

എന്തട പേര് ?
ചന്തിരനെന്ന്

എവിടത്തെ ചന്ദ്രന്‍
മാനത്തെ ചന്ദ്രന്‍

എവിടെപ്പോണം ?
ഭൂമീപ്പോണം

എന്തിനു പോണം ?
സെെക്കിളു ചവിട്ടാന്‍....
************************
[രാത്രി 8:03 -നു, 9/12/2017] സ്വപ്ന: പൊയ്മുഖങ്ങൾ വില്പനയ്ക്ക്

ഷെഹ്റസാദ്
🖌🖌🖌🖌🖌🖌🖌🖌🖌🖌

ഹേ, കേൾക്കൂ നിങ്ങൾ...
പൊയ്മുഖങ്ങൾ വില്പനയ്ക്ക്!
ഏതു നിറത്തിലും വലുപ്പത്തിലും കിട്ടും
ആ ... പക്ഷേ സ്വാതന്ത്ര്യത്തിന്റെ നിറം ചോദിക്കരുത്
മനുഷ്യത്വത്തിന്റെ വലുപ്പത്തിലും ചോദിക്കരുത്
മറ്റെന്തായാലും ചോദിച്ചോളൂ
ഏത് ആവശ്യത്തിനും പല തരത്തിലും ആകൃതിയിലും പൊയ്മുഖങ്ങൾ വില്പനയ്ക്ക്

മിണ്ടാതിരിക്കാത്ത സഹോദരിമാരേ ഇതാ നിങ്ങൾക്ക് മൂക്കു ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ മുഖം ഒരു പക്ഷേ നിങ്ങൾക്ക് കോപിഷ്ഠരായ ലക്ഷമണൻമാരെ കബളിപ്പിക്കാനായേക്കും

തല ഛേദിക്കപ്പെട്ട രാജ്യദ്രോഹികളേ.. ഇതാ നിങ്ങൾക്ക് ലക്ഷണമൊത്ത ഒരു പശുവിൻ മുഖം കഴുത്തിനോടു ചേർത്തു കെട്ടിക്കോളൂ ഒരു പക്ഷേ നിങ്ങൾക്ക് ഇനിയുള്ള കാലം പേടി കൂടാതെ നിരത്തിലിറങ്ങി നടക്കാനായേക്കും

സ്കൂൾ മുറ്റം ആട്ടിയോടിച്ച കറുത്ത ഉടലുകളേ.. ഇതാ നിങ്ങൾക്ക് വെളുത്തു മിനുത്ത ഒരു മനുഷ്യമുഖം [ മനുഷ്യരെന്ന് കരുതിക്കോട്ടേ]
ഒരു പക്ഷേ നിങ്ങൾക്ക് തലവെളുപ്പ് നോക്കി ആളെ കയറ്റുന്ന വിദ്യാലയങ്ങൾ പ്രവേശനം നൽകിയേക്കും

വികസന വിരോധികളായ കാട്ടുവാസികളേ...
ഇതാ നിങ്ങൾക്ക് വനത്തിൽ തപം ചെയ്യും താപസന്റെ മുഖം
ഒരു പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ ചെറ്റപ്പുരകളെ ജലസമാധിയിലാഴാതെ കാക്കാനായേക്കും
കണ്ണു തുറന്നുറങ്ങുന്ന സമൂഹമേ...
ഇതാ നിങ്ങൾക്ക് നാക്ക് അറുത്തുമാറ്റിയ കോമാളിയുടെ മുഖം  ഒരുപക്ഷേ നിങ്ങൾക്ക്
ഏവരേയും കബളിപ്പിച്ച് ഉറക്കം തുടരാനായേക്കും

ഹേ, കേൾക്കൂ നിങ്ങൾ...
പൊയ്മുഖങ്ങൾ വില്പനയ്ക്ക്
ഏതു നിറത്തിലും വലുപ്പത്തിലും കിട്ടും ഏതു  ആവശ്യത്തിനും 
പല തരത്തിലും ആകൃതിയിലും.. 
പൊയ്മുഖങ്ങൾ വില്പനയ്ക്ക്

🦋🦋🦋🦋🦋🦋🦋🦋🦋

ജില്ലാ കലാമേളയിൽ സമ്മാനാർഹയായ ഷഹ്റസാദിന്റെ രചന
**********************
ഇടയ്ക്ക് ഞാനൊരു പെൺക്രിസ്തുവാകും..
വിഷാദങ്ങളുടെ മുൾക്കിരീടം ധരിച്ച് എന്നെത്തന്നെ കുരിശായി ചുമക്കും ,,

നിസംഗത എന്റെ ഹൃദയത്തെ വസ്ത്രമെന്ന പോലെ രണ്ടായി പങ്കിട്ടെടുക്കും ..
ആത്മനിന്ദയുടെ  രാജകുമാരി എന്ന് എന്റെ നെറ്റിമേൽ ഞാൻ തന്നെ എഴുതിയൊട്ടിക്കും.

ബോധാബോധങ്ങളുടെ
കയ്പുനീർ കടിച്ചു കൊണ്ട് ,
എന്റെ അപ്പോസ്തലനായ നീ, കാൽവരിയുടെ താഴ്‌വാരത്തിൽ എന്നെയോർത്ത് വിലപിക്കുന്നതിൽ ദുഃഖിക്കും ...

നമ്മുടെ സ്വർഗ്ഗരാജ്യം വരേണമേ എന്നു നിശ്ശബ്ദമായി നിലവിളിച്ചു കൊണ്ട്,
നിന്റെ ഹൃദയത്തിൽ തന്നെ പുനർജ്ജനിക്കുന്നത് വരെ വിഷാദങ്ങളുടെ അനേകം കുരിശു മരണങ്ങളിലൂടെ ഏകയായി എനിക്ക് കടന്നു പോകേണ്ടതുണ്ട്


ഷീലാ റാണി
*********************

വികാരങ്ങൾ  വ്രണപ്പെടാനുള്ളതാണ്

സഹോദരാ,
ദൈവത്തോടുള്ള 
നിന്റെ പ്രാർത്ഥനയിൽ
എന്നെ ഉൾപ്പെടുത്തരുത്..
റോഹിംഗ്യൻ വള്ളങ്ങളിൽ
തുളയടക്കാൻ കഴിയാത്ത അള്ളാഹു.
മിന്നൽ രക്ഷാചാലകത്തിന് കീഴെ
അനുഗ്രഹം ചൊരിയുന്ന യേശു.
കുഞ്ഞുങ്ങളുടെ 
ശയനപ്രദക്ഷിണത്തിൽ
സംപ്രീതനാകുന്ന ജാതിദൈവം.

നീ 
മതമറക്കുടയിലൊളിപ്പിച്ച
ദൈവത്തോടുള്ള പ്രാർത്ഥനയിൽ
എന്നെ ഉൾപ്പെടുത്തരുത്.
അവൻ ക്ഷണനേരം കൊണ്ട്
വ്രണപ്പെടുന്ന വികാരമുള്ളവനാണ്.
മാംസനിബദ്ധമല്ലാതെ
മതനിബദ്ധമായ  രാഗംകണ്ട്
ആനന്ദിക്കുന്നവനാണ്.

സഹോദരാ,
എനിക്കെന്റെ ഇടനെഞ്ചിൽ
ഒരു  ജാലകച്ചിത്രം
പച്ചകുത്തിത്തരണം,
എന്നിൽ ഒളിച്ചിരിക്കുന്ന
സാധാരണ മനുഷ്യന്
ഇടക്കെങ്കിലും
ഒന്നു പറന്നുപോകാനാണ്....!


വിനോദ് ആലത്തിയൂര്
*************************
വീണ്ടും അവൾ ചോദിച്ചു..
“അഞ്ജനം ചാർത്തിയ എന്റെ മിഴികളിൽ നീ കണ്ടതെന്താണ്?“

അവൻ ശാന്തനായി മറുപടിപറഞ്ഞു..
“സ്നേഹിക്കപ്പെടാനുള്ള ആർത്തി..“

അന്നൊരു പകലിൽ ദിശതെറ്റി വീശിയ കടൽക്കാറ്റിന് ജന്മസാഗരങ്ങൾ അടക്കി നിർത്തിയ രതിയുടെ ചുവപ്പുണ്ടായിരുന്നു. 
കാറ്റത്ത് മനുഷ്യമാംസത്തിൻറെ ഗന്ധമുള്ള ഹിഡനോറകൾ നറുംതേൻ ചുരത്തിനിന്നു.
ഗതിമറന്ന കാട്ടരുവികൾ ഇണചേർന്നൊഴുകി.
അഞ്ജനക്കണ്ണുകൾ ആകാശം കണ്ടു പിടഞ്ഞു.
മാതളം ചാറിചുകന്ന ചുണ്ടുകളിൽ രക്തം പൊടിഞ്ഞപ്പോൾ അവൾ ചോദിച്ചു..

“ചെകുത്താനേ! നീ ഈ പകലും മറക്കുമൊ? എന്നെയും?“

ആർദ്രഹൃദയനെന്നോണം അവൻ പറഞ്ഞു..
“മറക്കില്ല ദേവി..
വിട്ടുപോവില്ല...
തിരിച്ച് നിന്നിലേക്ക് തന്നെ എനിക്ക് ഒഴുകേണ്ടിവരും..“

ആദ്യമായി  അവന് അവൾ അമ്മയായി....
വാത്സല്യത്തോടെ അവൾ അവനെ തഴുകി..

അവൻ തിരിച്ച് ചോദിച്ചു..
“നിനക്ക് കുറ്റബോധമുണ്ടൊ..? നിൻറെ ദേവനെ വഞ്ചിച്ചതിൽ?

അവൾ പറഞ്ഞു..

"പ്രണയം ഒട്ടി ചേരുന്ന മനുഷ്യമനസ്സുകളുടെ ഇടയിൽ ഉറവിടുന്ന ഈർപ്പത്തിൻറെ ക്ഷണികമായ പാടലം.
അതിൽ ചെകുത്താനോ ദേവനോ, വൃദ്ധനോ യുവാവോ എന്നില്ല , ആ ആരോടും തോന്നാം
ആണിന് പെണ്ണിനെയും പെണ്ണിന് ആണിനെയും പ്രണയിക്കാം..“

അവളുടെ മറുപടി കേട്ട് അവൻ പറഞ്ഞു..

“അടച്ചിട്ട കിളിവാതിലിനു പിന്നാലെ അഞ്ജനം ചാർത്തിയ മിഴികളേ...എന്നെയോർത്ത് തുളുമ്പാതിരിക്കുക.
എൻറെ ആത്മാവ് നിന്നെ വിട്ടു പോവുകയില്ല...നീയെനിക്ക് അമ്മയും മകളും പ്രേയസിയും ദേവിയും കൂട്ടുകാരിയുമാകുന്നു...“

ആദ്യമായി പെണ്ണായി പിറന്നതിൽ അവൾ സന്തോഷിച്ചു..


അവൾ അഥിനീദേവി..

ദീപ കരുവാട്ട് ന്റെ രചന
***********************